Friday, August 26, 2016

ചില കാപ്പി വിചാരങ്ങള്‍

ചില കാപ്പി വിചാരങ്ങള്‍
===========
എല്ലാവരും നാലുമണിക്കാപ്പി കുടിച്ചോ ?
ഞങ്ങള്‍ ഹൈറേഞ്ചുകാര്‍ക്ക് ചായയേക്കാള്‍ കാപ്പിയാണു പ്രിയം . പ്രധാനകാരണം അവരവരുടെ വീട്ടില്‍ തന്നെ ഉത്പാദിപ്പിച്ച കാപ്പിക്കുരു വറുത്തുപൊടിച്ചുണ്ടാക്കുന്ന കാപ്പിയാണെന്നതു തന്നെ. ഒരു കലത്തില്‍ തിളച്ച കാപ്പി കുഴിയടുപ്പില്‍ സദാ വെച്ചിരിക്മ്കും. .എപ്പോള്‍ വേണമെങ്കിലും ഞങ്ങള്‍ കാപ്പി കുടിക്കും . വീട്ടില്‍ ആരെങ്കിലും വന്നാലോ, അവര്‍ക്കും കൊടുക്കും ഒരടിയെങ്കിലും ഉയരമുളള ഗ്ലാസ്സ് നിറയെ കാപ്പി. പാലോ, ചിലപ്പോഴെങ്കിലും പഞ്ചസ്സാരയോ നിര്‍ബ്ബന്ധമില്ലെന്നതും ഞങ്ങളുടെ ഒരു പ്രത്യേകമായ കാപ്പിസ്നേഹത്തിന്റെ ഉദാഹരണം. മധുരത്തിനു വേണമെങ്കില്‍ ചക്കര(കരുപ്പെട്ടി)യോ ശര്‍ക്കരയോ ചേര്‍ത്തു കുടിക്കുന്ന ശിലവും ഉണ്ട്. ആരോഗ്യത്തിനും അതാണു നല്ലത്  .എന്തായാലും കാപ്പി കുടിച്ചാല്‍ കിട്ടുന്ന ഉന്മേഷം ഒന്നു വേറെ തന്നെയാണ്. തണുപ്പു കാലത്തു കൊടും തണുപ്പു മാറ്റാനും ഇടയ്ക്കിടെ കാപ്പി കുടിക്കുന്നതു ഒരു ആശ്വാസം . പരീക്ഷക്കാലത്തു പഠിക്കുമ്പോള്‍ ഉറക്കം വരാതിരിക്കാനും കാപ്പി സഹായം ആണ്. 
എല്ലാ വീട്ടിലും കാപ്പി ഉണ്ടെന്നുള്ളതു സത്യം .പക്ഷേ പലപ്പോഴും കൂറച്ചു പിശുക്കു കൂടുതലുള്ളവര്‍ കാപ്പിക്കുരു മുഴുവനും വിറ്റു കാശാക്കിയിട്ട് അതിന്റെ തൊലിയാവും വറുത്തു പൊടിച്ചു കാപ്പിയുണ്ടാക്കുന്നത്. ഒരു സ്വാദുമില്ലാത്ത കാപ്പിയാണത് .ഗുണവും മണവും ഒന്നുമില്ലാത്ത കടുത്ത നിറത്തിലെ വെള്ളം .

