Sunday, April 7, 2019

കനൽ സ്‌കൂൾഡയറി - ഓർമ്മകൾ

കനൽ സ്‌കൂൾഡയറി  - ഓർമ്മകൾ
==============================

എന്റെ സ്‌കൂൾജീവിതത്തിലെ മറക്കാനാവാത്ത ഓർമ്മകളിൽ ഒരു മൾബെറിക്കഥയുണ്ട്.
ഏഴാം ക്‌ളാസിൽ പഠിക്കുമ്പോഴായിരുന്നു ആ സംഭവം. ഞാൻ ഐഡി പുതുതായി ചേർന്ന  കുട്ടിയാണ്. സ്‌കൂളിലെ ചിട്ടവട്ടങ്ങളുമായി  പരിചയമായി വരുന്നതേയുള്ളു. എന്റെ അച്ഛനും അദ്ധ്യാപകനായിരുന്നതുകൊണ്ട് ഞാൻ പഠിച്ച സ്‌കൂളുകളിലൊക്കെ അച്ഛന്റെ സഹപാഠികളോ സഹപ്രവർത്തകരോ സുഹൃത്തുക്കളോ ഒക്കെയായിരുന്നു എന്റെ അദ്ധ്യാപകരും. പക്ഷേ  അവിടുത്തെ കണക്കദ്ധ്യാപകൻ,തിരുവനന്തപുരം സ്വദേശിയായ  ശിവതാണുപിള്ള സർ എനിക്ക് മുന്പരിചയമുള്ളയാൾ ആയിരുന്നില്ല. എങ്കിലും വളരെ പെട്ടെന്നുതന്നെ ഞാൻ സാറിന്റെ ഇഷ്ടഭാജനമായി.
ഉച്ചഭക്ഷണം  കഴിക്കാൻ ഞാൻ സ്‌കൂളിനടുത്തുള്ള ഞങ്ങളുടെ കുടുംബസുഹൃത്തിന്റെ  വീട്ടിലായിരുന്നു പോയിരുന്നത്. മറ്റുകുട്ടികൾ അടുത്തെതെങ്കിലും കിണറിന്റെ അടുത്തോ തോട്ടുവക്കത്തോ പോയിരുന്നു ഭക്ഷണം കഴിച്ചിരുന്നു. ഉണ്ണാൻ  പോകുമ്പോൾ അടുത്തുള്ള തൊടികളിൽ കായ്കനികൾ പറിച്ചെടുത്തു കഴിക്കുന്നത് കുട്ടികളുടെ ഒരു സ്ഥിരം വിനോദമാണല്ലോ. എന്റെ കൂട്ടുകാരും ഒട്ടും മോശമായിരുന്നില്ല.
ഒരുദിവസം ഉച്ചകഴിഞ്ഞുള്ള ആദ്യത്തെ പീരിയഡ് കണക്കായിരുന്നു. ബെല്ലടിച്ചയുടനെ  ശിവതാണുപിള്ളസാർ പതിവുപോലെ തന്റെ പുസ്തകവും ചോക്കും പിന്നൊരു ചൂരൽവടിയുമായി ക്‌ളാസ്സിലെത്തി. കസേരയിലിരിക്കാൻ നോക്കിയപ്പോൾ അതിൽ രണ്ടുമൂന്നു പഴുത്ത മൾബെറിപ്പഴങ്ങൾ. അതുകണ്ടതേ സാറിന്റെ മുഖത്തു  കോപം ഇരച്ചുകയറി.
"ആരാണിതിവിടെ ഇട്ടത്?" സർ മുഴങ്ങുന്ന ശബ്ദത്തിൽ ചോദിച്ചു.
ക്ലാസ്സിലാകെ കനത്ത നിശ്ശബ്ദത.
സർ ചോദ്യം കൂടുതലുച്ചത്തിൽ ആവർത്തിച്ചു.
ഒരു മറുപടിയുമില്ല.
" ഓൾ സ്റ്റാൻഡ് അപ് " ഇടിമുഴക്കം പോലെ സർ കല്പിച്ചു   .
 എല്ലാവരും എഴുന്നേറ്റു നിന്നു.
