Thursday, January 21, 2016

ഓട്ടം (കഥ)

മാധുരി  അതിവേഗം ഓടുകയായിരുന്നു . കയറിയ ഓട്ടോറിക്ഷയെക്കാളൊക്കെ ഒരുപാടു  വേഗത്തില്‍ മനസ്സ് ഓടിക്കൊണ്ടിരുന്നു സുമേഷില്‍നിന്ന് വളരെയകലേക്കു പോകാന്‍. ഒരു നിമിഷം  കൊണ്ട്  അനേകായിരം  കാതങ്ങളകലെയെത്താന്‍ മനസ്സിന് വിമാനവും റോക്കറ്റും ഒന്നും വേണ്ട. വെറുപ്പെന്ന ഇന്ധനം മാത്രം മതി.

വിവാഹം കഴിഞ്ഞിട്ടു കഷ്ടിച്ചു മൂന്നു മാസമാകുന്നേയുള്ളു. സ്വപ്നങ്ങള്‍ തളിരിട്ടു മൊട്ടിട്ടു പൂക്കാന്‍ തുടങ്ങിയിട്ടേയുള്ളു . എല്ലാം വെറും പാഴ്മൊട്ടുകളായിരുന്നെന്ന് അവളറിഞ്ഞത് അല്പം മുന്‍പു മാത്രം .

മാധുരിക്ക് അമ്മയും അമ്മയ്ക്കു മാധുരിയും മാത്രമായി ജീവിതം ഋതുക്കള്‍ക്കൊപ്പം സഞ്ചരിച്ചു പോന്നു. അച്ഛനേക്കുറിച്ചുളള  നേരിയ ഓര്‍മ്മകള്‍ മാത്രമേയുള്ളു മാധുരിക്ക്. അവള്‍ക്ക് ആറുവയസ്സുളളപ്പോള്‍ അച്ഛന്‍ ഒരു വാഹനാപകടത്തില്‍ പെട്ട് ഓര്‍മ്മയുടെ ഇരുണ്ട ഇടനാഴികളുടെ അങ്ങേത്തലയ്ക്കലേയ്ക്കു നടന്നു മറഞ്ഞതാണ്. പിന്നെ അമ്മ പറഞ്ഞുളള  അറിവുകളേ അദ്ദേഹത്തേക്കുറിച്ചുള്ളൂ. അമ്മയും അച്ഛനും ഒരേ മതത്തില്‍ പെട്ടവരായിരുന്നെങ്കിലും നേരിയ ജാതി വ്യത്യാസം ഉണ്ടായിരുന്നത്രേ. രണ്ടുകുടുംബക്കാരും നല്ല സാമ്പത്തികസ്ഥിതിയുളളവരും. എന്തോ ചെറിയ കാര്യത്തിന് ചെറിയ കുടിപ്പകയും വീട്ടുകാർതമ്മിൽ ഉണ്ടായിരുന്നു. ശിവദാസൻ   അംബികയെ കല്യാണം കഴിക്കാന്‍ രണ്ടുകൂട്ടരും സമ്മതിച്ചില്ല . നാട്ടിലെ പാരലല്‍ കോളേജിലെ അദ്ധ്യാപകനായ ശിവദാസന് വിദ്യാര്‍ത്ഥിനിയായ അംബികയോട് പ്രണയമെന്നറിഞ്ഞത് രണ്ടുവീട്ടുകാരുടേയും നിലവിലുണ്ടായിരുന്ന ചെറിയ സ്പര്‍ദ്ധയെ പതിന്മടങ്ങാക്കി വര്‍ദ്ധിപ്പിക്കാനേ ഉതകിയുള്ളു. എന്നിട്ടും അവര്‍ വിവാഹിതരായി. 18 കാരി അംബികയെ 24 കാരന്‍ ശിവദാസ് രജിസ്റ്റര്‍ മാര്യേജ് നടത്തി , വില്ലേജോഫീസിനടുത്തുള്ള കൊച്ചു വീട്ടില്‍ താമസവുമായി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മാധുരിയെന്ന തങ്കക്കുടവും അവര്‍ക്കു കൂട്ടായെത്തി .


