7.ഫ്ലോട്ടിങ് മാർക്കറ്റിൽ
=================
പേരുപോലെതന്നെ ഇതൊരു ജലോപരിതലവ്യാപാരകേന്ദ്രമാണ്. 2008 ലാണ് ഇന്ന് നാം കാണുന്നരീതിയിൽ ഇവിടെ ഈ ഫ്ലോട്ടിങ് മാർക്കറ്റ് പ്രവർത്തനമാരംഭിച്ചത്. തായ്‌ലൻഡ് സന്ദർശിക്കുന്നവർ തീർച്ചയായും കാണേണ്ടതാണ് ഈ മാർക്കറ്റ്. കനാലുകളുടെ ഒരു ശൃംഖലയിലാണ് ഈ ബൃഹത്തായ വ്യാപാരസമുച്ചയം സ്ഥിതി ചെയ്യുന്നത്. ജലത്തിൽ മരത്തൂണുകൾ സ്ഥാപിച്ച് അതിന്മേലാണ് നൂറുകണക്കിന് കടകളും പാലങ്ങളുമൊക്കെ നിർമ്മിച്ചിരിക്കുന്നത്. അന്നാട്ടുകാരുടെ കലാബോധത്തെയും പരമ്പരാഗതമായ സൗന്ദര്യാവബോധത്തെയും ഉദ്ഘോഷിക്കുംവിധം അതിമനോഹരമായാണ് അവയൊക്കെ ഒരുക്കിയിരിക്കുന്നത്. തായ്‌ലണ്ടിന്റെ തനതായ വാസ്തുശൈലിയും മറ്റു കിഴക്കനേഷ്യൻരാജ്യങ്ങളിലെ വാസ്തുശൈലിയുമൊക്കെ ഇവിടുത്തെ കെട്ടിടങ്ങളിൽ കാണാൻ കഴിയും. ജലോപരിതലത്തിലായതുകൊണ്ടുതന്നെ ഈ മാർക്കറ്റിന്റെ വ്യാപ്തിയും വൈവിധ്യവും ആസ്വദിക്കണമെങ്കിൽ തീർച്ചയായും ഒരു ബോട്ട് യാത്ര അനിവാര്യമാണ്.
24 മണിക്കൂർമുന്നേ ടിക്കറ്റ് ഉറപ്പാക്കേണ്ടതുണ്ട്. ഇവിടെ ടിക്കറ്റ് നിരക്കുകൾ നമ്മുടെ ആവശ്യമനുസരിച്ചാണ്. മാർക്കറ്റിലേക്കുള്ള പ്രവേശനം മാത്രമാണെങ്കിൽ 200 തായ് ബാത്ത് (ഇന്നത്തെ നിരക്കിൽ ഏകദേശം അഞ്ഞൂറുരൂപ) ആണ് നിരക്ക്. പക്ഷേ ബോട്ടിങ് കൂടി ചേർത്താണെങ്കിൽ നിരക്കുകൂടും. അതുകൂടാതെ പരമ്പരാഗതകലാപരിപാടികൾ ചേർത്തുള്ളതും പിന്നെ തായ് പാരമ്പര്യവസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞു ഫോട്ടോസെഷനും ഒക്കെ ഉള്ള ടിക്കറ്റുകൾക്ക് അതനുസരിച്ചു ചാർജ് കൂടും. സീസണനുസരിച്ച് അവയൊക്കെയും മാറിക്കൊണ്ടിരിക്കും. ഞങ്ങൾക്കുള്ള ടിക്കറ്റ് ബോട്ടിങ്ങും ചേർന്നതാണ്. ഇവിടയുള്ള ബോട്ട് നമ്മുടെ കൊതുമ്പുവള്ളങ്ങൾപോലെ തടിയിൽനിർമ്മിച്ച ചെറിയ വള്ളങ്ങളാണ്. ഇരുപതുമിനുട്ടാണ് ബോട്ട് യാത്ര . ഈ യാത്രയിൽ, 'നാ ചോം തിയൻ' എന്ന ഒരു ചെറിയ നദിയിലെ കനാലിന്റെ കരകളിലുള്ള നദീതീരജീവിതത്തെ അടുത്തറിയാനാവും. ചെറുവീടുകളും അവയോടുചേർന്നുള്ള കൃഷികളും വളർത്തുമൃഗങ്ങളും കാഴ്ചയിലെത്തി മറയുന്നു. കേരളത്തിൽകാണുന്ന ഏതാണ്ടെല്ലാ വൃക്ഷലതാദികളും പച്ചക്കറികളും പൂക്കളുമൊക്കെ അവിടെയും കണ്ടപ്പോൾ എന്തെന്നില്ലാത്തൊരാനന്ദം അനുഭവിച്ചറിഞ്ഞു. എന്തിന്, നമ്മുടെ നാട്ടിൽ അന്യംനിന്നുപോയ കച്ചിത്തുറു പോലും പല വീടുകളുടെയും സമീപത്തു കാണാൻ കഴിഞ്ഞു. യാത്രക്കാർ മാത്രമല്ല തോണികളിൽ. ധാരാളം കച്ചവടക്കാരുമുണ്ട്. വൈവിധ്യമാർന്ന ഭക്ഷണപദാർത്ഥങ്ങളും കൗതുകവസ്തുക്കളും വസ്ത്രങ്ങളുമൊക്കെ അവരുടെ വിപണിയിലുണ്ട്. അവരെ മാറ്റിനിർത്തിയാൽ കുട്ടനാട്ടിലൂടെയുള്ളൊരു തോണിയാത്രയെ അനുസ്മരിപ്പിക്കുന്നൊരു യാത്രയാണിത്.
