Sunday, December 13, 2020

സമസ്യപൂരണം

നിമിഷകവിത മത്സരം 
1. ബാല്യം
ജീവിതപുസ്തകത്താളിൽ ഞാൻ കാത്തിടും
നിറമയിൽപ്പീലിയാണെന്റെ ബാല്യം 
ആയിരം ചിത്രപതംഗങ്ങൾ  പാറിടും
ആരാമശോഭയാണെന്റെ ബാല്യം 
പുലരിയിൽ പൂവിൽപതിച്ചൊരു ഹിമകണം 
തീർത്ത പളുങ്കുപോൽ മുഗ്ദ്ധമനോഹരം 
ബാല്യം- അതെത്രവേഗാൽ  മാഞ്ഞുപോയൊരു 
ചേലാർന്ന മാരിവില്ലെന്നപോലെ 

2.കലാലയം
കളിചിരികൾ പൂത്തുവിടർന്നൊരാപ്പൂക്കാലം
കമനീയമാകുമാഹ്ലാദത്തിൻ കേദാരം 
ഓമൽക്കലാലയസ്മരണകളെന്നെന്നും 
ഓർമ്മയിൽ കുടമുല്ലപ്പൂക്കൾ വിടർത്തുന്നു.

3.ഓൺലൈൻ പഠനം
സ്ക്കൂളില്ല, സ്ക്കൂൾമുറ്റമില്ല, ക്‌ളാസ്സ് മുറിയില്ല
ബഞ്ചില്ല, ഡസ്കില്ല, ചൂരൽവടിയില്ല
അപ്പുറവുമിപ്പുറവും ചങ്ങാതിമാരില്ല
കളിയില്ല ചിരിയില്ല കുസൃതിയില്ല 
വീട്ടിലെ  ഇത്തിരിസ്ക്രീനിൽവന്നെന്നും 
ടീച്ചർ പഠിപ്പിക്കുമെല്ലാ വിഷയവും.
ഓണലൈൻക്ലാസ്സാണിതോരോ കുരുന്നിനു-
മോണ്ലൈൻ  ജീവിതത്തിന്നാദ്യപാഠങ്ങൾ. 
 


4.ഹൃദയപൂർവ്വം
വർഷികാഘോഷത്തിൻ താളമേളങ്ങളിൽ
മുങ്ങിമുഴുകുമീ  വായനപ്പുരതന്റെ 
സർവ്വനന്മയ്ക്കായി ഏകുന്നു ഞാനിതാ 
ആശംസാപൂക്കളെൻ ഹൃദയപൂർവ്വം  

5.പൂരം
പൂരമൊന്നെത്തിയീ വായനപ്പുരയിലും
ആനന്ദകാഹളമെങ്ങും മുഴങ്ങുന്നു.
ആനയമ്പാരിയതൊന്നുമില്ലെങ്കിലും  
ആട്ടവും പാട്ടും കളിയും ചിരിയുമായി
പൂരം പൊടിപൊടിക്കുന്നു സഹർഷമീ
വായനപ്പുരയുടെ  കോലായിലെങ്ങുമേ... 
 




ലളിതഗാനപൂരണം 
===================

സാന്ദ്രമൗനം ചൂടിനില്ക്കും
സായംസന്ധ്യയിലെന്റെ  ഹൃദന്തം 
വിലോലമാമൊരു ഗാനം പാടി 
വിമൂകമായതിവിഷാദമോടെ 


അവാച്യമായൊരു മാന്ത്രികശബ്ദം
അണഞ്ഞിതെന്നുടെ കാതിൽ മൃദുവായ്‌
ഏതോ ഗായകനനുരാഗത്തി-
ന്നാത്മവിപഞ്ചിക മീട്ടുംപോലെ

ആയിരം കവിതകൾ കണ്ണുകൾ ചൊല്ലും
ആവണിമലരുകൾ വിടർന്നുനിൽക്കേ
ആകാശത്തിൻ ചെരുവിലൊരമ്പിളി
പാൽപ്പുഞ്ചിരിയോടെത്തുകയായി  

സമസ്യാപൂരണം 1 
വിദ്യ മോഹിച്ചിട്ടഥ  പാഠശാലയിൽ ഗുപ്‌തം
വന്നെത്തിനോക്കുന്നൊരാ പിഞ്ചുബാലികതന്റെ  
ദൈന്യതപൂണ്ടോരിളം വദനാംബുജം  കാൺകി-  
ലാർക്കും മനസ്സെരിയുമെന്നതു നഗ്നസത്യം 



സമസ്യാപൂരണം 2 
വർദ്ധക്യമേകുമൊരു ശോകത്തിൻ  മാറാപ്പുമായ്
ചേക്കേറുന്നയുതങ്ങളഭയകേന്ദ്രങ്ങളിൽ  
ആർക്കുമീ ഗതിവരാമെന്നരു  ചിന്തവന്നാ- 
ലാർക്കും മനസ്സെരിയുമെന്നതു നഗ്നസത്യം '''''''

No comments:

Post a Comment