Sunday, January 18, 2026

കിഴക്കനേഷ്യൻ മരതകമണികൾ - 5

 5.പട്ടായയിലെ കടൽയാത്ര 


====================


പട്ടായയുടെ  രാക്കാഴ്ചകൾ സദാചാരവിരുദ്ധമെന്നൊക്കെ സ്ഥിരം ആക്ഷേപിക്കപ്പെടുന്നതാണെങ്കിലും മറ്റുനിരവധി കാഴ്ചകളും അനുഭവങ്ങളും സഞ്ചാരികൾക്കായി ഒരുക്കിവെച്ച് കാത്തിരിക്കുകയാണ് ഈ പ്രകൃതിസുന്ദരമായ നഗരം. ദൈർഘ്യമേറിയ അതിസുന്ദരമായ കടൽത്തീരങ്ങളും കായലുകളും ഉൾപ്പെട്ട ഭൂപ്രകൃതിമാത്രമല്ല, മനുഷ്യനിർമ്മിതമായ ഒട്ടനവധി വാസ്തുവിസ്മയങ്ങളും ഉദ്യാനങ്ങളും വൈവിധ്യമാർന്ന ഭക്ഷണങ്ങളും നിരവധിയായ  വിനോദോപാധികളുമൊക്കെ വിനോദസഞ്ചാരികളെ ഇന്നാട്ടിലേക്കു ഹഠാദാകാർഷിക്കുന്നുണ്ട്. ഒരിക്കൽ വന്നവർക്ക് പിന്നെയും പിന്നെയും ഇങ്ങോട്ടേക്കു വരാനുള്ളൊരു പ്രേരണ നൽകാൻ ഇവയെല്ലാം കാരണമാകുന്നു. ബാങ്കോക്കിനെ അപേക്ഷിച്ച് വൃത്തിയുടെകാര്യത്തിൽ അല്പം പിന്നിലാണെങ്കിലും നമ്മുടെ നാടുമായി തട്ടിച്ചുനോക്കിയാൽ പട്ടായ ബഹുദൂരം മുന്നിലാണ്. 




 പ്രഭാതഭക്ഷണത്തിനുശേഷം ഞങ്ങൾ ഹോട്ടലിൽനിന്നിറങ്ങി ബസ്സിൽക്കയറി. ആനിയും റെഡിയായി എത്തിയിരുന്നു.  ആദ്യമായി ഞങ്ങൾ പോകുന്നത് കടൽത്തീരത്തേക്കാണ്. ബോട്ട് യാത്ര, പാരാഗ്ലൈഡിങ്, ബനാനബോട്ട് റൈഡിങ് , സ്പീഡ്ബോട്ട് റൈഡിങ്, അണ്ടർ സീ വാക്കിങ് , വാട്ടർ സ്​കൂട്ടർ അങ്ങനെ പലതരം വിനോദങ്ങൾക്ക് ലക്ഷ്യമിട്ടുകൊണ്ടാണ് പുറപ്പെട്ടിരിക്കുന്നത്. കുറച്ചുദൂരെയുള്ള പ്രസിദ്ധമായ 'കോ  ലാൻ'  എന്ന   പവിഴദ്വീപിലും പോകണം. അല്പസമയം ബസ്സ്‌ ഓടി പട്ടായ ബീച്ചിന്റെ ഒരറ്റത്തുള്ള പാർക്കിംഗ് സ്ഥലത്ത് ഞങ്ങളെയിറക്കി. അവിടെനിന്നു ബോട്ടിൽ കയറേണ്ടതുണ്ട്. ലോക്കൽഗൈഡ് ഗ്രുപ്പിലെല്ലാവർക്കും  ഒരേനിറത്തിലെ വൂളൻനൂലുകൊണ്ടു രാഖികെട്ടുന്നതുപോലെ കെട്ടിത്തന്നു. എന്തോ സ്റ്റിക്കർ കൈയിലും ഉടുപ്പിലുമൊക്കെ ഒട്ടിക്കുകയും ചെയ്തു. ഗ്രൂപ്പിലുള്ളവരെ ബോട്ടുകാർക്ക് തിരിച്ചറിയാനുള്ള മാർഗ്ഗരേഖയാവാം ഈ രാഖിച്ചരട്.


