Wednesday, February 2, 2022

രാജസ്ഥാൻ 19 - ചിറ്റോർഗഢ്

 ചിറ്റോർഗഢ്

ബിറാക് നദിയുടെയും ഗാംഭീരി നദിയുടെയും തീരങ്ങളിലായി  180 മീറ്റർ (590.6 അടി) ഉയരത്തിൽ 700ഏക്കറിലായി പരന്നുകിടക്കുന്ന മലയിലാണ്  13കിലോമീറ്റർ നീളമുള്ള  ഈ കോട്ട സ്ഥിതിചെയ്യുന്നത്. ഏഴാംനൂറ്റാണ്ടിൽ മൗര്യരാജാവായിരുന്ന ചിത്രാംഗനാണ് കോട്ടയുടെ മൂലരൂപം നിർമ്മിച്ചതെന്നു ചരിത്രം പറയുന്നു. (ഭീമൻ നിർമ്മിച്ച കോട്ടയെന്നും ഒരു ഭാഷ്യമുണ്ട്) ഒരു വലിയ മത്സ്യത്തിന്റെ ആകൃതിയിലാണ് കോട്ടയുടെ നിർമ്മിതി.  ചിത്രകൂടം എന്നായിരുന്നു കോട്ടയുടെ  അന്നത്തെ നാമം   7)o നൂറ്റാണ്ടുമുതൽ 1568 വരെയുള്ള കാലയളവിൽ നിരവധി രാജാക്കന്മാർ ഇവിടം കേന്ദ്രമാക്കി രാജ്യം ഭരിച്ചിരുന്നു. ഗുഹിലോത്ത് രാജാക്കന്മാരാണ് ആദ്യമായി ഇവിടം കേന്ദ്രമാക്കിയത്. തുടർന്ന് സിസോദിയരജപുത്രരും ഛത്തരിരജപുത്രരും ഇവിടം ഭരിച്ചു. പതിനാലാം നൂറ്റാണ്ടിൽ അലാവുദീൻ ഖൽജി കോട്ട പിടിച്ചടക്കി. എങ്കിലും താമസിയാതെ സിസോദിയവംശരാജാവായിരുന്ന ഹാമിർസിംഗ് കോട്ട തിരിച്ചുപിടിക്കുകയുണ്ടായി. പതിനാറാം നൂറ്റാണ്ടിൽ അക്ബർ കോട്ട ആക്രമിക്കുകയും അധിപത്യമുറപ്പിക്കുകയും  ചെയ്തു. 

 

ശക്തി, ഭക്തി, ത്യാഗം, ബലിദാനം എന്നിവയുടെ  പാവനസ്ഥലമാണിതെന്നാണ്   ഗൈഡ് പറഞ്ഞത്.  ചിറ്റോർഗഢ് കോട്ട ഭാരതത്തിലെ മാത്രമല്ല, ലോകത്തെതന്നെ ഏറ്റവും നീളംകൂടിയ കോട്ടകളിലൊന്ന്. UNESCO  യുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ മലമുകളിൽ സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട കോട്ടകളിലൊന്ന്, ചരിത്രത്തിൽ പ്രശസ്തയായ പദ്മാവതി/പദ്മിനിയുടെ ജീവത്യാഗത്തിനു സാക്ഷിയായി എന്നു വിശ്വസിക്കപ്പെടുന്ന കോട്ട.. അങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് 13കിലോമീറ്റർ നീളമുള്ള  ചിറ്റോർകോട്ടയ്ക്ക്. ചെറുതും വലുതുമായ 103 ക്ഷേത്രങ്ങളും 84 ജലസംഭരണികളും  ഈ കോട്ടയ്ക്കുള്ളിലുണ്ടെന്നാണ് കണക്ക്. ഈ കുളങ്ങളിലെല്ലാമായി 4 ബില്യൺ ലിറ്റർ വെള്ളം സൂക്ഷിക്കപ്പെട്ടിരുന്നത്രേ! ഒരു തുള്ളി മഴ  പെയ്തില്ലേലും 50000 ഭടനമ്മാർക്ക് 3 വർഷത്തിലും അധികകാലം കഴിയാനുള്ള വെള്ളം അവിടെ നിന്നും കിട്ടുമായിരുന്നു ഇത്രയുംവലിയ കോട്ട മുഴുവൻ കണ്ടുതീർക്കാൻ ദിവസങ്ങൾ വേണ്ടിവരും . ചുരുങ്ങിയസമയത്തിനുള്ളിൽ വിജയസ്തംഭം  (Tower of Victory), കീർത്തിസ്തംഭം (Tower of Fame), റാണി പത്മിനി മഹൽ (Rani Padmini Mahal), മീര മന്ദിർ, സോമനാഥക്ഷേത്രമാതൃകയിലുള്ള വരാഹമൂർത്തിക്ഷേത്രം  എന്നിവ കാണാനേ ഞങ്ങൾക്ക് കഴിയുള്ളു. 

