Sunday, January 18, 2026

കിഴക്കനേഷ്യൻ മരതകമണികൾ - 9

9.ലുവാങ് പ്രബാങ് എന്ന പൈതൃകനഗരത്തിൽ 


=======================================


ലാവോസ്, ഒട്ടും കടൽത്തീരമില്ലാത്ത,  കരകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യമാണ്. കടല്‍ത്തീരമില്ലെങ്കിലും    മലകളും  കാടുകളും  മരങ്ങളും പുഴകളുമെല്ലാം   ധാരാളമുള്ള നാടാണിത്. പ്രധാന നദിയായ മീകോങ് നദിയിലും കൈവഴികളിലുമായി ധാരാളം ദ്വീപുകളുമുണ്ട്.  തായ്‌ലാൻഡും മ്യാന്മറും ചൈനയും  വിയറ്റ്നാമും കമ്പോഡിയയുമാണ് അതിർത്തികൾ പങ്കിടുന്ന രാജ്യങ്ങൾ. ഇതൊരു കമ്മ്യൂണിസ്റ് രാജ്യമാണ്. ലാവോ പീപിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് എന്നാണ് ലാവോസിന്റെ ഔദ്യോഗികമായ പേര്. കമ്മ്യുണിസ്റ്റ് ഭരണകൂടം നിലനിൽക്കുന്നതിനാലാവാം ചുവപ്പുബാൻഡുകൾക്കിടയിലെ നീലബാൻഡിന്റെ  മദ്ധ്യത്തിൽ  വെളുത്ത വൃത്തം പതിച്ച ദേശീയപതാകയോടൊപ്പം   അരിവാൾ ചുറ്റിക പതിച്ച ചുവപ്പുപതാകകൾ പലയിടത്തും കാണാൻ കഴിയുന്നത്. ബുദ്ധമതമാണ് രാജ്യത്തിൻറെ ഔദ്യോഗികമതം. ഇവർ  65  ശതമാനത്തിലധികം വരും.  അരിയാണ് പ്രധാനഭക്ഷണം. 




വിസ സംബന്ധിയായ  ഔദ്യോഗികകാര്യങ്ങളൊക്കെ കഴിഞ്ഞപ്പോൾ ഞങ്ങൾ പുറത്തിറങ്ങി. ഇത്   ലുവാങ് പ്രബാങ് എന്ന പൈതൃകനഗരമാണ്. 1975-ൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിൽ എത്തുന്നതുവരെ ലാവോസ് സാമ്രാജ്യത്തിന്റെ രാജകീയ ആസ്ഥാനവും ഭരണ സിരാകേന്ദ്രവുമായിരുന്നു ലുവാങ് പ്രബാങ്. ചിയാങ് തോങ്(Chiang Thong) എന്ന പഴയപേരിലും ലുവാങ് പ്രബാങ് അറിയപ്പെടാറുണ്ട്. വിമാനത്താവളം കണ്ടാൽ നമ്മുടെ നാട്ടിലെ ഒരു  ബസ്സ്റ്റാൻഡ് പോലെയേ  തോന്നുകയുള്ളൂ   . ടൂർ മാനേജർ നേരത്തെതന്നെ  പറഞ്ഞിരുന്നു, തീരെ വികസനമില്ലാത്ത രാജ്യമാണ്. ഹോട്ടലിലും റെസ്റ്ററന്റിലും ഒക്കെ  മറ്റുസ്ഥലങ്ങളിലേതുപോലുള്ള സൗകര്യങ്ങളൊന്നും ഇവിടെ പ്രതീക്ഷിക്കരുത് എന്ന്. ഞങ്ങൾക്കുപോകാനുള്ള വാഹനം പോലും പത്തുപേർക്ക് മാത്രം  പോകാനുള്ള വലുപ്പമുള്ളതാണ്. നാലെണ്ണം ഉണ്ടായിരുന്നു. ഇവിടുത്തെ യാത്രകൾ ഇനി ഈ ചെറുവാഹനങ്ങളിലായിരിക്കും. വലിയ ബസ്സ് പോകാനുള്ള സൗകര്യം ഇവിടുത്തെ റോഡുകൾക്കില്ലത്രേ!  




