Tuesday, September 2, 2014

ഓര്‍മ്മകളില്‍ നിന്നു മായാത്ത ഒരോണം..

എനിക്കു നാലര വയസ്സുള്ലപ്പോഴാണ് അച്ഛന്റെ വേര്‍പാട്.. പിന്നീടുള്ള ഓണങ്ങള്‍ ആഘോഷങ്ങളായിരുന്നില്ല. അച്ഛന്‍ ഉണ്ടായിരുന്നപ്പോഴത്തെ ഓണാഘോഷങ്ങള്‍ എന്റെ ഓര്‍മ്മകളില്‍ ഉണ്ടായിരുന്നുമില്ല. ഓര്‍മ്മയിലെത്തുന്ന ആഘോഷമാഉള്ള ഓണം ഞാന്‍ നാലാം ക്ലസ്സില്‍ പഠിക്കുമ്പോഴായിരുന്നു. ഹൈറേഞ്ചില്‍ അക്കാലത്തൊക്കെ സ്കൂളുകള്‍ വളരെ കുറവായിരുന്നതുകൊണ്ട്  ചേച്ചി തൃക്കൊടിത്താനത്ത് അച്ഛന്റെ തറവാട്ടില്‍ നിന്നാണു പഠിച്ചത്. നാലാം ക്ലാസ്സിലായപ്പോള്‍ എന്നെയും അവിടെ സ്കൂളില്‍ ചേര്‍ത്തു. ഓണപ്പരീക്ഷയ്ക്കു ശേഷം ഞങ്ങളെ കൊണ്ടുപോകാന്‍ അമ്മ അമ്മാവനെ അയച്ചിരുന്നു. ആ പ്രാവശ്യം ഞങ്ങളുടെ അപ്പച്ചിയുടെ മകള്‍ സൗമിനിച്ചേച്ചിയും ഒപ്പം വന്നു. അതുകൊണ്ട് ആ ഓണം ആഘോഷിക്കാന്‍ തന്നെ അമ്മ തീരുമാനിച്ചു.

കര്‍ക്കടപ്പേമാരി ഒഴിഞ്ഞു വെയില്‍ വന്ന സമയമായതുകൊണ്ടു പറമ്പിലും വയലിലുമൊക്കെ ധാരാളം ജോലികള്‍ ഉണ്ട്. ജോലിക്കാര്‍ക്കു സമയാസമയം ഭക്ഷണം നല്‍കാനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമായി അമ്മ ആകെ തിരക്കിലായിരുന്നു. പൂരാടത്തിനാണ് അമ്മയ്ക്ക് ഓണക്കോടിവാങ്ങാനും മറ്റും സമയം കിട്ടിയത്. അമ്മൂമ്മയയും (അമ്മയുടെ അമ്മ- ഞങ്ങള്‍ അമ്മച്ചി എന്നാണു വിളിച്ചിരുന്നത്) അമ്മയും കൂടി പോയാണു എല്ലാം വാങ്ങിയത്. സൗമിനിച്ചേച്ചിക്കും എനിക്കും അനിയത്തിക്കും ഉടുപ്പുകള്‍ വാങ്ങി. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന ചേച്ചിക്ക് പാവാടയും ബ്ലൗസിനും തുണിയെടുത്തു തയ്ക്കാന്‍ കൊടുത്തു. അത് ഓണം കഴിഞ്ഞേ കിട്ടൂ. എല്ലാവരുടേയും ഉടുപ്പുകള്‍ക്ക് ഇത്തിരി വലുപ്പക്കൂടുതല്‍ ആയിരുന്നു. അമ്മ എപ്പോഴും അങ്ങനെയേ വാങ്ങാറുള്ളു.  കുട്ടികള്‍ വേഗം വലുതാകുമല്ലോ. സൗമിനിച്ചേച്ചിക്ക് അതിഷ്ടമായില്ല. ചേച്ചിക്ക് എന്റെ ഉടുപ്പ് നല്ല പാകം. അപ്പോള്‍ അമ്മ പറഞ്ഞു അതു സൗമിനിച്ചേച്ചിക്കു കൊടുത്തേയ്ക്കാന്‍. വലിയ ഉടുപ്പ് പിന്നീട് സമയം കിട്ടുമ്പോള്‍ പോയി മാറിയെടുക്കാമെന്നും. എനിക്കതില്‍ വിഷമമൊന്നും തോന്നിയില്ല. ചേച്ചിയുടെ പാവാടയും പിന്നെയല്ലേ കിട്ടൂ.. അങ്ങനെ ഞാനും ചേച്ചിയും ഓണക്കോടിയില്ലാതെ ഓണം ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചു.