ഓട്ടോറിക്ഷയിലാണ് കുന്നിന്മുകളിലേക്കു പോയത്. ഏഴ് കവാടങ്ങൾ കടന്നു വേണം കോട്ടയ്ക്ക് മുകളിലേക്ക് എത്താൻ. പിൻഭാഗത്തും ഏഴുകവാടങ്ങളുണ്ട്. മുമ്പ് ആ ഭാഗത്തെ സൂരജ്‌പോൽ ആയിരുന്നു  പ്രധാനപ്രവേശന കവാടം.   മുമ്പിലും പിന്നിലുമായി ഇപ്പോൾ  14 വൻ കവാടങ്ങൾ..(ഞങ്ങൾ കടന്നുവന്ന  കവാടങ്ങൾക്ക് പദാൻ പോൽ, ഭൈരോൺ പോൽ, ഹനുമാൻ പോൽ , ഗണേഷ് പോൽ,  ജോർലപോൽ, ലക്ഷ്മൺ പോൽ, റാംപോൽ എന്നിങ്ങനെ   വ്യത്യസ്തനാമങ്ങൾ  നൽകിയിട്ടുണ്ട്). മുകളിലേക്ക് കയറുമ്പോൾ നല്ല തണുപ്പാണ്.  

ആദ്യമായി വിജയസ്തംഭത്തിനടുത്താണെത്തിയത്. അകത്തുകയറാൻ ടിക്കറ്റ് എടുക്കണം. വിജയസ്തഭവും അതിനോടുചേർന്നുള്ള ക്ഷേത്രവുമാണ് ആദ്യകാഴ്ച. മാൾവാ രാജാവ്  മുഹമ്മദ്‌ ഖൽജിക്കെതിരായ വിജയത്തിന്റെ ഓർമക്കായി എ ഡി 1448 ൽ മഹാറാണ കുംഭ നിർമിച്ചതാണ്  ഈ  ഗോപുരം. മഹാവിഷ്ണുവിന് സമർപ്പിച്ചിരിക്കുന്നതാണ് ഈ സ്തംഭം.  ഭോലെനാഥന്റെ ഢമരുവിന്റെ ആകൃതിയിലാണത്രേ സ്തംഭത്തിന്റെ നിർമ്മിതി.  ഒൻപത് തട്ടുകളായി നിർമ്മിച്ച ആ മന്ദിരത്തിന്റെ ശില്പഭംഗി അവാച്യമാണ്.  എന്തുകൊണ്ടാണ് ഇതൊന്നും ലോക്ദഭുതങ്ങളുടെ പട്ടികയിൽപ്പെടാത്തതെന്നു രാജസ്ഥാനിലെ ഓരോ ചരിത്രസ്മാരകങ്ങൾ കാണുമ്പോഴും തോന്നിപ്പോകുന്നു.  കോട്ടക്കകത്താണ് സ്ഥിതി ചെയ്യുന്നത് എങ്കിലും പട്ടണത്തിന്റെ ഏതുഭാഗത്തുനിന്നാലും ഗോപുരം ദൃശ്യമാകും. മൂന്നുമീറ്റർ ഉയരത്തിലുള്ള അസ്ഥിവാരത്തിനുമുകളിൽ 37മീറ്റർ ഉയരത്തിൽ പടുത്തുയർത്തിയിരിക്കുന്ന   ഗോപുരത്തിനു ചുറ്റും മുഴുവനായി  ഹിന്ദുദൈവങ്ങളുടെയും ആയുധങ്ങളുടെയും സംഗീതോപകരണങ്ങളുടെയും ഋതുക്കളുടെയും   ശിൽപ്പങ്ങളാൽ അലങ്കരിച്ചിരിക്കുന്നു.  മുകളിലേക്ക്  കയറാൻ   160ഓളം ഇടുങ്ങിയ പടികൾ ഉണ്ട്. മുകളിൽനിന്നുള്ള മനോഭിരാമമായ  താഴ്‌വാരക്കാഴ്ച ഏവരെയും ഹഠാദാകര്ഷിക്കും. ഇപ്പോൾ കൃഷിസ്ഥലങ്ങളും വാസഗേഹങ്ങളുമൊക്കെ നിറഞ്ഞ ആ പ്രദേശങ്ങളൊക്കെ പണ്ട് രണഭൂമിയായിരുന്നത്രേ! 

