Saturday, February 28, 2015

അപ്പൂപ്പന്‍ താടി...

മനസ്സ്
ഭാരമേതുമില്ലാതെ
പറക്കാന്‍ കഴിയുന്ന
അപ്പൂപ്പന്‍താടിയായിരുന്നെങ്കില്‍!
ദിശാബോധമില്ലാതെ,
ലക്ഷ്യമില്ലാതെ,
സമയനിഷ്ഠയില്ലാതെ
ആരെയും കാത്തിരിക്കാതെ,
ആരാലും കത്തിരിക്കപ്പെടാതെ,
സമയസൂചികകളുടെ 
നിലയ്ക്കാത്ത അലമുറകള്‍ക്കു ചെവിയോര്‍ക്കാതെ,
കല്ലേറുകള്‍ക്കും കത്തിമുനകള്‍ക്കും
നോവിക്കാന്‍ കഴിയാതെ,
വിജയപരാജയങ്ങള്‍ക്കു മുന്നില്‍
ഇടറിവീഴാതെ....,
ഇലച്ചാര്‍ത്തുകളില്‍
ഇടയ്ക്കിടെ അഭയം തേടി,
പിന്നെയും കാറ്റിന്റെ കൈപിടിച്ചോടി.......,
അലഞ്ഞുനടക്കുമ്പോഴും
മഴയില്‍ കുതിര്‍ന്ന്.., 
മണ്ണില്‍ പതിച്ച്,
പൊട്ടിമുളയ്ക്കാന്‍
ഒരു എരിക്കിന്‍ ചെടിയുടെ
ആത്മാവിനെ
ഗര്‍ഭം ധരിച്ച്....
അപ്പൂപ്പന്‍താടിയായിരുന്നെങ്കില്‍!



Friday, February 27, 2015

നീയൊരു പുഴയായ്...ഞാനൊരു കണമായ്..

ഒഴുകുവതെന്നും
നീയൊരു പുഴയായ്..
അതിലൊരു ചെറുമണി
നീര്‍ക്കണമായ് ഞാന്‍....
ആഴമളക്കാന്‍ കഴിയാതുള്ളൊരു
സ്നേഹക്കടലായ് മേവും നിന്നുടെ
ഹൃദയത്തിരകളില്‍
ഒരു തിരയായ് ഞാന്‍
പൊങ്ങിത്താണു
തുടിക്കട്ടെ....

ഒഴുകും നിന്നുടെ
ഓര്‍മ്മസരിത്തില്‍ ,
ഒരുചെറുകാറ്റില്‍
ഇളകും വെയിലിന്‍
ചില്ലകള്‍ തീര്‍ക്കും ജ്യോതിര്‍ജ്ജാലം
ഹൃദയച്ചെപ്പിലിറുക്കിയടയ്ക്കാം
സ്വപ്നങ്ങള്‍ തന്‍
നാടയില്‍ ബന്ധി-
ച്ചിരുളിന്‍ കാവലില്‍
ഇത്തിരി നേരം

ഒഴുകിവരും നിന്‍
പ്രണയക്കാറ്റില്‍
അലയും ഞാനാം
ജലദം ചെറുമഴ
നീര്‍ക്കണമായ് നിന്‍ ഹൃദയച്ചൂടില്‍
സ്നേഹത്തണുവായ് വന്നുപതിക്കാം
മുക്തകമാകാം
വെണ്മയുതിര്‍ക്കാം
അലിയാം നിന്നിലെ
ആര്‍ദ്രതയില്‍.....












Wednesday, February 25, 2015

ഒറ്റക്കമ്പിയുള്ള തമ്പുരുവിന്റെ ഗാനം നിലച്ചിട്ട് ഇന്നു 8 വര്‍ഷം.




ഇന്ന് ഫെബ്രുവരി 25 . ശ്രീ പി ഭാസ്കരന്റെ ചരമവാര്‍ഷികമാണിന്ന്.

മലയാളത്തിലെ ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളുടെ ചരിത്രരേഖകളില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതിച്ചേര്‍ത്ത നാമമാണ് ശ്രീ പി ഭാസ്കരന്റേത്. മലയാളിയുടെ ഓര്‍മ്മച്ചെപ്പില്‍ നിന്ന് ഭാസ്കരന്‍ മാഷിന്റെ വിരല്‍ത്തുമ്പില്‍  വിടര്‍ന്ന ഒരിക്കലും വാടാത്ത കുറെയേറെ ഗാനകുസുമങ്ങള്‍ സ്വര്‍ഗ്ഗീയ സുഗന്ധം പരത്തി ഒഴുകിനടക്കുന്നുണ്ട് ഇന്നും എവിടെയും.


ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ,സ്വാതന്ത്ര്യ സമര സേനാനി,  പത്രപ്രവർത്തകൻ, കവി, ജയകേരളംമാസിക, ദീപിക ഇവയുടെ പത്രാധിപസംഘാംഗം, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നടൻ, ആകാശവാണി പ്രൊഡ്യൂസർ, ഏഷ്യാനെറ്റ് സ്ഥാപക ചെയര്‍മാന്‍, കെ എസ് എഫ് ഡി ചെയര്‍മാന്‍ ഇങ്ങനെ ഒട്ടനവധി വേഷങ്ങളില്‍ പകര്‍ന്നാടിയിരുന്നു ജീവിത നാടകവേദിയില്‍ ഈ പ്രതിഭാശാലി . പ്രശസ്ത സാഹിത്യകാരനും കോണ്‍ഗ്രസ്സുകാരനും അഭിഭാഷകനുമൊക്കെയായിരുന്നു നന്ത്യേലത്ത് പത്മനാഭമേനോന്റെയും പുല്ലുറ്റു പാടത്ത അമ്മാളുഅമ്മയുടേയും ഒന്‍പതു മക്കളില്‍ ആറാമനായി 1924 ഏപ്രില്‍ 21നു കൊടുങ്ങല്ലൂരായിരുന്നു ശ്രീ പി ഭാസ്കരന്റെ ജനനം. സാഹിത്യ, രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ പല അതികായന്മാരും വീട്ടിലെ നിന്ത്യ സന്ദര്‍ശകരായിരുന്നു. വള്ളത്തോളും നാലപ്പാട്ടു നരായണമേനോനും, കേളപ്പജിയും ഒക്കെയുണ്ടായിരുന്നു ഈ ഗണത്തില്‍. വീട്ടിലെ ഈ അന്തരീക്ഷം അദ്ദേഹത്തെ വളരെ ചെറുപ്പത്തില്‍ തന്നെ ഈ മേഖലകളിലൊക്കെ അദ്ദേഹത്തെ തല്‍പരനാക്കി. തന്റെ സാഹിത്യ സപര്യയ്ക്കു നാന്ദി കുറിച്ചത് മാതൃഭൂമിയിലെ ബാലപംക്തിയില്‍ ഭാസി എന്നപേരില്‍ രചനകള്‍     പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു.  എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് കമ്മ്യൂണിസ്റ്റ്  ആശയങ്ങളോട് തല്‍പരനാകുന്നത്. വിപ്ലവവീര്യം സിരകളില്‍ അഗ്നിപടര്‍ന്ന ആ നാളുകള്‍ അദ്ദേഹത്തെ ജയില്‍ വാസത്തിലാണ് കൊണ്ടെത്തിച്ചത്. പുറത്തുവന്ന ശേഷം ദേശാഭിമാനി പത്രത്തില്‍ കര്‍മ്മ നിരതനായി അദ്ദേഹം. 20 )0 വയസ്സില്‍ ആദ്യത്തെ കവിതാസമാഹാരം 'വില്ലാളി' പുറത്തിറങ്ങി. പിന്നീട് പുന്നപ്ര വയലാര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ 'വയലാര്‍ ഗര്‍ജ്ജിക്കുന്നു' എന്ന കൃതി പ്രസിദ്ധീകരിച്ചു. ഈ കൃതി അന്നത്തെ ദിവാനായിരുന്ന സര്‍ സി പി രാമസ്വാമി അയ്യര്‍ നിരോധിക്കുകയുണ്ടായി. പിന്നീട് വിവിധകാരണങ്ങളാല്‍ കമ്മ്യൂണിസവുമായി അകലുകയും സാഹിത്യത്തില്‍ മാത്രം തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. മദ്രാസിലെ ജയകേരളം മാസികയുടെ പത്രാധിപരായതോടെ രാഷ്ട്രീയത്തില്‍ നിന്നു പൂര്‍ണ്ണമായി വിട്ടു നിന്നു. പിന്നീടുള്ല കാലഘട്ടം മലയാളസിനിമയുമായി അദ്ദേഹത്തെ അടുപ്പിക്കുകയായിരുന്നു.