ഇവിടുത്തെ കടൽത്തീരവും നീലനിറമുള്ള  കടൽജലവും മാലിന്യമേതുമില്ലാതെ കിടക്കുന്ന കാഴ്ച ആരുടെയും മനംമയക്കും. അതിലൂടെയുള്ള തോണിയാത്ര അവിസ്മരണീയമാണ്.   ആദ്യം വലിയൊരു പ്ലാറ്റ്ഫോം പോലെയുള്ള ഭാഗത്തേക്കുകൊണ്ടുപോയി   ഇരിപ്പിടത്തിൽ എല്ലാവരെയും ഇരുത്തിയശേഷം കടൽവിനോദങ്ങളും അവയുടെ നിരക്കുകളും, പലവിനോദങ്ങൾ  ഒന്നിച്ചെടുത്താലുള്ള നിരക്കുവ്യത്യാസങ്ങളുമൊക്കെ വിശദമായിത്തന്നെ  മനസ്സിലാക്കിത്തന്നു. അതിനനുസരിച്ച് കുറേപ്പേർ  പങ്കെടുക്കേണ്ട ഇനങ്ങളുടെ ടിക്കറ്റുകളും എടുത്തു. ശാരീരികമായി പല ബുദ്ധിമുട്ടുകളുമുള്ളതുകൊണ്ടു ഞങ്ങൾ ഒന്നിലും പങ്കെടുക്കേണ്ടാ എന്നുവെച്ചു. ആദ്യം പാരാഗ്ലൈഡിങ് നടക്കുന്നിടത്തേക്കു പലബോട്ടുകളിലായി എല്ലാവരും പോയി. ഞങ്ങളുടെസംഘത്തിലെ വളരെക്കുറച്ചുപേർ മാത്രമേ  അതിൽ പങ്കെടുത്തുള്ളു. വലിയ ബലൂണിൽ നമ്മുടെ ശരീരം സുരക്ഷിതമായി  ഘടിപ്പിച്ച്, വലിച്ചുകെട്ടിയിരിക്കുന്ന കയറിന്റെ   അറ്റം വേഗത്തിൽപോകുന്ന  ഒരു ബോട്ടിൽ ഘടിപ്പിച്ചാണ് അതിനെ ഉയർത്തുന്നത്. ബോട്ട് മുമ്പോട്ടുകുത്തിക്കുമ്പോൾ കുറച്ചുദൂരം ശരീരവും തറയിൽ വലിയും. പിന്നെയാണ് ബലൂൺ കാറ്റുനിറഞ്ഞു മുകളിലേക്ക് കുതിക്കുന്നത്.   അതിൽ പങ്കെടുത്ത   പലരുടെയും കാൽമുട്ട് തറയിൽ  നന്നായി ഉരഞ്ഞു തൊലിപോയി  രക്തംപിടിച്ചിരുന്നു.  ബലൂൺ ഉയരത്തിലെത്തുമ്പോഴേക്കും പലരും  കാലിട്ടടിക്കുന്നതുകാണാമായിരുന്നു. ഭയന്നിട്ടാണോ ആഹ്ലാദംകൊണ്ടാണോ എന്നറിയില്ല. ചെറിയകുട്ടികൾപോലും അത്യാഹ്ലാദത്തോടെ ബലൂണിൽ ഉയർന്നുപൊങ്ങുന്നതുകാണാമായിരുന്നു. 




കോ ലാൻ   ഐലണ്ടിലേക്കുപോയിട്ടായിരുന്നു മറ്റുള്ള വിനോദങ്ങൾ.കുറേദൂരം സ്ഫടികതുല്യമായ കടൽജലത്തിലൂടെ  ബോട്ടുയാത്രചെയ്തശേഷമാണ് അവിടെയെത്തിയത്.  വൃത്തിയുള്ള  വെളുത്തമണലാണ് തീരത്ത്. ആ കടലിനെയും തീരത്തെയുമൊന്നും വാക്കുകൾകൊണ്ട്  വർണ്ണിക്കാനാവില്ല. അത്ര മനോഹരമാണ്. കൈയിൽ കെട്ടിയിരിക്കുന്ന ചരടിന്റെ നിറമനുസരിച്ചാണ് തീരത്തെ വിശ്രമസ്ഥലവും നിർണ്ണയിക്കപ്പെട്ടിരിക്കുന്നത്. തീരത്ത് നിരന്നുകിടക്കുന്ന ഇരിപ്പിടങ്ങളിൽ ഇരുന്ന് ആ സുന്ദരമായ കടൽദൃശ്യം ആവോളം ആസ്വദിച്ചു. ജലവിനോദങ്ങൾക്കു ടിക്കറ്റെടുത്തവർ പലവഴിക്കായി അതിനായിപ്പോയി. അൽപനേരം തീരത്തെ തെരുവോരക്കച്ചവടക്കാരുടെ ഇടയിലേക്കിറങ്ങി. പട്ടായയുടെ തെരുവിൽക്കണ്ടതൊക്കെ ഇവിടയുമുണ്ട് .  ജലവിനോദങ്ങൾക്കു പോയവർ  മടങ്ങിവന്നശേഷം സൗന്ദര്യത്തിന്റെയും നൈർമ്മല്യത്തിന്റെയും പര്യായമായ ആ പവിഴദ്വീപിനോട് മനസ്സില്ലാമനസ്സോടെ ഞങ്ങൾ വിടപറഞ്ഞു.  താമസിക്കുന്ന ഹോട്ടലിലെത്തി ഉച്ചഭക്ഷണം കഴിച്ച് അല്പനേരത്തെ വിശ്രമം. അതിനുശേഷം ഒരു രത്നസംസ്കരണശാലയും പിന്നീട് ഇവിടുത്തെ പേരുകേട്ട ഫ്‌ളോട്ടിങ് മാർക്കറ്റും സന്ദർശിക്കണം. 