ചിറ്റോറിലെ  ഭരണാധികാരികളുടെ വിശദമായ വംശാവലിയും അവരുടെ പ്രവർത്തികളും ഉൾക്കൊള്ളുന്ന മുകളിലത്തെ നിലയിലെ ആലേഖനം ചെയ്‌ത ശിലാഫലകങ്ങൾ  മഹാറാണാ   കുംഭയുടെ  ആസ്ഥാനപണ്ഡിതനായിരുന്ന  അത്രിക്കും  മകൻ മഹേഷിനും സമർപ്പിക്കുന്നു. വാസ്തു ശില്പി ആയ സൂത്രധാർ ജയ്‌ത, അദ്ദേഹത്തെ സഹായിച്ച മൂന്ന് ആൺമക്കൾ, നാപ്പ, പൂജ, പോമ എന്നിവരുടെ പേരുകൾ ഗോപുരത്തിന്റെ അഞ്ചാം നിലയിൽ കൊത്തിവച്ചിട്ടുണ്ട്. ഏറ്റവും മുകളിലത്തെ നിലയിൽ  ജൈന ദേവിയുടെയും ചിത്രം കാണാം. ഈ സ്തംഭത്തിന്റെ മൂന്നാമത്തെ നിലയിൽ ഒൻപതു തവണയും എട്ടാമത്തെ നിലയിൽ എട്ടു തവണയും അറബിയിൽ "അള്ളാഹു" എന്ന വാക്ക് കൊത്തിയിട്ടുണ്ട്. . ഒരുപക്ഷേ മുസ്ലിംഭരണാധികാരികൾ അക്രമണത്തിനുവന്നാൽ സ്തംഭം നശിപ്പിക്കാതിരിക്കാനുള്ള ഒരു മുൻകരുതലാവാം ഇതെന്ന് തോന്നുന്നു. അഥവാ  രാജപുത്രരുടെ വിവിധമതവിശ്വാസങ്ങളെ വിജയസ്തംഭം പ്രതീകവത്കരിക്കുന്നു എന്നും പറയാം.  ഇതാണ് ഗൈഡ് പറഞ്ഞ ശക്തിസ്ഥാനം

തൊട്ടടുത്തുതന്നെ മഹാറാണാകുംഭാമഹൽ കാണാം. എ ഡി 734-ൽ മഹാറാണാ ബാപ്പ റാവൽ പണികഴിപ്പിച്ചതാണ് ഈ കൊട്ടാരം എന്ന് വിശ്വസിക്കപ്പെടുന്നു. പിന്നീട്,  മഹാറാണ കുംഭ അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇത് പുതുക്കിപ്പണിതു, തുടർന്ന് ഇതിന് അദ്ദേഹത്തിന്റെ പേര് ലഭിച്ചുവത്രേ. ഒരു പ്രേതാലയം പോലെ, തകർച്ചയിലായ വലിയ രാജസൗധത്തിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് നമുക്ക് കാണാൻ കഴിയുന്നത്. ഒരു ശിവക്ഷേത്രവും സനാനാമഹലും ദിവാനി ആമും കുതിരലായങ്ങളും ഒക്കെ ഇവിടെയുണ്ടായിരുന്നു. ഉദയ്പൂർ നഗരസ്ഥാപകനായ ഉദയ്‌സിംഗ് ജനിച്ചത് ഈ കൊട്ടാരത്തിലായിരുന്നു. അദ്ദേഹത്തിന്റെ പിതാവായ മഹാറാണാ  സംഗ്രാംസിങ്ങിന്റെ ജീവഹാനിക്കുശേഷം ഭരണത്തിലെത്തിയ മൂത്തപുത്രനും പിന്നീട് ഭരണത്തിൽവന്ന രണ്ടമത്തെ പുത്രനും ശത്രുക്കളാൽ നിഗ്രഹിക്കപ്പെട്ടു.    ഗുജറാത്തിലെ ഭരണാധികാരിയായിരുന്ന തുർക്കി സുൽത്താൻ    ബഹദൂർഷാ ഉദയ്‌സിംഗിനെയും വധിക്കാൻ പദ്ധതിയിട്ടെന്ന് മനസ്സിലാക്കിയ ഒരു ഭൃത്യ തന്റെ മകനെ ഉദയ്‌സിങ്ങിനു പകരം നിർത്തി അദ്ദേഹത്തെ ഒരു പഴക്കൂടയിൽ ഇരുത്തി കുംഭാൽഗഡിലെത്തിച്ചു. അവിടെ കുറേക്കാലം വേഷപ്രച്ഛന്നനായി ഉദയ്‌സിംഗ് കഴിഞ്ഞു. പന്നാധായി എന്നായിരുന്നു ആ ഭൃത്യയുടെ പേര്. രാജകുമാരനുവേണ്ടി സ്വന്തം മകന്റെ ജീവൻനൽകിയ പന്നാധായിയുടെ ത്യാഗഭൂമികൂടിയാണ് ഈ കൊട്ടാരം. 

