Monday, April 5, 2021

അവധി - മിനിക്കഥ

 ദിമാപ്പൂറിലേ ഒരു പട്ടാളക്യാമ്പിലായിരുന്നു സതീശനും അജിത്തും. വളരെ കർക്കശക്കാരനായിരുന്ന മേലുദ്യോഗസ്ഥനില്നിന്ന് അവധി ലഭിക്കുകയെന്നത് അത്ര  എളുപ്പമുള്ള കാര്യമായിരുന്നില്ല. പക്ഷേ സതീശന് അവധി ലഭിച്ചേ പറ്റൂ. കാരണം തന്റെ ഏകാസഹോദരിയുടെ കല്യാണമാണ്. 

അദ്‌ഭുതമെന്നേ പറയേണ്ടു . കല്യാണക്കാര്യമറിഞ്ഞതും  കമാന്നൊരക്ഷരം പറയാതെ ഓഫീസർ അവധിയനുവദിച്ചു. 

സതീശൻ ഓടിപ്പോയി അജിത്തിനോട്  അവധി കിട്ടിയ കാര്യം പറഞ്ഞു. അയാൾക്കും സന്തോഷമായി. പിന്നാലെ അജിത്തും ഓഫീസറെ കാണാൻ പോയി. തനിക്കും അവധി അനുവദിക്കണമെന്നപേക്ഷിച്ചു. 

"സാധ്യമല്ലാ" അദ്ദേഹം അലറി. 

" സർ, എന്റെ വിവാഹമാണ്. ദയവായി എന്നെ പോകാനനുവദിക്കണം" അജിത് താണുവീണു കെഞ്ചി. 

"എന്നൊടുപറയാതെ താനന്തിനാണ് വിവാഹം നിശ്ചയിച്ചത്" എന്നായി ഓഫീസർ. 

"വീട്ടുകാർ നിശ്‌ചയിച്ചതാണ് സർ" അജിത് പറഞ്ഞു. 

"എങ്കിൽ അത് കാൻസൽ ചെയ്യാൻ അവരോടു പറഞ്ഞേക്കൂ. "കല്ലേൽ പിളർക്കുന്ന കല്പന വന്നു.

അജിത് പിന്നെയും അവിടെത്തന്നെ പരുങ്ങിനിന്നു. 

"ഉം . പൊയ്ക്കോളൂ " ഓഫീസർ ഗർജ്ജിച്ചു. 

" അത് .. പിന്നെ.. സർ.. "

"കാര്യം പറഞ്ഞാൽ തനിക്കു മനസ്സിലാവില്ലേ.. പോയി ജോലി ചെയ്യൂ "

" സർ, സതീശന് ലീവ് കൊടുത്തല്ലോ"

" ഉം .. അതെന്താ " 

"അവന്റെ സഹോദരിയുടെ വിവാഹത്തിന് പോകാനല്ലേ അത് " 

"അതിനു തനിക്കെന്തുവേണം. അയാൾ സഹോദരിയുടെ വിവാഹം നടത്തിയിട്ടു വരും"  

"പക്ഷേ, ഞാൻ ചെല്ലാതെ ആ വിവാഹം നടക്കില്ല സർ" 

" അതെന്താ?" 

"ഞാനാണ് വരൻ "


No comments:

Post a Comment