Sunday, January 18, 2026

കിഴക്കനേഷ്യൻ മരതകമണികൾ -8

 


8.തായ്‌ലണ്ടിൽനിന്നു ലാവോസിലേക്ക് 


=============================


പ്രഭാതഭക്ഷണം കഴിച്ചശേഷമാണ് യാത്രയ്ക്കായി ബസ്സിൽ കയറിയത്. ഇനി ഈ ഹോട്ടലിലേക്ക് മടങ്ങിവരില്ല. സുഖ്‌വീത് റോഡിനടുത്തായുള്ള  ഹോട്ടൽ സിഗ്നേച്ചർ ഒരു ഫോർ സ്റ്റാർ ഹോട്ടലാണ്. ഇവിടുത്തെ മനോഹരമായ പരിസരക്കാഴ്ചകളും റിസപ്ഷനോട് ചേർന്നുള്ള ഭാഗങ്ങളിലെ സുന്ദരമായ ശിൽപാലങ്കാരങ്ങളും  സുഖകരമായ താമസവും സ്വാദിഷ്ടമായ  ഭക്ഷണവും, എല്ലാറ്റിനുമുപരി ജോലിക്കാരുടെ അന്തസ്സുള്ള പെരുമാറ്റവുമൊക്കെ  മറക്കാൻ കഴിയില്ലാ.




 എട്ടുമണിക്കുതന്നെ ബസ്സ് പുറപ്പെട്ടു. (നമ്മുടെ നാട്ടിൽ ഇപ്പോൾ ആറരമണി. ) ആനിയും ഒപ്പമുണ്ട്. അവൾ എല്ലായ്പ്പോഴും  ഞങ്ങളെ സംബോധനചെയ്തിരുന്നത്   പപ്പാ-മമ്മിമാർ എന്നായിരുന്നു. അവൾക്കു സ്വന്തം മാതാപിതാക്കളോട് വലിയ സ്നേഹവും ആദരവും ഉണ്ടെന്നും അവരെപ്പോലെതന്നെ ഞങ്ങളെയും സ്നേഹിക്കുന്നു എന്നുമൊക്കെ ആദ്യംതന്നെ  പറഞ്ഞിരുന്നു. രണ്ടുദിവസം മാത്രമേ ഞങ്ങളോടൊപ്പം അവൾക്കു ചെലവഴിക്കാൻ കിട്ടുകയുള്ളല്ലോ എന്നുപറഞ്ഞ് ഇപ്പോഴും സങ്കടപ്പെടുകയും ചെയ്തു. ഇനി പിരിയാനുള്ള സമയമെടുത്തു.  ഞങ്ങളുടെ കൈവശം മിച്ചമുണ്ടായിരുന്ന തായ്ബാത്തും പത്തുഡോളറും അവൾക്കുനല്കി.  അവൾക്കു വലിയ സന്തോഷമായി. അടുത്തദിവസം മാതാപിതാക്കളെ  പുറത്തുകൊണ്ടുപോയി ഭക്ഷണം വാങ്ങിക്കൊടുത്തു എന്നും അവർക്കു വളരെ സന്തോഷമായി എന്നും   അവൾ എനിക്ക് മെസ്സേജ് അയച്ചിരുന്നു.


ബസ്സിൽവെച്ച് ആനി എല്ലാവരോടും ഹോട്ടൽമുറികളിൽനിന്നു എല്ലാം എടുത്തോ എന്നൊക്കെ ചോദിച്ചിരുന്നു. എന്തെങ്കിലും മറന്നാൽ തിരികെവന്നെടുക്കുക എന്നൊക്കെപ്പറഞ്ഞാൽ ബുദ്ധിമുട്ടാകും. പെട്ടന്നവൾ ചോദിച്ചു


 "ആരെങ്കിലും മുറിയിൽ അണ്ടർവെയർ മറന്നിട്ടുണ്ടോ?"


ആദ്യത്തെ അമ്പരപ്പ് വേഗംതന്നെ പൊട്ടിച്ചിരിയിലേക്കു വഴിമാറി. അവൾ അല്പം ഗൗരവത്തോടെ തുടർന്നു.


"മുമ്പ് ഒരാൾ അണ്ടർവെയർ മുറിയിൽ മറന്നുവെച്ച അനുഭവം ഉള്ളതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത്. ആരും മറന്നുവെച്ചിട്ടില്ലല്ലോ?"


ആ 'അനുഭവം' എന്താണെന്നറിയാനുള്ള ജിജ്ഞാസയായി എല്ലാവർക്കും.


അവൾ ആ കഥ പറഞ്ഞു. 