' കടക്കണ്ണിന്‍ തലപ്പത്ത് കറങ്ങും വണ്ടേ..' എന്ന ഗനവുമായി 1949ല്‍ അപൂര്‍വ്വസഹോദരങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഭാസ്കരന്‍മാസ്ടറുടെ സിനിമയിലെ അരങ്ങേറ്റം. ബഹുഭാഷാഗാനത്തിലെ മലയാളം വരികള്‍ മാത്രമായിരുന്നത്.
ചന്ദ്രിക, നവലോകം, പുള്ളിമാന്‍,കതിരുകാണാക്കിളി, നീലക്കുയില്‍, രാരിച്ചന്‍ എന്ന പൗരന്‍.... അങ്ങനെ അനവധി ചിത്രങ്ങളില്‍ ഭാസ്കരന്‍ മാഷിന്റെ മലയാളത്തനിമയുടെ നിറവും മണവുമുള്ല ആര്‍ദ്രതയുടെ കുളിര്‍കാറ്റു വീശുന്ന ഗാനങ്ങള്‍ അലയടിച്ചു. ശ്രീ യൂസഫലി കേച്ചേരി അദ്ദേഹത്തെ മലയാളഭാഷാഗാനശാഖയുടെ പിതാവെന്നു പോലും വിശേഷിപ്പിക്കുകയുണ്ടായി..സംസ്കൃതത്തിന്റെയും മറ്റ് അന്യഭാഷകളുടേയും സ്വാധീനവലയത്തില്‍ നിന്നകന്ന് ലാളിത്യവും ഒപ്പം ഗാംഭീര്യവുമുള്ല മലയാളഗാനങ്ങളായിരുന്നു പി ഭാസ്കരന്റെ തൂലികയില്‍ നിന്നു പിറന്നു വീണവ. പക്ഷേ ഗാനരചനയില്‍ മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ഈ രംഗത്തെ സംഭാവന. മലയാളസിനിമയ്ക്ക് പുതിയൊരു പാന്ഥാവ് തന്നെ തീര്‍ത്തെടുത്ത ചിത്രമായിരുന്നു നീലക്കുയില്‍. ഈ ചിത്രത്തിന്റെ ശില്പികളില്‍ പ്രധാനിയായിരുന്നു ഭാസ്കരന്‍ മാഷ്. രാമു കാര്യാട്ടും ഭാസ്കരന്‍ മാഷും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. 1953 ല്‍ ദേശീയപുരസ്കാരം ലഭിക്കുകയുണ്ടായി ഈ ചിത്രത്തിന്.  ഇതിലെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ആസ്വാദകമനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടുകയും ചെയ്തു. പിന്നീട് 47 ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും 7 ചിത്രങ്ങളുടെ നിര്‍മ്മാണവും ഒട്ടനവധി ചിത്രങ്ങളിലെ ഗാനരചനയുമായി ആ ജൈത്ര യാത്ര തുടര്‍ന്നു. എങ്ങനെ നീ മറക്കും..., കായലരികത്ത്..., എല്ലാരും ചൊല്ലണു...,  ഉണരുണരൂ... , മാനെന്നും വിളിക്കില്ല...,അല്ലിയാമ്പല്‍ കടവില്‍........,   കദളിവാഴക്കയ്യിലിരുന്ന്.. , പാലാണു തേനാണെന്‍......, മാമലകള്‍ക്കപ്പുറത്ത്....., തളിരിട്ട കിനാക്കള്‍.....ഉണരുണരൂ ഉണ്ണിപ്പൂവേ....., അഞ്ജനക്കണ്ണെഴുതി......, താമസമെന്തേ വരുവാന്‍..... ഏകാന്തതയുടെ അപാരതീരം.....,പുലര്‍കാല സുന്ദര....,  പത്തുവെളുപ്പിന്..., ആറാട്ടുകടവിങ്കല്‍..., അങ്ങനെ 1500 ഓളം ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട് മലയാളസിനിമയില്‍. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് ജെ.സി. ദാനിയേൽ പുരസ്കാരം 1994 ല്‍  ലഭിച്ചത്  പി ഭാസ്കരനാണ്.

ചലച്ചിത്രരംഗവുമായി അടുത്ത ബന്ധം പുലര്‍ത്തുമ്പോഴും കവിതാ രചനയില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നിരുന്നില്ല. കാല്‍പനികതയുടെ ഏറ്റവും  ലാളിത്യമര്‍ന്ന ഭാവങ്ങള്‍ കവിതകളില്‍ ആവിഷ്കരിക്കുകവഴി വായനക്കാരന്റെ ഹൃദയത്തില്‍ സവിശേഷമായൊരു സ്ഥാനം നേടിയെടുക്കുകയുണ്ടായി അദ്ദേഹം.   ഇരുപതിലധികം കവിതാസമാഹാരങ്ങള്‍ പി ഭാസ്കരന്റേതായുണ്ട്. ഓർക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തമ്പുരു, വയലാർ ഗർജ്ജിക്കുന്നു, ഒസ്യത്ത്, പാടും മൺ‌തരികൾ, ഓടക്കുഴലും ലാത്തിയും തുടങ്ങിയവയാണ് പ്രധാന കൃതികൾ.  ഒറ്റക്കമ്പിയുള്ള തമ്പുരു എന്ന കൃതിക്ക് 1981-ൽ ഓടക്കുഴൽ പുരസ്കാരവും, 82-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. 2000 ൽ വള്ളത്തോൾ അവാർഡും ലഭിച്ചു .

നീലക്കുയിലിന്  രാഷ്ട്രപതിയുടെ രജതകമലം ലഭിച്ച സമയത്തായിരുന്നു ഇന്ദിരയുമായുള്ല അദ്ദേഹത്തിന്റെ വിവാഹം . മക്കൾ രാജീവൻ, വിജയൻ, അജിതൻ, രാധിക. സുരഭിലമായൊരു ഗാനം പോലെയായിരുന്നു ആ ജീവിതം.  അവസാന നാളുകളില്‍ ഓര്‍മ്മ നഷടമായിരുന്നു അദ്ദേഹത്തിന്.
''കൈകള്‍ വിറച്ചാലും കാലുകള്‍ തളര്‍ന്നാലും
ഞാന്‍ നിന്റെ നിഴലായും നീയെന്റെ തണലായും
ജീവിതയാത്രയിത് തുടര്‍ന്നുപോകും.''
എന്നദ്ദേഹം മുന്‍പേ തന്നെ പറഞ്ഞുവെച്ചിരുന്നു.
വാർദ്ധക്യസഹജമായ അസുഖങ്ങൾമൂലം 2007 ഫെബ്രുവരി 25 ന് ഈ പൂങ്കുയില്‍ തന്റെ അന്ത്യരാഗവും പാടി കൂടൊഴിഞ്ഞു. കാലമെത്ര കഴിഞ്ഞാലും ഈ കളകൂജനത്തിന്റെ അലകള്‍ മലയാളിയുടെ കാതില്‍ നിന്നു മാഞ്ഞുപോവില്ല.



അദ്ദേഹത്തിന്റെ 'കാളകള്‍' എന്ന കവിത, സ്കൂളില്‍ പ്ഠിച്ചത്..
കാളകള്‍--പി. ഭാസ്‌കരന്‍
--------------
തോളത്തു ഘനം തൂങ്ങും
വണ്ടിതന്‍ തണ്ടും പേറി--
ക്കാളകള്‍ മന്ദം മന്ദ--
മിഴഞ്ഞു നീങ്ങീടുമ്പോള്‍

മറ്റൊരു വണ്ടിക്കാള
മാനുഷാകാരം പൂണ്ടി--
ട്ടറ്റത്തു വണ്ടിക്കയ്യി--
ലിരിപ്പൂ കൂനിക്കൂടി.

തോളുകള്‍ കുനിഞ്ഞിട്ടു--
ണ്ടവന്നും, സ്വജീവിത--
നാളുകള്‍ തല്‍കണ്ഠത്തി--
ലേറ്റിയ നുകം പേറി.

കാലുകള്‍ തേഞ്ഞിട്ടുണ്ടി--
ന്നവന്നും നെടുനാള--
ക്കാലത്തിന്‍ കരാളമാം
പാതകള്‍ താണ്ടിത്താണ്ടി.

ദുര്‍വിധി കുടിച്ചെന്നും
മിഴിനീര്‍ വറ്റിക്കയാല്‍
നിര്‍വികാരങ്ങളാണാ--
ക്കണ്ണുകള്‍ നിര്‍ജ്ജീവങ്ങള്‍.

മന്നിന്റെ നിലയ്ക്കാത്ത
പ്രഹരം സഹിക്കയാല്‍
പുണ്ണുകള്‍ പടര്‍ന്നി--
ട്ടുണ്ടവന്നും കരള്‍ക്കാമ്പില്‍.

ഒട്ടേറെക്കാലം മുമ്പി--
ലച്ചെറുപഞ്ഞക്കുടില്‍-
ത്തൊട്ടിലില്‍ കൈക്കുഞ്ഞായി--
പ്പിറന്ന കാലം മുതല്‍

ലക്ഷ്യമെങ്ങറിയാതെ,
മൃത്യുവിന്‍ ഭയാനക
ശിക്ഷയില്‍ബ്ഭയം പൂണ്ടു
കാല്‍ക്ഷണം പതറാതെ,

ജീവിതം കയറ്റിയോ--
രുല്‍ക്കടബ്ഭാരം തിങ്ങു--
മാവണ്ടി വലിക്കയാ--
ണിസ്സാധു നാളില്‍ നാളില്‍!


Monday, February 23, 2015

സാഹിത്യവാരഫല ജ്യോതിഷി ഓര്‍മ്മയായിട്ട് ഇന്ന് ഒന്‍പതു വര്‍ഷങ്ങള്‍.



