കനൽച്ചൂടിൽ വേവുന്ന വേനലിങ്ങെത്തി 
കരയിലെക്കിളികൾതൻ പാട്ടെങ്ങുപൊയി...?
കേൾക്കുന്നു ഭൂമിതന്നാർത്തനാദം മാത്രം 
കേൾക്കുന്നതില്ലയീ ചിറകടിയൊച്ചകൾ
കിളികൾ മറഞ്ഞിരിക്കുന്നീ മരച്ചാർത്തിൽ
കിടാങ്ങളും കാത്തിരിപ്പൂ മരച്ചോട്ടിലായ് 
കിഞ്ചനക്കാര്യങ്ങൾചൊല്ലിക്കടന്നു പോം 
കിന്നരിക്കാറ്റിനും കരുണയില്ലാതായി 
ഭൂമിക്കു വാർദ്ധക്യം വന്നിതങ്ങെങ്ങും 
നാമിന്നു കാണ്മൂ ജരയും നരകളും 
ഉമിത്തീയിൽ വേവുന്ന പോലവേ കേഴുന്നു 
ശമിക്കാത്ത നീറ്റലോടാ മഹാദുഃഖം 
ഒരുവേള കാത്തിരിപ്പിൽ മേഘജാലം 
അരുമയാം ഭൂമിക്കു നൽകിടാം സ്നേഹം
കരുണതൻ  ധാരയായ് മേഘജം പെയ്തിടാം 
നിരുപമം നിര്‍മ്മലം ഹർഷബാഷ്പങ്ങളായ് 
ആ സ്നേഹവർഷം ചൊരിഞ്ഞീടുകിൽ ഭൂ-
മാതാവു വീണ്ടും തളിരിടും പൂവിടും
ഹരിതമാം കഞ്ചുകം ചാർത്തി നിൽക്കും ഭൂമി-
ദേവിക്കു കൈവരും യൗവ്വനം വീണ്ടും 
ഇല്ലില്ല ഭൂമിതൻ ഗാനം നിലയ്ക്കില്ല 
നല്ലിളം കാറ്റിലൂടൊഴുകിടും നിത്യമായ് 
കല്ലിനും മുള്ളിനും കാതോർത്തു നിൽക്കുവാൻ
നല്ലീണമൊന്നുണ്ടു ഭൂമാതൃഗീതത്തിൽ
ഇവിടെപ്പുനർജ്ജനിക്കും സ്നേഹവാടികൾ
ഇവിടെ പ്രതിധ്വനിക്കും സ്നേഹഗീതികൾ
തരളിതയാകുമീ ഭൂമിക്കു ചാർത്തിടും 
കല്ലോലിനികൾതൻ കളനൂപുരങ്ങൾ
ആനല്ല നാളേക്കു കാത്തിരിക്കാം നമു-
ക്കാനല്ല പാട്ടിന്നു കാതോർത്തിടാം 
ഈയപാരതയ്ക്കപ്പുറത്തേക്കു  നാം 
മായയാം ജന്മസാഫല്യങ്ങൾ തേടിടാം 
ശുഭദിനം നേരാം പരസ്പരം സ്നേഹമോ-
ടാചമിക്കാം പുണ്യതീർത്ഥം, പ്രതീക്ഷതൻ
പിരിയാതിരിക്കുവാൻ സൗഹൃദത്തിൻ നേർത്ത 
നൂലിനാൽ കോർത്തു നാം ചേർത്തു നിർത്താം ...  
 
ആനല്ല നാളേക്കു കാത്തിരിക്കാം, ശുഭദിനം നേരാം,
ReplyDeleteപിരിയാതിരിക്കുവാൻ സൗഹൃദത്തിൻ നേർത്ത
നൂലിനാൽ കോർത്തു നാം ചേർത്തു നിർത്താം ...
.........എല്ലാവിധ മംഗളാശംസകളും നേരുന്നു.