അച്ഛന്റെ തറവാട്ടില്‍ പോയതായി  മാധുരിക്ക് ഓര്‍മ്മയില്ല. പക്ഷേ ഇടയ്ക്ക് അമ്പലത്തിലോ മറ്റെവിടെയെങ്കിലും ഏതെങ്കിലും കല്യാണസ്ഥലത്തോ ഒക്കെവെച്ച് ഇളയ അപ്പച്ചിയെ കണ്ടിട്ടും സംസാരിച്ചിട്ടുമുണ്ട്. രമണിയപ്പച്ചിക്ക് അവളെ ഇഷ്ടമായിരുന്നു. ആരും കാണാതെ ഉത്സവത്തിനു വളയും മാലയുമൊക്കെ വാങ്ങിക്കൊടുത്തിട്ടുണ്ടവള്‍ക്ക്. പക്ഷേ രമണിയപ്പച്ചി കല്യാണം കഴിഞ്ഞു പോയതില്‍പിന്നെ അവള്‍ അവരെ കണ്ടിട്ടില്ല.  അമ്മയുടെ വീട്ടില്‍ കുട്ടിയായിരുന്നപ്പോള്‍ പോകുമായിരുന്നു , അമ്മമ്മയ്ക്ക് ഓണക്കോടിയുമായി. പക്ഷേ അച്ഛന്‍ മരിച്ചു കഴിഞ്ഞ് ഒരിക്കലേ പോയുള്ളു. പിന്നെ എന്തോ അമ്മ അവിടേക്കു  പോകാന്‍ താല്‍പര്യപ്പെട്ടിട്ടില്ല. അമ്മായിമാര്‍ പെരുമാറിയത് അമ്മയ്ക്ക് ഇഷ്ടമായിക്കാണില്ല എന്നവള്‍ക്ക് തോന്നിയിരുന്നു. അമ്മ അതിനേക്കുറിച്ച് ഒരിക്കലും അവളോടു പറഞ്ഞിട്ടുമില്ല.

അച്ഛന്‍ പാരലല്‍ കോളേജില്‍ പഠിപ്പിക്കുന്നതിനോടൊപ്പം വില്ലേജ് ഓഫീസിലും പഞ്ചായത്ത് ഓഫീസിലും മറ്റും അപേക്ഷകള്‍ എഴുതിക്കൊടുക്കുകയും അപേക്ഷാ ഫോമുകള്‍ പൂരിപ്പിക്കാനറിയാത്തവര്‍ക്ക് അതു ചെയ്തുകൊടുക്കുകയും ഒക്കെ ചെയ്തിരുന്നു. അമ്മയേയും അതൊക്കെ പഠിപ്പീക്കുകയും ഒപ്പം   കൂട്ടുകയും ചെയ്തു. അവരുടെ ജീവിത്തില്‍ അവര്‍ക്ക് സഹായിക്കാന്‍ മറ്റാരുമുണ്ടായിരുന്നില്ല. പരസ്പരം താങ്ങായി അവര്‍ ജീവിതം കെട്ടിപ്പെടുത്തപ്പോള്‍ ആ തണലേറ്റു വിരിഞ്ഞ കുഞ്ഞു പൂവായിരുന്നു മാധുരി .