എനിക്ക് കാപ്പി കുടിക്കുമ്പോള്‍ കിട്ടുന്ന സന്തോഷത്തേക്കാള്‍  ഓര്‍ക്കാനിഷ്ടമുള്ളത് കാപ്പിപ്പൂക്കളുടെ വെണ്മയും  സുഗന്ധവുമാണ്. മഞ്ഞുകാലത്താണ് കാപ്പിയുടെ വസന്തകാലം .   പൂവിരിയുന്ന പ്രഭാതങ്ങളില്‍ കാപ്പിപ്പൂവിന്റെ സ്വര്‍ഗ്ഗീയസൗരഭ്യം പരിസരമാകെ നിറഞ്ഞു നില്‍ക്കും .
അതനുഭവിക്കുക എന്നത് ജീവിതത്തിലെ തന്നെ ഭാഗ്യനിമിഷങ്ങളാണ്. കാപ്പിയുടെ പൂക്കാലം മൂന്നോ നാലോ ദിവസങ്ങള്‍ മാത്രമേ നീണ്ടു നില്‍ക്കൂ . ആ നാളുകളില്‍ മലഞ്ചെരുവുകളാകെ വെള്ളപ്പട്ടു പുതച്ചു കിടക്കുന്ന നയനാനന്ദകരമാണ്.  പിന്നെ വെളുത്തപൂക്കള്‍ നിറം മങ്ങി ഉണങ്ങിക്കൊഴിയും. അതിനിടയില്‍ പരാഗണം നടന്ന് കാപ്പിപ്പൂക്കള്‍ കായ്കളാകാന്‍ തുടങ്ങിയിരിക്കും അപ്പോള്‍ . കാപ്പി പൂക്കുന്ന കാലത്ത് മഞ്ഞോ ചാറ്റല്‍ മഴയോ പെയ്യുന്നത് നല്ല വിളവിനു വളരെ സഹായകവുമാണ്. കര്‍ണ്ണാടകയില്‍ ഇങ്ങനെ പെയ്യുന്ന മഴ അറിയപ്പെടുന്നതു തന്നെ കാപ്പിപ്പൂവിന്റെ പേരിലാണ്.   ആറേഴു മാസങ്ങളെടുക്കും മരതകമുത്തുകള്‍   പാകമായി പഴുത്തു ചുവന്നു തുടുക്കാന്‍ . റോബസ്റ്റ എന്നയിനം കാപ്പി പാകമാകാന്‍ 9 മാസം വേണ്ടിവരും
 .അറബിക്കാപ്പി വേഗം പഴുത്തു തുടങ്ങും .  കാപ്പിക്കുരു ഒക്കെ കൈ കൊണ്ടു പറിച്ചെടുത്ത് ഉണങ്ങി സൂക്ഷിക്കുകയാണു ചെയ്യുന്നത് .പണ്ടൊക്കെ വീട്ടില്‍ തന്നെ , ആവശ്യമുള്ളപ്പോള്‍ കുരു കുത്തി തൊലികളഞ്ഞു പരിപ്പെടുത്തു വറുത്ത്  പൊടിച്ചായിരുന്നു കാപ്പിപ്പൊടി തയ്യാറാക്കിയിരുന്നത് .ഇപ്പോള്‍ ഉണങ്ങിയ കാപ്പിക്കുരു മില്ലില്‍ കൊടുത്താല്‍ അതിനുള്ള പൊടിയുമായി നിമിഷങ്ങള്‍ക്കകം വീട്ടിലെത്താം .

