Saturday, February 23, 2013

ആവര്‍ത്തനങ്ങള്‍

ആവര്‍ത്തനങ്ങള്‍
===============
 നമ്മുടെ മുന്‍പില്‍ കാണുന്ന ചില ജീവിതങ്ങള്‍ പ്രജ്ഞക്കുമുന്‍പില്‍ ഒരു വലിയ ചോദ്യചിഹ്നമായി നില്‍ക്കാറുണ്ട് . ജ്യോതിയുടെ ജീവിതവും അങ്ങനെയാണെനിക്ക് തോന്നുന്നത് .
   ജ്യോതിയെ ഞാന്‍ പരിചയപ്പെടുന്നത് വർഷങ്ങൾക്കു മുമ്പാണ് . മുംബൈയിൽ  താമസം തുടങ്ങിയപ്പോൾ  എനിക്കാദ്യം കിട്ടിയ സുഹൃത്താണ്  ജ്യോതി. ഞങ്ങളുടെ ഫ്ലാറ്റിന്റെ തൊട്ടു താഴെയുള്ള ഫ്ലാറ്റ് ജ്യോതിയുടേതായിരുന്നു. ജ്യോതിവന്നിട്ട് അപ്പോള്‍ ഒരുവര്‍ഷത്തിലേറെയായിരുന്നു. എല്ലാവരോടും പെട്ടെന്നിണങ്ങുന്ന പ്രകൃതം. ഒരുപാട് സംസാരിക്കും. അതിനു പ്രത്യേക വിഷയമൊന്നും വേണമെന്നില്ല. എന്റെ അമ്മയുടെ നാട്ടുകാരിയാണ്. അമ്മയുടെ അതേ സംസാരരീതി. എനിക്കതുവളരെ ഇഷ്ടവുമായിരുന്നു. ഭര്‍ത്താവു ഗോപകുമാര്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ്. ജ്യോതിയുടെ നേരേ  വിപരീതസ്സ്വഭാവം. ആരോടും സൗഹൃദമില്ല.  സംസാരവുമില്ല.

     ഞാന്‍ കാണുമ്പോള്‍ ജ്യോതി രണ്ടോ മൂന്നോ  മാസം ഗര്‍ഭിണിയായിരുന്നു . താമസിയാതെ  ജ്യോതിക്ക് റെയില്‍വേയില്‍ ജോലി ലഭിച്ചു. പക്ഷേ  ഗോപന് അതൊട്ടും ഇഷ്ടമായില്ല. ഒരുപാട് പറഞ്ഞുനോക്കി ,ജോലി സ്വീകരിക്കരുതെന്ന് .   അവൾ  അതിനൊട്ടും വഴങ്ങിയില്ല. പിന്നീട് അവര്‍ പറഞ്ഞറിഞ്ഞു പലതവണ ഗോപന്‍ ജ്യോതിയെ അബോര്‍ഷനുവേണ്ടിയും നിര്‍ബന്ധിക്കുമായിരുന്നെന്ന് . പ്രസവത്തിനായി നാട്ടിലേക്കു പോകാൻ  അവൾക്കിഷ്ടമായിരുന്നില്ല . അമ്മയെ ഇങ്ങോട്ടു കൊണ്ടുവന്നാല്‍ അധികം അവധി എടുക്കേണ്ടിവരില്ലല്ലോ എന്നായിരുന്നു ചിന്ത. എന്നാൽ  ഗോപന്‍ അതൊട്ടും ചെവിക്കൊണ്ടില്ല. ജ്യോതിയുടെ  സുഹൃത്തുക്കളുടെയും അയൽക്കാരുടേയുമൊക്കെ  വാക്കുകള്‍ അവഗണിച്ചു  പ്രസവത്തിനായുള്ള തയാറെടുപ്പുകളും നടത്തി അവര്‍ നാട്ടിലേക്കു വണ്ടി കയറി. ഇന്നത്തെപോലെ ഫോണ്‍ സൗകര്യമൊന്നുമില്ലതിരുന്നതുകൊണ്ടു പിന്നീടുള്ള  വിവരങ്ങള്‍  അറിഞ്ഞിരുന്നില്ല. ഗോപനാകട്ടെ നാട്ടിൽനിന്നു  മടങ്ങിയെത്തിയശേഷം  മുഖം ആർക്കും  തരാറുമുണ്ടായിരുന്നില്ല.

