Sunday, December 13, 2020

അക്ഷരം വിന

അക്ഷരം വിന 
.
"വിനൂ, എനിക്ക് നാളെ പുറപ്പെടാൻ കഴിയില്ല. ഓഫീസിൽ അത്യാവശ്യമായൊരു മീറ്റിംഗ് അറ്റൻഡ് ചെയ്യണം. ഹെഡ്ഓഫീസിൽ നിന്ന് ഇപ്പോൾ കോൾ വന്നിരുന്നു"
വിനായകൻ ഒരുനിമിഷം അമ്പരന്നു.
അവൻ സ്നേഹലിനെ തുറിച്ചുനോക്കി. 
പക്ഷേ മൊബൈൽഫോണിലെ സ്ക്രീനിൽത്തെളിഞ്ഞ അവളുടെ പുഞ്ചിരിക്കുന്ന മുഖത്ത് ഒരാശങ്കയുമില്ല. 
"നാളെത്തന്നെ നീ പൊയ്ക്കൊള്ളൂ. ഞാൻ മറ്റെന്നാളത്തെ ഫ്ലൈറ്റിലെത്താം. ഒരു ടിക്കറ്റുണ്ട്.  നേരത്തെ ചെന്നാൽ  നിനക്കവിടെ നമ്മുടെ താമസവും വാഹനവുമൊക്കെ തയ്യാറാക്കുകയും ചെയ്യാമല്ലോ" 
"അത് നന്നായി. ഞാൻ നാളെത്തന്നെ തിരിക്കാം." 
കോവിഡും ലോക്ക്ഡൗണും ഒക്കെയായി കല്യാണം ഒരുതരത്തിലാണ് നടന്നുകിട്ടിയത്. ആറുമാസമായിട്ടും ഒരു ഹണിമൂൺയാത്ര പോകാൻ പറ്റിയില്ല. നോക്കിനോക്കിയിരുന്നു പോകാൻ അവസരം വന്നപ്പോൾ അതിതാ ഇങ്ങനെയും. 
ടിക്കറ്റ് ക്യാൻസൽ ചെയ്ത്, ഒന്നിച്ചു പോകാമെന്നുവെച്ചാൽ ഇനി എന്നാണ് രണ്ടു ടിക്കറ്റ് ഒത്തുകിട്ടുന്നതെന്നു പറയാനാവില്ല. ഫ്ലൈറ്റുകൾ ഇപ്പോൾ വളരെക്കുറവാണ്.  ലീവ് തീർന്നുംപോകും. 
വിനായകൻ സീറ്റിൽനിന്നെഴുന്നേറ്റു താഴത്തെ ഫ്ലോറിലെ കാന്റീൻ ലക്ഷ്യമാക്കി നടന്നു. ഇത്തിരിനേരത്തേക്കാണെങ്കിലും ടെൻഷൻ വന്നാൽ ശരീരത്തിന് ഒരു തളർച്ചപോലെയാണ്.  നല്ലൊരു കോഫി കുടിച്ചാൽ അതൊന്നു മാറ്റിയെടുക്കാം. 
വൈകുന്നേരം സ്നേഹലിന്റെ ഓഫിസിലെത്തി അവളെയും കൂട്ടിവേണം ഫ്ലാറ്റിലേക്ക് പോകാൻ. യാത്രക്കുവേണ്ടതൊക്കെ ഒരുക്കിവെച്ചിട്ടുണ്ടെങ്കിലും സൂപ്പർമാർക്കറ്റിൽ ഒന്ന് കയറുകയും വേണം. വിട്ടുപോയ ചിലതൊക്കെ വാങ്ങാനുണ്ട്. 
രാവിലെ ടാക്‌സി വിളിച്ച് വിനായകൻ എയർപർട്ടിലേക്കും കാറിൽ സ്നേഹൽ ഓഫീസിലേക്കും പോയി. 
വിനായകന്റെ ഫ്ലൈറ്റ് അല്പം വൈകിയെങ്കിലും സുഖയാത്രതന്നെയായിരുന്നു. സുന്ദരമായ നാട്. നല്ല കാലാവസ്ഥ. മധുവിധു ആഘോഷിക്കാൻ പറ്റിയ സ്ഥലം. ഇവിടെ  ടൂറിസ്റ്റുകൾക്ക് ക്വാറന്റൈൻ വേണ്ടാത്തത് ഭാഗ്യമായി. അല്ലെങ്കിൽ ഈ യാത്രതന്നെ ഉണ്ടാകുമായിരുന്നില്ല. 
ഹോട്ടൽമുറിയിലെ നനുത്ത തണുപ്പിലിരുന്നു വിനായകൻ സ്നേഹലിന് മെയിലയച്ചു. ഓഫീസ് സമയത്ത് അവൾക്കു ഫോൺവിളി ശല്യമാകും. മെസ്സെഞ്ജറും വാട്സാപ്പും ഒന്നും നോക്കിയെന്നും വരില്ല. 

