Wednesday, December 27, 2023

 

തൊട്ടു - തൊട്ടില്ല .... 

*****************

സ്പർശനം പലവിധേനയാണ് നമ്മെ സ്വാധീനിക്കുന്നത്.  ഒരു ഇളംകാറ്റു തഴുകിത്തലോടിക്കടന്നുപോകുമ്പോൾ - ഹാ! എന്തൊരനുഭൂതിയാണ്! എന്നാൽ ഒരു മുള്ളുകൊണ്ടാലോ? നിർത്താതെ കരയുന്ന പൈതലിനെ അമ്മയൊന്നെടുത്താൽ മതി കരച്ചിൽനിർത്തി ശാന്തമാക്കാൻ. പ്രിയപ്പെട്ടവർ സ്നേഹപൂർവ്വം ശരീരത്തിൽ സ്പർശിച്ചാൽ ആശ്വാസവും ആഹ്ലാദവും തോന്നുമ്പോൾ   ഒരന്യവ്യക്തിയുടെ സ്പർശനം അങ്ങേയറ്റം ജുഗുപ്സാവഹവുമായിരിക്കും. ആൾത്തിരക്കിലോ ധൃതിയിലുള്ള സഞ്ചാരങ്ങളിലോ നമ്മൾ അതത്ര കാര്യമാക്കാറില്ലെന്നുമാത്രം. ഹസ്തദാനംപോലും നമ്മുടെ രീതിയല്ല. പകരം തൊഴുകൈകളോടെയാണ് മറ്റൊരാളെ ആശംസിക്കുന്നതും സ്വാഗതം ചെയ്യുന്നതുമൊക്കെ. (കൊറോണക്കാലത്ത് മറ്റു രാജ്യങ്ങളും ഇത് അനുകരിച്ചുവെന്നതും ശ്രദ്ധിക്കപ്പെടേണ്ടകാര്യം തന്നെ.) 


  അടുത്തകാലത്തു  വാർത്താപ്രധാന്യംനേടിയ കാര്യമാണല്ലോ ശ്രീ സുരേഷ് ഗോപി മാധ്യമപ്രവർത്തകയെ തഴുകിസംസാരിച്ചത്. സുരേഷ് ഗോപി എങ്ങനെയുള്ള വ്യക്തിയാണെന്നോ അദ്ദേഹത്തിന്റെ  മാന്യതയുടെ അളവോ മാനസികാവസ്ഥയോ  ഒന്നും ഇതിലെ ശരിതെറ്റുകളെ  നിർണ്ണയിക്കാൻ ഒരു ഘടകമാകുന്നില്ല.  ശരീരം എന്നത് ഒരു വ്യക്തിയുടെ തികച്ചും സ്വകാര്യതയായിരിക്കെ, അനുവാദം കൂടാതെ അന്യരുടെ  ശരീരത്തിൽ സ്പർശിക്കുന്നത് അങ്ങേയറ്റം തെറ്റുതന്നെ. ഒരന്യപുരുഷന്റെ സ്പര്ശനം ഒരു സാധാരണസ്ത്രീക്ക് തികച്ചും അരോചകമായിരിക്കും. അതൃപ്തി പ്രകടമാക്കിയിട്ടും വീണ്ടും അതിനായിത്തുനിഞ്ഞെന്നത് ആ തെറ്റിന്റെ വ്യാപ്തി കൂട്ടുകയും ചെയ്യുന്നു. പക്ഷേ ഇവിടെ മറ്റൊരുകാര്യം കൂടി എനിക്കു  തോന്നിയത് പറയാതെ വയ്യ. തനിക്കിഷ്ടപ്പെടാത്ത കാര്യം ഒരാൾ ചെയ്യുമ്പോൾ ശക്തമായി താക്കീത് ചെയ്യാൻ  ഒരു 'അരുത്' ആ പെൺകുട്ടിക്കു പറയാമായിരുന്നു. അതുചെയ്യാതെ പിന്നെയെപ്പൊഴോ ബോധോദയം വന്നതുപോലെ പരാതിയും കേസുമൊക്കെയായത് ഒരു പ്രഹസനമായിത്തോന്നി. 


