Sunday, May 31, 2015

കറ്റാര്‍ വാഴ,

എന്റെ അയല്‍ക്കാരിയായിരുന്ന സുന്ദരിയായ അദ്ധ്യാപിക ഇടതൂര്‍ന്നു വളരുന്ന നീണ്ട മുടി ഭംഗിയില്‍ ആട്ടിയാട്ടി നടക്കുന്നതു കാണുമ്പോള്‍ അസൂയ തോന്നുമായിരുന്നു. അവരുടെ സുന്ദരമായ ചികുരഭാരത്തിന്റെ രഹസ്യം കറ്റാര്‍വാഴ ആയിരുന്നത്രേ. ഇലകള്‍ ശേഖരിച്ച് ചെറുതായി അരിഞ്ഞെടുത്ത്, നന്നായി വിളഞ്ഞുണങ്ങിയ തേങ്ങ കിഴിച്ച് വെള്ലം കളഞ്ഞ് അതില്‍ നിറയ്ക്കും. കോര്‍ക്കു കൊണ്ട് നന്നായി അടച്ച തേങ്ങകള്‍ 41 ദിവസം മണ്ണില്‍ കുഴിച്ചിടും. അത് പിന്നീട് കോര്‍ക്കു തുറന്ന് ഒരു ഉരുളിയിലേയ്ക്കൊഴിച്ച് അടുപ്പില്‍ വെച്ചിളക്കി വറ്റിച്ച് എണ്ണയെടുക്കും. ആ എണ്ണയാണത്രേ ദിവസവും തലയില്‍ തേച്ചു കുളിക്കാറുള്ലത്.

വാഴയുമായി പേരിലല്ലാതെ യാതൊരു സാമ്യവുമില്ല കറ്റാര്‍വാഴയെന്ന ഔഷധ സസ്യത്തിന്. മാംസളമായ ഇലകള്‍ കാണ്ഡത്തില്‍ നിന്നു വളരുന്നു. ഇലയുടെ വശങ്ങളില്‍   ഒരേ ദിശയിലേയ്ക്കു വളരുന്ന മുള്ളുകള്‍ കാണാനാവും. ഇടയ്ക്കൊക്കെ കുലകളായി പൂക്കളുണ്ടാകും. യാതൊരുവിധ പരിചരണങ്ങളും ഇല്ലതെ തന്നെ വളരുന്ന ചെടിയാണ് കറ്റാര്‍വാഴ. ചെടിച്ചട്ടികളില്‍ വളര്‍ത്തുന്ന കറ്റാര്‍വാഴച്ചെടികള്‍ക്ക് വല്ലപ്പോഴുമുള്ള ജലസേചനം മാത്രം മതിയാകും.