ബോട്ട് യാത്ര ചെന്നുനിന്നത് ജലോപരിതലത്തിൽ സജ്ജമാക്കിയിരിക്കുന്ന വലിയൊരു വ്യാപാരകേന്ദ്രത്തിലേക്കാണ്. മധ്യത്തിലുള്ള നടപ്പാതയ്ക്കിരുവശവുമായി ധാരാളം കടകൾ നിരനിരയായി ഒരുക്കിയിരിക്കുന്നു. എല്ലാം വളരെ വൃത്തിയും ഭംഗിയുമുണ്ട്. പരമ്പരാഗതവും ആധുനികവുമായ വസ്ത്രങ്ങൾ, ചെരുപ്പുകൾ, കരകൗശലവസ്തുക്കൾ, ഭക്ഷണം, പാത്രങ്ങൾ, ബാഗ്, തൊപ്പി അങ്ങനെ നീണ്ടുപോകുന്നു ഈ കടകളിലെ കച്ചവടസാധനങ്ങളുടെ നിര. പക്ഷേ എല്ലായിടത്തും വിലപേശൽ നന്നായി നടത്തണം. ഗൈഡ് പറഞ്ഞത് വിലയും ഗുണനിലവാരവുമൊക്കെ ഒത്തുവന്നെങ്കിൽ മാത്രമേ അവിടെനിന്നു വസ്തുക്കൾ വാങ്ങാവൂ എന്നാണ്. അതൊക്കെ നമുക്കെങ്ങനെയാണ് നിശ്ചയിക്കാനാവുക! എന്തായാലും എന്തെങ്കിലുമൊക്കെ എല്ലാവരും വാങ്ങിയിരുന്നു. കുറേസമയം അവിടെ ചുറ്റിനടന്നു. ചിലയിടങ്ങളിൽ നൃത്തവും നാടകവുമൊക്കെ അരങ്ങേറുന്നുണ്ടായിരുന്നു.
ആറുമണികഴിഞ്ഞു. ഇനി മടക്കയാത്രയാണ്. ഒത്തുചേരണമെന്നു പറഞ്ഞയിടത്ത് കൃത്യസമയത്തുതന്നെ എല്ലാവരും എത്തി. ഞങ്ങൾ ബസ്സിൽക്കയറി ഹോട്ടലിലേക്കുപോയി. ഗൈഡ് ആനി രണ്ടുദിവസമായി ഞങ്ങളോടൊപ്പം തായ്‌ലണ്ടിന്റെ കാഴ്ചകളിൽ കൂടെവന്നതാണ്. നാളെ അവളോട് വിടപറഞ്ഞു ഞങ്ങൾ ലാവോസ് എന്ന രാജ്യത്തേക്ക് പോകും. അതിനാൽ അവൾക്കൊരു ചെറിയ ഉപഹാരം കൊടുക്കാൻ എല്ലാവരുംകൂടെ തീരുമാനമെടുത്തിരുന്നു. നൂറു തായ് ബാത്ത് വീതം ഓരോരുത്തരും എടുത്താണ് ആ തുക സമാഹരിച്ചത്. അതവൾ സന്തോഷപൂർവ്വം സ്വീകരിച്ചു. ഹോട്ടലിൽ എത്തിയശേഷം അല്പനേരത്തെ വിശ്രമം. പിന്നെ അത്താഴം കഴിക്കുന്നതിനായി തെരുവിന്റെ എതിർവശത്തുള്ള ഭക്ഷണശാലയിലേക്കുപോയി. അതികഴിഞ്ഞു വോക്കിങ് സ്ട്രീറ്റിലേക്കാണ്. പിന്നെയും നടന്നു കടൽത്തീരത്തെത്തി. സഹയാത്രികർ പലരും അവിടയുണ്ടായിരുന്നു. കുറച്ചുസമയം അവിടെ ചെലവഴിച്ചു. അതുകഴിഞ്ഞു കുറേപ്പേർ മസ്സാജിങ് നടത്താനായിപ്പോയി.ഞങ്ങളോടൊപ്പം മറ്റു രണ്ടുപേരും ഹോട്ടലിലേക്കു മടങ്ങി. നമ്മുടെ ആയുർവേദവിഭാഗത്തിലെ തിരുമ്മും ഉഴിച്ചിലുംപോലെ ഇവിടുത്തെ മസ്സാജിങ് വളരെ പ്രയോജനപ്രദമാണെന്നാണ് പറഞ്ഞുകേട്ടിരിക്കുന്നത്. ചില വലിയ രാഷ്ട്രീയനേതാക്കളൊക്കെ ഇവിടെ ഇടയ്ക്കുവന്നു ഈ സേവനം പ്രയോജനപ്പെടുത്താറുണ്ടെന്ന കഥയൊക്കെ ഇപ്പോൾ അങ്ങാടിപ്പരസ്യമാണല്ലോ .