സാഹിത്യവാരഫല ജ്യോതിഷി ഓര്‍മ്മയായിട്ട് ഇന്ന് ഒന്‍പതു വര്‍ഷങ്ങള്‍.
എം കൃഷ്ണൻ നായർ (മാർച്ച് 3, 1923 - ഫെബ്രുവരി 23, 2006)

കലാകൗമുദി വാരിക കിട്ടാന്‍ കാത്തിരിക്കുന്ന കാലം ഓര്‍ത്തു പോവുകയാണ്. ശ്രീ എം കൃഷ്ണന്‍ നായരുടെ സാഹിത്യ വാരഫലം വായിക്കുക എന്നതു തന്നെയായിരുന്നു ആ കാത്തിരിപ്പിന്റെ ലക്ഷ്യം. സാഹിത്യം മാത്രമല്ല നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടതെല്ലാം ഓരോ വാരഫലത്തിലും ഉണ്ടാവും. അന്നൊക്കെ തോന്നിയ ഏറ്റവും വലിയ അത്ഭുതം അദ്ദേഹത്തിന് ഇത്രയേറെ വായിക്കാന്‍ എങ്ങനെ സമയം കിട്ടുന്നു എന്നതായിരുന്നു. അതും പല ഭാഷകളിലെ എഴുത്തുകാരുടെ വിധങ്ങളായ രചനകള്‍ !
ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും പ്രൊഫസ്സര്‍ എം കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം. 1969 മുതൽ മരണത്തിനു ഒരാഴ്ച്ച മുൻപു വരെ അദ്ദേഹം 36 വർഷത്തോളം തുടർച്ചയായി അദ്ദേഹം എഴുതിയ നിശിതവും ഒപ്പം ഹാസ്യാത്മകവുമായ ഈ നിരൂപണ പംക്തി കേരളത്തിലെ എല്ലാവിഭാഗം വായനക്കാരെയും പ്രായഭേദമെന്യേ ആകര്‍ഷിച്ചിരുന്നു. പല വിശ്വസാഹിത്യകാരന്മാരെയും അവരുടെ കൃതികളെയും മലയാളിക്കു പരിചയപ്പെടുത്തുകകൂടിയായിരുന്നു ശ്രീ കൃഷ്ണന്‍ നായര്‍ സാഹിത്യ വാരഫലത്തിലൂടെ ചെയ്തു പോന്നത്. നമ്മുടെ എഴുത്തുകാരുടെ മോഷണത്വരയേയും അദ്ദേഹം നന്നായി പരിഹസിച്ചിരുന്നു. മലയാളസാഹിത്യകാരന്മാര്‍ വിശ്വസാഹിത്യകാരന്മര്‍ പലരുമായി താരതമ്യം ചെയ്താല്‍ 'കുള്ള'ന്മാരാണെന്നായിരുന്നു അദേഹത്തിന്റെ മതം.

ആനുകാലികങ്ങളില്‍ എഴുതുന്നവര്‍ക്ക് പലപ്പോഴും അദ്ദേഹത്തിന്റെ ആത്മനിഷ്ഠമായ വിലയിരുത്തലുകള്‍ സന്തോഷവും ദുഃഖവും പകര്‍ന്നു കൊടുത്തിരുന്നു. തുടക്കക്കാര്‍ക്ക് അദ്ദേഹത്തിന്റെ പരാമര്‍ശം കിട്ടുന്നതുതന്നെ വലിയ അംഗീകാരവുമായിരുന്നു. അഭിനന്ദനങ്ങള്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനേറെ സഹായിച്ചു. ഒട്ടും തന്നെ ആഴത്തിലുള്ല അപഗ്രഥനങ്ങള്‍ അദ്ദേഹത്തിന്റെ വിമര്‍ശനക്കുറിപ്പില്‍ ഒരു രചനയെപ്പറ്റിയും ഉണ്ടായിരുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. തികച്ചും ഉപരിപ്ലവമായി, നല്ലതെന്നോ ചീത്തയെന്നോ പറഞ്ഞുവെയ്ക്കുക മാത്രം. പലപ്പോഴും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോടു യോജിക്കാന്‍ കഴിയുകയില്ലെങ്കിലും എല്ലാവരും ഈ എഴുത്തിനെ ഇഷ്ടപ്പെട്ടിരുന്നു എന്നത് വസ്തുതയാണ്. കൃഷണന്‍‌നായരുടെ തന്നെ ഭാഷ കടമെടുത്തു പറഞ്ഞാല്‍ ബഹിര്‍ഭാഗസ്ഥമായ പരാമര്‍ശങ്ങളാണ് അദ്ദേഹത്തിന്റെ സാഹിതീയ ലേഖനങ്ങള്‍.

തിരുവനന്തപുരത്ത് വി കെ മാധവൻ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി 1923 മാർച്ച് 3നു കൃഷ്ണൻ നായർ ജനിച്ചു. സ്കൂൾ‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. എറണാകുളം മഹാരാജാസ് കോളജിൽ നിന്നു മലയാള വിഭാഗം തലവനായി വിരമിച്ചു. ]. മലയാള നാട് വാരിക, കലാകൗമുദി ആഴ്ചപ്പതിപ്പ്, സമകാലിക മലയാളം വാരിക എന്നിവയിലായിരുന്നു സാഹിത്യവാരഫലം പ്രസിദ്ധീകരിച്ചിരുന്നത്. സാഹിത്യ രംഗത്തെ സേവനങ്ങൾക്ക് അദ്ദേഹത്തിനു ജി.കെ.ഗോയെങ്ക പുരസ്കാരം ലഭിച്ചു. സ്വപ്നമണ്ഡലം. ചിത്രശലഭങ്ങല്‍ പറക്കുന്നു, സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍, വായനക്കാരാ നിങ്ങൾ ജീവിച്ചിരിക്കുന്നോ, പനിനീർ പൂ‍വിന്റെ പരിമളം പോലെ, ശരത്കാല ദീപ്തി, ഒരു ശബ്ദത്തിൻ രാഗം, എം കൃഷ്ണൻ നായരുടെ പ്രബന്ധങ്ങൾ, സാഹിത്യ വാരഫലം (25 വർഷത്തെ രചനകൾ ക്രോഡീകരിച്ചത്) ഇവയാണ് പ്രൊഫസ്സര്‍ എം കൃഷ്ണന്‍ നായരുടെ കൃതികള്‍.

Saturday, February 21, 2015

ലോക മാതൃഭാഷാ ദിനം- ഫെബ്രുവരി 21.



മാതൃഭാഷാ ദിനം.

ഇന്നു ലോക മാതൃഭാഷാദിനം.
1999 നവംബർ 17-നാണ് യുനെസ്കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008-നെ ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നൽകി. 2000 മുതല്‍ ഈ ദിനം ആചരിച്ചു പോരുന്നു.

ഏതൊരു സമൂഹത്തിന്റെയും സാംസ്കാരിക പൈകൃതം മാതൃഭാഷയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. ചില സമൂഹങ്ങള്‍ തനിമയോടെ നിലനില്‍ക്കണമെങ്കില്‍ അതിന്‍റെ ഭാഷയും നിലനില്‍ക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് മാതൃഭാഷകളെ സംരക്ഷിക്കാനുള്ള പദ്ധതിക്ക് യുനെസ്കോ തുടക്കമിടാന്‍ കാരണം.


1952 ല്‍ പാക്കിസ്ഥാനിലെ വിദ്യാര്‍ത്ഥികള്‍ അന്നു രാജ്യത്തിന്റെ ഒരു ഭാഗമായിരുന്ന ബംഗ്ലാദേശിന്റെ ഭാഷയായ ബംഗ്ല കൂടി ദേശീയ ഭാഷയായി അംഗീകരിക്കണമെന്ന ആവശ്യവുമായി ഇന്നത്തെ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ പ്രക്ഷോഭം നടത്തുകയും അതിനെ അടിച്ചമര്‍ത്താന്‍ നട്ത്തിയ വെടിവെയ്പ്പില്‍ നാലു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും ചെയ്തത് ഫെബ്രുവരി 21 ന് ആയിരുന്നു. ഈ ദിനത്തെയാണ് ലോക മാതൃഭാഷാ ദിനം പ്രതിനിധീകരിക്കുന്നത്. മാതൃഭാഷയ്ക്കു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കപ്പെട്ട ഈ രാജ്യസ്നേഹികളുടെ സ്മാരകമായ
ഷഹീദ് മിനാറില്‍ ( ധാക്ക ) ഈ ദിനത്തില്‍ പുഷ്പങ്ങളര്‍പ്പിച്ച് ഇവരെ ആദരിക്കുന്നു. ആസ്ത്രേലിയയില്‍, സിഡ്നിയിലെ ആഷ്ഫീല്‍ഡ് പാര്‍ക്കിലും ഒരു ലോകമാതൃഭാഷാദിന സ്മാരകമുണ്ട്. " ഫെബ്രുവരി 21 ലെ രക്തസാക്ഷികളെ സ്മരിക്കുന്നു " എന്ന് ഇംഗ്ളിഷിലും ബംഗ്ല ഭാഷയിലും ഇതില്‍ എഴുതിവെച്ചിട്ടുണ്ട്.