ഞങ്ങളുടെ അടുത്തുള്ല വായനശാല തിരുവോണത്തിന് അത്തപ്പൂക്കളമത്സരം  നടത്തുന്നുണ്ടായിരുന്നു.അടുത്ത വീട്ടിലെ കുട്ടികള്‍ സൗമിനിച്ചേച്ചിയേയും എന്നെയും കൂടി അവരോടൊപ്പം ചേര്‍ത്തു. ഞങ്ങള്‍ക്കു വളരെ സന്തോഷമായി. വൈകുന്നേരം തന്നെ കുറേ പൂക്കള്‍ ശേഖരിച്ചു. എല്ലാ നിറത്തിലേയും പൂക്കള്‍ വേണമത്രേ.. പക്ഷേ നീലപ്പൂക്കള്‍ ആരുടെയും വീട്ടിലില്ല. ഞങ്ങുളുടെ മുറ്റത്തെ ശംഖുപുഷ്പവള്ലിയില്‍ ആകെ ഒരു പൂവുമാത്രം..അപ്പോഴാണു സൗമിനിച്ചേച്ചി പരിഹാരം പറഞ്ഞത്. തേങ്ങാപ്പീരയില്‍ നീലമഷി ഒഴിച്ച് ഇളക്കിയാല്‍ മതിയത്രേ.. എല്ലാവര്‍ക്കും സന്തോഷമായി.രാവിലെ പായസത്തിനു തേങ്ങപിഴിഞ്ഞുകിട്ടുന്ന പീരയെടുക്കാമെന്നു ഞങ്ങള്‍ ഗൂഢാലോചനയും നട്ത്തി.അമ്മയുടെ ഡയറിയും കണക്കെഴുതുന്ന പുസ്തകവും പേനയും ചെല്‍പ്പാര്‍ക്കിന്റെ ഒരു മഷിക്കുപ്പിയും മരപ്പലകവെച്ചുണ്ടാക്കിയ ഒരു കോമ്പടിയിലാണു വെച്ചിരുന്നത്. എനിക്കതു കഷ്ടിച്ചേ എത്തൂ. എങ്കിലും ഞാന്‍ ഒന്നു ശ്രമിച്ചു, അതെടുത്ത് മഷി ഉണ്ടോ എന്നു നോക്കാന്‍. നിറയെ മഷിയുണ്ട്.. ആശ്വാസമായി.അമ്മ വരുന്ന ശബ്ദം കേട്ടപ്പോള്‍ വേഗം കുപ്പി തിരികെ വെച്ചു.
തിരുവോണം എത്തി.. എല്ലാവരും രാവിലെ കുളിച്ചു നല്ല ഉടുപ്പിട്ടു, പ്രഭാതഭക്ഷണം കഴിച്ചു. എനിക്കു വാങ്ങിയ ഓണക്കോടിയുടുത്ത് സൗമിനിച്ചേച്ചി സന്തോഷവതിയായി നിന്നു. ഞാനും ചേച്ചിയും പഴയതെങ്കിലും നല്ല വസ്ത്രങ്ങള്‍ തന്നെ അണിഞ്ഞു. അമ്മച്ചിയാണു പ്രഥമന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത്. ഞാനും സൗമിനിച്ചേച്ചിയും അമ്മച്ചിയുടെ അടുത്തുകൂടി തേങ്ങാപ്പീര സംഘടിപ്പിച്ചു. മറ്റാര്‍ക്കും ഇക്കര്യം അറിയുകയുമില്ല. ഒരു കടലാസില്‍ ഇലവെച്ച് അതിലാണു തേങ്ങാപ്പീര എടുത്തത്. ഇനി മഷി ഒഴിക്കണം.