Tuesday, July 26, 2016

നമ്മുടെ കവികള്‍ 22 - ലളിതാ ലെനിന്‍

 നമ്മുടെ കവികള്‍ 22 - ലളിതാ ലെനിന്‍
------------------------------------------------

തൃശൂര്‍ ജില്ലയിലെ തൃത്തല്ലൂരില്‍ കടവില്‍ കുഞ്ഞുമാമയുടേയും കരീപ്പടത്തു ചക്കിക്കുട്ടിയുടേയും മകളായി  1946 ജൂലൈ 17ന് ആണ്  കെ കെ ലളിതാബായി എന്ന ലളിതാ ലെനിന്റെ   ജനനം. തൃത്തല്ലൂര്‍ കമലാ നെഹ്റു മെമ്മോറിയല്‍ ഹൈസ്കൂള്‍, ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളേജ്, മൂത്തകുന്നം എസ്. എന്‍. എം. ട്രെയിനിംഗ് കോളേജ്, കേരള സര്‍വ്വകലാശാല, മൈസൂര്‍ സര്‍വ്വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.      1966 ല്‍  രസതന്ത്രത്തിലും,1967 ല്‍ വിദ്യാഭ്യാസത്തിലും ബിരുദങ്ങള്‍, 1975 ല്‍ ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം. 1976 ല്‍ മൈസൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ലൈബ്രറി സയന്‍സില്‍ ഡോക്ടര്‍ എസ്സ് ആര്‍ രംഗനാഥന്‍  സ്വര്‍ണ്ണമെഡല്‍ നേടിയാണു മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കിയത്  കേരള സര്‍വ്വകലാശാലയുടെ ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ 1979 മുതല്‍ 1985 വരെ ലക്ചറര്‍ ആയും തുടര്‍ന്ന് റീഡറായും ജോലി ചെയ്തു. 1990 മുതല്‍ അഞ്ചു വര്‍ഷത്തോളം ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി ആയിരുന്നു. 1991 മുതല്‍ 1993 വരെയുള്ള കാലയളവില്‍ കേരള സര്‍വ്വകലാശാലയുടെ സെനറ്റ് അംഗവുമായിരുന്നു. 2006 മാര്‍ച്ച 31 ന് ഔദ്യോഗിക ജീവിതത്ത്തി നിന്നു വിരമിച്ചു .

1970 കളില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിക്കൊണ്ട് മലയാള കാവ്യരംഗത്തേക്ക് കടന്നു വന്നു. 1976 ല്‍ പ്രസിദ്ധികൃതമായ “കരിങ്കാളി”യാണ് ആദ്യ കവിതാ സമാഹാരം. കവി, ബാലസാഹിത്യകാരി എന്നിവയ്ക്കൊപ്പം, സാമൂഹ്യ പ്രവര്‍ത്തക, പ്രാസംഗിക, ഫെമിനിസ്റ്റ് എഴുത്തുകാരി എന്നീ നിലകളിലും അറിയപ്പെടുന്ന എഴുത്തുകാരിയാണ് ലളിതാ ലെനിന്‍. “കരിങ്കാളി”ക്ക് ശേഷം, 84-ല്‍ കുട്ടികള്‍ക്കുള്ള നോവല്‍ “മിന്നു” പ്രസിദ്ധികൃതമായി. എങ്കിലും എണ്‍പതുകളുടെ തുടക്കം മുതലുള്ള ഒന്നൊന്നര ദശകക്കാലം ലളിതാ ലെനിന്‍റെ കാവ്യ ജീവിതത്തില്‍ നീണ്ട നിശബ്ദതയുടെ ഇടവേള ആയിരുന്നു. എന്നാല്‍ 90 കളുടെ പകുതിയോടെ കവിത എഴുത്തില്‍ അവര്‍ വീണ്ടും സജീവമായി. 1995 ലാണ് “കര്‍ക്കിടവാവ്” എന്ന രണ്ടാം കവിതാ സമാഹാരം പ്രസിദ്ധികരിക്കുന്നത്. മൂന്നു സാഹിത്യ അവാര്‍ഡുകളാണ് ശ്രീമതി ലളിതാ ലെനിനെ തേടിയെത്തിയിട്ടുള്ളത്. മികച്ച ബാലസാഹിത്യ കൃതിക്കുളള സാഹിത്യ അക്കാദമി അവാര്‍ഡ്, മികച്ച കവിതാസമാഹാരങ്ങള്‍ക്കുള്ള മൂലൂര്‍ അവാര്‍ഡും, അബുദാബി ശ്കതി അവാര്‍ഡും.

