Tuesday, March 29, 2016

ഒരോട്ടത്തിന്റെ ഓര്‍മ്മകള്‍ .

കാഞ്ചിയാറിലെ എന്റെ  വീട്ടില്‍ നിന്നു നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്കൂളിലേയ്ക്കു മൂന്നു വഴികളായിരുന്നു . വാഹനങ്ങള്‍ പോകുന്ന മെയിന്‍ റോഡിലൂടെ പകുതിദൂരം (വാഹനത്തിലോ, നടന്നോ ) പോയശേഷം പിന്നെയും അരമണിക്കൂരിലേറെ നടന്നു പോകുന്നതാണ് ശരിയായ വഴി. ഇടയ്ക്കൊക്കെ ഏലത്തോട്ടമുണ്ടെങ്കിലും അതു ടാറിട്ട നല്ല റോഡാണ്.പക്ഷേ ദൂരക്കൂടുതലായതുകൊണ്ട് ഞാനും കൂട്ടുകാരികളും ആ വഴി പോകാറില്ലായിരുന്നു .  പിന്നെയുള്ളത് രണ്ടു കുറുക്കു വഴികളാണ്. രണ്ടു വഴിയേ പോയാലും മുക്കാല്‍ മണിക്കൂറിലധികം നടക്കേണ്ടിവരും . കുറേദൂരം സാധാരണ കൃഷിയിടങ്ങളിലൂടെ പോയശേഷം പിന്നെ ഏലക്കാട്ടിലൂടെയാണ് ഈ രണ്ടു വഴികളും. (ഏലച്ചെടികള്‍ നന്നായി വളരാന്‍ നല്ല തണല്‍ ആവശ്യമാണ്. അതുകൊണ്ട് മുമ്പൊക്കെ വലിയ മരങ്ങള്‍ വളരുന്ന കാട്ടില്‍ മരങ്ങള്‍ക്കിടയില്‍ ചെടികള്‍ നട്ടാണ് ഏലത്തോട്ടം രൂപപ്പെടുത്തിയിരുന്നത് . )  ഒരു വലിയ കുത്തനെയുള്ള മലയുടെ മുകളിലാണ് സ്കൂള്‍ സ്ഥാപിതമായിരിക്കുന്നത്. ഈ രണ്ടു വഴികളിലൂടെ പോയാലും കുറെ മലകള്‍ കയറിയിറങ്ങി ഒടുവില്‍ രണ്ടും ചെന്നു നില്‍ക്കുന്നത് ആ വലിയ മലയുടെ അടിവാരത്തില്‍ ആണ്.  പക്ഷേ ഇതില്‍ ഒരു കുറുക്കുവഴി കടന്നു പോകുന്ന ഏലക്കാട് അത്ര വലിയ കാടല്ല. ഒരു മലയുടെ ഒരു വശത്തുകൂടിയാണു വഴി. അക്കരെയുള്ള മലയിലെ കൃഷിസ്ഥലങ്ങളും വീടുകളും അവിടെയൊക്കെയുള്ള ആള്‍ക്കാരെയുമൊക്കെ കാണാനും കഴിയും . കുറെ ദൂരം ഒരു തോട്ടിന്‍കരയിലൂടെ പോകണം . മഴക്കാലത്ത് തോട്ടില്‍ തെന്നിവീഴാനുള്ള  സാധ്യതയൊഴിച്ചാല്‍ തികച്ചും ഭയലേശമെന്യേ പോകാന്‍ കഴിയുന്ന വഴി.