അമ്മയും ചേച്ചിയും അടുക്കളയിലാണ്. അപ്പൂപ്പന്‍ പത്രപാരായണം നടത്തുന്നു. ഞങ്ങള്‍ പതുങ്ങി കോമ്പടിയുടെ അടുത്തെത്തി. ഞാന്‍ ഏന്തിവലിഞ്ഞ് മഷിക്കുപ്പി എടുത്തു.. "അയ്യോ..മിനി എന്റെ ഉടുപ്പില്‍ മഷി ഒഴിച്ചു ചീത്തയാക്കിയേ.." സൗമിനിച്ചേച്ചി വലിയവായില്‍ നിലവിളിക്കാന്‍ തുടങ്ങി.. അതെ , തലേദിവസം നന്നായി അടയ്ക്കാതെ വെച്ച മഷിക്കുപ്പി എന്റെ കയ്യില്‍ നിന്നു മറിഞ്ഞ് ചേച്ചിയുടെ ഉടിപ്പിലാകെ മഷിയാക്കിയിരിക്കുന്നു. മഞ്ഞയില്‍ പച്ചയും സ്വര്‍ണ്ണനൂലും ചേര്‍ത്തു ചിത്രപ്പണികള്‍ ചെയ്ത ഭംഗിയുള്ള ഉടുപ്പാകെ നീലനിറം പടര്‍ന്ന് ആകെ വൃത്തികേടായിരിക്കുന്നു. കരച്ചില്‍ കേട്ട് എല്ലാവരും ഓടിവന്നു..ചേച്ചി പിന്നെയും നിലവിളിക്കുന്നു..'മിനി എന്റെ ഉടുപ്പു ചീത്തയാക്കിയേ,..' എന്ന്. എനിക്ക് പാരകള്‍ പണിയാന്‍ തക്കം പാര്‍ത്തു നടക്കുന്ന എന്റെ സ്വന്തം ചേച്ചിയും അക്കൂട്ടത്തില്‍ കൂടി. 'കണ്ടോ, അവളുടെ ഉടുപ്പു സൗമിനിക്കു കൊടുക്കാത്തതിനാ അവള്‍ അങ്ങനെ ചെയ്തത്..'  ചേച്ചി രംഗം കൊഴുപ്പിച്ചു. .. ഞാനാകെ അന്തം വിട്ടു നില്‍ക്കുകയാണ്. ഒരക്ഷരം വായില്‍ നിന്നു പുറത്തുവരുന്നില്ല..എന്താണു സംഭവിച്ചതെന്ന് പറയണമെന്നുണ്ടെങ്കിലും ആരും എന്നോടു ചോദിച്ചുമില്ല എന്തു പറ്റിയതാണെന്ന്.. സൗമിനിച്ചേച്ചിയുടെ ഭംഗിയുള്ല ഉടുപ്പു ചീത്തയായല്ലോ എന്നോര്‍ത്ത് എനിക്കും സങ്കടം തോന്നി.പക്ഷേ അമ്മയുടെ മുഖം കണ്ടപ്പോള്‍ എന്തോ, വലിയ പേടിയാണു തോന്നിയത്.  പേടിച്ചതുപോലെ തന്നെ സംഭവിച്ചു. അടുക്കളയുടെ ഭാഗത്തെ കഴുക്കോലില്‍ തിരുകിവെച്ചിരുന്ന, അമ്മ അപൂര്‍വ്വമായി മാത്രം കയ്യിലെടുക്കുന്ന, ചൂരല്‍ പിന്നെ എന്റെ മേലാകെ പതിച്ചത് ഒരു മങ്ങിയ ഓര്‍മ്മ .. വേദനകൊണ്ടു പുളഞ്ഞു കരയുന്ന എന്നെ അമ്മച്ചി അപ്പുറത്തെ ചായ്പ്പിലാക്കിയതും നേരിയോര്‍മ്മ മാത്രം......