 ആധുനികത രചനാഗതിയില്‍ സ്വീകരിച്ചു രചിച്ച  ഗദ്യകവിതകള്‍ മാത്രമല്ല ,പാരമ്പര്യവഴിയിലെ  വൃത്തബദ്ധമായ കവിതകളും ലളിതാ ലെനിന്‍റെ തൂലികയിലൂടെ പിറവിയെടുത്തിട്ടുണ്ട് . സ്ത്രീ പക്ഷവാദി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ശ്രീമതി ലെളിതാ ലെനിന്‍ തന്റെ  കവിതകളിലൂടെ  അതു വ്യക്തമായി  പ്രകടമാക്കുന്നുണ്ട് . വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാന്‍ ശ്രമിക്കുന്നതും സാമൂഹിക മാറ്റങ്ങളില്‍ അനുകൂലമായോ പ്രതികൂലമായോ ചിന്തിക്കുന്നതുവഴി ഉടലെടുക്കുന്ന ഉത്കണ്ഠ പുലര്‍ത്തുന്നതുമായ മനുഷ്യ സങ്കല്പമാണ് ലളിതാ ലെനിന്‍റേത്. വ്യക്തമായ നിലപാടും സാമൂഹ്യബോധവും രചനയില്‍ വെളിവാക്കുമ്പോഴും  അനിതരസാധാരണമായൊരു  നിര്‍മ്മലത്വം പുലര്‍ത്താന്‍ ലളിതാ ലെനിന്‍റെ രചനകള്‍ക്കുള്ള പ്രത്യേകത എടുത്തു പറയത്തക്കതാണ് .  “ഏതു സമൂഹത്തിലും ഒരു കുരിശൂണ്ട് കനിവില്ലാത്ത ഇരുമ്പാണികളുടെ ലോഹഭാഷണങ്ങള്‍ക്കായി കൈവിരിച്ച് കാതോര്‍ത്തു കിടക്കുന്നു” (‘നമുക്ക് പ്രാര്‍ത്ഥിക്കാം’) “കന്യാദാനത്തിനും കന്യാദഹനത്തിനും അഗ്നിതന്നെ സാക്ഷി” (കണ്‍കെട്ട്) എന്നൊക്കെയുള്ല  വരികള്‍ ഇതു വിളിച്ചോതുന്നു .

പ്രധാന കൃതികള്‍
....................................
“കരിങ്കാളി” (കവിതാ സമാഹാരം). “കര്‍ക്കിടകവാവ്” (കവിതാ സമാഹാരം). തിരുവനന്തപുരം: പരിധി പബ്ളിക്കേഷന്‍സ്, (1995), “നമുക്ക് പ്രാര്‍ത്ഥിക്കാം” (കവിതാ സമാഹാരം). കോട്ടയം: ഡി.സി.ബുക്സ്, (2000). “മിന്നു” (കുട്ടികള്‍ക്കുള്ള നോവല്‍). തിരുവനന്തപുരം: ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, (1984). “കടല്‍” (ബാലസാഹിത്യം, കവിതകള്‍). തിരുവനന്തപുരം: ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, (2000). പുതിയ വായന , “ഭൂദൈവങ്ങള്‍” (ഖലീല്‍ ജിബ്രാന്‍ കൃതികളുടെ പരിഭാഷ). കോട്ടയം: ഡി. സി. ബുക്സ്, (2002).
പബ്ലിക് ലൈബ്രറി സേവനം (2006) .