  ഇപ്പോള്‍ കാപ്പിയേക്കുറിച്ചോര്‍ക്കാനും എഴുതാനും ഇടയാക്കിയത് മറ്റൊരറിവാണ്. അമിതവണ്ണം കുറയ്ക്കാന്‍  കാപ്പി ഉത്തമ ഔഷധമാണത്രേ.  പക്ഷേ വറുത്തുപൊടിച്ച കാപ്പി അല്ല, ഇത്  ഗ്രീന്‍ കാപ്പി. ഗ്രീന്‍ ടീയേക്കുറിച്ചേ ഇത്രകാലവും കേട്ടിരുന്നുള്ളു . ഗ്രീന്‍ കാപ്പി എന്നത് പുതിയ അറിവാണല്ലോ . ഒന്നുകില്‍  പച്ചക്കാപ്പിക്കുരു ജ്യൂസ് ആക്കി കുടിക്കുക. അല്ലെങ്കില്‍ ഉണങ്ങിയ കാപ്പിപ്പരിപ്പ്  അങ്ങനെ തന്നെ പൊടിച്ച് വെള്ളത്തില്‍ തിളപ്പിച്ചു കുടിച്ചാല്‍ മതിയത്രേ.  അതുമല്ലെങ്കില്‍ കാപ്പിപ്പരിപ്പ് വെള്ളത്തില്‍ ഇട്ടു വെച്ച്  കുതിര്‍ത്തശേഷം നന്നായി തിളപ്പിച്ച് ആവെള്ളം കുടിച്ചാലും മതി പോലും . മധുരത്തിന് അല്‍പം തേന്‍ കൂടി ചേര്‍ക്കാം . ഏലത്തിന്റെ മണവും സ്വാദും ഇഷ്ടമുള്ളവര്‍ക്ക് അതും ആകാം. എന്തായാലും പൊണ്ണത്തടി വളരെ വേഗം കുറയ്ക്കാന്‍ ഈ പാനീയത്തിനു കഴിയുമെന്നാണ് ഗ്രീന്‍ കോഫിയുടെ വക്താക്കള്‍ അവകാശപ്പെടുന്നത്. അതു പൂര്‍ണ്ണമായും ശരിയോ എന്ന് പരീക്ഷിച്ചറിയേണ്ടിയിരിക്കുന്നു. പക്ഷേ , ദോഷമൊന്നും വരാന്‍ സാധ്യതയില്ല എന്നു ദീര്‍ഘകാലത്തെ കാപ്പികുടി വ്യക്തമാക്കുന്നു . പിന്നെ ഒന്നു കൂടി ഓര്‍മ്മ വരുന്നു, കാപ്പി ധാരാളം കുടിച്ചിരുന്നതുകൊണ്ടായിരുന്നോ എന്നറിയില്ല, കുട്ടിക്കാലത്തൊന്നും  എന്റെ നാട്ടില്‍ പൊണ്ണത്തടി ഉള്ളവര്‍ ഉണ്ടായിരുന്നില്ല . എന്തായാലും അമിതഭാരം കൊണ്ടു വിഷമമനുഭവിക്കുന്നവര്‍ക്ക് ഈ പുതിയ മാര്‍ഗ്ഗം ആശ്വാസമാകട്ടെ എന്നാശ്വസിക്കാം . 

5 comments:

 1. കാപ്പിവിശേഷം ഇഷ്ടപ്പെട്ടു.
  ആശംസകള്‍

  ReplyDelete
  Replies
  1. സന്തോഷം സര്‍, സ്നേഹം

   Delete
 2. "പൂവിരിയുന്ന പ്രഭാതങ്ങളില്‍ കാപ്പിപ്പൂവിന്റെ സ്വര്‍ഗ്ഗീയസൗരഭ്യം പരിസരമാകെ നിറഞ്ഞു നില്‍ക്കും ."
  enikk ithuvare athu anubhavikkan pattiyittilla

  ReplyDelete
  Replies
  1. ഞങ്ങള്‍ക്കു തന്നെ ആണ്ടില്‍ ആ ഭാഗ്യം ലഭിക്കുന്നത് രണ്ടോ മൂന്നോ ദിവസത്തേയ്ക്കാണു സര്‍ . ആ ദിവസങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കാനും കഴിയില്ല. അതുകൊണ്ടാണ് അതൊരു ഭാഗ്യമാണെന്നു ഞാന്‍ പറഞ്ഞതും . സന്തോഷം സര്‍, സ്നേഹം

   Delete
 3. "പൂവിരിയുന്ന പ്രഭാതങ്ങളില്‍ കാപ്പിപ്പൂവിന്റെ സ്വര്‍ഗ്ഗീയസൗരഭ്യം പരിസരമാകെ നിറഞ്ഞു നില്‍ക്കും ."
  enikk ithuvare athu anubhavikkan pattiyittilla

  ReplyDelete