പിന്നെ എപ്പോഴോ നെറ്റിയിലൂടെ മെല്ലെ നീങ്ങുന്ന തണുത്ത കൈവിരലുകള്‍ എന്നെ ഓര്മ്മകളിലേയ്ക്കു കൊണ്ടുവന്നു. അമ്മച്ചിയാണ്. പിന്നെ സ്നേഹത്തില്‍ പൊതിഞ്ഞ ഈ വാക്കുകളും.."മക്കളെഴുന്നേറ്റുവാ.. ഓണസദ്യയുണ്ണേണ്ടേ.."
എനിക്ക് സങ്കടം കൊണ്ട് ഒന്നും പറയാനായില്ല. 'എനിക്കു വേണ്ട' എന്നുമാത്രം പറഞ്ഞു. അപ്പോള്‍ അപ്പൂപ്പനും എത്തി.. ' കുട്ടികള്‍ സദ്യയുണ്ടില്ലെങ്കില്‍ മാവേലിത്തമ്പുരാന്‍ പിണങ്ങും, ഇനി വരില്ല..' അപ്പൂപ്പന്‍ പറഞ്ഞു. മാവേലിത്തമ്പുരാന്‍ വന്നില്ലെങ്കില്‍ എല്ലാവരും എങ്ങനെ ഓണമാഘോഷിക്കും!.. അതു വളരെ സങ്കടമുള്ള കാര്യമല്ലേ.. ഞാനും അവരോടൊപ്പം എഴുന്നേറ്റുചെന്നു. എല്ലാവരും സദ്യയുണ്ണാന്‍ ഇരിക്കുന്നു. സൗമിനിച്ചേച്ചി, വേണ്ട എന്നു പറഞ്ഞു മാറ്റിവെച്ച ഉടുപ്പുമിട്ട്ചി രിച്ചുകൊണ്ടിരിക്കു ന്നുണ്ട്. ഞാന്‍ എന്റെ ഉടുപ്പിലേയ്ക്കു നോക്കി. അതിലും മഷി പടര്‍ന്നിരിക്കുന്നത് അപ്പോഴേ ഞാന്‍ കണ്ടുള്ളു.എങ്കിലും  സങ്കടമൊക്കെ മറന്ന് അവരോടൊപ്പം കൂടി.. പക്ഷേ ...ഇന്നും ചെയ്യാത്ത കുറ്റത്തിനു കിട്ടിയ വലിയ ശിക്ഷയുടെ ഓര്‍മ്മകള്‍ എന്നെ വല്ലാതെ നൊമ്പരപ്പെടുത്താറുണ്ട്.ഒന്നെനിക്കു തീര്‍ച്ചയാണ്.. ആ ഉടുപ്പില്‍ മഷിയാക്കിയതിനല്ല അമ്മയെന്നെ അടിച്ചത്- കുഞ്ഞുകൈകള്‍ക്കു പറ്റിയ ഒരബദ്ധം അമ്മയ്ക്കു ക്ഷമിക്കാവുന്നതാണ്- പക്ഷേ തന്റെ മകള്‍ അസൂയമൂത്ത് ഒരു ദുഷ്ടപ്രവൃത്തി ചെയ്തുവെന്ന തെറ്റിദ്ധാരണയാലാണ്. അതൊരിക്കലും തിരുത്താന്‍ എനിക്കായതുമില്ല...

3 comments:

 1. കുഞ്ഞുന്നാളിലെ വേദനിപ്പിക്കുന്ന ചില ഓര്‍മ്മകള്‍ ജീവിതകാലമൊക്കെയും പിന്തുടരാറുണ്ട്.

  ReplyDelete
  Replies
  1. നന്ദി സര്‍ ഈ വായനക്കുറിപ്പിന്.. സന്തോഷം, സ്നേഹം..

   Delete
 2. മനസ്സറിയാതെ കേള്‍ക്കേണ്ടവന്ന കുറ്റാരോപണങ്ങളുടെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍.....
  ഹൃദയസ്പര്‍ശിയായിരിക്കുന്നു എഴുത്ത്
  ആശംസകള്‍

  ReplyDelete