ഭക്തമീരയും ഈ കൊട്ടാരത്തിൽ കഴിഞ്ഞിരുന്നു. നന്നേചെറുപ്പത്തിൽത്തന്നെ ശ്രീകൃഷ്ണാരാധനയിൽ സായുജ്യംകണ്ടെത്തിയിരുന്ന മീരയ്ക്ക് ബാല്യം കടക്കുംമുന്നേ മാതാവിനെ നഷ്ടമായിരുന്നു. പിതാവായ റാണാ രത്നസിംഗ് പ്രായപൂർത്തിയെത്തിയ  മകളെ യഥാസമയം പ്രതാപശാലിയായ റാണാ രത്തൻസിംഗിന് വിവാഹം ചെയ്തുകൊടുത്തു. ഭർത്താവ് ഭരണത്തിരക്കിലായിരിക്കുമ്പോഴും ഏകാന്തതയിൽ ദുഃഖിതയായികഴിയാതെ മീര കൃഷ്ണഭക്തിയിൽ അഭിരമിച്ചു. തങ്ങളുടെ കുലദൈവം ദുർഗ്ഗയായിരിക്കെ മീരയെന്തിന് കൃഷ്ണനെ ഭജിക്കുന്നു എന്നായി ഭർതൃബന്ധുക്കൾ. അക്കരണത്താൽത്തന്നെ അവർ അവളെക്കുറിച്ചു അപവാദങ്ങൾ പറയുകപോലും ചെയ്തു. പക്ഷേ അതൊന്നും വിശ്വസിക്കാതെ റാണാ രത്തൻസിങ്  തന്റെ പത്നിയോട് അവളുടെ ആരാധ്യപുരുഷനെക്കുറിച്ചറിഞ്ഞു. കൃഷ്ണവിഗ്രഹം ചൂണ്ടിക്കാട്ടി, പ്രേമസ്വരൂപനായ ഈ ശ്രീകൃഷ്ണനല്ലാതെ തന്റെ മനസ്സിൽ മറ്റാരുമില്ലായെന്നു മീര അദ്ദേഹത്തോട് മൊഴിഞ്ഞു. തന്റെ പത്നിയുടെ കൃഷ്ണപ്രണയം മനസ്സിലാക്കി അവൾക്ക്   ആരാധനക്കായി അദ്ദേഹം ഒരു മണ്ഡപം  നിർമ്മിച്ചുകൊടുത്തു. മീരയ്ക്ക്‌ അതിൽ കൂടുതല്‍ ഒന്നും വേണ്ടിയിരുന്നില്ല. മീര രാപകലില്ലാതെ  തന്റെ പ്രാർത്ഥനയും  ജപവും ഒക്കെ ആ മണ്ഡപത്തിലാക്കി.  മീരയുടെ ഭക്തിഗീതങ്ങൾ അശരണർക്കും ആലംബഹീനർക്കും ഏറെ ആശ്വാസമായി. ആ സവിധത്തിലേക്ക് ജനങ്ങൾ പ്രവഹിച്ചു. ആത്മസമർപ്പണത്തോടെയുള്ള സ്നേഹവായ്പുകൾകൊണ്ട്  എല്ലാവരെയും ആശ്വാസത്തിന്റെയും ആനന്ദത്തിന്റെയും പാതയിലേക്ക് നയിക്കാൻ മീരയ്ക്ക് കഴിഞ്ഞു. മീരയുടെ പ്രശസ്തി സീമകൾകടന്നു പൊയ്ക്കൊണ്ടിരുന്നു. ഈ അന്യാദൃശമായ ഭക്തിയിൽ ആകൃഷ്ടനായി അക്ബർചക്രവർത്തിയും മീരയെ സന്ദർശിക്കാൻ എത്തിയിരുന്നത്രേ! ശത്രുരാജധാനിയായിരുന്നതുകൊണ്ടു അദ്ദേഹം വേഷപ്രച്ഛന്നനായി, ആസ്ഥാനകവിയായിരുന്ന താൻസെനൊപ്പമാണ് കൊട്ടാരത്തിലെത്തി മീരയെ ദർശിച്ചത്. മീരയുടെ സ്നേഹവായ്പുകൾ അദ്ദേഹത്തിന്റെയും ഹൃദയംകവർന്നു. മീര ഭക്‌തരില്‍ നിന്ന്‌ കാണിക്ക  സ്വീകരിക്കില്ലെന്നറിയാമായിരുന്ന അദ്ദേഹം മണ്ഡപത്തിലെ  ശ്രീകൃഷ്ണവിഗ്രഹത്തിനു മുന്നില്‍ ഒരു മാല കാണിക്കയായി വച്ച്‌ മടങ്ങി. പക്ഷേ ഇക്കാര്യം രാജാവിന്റെ ചെവിയിലെത്താൻ അധികതാമസമുണ്ടായില്ല. തന്റെ ആജന്മശത്രുവിനെ സ്വീകരിച്ചനുഗ്രഹിച്ച മീരയോട് അദ്ദേഹത്തിന് അതിയായ കോപമുണ്ടായി. അദ്ദേഹം വർദ്ധിതകോപത്താൽ ശാസിക്കുകയും ശാപവാക്കുകൾ ചൊരിയുകയും ചെയ്തു.