ഏതാനും വർഷങ്ങൾക്കുമുമ്പ് അവൾ ഒപ്പം പോയ യാത്രാസംഘത്തിന്റെ മടക്കയാത്രയായിരുന്നു അന്ന്. ഹോട്ടൽ വെക്കേറ്റ് ചെയ്തു ബസ്സിൽക്കയറി കുറേദൂരം പിന്നിട്ടപ്പോഴാണ് ഒരാളുടെ നിലവിളി. 


"ബസ്സ് തിരികെപ്പോകൂ, ഞാൻ മുറിയിൽ  നിന്ന് ഒരണ്ടർവെയർ എടുക്കാൻ  മറന്നുപോയി." 


തിരികെപ്പോവുക എന്നത് ധാരാളം സമയനഷ്ടം ഉണ്ടാക്കും. അതുകൊണ്ടു ഗൈഡ് പറഞ്ഞു ' വേറൊരെണ്ണം വാങ്ങിയാൽ മതിയല്ലോ' എന്ന്. അതുപറ്റില്ലെന്നായി സഞ്ചാരി. എങ്കിൽ ഹോട്ടലിൽ വിളിച്ചുപറഞ്ഞു അതെടുപ്പിക്കാം എന്ന് ഗൈഡ് . 


എവിടെയാണ് അണ്ടർവെയർ വെച്ചിരിക്കുന്നെന്നായി ഗൈഡിന്റെ അന്വേഷണം. 


"ലോക്കറിൽ " 


സഞ്ചാരി മറുപടി പറഞ്ഞു. 


"നിങ്ങളെന്തിനാണ് ലോക്കറിൽ അണ്ടർവെയർ വെച്ചത്?"


"അതിൽപൊതിഞ്ഞാണ്‌ ഞാൻ പണം വെച്ചിരിക്കുന്നത്"


സഞ്ചാരിയുടെ നിഷ്കളങ്കമായ മറുപടി. 


എന്തായാലും ഞങ്ങളുടെ സഹയാത്രികരാരും അത്രയും  നിഷ്കളങ്കരല്ലായിരുന്നു. അതിനാൽ ആരും അണ്ടർവെയർ ലോക്കറിൽ വെച്ച് മറന്നതുമില്ല.  





ബസ്സ് മനോഹരമായ നിരത്തിലൂടെ ഓടിക്കൊണ്ടിരുന്നു. ഇരുവശവും തായ്‌ലണ്ടിന്റെ ഗ്രാമങ്ങളുടെയും പട്ടണങ്ങളുടേയുമൊക്കെ കാഴ്ചകൾ പിന്നിലേക്കൊടിമറയുന്നു. രണ്ടുമണിക്കൂർ യാത്രയുണ്ട്. ഇടയ്ക്കു ചില ബാങ്കോക്ക് കാഴ്ചകളും കണ്ടതിനുശേഷമേ എയർപോർട്ടിലേക്കു പോകൂ. ബസ്സ് കടന്നുപോകുന്ന  പല സ്ഥലങ്ങളും കാണുമ്പോൾ നമ്മുടെ നാടല്ലേ എന്നുതോന്നിപ്പോകും. വൃക്ഷലതാദികളൊക്കെ നമ്മുടെ നാട്ടിലേതുപോലെതന്നെ. ഇലപോലും കാണാൻ കഴിയാതെ പൂത്തുനിൽക്കുന്ന മാവുകൾ എവിടയുമുണ്ട്. നിറയെ കായ്കളുമായിനിൽക്കുന്ന മുരിങ്ങകൾ മറ്റൊരു വിസ്മയക്കാഴ്ച. ഇത്രയും മുരിങ്ങകളുണ്ടെങ്കിലും  ഇവിടെനിന്നു  കഴിച്ച  ഭക്ഷണത്തിൽ മുരിങ്ങക്കായ കണ്ടതേയില്ല. പലയിടത്തും ധാരാളമായി മരച്ചീനിത്തോട്ടങ്ങൾ കണ്ടിരുന്നു. വിളവെടുപ്പുകഴിഞ്ഞ  കപ്പക്കാലായിൽ കപ്പത്തണ്ടുകൾ കൂട്ടി ഗോപുരാകൃതിയിൽ വെച്ചിരിക്കുന്നതും കണ്ടു. ഭക്ഷണത്തിനായി ചെറിയതോതിൽമാത്രമേ കപ്പ ഇവിടെ ഉപയോഗിക്കുന്നുള്ളൂ. ചെറുതായി അരിഞ്ഞുണക്കിയെടുത്ത കപ്പ, കാലിത്തീറ്റയായി     യൂറോപ്പിലേക്കും ചൈന, ദക്ഷിണകൊറിയ എന്നിവിടങ്ങളിലേക്കുമൊക്കെ വൻതോതിൽ കയറ്റുമതി ചെയ്യുന്നു. വ്യവസായികാവശ്യത്തിനായി സ്റ്റാർച്ച് നിർമ്മാണത്തിനും ബയോഗ്യാസ് ഉല്പാദിപ്പിക്കുന്നതിനുമൊക്കെ ഇന്നാട്ടിൽ കപ്പ ഉപയോഗിക്കുന്നുണ്ട്.     