ലാവോസിലെ  ഗൈഡ്, ഹോട്ടലിലേക്ക് പോകാനായി ഞങ്ങളെ   വാഹനങ്ങളിൽ കയറ്റി. ലഗ്ഗേജ് എല്ലാം  മറ്റൊരു ടുക്ക് ടുക്കിൽ ഒന്നിച്ചു കൊണ്ടുപോവുകയായിരുന്നു.  അന്തിവെയിൽ ചാഞ്ഞുതുടങ്ങിയിരുന്നു.  അരനൂറ്റാണ്ടുമുമ്പ് നമ്മുടെ നാട്ടിലെ ഏതോ ഒരു ഗ്രാമത്തിലൂടെ പോകുന്നതുപോലെയുണ്ട്. ചെറിയ പെട്ടിക്കടകളും പൊടിപറത്തുന്ന പൊട്ടിപ്പൊളിഞ്ഞ റോഡും പുല്ലും ഓടും മേഞ്ഞ   കൊച്ചുകൊച്ചു വീടുകളും തൊടികളും ഒക്കയാണ് കാഴ്ച്ചയിൽ വന്നുകൊണ്ടിരിക്കുന്നത്. രണ്ടുനിലയിൽക്കൂടുതലുള്ള കെട്ടിടങ്ങളൊന്നുമില്ല. ഇവിടെയും കണിക്കൊന്നയും   മാവുമൊക്കെ ഇലകൾപോലും കാണാൻ കഴിയാതെ  നിറയെ പൂക്കളുമായി എല്ലായിടത്തും  ഐശ്വര്യത്തോടെ നിൽക്കുന്നു. തൈമാവുകൾപോലും പൂക്കാലം ശിരസ്സിലേന്തിനിൽക്കുന്ന കാഴ്ച!




ഹോട്ടലിന്റെ മുന്നിലെത്തിയപ്പോൾ,  നീണ്ടുപോകുന്ന പാതയുടെ അങ്ങേയറ്റത്തതായി ഇരുളിന്നഗാധതയിലേക്കു മുങ്ങിത്താഴാനായി ചുവപ്പിൽക്കുളിച്ചുനിൽക്കുന്ന അസ്തമയസൂര്യൻ. ഹോട്ടലിൽ റൂം അലോട്ട്മെന്റ് ആകുമ്പോഴേക്കും അസ്തമയം കാണാനായി കുറച്ചുദൂരം റോഡിലൂടെ നടന്നു. പക്ഷേ വാഹനങ്ങളുടെ ബാഹുല്യവും റോഡിന്റെ പരിതാപാവസ്ഥയും കാരണം പുകപോലെ  പൊടി പറന്നുയരുന്നു. ആരോഗ്യത്തിന് അത് ദോഷംചെയ്യുമെന്നതുകൊണ്ടു തിരികെനടന്നു താക്കോൽ വാങ്ങി മുറിയിലേക്ക് പോയി.   വളരെ വിശാലമായൊരു വളപ്പിലാണ് ഈ ഹോട്ടൽ വളരെ പഴക്കംതൊന്നുന്ന, ഒന്നും രണ്ടും നിലകളുള്ള ധാരാളം കെട്ടിടങ്ങൾ, വിശാലമായ ഭക്ഷണശാല,  നീന്തൽക്കുളം, ഉദ്യാനങ്ങൾ ഒക്കെയുണ്ട്. ഞങ്ങളുടെ മുറി താഴത്തെ നിലയിലായിരുന്നു. പഴമയുടെ വിരൽസ്പർശമുണ്ടെങ്കിലും മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മുറിതുറക്കുന്നത് സിററ്ഔട്ടിലേക്കാണ്. അതുകഴിഞ്ഞാൽ പൂത്തുനിൽക്കുന്ന ധാരാളം ടോർച് ജിഞ്ചർ ചെടികൾ. അതിനപ്പുറം റോഡാണ് . ആദ്യം കരുതിയത് ഏലച്ചെടികൾ വളർന്നുനിൽക്കുന്നെന്നാണ്. പിന്നീടാണ് താമരപ്പൂവിനോട് സാദൃശ്യമുള്ള പൂക്കൾ ശ്രദ്ധയിൽപെട്ടത്.  എല്ലാ  സൗകര്യങ്ങളുമുള്ള മനോഹരമായ മുറിയാണ്. പക്ഷേ  ടോയ്ലറ്റ്, ബാത്രൂം വാതിലുകൾ തടികൊണ്ടുള്ളതാണ്. അത് അടയ്ക്കാൻ കഴിയുന്നില്ലായിരുന്നു. തടികൾക്കു കാലാവസ്ഥാനുസൃതമായുണ്ടാകുന്ന വികാസസങ്കോചങ്ങൾ ഇങ്ങനെ ചില അസൗകര്യങ്ങൾ ഉണ്ടാക്കും. കർട്ടനിട്ടിരുന്നതുകൊണ്ടു ആ പ്രശ്നം ചെറിയതോതിൽ പരിഹരിച്ചു. 