രണ്ടുദിവസം മുമ്പ് കോവിഡ് വന്നു മരിച്ച ശേഖർ സമാനിയുടെ വീട്ടിലെ ജോലിക്കാരിയുടെ ഉച്ചത്തിലുള്ള നിലവിളികേട്ടാണ് സിദ്ധി ഓടിവന്നത്. കസേരയിൽ ഒരുവശത്തേക്കുചരിഞ്ഞ്  അമ്മ അനുരാധ  ബോധംകെട്ടു കിടക്കുന്നു. 
"അമ്മയ്ക്കെന്തുപറ്റി?" 
"ഞാൻ ചായകൊണ്ടുവന്നുകൊടുത്തു. അത് കുടിക്കാൻ ഇരുന്നതാണ്.   പെട്ടെന്ന് ബോധംകെട്ടുവീണു. എനിക്കറിയില്ലാ മോളേ എന്താ ഉണ്ടായതെന്ന്." 
ജോലിക്കാരി വല്ലാതെ പരിഭ്രമിച്ചിട്ടുണ്ട്. 
"നീ ചായയിൽ എന്തെങ്കിലും ചേർത്തോ?" 
" അയ്യോ ഇല്ല കുഞ്ഞേ. മാഡം ചായ കുടിക്കാൻ തുടങ്ങിയുമില്ല. മാഡം മേശപ്പുറത്തുണ്ടായിരുന്ന  ലാപ്‌ടോപ്പ് ഓണാക്കി  നോക്കുന്നുണ്ടായിരുന്നു." 
സിദ്ധി കപ്പിലേക്കു നോക്കി. അവൾ പറഞ്ഞത് ശരിയാണ്. അമ്മ ചായ കുടിച്ചിട്ടില്ല. പിന്നെ എന്താണ് സംഭവിച്ചത്! 
അവൾ ലാപ്ടോപ്പ് നോക്കി. 
അതിൽ അവർ ഒരു മെയിൽ നോക്കുകയായിരുന്നു. 
"എന്റെ പ്രിയപ്പെട്ടവളേ,
ഞാനീ സ്വർഗ്ഗത്തിൽ സുഖമായെത്തി. നീ കൂടെയില്ലാത്ത സങ്കടമുണ്ട്. 
സാരമില്ല. നാളെ നീയുമിങ്ങെത്തുമല്ലോ. ഇവിടെ ഞാൻ നിനക്കു വേണ്ടതെല്ലാമൊരുക്കിവയ്ക്കുന്നുണ്ട്. നിന്നെക്കാണാൻ എനിക്കു തിടുക്കമായി. നീ എത്തുന്നതുവരെ ഞാൻ അക്ഷമനായി കാത്തിരിക്കുന്നിവിടെ"

വിനായകൻ മെയിൽ  അയച്ചപ്പോൾ ഐഡിയിൽ  രണ്ടക്ഷരം മാറിയത് ശ്രദ്ധിച്ചിരുന്നില്ല. 
 



No comments:

Post a Comment