പക്ഷേ മറ്റേ കുറുക്കുവഴി ഇത്തിരി ദൂരക്കുറവുണ്ടെങ്കിലും അതു  കടന്നു പോകുന്ന ഏലക്കാട് ഒരു ഘോരവനം പോലെയാണ്. വളരെ ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന ഒരുപാടു പ്രായമുള്ള വൃക്ഷങ്ങള്‍ ആകാശത്തിനു താഴെ പച്ചക്കുട നിവര്‍ത്തി നില്‍ക്കുകയാണ്. നട്ടുച്ചയ്ക്കു പോലും സന്ധ്യയായതുപോലെ ഇരുണ്ട കാട്. മഴയെങ്ങാനും പെയ്താല്‍ കുറെ സമയം കഴിഞ്ഞേ വെള്ളം  താഴെ എത്തുകയുള്ളു.  ഒന്നൊരയാള്‍ പൊക്കത്തില്‍ തഴച്ചു  വളര്‍ന്നു നില്‍ക്കുന്ന ഏലച്ചെടികള്‍ , പൂക്കളും കായ്കളുമായി ശരങ്ങള്‍ ചുറ്റുപാടും ചിതറിവീശി നില്‍ക്കുന്നുണ്ടാകും . മരങ്ങളില്‍ പലതിലും വിവിധയിനം ഇത്തില്‍ചെടികള്‍ ( ഓര്‍ക്കിഡ് ) പൂവിട്ടു നില്‍ക്കുന്നുണ്ടാകും . കാരയും അമ്പഴവും കാട്ടുനെല്ലിയും ഞാറയും  നെല്ലിയും കാട്ടുമാവും പിന്നെയും പേരറിയാത്ത  വിവിധ ഫലവൃക്ഷങ്ങള്‍  ഒക്കെ അതാതിന്റെ കാലത്ത് ഫലങ്ങള്‍ നല്‍കി ഞങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്യും. ചില മരങ്ങളുടെ തായ്ത്തടിയില്‍ വലിയ പൊത്തുകളുണ്ടാകും . കുടയില്ലാതെ പോകുന്ന ദിവസം പെട്ടെന്നു മഴവന്നാല്‍ ആ പൊത്തില്‍ കയറി നിന്നാല്‍ മഴ നനയുകയേ ഇല്ല. .സ്കൂള്‍ വര്‍ഷം പോലെയാണ് ഏലക്കാട്ടിലെ ജോലിക്കാലം .    ജൂണ്‍മാസം മുതല്‍ മാര്‍ച്ചു മാസം വരെ ഏലത്തിന്  തുടര്‍ച്ചയായി പലവിധ ജോലികളുണ്ടാകും . പിന്നെ അവിടെത്തു ജോലിക്കാര്‍ക്കും കുട്ടികള്‍ക്കു കിട്ടുന്നതുപോലെ അവധിക്കാലമാണ്. ജോലിക്കാരിലധികവും തമിഴരാണ്. അവരുടെ സമയം 8 മണിമുതല്‍ 5 മണി വരെയായിരുന്നു അന്ന്. അതുകൊണ്ട് ഞങ്ങള്‍ കുട്ടികള്‍ക്ക് ആ കാട്ടിലൂടെ കടന്നു പോകാന്‍  ഒരു പേടിയും തോന്നിയിരുന്നില്ല. 

ഒരുല്ലാസയാത്രപോലെയായിരുന്നു  ഞങ്ങളന്നു സ്കൂളിലേയ്ക്കു പോവുകയും മടങ്ങുകയും ചെയ്തിരുന്നത്. ഇടയ്ക്കുള്ള സാധാരണ കൃഷിസ്ഥലങ്ങളിലെ ചാമ്പയും പേരയും മാവും പുളിയും  മള്‍ബറിയും പാഷന്‍ ഫ്രൂട്ടും   ഒക്കെ അന്നു കുട്ടികളുടെ സ്വന്തമായിരുന്നു. അവയിലുണ്ടാകുന്ന ഫലങ്ങള്‍ കുട്ടികള്‍ക്കു മാത്രമുള്ളതാണ്. ചിലപ്പോള്‍ ഉടമസ്ഥര്‍ തന്നെ കുട്ടകളിലും ചരുവങ്ങളിലുമൊക്കെ പഴങ്ങള്‍ ശേഖരിച്ചു വെച്ചിട്ടുണ്ടാവും.  വൈവിദ്ധ്യമാര്‍ന്ന സസ്യങ്ങളുടെ പേരുകള്‍ , പക്ഷിമൃഗാദികളുടെ ശബ്ദങ്ങള്‍ , ഓരോ ഋതുക്കളിലെയും കൃഷിപ്പണികളുടെ സ്വഭാവം ഒക്കെ ആ യാത്രയില്‍ ഞങ്ങള്‍ നേടുന്ന അറിവുകളായിരുന്നു. കാട്ടുപഴങ്ങളുടെ  സ്വാദും കാട്ടുചോലയിലെ വെള്ളത്തിന്റെ മധുരവും അന്നു ലഭിച്ച അമൂല്യങ്ങളായ അനുഭവങ്ങള്‍. . 