മലയാളം ശ്രേഷ്ഠ ഭാഷയായി അംഗീകരിക്കപ്പെട്ടിട്ടു കൂടി നമ്മുടെ നാട് മാതൃഭാഷയ്ക്കു കൊടുക്കുന്ന പ്രാധാന്യവും അംഗീകാരവും എത്രത്തോളമുണ്ടെന്ന കാര്യം ചിന്തനീയമാണ്. തൊഴില്‍ നേടണമെങ്കില്‍ മറ്റു ദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്ന മലയാളിക്ക് മറ്റു ഭാഷകളും സ്വായത്തമാക്കിയേ മതിയാകൂ എന്നത് വിസ്മരിക്കാനാവില്ല. എങ്കിലും ഇന്നു നിലവിലിരിക്കുന്ന മാതൃഭാഷയോടുള്ല അവഗണന ജുഗുപ്സാവഹം തന്നെ. വായ്മൊഴിയായും വരമൊഴിയായും മലയാളം അഭ്യസിക്കാനുള്ള നിര്‍ബ്ബന്ധബുദ്ധി ഓരോ മലയാളിക്കും ഉണ്ടാകേണ്ടതാണ്. നമ്മുടെ സാംസ്കാരിക പൈതൃകത്തെ മുറുകെപ്പിടിക്കാന്‍ മാതൃഭാഷയുടെ പിന്‍ബലം കൂടിയേ കഴിയൂ എന്ന തിരിച്ചറിവിനു കാലം വളരെ വൈകിയിരിക്കുന്നു.

Friday, February 20, 2015

മേഘ ഗദ്ഗദം.

കാലമെത്രയായ് നില്‍പതാണു ഞാന്‍
കാത്തിരിപ്പിന്റെ വാനവീഥിയില്‍
ചുട്ടുപൊള്ളുമെന്‍ ശോകമത്രയും
ഇട്ടൊഴിഞ്ഞൊന്നു പെയ്യുവാനായി

ആര്‍ത്തു ഘോഷമായ് പെയ്തിറങ്ങിടാം
ആഞ്ഞടിക്കുന്ന കാറ്റിനൊപ്പം ഞാന്‍
മാരിയായ് മലമേലെ നില്‍ക്കുന്ന
മാമരങ്ങള്‍ തന്‍ ചില്ല തോറുമായ്.

ചാലൊഴുക്കിയാ പാറകള്‍ക്കു മേല്‍
ചാരു ശുഭ്ര പടങ്ങല്‍ തീര്‍ത്തു ഞാന്‍
പിന്നെ വന്നു പതിച്ചിടാം താഴെ
പിന്നിടുന്നൊരു  കാലഗീതി പോല്‍.

പൊന്‍വെയില്‍ പാറുമന്തിനേരത്തു
കണ്‍മയക്കുന്ന മാരിവില്ലൊപ്പം
വന്നു മെല്ലെക്കൊഴിഞ്ഞിടാമൊരു
കുഞ്ഞു ചാറ്റലായ് പുണ്യവര്‍ഷമായ്.

ബാലകേളി കുതൂഹലങ്ങള്‍ തന്‍
ജാലകങ്ങള്‍ക്കു മപ്പുറത്തു ഞാന്‍
ചേലെഴും മധുമാരിയായ് പൊഴി-
ഞ്ഞൊഴുകിടാമൊരു സ്മൃതി പ്രവാഹമായ്-

ഇല്ലെ,നിക്കെത്ര മോഹമുണ്ടെങ്കിലും
പെയ്യുവാന്‍ മരുഭൂവതില്‍ മേലേ
പൊള്ളുമോര്‍മ്മതന്‍ നൊമ്പരക്കാറ്റില്‍
ആവതില്ലൊരു വര്‍ഷമായിടാന്‍..








Thursday, February 19, 2015

മരീചിക.

ഒരു പൊന്‍ തിളക്കവും
നനവാര്‍ന്ന കറുകയും
ഒരുകുഞ്ഞിളങ്കാറ്റും
നന്മയുടെ പൂക്കളും
ഒഴുകുന്ന പുഴതന്റെ
ഉള്ളില്‍ വീണുടയുന്ന
മോഹപ്പളുങ്കിന്റെ
ഒരു കൊച്ചു തേങ്ങലും
മാനത്തു ചിറകടി-
ച്ചുയരുന്ന പക്ഷിതന്‍
പാടാത്ത പാട്ടിന്റെ
ഈണവും താളവും
എന്‍മുന്നിലുണരുന്നു
പുത്തന്‍ പ്രഭാതമായ്
ഒഴുകിവന്നെത്തുവാന്‍
ഒരു സ്നേഹധാരതന്‍
ഉറവയുണ്ടെങ്കിലെ
ന്നറിവിന്റെ നിറവുമായ്.
വിജനമായുള്ളൊരെന്‍
വഴികളില്‍ നിഴല്‍ പോലെ
പിന്‍തുടര്‍ന്നീടുവാന്‍
പിരിയാതിരിക്കുവാന്‍....



Wednesday, February 18, 2015

വാര്‍ളി ചുവര്‍ച്ചിത്രങ്ങള്‍.

ചുവര്‍ച്ചിത്രങ്ങള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്നത് നമ്മുടെ ക്ഷേത്രങ്ങളുടെയും കൊട്ടാരക്കെട്ടുകളുടെയും ചുവരില്‍  തീര്‍ത്തിരിക്കുന്ന വര്‍ണ്ണവൈവിദ്ധ്യവും സൂക്ഷ്മമായ ഭാവതീവ്രതയെ സ്ഫുരിപ്പിക്കുന്നതുമായ സങ്കീര്‍ണ്ണ ചിത്രരചനാത്ഭുതങ്ങളാണ്. ശ്രേഷ്ഠമായ ചിത്രരചനാ പാടവവും കഠിനപ്രയത്നവും സാങ്കേതികത്വവും അണ് ഇത്തരം കലരൂപങ്ങളെ കാലാതീതമാക്കി നിര്‍ത്തുന്നത്. എന്നാല്‍ മഹരാഷ്ട്രയിലെ വാര്‍ളി ചുവര്‍ച്ചിത്രകല വളരെ വ്യത്യസ്തവും ഒട്ടും ഗ്രാമ്യമല്ലാത്തതുമാണ്. യഥാര്‍ത്ഥ മനുഷ്യ ജീവിതത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഈ ചിത്ര രചനാ സങ്കേതം ഇന്ന് കലാസ്വാദകരുടെ ശ്രദ്ധ വളരെയേറെ പിടിച്ചു പറ്റിയിരിക്കുന്നു. ഏറ്റവും ലാളിത്യമാര്‍ന്ന വാര്‍ളി ചിത്രങ്ങള്‍ നമ്മോടു സംവദിക്കുന്നത് സൗമ്യതയുടെ മൗനഭാഷയില്‍ കൂടിയാണെന്നതാണ് ഇതിന്റെ പ്രത്യേകത.

മുംബൈ മഹാനഗരത്തിന്റെ വടക്കു ഭാഗത്ത് തിരക്കില്‍ നിന്നു മാറി ആധുനികതെയെ ഒട്ടുംതന്നെ തങ്ങളുടെ ജീവിതത്തിലേയ്ക്കു പിടിച്ചു കയറ്റാതെ ജീവിക്കുന്ന ആദിവാസി ജനവിഭാഗമാണ് വാര്‍ളി. ഇവരുടെ കലാപൈതൃകത്തിന്റെ കണക്കുകള്‍ ഒന്നും ലഭ്യമല്ല. എങ്കിലും ചിത്രങ്ങളുടെ രൂപസാദൃശ്യം 2500 വര്ഷത്തിലധികം പഴക്കമുള്ള ബിംബേഡ്ക (മദ്ധ്യപ്രദേശ്) യിലെ ഗുഹാചിത്രളോടുള്ളതിനാല്‍ വളരെ പ്രാചീനമെന്നു തന്നെ കരുതപ്പെടുന്നു. എഴുപതുകളിലാണ് ഈ ചിത്രങ്ങള്‍ പുറം ലോകത്തിനു  പരിചിതമായത്.

വാര്‍ളി ചിത്രങ്ങള്‍ തികച്ചും സ്ത്രീകളുടെ ആത്മാവിഷ്കാരമാനെന്നു പറയാം. തങ്ങളുടെ വീടിന്റെ മണ്‍ചുവരുകളെ മോടിപിടിപ്പിക്കാന്‍ വിശ്രമസമയങ്ങളില്‍ അവര്‍ കണ്ടെത്തിയതാണ് ഈ ചിത്രരചനാരീതി. പൂര്‍ണ്ണമായും പ്രകൃതിയോട് ചേര്‍ന്നു നില്ക്കുന്നതാണ് വാര്‍ളി ചിത്രങ്ങള്‍. മരങ്ങളും വനങ്ങളും മൃഗങ്ങളും പക്ഷികളും മനുഷ്യരും അവരുടെ വിവിധപ്രവര്‍ത്തികളും ആകാശവും മേഘവും പൂക്കളും.. ഇങ്ങനെ പ്രകൃതിയുള്ലതെല്ലാം അതാതിന്റെ ചലനാത്മകതയില്‍ അവര്‍ തങ്ങളുടെ ചുവരുകളിലേയ്ക്കാവാഹിച്ചു എന്നു പറയാം .