മുറിയിലെത്തി അല്പനേരത്തെ വിശ്രമത്തിനുശേഷം ഞങ്ങൾ റോഡിലൂടെ കുറച്ചുദൂരം നടന്നു. മുറ്റത്തു പൂച്ചെടികളും കുലമറിഞ്ഞുപൂത്തുനിൽക്കുന്ന മാവുകളും പഴുത്ത  ചെറിയ  ഓറഞ്ചുകൾ നിറയെയുള്ള ഓറഞ്ചുചെടികളും ചേർന്ന്   അലങ്കാരംതീർക്കുന്ന  ചെറിയ വീടുകളും  തൊടികളുമൊക്കെയാണ് ഇരുവശത്തും ചെറിയ കടകളുമുണ്ട്. മുറിയിൽ രണ്ടു ചെറിയകുപ്പി വെള്ളമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടു ഒരു കുപ്പി വെള്ളം അടുത്തുകണ്ട കടയിൽനിന്ന് വാങ്ങി. വില,  പതിനായിരം കിപ്. ഏകദേശം നമ്മുടെ  നാൽപതു രൂപ. നല്ല  തണുപ്പുണ്ടായിരുന്നതിനാൽ  അല്പനേരംകൂടി നടന്നശേഷം തിരികെഹോട്ടലിലേക്കുപോയി. കുളികഴിഞ്ഞു പുറത്തിറങ്ങി. അങ്കണത്തിൽ അവിടവിടെയായി ചില പവലിയനുകളും   ഇരിപ്പിടങ്ങളുമൊക്കെയുണ്ട്. സഹയാത്രികർ പലരും അവിടെയിരിക്കുന്നുണ്ടായിരുന്നു. ഞങ്ങളും അവരോടൊപ്പംകൂടി. അത്താഴം കഴിക്കാൻ കുറച്ചുദൂരെയുള്ള റെസ്റ്ററന്റിലേക്കു  പോകണം. 


സമയം  ഏഴരയായപ്പോൾ  ഞങ്ങളെക്കൊണ്ടുപോകാനുള്ള വാഹനങ്ങൾ എത്തി. റെസ്റ്ററന്റിൽ  ഇന്ത്യക്കാർ ജോലിക്കാരായുണ്ടെങ്കിലും ഇത് നടത്തുന്നത് ഒരു ശ്രീലങ്കക്കാരനാണ്. അദ്ദേഹത്തിന്റെ ഭാര്യ ഈ രാജ്യക്കാരിയാണ്. അവരുടെ കുട്ടികളുമുണ്ട്. വളരെ സൗഹൃദപരമായ പെരുമാറ്റം. വിഭവങ്ങളൊക്കെ നമ്മുടേതുതന്നെ. ചോറും വിവിധതരം കറികളും കൂടാതെ ദോശ, ഇഡലി,  ചപ്പാത്തി എന്നിവയുമുണ്ടായിരുന്നു. നാടൻശൈലിയിൽ തയ്യാറാക്കിയ,  കറിയും വറുത്തതുമായ കോഴിയും മത്സ്യവും കൂടാതെ ഗുലാബ്ജാമുനും പിന്നെ അവരുടെ തോട്ടത്തിൽനിന്നുകൊണ്ടുവന്ന വിവിധതരം പഴങ്ങളും. പക്ഷേ ഭക്ഷണശാലയും പരിസരവുമൊന്നും അത്ര തൃപ്തികരമായി തോന്നിയില്ല. വൃത്തി വളരെ കുറവും. 