    നാലുമാസം  കഴിഞ്ഞാണ് ജ്യോതിവന്നത് . കുഞ്ഞിനു മൂന്നുമാസം തികഞ്ഞിരുന്നില്ല. അമ്മയും കൂടെ വന്നിരുന്നു. പക്ഷേ  എല്ലാവരെയും ഒരുപോലെ അമ്പരപ്പിച്ചു ഗോപന്‍ അപ്രത്യക്ഷനായിരുന്നു.  സ്വന്തം മകളുടെ മുഖം പോലും കാണാന്‍ നില്‍ക്കാതെ അയാള്‍ എങ്ങോട്ടോ പോയി. തലേദിവസം രാത്രി വരെ അയാള്‍ അവിടെയുണ്ടായിരുന്നു. എന്തു  സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല. അയാൾ പോയതാരും കണ്ടതുമില്ല. പക്ഷേ  ജ്യോതി മാത്രം  യാതൊന്നും പ്രത്യേകിച്ചു സംഭവിക്കാത്തതുപോലെ ഓരോരോ കാര്യങ്ങള്‍ നടത്താന്‍ തിരക്കിട്ടു നടന്നു.  അമ്മ വല്ലാതെ അസ്വസ്ഥയായിരുന്നു ഗോപന്റെ അസാന്നിദ്ധ്യം അവരെ വല്ലാതെ ഉലയ്ക്കുന്നുണ്ടായിരുന്നു. അവരുടെ ചോദ്യങ്ങള്‍ക്കൊന്നും മകള്‍ ഉത്തരം കൊടുത്തതുമില്ല.

      ജ്യോതിയുടെ അമ്മ വളരെ ചെറുപ്പത്തിലേ വിധവ ആയതാണ്. രണ്ടുപെൺമക്കൾ. ജ്യോതി നന്നേ ചെറിയ കുട്ടിയായിരുന്നു അന്ന്. മൂത്തവൾ രണ്ടാംക്‌ളാസ്സിൽ. സർക്കാരുദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവിന്റെ ജോലി ലഭിച്ചതുകൊണ്ട് കുടുംബം പുലര്‍ത്താന്‍ അവർക്കു  കഷ്ടപ്പെടേണ്ടി വന്നില്ല. ഇപ്പോൾ ജോലിയില്‍ നിന്ന് വിരമിച്ചു വിശ്രമജീവിതം നയിക്കുന്നു. അതിനാലാണ്  അവര്‍ക്ക് മകളോടൊപ്പം വരാന്‍ സാധിച്ചത്. മൂത്ത മകളും കുടുംബവും ആണ്  അമ്മയോടൊപ്പം  വീട്ടില്‍ താമസിക്കുന്നത്. അവര്‍ രണ്ടുപേരും അടുത്ത സ്കൂളിലെ അധ്യാപകരാണ് .അവരുടെ  രണ്ടു കുട്ടികളും അതേ സ്‌കൂളിലെ വിദ്യാർത്ഥികളും.

       ഇടയ്ക്കു ഞാന്‍ അങ്ങോട്ടുപോയി കുഞ്ഞിനേയും അമ്മയെയുമൊക്കെ കാണുമായിരുന്നു. ഒരാഴ്ചയ്ക്കുശേഷം ജ്യോതി അവധികഴിഞ്ഞു ജോലിക്ക് ചേരേണ്ടകാര്യവും പറഞ്ഞിരുന്നു. വിവരങ്ങള്‍ തിരക്കാന്‍ പതിവുപോലെ ചെന്നതാണ് . അമ്മ എന്നെ കണ്ടതും കെട്ടിപ്പിടിച്ചുച്ചത്തില്‍ കരയാന്‍ തുടങ്ങി. ഒട്ടൊരു ഭയം എന്നെ ഗ്രസിച്ചു. ജ്യോതിയുടെ നിസ്സംഗത കണ്ടപ്പോള്‍ കുഴപ്പമൊന്നും ഇല്ലാ എന്നു തന്നെ തോന്നി. കുറെനേരം കരഞ്ഞശേഷമാണ് അമ്മ കാര്യം പറഞ്ഞത് . ജ്യോതിയും ഗോപനും വിവാഹബന്ധം  വേര്‍പെടുത്തിയത്രേ!