സുമംഗലികളായ സ്ത്രീകളാണ് ചിത്ര രചന നടത്തുന്നത്. ചുവരുകള്‍ നന്നായി ചാണകം മെഴുകി വൃത്തിയാക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് അതില്‍ ചെമ്മണ്ണു പൂശും. ചുവരുകള്‍ക്ക് അപ്പോള്‍ മനോഹരമായ തവിട്ടു നിറം ലഭ്യമാകും. ഈ പ്രതലത്തില്‍ അരിപ്പൊടി കുഴച്ചെടുത്ത മാവ് കൂര്‍ത്ത മുളന്തണ്ടുകൊണ്ട് രൂപങ്ങള്‍ മെനെഞ്ഞെടുക്കുന്നു. ഇതാകട്ടെ ലളിതമായ ജ്യാമിതീയരൂപങ്ങള്‍- നേര്‍രേഖകള്‍, വൃത്തങ്ങള്‍, ത്രികോണങ്ങള്‍, ചതുരങ്ങള്‍- മാത്രമുപയോഗിച്ചും. ഒരു മനുഷ്യരൂപത്തിന് രണ്ടുത്രികോണങ്ങളും ഒരു വൃത്തവും ഏതാനും വരകളും മാത്രം മതിയാകുന്ന ഈ ചിത്രങ്ങ്ളോളം ലാളിത്യം വേറെ ഏതു കലാവിഷ്കാരത്തിനുണ്ടാകും! 

ഇന്ന് ഈ ചിത്രരചനാ സങ്കേതം വളരെ വിപുലമായ രീതിയില്‍ ഉപയോഗിക്കുന്നുണ്ട്. വസ്ത്രങ്ങളിലും കളിമണ്‍ പാത്രങ്ങളിലും ബാഗുകളിലും കിടക്കവിരികള്‍, തലയിണ എന്നിവയിലും ഒക്കെ ഈ ചിത്രങ്ങള്‍ എഴുതി ചേര്‍ക്കുന്നത് ഏറെ സ്വീകാര്യമായിട്ടുണ്ട്. ചെറിയ നിരീക്ഷണമുണ്ടെങ്കില്‍ ആര്‍ക്കു വേണമെങ്കിലും മനോഹരമായി ഈ ചിത്രം ഏതുപ്രതലത്തിലും ഏതു മാധ്യമത്തിലും ചെയ്യാമെന്നുള്ലത് സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. വാര്‍ളി ചിത്രങ്ങള്‍ ആലേഖനം ചെയ്ത വസ്ത്രങ്ങളും മറ്റും വിദേശത്തും സ്വദേശത്തും ഒരുപോലെ സ്വാഗതം ചെയ്യപ്പെട്ടത് ഈ ചിത്രകലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുപടു പേര്‍ക്കു പ്രചോദനമായിട്ടുണ്ട്. 















Tuesday, February 17, 2015

മഹാദേവ, ശരണം, തവപാദ പങ്കജം

കൈലാസനാഥാ മഹാദേവ, ദേവാ
കൈവല്യമേകുവാന്‍ കനിയണമേ..
ചന്ദ്രക്കലാധരാ പാര്‍വ്വതി പ്രിയനേ
ചരണപത്മങ്ങളില്‍ അഭയം ദേവാ..

വരമരുളീടുക ഈ ലോകനന്മയ്കായ്
വരമേകീടണം താപമകറ്റിടാന്‍..
പശിയകന്നീടുവാന്‍, ശാന്തി പുലര്‍ന്നീടാന്‍
പൈതങ്ങളേ നീ അനുഗ്രഹിക്കൂ ദേവാ..

ഭസ്മമാക്കീടുക തൃക്കണ്‍ പാര്‍ത്തു നീ
ഭയമേകീടും അസുരജന്മങ്ങളെ
നിന്നുഗ്രകോപമാം അഗ്നി ജ്വലിക്കട്ടെ
നിര്‍ഗ്ഗുണരാം ദുഷ്ട നരാധമന്മാരെ

ശോകാന്ധകാരം താണ്ഡവമാടുമീ
ശോച്യ തമോഗര്‍ത്തഭൂവിതിന്‍ മേലേ
വന്നണഞ്ഞീടുക,രൗദ്രതാണ്ഡവമാടി
വഹ്നി പൂകീക്കുക തിന്മതന്‍ ഭാണ്ഡത്തെ

നീ മാത്രമാണിന്നഭയം മഹാദേവാ
നീയാണു രക്ഷയ്ക്കുള്ളേകമാം മന്ത്രവും
നീതാനടിയങ്ങള്‍ക്കറിവും അമൃതവും
നീ തന്നെ സത്യവും ഹര്ഷവും മുക്തിയും

ഹര ഹര ദേവാ, ശ്രീ മഹാദേവാ..
ഹര ഹര , തവചരണാംബുജ ശരണം..
ഓംകാരമൂര്‍ത്തേ ഉമാപതേ ദേവാ..
തവപാദ കമലം ശരണം മഹാദേവാ...+




