Monday, August 10, 2020

കാരകപ്പക്ഷിയുടെ പ്രത്യുപകാരം ( നാടോടിക്കഥാമത്സരം)

ഭാരതത്തിന്റെ വടക്കുകിഴക്കൻഭാഗത്തെ ഒരു ഗ്രാമമായിരുന്നു കെല്‌കി. മഞ്ഞുകാലത്ത് ഗ്രാമത്തിലാകെ മഞ്ഞുവീഴും. കൃഷികളൊന്നുമുണ്ടാകില്ല. മക്കളും പേരക്കുട്ടികളുമൊന്നുമില്ലാത്ത ഒരു വൃദ്ധനും വൃദ്ധയും ആ ഗ്രാമത്തിലുണ്ടായിരുന്നു. വിറകുശേഖരിച്ച്  അടുത്തുള്ള  അങ്ങാടിയിൽ കൊണ്ടുപോയി വിറ്റായിരുന്നു അവർ തങ്ങൾക്കു ജീവിക്കാനുള്ള  വക കണ്ടെത്തിയിരുന്നത്.
ഒരുദിവസം ആ അപ്പൂപ്പൻ വിറകുവിറ്റിട്ടു വീട്ടിലേക്കാവശ്യമായ സാധനങ്ങളുമായി മടങ്ങിവരുമ്പോൾ വഴിയോരത്ത് മഞ്ഞിൽ എന്തോ അനങ്ങുന്നതുകണ്ടു. അപ്പൂപ്പൻ അടുത്തുപോയി സൂക്ഷിച്ചുനോക്കിയപ്പോൾ നീണ്ട കാലുകളും സുന്ദരമായ തൂവലുകളും കൂർത്തചുണ്ടുമുള്ള   ഒരു കാരകപ്പക്ഷി കെണിയിൽപ്പെട്ടു കിടക്കുന്നതാണ് കണ്ടത്.
"ദയവായി എന്നെ ഈ കെണിയിൽനിന്നൊന്നു രക്ഷിക്കൂ" പക്ഷി അപ്പൂപ്പനോട് കരഞ്ഞപേക്ഷിച്ചു.
ദയതോന്നിയ അപ്പൂപ്പൻ  പക്ഷിയെ കെണിയിൽനിന്നു മോചിപ്പിച്ചു.
അത്  ക്ലക്ക്  ക്ലക്ക്  എന്ന ശബ്ദമുണ്ടാക്കി  മുകളിലേക്കു  ചിറകടിച്ചുപറന്നു.
"ഇനിയും കെണിയിൽപ്പെടാതെ ശ്രദ്ധിച്ചുപോകൂ" അപ്പൂപ്പൻ അതിനോടായി വിളിച്ചുപറഞ്ഞു.
അപ്പൂപ്പന്റെ തലയ്ക്കുമുകളിൽ ചിലച്ചുകൊണ്ടു  വട്ടമിട്ടുപറന്നശേഷം അത് അകലെയെങ്ങോ മറഞ്ഞു.
കാരകപ്പക്ഷികൾ സുന്ദരമായ കൂടുകൾ മെനഞ്ഞെടുക്കാൻ സമർത്ഥരാണ്. അവയേ കാണുന്നതും കൂടുകൾ കാണുന്നതുമൊക്കെ ഗ്രാമീണർ ഭാഗ്യമായാണ് കരുതുന്നത്.

അന്നുരാത്രി ഭക്ഷണമൊക്കെക്കഴിഞ്ഞ് ഉറങ്ങാൻകിടന്ന വൃദ്ധനും വൃദ്ധയും വാതിൽ ആരോ മുട്ടുന്ന ശബ്ദംകേട്ടു. അവർ എഴുന്നേറ്റുവന്നു വാതിൽ തുറന്നുനോക്കി. അവിടെ അതിസുന്ദരിയായൊരു പെൺകുട്ടി നിൽക്കുന്നു.
"ഞാൻ വഴിതെറ്റി ഇവിടെയെത്തിയതാണ്. ഇന്നിവിടെത്തങ്ങാൻ എന്നെ അനുവദിക്കണം" അവൾ അവരോടപേക്ഷിച്ചു.