 ഭർതൃവിശ്വാസം നഷ്‌ടമായ മീര ജീവത്യാഗം ചെയ്യാനുറച്ച് കൃഷ്ണവിഗ്രഹവുമായി കൊട്ടാരം വിട്ടിറങ്ങി. മരിക്കാനായി പുഴയിൽ ചാടിയെങ്കിലും ഏതോ അദൃശ്യകരങ്ങൾ(കൃഷ്ണനല്ലാതെ മറ്റാര്! ) മീരയെ രക്ഷിച്ചു വൃന്ദാവനത്തിലേക്കു നയിച്ചു. വൃന്ദാവനത്തിലും മീര തന്റെ ഭക്തിമാർഗ്ഗം തുടർന്നു. അനേകം ഭക്തർ മീരയെത്തേടി അവിടെയുമെത്തി. അവർക്കൊക്കെ മീര ആശ്വാസവും ആലംബവുമായി. ചിറ്റോറിൽനിന്നെത്തിയ ഒരു ഭക്തൻ മീര വൃന്ദാവത്തിലുണ്ടെന്ന കാര്യം രാജാവിനെ അറിയിച്ചു. പത്നിയെ പ്രാണനുതുല്യം സ്നേഹിച്ചിരുന്ന അദ്ദേഹത്തിന് തന്റെ പ്രവൃത്തിയിൽ ഏറെ പശ്ചാത്താപമുണ്ടായിരുന്നു. മീര വൃന്ദാവനത്തിലുണ്ടെന്നറിഞ്ഞ അദ്ദേഹം ആഹ്ലാദത്തിലാറാടി. വേഷപ്രച്ഛന്നനായി വൃന്ദാവനത്തിലെത്തി മീരയുടെ ഭക്തർക്കിടയിൽ നമസ്കരിക്കാന് നിന്ന അദ്ദേഹത്തെ മീര തിരിച്ചറിയുകയും അദ്ദേഹത്തിന്റെ പാദങ്ങളിൽ നമസ്കരിക്കകുകയും ചെയ്തു. അതിഗാഢമായി പരസ്പ്പരം വിശ്വസിക്കയും സ്നേഹിക്കയും ചെയ്‌തിരുന്ന ആ ദമ്പതികള്‍ തിരിച്ച്‌ ചിറ്റൂരിലെത്തി.  മീര തന്റെ ഭര്‍ത്താവിന്റെ പൂര്‍ണ്ണ സമ്മതത്തോടെ ഭജന തുടര്‍ന്നു. 

