പീഡിപ്പിക്കപ്പെടുന്ന വാക്കുകൾ
---------------------------------------------
നമ്മുടെ ഭാഷയിൽ പലവാക്കുകളും അവയുടെ സ്വത്വം നഷ്ടപ്പെട്ട അവസ്ഥയിലാണ്. ജീവനുണ്ടായിരുന്നെങ്കിൽ അവയ്ക്കൊന്നു പൊട്ടിക്കരഞ്ഞെങ്കിലും ആശ്വസിക്കാമായിരുന്നു. അർത്ഥശോഷണം സംഭവിച്ചവയും അർത്ഥസമ്പുഷ്‌ടീകരണം നടന്നവയും അക്കൂട്ടത്തിലുണ്ട്. പറഞ്ഞിട്ടെന്താണ്! വാക്കുകൾ ആകെപ്പാടെ ബന്ധനസ്ഥരായിരിക്കുന്നു.
ഒരുകാലത്ത് നമ്മൾ ഇഷ്ടംപോലെ കളിക്കുകയും ഇഷ്ടംപോലെ ഭക്ഷണം കഴിക്കുകയും ഇഷ്ടംപോലെ വസ്ത്രങ്ങൾ ധരിക്കുകയുമൊക്കെ ചെയ്തിരുന്നെങ്കിൽ ഇന്നോ!
"ആന്റീ, ഇന്ന് എന്റെ ക്‌ളാസ്സിലെ ഗൗതമിനു ടീച്ചറിന്റെ കൈയിൽനിന്ന് ഇഷ്ടംപോലെ അടികിട്ടി" അടുത്തവീട്ടിലെ ആമിനക്കുട്ടി കൊഞ്ചിയപ്പോൾ ഞാൻ ഒന്നമ്പരന്നു. അടികിട്ടാനും ഇഷ്ടമുള്ളവർ ഈ ലോകത്തുണ്ടോ!
"സന്ധ്യകഴിഞ്ഞാപ്പിന്നെ വീട്ടിനകത്ത് ഇഷ്ടംപോലെ കൊതുകാ"
ഇത് അമ്മായിയുടെ പരാതിയാണ്. ഇഷ്ടമനുസരിച്ചു വീട്ടിൽ പറന്നുകളിക്കാൻ കൊതുകിനെ വളർത്തുന്ന അമ്മായിയുടെ മഹാമനസ്കതയെ ഒന്നു വാഴ്ത്തിപാടേണ്ടതുതന്നെയല്ലേ!
ഇനിയൊരു പഴയ കഥ.
" ഇന്നലെ നീ കൊടുത്തുവിട്ട ഉണ്ണിയപ്പം എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു."
കൂട്ടുകാരി ഇങ്ങനെ ഫോണിൽപ്പറഞ്ഞപ്പോൾ ഞാൻ ഭയങ്കരമായിട്ടു ഞെട്ടി. അതുവരെ എനിക്ക് ഭയങ്കരം എന്നാൽ ഭയങ്കരം എന്നുതന്നെയായിരുന്നു അർത്ഥം. പിന്നെയെപ്പൊഴോ അത് മറ്റുപലതുമായി മാറിയിരുന്നു.
നല്ലൊരു സിനിമ കണ്ടാൽ, നല്ലൊരു ഗാനമേള കേട്ടാൽ, 'ആഹാ! ഗംഭീരം', 'വളരെ നന്നായിരിക്കുന്നു.' എന്നൊക്കെ പറഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു. പിന്നെ എപ്പോഴോ 'കലക്കൻ' എന്ന പ്രയോഗം ആ സ്ഥാനത്തു കയറിയിരുന്നു. കിടിലം, കിടിലോൽക്കിടിലം എന്നൊക്കെയും പദപ്രയോഗങ്ങൾ വന്നുകൊണ്ടിരുന്നു. അങ്ങനെതന്നെയാണ് 'അടിപൊളി'യുടെ കാര്യവും.ഉത്സവങ്ങൾ, ഓണം അല്ലെങ്കിൽ ക്രിസ്തുമസ്സ് ഒക്കെ അടിച്ചുപൊളിച്ചു എന്നൊക്കെ ആദ്യം കേട്ടപ്പോൾ ഒരാശയക്കുഴപ്പം അനുഭവപ്പെട്ടിരുന്നു. ഇപ്പോൾ അതൊക്കെ മാറി. എങ്കിലും 'തല്ലിപ്പൊളി'ക്ക് അന്നുമിന്നും ഒരേ അർത്ഥം തന്നെ.
ഇക്കഴിഞ്ഞദിവസങ്ങളിൽ അടുത്തുള്ളൊരു സ്‌കൂളിലെ അദ്ധ്യാപകരക്ഷകർതൃസംഘടനയിൽ ഒരു അടിയന്തരയോഗം നടന്നു. ഒരദ്ധ്യാപകൻ എട്ടാംക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചുവത്രേ! അദ്ധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ടായിരുന്നു യോഗം. കൂടുതലന്വേഷിച്ചപ്പോഴറിഞ്ഞത് മേൽപ്പടി വിദ്യാർത്ഥി സഹപാഠിയായ പെൺകുട്ടിയുടെ കൈയ്യിൽപിടിച്ചു തിരിക്കുന്നത് കണ്ടുകൊണ്ടുവന്ന അദ്ധ്യാപകൻ ചൂരൽവടികൊണ്ട് ഒന്നടിച്ചു! ആൺകുട്ടി വീട്ടിൽ പരാതിപ്പെടുകയും പെൺകുട്ടി പരാതിപ്പെടാതിരിക്കുകയും ചെയ്തിരിക്കാം.
