Friday, February 4, 2022

കുപ്പയിലെ മാണിക്യം

 കുപ്പയിലെ മാണിക്യം 

.

രാജസ്ഥാനിലെ മാർബിൾസിറ്റി എന്നറിയപ്പെടുന്ന  കിഷൻഗർ  വളരെയേറെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ്.  ജയ്‌പ്പൂരിൽ നിന്ന് 100 കിലോമീറ്റർ ദൂരമുണ്ടിവിടേക്ക്‌. മറ്റേതൊരു രാജസ്ഥാൻ നാഗത്തെയുപോലെ  ധാരാളം ചരിത്രസ്മാരകങ്ങൾ ഇവിടെയുമുണ്ട്. എന്നാൽ  ഇവിടുത്തെ ചരിത്രസ്മാരകങ്ങളേക്കാൾ സഞ്ചാരികളെ ആകർഷിക്കുന്നത് മറ്റൊന്നാണ്.  ഒരു മാലിന്യനിക്ഷേപം.

 'അയ്യേ.. മാലിന്യം കാണാൻ ആർക്കാണിത്ര താത്പര്യം' 

എന്നല്ലേ കൂട്ടുകാർ  ആലോചിക്കുന്നത്. ഇത് സാധാരണ മാലിന്യമല്ലാ, മാർബിൾഅവശിഷ്ടമാണ് ഇവിടെ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്.  അതേ, 

നോക്കെത്താദൂരം പരന്നുകിടക്കുന്ന  ഒരു മാർബിൾ വേസ്റ്റ് ഡംപിങ് യാർഡ്.



കിഷൻഗറിൽനിന്നു ഏകദേശം 65കിലോമീറ്റർ ദൂരെയാണ്  മക്രാന എന്ന സ്ഥലം. അവിടെയാണ് ഭാരതത്തിലെ ഏറ്റവും ഗുണമേന്മയുള്ള  മാർബിൾ ഖനനം ചെയ്യുന്ന ക്വാറികളുള്ളത്.  രാജ്യത്തെ  ഏറ്റവും പുരാതനമായ മാർബിൾക്വാറിയും ഇതുതന്നെ. ആയിരത്തോളം മാർബിൾഖനികളാണ് ഇന്നിവിടെയുള്ളത്.  താജ്മഹൽ നിർമ്മിച്ച വെണ്ണക്കലുകൾ മക്രാനയില്നിന്നു കൊണ്ടുപോയതാണ്. കൊൽക്കൊത്തയിലെ വിക്ടോറിയ മെമ്മോറിയൽ, ലുധിയാനയിലെ ദുഃഖനിവാരൺ സാഹിബ് ഗുരുദ്വാര,  ലാഹോറിലെ മോത്തിമഹൽ, അബുദാബിയിലെ ഷെയ്ഖ് സെയ്യദ് മോസ്‌ക് അങ്ങനെപോകുന്നു രാജ്യത്തിനകത്തും പുറത്തുമായി മക്രാനമാർബിൾ കൊണ്ട് നിർമ്മിച്ച മന്ദിരങ്ങൾ. 



മക്രാനമാർബിളിന്റെ  ഏറ്റവും പ്രധാന   സംസ്കരണ-വിപണനകേന്ദ്രമാണ് കിഷൻഗർ. 25,000ലധികം മാർബിൾ വ്യാപാരികൾ ഇവിടെയുണ്ട്, അത്രതന്നെ ഗോഡൗണുകളും. അവരുടെ കീഴിൽ ലക്ഷത്തിലധികം ആളുകൾ ജോലിചെയ്യുന്നു. സംസ്‍കരണമെന്നാൽ കൂറ്റൻ മാർബിൾക്കഷണങ്ങൾ കനംകുറഞ്ഞ പാളികളാക്കി മുറിച്ച്, പോളിഷ് ചെയ്തെടുക്കുക.  ആയിരക്കണക്കിന് യന്ത്രങ്ങളും ഗാംഗ്‌സോ(gangsaw)കളും നിരന്തരം കല്ലുകൾ ആവശ്യരൂപത്തിൽ  മുറിച്ചു പോളിഷ് ചെയ്തുകൊണ്ടിരിക്കുന്നു.  കാലാകാലങ്ങളായി തുടർന്നുപോരുന്നതാണിത്. കല്ലുകൾ മുറിക്കുമ്പോഴും പോളിഷ് ചെയ്യുമ്പോഴും ഉണ്ടാകുന്ന  പൊടി അവശിഷ്ടങ്ങൾ (marble  slurry )  ധാരാളമായി കുന്നുകൂടിയപ്പോൾ അത് നിക്ഷേപിക്കാൻ ഒരിടം വേണ്ടിവന്നു. അങ്ങനെ ആൾതാമസമില്ലാതെകിടന്നസ്ഥലം അതിനായുപയോഗിച്ചു . വെളുത്തപൊടി  നിക്ഷേപിക്കുകവഴി ആ സ്ഥലം ശുഭ്രവർണ്ണത്തിൽ കാണപ്പെടുകയും ചെയ്തു. വർഷങ്ങളേറെക്കടന്നുപോയി. ഈ ശുഭ്രഭൂമികയുടെ    വിസ്തൃതിയും കൂടിവന്നു.  ഇന്നത് 350ഏക്കറിലധികമായിരിക്കുന്നു. 