മടക്കയാത്രയിൽ ബസ്സിൽവെച്ച്  ആനി വീട്ടിൽനിന്നുകൊണ്ടുവന്ന മധുരപലഹാരം ഏല്ലാവർക്കും തന്നു.  തന്റെ രാജ്യത്തെക്കുറിച്ചോ കാണാൻപോകുന്ന കാഴ്ചകളെക്കുറിച്ചോ ഒന്നും അധികമൊന്നും അവൾ പറയുന്നുണ്ടായിരുന്നെങ്കിലും അവളുടെ വിനയവും ഊഷ്മളമായ പെരുമാറ്റവും ഒക്കെ എടുത്തുപറയേണ്ടതുതന്നെ. 15 വർഷമായി ഗൈഡ് ആയി ജോലിനോക്കുന്ന ആനി വളരെ പരിതാപകരമായ കുടുംബപശ്ചാത്തലത്തിൽനിന്നാണ് വരുന്നത്. അവളുടെ ഭർത്താവ് ഒരപകടത്തിൽ നട്ടെല്ലിന് ക്ഷതംപറ്റി   കിടപ്പിലാണ്. പരസഹായമില്ലാതെ എഴുന്നേൽക്കാൻപോലും കഴിയില്ലാ. കൂടാതെ  വൃദ്ധരും രോഗികളുമായ മാതാപിതാക്കളും അവരുടെ സംരക്ഷണയിലാണ്. ആകെയുള്ള സഹോദരൻ യാതൊരു സഹായവും ചെയ്യുന്നുമില്ല.  ഗൈഡ് ജോലി സ്ഥിരതയുള്ളതല്ല. ചിലപ്പോൾ വളരെ ദിവസങ്ങൾ ജോലിയില്ലാതെയും ഇരിക്കേണ്ടതായിവരും. വീട്ടിലെക്കാര്യം വലിയ കഷ്ടത്തിലുമാകും. ഇതൊക്കെ പറയുമ്പോഴും ആനി മുഖത്തെ പ്രസന്നതയും ആത്മവിശ്വാസവും കൈവിട്ടിരുന്നില്ല. ഇടയ്ക്കവൾ ഞങ്ങളെ തായ്‌ഭാഷയിലുള്ള പാട്ടുകൾ പാടിക്കേൾപ്പിച്ചു. ചിലത് എല്ലാവരെക്കൊണ്ടും ഏറ്റുപാടിച്ചു. സുപ്രഭാതവും നന്ദിയും ഒക്കെ തായ്‌ഭാഷയിൽ എങ്ങനെയാണു പറയേണ്ടതെന്ന് പഠിപ്പിച്ചു. 'സവതിതൻ ചാവ്' എന്നോമറ്റോ ആണ് സുപ്രഭാതം. പുരുഷന്മാരും സ്ത്രീകളും നന്ദി  പറയുന്നത് രണ്ടുതരത്തിലാണത്രേ!


രണ്ടുമണിയോടടുത്തു ഹോട്ടലിലെത്തിയപ്പോൾ. ഉച്ചഭക്ഷണം കഴിച്ച് അല്പനേരത്തെ വിശ്രമത്തിനുശേഷം ഇനിയുള്ള യാത്ര. 

No comments:

Post a Comment