വളരെ പഴയ സ്കൂളായിരുന്നെങ്കിലും വിദ്യാഭ്യാസപരമായി വലിയ പുരോഗതിയൊന്നും അവകാശപ്പെടാനില്ലാത്ത ഒരു വിദ്യാലയമായിരുന്നു ഞങ്ങളുടേത്. പത്താം ക്ലാസ്സ് പൊതുപരീക്ഷ  മൂന്നൂറിലധികം കുട്ടികളെഴുതിയാലും വിജയിക്കുന്നത് ഇരുപതോ ഇരുപത്തഞ്ചോ പേരാവും. ഏറ്റവും കൂടുതല്‍ കുട്ടികള്‍ തോല്‍ക്കുന്നത് ഇംഗ്ലീഷിനും കണക്കിനും ആയിരുന്നു. അതിനൊരു പരിഹാരം കാണാനെന്നോണം പത്താം ക്ലാസ്സില്‍ ഞങ്ങളുടെ ഡിവിഷനില്‍   ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന  അദ്ധ്യാപകന്‍ , ഞങ്ങളുടെ പ്രിയപ്പെട്ട ഗോപിനാഥന്‍ സര്‍ തിങ്കള്‍ മുതല്‍ വ്യാഴം  വരെ സ്കൂള്‍ സമയം കഴിഞ്ഞ് ഒരുമണിക്കൂര്‍, അതായത് നാലുമണി മുതല്‍ അഞ്ചു മണി വരെ ഞങ്ങളുടെ ക്ലാസ്സിനു മാത്രം ഇംഗ്ലീഷ് ഗ്രാമറിന് സ്പെഷ്യല്‍ ക്ലാസ്സ് വെച്ചിരുന്നു.വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് സര്‍ കോട്ടയത്തുള്ള സ്വന്തം വീട്ടിലേയ്ക്കു പോകും . വെള്ളിയാഴ്ച അതുകൊണ്ട് സ്പെഷ്യല്‍ ക്ലാസ്സ് ഉണ്ടായിരുന്നില്ല .  ( ആ സ്പെഷ്യല്‍ ക്ലാസ്സ് ഒന്നു കൊണ്ടു മാത്രമാണ് ഇംഗ്ലീഷിന് ഉയര്‍ന്ന മാര്‍ക്കു ലഭിച്ചത് എന്ന് കൃതജ്ഞതാപൂര്‍വ്വം എന്നും ഓര്‍മ്മയിലുള്ളതാണ്. സാറിന്റെ പാദങ്ങളില്‍ മനസ്സാ പ്രണമിക്കുന്നു )  നാലുമണിവിട്ടാല്‍ ഒരുപാടു കുട്ടികള്‍ പോകുന്ന വഴിയാണെങ്കിലും സ്പെഷ്യല്‍ ക്ലാസ്സ് കഴിഞ്ഞാല്‍ അയല്‍ക്കാരായ  ഞങ്ങള്‍ മൂന്നു പേരേ ഉണ്ടാകൂ. ലിസിയും സജിയും പിന്നെ ഞാനും . ഞങ്ങള്‍ സ്കൂള്‍ മുതല്‍ വീട്ടിലെത്തും വരെ ഓടും . ഓരോ മരങ്ങള്‍ അടയാളം വെച്ച് മത്സരിച്ചോടും. മിക്കവാറും ഉയരക്കൂടുതലുള്ള ലിസിയാവും ജയിക്കുക. ആരു ജയിച്ചു തോറ്റു എന്നതൊന്നും ഞങ്ങള്‍ക്കു പ്രശ്നമല്ല. എത്രയും കുറഞ്ഞ സമയത്തില്‍ വീടെത്തുക എന്നതാണ് ലക്ഷ്യം . 