      ആ വാര്‍ത്ത അവര്‍ക്ക് താങ്ങാന്‍ പറ്റുന്നതിനും അപ്പുറമായിരുന്നു .എന്നാൽ  ജ്യോതിക്ക് അവളുടേതായ ന്യായമുണ്ടായിരുന്നു. ഗോപന് അവളെ വിവാഹം കഴിക്കും മുന്‍പുതന്നെ മറ്റൊരു പെണ്കുട്ടിയുമായി അടുപ്പമുണ്ടായിരുന്നത്രേ! ക്യാന്‍സര്‍ രോഗിയായ അമ്മയുടെ ഇഷ്ടം നടത്തിക്കൊടുക്കാനാണ് അയാള്‍ ജ്യോതിയെ കല്യാണം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഒരുവർഷമായപ്പോഴേക്കും അമ്മ മരിക്കുകയും ചെയ്തു.  മറ്റേ പെൺകുട്ടി അവരുടെ ബന്ധത്തിൽനിന്നു  പിന്മാറാന്‍ ഒട്ടും  തയ്യാറാവാതിരുന്നപ്പോള്‍ അയാള്‍ക്ക്‌ ജ്യോതിയെ ഉപേക്ഷിക്കുകയേ തരമുണ്ടായുള്ളൂ. അതിനായാണ് അബോര്‍ഷനുവേണ്ടിയും ജോലി ഉപേക്ഷിക്കാനുമൊക്കെ അയാള്‍ അവളെ നിര്‍ബന്ധിച്ചത്. ഒന്നും നടക്കാതെ വന്നപ്പോളാണ് അവളെ നാട്ടില്‍ കൊണ്ടുപോയി വിടാമെന്നു തീരുമാനിച്ചത്. അയാള്‍ അവളോട്‌ എല്ലാം തുറന്നു പറഞ്ഞു . വിവാഹമോചനത്തിനായി അവളോട്‌ ആവശ്യപ്പെടുകയും ചെയ്തു. നഷ്ടപരിഹാരം കൊടുക്കാന്‍ അയാള്‍ ഒരുക്കവുമായിരുന്നു. എന്നാൽ  അവള്‍ക്കാവശ്യം രണ്ടു കാര്യങ്ങള്‍  മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉടനെ ഇക്കാര്യം നാട്ടില്‍ അറിയിക്കാതിരിക്കുക, അവര്‍ താമസിച്ചിരുന്ന വീട് തുടര്‍ന്നും അവള്‍  കുഞ്ഞുമായി വരുമ്പോള്‍ താമസിക്കാന്‍ തരപ്പെടുത്തുക. രണ്ടും അയാള്‍ സമ്മതിച്ചു. പരസ്പര ധാരണാപത്രം ഒപ്പിട്ടു വിവാഹബന്ധം അവസാനിപ്പിക്കുകയും ചെയ്തു.

      ജ്യോതി എല്ലാ വിഷമങ്ങളും മറന്നു ജോലിക്ക് പോകാന്‍ തുടങ്ങി. അമ്മയാകട്ടെ കണ്ണീരും കയ്യുമായി കഴിഞ്ഞുകൂടി . ഏതാനും ദിവസങ്ങള്‍ കൊണ്ട് അവര്‍ വല്ലാതെ കോലം കെട്ടു . രോഗങ്ങള്‍ ഒന്നൊഴിയാതെ നിന്നു. രണ്ടു മാസം ഒരുതരത്തില്‍ കഴിച്ചുകൂട്ടി . പിന്നെ നാട്ടിലേക്കു പോകുന്ന ഒരു പരിചയക്കാരന്റെ കൂടെ അവര്‍ പോയി .