കാലം പോകവേ രത്തൻസിംഗ് രോഗബാധിതനായി, താമസിയാതെ തീപ്പെടുകയും ചെയ്തു. പിന്നീടുവന്ന ഭരണകർത്താക്കളും ബന്ധുക്കളുമൊക്കെ മീരയെ വളരെയേറെ ദ്രോഹിച്ചു. പലതവണ വധശ്രമം ഉണ്ടായി. ഓരോതവണയും കൃഷ്ണൻ മീരയെ രക്ഷപ്പെടുത്തി.  ഒടുവിൽ മീര വീണ്ടും കൊട്ടാരമുപേക്ഷിച്ച് വൃന്ദാവനത്തിലെത്തി. വർദ്ധക്യത്തിലെത്തിയ മീര തന്റെ ഉണ്ണിക്കണ്ണന്‍ ജനിച്ചതും വളര്‍ന്നതുമായ എല്ലായിടങ്ങളിലും  സഞ്ചരിച്ചു. മധുര, വൃന്ദാവനം ദ്വാരക ഒക്കെ മീര ശ്രീകൃഷ്ണഭക്‌തി ഗാനങ്ങള്‍ പാടി നടന്നു. അവസാനം ദ്വാരകയില്‍വച്ച്‌ കൃഷ്ണനെക്കുറിച്ച്‌ പാടിക്കൊണ്ടിരിക്കെതന്നെ ആ ശ്രീകൃഷ്ണഭക്‌ത കൃഷ്ണപാദം പൂകി. കൃഷ്ണ വിഗ്രഹ ത്തിന്റെ കാലില്‍വീണു ജീവന്‍വെടിഞ്ഞ മീരയെ നോക്കി ഭക്‌തജനങ്ങള്‍ നിര്‍വൃതികൊണ്ടു. ഇന്നും ഭക്തമനസ്സുകളിൽ സ്വാര്‍ത്ഥരഹിതമായ സ്നേഹത്തിനും കാമരഹിതമായസ്നേഹത്തിനും ഉടമയായി ശ്രീകൃഷ്ണനെപറ്റി പാടിപ്പുകഴ്ത്തി മീര ജീവിക്കുന്നു. മീരയുടെ ക്ഷേത്രം ഭക്തിയുടെ പ്രതീകമായി നമുക്കീ കോട്ടയിൽ കാണാം. ഇതാണ് ഗൈഡ് പറഞ്ഞ ഭക്തിസ്ഥാനം.

മറ്റൊരു പ്രധാനയിടമാണ് പദ്മിനിമഹൽ. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഐതിഹാസികരാജ്ഞിയായിരുന്നു പദ്മാവതിയെന്നും  അറിയപ്പെട്ടിരുന്ന റാണി  പദ്മിനി. പദ്മാവതിയെക്കുറിച്ചുള്ള കഥകൾ പലതാണ്. കുറച്ചെങ്കിലും വിശ്വസനീയമായത് ഇപ്രകാരം.  സിംഹളരാജ്യത്തെ(ഇന്നത്തെ ശ്രീലങ്ക) രാജകുമാരിയായിരുന്നു അതിസുന്ദരിയായിരുന്ന പദ്മാവതി. അക്കാലത്ത് ചിറ്റോർ ഭരിച്ചിരുന്ന ഗുഹിലരജപുത്രരാജാവ് രത്നസിംഹൻ ഹീരാമന്‍ എന്ന് പേരുള്ള ഒരു സംസാരിക്കുന്ന തത്തയില്‍നിന്ന് പദ്മാവതിയുടെ സൗന്ദര്യത്തെക്കുറിച്ചറിയുകയും 16000അനുചരന്മാരുമായി  ഏഴുകടലുംകടന്നുചെന്ന് ആ ലോകൈകസുന്ദരിയെ  സ്വന്തമാക്കുകയും ചെയ്തത്രേ! (പണ്ടൊക്കെ ഏഴുകടൽകടന്ന കഥകളല്ലേയുള്ളു) കേട്ടറിഞ്ഞ  പദ്മാവതിയുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് ആ സൗന്ദര്യധാമത്തെ സ്വന്തമാക്കാനായിരുന്നത്രേ അലാവുദ്ദിൻ ഖൽജി ചിറ്റോർ അക്രമിച്ചതെന്നും ചരിത്രഗാഥ. 


