Saturday, December 26, 2020

ഒരു മുംബൈകഥ

 നഗരത്തിലെ പ്രശസ്തസ്ഥാപനത്തിലെ ഓഫീസ് മേലധികാരിയാണ് അശോക് വർമ്മ. വർമ്മാജിക്ക് കൃത്യനിഷ്ഠ വളരെ പ്രധാനം. ജോലിക്കാർ സമയനിഷ്ഠ പാലിക്കണമെന്നത്  നിർബ്ബന്ധവും. വൈകിയെത്തുന്ന ഉദ്യോഗസ്ഥർ കാരണം കൃത്യമായി ബോധിപ്പിക്കണമെന്ന് നിഷ്കർഷിച്ചിരുന്നു എന്ന് മാത്രമല്ല അതിനായി മസ്റ്ററിൽ ഒരു കോളവും നൽകിയിരുന്നു. പൊതുവേ ജോലിക്കാർ വൈകിയെത്തുന്നത് സമയകൃത്യത പാലിക്കാത്ത ലോക്കൽട്രെയിൻ കാരണമാകും. അതാകുമ്പോൾ ചോദ്യംചെയ്യപ്പെടാനും സാധ്യതയില്ലല്ലോ. അതുകൊണ്ടുതന്നെ ഒരാൾ എഴുന്ന കാരണത്തിനു താഴെ എല്ലാവരും Same as above എഴുതുകയാണ് പതിവ്. 

അന്ന് പതിനാലുപേരാണ് ഓഫീസിൽ വൈകിയെത്തിയത്. വർമ്മാജി നോക്കിയപ്പോൾ എല്ലാവരും കാരണവും രേഖപ്പെടുത്തിയിട്ടുണ്ട്. കുറച്ചുസമയത്തിനുശേഷം അദ്ദേഹം അവരെ  എല്ലാവരെയും തന്റെ ക്യാബിനിലേക്കു വിളിപ്പിച്ചു. എന്നിട്ട് ഒരു പാക്കറ്റ് തുറന്ന് എല്ലാവർക്കും ലഡ്ഡു നൽകി. കാര്യമറിയാതെ ഒന്നമ്പരന്നെങ്കിലും എല്ലാവരും ലഡ്ഡു വാങ്ങിക്കഴിച്ചു. 

" എന്തിനാ എല്ലാവർക്കും മധുരം തന്നതെന്നെന്താ ആരും ചോദിക്കാത്തത്?"

"സാറിന് എന്തോ സന്തോഷമുള്ള കാര്യമുണ്ടായെന്നു മനസ്സിലായി. എന്താണ് സർ?" 

" എനിക്കല്ല, നിങ്ങൾക്കെല്ലാവർക്കുമാണ് സന്തോഷമുള്ള കാര്യമുണ്ടായത്. എല്ലാവരുടെയും ഭാര്യമാർ ഒരേസമയത്ത് ഗർഭവതികളായി എന്നുമാത്രമല്ല അവർക്കെല്ലാം ഇന്നുതന്നെയായിരുന്നു സോണോഗ്രാഫി. അതിനേക്കാൾ ആദ്‌ഭുതകരമായ കാര്യം ഇവിടുത്തെ മൂന്നു ലേഡി സ്റ്റാഫിന്റെ ഭാര്യമാരും ഗര്ഭിണികളാണെന്നതാണ്." 

വർമ്മാജി അർത്ഥം വ്യക്തമാക്കാത്തവിധം മുഖത്തൊരു പുഞ്ചിരി വിടർത്തി ഇങ്ങനെ പറഞ്ഞു. . 

" Same as above എന്നു എഴുതുമ്പോൾ ആദ്യം മുകളിലെന്താണ് എഴുതിയിരിക്കുന്നത് വായിച്ചുനോക്കണം മഹാന്മാരേ, മഹതികളേ. അല്ലെങ്കിൽ സോണോഗ്രാഫികൾ ഇനിയും നടത്തേണ്ടിവരും." 

No comments:

Post a Comment