"അയ്യോ.. കഷ്ടമായിപ്പോയല്ലോ..സാരമില്ല, വരൂ. ഇന്നിവിടെക്കഴിയാം." അമ്മൂമ്മ അവളെ അകത്തേക്കു  ക്ഷണിച്ചു. ആഹാരം  കൊടുത്തശേഷം കിടക്കാൻ സ്ഥലവും കാട്ടിക്കൊടുത്തു. കമ്പിളിപ്പുതപ്പും പുതയ്ക്കാൻ നൽകി.
രാവിലെ അപ്പൂപ്പനും അമ്മൂമ്മയും ഉണർന്നെഴുന്നേറ്റപ്പോഴേക്കും പെൺകുട്ടി വീട്ടിലെ  ജോലികളൊക്കെ ചെയ്തുകഴിഞ്ഞിരുന്നു. രുചികരമായ പ്രഭാതഭക്ഷണവും തയ്യാറാക്കിയിട്ടുണ്ടായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയ്ക്കും വളരെ സന്തോഷമായി.
"നല്ല കുട്ടി " അമ്മൂമ്മ പുഞ്ചിരിയോടെ പറഞ്ഞു.
"ഞാനെന്നും ഇവിടുത്തെ ജോലികളൊക്കെ ചെയ്തോളാം. എന്നെക്കൂടി നിങ്ങളോടൊപ്പം ഇവിടെക്കഴിയാൻ  അനുവദിക്കുമോ?" അവൾ അവരോടപേക്ഷിച്ചു .
അപ്പൂപ്പനും അമ്മൂമ്മയ്ക്കും വളരെ സന്തോഷമായി.
"ശരി. കുട്ടി  ഇവിടെ ഞങ്ങളുടെ മകളായിക്കഴിഞ്ഞോളൂ" അവർ ഒരേസ്വരത്തിൽ പറഞ്ഞു.
അവൾ സന്തോഷത്തോടെ അവിടെ അവരോടപ്പം കഴിഞ്ഞു. വീട്ടിലെ എല്ലാ ജോലികളും നന്നായിചെയ്തു. സ്വാദുള്ള ഭക്ഷണമുണ്ടാക്കി. വസ്ത്രങ്ങൾ കഴുകി. വീട് ഭംഗിയാക്കി സൂക്ഷിച്ചു.
വിറകുവിൽക്കാനായി പട്ടണത്തിലേക്കു പോകാനിറങ്ങുമ്പോൾ അപ്പൂപ്പൻ അവളോട് ചോദിച്ചു
"മോളേ , നിനക്കെന്തെങ്കിലും വാങ്ങിക്കൊണ്ടുവരണോ?"
"കുറച്ചു നൂലുകിട്ടിയാൽ നന്നായിരുന്നു. എനിക്കു തുണിനെയ്യണമെന്നുണ്ട്." അവൾ പറഞ്ഞു.
മടങ്ങിയെത്തിയ അപ്പൂപ്പന്റെ കൈവശം നെയ്യാനുള്ള നൂലുണ്ടായിരുന്നു.
"ഞാൻ തുണിനെയ്യുമ്പോൾ ആരും നോക്കരുത്." അതുമായി തറിയിരിക്കുന്ന മുറിയിലേക്കു പോകുമ്പോൾ അവൾ അവരോടു പറഞ്ഞു.
"ഇല്ല. നീ ധൈര്യമായി നെയ്തോളൂ." അവർ ഉറപ്പുകൊടുത്തു.
തറിയിൽനിന്ന് നെയ്ത്തിന്റെ ശബ്ദം താളാത്മകമായി കേട്ടുതുടങ്ങി. അപ്പൂപ്പനും അമ്മൂമ്മയും സന്തോഷത്തോടെ പറഞ്ഞു..
"അവൾ നല്ല നെയ്ത്തുകാരിയാണെന്നു തോന്നുന്നു."
മൂന്നുദിവസം ഊണുമുറക്കവുമുപേക്ഷിച്ച്  അവൾ തുടർച്ചയായി നെയ്തുകൊണ്ടേയിരുന്നു. ഒടുവിൽ താൻ നെയ്ത  അതിസുന്ദരമായ വസ്ത്രവുമായാണ് അവൾ അവരുടെ മുമ്പിലെത്തിയത്.