പക്ഷേ മാധുരിയുടെ ജീവിതത്തില്‍ ഒറ്റമരത്തിന്റെ തണലായിരുന്നു വിധിക്കപ്പെട്ടത്. അച്ഛന്‍ പോകും മുന്‍പ് അവര്‍ താമസിക്കുന്ന കൊച്ചു വീട് സ്വന്തമാക്കിയിരുന്നു. ഒരുമുറിയും അടുക്കളയും വരാന്തയുമുള്ള, മൂന്നു സെന്റിലെ  കൊച്ചു വീട്. ആ കൊച്ചു വീട്ടില്‍ അവള്‍ രാജകൊട്ടാരങ്ങള്‍ പണിതു. മഹാനഗരങ്ങളിലെ കൗതുകക്കാഴ്ചകള്‍ കൊണ്ടുവന്നിട്ടു. മുറ്റത്തു വിരിഞ്ഞു നില്‍ക്കുന്ന കൊച്ചു പൂക്കളില്‍ സ്വര്‍ഗ്ഗവസന്തങ്ങള്‍ തേടി. അമ്മയുടെ ദിവസങ്ങള്‍ തിരക്കുകള്‍ നിറഞ്ഞതായ് മാറിയപ്പോള്‍ അവള്‍ക്കറിയാമായിരുന്നു അതിന്റെ അനിവാര്യത. പലപ്പോഴും അമ്മയ്ക്കു പുറത്തുപോകേണ്ടിവരും . അപേക്ഷകളെഴുതാന്‍ ചിലപ്പോള്‍ അവരുടെ വീട്ടില്‍ പോയി കാര്യങ്ങള്‍ ചോദിക്കേണ്ടി വരും . പക്ഷേ നോക്കിയിരിക്കുന്ന ആള്‍ക്കാര്‍ നാവു വെറുതെ വെച്ചു നോക്കിയിരുന്നില്ല. അവര്‍ പല കഥകളും മെനെഞ്ഞുകൊണ്ടേയിരുന്നു. ഒക്കെ അറിഞ്ഞിരുന്നെങ്കിലും ഒരിക്കല്‍ മാത്രമേ അവള്‍ അമ്മയെ അവള്‍ ചോദ്യം ചെയ്തിട്ടുള്ളു. അതു കോളേജില്‍ ചേര്‍ന്ന വര്‍ഷം ക്ലാസ്സിലെ പത്രാസുകാരി നീന അമ്മയെക്കുറിച്ചു കൂട്ടുകാരുടെ മുന്‍പില്‍ ഒരുപാടനാവശ്യങ്ങള്‍ വിളമ്പിയപ്പോളാണ്. അന്നവളുടെ മുന്‍പില്‍ നിശ്ശബ്ദയാകേണ്ടി വന്നെങ്കിലും ആ കോപമൊക്കെ പൊട്ടിത്തെറിച്ചത് സന്ധ്യക്കു വൈകിയെത്തിയ അമ്മയുടെ നേരെയുള്ള  രോഷപ്രകടനമായാണ് .ഒക്കെ ക്ഷമയോടെ കേട്ടിരുന്നു അമ്മ. ഒരക്ഷരവും മറുത്തു പറഞ്ഞില്ല. തന്റെ രോഷവാക്കുകള്‍ നിലച്ചു കഴിഞ്ഞപ്പോള്‍ അമ്മ മെല്ലേ  എഴുന്നേറ്റുപോയി കുളിച്ച്, ഭക്ഷണം ചൂടാക്കി വിളമ്പിവെച്ചു വിളിച്ചു. മാധുരിക്ക് അപ്പോള്‍ പശ്ചാത്താപം തോന്നിത്തുടങ്ങിയിരുന്നു . അവള്‍ മറുത്തൊന്നും പറയാതെ പോയി ഭക്ഷണം കഴിച്ചു. പാത്രങ്ങളൊക്കെ കഴുകി അടുക്കള വൃത്തിയാക്കിവെക്കാന്‍ അമ്മയെ സഹായിച്ചു . എല്ലാം കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കവിരി കുടഞ്ഞുവിരിക്കുമ്പോഴാണ് പിന്നില്‍ അമ്മയുടെ നേര്‍ത്ത സബ്ദം അവള്‍ കേട്ടത്.