അളവറ്റ ഔഷധഗുണമുള്ലതിനാലാവാം ഒരുപാടു വിശേഷണങ്ങള്‍ ഉണ്ട് ഈ അത്ഭുതസസ്യത്തിന്. സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെ ഒരു സുപ്രധാന ചേരുവയാണ് കറ്റാര്‍വാഴ അഥവാ അലോവേര (Aloe vera). .കറ്റാർവാഴയിൽ ജീവകങ്ങൾ, അമിനോഅമ്ലങ്ങൾ, ഇരുമ്പ്, മാങ്ഗനീസ്, കാ‍ത്സ്യം, സിങ്ക്, എൻസൈമുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. കയ്പ്പു രസമുള്ള , ഇതിന്റെ ഇലയിലെ  ജെല്ലിയാണ് ഉപയോഗപ്പെടുത്തുന്നത്.   വിപണിയിൽ ആരോഗ്യപാനീയങ്ങൾ, മോയിസ്ചറൈസറു‍കൾ , ക്ലെൻസറുകൾ, ലേപനങ്ങൾ തുടങ്ങിയ നിരവധി കറ്റാർവാഴ ഉല്പന്നങ്ങൾ ഇന്ന് ലഭ്യമാണ്. ആർത്രൈറ്റിസ്, ഡയബറ്റിസ്, അമിതകൊളെസ്റ്ററോൾ തുടങ്ങിയ അസുഖങ്ങളുള്ളവർക്ക് കറ്റാർവാഴ നീര് അത്യന്തം ഗുണകരമാണ്. ഇത് നല്ലൊരു ആന്റിഓക്സിഡൻറാണ്. കൂടാതെ ബാക്റ്റീരിയ, പൂപ്പൽ എന്നിവയെ ചെറുക്കുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. കറ്റാര്‍വാഴയുടെ ജെല്‍ തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിച്ച് കഴുകിക്കളയുന്നത് നന്നായി മുടി വളരാനും മുടി കൊഴിച്ചില്‍ മാറായും സഹായിക്കും. മുഖത്തെ കറുത്ത് പാടുകളും ചുളിവുകളും മാറാനും കറ്റാര്‍വാഴ നീര് അത്യുത്തമം. കറ്റാര്‍വാഴ നീര്  തേന്‍ ചേര്‍ത്തു കഴിക്കുന്നത് രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. പച്ചമഞ്ഞള്‍ കറ്റാര്‍വാഴ നീരില്‍ അരച്ച് പുരട്ടുന്നത് വ്രണങ്ങള്‍ , കുഴിനഖം എന്നിവ ഇല്ലാതാക്കും. നിത്യേനയുള്ല ആഹാരത്തിലും കറ്റാര്‍വാഴ സാലഡ് ആയോ ജ്യൂസ് ആയോമറികളില്‍ ചേര്‍ത്തോ ഒക്കെ ഉപയോഗിക്കാവുന്നതാണ്. കറ്റാര്‍ വാഴ നീരിന്‌ സൂഷ്‌മാണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്‌. അതിനാല്‍ ഇത്‌ പല്ലുകളെയും മോണകളെയും വൃത്തിയായി സൂക്ഷിക്കും. വായ നാറ്റം അകറ്റാനും ഇത്‌ നല്ലതാണ്‌. മോണയില്‍ നിന്നും രക്തം വരുന്നതും തടയും .


സര്‍വരോഗ സംഹാരി എന്ന് കറ്റാര്‍വാഴയെ വിളിക്കുന്നതില്‍ യാതൊരു തെറ്റുമില്ല..മിക്ക ജീവിതശൈലീരോഗങ്ങളെയും പ്രതിരോധിക്കാന്‍ കറ്റാര്‍വാഴ മാത്രം മതി. പാലൂട്ടുന്ന അമ്മമാര്‍ക്ക് ചിലപ്പോഴൊക്കെ വളരെ പ്രയോജനം ചെയ്യുന്ന ഒരു വസ്തുവണ് ചെന്നിനായകം. വികൃതിക്കുട്ടന്മാരായ കൊതിയന്മാരുടെ പാലുകുടി നിര്‍ത്താന്‍ കയ്പ്പുള്ള ചെന്നി നായകം തന്നെ ആശ്രയം. ഇതുണ്ടാക്കുന്നതും കറ്റാര്‍വാഴയിലയുടെ നീരില്‍ നിന്നാണ്. ഒടിവിനും ചതവിനും ഒക്കെ ആശ്വാസമേകുന്ന മുറിവെണ്നയുടെ പ്രധാനചേരുവയും ഈ ഔഷധപത്രങ്ങള്‍ തന്നെ.  കറ്റാര്‍വാഴയുടെ ഔഷധഗുണത്തേക്കുറിച്ച് ചില തര്‍ക്കങ്ങ്ളും ഉണ്ടെങ്കിലും ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും കറ്റാര്‍വാഴ ധാരാളമായി ഇന്നും  ഔഷധമായി ഉപയോഗിക്കുന്നു..

ഒന്നു മനസ്സുവെച്ചാല്‍ എല്ലാ വീട്ടുമുറ്റത്തും കറ്റാര്‍ വാഴയെ  വളര്‍ത്താന്‍ കഴിയും. ഈ ഔഷധഖനിയേ എന്തിനകറ്റി നിര്‍ത്തണം?

3 comments:

  1. കറ്റാര്‍വാഴയുടെ ഔഷധഗുണങ്ങളെ കുറിച്ചുള്ള വിവരണം പ്രയോജനപ്രദമായി......
    ആശംസകള്‍

    ReplyDelete
  2. എന്റെ ചെറുപ്പത്തില്‍ സഹോദരിമാര്‍ കറ്റാര്‍വാഴ തലമുടിയ്ക്ക് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. ഇപ്പോള്‍ എല്ലാര്‍ക്കും ഷാമ്പൂ മതിയല്ലോ.

    ReplyDelete