ഭക്ഷണശേഷം അധികം ദൂരെയല്ലാത്ത  ഒരു നിശാവിപണിയിലേക്കാണ് ഞങ്ങൾ പോയത്. ഒരു തെരുവുമുഴുവൻ കച്ചവടകേന്ദ്രമായി മാറിയിരിക്കുന്ന കാഴ്ചയാണ് അവിടെ കാണാൻ കഴിയുന്നത്. ഇത് വൈകുന്നേരം അഞ്ചുമണിമുതൽ രാത്രി പതിനൊന്നുമണിവരെ മാത്രം പ്രവർത്തിക്കുന്നൊരു ചന്തയാണ്. ആ സമയത്ത് വാഹനഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കും. വളരെ അപൂർവ്വമായി പൊലീസ് വാഹനങ്ങൾ കാണാൻ കഴിയും.  1996 മുതൽ ഈ ചന്ത ഇവിടെ പ്രവർത്തിക്കുന്നു. ഇവിടുത്തെ ജനത കരകൗശലപ്രവൃത്തികളിൽ അഗ്രഗണ്യരാണ്. തുണിനെയ്ത്ത്, മുളകൊണ്ടുള്ള പലതരം വസ്തുക്കൾ, കുട്ടനിർമ്മാണം, സഞ്ചികളുണ്ടാക്കൽ, പായനെയ്ത്ത്, കല്ലിലും തടിയിലും ലോഹങ്ങളിലുമുള്ള ശില്പനിർമ്മാണം സ്വർണ്ണത്തിലും വെള്ളിയിലുമൊക്കെയുള്ള ആഭരണങ്ങൾ ഇങ്ങനെപോകുന്നു അവരുടെ കർമ്മമേഘലകൾ.  പകൽസമയത്ത് അവരുണ്ടക്കുന്ന വസ്തുക്കൾ ഇത്തരം വിപണികളിൽ എത്തിച്ച് അവർ കച്ചവടം ചെയ്യുന്നു. സ്ത്രീകളാണ് ഈ കച്ചവടക്കാരിൽ അധികവും. 




ടൂറിസം ഓഫീസിനടുത്തുനിന്നാരംഭിച്ചു റോയൽപലസ്‌ മ്യൂസിയം വരെയുള്ള ഏകദേശം ഒരുകിലോമീറ്റർ ദൂരം    വീഥിക്കിരുവശവും നിരനിരയായി ഒരുക്കിയിരിക്കുന്ന താൽക്കാലിക സ്റ്റാളുകളിൽ കിട്ടാത്ത വസ്തുക്കളൊന്നുമില്ല. ചിത്രങ്ങളും കരിക്കേച്ചറും വരയ്ക്കുന്ന കലാകാരന്മാരും ധാരാളമുണ്ട്. ഒരു ത്രുശൂർപൂരത്തിനുള്ളതുപോലെ ജനം തെരുവിലൂടെ  ഒഴുകി നീങ്ങുന്നു. അവരൊക്കെ വിദേശികളാണ്. കച്ചവടക്കാർ മാത്രമാണ് അന്നാട്ടുകാർ. ഈ ചെറിയ പട്ടണത്തിൽ  ഇത്രയും ജനം എവിടിരുന്നു എന്നതിശയിച്ചുപോയി. വലിയ ഹോട്ടലുകൾപോലും എവിടെയും കാണാൻ കഴിഞ്ഞില്ല. എന്നിട്ടും ഇത്രയധികം  വിനോദസഞ്ചാരികളെ ഉൾക്കൊള്ളാൻ ഈ പട്ടണത്തിനു കഴിഞ്ഞുവെന്നത് അവിശ്വനീയമായിത്തോന്നി. ഇത്രയും ജനം  ഉണ്ടെങ്കിലും ആ നിരത്തുകളൊക്കെ വളരെ വൃത്തിയായണ് സൂക്ഷിക്കുന്നത്. രാവിലെയാകുമ്പോൾ പഴയപടി വാഹനഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്യും. നമ്മുടെ നാട്ടിൽ ഇങ്ങനെയൊക്കെ സങ്കല്പിക്കാനാവുമോ!


