സത്യം സുന്ദരം
===============
ഹിമാലയൻതാഴ്‌വരകളിലെ വാനപ്രദേശങ്ങളോടു ചേർന്നു കിടന്നിരുന്ന വലിയൊരു രാജ്യമായിരുന്നു പട്ടാംഗപുരി. അവിടയുള്ള പ്രവത്സലം എന്ന കൊച്ചുഗ്രാമത്തിൽ ധൃതവ്രതൻ എന്നൊരു പ്രസിദ്ധനായ യുവാവുണ്ടായിരുന്നു. അദ്ദേഹം ഒരിക്കലും കള്ളം പറയില്ല എന്നതായിരുന്നു പ്രശസ്തിക്കു കാരണം. അവിടുത്തെ മഹാരാജാവായിരുന്ന സിംഹസത്യന്റെ കാതിലും ധൃതവ്രതനെക്കുറിച്ചുള്ള കഥകൾ എങ്ങനെയോ എത്തി. രാജാവിന്, ജീവൻപോയാലും കള്ളംപറയാത്ത ധൃതവ്രതനോട് അല്പം അസൂയ തോന്നാതിരുന്നില്ല. എങ്ങനെങ്കിലും അയാളുടെ ഈ സൽപ്പേര് കളഞ്ഞുകുളിക്കണമെന്നു രാജാവ് തീരുമാനിച്ചു.
ഒരുദിവസം സിംഹസത്യൻ ധൃതവ്രതനെ കൊട്ടാരത്തിലേക്കു വിളിപ്പിച്ചു. വേണ്ടവിധത്തിൽ അദ്ദേഹത്തെ സൽക്കരിക്കുകയും രാജസദസ്സിൽ പ്രശംസിക്കുകയുമൊക്കെ ചെയ്തു. രണ്ടുദിവസം തന്നോടൊപ്പം കൊട്ടാരത്തിൽ കഴിയാൻ ആവശ്യപ്പെടുകയും ചെയ്തു. ധൃതവ്രതൻ സന്തുഷ്ടനായി. ആ ദിനം ഉത്സവത്തിമിർപ്പോടെ എല്ലാവരും കൊണ്ടാടി.
പിറ്റേദിവസം ധൃതവ്രതനുവേണ്ടി പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവുമൊക്കെ ആഡംബരപൂർവ്വം തയ്യാറാക്കിയിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം കൊട്ടാരത്തിനുമുന്നിലെ ഉപവനത്തിൽ രാജാവും കൂട്ടരും ധൃതവ്രതനുമായിച്ചേർന്നു സൊറപറഞ്ഞിരിക്കുമ്പോൾ പെട്ടെന്നു രാജാവ് നായാട്ടിനുപോകാനുള്ള ഉത്തരവിട്ടു. ഒരുക്കങ്ങളുമായി സേവകർ വേഗമെത്തി. രാജാവ് തന്റെ പ്രിയപ്പെട്ട സമീർ എന്ന കുതിരയെ സമീപിച്ചു. കുതിരയുടെ പുറത്തുനിന്നു തൂക്കിയിട്ടിരിക്കുന്ന പാദാധാനത്തിൽ ഇടതുകാൽ ഉറപ്പിച്ചു. തിരിഞ്ഞുനിന്നു ധൃതവ്രതനോട് ഇപ്രകാരം പറഞ്ഞു
" ചങ്ങാതീ ധൃതവ്രതൻ, താങ്കൾ പോയി രാജ്ഞിയോട് പറയൂ നാം നായാട്ടിനു പുറപ്പെടുന്നുവെന്നും നാളെ തിരികെയെത്തുമ്പോഴേക്കും അതിഗംഭീരമായ വിരുന്നൊരുക്കിവയ്ക്കണമെന്നും"
അതുകേട്ട് അദ്‌ഭുതംകൂടുന്ന കണ്ണുകളുമായി ഒട്ടൊന്നു ശങ്കിച്ചിനിന്ന ധൃതവ്രതനോട് ഇത്തവണ രാജാവ് ആജ്ഞാപിക്കുകതന്നെ ചെയ്തു. ധൃതവ്രതൻ വേഗം മഹാറാണിയുടെ അന്തപുരവാതിൽ ലക്ഷ്യമാക്കി നടന്നു .
അപ്പോൾ രാജാവ് പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു.