"ഇത് അങ്ങാടിയിൽക്കൊണ്ടുപോയി വിറ്റോളൂ. നല്ല വിലകിട്ടും" അദ്‌ഭുതപരതന്ത്രനായിനിന്ന   അപ്പൂപ്പനോട് അവൾ  പറഞ്ഞു.
പിറ്റേദിവസം അയാൾ അങ്ങാടിയിലെത്തി വസ്ത്രം വിൽക്കാനായി ശ്രമം നടത്തി.  ഇത്രവിലകൂടിയ വസ്ത്രംവാങ്ങാൻ പണമില്ല എന്നുപറഞ്ഞ് എല്ലാവരും നടന്നുനീങ്ങി. അപ്പോൾ കുതിരവണ്ടിയിൽ അതിസമ്പന്നനായ ഒരു പ്രഭു അതുവഴി കടന്നുപോകുന്നുണ്ടായിരുന്നു. അപ്പൂപ്പന്റെ മുമ്പിലെ അതിമനോഹരമായ വസ്ത്രംകണ്ട്‌ അയാൾ തന്റെ തേരു നിർത്തി ഇറങ്ങി.
"ഇതെനിക്കു തന്നേക്കൂ , നല്ല വിലതരാം." അയാൾ പറഞ്ഞു. അപ്പൂപ്പൻ വസ്ത്രം പ്രഭുവിന് നൽകി. പകരമായി അദ്ദേഹം  ഒരു പണക്കിഴിയും നൽകി. അപ്പൂപ്പൻ അമ്പരന്നുപോയി. അതിൽനിറയെ  സ്വർണ്ണനാണയങ്ങളായിരുന്നു. അയാൾ സന്തോഷത്തോടെ വീട്ടിലെത്തി നടന്നകാര്യങ്ങളൊക്കെ പറഞ്ഞു.
"നൂൽ വാങ്ങിത്തന്നാൽ ഞാനിനിയും വസ്ത്രങ്ങൾ നെയ്യാം. അങ്ങനെ നമുക്ക് ധാരാളം പണം സമ്പാദിക്കാം " പെൺകുട്ടി പറഞ്ഞു.
അപ്പൂപ്പൻ വീണ്ടും നൂല്  വാങ്ങിക്കൊണ്ടുവന്നു. അവൾ അതുമായി നെയ്യാൻ പോയി. പഴയതുപോലെ ഊണും ഉറക്കവുമില്ലാതെ അവൾ നെയ്തുകൊണ്ടേയിരുന്നു. അമ്മൂമ്മയ്ക്ക് ആകെ വിഷമമായി.
"നമ്മുടെമോൾ ഒന്നും കഴിക്കാതെയാണല്ലോ ജോലിചെയ്യുന്നത്. അവൾക്കു വിശക്കില്ലേ? ഞാനൊന്നു നോക്കിയിട്ടുവരാം. അവൾക്കു ഭക്ഷണം വേണമോ എന്ന് ചോദിക്കുകയുമാകാമല്ലോ" അവർ അപ്പൂപ്പനോട് പറഞ്ഞു.
"അതുവേണ്ടാ. നമ്മൾ അവൾ നെയ്യുന്നതു കാണരുതെന്നവൾ പറഞ്ഞിട്ടുള്ളതല്ലേ. അപ്പോൾപ്പിന്നെ ശല്യംചെയ്യുന്നതു ശരിയല്ല."  അപ്പൂപ്പൻ അവരെ നിരുത്സാഹപ്പെടുത്തി.