ജനുവരി മാസത്തിന്റെ അവസാനമോ മറ്റൊ ആയിരുന്നു , അന്ന് ലിസി സ്കൂളില്‍ വന്നിരുന്നില്ല. സജി  ഉച്ചയ്ക്കു തന്നെ ടീച്ചറോട് അനുവാദം വാങ്ങി പോവുകയും ചെയ്തു . അഞ്ചു മണിക്കു സ്പെഷ്യല്‍ ക്ലാസ്സ് വിട്ട് പോകാന്‍ ഞാന്‍ തനിച്ചായി. നേരത്തെ തന്നെ സന്ധ്യയാകുന്ന കാലമാണത്. ഒറ്റയ്ക്കു പോകാന്‍ പേടിയുണ്ട്. മലയിറങ്ങി വഴി തിരിയുന്നിടത്ത് ഒരുനിമിഷം ആലോചിച്ചു, ഏതു വഴി വേണമെന്ന്. വലിയ കാട്ടില്‍ കൂടി പോയാല്‍ കുറച്ചു സമയം ലാഭിക്കാം. അതിലെ തന്നെ ആകാമെന്നു വിചാരിച്ചു. പണിക്കാരൊക്കെ നാലരയാകുമ്പോഴേ കായെടുത്തു സ്റ്റോറിലേയ്ക്കു പോയിട്ടുണ്ടാവും. ( അവിടെയാണ് ഏലക്കായ്കള്‍ ഉണങ്ങുന്നത് ). ഞാന്‍ ധൈര്യം സംഭരിച്ച് ആവഴിയിലേയ്ക്കു കയറി നടന്നു, അല്ല ഓടി. കാടിന്റെ ഉള്ളിലെത്തിയപ്പോള്‍  പെട്ടെന്ന് ദാ ഒരു കറുത്ത മനുഷ്യന്‍ ഒരുകയ്യില്‍ കുട്ടയില്‍ കുറച്ച് ഏലക്കായും മറുകയ്യില്‍ എന്തൊക്കെയോ പണിയായുധങ്ങളുമായി എവിടെ നിന്നല്ലാതെ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അയാളുടെ ഇരുട്ടിന്റെ നിറവും തിളങ്ങുന്ന കണ്ണുമൊക്കെ കണ്ട്പേടിച്ച് എന്റെ ജീവന്‍ പോയതുപോലെയായി. പക്ഷേ ആലോചിച്ചു നില്‍ക്കാനൊന്നും പറ്റില്ലല്ലോ.. സര്‍വ്വ ശക്തിയും എടുത്ത് ഒറ്റയോട്ടമായിരുന്നു. ഇടയ്ക്കു തിരിഞ്ഞു നോക്കിയപ്പോള്‍ കുറച്ചു ദൂരം പുറകിലായി അയാളും വരുന്നുണ്ട്. ഞാന്‍ വേഗതകൂട്ടി ഓടി. 

ഏലക്കാട്  അവസാനിക്കുന്നിടത്ത് കുത്തനെ ഒരിറക്കമാണ്. നോക്കി നടന്നാലും തെന്നി വീഴുന്ന ഇറക്കം . അതു കഴിഞ്ഞാല്‍ നിറയെ പാറകളുള്ള ഒരു കാട്ടുചോല ഒഴുകുന്നുണ്ട്. തോട്ടിന്റെ കരകളിലും ഇടയ്ക്കുള്ള പറകള്‍ക്കിടയിലും രണ്ടാള്‍പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്ന, മണമില്ലാത്ത മഞ്ഞ പൂക്കളുള്ള, കാഴ്ചയ്ക്ക് ഏലച്ചെടികളോടു സാമ്യമുള്ള സൗഗന്ധികച്ചെടികള്‍ മതില്‍ കെട്ടിയതുപോലെ.. പാറയില്‍ ചിലത് നന്നായി വഴുക്കും . ശ്രദ്ധിച്ചു കടന്നില്ലെങ്കില്‍ തെന്നിവീഴും  . പക്ഷേ ഞാന്‍ അതൊക്കെ എങ്ങനെ തരണം ചെയ്തു എന്നെനിക്കറിയില്ല. തിരിഞ്ഞു നോക്കുമ്പോഴൊക്കെ അയാളെയും പിന്നില്‍ കാണുന്നുമുണ്ട്.  തോടു കടന്നുകയറുന്നത് സാധാരണ കൃഷിസ്ഥലത്തേയ്ക്കാണ്. പക്ഷേ അതിലെയുള്ള ഒറ്റയടിപ്പാതയിലൂടെ  പിന്നെയും കുറച്ചു ദൂരം കഴിഞ്ഞാലേ വീടുകളുള്ളു. അതുകൊണ്ട് ഞാനെന്റെ ഓട്ടം നിര്‍ത്തിയില്ല. ആ ഓട്ടം ഒളിമ്പിക്സിലോ മറ്റോ ആയിരുന്നെങ്കില്‍ സ്വര്‍ണ്ണമെഡല്‍ ഉറപ്പായിരുന്നു.   ആദ്യത്തെ വീട് ഞങ്ങളുടെ സ്കൂളില്‍ തന്നെ പഠിക്കുന്ന വത്സമ്മയുടേതാണ്. മണ്ണില്‍ തന്നെ വെട്ടിയുണ്ടാക്കിയ  കുറച്ചു പടികള്‍ കയറിവേണം വീടിന്റെ മുറ്റത്തെത്താന്‍ . ആ പടികളും ഞാന്‍ ഓടിത്തന്നെ കയറി . നന്നായി കിതയ്ക്കുന്നുണ്ട്. കിതപ്പ് ഒന്നടങ്ങിയപ്പോള്‍ വത്സമ്മയുടെ അമ്മയെ വിളിച്ചു കുറച്ചു വെള്ളം വേണമെന്നു പറഞ്ഞു. വെള്ളം കുടിക്കുന്നതിനിടയില്‍ അവര്‍ എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. സ്പെഷ്യല്‍ ക്ലാസ്സ് എന്നു മാത്രം എന്റെ വായില്‍ നിന്നു വന്നു. പിന്നെ ഒന്നും പറയാന്‍ വയ്യാത്ത അവസ്ഥ. അപ്പോഴേയ്ക്കും എന്റെ പിന്നാലെ വന്ന മനുഷ്യന്‍ വത്സമ്മയുടെ അമ്മയെ താഴേയ്ക്കു വിളിച്ചു. എന്തൊക്കെയോ പറഞ്ഞിട്ട് അയാള്‍ തിരികെ പോയി. ഹൊ! എനിക്ക് ആശ്വാസമായി. 