" മോളേ, മാധുരീ "
തിരിഞ്ഞുനോക്കിയത് അമ്മയുടെ കണ്ണിലേയ്ക്കായിരുന്നു. അവിടെ ഒരു ഭാവവും അവള്‍ക്കു കാണാനായില്ല. വെറും ശൂന്യമായൊരു നോട്ടം .
" മോള്‍ക്കു തോന്നുന്നുണ്ടോ  അമ്മ ചീത്തയാണെന്ന് ?"
പെട്ടെന്നവള്‍ക്ക് ഉത്തരം ഇല്ലാതായി . ആദ്യമായി അമ്മയുടെ മുന്നില്‍ ഉത്തരം മുട്ടിയ നിമിഷം. അവൾ ചുരുങ്ങിച്ചുരുങ്ങി ഇല്ലാതാവുന്നതുപോലൊരു തോന്നൽ.
" ഈ ലോകത്ത് എനിക്കെന്റെ മകളെ മാത്രമേ ബോധ്യപ്പെടുത്തേണ്ടതുള്ളു ഈ അമ്മ ചീത്തയല്ലെന്ന്. ചീത്തയാവാൻ  നിന്റെ അമ്മയ്ക്കൊരിക്കലും കഴിയുകയുമില്ല. അരുതാത്ത വാക്കോ നോക്കോ പ്രവൃത്തിയോ ആരില്‍ നിന്നെങ്കിലും ഉണ്ടായാല്‍ നേരിടാന്‍ അച്ഛന്‍ അമ്മയെ പഠിപ്പിച്ചിട്ടുണ്ട്. നാട്ടുകാര്‍ പലരും പലതും പറയുന്നുണ്ടെന്ന് അമ്മയ്ക്കുമറിയാം. പക്ഷേ മറ്റുള്ളവര്‍ പറയുന്നതല്ല നമ്മള്‍ എന്ന് നമ്മള്‍ സ്വയം അറിഞ്ഞിരിക്കണം . അല്ലെങ്കില്‍ ജീവിതം വലിയൊരു പരാജയമാകും. "
അമ്മ ഒന്നു നിര്‍ത്തി തന്റെ കണ്ണിലേക്കു  സൂക്ഷിച്ചു  നോക്കിയപ്പോള്‍ മാധുരി ആ നോട്ടം നേരിടാനാവാതെ തല താഴ്ത്തിക്കളഞ്ഞു .
"'അമ്മ പുറത്തുപോയി ജോലിചെയ്യുന്നത് മോൾക്ക് നാണക്കേടാകുന്നോ ?  മോളു പറയൂ , ഇനി മുതല്‍ അമ്മ വീട്ടിലിരുന്നാല്‍ മതിയോ.. നീ പറയുമ്പോലെ അമ്മ ചെയ്യാം. "
അമ്മയെ അവിശ്വസിച്ചു എന്നത് ഒരു വലിയ തെറ്റായി എന്നവള്‍ക്കറിയാം. നീനയുടെയും മറ്റു കുട്ടികളുടെയും മുന്നില്‍ ചെറുതായ വിഷമത്തില്‍ അമ്മയോടു കടുത്ത വാക്കുകള്‍ പറഞ്ഞു എന്നു മാത്രം . അവള്‍ പെട്ടെന്നു പൊട്ടിക്കരഞ്ഞു. എല്ലാ സങ്കടവും അമ്മയുടെ ഹൃദയത്തിലേക്കൊഴുക്കി അവള്‍ അമ്മയെ കെട്ടിപ്പിടിച്ചു കുറേ കരഞ്ഞു. അമ്മയുടെ മെലിഞ്ഞ, തണുത്ത വിരലുകള്‍ മാധുരിയുടെ മുടിയില്‍ മെല്ലെ തഴുകിക്കൊണ്ടിരുന്നു.