മറ്റൊരുകാര്യം താൻ ചെയ്തത് തെറ്റാണെന്നു ബോധ്യംവന്നതുകൊണ്ടോ, തന്റെ ചെയ്തി മറ്റൊരാളെ വിഷമിപ്പിച്ചു എന്ന ബോധ്യത്തിലോ സുരേഷ് ഗോപി പരസ്യമായി നിരുപാധികം മാപ്പു പറഞ്ഞു എന്നതും അതിൽ പ്രസ്തുത മാധ്യമപ്രവർത്തക അതൃപ്തി പ്രകടിപ്പിച്ചതുമാണ്. മാപ്പുപറയാൻ എല്ലാവർക്കും  സാധിക്കില്ല. മനസ്സിൽ നൈർമല്യവും എളിമയുമുള്ളവർക്കുമാത്രം സാധിക്കുന്ന ഒന്നാണത്. എല്ലാവരും തെറ്റുചെയ്തിട്ടല്ല മാപ്പുപറയാറുള്ളത്. ചെയ്തത് തെറ്റാണെന്നു ബോധ്യം വന്നു മാപ്പുപറയുന്നത് സത്യസന്ധതയാണെങ്കിൽ   താൻ  ചെയ്തത്  തെറ്റല്ല എന്ന് തികച്ചും ബോധ്യമുണ്ടെങ്കിലും താൻ മൂലം മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടായാൽ മാപ്പുപറയുന്നത് മനസ്സിലെ മഹത്വംകൊണ്ടുതന്നെയാണ്. ചെയ്തത് തെറ്റാണെന്നോ അല്ലെന്നോ ഉള്ള  സംശയത്തോടെയും മാപ്പുപറയുന്നത് ഒരു ബന്ധം നിലനിർത്താനുള്ള ആത്മാർത്ഥമായ ആഗ്രഹംകൊണ്ടുമായിരിക്കും. അറിഞ്ഞുകൊണ്ടു ചെയ്ത തെറ്റിനും പശ്ചാത്തപിച്ചു  മാപ്പപേക്ഷ നടത്തുന്നത് ഒരു പ്രായശ്ചിത്തംതന്നെ.  മാപ്പപേക്ഷയെ നിഷ്കരുണം നിരാകരിക്കുന്നത് മാന്യതയുള്ള പ്രതികരണമല്ലതന്നെ. പരസ്പരം കൊണ്ടും കൊടുത്തും കണ്ടും കാണാതെയുമൊക്കെയേ  സാമൂഹ്യജീവിയായ മനുഷ്യന് ജീവിച്ചുപോകാന് കഴിയൂ. 


ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതുതന്നെ നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ ന്യൂനതകൾകൊണ്ടാണ്. നമ്മുടെ വിദ്യാലയങ്ങളിൽ ദിനംതോറും വിദ്യാർത്ഥികൾ എന്തൊക്കെയോ പഠിച്ചുകൂട്ടുന്നു. പലപ്പോഴും സമൂഹത്തിൽ ജീവിക്കേണ്ടതെങ്ങനെയെന്ന കാര്യത്തിൽ അടിസ്ഥാനപാഠങ്ങൾപോലും പഠിക്കുന്നുമില്ല. ചരിത്രത്തിലെ യുദ്ധങ്ങളോ ശാസ്ത്രപുസ്തകങ്ങളിലും പരീക്ഷണശാലകളിലും കണ്ടെത്തുന്ന ശാസ്ത്രതത്വങ്ങളോ തലയിൽക്കയറാത്ത ഗണിതസമവാക്യങ്ങളോ ഒന്നും നിത്യജീവിതത്തിൽ അവരെ  തുണയ്ക്കുന്നില്ല. കേവലജ്ഞാനസമ്പാദനം മാത്രമല്ല വിദ്യാഭ്യാസം, പ്രത്യുത തനിക്കും സമൂഹത്തിനും ഗുണപ്രദമായ വിധത്തിൽ ജീവിക്കാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുംവിധം തിരിച്ചറിവുകൾ നൽകുകകൂടിയാണത്.  സംസ്കാരമുള്ള ഒരു ജനസമൂഹത്തിൽ എങ്ങനെ ആരോഗ്യകരമായി പെരുമാറണമെന്നും അതല്ലാതെയുള്ള പെരുമാറ്റങ്ങളെ  എങ്ങനെ നേരിടണമെന്നുമൊക്കെ വിദ്യാർഥികൾ  അറിഞ്ഞിരിക്കേണ്ടതല്ലേ. മൂന്നോ നാലോ അംഗങ്ങളുള്ള ഒരു കുടുംബത്തിൽനിന്ന് എല്ലാം അവർക്കു പഠിക്കാനായെന്നു വരില്ല. പൗരബോധവും പൗരധർമ്മവുമൊക്കെ പഠിക്കാനുള്ള  ഏറ്റവുംനല്ല വേദി വിദ്യാലയങ്ങൾതന്നെ. പാഠ്യപദ്ധതി അല്പം ദീർഘവീക്ഷണത്തോടെ രൂപപ്പെടുത്താൻ അധികൃതർ തയ്യാറാവണമെന്നുമാത്രം.


അടുത്തകാലത്ത് വിദ്യാലയങ്ങളിൽ ആരംഭിച്ചു നടപ്പാക്കിവരുന്ന  ലൈംഗികവിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികളെ നല്ലതും ചീത്തയുമായ സ്പര്ശനത്തെക്കുറിച്ചു പഠിപ്പിക്കാറുണ്ട്. ശരീരഭാഗങ്ങളെ  അടിസ്ഥാനമാക്കിയാണ് ഈ വേർതിരിവ് നിര്വചിക്കപ്പെട്ടിരിക്കുന്നത്. നീന്തൽവസ്ത്രമോ അടിവസ്ത്രങ്ങളോ  മറയ്ക്കുന്ന ശരീരഭാഗങ്ങളിലെ സ്പര്ശനം പൊതുവെ ചീത്ത സ്പർശനമായി  മനസ്സിലാക്കിക്കൊടുക്കുന്നു. എന്നാൽ ഈ വിവേചനത്തിൽ  കുഞ്ഞുങ്ങളുടെ ചിന്തകൾക്കോ വികാരങ്ങൾക്കോ  പ്രാധാന്യം ലഭിക്കുന്നില്ല. മോശം ഉദ്ദേശ്യത്തോടെ ആളുകൾക്ക് സ്വകാര്യ ഭാഗങ്ങളിൽ മാത്രമല്ല സ്പർശിക്കാൻ കഴിയുന്നത്.  ഈ വേർതിരിവിനെ  കുറച്ചുകൂടി യാഥാർത്ഥ്യബോധത്തോടെ സമീപിച്ച് സുരക്ഷിതമെന്നും സുരക്ഷിതമല്ലാത്തതെന്നും വിഭജിചചിരിക്കുന്നതായും കാണാം      . ഇവിടെ ഒരാൾ എവിടെ സ്പർശിക്കുന്നു എന്നതിലുപരിയായി, കുട്ടിക്ക് ആ അവസരത്തിൽ അതെങ്ങനെ അനുഭവേദ്യമാകുന്നു   എന്നതിനാണു പ്രാധാന്യം. സന്തോഷവും സ്വാസ്ഥ്യവും നൽകുന്ന സ്നേഹമസൃണമായ സ്പർശനങ്ങൾ  സുരക്ഷിതമെന്നും അസ്വസ്ഥതയോ വേദനയോ ഭീതിയോ തോന്നിപ്പിക്കുന്നവ  സുരക്ഷിതമല്ലാത്ത സ്പർശനങ്ങൾ എന്നും  കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാറുണ്ട്. അപ്പോഴും  ചില അനുഭവസാക്ഷ്യങ്ങൾ ചിന്താക്കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ലൈംഗികാവയങ്ങൾ സ്പർശനസുഖമേകുന്നു എന്നതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾ ചിലപ്പോൾ അത്തരം സ്പർശനങ്ങൾ സുരക്ഷിതമെന്നു  തെറ്റിദ്ധരിക്കാനിടയുണ്ട്. (നവമാദ്ധ്യമങ്ങളിലെ പ്രശസ്തയായൊരെഴുത്തുകാരി തന്റെ  കുഞ്ഞുമകൾക്ക് സ്വന്തം പിതാവില്നിന്നുതന്നെ ഇത്തരമൊരനുഭവം ഉണ്ടായത് തന്റെ പുസ്തകത്തിൽ പരാമര്ശിക്കുകയുണ്ടായി). എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ചികിത്സതേടേണ്ടിവരുന്ന സന്ദർഭങ്ങളിലും മറ്റും വേദനാജനകമായ സ്പര്ശനങ്ങൾ സുരക്ഷിതമല്ല എന്നും ധരിച്ചേക്കാം.    നിരന്തരമായ ആശയവിനിമയങ്ങളിലൂടെ മാത്രമേ കുഞ്ഞുങ്ങളെ ഇതൊക്കെ ബോധ്യപ്പെടുത്താൻ സാധിക്കുകയുള്ളു. പരിചയസമ്പന്നരായ മനഃശാസ്ത്രവിദഗ്ദ്ധരുടെ ഇക്കാര്യത്തിൽ അത്യന്താപേക്ഷിതമാണ്. 