നട്ടുച്ചനേരത്താണ് ഞങ്ങളവിടെ എത്തിയത്. വന്ന വഴികളിൽ ധാരാളം മാർബിൾ വ്യാപാരകേന്ദ്രങ്ങളുംകണ്ടിരുന്നു. ഭീമൻമാർബിൾഫലകങ്ങൾ കയറ്റിയ  വാഹനങ്ങൾ റോഡിലെവിടെയും കാണാം.  ഉച്ചസൂര്യൻ ആകാശത്തു ജ്വലിച്ചുനിൽക്കുന്നുണ്ടങ്കിലും അത്ര ചൂടുതോന്നിയില്ല. ഡംപ് യാർഡിൽ  നോക്കെത്താദൂരത്തിൽ വെട്ടിത്തിളങ്ങിക്കിടക്കുന്ന വെളുവെളുത്ത മാർബിൾസ്‌ലറിയുടെ കൂനകൾ.  കുറെദൂരത്തേക്കു നടക്കാൻ അനുവാദമുണ്ട്. ഞങ്ങൾ ഓരോദിക്കിലേക്കും നടന്നു. എവിടെനോക്കിയാലും തൂവെള്ളനിറം. ശൈത്യകാലത്ത്  മഞ്ഞുവീണുകിടക്കുന്ന ഗുൽമാർഗ് പോലെ തോന്നും. അതിനാൽത്തന്നെ ഈ പ്രദേശത്തിന് രാജസ്ഥാന്റെ ഗുൽമാർഗ് എന്നും വിളിപ്പേരുണ്ട്. ഫോട്ടോ കണ്ടാലും മഞ്ഞാണെന്നേ തോന്നൂ. ഈ  ധവളഭൂമിയിൽ  ഇടയ്ക്കു മഴവെള്ളം വീണു രൂപമെടുത്ത ചില പൊയ്കകൾ ഉണ്ട്. മങ്ങിയ പച്ചകലർന്ന നീലനിറമാണ് ജലത്തിന്. അതിമനോഹരമാണ് ആ ജലാശയക്കാഴ്ചകൾ. സസ്യങ്ങൾക്ക് വളരാൻ മാർബിൾസ്ലറി ഒട്ടും അനുയോജ്യമല്ലെകിലും  അപൂർവ്വമായി  ചില ചെറുസസ്യങ്ങൾ വളർന്നുനിൽക്കുന്നതും കാണാം. 

(ഇങ്ങനെയൊക്കെയാണെകിലും മാർബിൾ സ്ലറി ഗുരുതരമായ പരിസ്ഥിതികപ്രശ്നങ്ങൾക്കു കാരണമാകുന്നുവെന്നും സസ്യജന്തുജാലങ്ങളുടെ ജീവനുതന്നെ ഭീഷണിയാകുന്നുവെന്നും ശാസ്ത്രപഠനങ്ങൾ പറയുന്നു. വായുവിലും  ജലസ്രോതസ്സുകളിലും  ഇതുണ്ടാക്കുന്ന മലിനീകരണം വളരെ മാരകമാണത്രേ! അതു തടയാനായി  ഇപ്പോൾ ഇത് സിമന്റുനിർമ്മാണത്തിനും ഇഷ്ടികനിർമ്മാണത്തിനുമൊക്കെ ഉപയോഗിക്കാൻ ആരംഭിച്ചിട്ടുണ്ട്. ) 

ഈ പ്രദേശം അതിമനോഹരമായതുകൊണ്ടുതന്നെ  സിനിമക്കാരുടെയുംമറ്റും ഇഷ്ടഷൂട്ടിഗ് ലൊക്കേഷൻ ആണിത്. പ്രീ- പോസ്റ്റ് -വെഡിങ് ഷൂട്ടിങ്ങും ധാരാളമായി ഇവിടെ നടക്കാറുണ്ട്. കുതിരപ്പുറത്തും ബൈക്കിലുമൊക്കെയിരുന്നു വിവിധപോസുകളിൽ  ഫോട്ടോ എടുക്കുന്നവരെ കാണുന്നുണ്ടായിരുന്നു.   ഞങ്ങളും കുറെയധികം ഫോട്ടോകളെടുത്ത് അവിടെനിന്നു മടങ്ങി.

(രാവിലെ പത്തുമണിമുതൽ വൈകുന്നേരം ആറുമണിവരെ സന്ദർശനസമയമുണ്ട്. പ്രവേശനഫീസ് ഒന്നുമില്ലെങ്കിലും മാർബിൾ അസോസിയേഷന്റെ പ്രവേശനാനുമതി നേടേണ്ടതുണ്ട്. അവർ നൽകുന്ന പാസ്  അവശ്യഘട്ടങ്ങളിൽ കാണിക്കേണ്ടതായിവരും )


















No comments:

Post a Comment