Monday, January 5, 2026

പക്ഷി (കൂട്ടക്ഷരങ്ങൾ)

 


പക്ഷി 

.


ഒരു കുഞ്ഞു പാട്ടിനാലീപ്രപഞ്ചത്തിനെ

നീയുണർത്തുന്നു നിത്യം പുലർകാലേ

ഗഗനനീലിമതന്റെ ഗഹനമാം ശൂന്യതയിൽ 

സുന്ദരചിത്രം ചമയ്ക്കുന്നു ചിറകിനാൽ.

മരശാഖിയിൽ മേവും ഒരുകൊച്ചുകൂട്ടിൽനി-

ന്നറിവിന്റെയമൃതകണങ്ങൾ നീ നുണയുന്നു.

അറിയുന്നു ഭൂമിയെ, അറിയുന്നു വാനിനെ, 

അറിയുന്നു പാരിതിൻ ഗുപ്തവിത്തങ്ങളെ.

സ്നേഹമാമഗ്നിതന്നൂർജ്‌ജം  പകർന്നു  നീ 

ആത്മധൈര്യത്തിന്റെ ആഴങ്ങളറിയുന്നു. 

ഒടുവിൽ നിൻ തൂവൽപൂഞ്ചിറകിൻ  കരുത്തിനാൽ

സ്വച്ഛന്ദജീവിതയാനം  തുടങ്ങുന്നു 

ഉയരങ്ങൾതേടി നീ പാറിപ്പറക്കവേ 

എന്റെ കിനാക്കൾക്കും  ചിറകുമുളയ്ക്കുന്നു 

മനസ്സെന്ന നഭസ്സിന്റെയനന്തത  തേടിയെൻ

കനവിന്റെ  പക്ഷികൾ ചിറകടിച്ചുയരുന്നു. 








No comments:

Post a Comment