"ഞാൻ നായാട്ടിനു പോകുന്നതേയില്ല. അപ്പോൾ ഇയാൾ രാജ്ഞിയോട് കള്ളംപറഞ്ഞു എന്നാകുമല്ലോ. അങ്ങനെ ഒരിക്കലും നുണപറയാത്തവൻ എന്ന പ്രശസ്തി നാളെ അയാൾക്ക് നഷ്ടമാകും"
മഹാറാണിയെ മുഖംകാണിക്കാൻ തോഴിമാരോട് അനുവാദംചോദിച്ചു കാത്തുനിന്ന ധൃതവ്രതൻ തോഴിമാരോടൊപ്പം തനിക്കുനേരെ നടന്നുവരുന്ന രാജ്ഞിയെക്കണ്ടു താണുവണങ്ങി.
എന്നിട്ടു ശാന്തമായി പറഞ്ഞു.
"അല്ലയോ മഹാറാണീ, അങ്ങേക്കെന്റെ വിനീത നമസ്കാരം. ഒരുകാര്യം അങ്ങയോടുണർത്തിക്കേണ്ടതുണ്ട്. മഹാരാജാവുതിരുമനസ്സ് ഇന്നൊരു വേട്ടയ്ക്ക് പോയേക്കാം. ചിലപ്പോൾ പോകാതെയുമിരിക്കാം, താങ്കൾക്ക് നാളെ ഗംഭീരമായൊരു വിരുന്നൊരുക്കേണ്ടിവരും. ചിലപ്പോൾ അതിന്റെ ആവശ്യമുണ്ടായെന്നും വരില്ല."
രാജ്ഞിക്ക് ഇതുകേട്ട് ഒന്നും മനസ്സിലായില്ല.
പകച്ചുനിൽക്കുന്ന റാണിയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് ധൃതവ്രതൻ പറഞ്ഞു.
"മഹാറാണി തിരുമനസ്സ് എന്നോട് പൊറുക്കണം. രാജാവുതിരുമനസ്സ് ഒരു പാദം മാത്രം കുതിരയുടെ പാദാധാനത്തിൽ കയറ്റിവെച്ചുകൊണ്ടാണ് എന്നോടിക്കാര്യം ഇവിടെ ഉണർത്തിക്കാൻ ആജ്ഞ നൽകിയത്. കുതിരപ്പുറത്തേറി മറ്റേ പാദവും പാദാധാനത്തിൽ വെച്ചോ എന്നും നായാട്ടിനു പോയോ എന്നും എനിക്കറിയില്ല. അതുകൊണ്ടാണ് ഇവിടെ ഇങ്ങനെ അറിയിക്കേണ്ടിവന്നത്."
പിറ്റേദിവസം രാജ്ഞിയുടെ സമീപമെത്തി സിംഹസത്യൻ നിറഞ്ഞ ചിരിയോടെ പറഞ്ഞു
"പ്രിയേ, ഒരിക്കലും കള്ളംപറയാത്തവനെന്നു പ്രശസ്തിനേടിയ ധൃതവ്രതൻ ഇന്നലെ ഭാവതിയോടു നുണപറഞ്ഞു- നാം വേട്ടയ്ക്ക് പോയി എന്ന്. എന്നാൽ അങ്ങനെ സംഭവിച്ചില്ല. കള്ളം പറഞ്ഞതിനാൽ അയാൾക്ക് 'നുണപറയാത്തവൻ' എന്ന വിശേഷണം ചേരാതായിരിക്കുന്നു."
പൊട്ടിച്ചിരിച്ചുകൊണ്ട് പത്നിയുടെ മുഖത്തേക്കു നോക്കിയ രാജാവിന് എന്തോ പന്തികേടു തോന്നി. തുടർന്ന്, നടന്നകാര്യങ്ങൾ റാണി രാജാവിനോട് വിശദമാക്കി. തന്റെ പരാജയം സിംഹസത്യനു മുഖവിലക്കെടുക്കേണ്ടിവന്നു.
ധൃതവ്രതൻ വരുംകാലങ്ങളിൽ സിംഹസത്യമഹാരാജാവിന്റെ ഏറ്റവുമടുത്ത സുഹൃത്തും ഉപദേശകനുമൊക്കെയായി മാറി.
No comments:
Post a Comment