അപ്സരനൃത്തവും ആനക്കളിയും
********************************
കഥകളൊക്കെ കേട്ട്, നൂങ് നൂച്ച് ഗ്രാമത്തിലേക്കെത്തിയത് അറിഞ്ഞതേയില്ല. സമയം ഏറെ വൈകിയിരുന്നതുകൊണ്ട് ഉച്ചഭക്ഷണം കഴിക്കാനായാണ് ആദ്യം പോയത്. അതിനുശേഷം ഒരു ക്ലാസിക്കൽ ഡാൻസ് ഷോ കാണാനാണ് പോകേണ്ടത്. പക്ഷേ അതിനു അല്പം സമയംകൂടിയുള്ളതിനാൽ റോഡിനെതിർവശത്തുള്ള പഴം-പച്ചക്കറി ചന്തയിലേക്കൊന്നു പോയിവരാൻ ഗൈഡ് നിർദ്ദേശംതന്നു. ഞങ്ങളെല്ലാവരും അങ്ങോട്ടേക്കുപോയി. നമുക്ക് പരിചയമുള്ളതും അല്ലാത്തതുമായ ധാരാളം പഴങ്ങളും പച്ചക്കറികളും അവകൊണ്ടുള്ള വിഭവങ്ങളുമൊക്കെ അവിടെ ധാരാളമായി വില്പനക്ക് വെച്ചിട്ടുണ്ട്. ദുര്യൻ എന്ന പഴവും ഉണ്ടായിരുന്നു. അതൊന്നും രുചിച്ചുനോക്കാനായി കുറച്ചു വാങ്ങിനോക്കി. അരിപ്പൊടിയും പഞ്ചസ്സാരയും സവാളയും വെളുത്തുള്ളിയും ചേർത്ത് അരച്ചെടുത്ത് കഴിച്ചാലെന്നപോലരു സ്വാദുള്ള വസ്തു. അതൊക്കെച്ചേർന്ന രൂക്ഷമായൊരു ഗന്ധവും. അതുകഴിച്ച ആർക്കുംതന്നെ ആ സ്വാദും ഗന്ധവും ഇഷ്ടമായില്ല. എങ്കിലും അതിന്റെ കുരു ഞാൻ കൈയിലെടുത്തു. നാട്ടിൽകൊണ്ടുവന്നു നട്ടുപിടിപ്പിക്കാൻ. ഒരാവശ്യവുമില്ലാത്തകാര്യം! അപ്പോഴേക്കും നൃത്തത്തിന്റെ സമയമായി. ഗൈഡ് തന്ന ടിക്കറ്റുമായി ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു. പെട്ടെന്ന് കടത്തിവിടുന്ന സ്ത്രീ ഉച്ചത്തിൽ ആക്രോശിച്ചു 'നിങ്ങളുടെ കൈയിൽ ദുര്യനുണ്ടോ, എങ്കിൽ വേഗം പുറത്തുപോകൂ' എന്നു. ഞങ്ങൾവേഗം പുറത്തിറങ്ങി ആ കുരു മാലിന്യക്കുട്ടയിൽ നിക്ഷേപിച്ച് കൈകഴുകിച്ചെന്നപ്പോൾ ടിക്കറ്റ് വാങ്ങി അകത്തുകടത്തി. ദുര്യന്റെ രൂക്ഷഗന്ധം അന്നാട്ടിലെ ജനങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാമെങ്കിലും മറ്റുള്ളവർക്ക് പൊതുവേ അത് സ്വീകാര്യമല്ല. അതിനാൽ വിമാനത്തിലോ മാളുകളിലോ മറ്റു പൊതുവേദികളിലോ ഒന്നും ദുര്യനു പ്രവേശനമില്ല. ധാരാളം വിദേശികൾ വരുന്ന സ്ഥലമായതിനാലാണ് അവർ ഞങ്ങളെ പുറത്താക്കിയത്.