നിരത്തുകളിൽ പലതരത്തിലെ  വാഹനങ്ങൾ കാണാം. അതിൽ വിചിത്രരൂപമെന്നു തോന്നുന്ന  ടുക്ക് ടുക്ക് എന്നൊരു വാഹനം കുറഞ്ഞ നിരക്കിൽ ഗതാഗതത്തിനുപയോഗിക്കാം. ഓട്ടോറിക്ഷകളും സൈക്കിൾ റിക്ഷകളും കാറുകളും മിനി വാനുകളുമൊക്കെയുണ്ട് . പാതകളൊക്കെ അതിമനോഹരമാണ്. ആധുനിക ലോകത്തെ ഒരു പ്രധാന വികസ്വര രാജ്യമാണ് തായ്ലൻഡ്. വികസനം വളരെവേഗം നടക്കുന്നൊരു രാജ്യം. ആളോഹരിവരുമാനം നമ്മുടെ രാജ്യവുമായി താരതമ്യം ചെയ്താൽ വളരെ ഉയർന്നാണു നിൽക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങളുടെ ജീവിതനിലവാരവും മെച്ചപ്പെട്ടിരിക്കുന്നു.  മികച്ച  വിദ്യാഭ്യാസവും മതങ്ങൾ നൽകുന്ന താത്വതികമായ അവബോധവുമൊക്കെ ഇവിടുത്തെ ജനങ്ങളെ അച്ചടക്കമുള്ളവരും നിയമപാലനത്തിൽ ബദ്ധശ്രദ്ധരുമാക്കിയിരിക്കുന്നു. ജനസംഖ്യ വളരെക്കുറവായതും ഒരു കാരണംതന്നെ. ജനസംഖ്യയിൽ ബുദ്ധമതക്കാരാണ് മുന്നിൽ. ഹിന്ദുമതവും ഇവിടെ പ്രാബല്യത്തിലുണ്ട്. രാജവാഴ്ച നിലനില്ക്കുന്ന ഭരണഘടനാധിഷ്ഠിത രാഷ്ട്രമാണ് തായ്ലൻഡ്. രാഷ്ട്രത്തലവനായ രാജാവിന് ഒരുപദേശകന്റെ സ്ഥാനമേയുള്ളു. ഇൻഡോ- ചൈനീസ് വംശജരായ  തായ് ജനതയാണ് പ്രധാന ഗോത്രവർഗ്ഗം. നെല്ലാണ് ഇവിടുത്തെ പ്രധാനകൃഷിയും പ്രധാനഭക്ഷണവും. 


ബസ്സ് ബാങ്കോക്കിലെത്തിയത് അറിഞ്ഞതേയില്ല. ഇത് വൃത്തിയും വെടിപ്പുമുള്ള,  മനോഹരമായ ഒരു  വലിയ നഗരമാണ്. അംബരചുംബികളായ കെട്ടിടങ്ങൾ മാത്രമല്ല, നയനമനോഹരമായ ബുദ്ധവിഹാരങ്ങളും ക്ഷേത്രങ്ങളുമൊക്കെ ഇവിടെ സന്ദർശകരെ അദ്‌ഭുതപരതന്ത്രരാക്കുന്നു. രണ്ടുദിവസംകൊണ്ടു കണ്ടുതീർക്കാവുന്നതല്ല ഇവിടുത്തെ കാഴ്ചകളൊന്നും. പക്ഷേ ഞങ്ങൾക്കിവിടെ അത്രയുമേ കഴിയുന്നുള്ളു. 


ചെറിയൊരു ഷോപ്പിങ്ങിനുശേഷം വിമാനത്താവളത്തിലേക്കു പോയി. പതിനൊന്നുമണി കഴിഞ്ഞപ്പോൾ അവിടെയെത്തി.  ഉച്ചഭക്ഷണം പായ്ക്ക് ചെയ്തുതന്നിരുന്നു. 1 . 30 നാണു ബോർഡിങ്. അതിനുമുമ്പ് കഴിച്ചാൽ മതി. ലാവോസിൽ  വിസ ഓൺ  അറൈവൽ ആണ്.  ചെക്ക് ഇൻ   ചെയ്യുമ്പോൾ  പാസ്പോർട്ട് കാണിച്ചാൽ മതിയാകും ബോർഡിങ് പാസ് കിട്ടാൻ. അതുവരെയും ആനി അല്പമകലെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവസാനമായി ഒരിക്കൽക്കൂടി കൈവീശിക്കാണിച്ച് ഞങ്ങൾ മുമ്പോട്ടുനടന്നു.  സെക്യൂരിറ്റി ചെക്ക്, ഇമ്മിഗ്രേഷൻ, കസ്റ്റംസ് ചെക്കിങ് മുതലായ പതിവുകാര്യങ്ങളൊക്കെക്കഴിഞ്ഞു ഭക്ഷണം കഴിച്ചു. കൃത്യസമയത്തുതന്നെ വിമാനം തായ്മണ്ണിൽനിന്ന് ഉയർന്നുപൊങ്ങി. നാട്ടിലേക്കു മടങ്ങുന്നതിനായി വീണ്ടും ബാങ്കോക്കിലേക്കു വരണം. 