ഈ തെരുവിനു സമാന്തരമായിപ്പോകുന്ന മറ്റൊരുവീഥി ഭക്ഷത്തിനായി മാറ്റിയിരിക്കുന്നതാണ്. ഇരുവശവും സസ്യ-സസ്യേതരമായ വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്ന സ്റ്റാളുകൾ കാണാം. മുമ്പിലും കുറച്ചുമാറിയുള്ള ചെറുവേദികളിലുമൊക്കെ കസേരകൾ നിരത്തിയിട്ടുണ്ടാവും.  ഭക്ഷണം വാങ്ങി എവിടെയുമിരുന്നു കഴിക്കാം. കാലിയായ കസേരകൾ അധികമൊന്നും കാണാൻ കഴിഞ്ഞില്ല. ഞങ്ങൾ ഭക്ഷണം കഴിച്ചതുകൊണ്ടു ഇതൊന്നും കഴിക്കാനുമാവില്ല. പൊരിച്ചുവച്ചിരിക്കുന്ന നീരാളിയുടെ കാലുകളാണ് ഏറ്റവുംകൂടുതൽ പ്രദർശിപ്പിച്ചിരിക്കുന്നത്‌. നമ്മുടെ പാലപ്പംപോലെ എന്തോ ഒരു സാധനവും വാഴയിലയിൽ വെച്ചിരിക്കുന്നതുകണ്ടു. കണ്ടു. ഖാനോം ക്രോക് എന്നാണത്രെ അതിന്റെ പേര്. നേർത്ത അരിപ്പൊടിയിൽ തേങ്ങാപ്പാലും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന അപ്പമാണത്. പശപശപ്പുള്ള ചോറുകൊണ്ട് ഉണ്ണിയപ്പക്കാരയിൽ ഉണ്ടാക്കിയിരിക്കുന്ന ഒരു വിഭവം കണ്ടപ്പോൾ ആദ്യം കരുതിയത് പണിയാരം ആണെന്നാണ്.  ലാവോസ് കൂടാതെ അയൽരാജ്യങ്ങളായ തായ്‌ലണ്ടിന്റേയും വിയറ്റ്നാമിന്റെയും കമ്പോഡിയയുടെയും ചൈനയുടേയുമൊക്കെ പരമ്പരാഗതവിഭവങ്ങൾ നമുക്കീ ഭക്ഷണത്തെരുവിൽ കാണാനാവും. ഫ്രഞ്ച് കോളനിയായിരുന്നതുകൊണ്ടു ഭക്ഷണത്തിൽ ഫ്രഞ്ച് സ്വാധീനവും പ്രകടമാണ്. ഇത്തരത്തിലെ ഒരു നൈറ്റ് സ്ട്രീറ്റും  ഫുഡ്സ്ട്രീറ്റും നമ്മുടെ നാട്ടിൽ കണ്ടിട്ടേയില്ല. 


നേർവീഥിയും ഉപവീഥികളുമായി നീണ്ടുപരന്നുകിടക്കുന്ന ഈ നിശാചന്തയിൽ കുറേനേരം ചുറ്റിനടന്ന്, ചെറിയ ചില ഷോപ്പിങ്ങും നടത്തി ഞങ്ങൾ എത്തണമെന്ന് പറഞ്ഞിരുന്ന  സമയത്തുതന്നെ വാഹനം പാർക്ക് ചെയ്തിരുന്ന പാതവക്കിലെത്തി. പത്തുമണിയാകുന്നു. ഇനി  ഹോട്ടലിലേക്ക്. ഇന്ന് നേരത്തെ കിടന്നുറങ്ങണം. നാളെ രാവിലെ അഞ്ചുമണിക്ക് പുറപ്പെടേണ്ടതുണ്ട്. അദ്‌ഭുതങ്ങൾ കാത്തിരിക്കുന്നു. 




No comments:

Post a Comment