Monday, February 16, 2015

ഭാരതത്തിന്റെ അഭിമാനസ്തംഭങ്ങള്‍- 4




















ഭാരതത്തിന്റെ അഭിമാനസ്തംഭങ്ങള്‍- ഹോമി ജഹാംഗീര്‍ ഭാഭ
````````````````````````````````````````````````````````
ഖനിജങ്ങളായ ഊര്‍ജ്ജ സ്രോതസ്സുകള്‍ അനുദിനം ശോഷിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ആണവോര്‍ജ്ജം വളരെ സുപ്രധാനമായ ഊര്‍ജ്ജസ്രോതസ്സായി മാറിയിരിക്കുകയാണ്. ഐന്‍സ്ടീന്റെ സമവാക്യം ( E=mc2 ) ആധാരമാക്കി ഫ്രഞ്ചു ശാസ്ത്രജ്ഞനായ ഹെന്റ്രി ബെക്വറലാണ് ആണവോര്‍ജ്ജത്തിന്റെ അനന്തസാധ്യതകളെ ആദ്യമായി മനസ്സിലാക്കിയത്. പക്ഷേ ഭാരതത്തിന്റെ ആണവോര്‍ജ്ജ ചരിത്രത്തില്‍ ആദ്യചുവടുവെയ്പുകള്‍ നടത്തിയത് ഡോക്ടര്‍ ഹോമി ജഹാംഗീര്‍ ഭാഭ എന്ന സര്‍വ്വോത്തരപ്രതിഭയായ ശാസ്ത്രജ്ഞനാണ്. 1966 ജനുവരി 24നു മൗണ്ട് ബ്ലാങ്ക് എന്ന വെളുത്ത പര്‍വ്വതത്തിനു മുകളില്‍ വെച്ചുണ്ടായ വിമാനാപകടത്തിലൂടെ ഈ മഹാപ്രതിഭയെ കാലം തട്ടിയെടുത്തിരുന്നില്ലെങ്കില്‍ നമ്മുടെ രാജ്യം ഈ വഴിയില്‍ എത്രയോ ദൂരം മുന്‍പോട്ടു സഞ്ചരിക്കുമായിരുന്നു!.

എല്ലാ അര്‍ത്ഥത്തിലും വളരെ സമ്പന്നമായൊരു പാഴ്സി കുടുംബത്തിലാണ് 1909 ഒക്ടോബര്‍ 30 നു  ഹോമി ഭാഭ ജനിച്ചത്. പിതാവ് ജഹാംഗീര്‍ ഭാഭ ഓക്സോണില്‍ നിന്ന് എം എ യും ബി എല്ലും പാസ്സായ ആളായിരുന്നു. മാതാവ്,  ഇന്ത്യയില്‍ ആദ്യമായി സര്‍ പദവി ലഭിച്ച മുംബൈയിലെ അന്നത്തെ അറിയപ്പെടുന്ന മനുഷ്യസ്നേഹിയായിരുന്ന ദിന്‍ഷാ പെറ്റിറ്റ് എന്ന അതികായന്റെ പേരക്കുട്ടിയായിരുന്ന മെഹര്‍ബായി ഫ്രാംജി പാണ്ഡേയും. ഹോമിഭാഭയുടെ മുത്തച്ഛനായിരുന്ന ഡോ. ഹോര്‍മുസ്ജി ഭാഭയാകട്ടെ അന്നത്തെ മൈസൂര്‍ പ്രവശ്യയിലെ വിദ്യാഭ്യാസവകുപ്പിന്റെ ഇന്‍സ്പെക്ടര്‍ ജനറലും സര്‍വ്വബഹുമാന്യനും ആയിരുന്നു.

മുത്തച്ഛനും അച്ഛനും കരുതിവെച്ചിരുന്ന വിപുലമായ പുസ്തകശേഖരം കുട്ടിയായിരുന്ന ഹോമിക്ക് അറിവിന്റെ നിധികുംഭമായി മാറി. മുംബൈയിലെ  പ്രശസ്തമായ വിദ്യാഭ്യാ സസ്ഥാപനങ്ങള്‍ കരുതിവെച്ചിരുന്ന അറിവുകളേക്കാളെത്രയോ വിശാലമായിരുന്നു ആ അറിവിന്റെ ലോകം. പിതാവും അദ്ദേഹത്തിന്റെ സഹോദരിയും സൂക്ഷിച്ചിരുന്ന മ്യൂസിക്ക് റെക്കോഡുകളും ഹോമിയെന്ന സംഗീതസ്നേഹിയ്ക്ക് ആ വഴിയിലെ സഞ്ചാരത്തിനു വെളിച്ചമേകി. ബീഥോവനും മൊസാര്‍ട്ടും പിയാനോയില്‍ തീര്‍ത്ത സംഗീതവിസ്മയങ്ങളും വാഗ്നറുടെയും വേര്‍ഡിയുടേയും ഓപ്പെറകളും ചെറിയപ്രായത്തില്‍ത്തന്നെ ഹോമിക്കു പരിചിതമായത് അങ്ങനെയാണ്. ഹോമിയുടെയും സഹോദരന്റെയും സുഹൃത്തുക്കളുടേയും സംഗീതാസ്വാദനം വളരെ ഗൗരവമായിത്തന്നെയായിരുന്നു. അരണ്ടവെളിച്ചത്തില്‍ പരന്നു കിടക്കുന്ന നിശ്ശബ്ദതയില്‍ ഗ്രാമഫോണിലൂടെ ഒഴുകിവരുന്ന സംഗീതത്തിന്റെ അലകളെ അവര്‍ ശ്രദ്ധാപൂര്‍വ്വം കാതോര്ത്തിരുന്നു. സംഗീതത്തില്‍ മാത്രമായിരുന്നില്ല പെയിന്റിംഗിലും പെന്‍സില്‍ ഡ്രോയിംഗിലും അതീവതല്പരനായിരുന്നു ഹോമിയെന്ന പ്രതിഭ.

പതിനേഴാമത്തെ വയസ്സില്‍ മുംബൈയിലെ എല്‍ഫിന്സ്ടോണ്‍ കോളേജില്‍ നിന്നും കേംബ്രിഡ്ജിലെ കീയിസ് കോളേജില്‍ ഹോമി തന്റെ ഉപരിപഠനത്തിനായെത്തി. പിതാവും മാതുലനും ഇതുവഴി മുന്നില്‍ കണ്ടത്, എഞ്ചിനീയറിംഗ് ബിരുദം എടുത്തു വരുന്ന ഹോമിയെ ജംഷഡ്പൂരിലെ അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയില്‍ കര്‍മ്മനിരതനാക്കുക എന്നതായിരുന്നു. ഈ പഠനത്തിനിടയില്‍ എപ്പോഴോ ഹോമിയുടെ ശ്രദ്ധ ഗണിതശാസ്ത്രത്തിലേയ്ക്കു തിരിഞ്ഞു. പക്ഷേ പിതാവിന്റെ നിര്‍ദ്ദേശം എഞ്ചിനീയറിംഗ് പഠനം തുടരാനായിരുന്നു. ഫസ്റ്റ് ക്ലാസ്സില്‍ പാസ്സായാല്‍ ഹോമിയുടെ ഇഷ്ടപ്രകാരം പഠനത്തിനായി വേണ്ടതു ചെയ്യുമെന്ന വഗ്ദാനവും നല്കി. 1930 ല്‍ ഹോമി മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ ഓണേഴ്സ് ബിരുദം ( Tripos) ഒന്നാം ക്ലാസ്സില്‍ തന്നെ കരസ്ഥമാക്കി. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം  ഗണിതശാസ്ത്രത്തിലും ട്രൈപ്പോസ് നേടുകയുണ്ടായി. അതിനുശേഷം തിയററ്റിക്കല്‍ ഫിസിക്സില്‍ അവിടെ ഗവേഷണം തുടരുകയും ചെയ്തു. 1933 ല്‍ തന്റെ ആദ്യത്തെ ഗവേഷണഫലം പ്രസിദ്ധപ്പെടുത്തുകയും 1934 ല്‍ ഐസ്സക് ന്യൂട്ടണ്‍ സ്ട്യൂഡന്റ്ഷിപ് നേടുകയും ചെയ്തു.പിന്നീട് കാവെന്‍ഡിഷ് ലബോറട്ടറിയില്‍ ചേരുകയും അവിടെനിന്ന് പി എച്ച് ഡി കരസ്ഥമാക്കുകയും ചെയ്തു. . ഇക്കാലത്ത് പല പ്രശസ്തരായ ശാസ്ത്രജ്ഞന്‍മാരെയും അവരുടെ കണ്ടുപിടുത്തങ്ങളേയും അടുത്തറിയുവാന്‍ അദ്ദേഹത്തിനു സാധിച്ചു. ഇത് ശാസ്ത്രസംബന്ധമായ ചിന്തകള്‍ക്ക് കൂടുതല്‍ ആഴവും പരപ്പും വന്നു ചേരുന്നതിനിടയാക്കി.നീല്‍ ബോറിനൊപ്പമുള്ല പ്രവര്‍ത്തനങ്ങള്‍ ക്വാണ്ടം തിയറിയിലും വാല്‍ട്ടര്‍ ഹെയ്ടലറിനൊപ്പമുള്ല പ്രവര്‍ത്തനങ്ങള്‍ കോസ്മിക് എനര്‍ജിയിലേയ്ക്കും അദ്ദേഹത്തെ കൂടുതല്‍ അടുപ്പിച്ചു.ഭാഭാ-ഹെയിട്ലര്‍ തിയറി തന്നെ ആവിഷ്കൃതമായതും ഈ പഠനങ്ങളാണ്. മീസോണ്‍ എന്ന അണുഘടകത്തെ കണ്ടെത്താന്‍ കഴിഞ്ഞതും ഈ കാലത്താണ്. പില്‍ക്കാലത്ത് ഇന്ത്യയില്‍ ആണവോര്‍ജ്ജ പദ്ധതി ആവിഷ്കരിക്കുന്നതിലും വിജയം വരിക്കുന്നതിലും കേംബ്രിഡ്ജിലെ ഈ അടുത്ത പരിചയങ്ങള്‍ അദ്ദേഹത്തെ ഏറെ സഹായിക്കുക തന്നെ ചെയ്തു.

1939 ല്‍ രണ്ടാം ലോകമഹായുദ്ധസമയത്ത് യാദൃശ്ചികമായി അവധിക്കലത്ത് ഇന്ത്യയിലെത്തിയ ഹോമി പിന്നീട് തിരികെ ഇംഗ്ലണ്ടിലേയ്ക്കു മടങ്ങിയില്ല. പിന്നീടുള്ല ഒരു ദശകത്തില്‍ രാജ്യാന്തര ശാസ്ത്രവ്യവഹാരങ്ങളില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വിലപ്പെട്ടതായിരുന്നു. നോബല്‍ സമ്മാന ജേതാവ് സര്‍ സി വി രാമന്‍ തലവനായിരുന്ന ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്സ്റ്റിട്യൂട് ഒഫ് സയന്‍സില്‍ ഭൗതിക ശാസ്ത്ര വിഭാഗത്തില്‍ അദ്ധ്യാപകനായി ചേരുകയും അവിടെ കോസ്മിക് വിഭാഗം ആരംഭിക്കുകയും ചെയ്തു. ബഹുമുഖപ്രതിഭയായ ഭാഭയെ സി വി രാമന്‍ വിശേഷിപ്പിച്ചത് 'ആധുനിക കാലത്തെ ഡാവിഞ്ചി' എന്നാണ്.