ഹിന്ദുപുരാണേതിഹാസങ്ങളുമായി ബന്ധപ്പെട്ട കഥകളുടെ പശ്ചാത്തലമുള്ളതാണ് അവതരിപ്പിക്കപ്പെട്ട നൃത്തങ്ങൾ. അപ്സരനൃത്തമാണ് അതിൽ പ്രധാനം. വർണ്ണാഭമായ വേഷഭൂഷാദികൾ വളരെ ആകർഷകമാണ്. നർത്തകിമാരുടെ കൈവിരലുകൾക്ക് നല്ലനീളവും അസാമാന്യമായ വഴക്കവുമുണ്ട്. നീണ്ടനഖങ്ങളുംകൂടിയാവുമ്പോൾ വിരലുകളുടെ ചലനങ്ങൾ മനോഹരമാണ്. ശരീരചലനങ്ങളെക്കാൾ കൈകളുടെയും വിരലുകളുടെയും ചലനങ്ങൾക്കാണ് മുൻതൂക്കം. പുരുഷനർത്തകൾ ആയോധനകലകളും ചേർത്താണ് നൃത്തങ്ങൾ അവതരിപ്പിക്കുന്നത്. അവരുടെ ഹനുമാന് നമ്മുടെ ഹനുമാനുമായി ഒരു സാമ്യവുമില്ല. ആകെക്കൂടി നോക്കിയാൽ നൃത്തങ്ങൾ അത്ര ഗംഭീരമെന്നൊന്നും എനിക്ക് തോന്നിയില്ല. വിദേശസഞ്ചാരികളെ ഒന്നു പിടിച്ചിരുത്താനുള്ളൊരു തട്ടിക്കൂട്ടുപരിപാടിയാണ് എന്നുതോന്നുന്നു. നമ്മുടെ കഥകളിക്കും ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനുമൊന്നും ഏഴയലത്തെത്തില്ല ഇതൊന്നും. രാജസ്ഥാനിലും ഗുജറാത്തിലുമൊക്കെയുണ്ട് സഞ്ചാരികളെ ആകർഷിക്കാനുള്ള ഇത്തരം നൃത്തപരിപാടികൾ.
നൃത്തപരിപാടിക്കുശേഷം ആനകളുടെ പ്രകടനം കാണാനുള്ള ടിക്കറ്റ് ആണ് കിട്ടിയത്. ഒരു വലിയ വേദിക്കു ചുറ്റുമായി മൂന്നുവശത്തും തട്ടുകളായി ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. നിറയെ കാണികൾ. സമയമായപ്പോൾ വലിയ ആനകളും കുട്ടിയാനകളും ചേർന്ന് ഒരു സംഘം അതാ ഘോഷയാത്രയായി വരുന്നു. മുന്നിൽപോകുന്ന ആനയുടെ വാലിൽ പിന്നാലെവരുന്നആനയുടെ തുമ്പിക്കൈ കോർത്താണ് ഈ പരേഡ്. വേദിക്കുചുറ്റുമായി ഈ ഘോഷയാത്രകടന്നുപോകുന്ന കാഴ്ച രോമാഞ്ചജനകംതന്നെ! പരേഡ് കഴിഞ്ഞപ്പോൾ ബലൂൺപൊട്ടിക്കലായി. ഒരു വലിയ ഫ്രെയിമിൽ പിടിപ്പിച്ചിരിക്കുന്ന വീർത്തബലൂണുകൾ ഓരോ ആനകളായിവന്ന് തുമ്പിക്കൈകൊണ്ട് ഒരടിയോളം നീളമുള്ളൊരു വടിയെറിഞ്ഞു പൊട്ടിക്കുകയാണ് ചെയ്യുന്നത്. ചിലതൊക്കെ പൊട്ടും ചിലത് പൊട്ടില്ല.
പിന്നീട് ആനകളുടെ തുമ്പിക്കൈയിൽ വലിയൊരു വളയം ഇട്ടുകൊടുത്തു. അതുകറക്കിക്കൊണ്ടുള്ള ആനകളുടെ നൃത്തമായിരുന്നു. അതിനുശേഷം ആനകളുടെ ചിത്രകലാപ്രകടനം. തുമ്പിക്കൈയിൽ ബ്രഷ് പിടിച്ച് നിറങ്ങൾകൊണ്ട് കാൻവാസിൽ മരങ്ങൾ വരച്ചായിരുന്നു അത്. പിന്നീട് ആനകളുടെ ബാസ്കറ്റ് ബോൾ കളിയായിരുന്നു. വലിയ ആനകൾ ദൂരെനിന്നും കുഞ്ഞാനകൾ ബാസ്കറ്റിനടുത്തുപോയിനിന്നുമാണ് ബോൾ ഇടുന്നത്. അവർ ഭംഗിയായി കളിച്ചു. പക്ഷേ ഒറ്റയൊരു പന്തുപോലും ബാസ്കറ്റിൽ വീണില്ല. ഒടുവിൽ ഒരാനക്കുട്ടി ബാസ്കറ്റിനടുത്തേക്കുചെന്നു പന്ത് അതിലേക്കിട്ടു. കാണികൾ കരഘോഷം മുഴക്കി.