ഒരു ജലാശയത്തിനു മദ്ധ്യത്തിലാണ് മനോഹരമായ  പദ്മിനി മഹൽ. രാജപുത്രവധുക്കൾ അന്യപുരുഷന്മാർക്കു മുഖദർശനം നൽകരുതെന്ന അലിഖിതനിയമമുണ്ടായിരുന്നതിനാൽ  കൊട്ടാരത്തിൽനിന്നു പദ്മിനിമഹലിലേക്കും അവിടുന്ന് ശിവക്ഷേത്രത്തിലേക്കുമൊക്കെ ഭൂഗർഭപാതകളായിരുന്നു.  പക്ഷേ ജലാശയത്തിൽ പദ്മിനിയുടെ സുന്ദരകളേബരം പ്രതിഫലിച്ചിരുന്നത് പലരും കണ്ടിരുന്നത്രേ! കൊട്ടാരത്തിന്റെ ഒരുഭാഗത്തുകണ്ട ദർപ്പണത്തിലും റാണിയുടെ പ്രതിച്ഛായ പതിച്ചിരുന്നുവെന്നും അലാവുദ്ദീൻ ഖൽജി അത് കണ്ടിരുന്നുവെന്നും പറയപ്പെടുന്നു. ഖൽജി ചതിയിലൂടെ രത്നസിംഹനെ തടവിലാക്കി ഡൽഹിയിലേക്ക് കൊണ്ടുപോയെങ്കിലും റാണിപദ്മിനി സാഹസികമായിത്തന്നെ അദ്ദേഹത്തെ തിരികെ കൊണ്ടുവന്നു. ഇതിനിടയിൽ റാണിയെ സ്വന്തമാക്കാൻ അയൽരാജ്യമായ കുംഭാൽനേറിന്റെ രാജാവ് ദേവ്പാലും ശ്രമം നടത്തിയിരുന്നു. അതറിഞ്ഞ രത്നസിംഹൻ ദേവ്പാലുമായി ദ്വന്ദയുദ്ധത്തിലേർപ്പെടുകയും അതിൽ ഇരുവരും കൊല്ലപ്പെടുകയും ചെയ്തു. ഈ സമയത്തുതന്നെ ഖൽജി വീണ്ടും പടയുമായെത്തി. ഖൽജിക്ക് അടിയറവുപറഞ്ഞു തങ്ങളുടെ ആത്മാഭിമാനം കളങ്കപ്പെടാതിരിക്കാൻ പദ്മിനിയും സപത്നിമാരും അനേകം  മറ്റു രജപുത്രസ്‌ത്രീകളും അഗ്നിയിൽച്ചാടി ജീവത്യാഗം ചെയ്തു. ജൗഹർ എന്നാണ് ഇതറിയപ്പെടുന്നത്. ഇതാണ് ഗൈഡ് പറഞ്ഞ ബലിദാനം. (യുദ്ധത്തിന്റെ ദൃക്‌സാക്ഷിയായിരുന്ന കവി അമീർ ഖുസ്രു തന്റെ കാവ്യത്തിൽ പദ്മാവതിയെക്കുറിച്ചു പരാമർശിച്ചിട്ടില്ല എന്നും അതിനാൽ പദ്മാവതി ഒരു കല്പിതകഥപാത്രം മാത്രമായിരിക്കാം എന്നും  പറയപ്പെടുന്നു. )

ഖൽജി കോട്ട പിടിച്ചടക്കുകയും അത് ഒരേയൊരു മകനായ കൈസർ ഖാന് നൽകുകയും ചെയ്തു. 8 വർഷത്തോളം അദ്ദേഹം “കിസ്റാബാദ്” എന്നു നാമാകിരണം ചെയ്ത് ചിറ്റോർ രാജ്യം ഭരിച്ചു. പിന്നീട് രജപുത്രരുടെ ചില എതിർപ്പുകൾ കാരണം ഭരണം അദ്ദേഹത്തിന്റെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന മാൽദേവക്ക് നൽകി. അദ്ദേഹത്തിൽ നിന്നും 1318 ൽ ഹമ്മിർ സിംഗ് കോട്ട പിടിച്ചടക്കുകയും ചിറ്റോറീന്റെ പഴയ സുവർണകാലഘട്ടം തിരികെ കൊണ്ടുവരികയും ചെയ്തു.. ഒരുപാട് യുദ്ധങ്ങളിൽ ജയിച്ചു മുന്നേറിയ അദ്ദേഹത്തിനു ശേഷം കെത്രസിങ്, ലാഖ,  റാണ കുംഭ, റാണ ഉദായസിംഹ, റാണ റൈമാൽ, റാണ സംഘ എന്നിവർ 1527ൽ ബാബർ കോട്ട ആക്രമിച്ചു കീഴടുക്കുന്നത് വരെ ഭരണം നടത്തി. പിന്നീട് മഹാറാണാപ്രതാപ് കോട്ട അധീനതയിലാക്കിയെങ്കിലും 1568ൽ അക്ബർ ചിറ്റോർ അക്രമിച്ചുകീഴടക്കിയപ്പോൾ തന്റെ ആസ്ഥാനം ഉദയ്പൂരിലേക്കു മാറ്റുകയുണ്ടായി.  അടുത്ത ഇരുപത് വർഷക്കാലം അദ്ദേഹം  ഗറില്ലയുദ്ധത്തിലൂടെ മുഗളരെ കീഴടക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ചിറ്റോർഗഢ് തിരിച്ചുകിട്ടുന്നതുവരെ കിടക്കയിൽ ഉറങ്ങുകയോ കൊട്ടാരങ്ങളിൽ താമസിക്കുകയോ ലോഹപാത്രങ്ങളിൽ ഭക്ഷിക്കുകയോ  ചെയ്യില്ലെന്ന് മഹാറാണാ പ്രതാപ് തന്റെ പിൻഗാമികളെക്കൊണ്ടും  പ്രതിജ്ഞയെടുപ്പിച്ചിരുന്നു. എന്നാൽ  20-ാം നൂറ്റാണ്ട് വരെ മേവാറിലെ റാണിമാർ ഈ പ്രതിജ്ഞയുടെ പ്രതീകാത്മക തുടർച്ചയായി  ഒരു ഇലത്തളിക മറ്റുലോഹപാത്രങ്ങൾക്കുതാഴെ  വയ്ക്കുന്നത് തുടർന്നുവന്നു.  അവരുടെ  കിടക്കകൾക്ക് താഴെ ഒരു  പായയും വിരിക്കാറുണ്ടായിരുന്നത്രേ!.