അണുവിഘടനത്തിലൂടെ ഉളവാക്കാവുന്ന ഊര്‍ജ്ജത്തിന്റെ അനന്ത സാധ്യതകളേക്കുറിച്ച് ഉത്തമബോധ്യമുണ്ടായിരുന്ന ഹോമി ഭാഭ കൂടുതല്‍ ഗവേഷണങ്ങള്‍ക്കായി റ്റാറ്റാ ട്രസ്റ്റിന്റെ സഹായം അഭ്യര്‍ത്ഥിച്ച് 1944 ല്‍ കത്തെഴുതുകയുണ്ടായി. ശാസ്ത്ര, വിദ്യാഭ്യാസ, ഗവേഷണപരമായ എല്ലാ കാര്യങ്ങളിലും ഭാഭയുടെ ചിന്തകളോടു സമാനത പുലര്‍ത്തിയിരുന്ന ജംഷെഡ്ജി റ്റാറ്റ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. വളരെ വിപുലമായ ശാസ്ത്രഗവേഷണ സംരംഭമായ റ്റാറ്റാ ഇന്‍സ്റ്റിട്യൂട് ഒഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ( TIFR)  അങ്ങനെ 1945 ല്‍ സ്ഥാപിതമാവുകയും ചെയ്തു. 1948 ല്‍ നെഹൃ,  ഹോമിഭാഭയെ ന്യൂക്ലിയര്‍ പ്രോഗ്രാമിന്റെ ഡയറക്ടര്‍ ആയി അവരോധിക്കുകയും ഇന്ത്യയുടെ ആണവായുധങ്ങളുടെ ആവശ്യകത അദ്ദേഹത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കുകയും ചെയ്തു.  കേംബ്രിഡ്ജിലേയ്ക്കു മടങ്ങിപ്പോകാതിരുന്ന നിരാശയെ ഈ തിരക്കുകളിലൂടെ അദ്ദേഹത്തിനു മറികടക്കാനായി. പക്ഷേ TIFR ന്റെ പരിമിതികള്‍ ആണവോര്‍ജ്ജ പദ്ധതികളുടെ സാങ്കേതിക ഗവേഷണങ്ങള്‍ക്ക് സഹായകമാകില്ലെന്നു തിരിച്ചറിഞ്ഞ ഹോമി ഭാഭ, ഇതിനായുള്ള വിപുലമായൊരു ഗവേഷണശാല സ്ഥാപിക്കുന്നതിനായി സര്‍ക്കാരിനോടു ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ ട്രോംബെയില്‍ സര്‍ക്കാര്‍ അനുവദിച്ച 1200 ഏക്കര്‍ സ്ഥലത്ത് അടോമിക് എനര്‍ജി എസ്റ്റാബ്ലിഷ്മെന്റ് ട്രോംബെ 1954 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. (പിന്നീട് ഭാഭാ ആറ്റമിക് റിസേര്‍ച്ച് സെന്റര്‍ ( BARC) എന്നു പുനര്‍ന്നാമകരണം ചെയ്യപ്പെട്ടു.) ഇതേ വര്‍ഷം തന്നെ ഡിപാര്ടു്മെന്റ് ഓഫ് ആറ്റമിക് എനര്‍ജി (DAE) രൂപീകരിക്കുകയുണ്ടായി. വിദേശരാജ്യങ്ങളിലും UN ല്‍ പോലും സമാധാനപരമായ ആണവോര്‍ജ്ജ  ഉപയോഗത്തിന്റെ പേരില്‍ ഇന്ത്യയുടെ യശ്ശസ്സ് ഉയര്‍ത്തിപ്പിടിയ്ക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഇന്റര്‍നാഷനല്‍ അടോമിക് എനര്‍ജി ഫോറത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് അദ്ദേഹമായിരുന്നു. അമേരിക്കന്‍ അക്കഡമി ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് അദ്ദേഹത്തിന് വിശിഷ്ട വിദേശാംഗത്വം നല്‍കുകയുണ്ടായി.  പ്രധാനമന്ത്രിയായിരുന്ന നെഹൃവിന്റെ പുരോഗമനവാഞ്ചയും ഭാഭയുടെ ശാസ്ത്രസാങ്കേതികാവബോധവും സമാന തരംഗദൈര്‍ഘ്യങ്ങളില്‍ ചരിച്ചതുകൊണ്ടാവാം ഭാഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും നെഹൃവിന്റെ പ്രോത്സാഹനം ഉണ്ടായിരുന്നത്. ഇന്ത്യയുടെ ത്രിതല ആണവോര്‍ജ്ജ പദ്ധതിക്ക് അങ്ങനെ തുടക്കം കുറിക്കാന്‍ സാധിച്ചു. പരിമിതവും ദുര്‍ല്ലഭവുമായ യുറേനിയത്തിനു പകരം ഇന്ത്യയില്‍ സുലഭമായ തോറിയം ഉപയോഗിക്കുക  വഴി രാജ്യത്തിന്റെ ഊര്‍ജ്ജപ്രതിസന്ധിയെ നേരിടാനാകുമെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു.



തന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടെ നിര്‍ത്താനുള്ലവരെ തെരെഞ്ഞെടുക്കുന്നതില്‍ അതീവശ്രദ്ധാലുവായിരുന്നു അദ്ദേഹം. അങ്ങേയറ്റം ശാസ്ത്രാവവോധവും പ്രയത്നശീലവും സ്വഭാവനൈര്‍മ്മല്യവും എല്ലാം ഉള്ലവരെയായിരുന്നു എപ്പോഴും അദ്ദേഹത്തോടൊപ്പം. BARC യുടെ നീണ്ട കാലയളവിലെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ഈ ദീര്‍ഘവീക്ഷണത്തോടു കടപ്പെട്ടിരിക്കുന്നു. ഏതൊരു സംരംഭത്തിന്റെയും വിജയത്തിന് ഏറ്റം അവശ്യമായ ഘടകം സര്‍വ്വഗുണസമ്പന്നമായ മാനവശേഷി തന്നെ എന്ന് അദ്ദേഹം ഇതു വഴി പഠിപ്പിച്ചു തരികയും ചെയ്യുന്നു ഇന്നത്തെ ഇന്ത്യയ്ക്ക്. ശരിയായ കര്‍മ്മത്തിനു ഏറ്റവും ശരിയായ വ്യക്തി തന്നെ വേണമെന്ന ശാഠ്യം വളരെ നിര്‍ണ്ണായകമായിരുന്നു. കേന്ദ്രമന്ത്രിസഭയുടെ ശാസ്ത്രോപദേഷ്ടാവായിരിക്കെ ബഹിരാകാശഗവേഷണത്തിനു തുടക്കമിടാനും അതിനു ഡോ വിക്രം സാരാഭായിയെ ചുമതലപ്പെടുത്താനും ഭാഭയാണ്  മുന്‍കൈയെടുത്തത്.

അണു ബോംബു നിര്‍മ്മിക്കുന്നതിനോട് ഹോമിഭാഭ ഒട്ടും തന്നെ യോജിച്ചിരുന്നില്ല. എങ്കിലും ആദ്യത്തെ അടോമിക് റിയാക്ടര്‍ ആയ 'അപ്സര' രാജ്യത്തിന്റെ ഊര്‍ജ്ജദരിദ്ര്യത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുതകുമെന്ന് അദ്ദേഹം വിശ്വസിക്കുകയും തെളിയിക്കുകയും ചെയ്തു. 1957 ജനുവരി 20-ന് പണ്ഡിറ്റ് ജവാഹർലാൽ നെഹ്രു ഔപചാരികമായി ഉദ്ഘാടനം ചെയ്ത ഈ റിയാക്ടർ 4.5 കി.ഗ്രാം ആണവ ഇന്ധന ഭാരവും ഒരു മെഗാവാട്ട് പരമാവധി ശക്തിയുമുള്ള ഒരു ഗവേഷണ റിയാക്റ്റർ ആണ്. ന്യൂട്രോൺ ഭൗതികം, വികിരണ രസതന്ത്രം, ജീവശാസ്ത്രം മുതലായ തുറകളിലെ ഗവേഷണം, റേഡിയോ ആക്ടീവതയുള്ള ഐസോടോപ്പുകളുടെ നിർമാണം, ശാസ്ത്രജ്ഞൻമാരുടേയും എൻജിനീയർമാരുടേയും പരിശീലനം തുടങ്ങിയവയാണ് ഈ റിയാക്റ്ററിന്റെ ഉപയോഗങ്ങൾ. പ്രധാനമന്ത്രിയയിരുന്ന ജവഹര്‍ലാല്‍ നെഹൃ ആണ് ഇതിന്റെ നീല നിറമാര്‍ന്ന വികിരണങ്ങളുടെ അഭൗമ സൗന്ദര്യം കണ്ട് അപ്സര എന്ന് ഈ റിയാക്ടറിനു പേരു കൊടുത്തത്.