വത്സമ്മയുടെ അമ്മ   തിരികെ കയറി വന്ന് എന്നോടു ചോദിച്ചു എന്തിനാ പേടിച്ചോടിയതെന്ന്. എന്റെ പേടി കണ്ട് അയാള്‍ പിന്നാലെ വന്നതാണ്. തോട്ടത്തിലെ കങ്കാണിയാണത്രെ ( സൂപ്പര്‍വൈസര്‍ ) ,ശെല്‍വന്‍. നല്ല മനുഷ്യന്‍ .   ഓട്ടം കണ്ടപ്പോള്‍ ഞാനെവിടെയെങ്കിലും വീഴുമെന്ന് അയാള്‍ വിചാരിച്ചു. ഉച്ചത്തില്‍ വിളിച്ചുകൂവിയാല്‍  പോലും ആരും കേള്‍ക്കില്ല എന്നറിയാവുന്നതുകൊണ്ട് അയാള്‍ പിറകെ വന്നതാണ് . എന്റെ രക്ഷയ്ക്കായി പിന്നാലെ വന്ന ആ മനുഷ്യനെ ഞാനെത്ര പേടിച്ചു എന്ന് എനിക്കു മാത്രമേ അറിയൂ. എനിക്ക് ചൂടുള്ള കുറച്ചു കാപ്പി നല്‍കാന്‍  ശുപാര്‍ശ ചെയ്തിട്ടാണ്  അയാള്‍ മടങ്ങി പ്പോയത്. എന്തായാലും കാപ്പിയൊന്നും വേണ്ടാ എന്നു പറഞ്ഞു സമാധാനത്തോടെ  ഞാന്‍ വീട്ടിലേയ്ക്കു പോയി. പിന്നീട് ഏതാനും ദിവസം മാത്രമേ ആ വഴിയേ നടക്കാന്‍ കഴിഞ്ഞുള്ളു. പിന്നെ മോഡല്‍ പരീക്ഷയും, സ്റ്റഡി ലീവും പൊതുപരീക്ഷയും ഒക്കെയായി സ്കൂള്‍കാലം തന്നെ ജീവിതവഴില്‍ നിന്നു  കടന്നു പോയി.. എങ്കിലും ആ ഓര്‍മ്മകള്‍ക്ക്  കാട്ടുചോലയിലെ തെളിനീരിന്റെ കുളിരും മധുരവും ആണ് എന്നും . നമുക്കു ചുറ്റും നല്ലവര്‍ മാത്രം ഉണ്ടായിരുന്ന ആ നല്ല കാലത്തിന്റെ ഓര്‍മ്മകള്‍  ! 

4 comments:

 1. ഓര്‍മ്മകള്‍ക്കെന്തൊരു സുഗന്ധം!!
  ആശംസകള്‍

  ReplyDelete
  Replies
  1. സന്തോഷം സര്‍, സ്നേഹം

   Delete
 2. ചില ഭയങ്ങൾ നല്ലതാണു. ചില ഓട്ടങ്ങളും

  ReplyDelete
 3. സന്തോഷം സര്‍, സ്നേഹം

  ReplyDelete