തനിക്കു സ്വീകാര്യമല്ലാത്ത ഏതൊരു സ്പര്ശനത്തെയും വളരെ  ഉറക്കെയുള്ള ഒരു 'അരുത്' കൊണ്ട് ഒഴിവാക്കാൻ ഓരോ കുഞ്ഞിനേയും പരിശീലിപ്പിക്കണം. ശബ്ദമുയർത്തുമ്പോൾ തീർച്ചയായും അതു  മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാനിടയാവുകയും അവരുടെ സഹായം ലഭ്യമാവുകയും ചെയ്യും. മറ്റുള്ളവരുടെ അസാന്നിധ്യത്തിൽ തനിക്കു നേരിടേണ്ടിവരുന്ന ഇത്തരം  ദുരനുഭവങ്ങളെക്കുറിച്ചു മാതാപിതാക്കളോടോ അദ്ധ്യാപകരോടോ പറയാനുള്ള ധൈര്യവും സ്വാതന്ത്ര്യവും   അവർക്കെപ്പോഴും ഉണ്ടാവുകയും വേണം. കുഞ്ഞുങ്ങളിൽ പെട്ടെന്നുണ്ടാകുന്ന വൈകാരികമാറ്റങ്ങളെ രക്ഷിതാക്കൾ ഗൗരവത്തോടെ പഠനവിധേയമാക്കുകയും കാരണം കണ്ടെത്തി കുഞ്ഞുങ്ങളുടെ മനസ്സിനു മുറിവേൽക്കാത്തവിധം സമാധാനപരമായി  പരിഹരിക്കാൻ ശ്രമിക്കുകയും വേണം. ഒപ്പം    അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിൽ തൊടരുതെന്ന നല്ല പാഠവും അവർക്കു പറഞ്ഞുകൊടുക്കാം.   വീട്ടിൽനിന്നുതുടങ്ങി വിദ്യാലയങ്ങളിൽ തുടർന്നുപോകേണ്ട സമഗ്രമായ ലൈംഗികവിദ്യാഭ്യാസത്തിന്റെ സദ്‌ഫലങ്ങൾ നമ്മുടെ കുഞ്ഞുങ്ങൾ അനുഭവിച്ചറിയട്ടെ. നമുക്കോരോരുത്തർക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ടെന്നും ഓർമ്മയിൽ സൂക്ഷിക്കാം. 

.... metro mirror, october 2023 



No comments:

Post a Comment