Tuesday, March 5, 2013

സന്ധ്യ ....


കരയാതെ കരയുന്ന മുഖമാണു  സന്ധ്യക്ക്   
കൊഴിയുന്ന പൂവിന്റെ നിറമാണു സന്ധ്യക്ക്   
പറയാത്ത വാക്കിന്റെ പൊരുളാണു  സന്ധ്യക്ക്   
പാടാത്ത പാട്ടിന്റെ ശ്രുതിയാണു സന്ധ്യക്ക്  .

പകലിന്റെ വന്യമാം പ്രണയം മിടിക്കുന്ന 
ഹൃദയത്തിലേക്കായ്  കടന്നൊന്നു ചെല്ലാൻ 
കാലങ്ങളെത്രയോ കാത്തിരിക്കുന്നൊരീ- 
ക്കദനക്കടലിന്റെ പുത്രിയാം കന്യക  

എത്തിപ്പിടിക്കാൻ  വിരൽത്തുമ്പു നീട്ടവേ 
എങ്ങോ മറഞ്ഞുപോം പകലങ്ങു ദൂരേക്ക് 
കനിവിന്റെ കതിരൊളി വീശാതെ കതിരോൻ 
കത്തിജ്ജ്വലിക്കുന്നു  പിന്നെയും പിന്നെയും 

അകലേക്കു  മാഞ്ഞുപോം പൊന്നൊളി നോക്കിയി-
ട്ടകമേ വിതുമ്പിക്കരയുന്ന സന്ധ്യക്കു  
കണ്ണീർ  തുടയ്ക്കുവാൻ കൈലേസുമായ് വരും
കൂരിരുട്ടിൻ പ്രിയതോഴിയാം രാപ്പെണ്ണ്‍ 

സഹതാപമുണ്ടെനിക്കവനോടു, തെല്ലല്ല, 
സന്ധ്യതൻ  നിർമ്മലപ്രേമത്തെയറിയുവാൻ 
അവനില്ല ഭാഗ്യമെന്നോർത്തു പോയീടുകിൽ. 
അതിനായി ജന്മങ്ങളിനിയുമുണ്ടാകട്ടെ ...  


No comments:

Post a Comment