പക്ഷേ  മൂന്നാംദിനമായപ്പോൾ അമ്മൂമ്മയുടെ ക്ഷമനശിച്ചു. അവർ മെല്ലേ വാതിൽപാളി തുറന്ന് അകത്തേക്ക് നോക്കി. അവിടെ ഒരു കാരകപ്പക്ഷി ഇരുന്ന് വസ്ത്രം നെയ്യുന്നു. തന്റെ മനോഹരമായ തൂവലുകളിൽനിന്ന് ഇഴകളെടുത്ത് വസ്ത്രത്തിൽ അലങ്കാരപ്പണിചെയ്യുന്നുമുണ്ട്. പക്ഷേ  പെൺകുട്ടി അവിടെയുണ്ടായിരുന്നില്ല. അവർ അപ്പൂപ്പന്റെയടുത്തേക്കോടി. എന്തൊക്കെയോ പറയാൻ ശ്രമിച്ചിട്ട് വാക്കുകളൊന്നും പുറത്തുവന്നില്ല. അവർ അപ്പൂപ്പന്റെ കൈയിൽപിടിച്ചുവലിച്ചുകൊണ്ടുപോയി ആ കാഴ്ച കാട്ടിക്കൊടുത്തു. അദ്ദേഹത്തിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കെണിയിൽനിന്ന് താൻ  രക്ഷപ്പെടുത്തിയ കാരകപ്പക്ഷിയാണവിടെയിരുന്നു വസ്ത്രം നെയ്യുന്നത്.
പിന്നെ കുറച്ചുസമയത്തേക്ക് എന്തുസംഭവിച്ചു എന്നവർ അറിഞ്ഞില്ല.
അവരുടെയടുത്തേക്ക് പെൺകുട്ടി വരുന്നതാണവർ കണ്ടത്. കൈയിൽ തൻ നെയ്ത മനോഹരമായ വസ്ത്രവുമുണ്ടായിരുന്നു.
"നിങ്ങൾ കണ്ടത് ശരിയാണ്. ഞാൻ കെണിയിൽപ്പെട്ടുപോയ കാരകപ്പക്ഷിയാണ്. ജീവൻ രക്ഷിച്ചതിന്  എന്നും ഞാൻ നിങ്ങളോടു കടപ്പെട്ടിരിക്കുന്നു. എക്കാലവും നിങ്ങൾക്ക് സേവനംചെയ്തു കഴിയണമെന്നായിരുന്നു എന്റെ ആഗ്രഹം. നിർഭാഗ്യവശാൽ എന്റെ വാക്കുകൾ നിങ്ങൾ നിരാകരിച്ചു.ഞാനാരെന്നു തിരിച്ചറിഞ്ഞസ്ഥിതിക്ക് എനിക്ക് നിങ്ങളോടൊപ്പം കഴിയാനാവില്ല. രണ്ടുപേരും എന്നോട് ക്ഷമിക്കണം. നിങ്ങൾക്ക് നന്മകളുണ്ടാകട്ടെ" വസ്ത്രം അപ്പൂപ്പന് നൽകി  ഇത്രയും പറഞ്ഞിട്ടു പെൺകുട്ടി ഞൊടിയിടയിൽ കാരകപ്പക്ഷിയായി രൂപംമാറി അനന്തവിഹായസ്സിലേക്കു പറന്നകന്നു.
"നിൽക്കൂ നിൽക്കൂ " വൃദ്ധദമ്പതികൾ പക്ഷിയെനോക്കി ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
ക്ലക്ക്  ക്ലക്ക്  എന്ന ശബ്ദമുണ്ടാക്കി  കാരകപ്പക്ഷി അവർക്കുമുകളിൽ വട്ടമിട്ടുപറന്നു. പിന്നെ പറന്നകന്ന്  ദൂരെ മേഘങ്ങൾക്കിടയിൽ മറഞ്ഞു.

1 comment:

  1. കൊള്ളാം.. വളരെ നല്ല ബ്ലോഗ്.. ഞാൻ വേറെ ഒരു കാര്യം തിരയുന്നതിനിടെ ആണ് കണ്ടത്, ദിവ്യ ദുഃഖത്തിന് നിഴൽ ആര് രാമചന്ദ്രന് കവിത അത് ഈ ബ്ലോഗിൽ ഉണ്ടായിരുന്നു, വളരെ നന്ദി അതെഴുതിയ ആളെ നോക്കി വന്നപ്പോഴാണ് ഇത് കണ്ടത്, 2020 ഓഗസ്റ്റ് 10ന് ഒരു അപ്ഡേറ്റ്. വെരി ഗുഡ്, പണ്ട് കുറെ ബ്ലോഗ് ചെയ്തുകൊണ്ടിരുന്ന കാലമൊക്കെ ഓർത്തു. ബുക്ക്മാർക്ക് ചെയ്യുന്നുണ്ട് പിന്നെ വായിച്ചോളാം

    ReplyDelete