Sunday, September 7, 2014

പടിയിറക്കം

പടിയിറക്കം......
പതിറ്റാണ്ടു നീണ്ടൊരീ
ഇടവേള തീര്‍ത്തെന്റെ പടിയിറക്കം..
ഇന്നുമെന്നോര്‍മ്മതന്‍
മാണിക്യഭാണ്ഡത്തില്‍
വെട്ടിത്തിളങ്ങുന്നു
മഴവന്നൊരാ ദിനം..
തോളത്തിരുത്തിയെന്നപ്പൂപ്പനീ പടി
ആദ്യം കയറിയൊരാ സുദിനം.
മഴയില്‍ കുതിര്‍ന്നൊരെന്‍ കണ്ണിരു കാണാതെ
അപ്പൂപ്പനെങ്ങോ മറഞ്ഞനേരം
ആഞ്ഞുപതിക്കുവാന്‍
കാത്തുനില്‍ക്കുന്നൊരാ
പൊട്ടിക്കരച്ചിലിന്‍ കാര്‍മേഘജാലത്തെ
ദൂരെപ്പറത്തിയെന്‍
ഗോമതിട്ടീച്ചര്‍ തന്‍
നേര്‍ത്തൊരു കൈവിരല്‍ മായാജാലം..

എത്ര ഗുരുനാഥന്‍ മാരേ..
എത്ര കളിക്കൂട്ടുകാരേ..
എന്റെ ഹൃദയത്തിലിന്നും നിറച്ചു വെയ്ക്കുന്നു ഞാന്‍.
ഈ പാഠശാലതന്നങ്കണത്തില്‍
ഈ ഇടനാഴിതന്‍ സ്പന്ദനത്തില്‍
ഈ ദശാബ്ദത്തില്‍ ഞാന്‍ നെയ്തൊരാ സ്വപ്നങ്ങള്‍..
നിറമാര്‍ന്നു നില്‍ക്കുന്നു പൂക്കളായ് പുണ്യമായ്...
സ്നേഹത്തിന്‍ സൗഗന്ധികങ്ങള്‍ വിരിഞ്ഞതും
നോവിന്റെ മുള്ളുകള്‍ കൊണ്ടും കൊടുത്തതും
വീണുകിടപ്പതുണ്ടീ പൂഴിമെത്തയില്‍....

ബാല്യം കടന്നങ്ങു പോയതും,
കൗമാരം ഒരുകൊച്ചു മിന്നല്‍ പോല്‍
സ്വപനം പകര്‍ന്നതും
പ്രണയമെന്‍ കരളിന്റെ തുണ്ടൊന്നു കട്ടതും
കാര്യമില്ലാതെന്റെ ഹൃദയത്തില്‍ കണ്ണുനീര്‍
അറിയാതെ ഭാരം നിറച്ചങ്ങു മാഞ്ഞതും
ഈ ദശാബ്ദത്തിന്റെ ലാഭത്തിന്‍ മുത്തുകള്‍..

ഇവിടെനിന്നാര്‍ജ്ജിച്ചതൊക്കെയും കയ്യില്‍വെ-
ച്ചിവിടെ നിന്നിന്നു ഞാന്‍ പടിയിറങ്ങേ..
വരമരുളിടുമെന്‍ ഗുരുവിനെക്കാണ്മൂഞാന്‍,
വഴിപിരിഞ്ഞിടുന്ന കൂട്ടരേ കാണ്മൂ ഞാന്‍,
പിന്നെയെന്‍ മുന്നിലെ വിജനമാം പാതയും
അടരാന്‍ മടിക്കുമീ കണ്ണുനീര്‍മുത്തും..







6 comments:

  1. ഓര്‍മ്മയിലെന്നും സൂക്ഷിക്കുന്നതാണ്‌ആദ്യസ്കൂള്‍പ്രവേശനവും,അവിടെനിന്നുള്ള പടിയിറക്കവും.അതിനുശേഷം എത്രയെത്ര കയറ്റങ്ങളും,ഇറക്കങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും........
    ഹൃദ്യമായി അവതരിപ്പിച്ചു "പടിയിറക്കം".
    ആശംസകള്‍

    ReplyDelete
    Replies

    1. നന്ദി സര്‍, സന്തോഷം, സ്നേഹം..

      Delete
  2. നല്ല പടിയിറക്കം!

    ReplyDelete
    Replies
    1. നന്ദി സര്‍, സന്തോഷം, സ്നേഹം..

      Delete
  3. വളരെ നന്നായി മിനി ....ഒരു സമ്മാനമായി എന്‍റെ കുറച്ച് വരികള്‍ .......
    വരുന്നു ഞാന്‍
    നിന്‍ തിരുമുറ്റത്തേക്ക്
    ഓര്‍മ്മകള്‍ , മധുരിക്കുമോര്‍മ്മകളായി
    പൂത്തുലഞ്ഞു നില്‍ക്കുന്നയാ
    നടവഴിയില്‍ ഞാന്‍ തിരയുന്നു
    ഒരു നിറപുഞ്ചിരിയുമായി
    എനിക്ക് സ്വാഗതമരുളാന്‍
    ഇന്നുമാച്ചെമ്പകപ്പൂക്കള്‍ .
    കാറ്റത്തിളകിയാടുന്ന ചെമ്പകമൊട്ടിനും,
    എന്നില്‍ വീഴുന്ന മാമ്പൂവിനും,
    എന്നെത്തലോടുന്ന തെന്നലിനും,
    ഇടനാഴിയിലെ മൌനമാം,
    സംഗീതത്തിനും നന്ദി ....
    ചുവരുകളില്‍ ഞാന്‍ കൊറിയ
    കവിതകള്‍ മായ്ക്കാതെ
    എനിക്കായിക്കരുതിവെച്ചനിന്‍
    സ്നേഹത്തിനും നന്ദി ...
    എന്നെച്ചിരിപ്പിച്ച , എന്നെച്ചിന്തിപ്പിച്ച,
    എന്നെ പ്രണയം പഠിപ്പിച്ച ,
    കുഞ്ഞുനൊമ്പരങ്ങള്‍ തന്ന ,
    എന്നെ ഞാനാക്കിയ നിനക്കേകുവാന്‍
    ഒന്നുമില്ലെന്‍ പക്കല്‍,
    ജരാനരബാധിക്കാത്ത
    ഓര്‍മ്മകള്‍ മാത്രം ബാക്കി ..!

    --ജോയി വള്ളുവനാടന്‍ --

    ReplyDelete
    Replies
    1. മനോഹരം സര്‍. ഒരുപാടു നന്ദി.

      Delete