      കുഞ്ഞിനെ ജ്യോതി അടുത്തവീട്ടിലെ പാട്ടീല്‍ കുടുംബത്തെ നോക്കാനേല്പിച്ചു . പാട്ടീലും റെയില്‍വെ ഉദ്യോഗസ്ഥനായിരുന്നു. കാഞ്ചനദീദി വളരെ സ്നേഹമയിയായ വീട്ടമ്മയായിരുന്നു . അന്ന്  അവരുടെ മൂത്തമകന്‍ ഒന്നാം ക്ലാസ്സില്‍ . രണ്ടാമത്തെ കുട്ടി ജ്യോതിയുടെ മോളേക്കാള്‍ രണ്ടോ മൂന്നോ മാസം പ്രായക്കൂടുതലേ ഉണ്ടായിരുന്നുള്ളൂ . വിശേഷണങ്ങള്‍ക്കപ്പുറമായൊരു  സ്നേഹബന്ധത്തിലൂടെ ആ കുടുംബങ്ങള്‍ കടന്നുപോയി. ഇതിനിടയിൽ ഞങ്ങളും പുതിയ അതിഥിക്കായി കാത്തിരിപ്പിലായിരുന്നു.

       പ്രസവത്തിനു  നാട്ടില്‍ ചെന്നപ്പോള്‍ മുംബൈവിശേഷങ്ങൾ പറഞ്ഞകൂട്ടത്തിൽ   ജ്യോതിയുടെ കാര്യവും വീട്ടില്‍ പറയാനിടയായി. എന്റെ അമ്മയ്ക്ക് ജ്യോതിയുടെ അമ്മയെ പരിചയമുണ്ടായിരുന്നു. ഭർത്താവു മരിച്ചുവെങ്കിലും  മക്കളെ രാജകുമാരിമാരെപ്പോലെ ഒരുകുറവും അറിയിക്കാതെ ആണ് ആ  അമ്മ  വളര്‍ത്തിയത്‌ . ജോലികഴിഞ്ഞ് വന്നാല്‍ തുണിതയ്ചും ഫാബ്രിക് പെയിന്റ് ചെയ്തും പിന്നെ കോളേജ് കുട്ടികള്‍ക്ക്  പ്രക്ടിക്കല്‍ റെക്കോഡിൽ  പടം വരച്ചു കൊടുത്തും അവര്‍  പണം സമ്പാദിച്ചിരുന്നു. അച്ഛനില്ല എന്നകുറവ് ഒരുപരിധിവരെ  അറിയിക്കാതെ  അവരെ  വളര്‍ത്തി. നല്ലവിദ്യാഭ്യാസവും കൊടുത്തു. രണ്ടുപേരുടെയും വിവാഹവും സമയാസമയത്തു  നടത്തി ആ അമ്മ തന്റെ കടമാകളൊക്കെ ഭംഗിയായി നിര്‍വ്വഹിച്ചു. പക്ഷേ  ജ്യോതിയുടെ ജീവിതത്തിലെ താളപ്പിഴ അവര്‍ക്ക് തങ്ങാനാവുന്നതിനപ്പുറമായിരുന്നു. അത്  മാനസികമായും ശാരീരികമായും ആ വൃദ്ധയെ വല്ലാതെ തളര്‍ത്തി.

        കാലമാകുന്ന പുഴ അനുസ്യൂതം ഒഴുകിക്കൊണ്ടേയിരുന്നു, ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ.  പാട്ടീല്‍ കുടുംബം റെയില്‍വേ ക്വാര്‍ട്ടേഴ്സിലേക്ക് താമസം മാറ്റിയപ്പോള്‍  അദ്ദേഹം തന്റ സ്വാധീനമുപയോഗിച്ച് അടുത്ത ക്വാര്‍ട്ടര്‍  ജ്യോതിക്കും തരപ്പെടുത്തിയിരുന്നു. ജ്യോതിയുടെ മകള്‍ ലയ പാട്ടീലിന്റെ മക്കളായ അങ്കിതിന്റെയും നിധിയുടെയുമൊപ്പം സസന്തോഷം വളര്‍ന്നു. ഇടയ്ക്കൊക്കെ കല്യാണവും കുട്ടികളുടെ പിറന്നാളും പോലെ  ഏതെങ്കിലും ഒത്തുകൂടൽ  ഉള്ളപ്പോള്‍ ജ്യോതിയെ കാണാറു ണ്ടായിരുന്നു. കഞ്ചനദീദി ലയയെ  സ്വന്തം കുഞ്ഞിനെപ്പോലെ തന്നെ  കരുതി വളർത്തി. കുറേക്കാലം ഗോപന്റെ കാര്യമൊന്നും അറിഞ്ഞിരുന്നില്ല. അയാൾ വിവാഹം കഴിച്ചത് പിന്നീടെപ്പോഴോ ആരോ പറഞ്ഞറിഞ്ഞു.  ഗോപനും പുതിയ ഭാര്യയും അധികം വൈകാതെ  ജോലിക്കായി  വിദേശത്തേക്കു പോയി. അതിനുശേഷം  അവരെക്കുറിച്ച്  ആരും അന്വേഷിച്ചതുമില്ല.