രാത്രിയില്‍ അവള്‍ അമ്മയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ അച്ഛന്റെയും അമ്മയുടേയും നടുവില്‍ കിടന്നുറങ്ങിയ അവ്യക്തമായ ഓര്‍മ്മ അവളിലേക്കൊഴുകിയെത്തി. അച്ഛന്‍ പുരട്ടിയുരുന്ന ചെറിയകുപ്പിയിലെ സെന്റിന്റെ ചന്ദനഗന്ധം അവരെ വന്നു പൊതിയുന്നപോലെ അവള്‍ക്കു തോന്നി. അതേ, ആ രാത്രി  അച്ഛന്റെയും അമ്മയുടേയും ഇടയില്‍ കിടന്നാണ് അവള്‍ ഉറങ്ങിയത്.

പിന്നീടൊക്കെ കൂട്ടുകാരുടെ പരിഹാസങ്ങളെ അസാമാന്യ മനഃകരുത്തോടെ അവഗണിക്കുകയാണവള്‍ ചെയ്തത് . 20 വയസ്സില്‍ സുമേഷിന്റെ വിവാഹാലോചനയ്ക്ക് സമ്മതം മൂളുമ്പോള്‍ വീണ്ടും പഠിക്കാനും ഒരു ജോലി കണ്ടെത്താനുമൊക്കെ ആഗ്രഹമുണ്ടായിരുന്നത് ഉള്ളിലൊതുക്കി. അമ്മയ്ക്ക് ഈ വിവാഹം ഒരു തണലാകണമെന്നേ അന്നു കരുതിയുള്ളു .തൊട്ടടുത്ത  പട്ടണത്തില്‍  ഐ ടി പ്രൊഫഷണല്‍ ആയ സുമേഷിന് മാധുരിയെ ഇഷ്ടമായത് വളരെ ഭാഗ്യമായാണ് അംബിക കരുതിയത്. ബന്ധുക്കളും സമ്പത്തുമില്ലാത്ത തങ്ങള്‍ക്ക് ഇങ്ങനെയൊരു നല്ല ബന്ധം സ്വപനം കാണാനാവില്ല എന്നവള്‍ക്കറിയാമായിരുന്നു. നല്ല കുടുംബം ധനികരും വിദ്യാസമ്പന്നരും. മകന്റെ ഇഷ്ടത്തിന് അച്ഛനമ്മമാര്‍ എതിരു പരഞ്ഞതേയില്ല. വിവാഹം കഴിഞ്ഞ് മാധുരിയുമായി ജോലിസ്ഥനത്തിനടുത്ത് അവര്‍ താമസമാക്കിയപ്പോള്‍ തനിച്ചായല്ലോ എന്ന സങ്കടത്തേക്കാള്‍ തന്റെ ഓമനമകള്‍ സുരക്ഷിതമായ കൈകളില്‍ എത്തിയല്ലോ എന്ന ആശ്വാസമായിരുന്നു അംബികയ്ക്ക് .