2025 ഫെബ്രുവരിമാസത്തിലായിരുന്നു ഞങ്ങളുടെ ഈ യാത്ര. യാത്രകഴിഞ്ഞുവന്നശേഷവും ആനിയുമായി ഇടയ്ക്കൊക്കെ ആശയവിനിമയം നടത്തിയിരുന്നു. മാർച്ച് 28 നു മ്യാന്മറിലും ബാങ്കോക്കിലുമുണ്ടായ ശക്തമായ ഭൂകമ്പത്തെക്കുറിച്ചുള്ള വാർത്തകളും വിഡിയോയുമൊക്കെ ടി വി യിൽ കണ്ടപ്പോൾ ഞാനുടനെ ആനിയെ വിളിച്ചു. അവൾ ഫോണെടുക്കാതിരുന്നതുകൊണ്ടു വാട്സ് ആപ്പിൽ മെസേജിട്ടു ചോദിച്ചു അവൾ എങ്ങനെയിരിക്കുന്നു എന്ന്. ഭാഗ്യവശാൽ സുഖമായിരിക്കുന്നു എന്നു മറുപടി വന്നു. അവളുടെ വീടിന് കാര്യമായ കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല. ചെറിയൊരു വിള്ളൽ ഭിത്തിയിലുണ്ട്. അത് അപകടകാരമൊന്നുമല്ല എന്നവൾ മറുപടിയുമിട്ടു. വളരെ ആശ്വാസംതോന്നി. 


കുറച്ചുസമയം കഴിഞ്ഞപ്പോൾ താഴെ വലിയ മലകളും   മലയിടുക്കുകളും നദികളുമൊക്കെ കാണാൻ കഴിഞ്ഞു.  കാഴ്ചകൾ കണ്ടിരിക്കെ വിമാനം ലാവോസിലെ ലുവാങ് പ്രബാങ് എയർപോർട്ടിലേക്ക് താണുപറന്നു. ആരവങ്ങളും കോലാഹലങ്ങളുമൊന്നുമില്ലാത്ത ഒരു ചെറിയ എയർപോർട്ടാണിത്. ഇമിഗ്രേഷന് കുറെ ചടങ്ങുകളൊക്കെയുണ്ടായിരുന്നു. വിസയ്ക്കായി  ഫോട്ടോ, പാസ്പോർട്ട് ഇവയ്ക്കൊപ്പം  ഒരു ഫോം പൂരിപ്പിച്ചുകൊടുക്കണം. ആ ഫോം ഫ്ലൈറ്റിൽ വെച്ച് എല്ലാവർക്കും കിട്ടിയിരുന്നു. അതു പൂരിപ്പിച്ചു വെക്കുകയും ചെയ്തു. അതുനഷ്ടമായാൽ എയർപോർട്ടിലെ കൗണ്ടറിൽനിന്ന് വേറെ ലഭക്കും. 


വളരെ പതിയെയാണ് കാര്യങ്ങൾ നടക്കുന്നത്.  ഗ്രൂപ്പിലുള്ള എല്ലാവരുടെയും വിസ കിട്ടിവരുമ്പോഴേക്കും കുറച്ചധികം സമയമാകും. ഇമ്മിഗ്രേഷൻ കഴിഞ്ഞു ബാഗേജ് കളക്ട് ചെയ്തിട്ടുവേണം പുറത്തുകടക്കാൻ. കറൻസി മാറ്റിയെടുക്കാനും ഇവിടെ സൗകര്യമുണ്ട്. കിപ് എന്നാണ് ഇവിടുത്തെ കറൻസിയുടെ പേര്. നമ്മുടെ ഒരു രൂപ ഇവിടുത്തെ 250 കിപ്പിനു തുല്യമാണ്. 20 ഡോളർ മാറ്റിയെടുത്തപ്പോൾ നാലരലക്ഷത്തിനടുത്തു കിപ്പ് കിട്ടി. പെട്ടെന്നു ലക്ഷപ്രഭുവകാൻ ഇങ്ങോട്ടുവന്നാൽമതിയല്ലേ!




No comments:

Post a Comment