         അടുത്തവർഷം  ഞങ്ങള്‍ സ്വന്തം ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു . കുറച്ചു ദൂരെയായിരുന്നതുകൊണ്ട് പഴയചങ്ങാതിമാരെ വല്ലപ്പോഴുമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ . പിന്നീടെപ്പോഴോ പാട്ടീലും  ജ്യോതിയും ഒരേസ്ഥലത്തുതന്നെ ഫ്ലാറ്റെടുത്തു താമസം മാറിഎന്നറിഞ്ഞു.  സമയവൃക്ഷം അതിന്റെ ഇലകള്‍ കൊഴിച്ചുകൊണ്ടിരുന്നു. നാടിനും നാട്ടാര്‍ക്കും പലമാറ്റങ്ങളും സംഭവിച്ചു. വര്‍ഷങ്ങള്‍ കുറെ കടന്നുപോയി .
        എന്റെ മോന്  എഞ്ചിനിയറിങ്‌ പഠനത്തിനായി ഹോസ്റ്റലിൽ ചേർക്കേണ്ടിവന്നു.  മോനെ കൊണ്ടുപോകാനുള്ള തിരക്കിലും തയ്യാറെടുപ്പുകള്‍ക്കും ഇടയില്‍ പുതിയ താമസക്കാര്‍ വരുന്ന കാര്യം ആരോ പറഞ്ഞു കേട്ടിരുന്നു . ഞങ്ങള്‍ അവനെ വിട്ടിട്ടു
മടങ്ങിയെത്തിയപ്പോള്‍ അവര്‍ താമസം തുടങ്ങിയിരുന്നു . മകനെപ്പിരിഞ്ഞ സങ്കടം എന്നെ വല്ലാതെ ഉലച്ചിരുന്നു . ഏതാനും ദിവസം പുറത്തിറങ്ങിയതേയില്ല . ഞങ്ങളുടെ ഫ്ലോറില്  നാലു ഫ്ലാറ്റുകളാണ് . രണ്ടെണ്ണത്തില്‍ മാത്രമേ താമസം ഉണ്ടായിരുന്നുള്ളൂ. മറ്റു രണ്ടെണ്ണം മുംബൈയില്‍ ഉള്ള ഏതോ വ്യവസായി രണ്ടുമക്കളുടെ പേരില്‍ വാങ്ങിയിട്ടിരുന്നതാണ്‌. കടുത്ത സാമ്പത്തികപ്രതിസന്ധി വന്നപ്പോള്‍ അവര്‍ വെറുതെ കിടന്നിരുന്ന ഫ്ലാറ്റ് വില്‍ക്കാന്‍ തയ്യാറായി. വാങ്ങിയതരാണെന്ന്  അറിഞ്ഞിരുന്നുമില്ല.