"ഉച്ചയ്ക്ക്   ക്ലാസ്സിനു പുറത്തുപോകാത്തവർക്ക് ഇരിക്കാം"
ഒരാൺകുട്ടിയും രണ്ടു പെൺകുട്ടികളും ഇരുന്നു. അവർ മൂന്നുപേരും ഉച്ചഭക്ഷണം കൊണ്ടുവന്നിരുന്നില്ല. സർ വടിയുമായിവന്ന്  കൈ നീട്ടാൻ ആവശ്യപ്പെട്ടു. നീട്ടിയ കൈകളിലൊക്കെ സർ ആഞ്ഞടിച്ചു. ആദ്യം ആൺകുട്ടികളുടെ ഭാഗത്തായിരുന്നു ദണ്ഡനയജ്‌ഞം. പിന്നീട് പെൺകുട്ടികളുടെ ഭാഗത്തേക്കു വന്നു. എല്ലാവരും പേടിച്ചുനിൽക്കയാണ്. ഞാനും. ഒടുവിൽ എന്റെ ഊഴമായി. അടിവാങ്ങുന്ന കാര്യം എനിക്കോർക്കാൻകൂടി പറ്റുന്നില്ല.  എങ്ങനെയോ ധൈര്യം സംഭരിച്ചു ഞാൻ വിക്കിവിക്കി  പറഞ്ഞു.
" സർ ഞാൻ മൾബെറി പറിച്ചിട്ടുമില്ല തിന്നതുമില്ല. ക്‌ളാസിൽ കൊണ്ടുവന്നിട്ടുമില്ല"
കൂടുതൽ കോപത്തോടെ എന്നെ നോക്കി സർ പറഞ്ഞു
"നീ അവിടെ മേശയുടെ അടുത്തുപോയി നിൽക്ക്"
വിറച്ചുകൊണ്ട് ഞാൻ മേശയുടെ അടുത്തുപോയി നിന്നു.
എല്ലാവർക്കും  അടികൊടുത്തിട്ടു സർ മേശയുടെ അടുത്തേക്ക് വന്നു. എന്നോട് തിരിഞ്ഞുനിൽക്കാൻ പറഞ്ഞു. ഞാൻ തിരിഞ്ഞു നിന്നയുടനെ സാറിന്റെ ചൂരൽ എന്റെ രണ്ടുകാലിന്റെയും പിൻഭാഗത്ത്  രണ്ടുപ്രാവശ്യം ആഞ്ഞുപതിച്ചു. വേദനകൊണ്ടു പുളഞ്ഞ് ഞാൻ  കരഞ്ഞുപോയി.
"ഉം പൊയ്‌ക്കോ " സർ ആജ്ഞാപിച്ചു.
ഞാൻ പോയി എന്റെ ഇരിപ്പിടത്തിലിരുന്നു. വേദനയും അപമാനവും ഒക്കെക്കൊണ്ട് എനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല. അന്ന് സർ പഠിച്ചതൊന്നും ശ്രദ്ധിക്കാൻ എനിക്ക് കഴിഞ്ഞതുമില്ല. രണ്ടുകാലിലും  അടിയുടെ രണ്ടു പാടുകൾ  തിണർത്ത് ചോരപൊടിഞ്ഞു കിടന്നിരുന്നു.
സ്‌കൂൾജീവിതത്തിൽ ആദ്യമായും അവസാനമായും എനിക്കുകിട്ടിയ ആ രണ്ടടി ഞാനൊരിക്കലും മറക്കില്ല. അത്രവലിയ ശിക്ഷ ലഭിക്കാൻ ഞാൻ ചെയ്ത തെറ്റെന്തെന്ന് ഇന്നും എനിക്ക് മനസ്സിലായിട്ടുമില്ല.
പക്ഷേ വർഷാവസാനമായപ്പോഴേക്കും ഞാനായിരുന്നു സാറിന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥിനി എന്നത് ഞാനഭിമാനത്തോടെ ഓർമ്മിക്കുന്നു.


No comments:

Post a Comment