രാവേറെയായിരുന്നെങ്കിലും ശരീരം വിൽക്കുന്നതിനായി അണിഞ്ഞൊരുങ്ങി വഴിയോരങ്ങളിൽ ധാരാളം സ്ത്രീകൾ ആവശ്യക്കാർക്കായി കാത്തുനിൽക്കുന്ന കാഴ്ച സത്യമായും വേദനാജനകമാണ്. ഇവിടെ വേശ്യാവൃത്തി മറ്റുതൊഴിലുകൾപോലെതന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതിന് കാരണക്കാർ ഇവിടുത്തെ പുരുഷന്മാർ തന്നെയെന്നാണ് പറയപ്പെടുന്നത്. വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കൻപടയാളികൾ വിശ്രമത്തിനും ഉല്ലാസത്തിനുമായി എത്തിയത് തായ്‌ലണ്ടിന്റെ പല ഗ്രാമങ്ങളിലുമായിരുന്നു. ദീർഘകാലം കുടുംബങ്ങളിൽനിന്നകന്നുകഴിഞ്ഞിരുന്ന അമേരിക്കൻപട്ടാളക്കാരുടെ ശാരീരികമായ അന്തർചോദനകളുടെ സാക്ഷാത്കാരത്തിനായി അവർ തായ് സ്ത്രീകളെ ഉപയോഗിക്കാൻ നിർബ്ബന്ധിതരായി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജനങ്ങളുടെ സാമ്പത്തികനില ഏറെ പരിതാപകരമായിരുന്നു. ആ അവസ്ഥയിൽ ഉയർന്ന പ്രതിഫലം ലഭിക്കുന്നതിനാൽ പുരുഷന്മാർതന്നെ നിർബ്ബന്ധിച്ചു വീട്ടിലെ സ്ത്രീകളെ വേശ്യാവൃത്തിയിലേക്ക് നയിച്ചിരുന്നത്രേ! ക്രമേണ മറ്റേതൊരു തൊഴിലുപോലെ വേശ്യാവൃത്തിയും അംഗീകരിക്കപ്പെട്ടു. അല്പം അലസത കൂടുതലുള്ള പുരുഷന്മാർ അതൊരു അനുഗ്രഹമായി കാണുകയും ചെയ്തു.
ഹോട്ടലിലെത്തി കുളികഴിഞ്ഞു കിടന്നുറങ്ങി. രാവിലെ എട്ടുമണിക്ക് ഇവിടെനിന്നു യാത്രയാകണം. ഉറങ്ങുംമുമ്പ് പെട്ടിയൊക്കെ ഒരുക്കിവെച്ചു. രാവിലെ ബാങ്കോക്കിലേക്കാണ് പോകേണ്ടത്. അവിടുത്തെ ചില കാഴ്ചകളൊക്കെക്കണ്ട് വിമാനത്താവളത്തിലേക്കു പോകണം. ലാവോസിലേക്കുള്ള വിമാനം ഞങ്ങൾ ബാങ്കോക്കിൽവന്നിറങ്ങിയ അതേ വിമാനത്താവളത്തിൽനിന്നാണ്
No comments:
Post a Comment