     അടുത്ത ഞായറാഴ്ച പത്രക്കാരന്‍ ബെല്ലടിച്ചപ്പോള്‍ വാതില്‍തുറന്നതും മുന്‍പില്‍ ജ്യോതി . എന്റെ പുതിയ അയല്‍ക്കാരി. സന്തോഷവും അത്ഭുതവും അമ്പരപ്പും ഒന്നിച്ചുചേര്‍ന്ന വല്ലാത്തൊരവസ്ഥയിൽ ഏതാനും നിമിഷം നിന്നുപോയി രണ്ടുപേരും. പിന്നെ വിശേഷങ്ങള്‍ പങ്കുവെച്ചു സമയം പോയതേ  അറിഞ്ഞില്ല . എതിര്‍വശത്ത് പാട്ടീല്‍ കുടുംബവും. കുട്ടികളൊക്കെ വലുതായി. ലയ ബി ടെക്  ഫൈനല്‍ ഇയര്‍ . അങ്കിത് എം ടെക് കഴിഞ്ഞു നല്ല ജോലിയുമായി. നിധി സി എ  ചെയ്യുന്നു . മകന്റെ അസാന്നിധ്യത്തിന്റെ ദുഃഖം കുറയ്ക്കാന്‍ പുതിയ അയല്‍ക്കാരുടെ വരവ് എന്നെ ഏറെ സഹായിച്ചു.
     വളരെ പെട്ടെന്നായിരുന്നു പാട്ടീൽ  അങ്കിതിന്റെ വിവാഹം നിശ്ചയിച്ചത്. പൂനെയിലുള്ള സുഹൃത്തിന്റെ മകൾ  ഇഷ. അവൾ ടീച്ചര്‍ ആയിരുന്നു. വെളുത്തു മെലിഞ്ഞു ചെമ്പന്‍ മുടിയുള്ള സുന്ദരിക്കുട്ടി. ചുരുങ്ങിയ കാലം കൊണ്ട് ഇഷ എല്ലാവരുടെയും  സ്നേഹം പിടിച്ചുപറ്റി. കഞ്ചനദീദിക്ക് അവള്‍ മരുമകള്‍ ആയിരുന്നില്ല ,മകള്‍ തന്നെ ആയിരുന്നു.
ലയയുടെ പരീക്ഷ കഴിഞ്ഞ സമയത്തുതന്നെ  അവള്‍ക്കു ജോലി തരപ്പെടുത്തുന്നതിനായി ജ്യോതി ശ്രമം തുടങ്ങിയിരുന്നു. ഒപ്പം കല്യാണാലോചനയും ... ഇതിനിടയില്‍ ഇഷ ഗര്‍ഭിണിയായി. ആ കുടുംബത്തിനു ഉത്സവത്തിന്റെ നാളുകളായിരുന്നു. എങ്കിലും  നിധി എപ്പോഴും  ആഹ്ലാദങ്ങളില്‍ നിന്നൊഴിഞ്ഞു നിന്നിരുന്നു, അകാരണമായി . ഏഴാം മാസത്തിലോ മറ്റോ ഇഷയെ വീട്ടുകാര്‍ പ്രസവത്തിനായി കൂട്ടിക്കൊണ്ടു പോയി. അന്ന് നിധി വല്ലാതെ പൊട്ടിക്കരഞ്ഞു. ആരൊക്കെ  ആശ്വസിപ്പിച്ചിട്ടും അവള്‍ക്കു സങ്കടം അടക്കാനായില്ല . എല്ലാവരെയും ആശ്ചര്യപ്പെടുത്തി അത്.