പ്രസിദ്ധ എഴുത്തുകാരന്‍ ശ്രീ കെ എം ലെനിന്‍ ആണു ഭര്‍ത്താവ്.  അഭിഭാഷകനായ മകന്‍ അനില്‍ മുംബൈയില്‍ Viacom 18 Media Pvt. Ltd ല്‍ ഉദ്യോഗസ്ഥനാണ് . അനിലിന്റെ പത്നി ബിദുഷിയും മുംബയില്‍ അഭിഭാഷകയാണ് ..
അജ്ഞത-- ലളിത ലെനിന്‍
എഴുതാളരുടെ വചനങ്ങളില്‍ മുങ്ങി കിടന്നപോള്‍
എഴുത്താണി മുനയില്‍
അക്ഷര വടിവില്‍
ചോര പൊടിയുന്നത്
എവിടെ നിന്നെന്നു
ഞാനറിഞ്ഞിരുന്നില്ല
അതുകൊണ്ട്,
അസ്ഥാനത്. ഒരു ഹൃദയവും
സങ്കല്പിച്,
ആളൊപ്പം തലയുയര്‍ത്തി  നടന്നു..
നെഞ്ച് വേദനികുമ്പോള്‍  വയറു തടവിയും
വയറു വേദനിക്കുമ്പോള്‍ നെഞ്ച് തടവിയും
ശീലിക്കയാല്‍
ഹൃദയ വേദനയ്ക്
എന്ത് ചെയ്യണമെന്നു
എനിക്ക് അറിയുമായിരുന്നില്ല ....
===============================
ഒറ്റമരം - ലളിതാ ലെനിന്‍
മരം പറഞ്ഞു,മഴക്കാടിന്‍
നെഞ്ചിലൂറും കരിംപച്ച-
പ്പാട്ടിലെന്‍റെ മനം,കിളി-
ക്കൂട്ടിലെന്‍റെ നറുംചിരി.
മരം പറഞ്ഞു,മണം വാരി-
ത്തൂവിയും ചില്ലയാട്ടിയും
കാറ്റിലാത്മസുഖം തമ്മില്‍
പങ്കുവെപ്പതിലെന്‍ പ്രിയം.
ദൂരെ വാനത്തു കണ്‍ചിമ്മും
പൂക്കളേക്കാള്‍ വിരിഞ്ഞു ഞാന്‍
മണ്ണിലാണെന്‍റെ വേരെന്നും
മാ‍നവന്‍ കൂട്ടിനുണ്ടെന്നും.
മേഘരാഗങ്ങള്‍ വീണെന്‍റെ
മേരു ഗര്‍ഭം തുടിച്ചതും
ശീതമാരുതനാലസ്യം
വീശിയാറ്റിപ്പുണര്‍ന്നതും
കാടിളക്കി വരും തേറ്റ-
ക്കൊമ്പ,നെന്‍ കരുമാടിയെ-
ചേര്‍ത്തകിട്ടിലിണക്കിച്ചേര്‍-
ന്നാറ്റിലേക്കാനയിച്ചതും
ഓളമോലും പിന്‍നിലാവാ-
യോര്‍മ്മയില്‍ നിറവെയ്ക്കുന്നു,
കൈമറിഞ്ഞു കലങ്ങുന്നു
തരു സൗഭഗജാതകം!
മുഴക്കോലാല്‍ അളന്നീടാം
സ്നേഹമെന്നു ധരിച്ചവര്‍
വെട്ടിമാറ്റിയ ബന്ധങ്ങള്‍
വാര്‍ന്നഴിഞ്ഞ വനാന്തരം
കന്നു വേര്‍പെട്ട തള്ളയായ്
കുന്നു കേഴുന്നു,തീപാറു-
ന്നമ്മതന്‍ നെഞ്ചിലേകാകി
കൂട്ടരെ കാത്തു നില്പു ഞാന്‍.
==========================
ആത്മഹത്യ - ലളിതാ ലെനിന്‍
-------------------------------------------------
എനിക്കീജീവിതം സുഖമാണെന്നു തോന്നിപ്പോയി-തെറ്റ്!
എല്ലുകളെല്ലാം ഊരിപ്പോയി
ഒരു ഞാഞ്ഞൂലിനെപ്പോല്‍ സുഖമായി, മന്ദം മന്ദം
ഇഴഞ്ഞും പുളഞ്ഞും നടന്നതാണ്
ഇടയ്ക്ക് മരണഭീതിയില്‍ പിടയ്ക്കുന്ന കൃഷിക്കാരന്റെ കാലിലൊന്നു തൊട്ടൂ
വിഷപ്പല്ലുണ്ടെന്ന് അയാള്‍!
തൊണ്ടിനുള്ളില്‍ തെണ്ടി നടക്കുന്ന കല്ലന്‍ ഒച്ചിനോട്
ഒന്നു വഴിമാറിത്തരാന്‍ കേണു.
ഞാഞ്ഞൂളിനും ഊറ്റമോ- അവന്‍ ഒച്ചയുയര്‍ത്തി!

കുളിച്ചു തൊഴുതുവന്ന പൊന്മാന്‍ എന്നെ ഇടംകണ്ണിട്ടപ്പോള്‍
ഉള്ളിലൊരാന്തല്‍! അഴുക്കും മെഴുക്കൂം പുതച്ചുരുണ്ട്
ഒരിലക്കീറിനു താഴെ അമുങ്ങിക്കിടന്നപ്പോള്‍
ഒരു ചെറുമഴതുള്ളി നെഞ്ചില്‍ വീണു
പിന്നെയത് പ്രളയമായി!
ആലിലയില്‍ ഒഴുകി നടക്കുമ്പോള്‍
ഒരെറുമ്പെന്റെ കാലില്‍ കടിച്ചു
വിരുന്നുപോയ് മടങ്ങും വഴി കാക്കയൊന്ന്
കൊത്തിനുണയ്ക്കാന്‍ ചരിഞ്ഞ് വന്നു.
എനിക്കു വയ്യേ! എപ്പോഴുമെപ്പോഴും
ഒളിച്ചും പതുങ്ങിയും നടക്കാന്‍!

ഒരു ഉടല്‍കൊണ്ട് എന്തൊക്കെ നേടാമെന്ന്
എനിക്കിപ്പോള്‍ ഊഹിക്കാം.
എങ്കിലും ജീവിക്കാനാണ് മോഹമെങ്കില്‍
ആത്മഹത്യയേ വഴിയുള്ളൂ !

1 comment:

  1. പരിചയപ്പെടുത്തല്‍ നന്നായി.സ്റ്റേറ്റ് ലൈബ്രറി കൌണ്‍സിലിലും അവര്‍ ഉണ്ടായിരുന്നു..
    ആശംസകള്‍

    ReplyDelete