എങ്കിലും മർദ്ദനം എന്നാൽ എന്തായിരിക്കാം എന്ന എന്റെ സങ്കൽപ്പത്തിന് ഈ ചൂരൽവടികൊണ്ടുള്ള അടി ഒട്ടുംതന്നെ പൊരുത്തപ്പെടാനാവുന്നില്ല.
മറ്റൊരു സന്ദിഗ്ദ്ധജനകമായ വാക്കാണ് 'തള്ള്'. ഉന്തും തള്ളുമൊക്കെ ജീവിതത്തിന്റെ ഏതു മേഖലയിലും നമുക്ക് ചിരപരിചിതമാണെങ്കിലും ഇന്ന് 'തള്ള്' എന്ന വാക്കിന് പ്രശംസയെന്നോ ആത്മപ്രശംസയെന്നോ ഒക്കെയല്ലേ അർത്ഥം. എങ്ങനെയാണു ഇത്തരത്തിൽ വാക്കുകളുടെ അർത്ഥോദ്ഗമനങ്ങൾ സംഭവിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.
ഇക്കാലത്തെ വാർത്തകൾ കേൾക്കുമ്പോൾ ആകപ്പാടെ ആശയസംഘർഷത്തിലാക്കുന്ന ഒരു വാക്കാണ് പീഡനം. ക്രിസ്തുദേവന്റെ പീഡാനുഭവം എന്നൊക്കെ കുട്ടിക്കാലംമുതൽ കേൾക്കുന്നതാണ്. ശാരീകമായോ അല്ലാതെയോ ഉള്ള ഉപദ്രവങ്ങൾക്കും വേദനിപ്പിക്കൽ, നശിപ്പിക്കൽ, ഉപദ്രവം ഇങ്ങനെയൊക്കെ അർത്ഥമാണ് പീഡനം എന്ന വാക്കിനുള്ളതെന്നാണ് ശബ്ദതാരാവലിയുൾപ്പെടെ സാക്ഷ്യപ്പെടുത്തുന്നത്. പക്ഷേ സ്ത്രീയും പുരുഷനും തമ്മിൽ പ്രണയപൂർവ്വം ലൈംഗികമായി ബന്ധപ്പെടുന്ന പ്രക്രിയയ്ക്ക് പീഡനം എന്ന വാക്ക് എങ്ങനെയാണു യോജിക്കുക എന്ന് മനസ്സിലാകുന്നതേയില്ല. ഇങ്ങനെയൊക്കെ വാക്കുകളുടെ പ്രയോഗങ്ങളെ വികലമാക്കുന്നതിന് ഭാഷാവിദഗ്ദ്ധന്മാർക്കു എന്താണ് പരാതിയില്ലാത്തതെന്നും മനസ്സിലാകുന്നില്ല. ഭാര്യാഭർത്താക്കന്മാർത്തമ്മിലോ കാമുകീകാമുകന്മാർത്തമ്മിലോ അതുമല്ല, ഏതെങ്കിലുമൊരു സ്ത്രീയും പുരുഷനുമായിട്ടോ പരസ്പരസമ്മതത്തോടെ സ്നേഹപൂർവ്വം നടത്തുന്ന പ്രക്രിയകൾ പീഡനമല്ല സ്നേഹം പങ്കുവയ്ക്കലാണെന്ന് എന്തുകൊണ്ടാണവർ വാദിക്കാത്തത്!
അതുപോലെതന്നെയാണ് ബലാൽസംഗം എന്ന വാക്കും. ബലപ്രയോഗത്തിലൂടെ ശാരീരികമായി ഒരാളെ കീഴ്പ്പടുത്തി, അയാളുടെ സമ്മതമില്ലാതെ സംഗമിക്കുന്നതായാൽ ഈ പ്രയോഗം ശരിവയ്ക്കാം. പക്ഷേ ഇന്നു വാർത്തകളിൽ വന്നുകൊണ്ടിരിക്കുന്ന പല സംഗമങ്ങളും അങ്ങനെയല്ലാതെയിരിക്കെ എന്തിനാണ് ഇത്തരം കഠിനപദങ്ങൾ ലളിതകർമ്മങ്ങളെ പ്രതിനിധാനം ചെയ്യുന്നതിനുപയോഗിക്കുന്നത്!
ഇനിയുമുണ്ട് വാക്കുകളുടെ, പറഞ്ഞാൽതീരാത്ത വികലപ്രയോഗങ്ങൾ. യാതൊരർത്ഥവുമില്ലാത്ത വാക്കുകളും സംസ്കാരശൂന്യമെന്നു തോന്നലുണർത്തുന്ന ഭാഷാപ്രയോഗങ്ങളും അടുത്തകാലത്ത് ക്രമാതീതമായി വർദ്ധിക്കുന്നതായും കാണാം.
വാക്കുകളെന്നാൽ അത് ഭാഷയുടെ അമൂല്യമായ സമ്പത്താണ്
ഭാഷയാണ് ഒരു സമൂഹത്തിന്റെ സംസ്‌കാരികമായ അടിത്തറയും മുഖവുരയും. ഭാഷയിലൂടെയാണ് തലമുറകളായി കൈമാറിവരുന്ന അറിവുകളും മൂല്യങ്ങളും അടുത്ത തലമുറയിലേക്കെത്തുന്നത്. ഭാഷയെ സംരക്ഷിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നത് സംസ്കാരത്തെ സംരക്ഷിക്കുന്നതിന് തുല്യമാണ്. മാധ്യമങ്ങളും നവമാധ്യമങ്ങളും സാഹിത്യകുതുകികളും ഭാഷാദ്ധ്യാപകരും വിദ്യാർത്ഥികളുമൊക്കെ ഈ വിഷയത്തിൽ ഗൗരവമായ ഇടപെടലുകൾ നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
No comments:
Post a Comment