അടുത്തതായി കാണികളിൽ ചിലരെ ആനകളുടെ തുമ്പികൈകൾ ചേർത്തുപിടിച്ച് അതിൽ ഇരുത്തുന്ന ഒരു കളിയാണ്. ധൈര്യശാലികളായ ചിലർ അതിനു പങ്കെടുത്തു. ആനകൾ തുമ്പിക്കൈയിൽ കോരിയെടുക്കുന്നുമുണ്ട്. പിന്നീട് ആനകളുടെ ചവുട്ടിതിരുമ്മലാണ്. കൂടുതൽ ധൈര്യമുള്ളവർ താഴെ നിലത്തുവിരിച്ച പായയിൽ കിടന്നു മറ്റൊരു ഷീറ്റുകൊണ്ടു പുതയ്ക്കും. ആ പുതപ്പിനുമേലാണ് ആന കാലുകൊണ്ട് തിരുമ്മുന്നതും തുമ്പിക്കൈയുടെ തുമ്പുകൊണ്ട് തലോടുന്നതും. ചിലരുടെ മുകളിൽക്കൂടി ആനകൾ കവച്ചുകടക്കുന്നുമുണ്ട്. പണ്ടൊക്കെ ഉത്സവപ്പറമ്പുകളിൽ, കുട്ടികളുടെ പേടിമാറ്റാൻ ആനയുടെ കാലിനിടയിലൂടെ അവരെയെടുത്തു മറികടക്കുന്ന കാഴ്ച എനിക്കോർമ്മവന്നു.
ഇടയ്ക്ക് ആനകൾ കാണികൾക്കുനേരെ തുമ്പികൈയ്യുമായിവരും. അവിടെയുള്ള പഴക്കച്ചവടക്കാരിൽനിന്നു പഴംവാങ്ങി നമുക്ക് കൊടുക്കുകയുമാവാം. പിന്നീട് പാട്ടിനൊത്തുള്ള ആനനൃത്തവും അങ്ങനെ ചില പ്രകടനങ്ങളും. എല്ലാവരും അതൊക്കെ നന്നായി ആസ്വദിച്ചു. സയാം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന വെള്ളാനകൾ ഒന്നുപോലുമില്ലായിരുന്നു ഇക്കൂട്ടത്തിൽ. ഗൈഡിനോട് അതിനെക്കുറിച്ചു ചോദിച്ചപ്പോൾ പറഞ്ഞത് രാജ്യത്തുതന്നെ വെള്ളാനകൾ ഇല്ലെന്നാണ്. പക്ഷേ അതത്ര ശരിയാണെന്നു എനിക്ക് തോന്നിയില്ല. ഗൂഗിളിലെ അന്വേഷണങ്ങളിൽ തായ്‌ലണ്ടിന്റെ വടക്കുഭാഗങ്ങളിലുള്ള ആനസംരക്ഷണകേന്ദ്രങ്ങളിൽ വെള്ളാനകൾ ഉണ്ടെന്നാണ് കാണുന്നത്. അതുപോലെ ഫുക്കറ്റിലും ഉണ്ടത്രേ!
ഈ ആനക്കളികളൊക്കെ നടന്നത് ഉയരത്തിൽ മേൽക്കൂരയുള്ള വലിയൊരു ഹാളിലാണ്. വെയിൽകൊണ്ടു വിഷമിക്കണ്ട കാര്യം ഇവിടുത്തെ ആനകൾക്കില്ല. അതുപോലെ പരിശീലകരും ആനകളോട് സൗമ്യവും സ്നേഹപൂർണ്ണവുമായ പെരുമാറ്റമാണ് കാഴ്ചവെക്കുന്നത്. സമയാസമയങ്ങളിൽ ഭക്ഷണപാനീയങ്ങൾ നൽകി അവയെ സംരക്ഷിക്കുന്നുമുണ്ട്. നമ്മുടെ നാട്ടിലെ ആനകളോട് നമ്മളെന്തിനാണിത്ര ക്രൂരത കാട്ടുന്നതെന്ന് ഓർക്കാതിരുക്കുന്നതെങ്ങനെ! (ഇങ്ങനെയൊക്കെയാണെങ്കിലും ഇവിടുത്തെ ഈ ആനകളോട് ക്രൂരതകാട്ടുന്നു എന്നുപറഞ്ഞു 2019 ലോ മറ്റോ വലിയ പ്രക്ഷോഭങ്ങളൊക്കെ നടന്നിരുന്നു. ഒരാനയെ പ്രസവസമയത്ത് കാലുകൾ ബന്ധിച്ചിട്ടിരിക്കുന്ന വിഡിയോയും ഫോട്ടോയുമൊക്കെ പൊതുമാധ്യമങ്ങളിൽ പൊതുജനശ്രദ്ധയാകർഷിച്ചിരുന്നതുമാണ്. കൂടാതെ ഒരുദിവസംതന്നെ നിരവധി പ്രദർശനങ്ങളുള്ളതിനാൽ ആനകൾക്ക് വളരെയേറെ കഠിനാദ്ധ്വാനം ചെയ്യേണ്ടിവരുന്നതും അതുമൂലം അവ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ അരക്ഷിതത്വവുമൊക്കെ പരാതികൾക്ക് കാരണമായി. അതിനുശേഷം ആനകളോടുള്ള സമീപനങ്ങൾക്കു വളരെയേറെ മാറ്റം വന്നുവെന്നാണ് പറയപ്പെടുന്നത്.)