       മോൻ സെക്കൻഡ് സെമസ്റ്റർ പരീക്ഷ കഴിഞ്ഞ്  രണ്ടു മാസത്തെ അവധിക്കു വന്ന സമയമായിരുന്നു. അവനും ലയച്ചേച്ചിയുമായി നല്ല കൂട്ടായി. എവിടെയെങ്കിലുമൊക്കെ പോകുമ്പോള്‍ ചിലപ്പോള്‍ ലയ അവനെയും കൂട്ടാറുണ്ടായിരുന്നു. ഒരുദിവസം ജ്യോതി ജോലിക്കുപോയി കുറച്ചുകഴിഞ്ഞപ്പോള്‍ ലയ രണ്ടുമൂന്നു ബാഗുകളുമായിപോകുന്നത് മകന്‍ ബാൽക്കണിയില്‍ നിന്ന് കണ്ടു .
"ചേച്ചി എവിടെയ്ക്കാ പോകുന്നത്?"
അവന്‍ ഉച്ചത്തില്‍ വിളിച്ചു ചോദിച്ചത് ഞാന്‍ അടുക്കളയില്‍ നിന്ന് കേട്ടാണ് വന്നു നോക്കിയത് .
അപ്പോഴേക്കും കൈ വീശി അവള്‍ ഗേറ്റ് കടന്നു  നടന്നു മറഞ്ഞിരുന്നു .....
മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതുകൊണ്ട് അന്വേഷിക്കാന്‍ സാധിച്ചുമില്ല .
"ചേച്ചിയുടെ ഫ്രണ്ട് ബുക്സ് വേണമെന്ന് പറഞ്ഞിരുന്നു. ചിലപ്പോള്‍ അത് കൊടുക്കാന്‍ പോയതായിരിക്കും."
അങ്ങനെയായിരിക്കുമെന്ന് ഞാനും കരുതി.
വൈകുന്നേരം ജ്യോതിഎത്തിയിട്ടും ലയ വന്നിരുന്നില്ല.
അവളെക്കാണാത്തതുകൊണ്ട് കഞ്ചനദീദിയോടു ചോദിക്കാ ന്‍ ചെന്നു . ദീദി ആകെ വിഷമിച്ചിരിക്കുന്നു. രാവിലെമുതല്‍ നിധി കരച്ചിലാണത്രെ. കാര്യമൊന്നും പറയുന്നില്ല. ഒന്നും കഴിച്ചിട്ടുമില്ല. ജ്യോതി ലയയുടെ മൊബൈലില്‍ ശ്രമിച്ചു.  സ്വിച്ച് ഓഫ് .
എല്ലാവരുടെയും മനസ്സില്‍ വല്ലാത്ത ആകാംക്ഷയായിരുന്നു. ലയ എവിടെപോയി .... ?എട്ടുമണികഴിഞ്ഞിരിക്കും,   ജ്യോതിയുടെ ഫോണ്‍ ബെല്ലടിച്ചു . അത് അങ്കിതിന്റെ ശബ്ദമായിരുന്നു. ലയയും അങ്കിതും ഷില്ലോങ്ങില്‍ എത്തിയത്രേ!
..................
     കുട്ടിക്കാലം മുതല്‍ അങ്കിതും ലയയും ഇഷ്ടത്തിലായിരുന്നു. പഠിത്തം കഴിഞ്ഞു വിവാഹത്തെപ്പറ്റി വീട്ടില്‍ പറയാനിരുന്നതാണ്. നിധിക്കും ഇക്കാര്യം അറിയുമായിരുന്നു. . അപ്പോളാണ് അങ്കിതിന്റെ ഇഷയുമായുള്ള കല്യാണം നടന്നത്.  അച്ഛന്റെ വാക്കിനെ ധിക്കരിക്കാൻ അവനു കഴിഞ്ഞില്ല. ലയയുടെ പഠനം കഴിഞ്ഞിരുന്നുമില്ല. വിവാഹം കഴിഞ്ഞു എങ്കിലും അവരുടെ സ്നേഹബന്ധത്തിനു മാറ്റമൊന്നും വന്നില്ല. ലയയുടെ റിസല്‍റ്റ് വരാൻ അവർ കാത്തിരുന്നു. ഒരാഴ്ച മുമ്പാണ് റിസൾട്ട് അറിഞ്ഞത്. അവര്‍ മറ്റാരെയുംകുറിച്ച് ഒരുനിമിഷം ആലോചിക്കുകപോലും ചെയ്യാതെ  അകലേക്ക്‌ പറന്നുപോയി. നിധി മാത്രം എല്ലാത്തിനും മൂകസാക്ഷിയായി . എല്ലാമറിഞ്ഞ് .....ഹൃദയം തകർന്ന്.... പ്രതികരിക്കാനാവാതെ ... 
ഇഷ ......?
ജ്യോതി .......?
ഒരുനിമിഷം ഞാന്‍ ഈശ്വരനോട് യാചിച്ചുപോയി.
ഇവരെ കല്ലാക്കി മാറ്റിയെങ്കില്‍ .............
  
    

No comments:

Post a Comment