കോട്ടയിലെ മറ്റൊരു പ്രധാനാകർഷണമാണ്‌ കീർത്തിസ്തംഭം. വിജയസ്തംഭത്തിൽനിന്ന് കുറച്ചുദൂരമുണ്ടവിടേക്ക്. അതുകൊണ്ടു വാഹനത്തിൽ പോകണം. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഇതിന്റെ നിർമ്മാണം. ജൈനമതത്തെ പ്രകീർത്തിക്കുന്നതിനായി ആദ്യത്തെ തീർത്ഥങ്കരനായ ഋഷഭന് സമർപ്പിച്ചിരിക്കുന്ന ഏഴ് നിലകളുള്ള ഈ ഗോപുരത്തിൽ അഞ്ച് അടി ഉയരമുള്ള ഋഷഭന്റെ പ്രതിമയുണ്ട്. സൂക്ഷ്മമായി നോക്കിയാൽ, ഓരോ പ്രധാന ദിശയിലും അഭിമുഖമായി ഒരു തീർത്ഥങ്കരന്റെ  പ്രതിമ  കാണാം.  സോളങ്കി വാസ്തുവിദ്യയിൽ  നിർമ്മിച്ചിരിക്കുന്ന സ്തംഭത്തിൽ മുകളിലത്തെ നിലയിൽ ചിറ്റോർഗഡ് നഗരത്തിന്റെ വിശാലദൃശ്യം പ്രദാനം ചെയ്യുന്ന ഒരു നിരീക്ഷണശാലയുണ്ട്. ഇവിടെയും ഇടുങ്ങിയ ഗോവണിയിലൂടെ മുകളിലേക്ക് കയറാം. ഇത്  നിർമ്മിച്ചത് ജിജാ എന്ന  ഒരു ജൈന വ്യാപാരിയാണ് . ജൈനരിൽ  സമ്പത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈമാറുന്നത് മതത്തിന്റെ ഒരു പ്രധാനഭാഗമാണ്.  ഒരു ദിഗംബർജൈനക്ഷേത്രവും സമീപത്തുതന്നെയുണ്ട്.  


ഇനിയുമെത്രയോ  ചരിത്രഗാഥകൾ ഈ മണ്ണിൽ മറഞ്ഞുകിടക്കുന്നു!നീണ്ട പതിനഞ്ചു നൂറ്റാണ്ടുകളിലെ സ്നേഹത്തിന്റെ, ക്രോധത്തിന്റെ, കാരുണ്യത്തിന്റെ, ത്യാഗത്തിന്റെ, രൗദ്രതയുടെ, ധീരതയുടെ, യുദ്ധവീര്യത്തിന്റെ  ഭാവോജ്ജ്വലഗാഥകൾ.   പക്ഷേ ഞങ്ങൾക്ക് മടങ്ങേണ്ടതുണ്ട്. ഇന്നുരാത്രിതന്നെ പുഷ്കറിലെ ഹോട്ടലിലെത്തണം. അതിനാൽ കണ്ടുമതിയായില്ലെങ്കിലും ഈ സമാനതകളില്ലാത്ത  ചരിത്രസ്മാരകത്തോട് വിടചൊല്ലുകയാണ്. 







  

No comments:

Post a Comment