പട്ടണത്തിലെ ജീവിതം ആസ്വദിച്ചു തുടങ്ങുകയായിരുന്നു മാധുരി . അയല്‍ക്കാരുമായൊന്നും വലിയ അടുപ്പമില്ല. എല്ലാവർക്കും  തിരക്കു തന്നെ. ദിവസങ്ങള്‍ കടന്നുപോയത് അറിയുന്നുമില്ല എന്ന വിരോധാഭാസം . അന്നു വൈകുന്നേരം സുമേഷിനൊപ്പം ഒരു സുഹൃത്തുകൂടിയുണ്ടായിരുന്നു. ബാംഗ്ലൂരില്‍ ജോലിചെയ്യുന്ന സുഹൃത്തിനു വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടു ഇപ്പോള്‍ നവദമ്പതികള്‍ക്ക് ആശംസകളര്‍പ്പിക്കാനെത്തിയതാണ് . വന്നു പരിചയപ്പെട്ടു കുശലപ്രശ്നങ്ങള്‍ കഴിഞ്ഞ് അവര്‍ മുകളിലെ ബാല്‍ക്കണിയിലേയ്ക്കു പോയി. അവിടെയിരുന്നാല്‍ വീടിന്റെ പുറകിലെ നീണ്ട പാടശേഖരം കാണാം . മാധുരി ചായ തയ്യാറാക്കാന്‍ അടുക്കളയിലേക്കും . അപ്പോഴാണ് ഗ്യാസ് തീര്‍ന്നകാര്യ്ം  അവളോര്‍ത്തത്. സിലിണ്ടര്‍ കണക്ട് ചെയ്യാനൊന്നും അവള്‍ക്കറിയുമായിരുന്നില്ല. അവളുടെ വീട്ടില്‍ ഗ്യാസ് അടുപ്പ് ഉണ്ടായിരുന്നില്ല.  സ്റ്റെയര്‍ കെയ്സ് കയറി മുകളിലെത്തിയപ്പോള്‍ അവരുടെ സംസാരം അവര്‍ക്കു കേള്‍ക്കാന്‍ കഴിഞ്ഞു.
" എന്നാലും നീ ഇങ്ങനെയൊരു അബദ്ധം കാട്ടിയതെന്തിനാ.. നാട്ടില്‍ വേറെ പെണ്ണില്ലാത്തപോലെ. ആ അംബികയെപ്പോലൊരു സാധനത്തിന്റെ വീട്ടിന്ന് നീയല്ലാതെ സംബംന്ധം കൂടുമോ. അവളാളു പോക്കാന്ന്  നാട്ടിലാര്‍ക്കാ അറിയാത്തത്.. .പമ്പരവിഡ്ഢി "
" എടാ, ഇതിപ്പോ ഒരുവെടിക്കു രണ്ടുപക്ഷിയായില്ലേ.. തളളയും നല്ല ചരക്കാ.. വല്ല്യ പ്രായവും ഇല്ല. അമ്മേം മോളേം ഒന്നിച്ചു കിട്ടുകാന്നു പറയുന്നതു അത്ര നിസ്സാരകാര്യമാണോ.. ബുദ്ധി വേണമെടാ, ബുദ്ധി.. " രണ്ടുപേരും ഒന്നിച്ചു പൊട്ടിച്ചിരിച്ചു.
ഒരു നിമിഷം കൊണ്ട് അവള്‍ സുമേഷില്‍ നിന്ന് വളരെ അകലത്തേയ്ക്ക് എടുത്തെറിയപ്പെട്ട നിമിഷം . വേഗം പടികളിറങ്ങി കിട്ടിയതുണികള്‍ ഒക്കെ ഒരു ബാഗിലാക്കി ഇറങ്ങി ഓടുകയായിരുന്നു. ഏതോ വലിയ വിപത്തില്‍ നിന്നും രഷപ്പെടാനുളള  മരണവെപ്രാളത്തോടെയുളള  ഓട്ടം.
അതെ, അവള്‍ ഇനിയും ഓടിയാലേ മതിയാവൂ.. ഒരിക്കലും നിലയ്ക്കാത്ത ജീവിതപ്രയാണം ... എല്ലാവരില്‍ നിന്നു  രക്ഷനേടിയുളള  മഹാപ്രയാണം ... 

3 comments:

 1. ചില ജീവിതങ്ങൾ ഗതികേട് കൊണ്ട് നട്ടംതിരിഞ്ഞാണു പൂർത്തിയാകുന്നത് എന്ന് കണ്ടിട്ടുണ്ട്

  ReplyDelete
 2. ഹോ!ഉള്ളറിയാനുള്ള കഴിവുണ്ടായിരുന്നുവെങ്കില്‍ ഇത്തരം വഞ്ചകരില്‍ നിന്ന് രക്ഷപ്പെടാമായിരുന്നു!
  നല്ല കഥ(ഒരിടത്ത് മാധുരിക്ക് പകരം അശ്വതി എന്ന് ചേര്‍ത്തിട്ടുണ്ട്)
  ആശംസകള്‍

  ReplyDelete
 3. kadhayezhuthilum mini agraganya

  ReplyDelete