ഹോമി ഭാഭയുടെ സീമാതീതമായ പ്രതിഭയെ രാജ്യത്തും വിദേശത്തും ആദരിക്കയുണ്ടായി. പുരസ്കാരങ്ങളും അനവധി അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി. 1954 ല്‍ രാജ്യം പദ്മഭൂഷണ്‍ സമ്മാനിച്ചു.1955 ല്‍ ജനീവയില്‍ നടന്ന, സമാധാനപരമായ ആണവോര്‍ജ്ജ ഉപയോക്തൃ രാജ്യങ്ങളുടെ യു എന്‍ കോന്‍ഫെറന്സിന്റെ ആദ്യ പ്രസിഡണ്ടായിരുന്നു ഭാഭ.
ഇന്റര്‍നാഷണല്‍ അടോമിക് എനര്‍ജി ഏജന്സിയുടെ സയന്റിഫിക് അഡ്വൈസറി കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ 1966 ജനുവരി 24 ലെ അദ്ദേഹത്തിന്റെ യാത്രയില്‍ മൗണ്ട് ബ്ലാങ്കിന്റെ മുകളില്‍ വെച്ചുണ്ടായ വിമാനാപകടത്തില്‍ ഭാഭയെന്ന ബഹുമുഖ്പ്രതിഭയെ ഈ ലോകത്തിനു നഷ്ടമായി. പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ നിര്യാണം കഴിഞ്ഞ് ദിവസങ്ങളേ ആയിരുന്നുള്ളു ഈ ന്ഷ്ടത്തെ ഇന്ത്യ നേരിടുമ്പോള്‍. ഇന്ത്യയുടെ ആണവോര്‍ജ്ജരംഗത്തെ കുതിച്ചുകയറ്റം പല വിദേശശക്തികളേയും അസ്വസ്ഥരാക്കിയിരുന്നു. ഈ വിമാനാപകടം ആ അസ്വസ്ഥതകളുടെ ബാക്കിപത്രമാകാമെന്ന് ഇപ്പോഴും വിശ്വസിച്ചുപോരുന്നുണ്ട്. ജീവിതകാലം ഒരാള്‍ക്കും   നീട്ടിക്കൊണ്ടുപോകാനാവില്ലയെങ്കിലും ഉള്ള ജീവിതത്തെ ഓരോ നിമിഷവും അര്‍ത്ഥപൂര്‍ണ്ണമാക്കണമെന്നു ശഠിച്ച ഒരു യഥാര്‍ത്ഥ മനുഷ്യസ്നേഹിയായിരുന്നു ഇന്ത്യയുടെ ആണവോര്‍ജ്ജ പദ്ധതിയുടെ പിതാവ് എന്നറിയപ്പെട്ടുന്ന ഹോമി ജഹാംഗീര്‍ ഭാഭ.









Thursday, February 12, 2015

ഫെബ്രുവരി.

ഫെബ്രുവരീ,
ഇത്രവേഗം ആയുസ്സറ്റു പോകാന്‍
നീചെയ്ത സുകൃതമെന്ത്!
നീ ഭാഗ്യവതി തന്നെ..
ആഴ്ചയിലെ ദിനങ്ങള്‍, 
നിന്നോടു പിണങ്ങില്ല.
കാരണം..
നിന്നെയവര്‍ തുല്യമായല്ലേ 
പങ്കിട്ടെടുത്തത്..
എങ്കിലും മുറുമുറുക്കുന്നുണ്ടാവും...
"മുന്‍പൊരിക്കല്‍ നിനക്കല്ലേ കൂടുതല്‍ തന്നത്.."
" അതിനു മുന്‍പ് നിനക്കായിരുന്നല്ലോ.."
" നാലുവര്‍ഷം കൂടുമ്പോളല്ലേ, സഹിക്കാം.."
അവസാനത്തെ അത്താഴമുണ്ട്,
ഒന്നു മുറുക്കി,
നീട്ടിത്തുപ്പി..
പടിയിറങ്ങിപ്പോകുമ്പോള്‍
നീയോര്‍ക്കും, ഉറപ്പ്..
"നേരത്തെയായത്..എത്ര നന്നായി.."

Tuesday, February 10, 2015

അമ്മ...(നിള ദൃശ്യകാവ്യങ്ങള്‍ ...!! രണ്ടാം ചിത്രം .)
















തുണയറ്റു പോകുന്ന നേരത്തു ഞാനെന്നു-
മെന്തിനോ തിരിയുമതൊന്നു മാത്രം
ഒരുപാടു സ്നേഹത്തിന്‍ മധുരമെന്‍ മനസ്സിലേയ്-
ക്കിറ്റുവീഴ്ത്തുന്നൊരീ മൃദുലമാമൊരുവിരല്‍
വഴിനടന്നീടുമ്പോളീ വിരല്‍ത്തുമ്പാലെന്‍
മിഴികള്‍ക്കു വെട്ടം പകര്‍ന്നെത്ര കാലം!
പാദങ്ങള്‍ക്കുഴയുമ്പോളതിസ്നേഹമോടെന്നെ
മെല്ലെത്തഴുകിത്തലോടിയതെത്രനാള്‍!
എങ്ങോ കളഞ്ഞുപോയീവിരല്‍ത്തുമ്പെനി-
ക്കെവിടെയോ നഷ്ടമായെന്നഭയസങ്കേതം.
എങ്കിലും തിരയുന്നു, കൂരിരുള്‍ നിറയുമെന്‍
വഴികളിലെന്നുമാ പൊന്‍വിരല്‍ത്തുമ്പിനായ്.




തഴുതാമ.( നാട്ടുവഴിയിലെ പോസ്ട് )

തഴുതാമയില്‍ സ്വര്‍ണ്ണമുണ്ടത്രേ...
ആരു പറഞ്ഞു എന്നോര്‍മ്മയില്ല. എങ്കിലും കൗതുകത്തിനു കുറവില്ലല്ലോ. ഒന്നു ഗവേഷണം നടത്താമെന്നു തോന്നി. ഒരു തഴുതാമച്ചെടി മൊത്തമായി ഇഴകീറി  പരിശോധിച്ചു..എവിടെ..സ്വര്‍ണ്ണം പോയിട്ട് ഒരു സ പോലും കണ്ടില്ല...
പക്ഷേ പിന്നീടാണറിയാന്‍ കഴിഞ്ഞത്. സ്വര്‍ണ്ണത്തേക്കാളേറെ മൂല്യവത്തായ ഔഷധഗുണങ്ങളുള്ള സസ്യമാണത്രേ തഴുതാമ.
'പുനര്‍ന്നവ' എന്നാണ് സംസ്കൃതനാമം. വീണ്ടും ജനിപ്പിക്കാന്‍ കഴിയുന്നത്. പഥ്യാപുനർന്നവാദി കഷായം, പുനർന്നവാദി കഷായം, പുനർന്നവാസവം, വിദാര്യാദി കഷായം, അമൃതപ്രാശഘൃതം, സുകുമാരഘൃതം തുടങ്ങി അനവധി ഔഷധക്കൂട്ടുകളിൽ തഴുതാമ  മുഖ്യ ഘടകമാണ് എന്നതു തന്നെ ഈ സസ്യത്തിന്റെ മഹത്വം വിളിച്ചറിയിക്കുന്നു.

മുന്‍പൊക്കെ നമ്മുടെ ഇലക്കറികളില്‍ പ്രമുഖസ്ഥാനമായിരുന്നു തഴുതാമയ്ക്ക് . തഴുതാമയില തോരന്‍ ഒരു പ്രധന ഉപദംശമായിരുന്നു നമ്മുടെ ഉച്ച ഭക്ഷണത്തില്‍. പോഷകമൂല്യവും ഔഷധമൂല്യവും ആണിതിനു കാരണം. എല്ലാ വീട്ടുവളപ്പിലും പ്രത്യേകപരിചരണമൊന്നും കൂടാതെ തഴച്ചു വളര്‍ന്നിരുന്ന സസ്യമാണ് തഴുതാമ. ടര്‍ന്നു വളരുന്ന തഴുതാമയുടെ തണ്ടിന്റെയും പൂക്കളുടെയും നിറവ്യത്യാസമനുസരിച്ച് തരം തിരിക്കപ്പെട്ടിരിക്കുന്നു. ഇലയും മൃദുവായ തണ്ടും ചേര്‍ത്ത് പാചകത്തിനു ഉപയോഗിച്ചു പോന്നിരുന്നു.തഴിതാമയിട്ടു തിളപ്പിച്ച വെള്ലം നല്ലൊരു ദാഹശമനിയുമാണ്.  രക്തക്കുറവു പരിഹരിക്കാനും, മഞ്ഞപ്പിത്തം, വൃക്കരോഗങ്ങള്‍ എന്നിവ ഭേദമാക്കാനും തടയാനും മലശോധനയുണ്ടാകാനും അഗ്നിദീപ്തി വര്‍ദ്ധിപ്പിക്ക വഴി ഉന്മേഷം പ്രദാനം ചെയ്യാനും ഇത് ഏറെ സഹയകരമാണ്. പ്രകൃതിചികിത്സയില്‍ മൂത്രാശയരോഗങ്ങള്‍ക്കുള്ള പ്രധാന ഔഷധമാണ് തഴുതാമ. ശരിരത്തിലെ മാലിന്യങ്ങലെ നീക്കുവാനും മൂത്രാശയക്കല്ലിനെ പുറന്തള്ലാനും തഴുതാമയ്ക്കു കഴിയുമെന്നു പറയപ്പെടുന്നു. കഫദോഷങ്ങളെ ഇല്ലാതാക്കാനും ഹൃദയപ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുവാനും ഏറെ ഗുണപ്രദമത്രേ. പേപ്പട്ടിവിഷത്തിനുള്ള മരുന്നുണ്ടാക്കുന്നതിനും തഴുതാമ ഉപയോഗിക്കുന്നുണ്ട്. ആമവാതം, ശരീരത്തിലെ നീര്, വേദന എന്നിവ മാറുന്നതിന് ഇത് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമത്രേ. വാജീകരണൗഷധങ്ങളില്‍ തഴുതാമയുടെ വിത്ത് ഉപയോഗിക്കുന്നുണ്ട്. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും ഇന്‍സുലിന്‍ ഉദ്പാദനത്തെ ത്വരിതപ്പെടുത്താനും ത്വഗ്രോഗങ്ങലെ ചെറുത്തു നില്‍ക്കാനും ഇതിനു കഴിവുണ്ടെന്നാണ് വിദഗ്ദ്ധാഭിപ്രായം.


ആധുനികത ഗ്രാമങ്ങളില്‍ പോലും പടര്‍ന്നുകയറിയപ്പോള്‍ തൊടികളില്‍ പടര്‍ന്നു വളര്‍ന്നിരുന്ന തഴുതാമ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഒന്നു ശ്രദ്ധവെച്ചാല്‍ നമുക്ക് ഈ ഔഷധറാണിയെ വീണ്ടും നമ്മുടെ ജീവിതത്തിലേയ്ക്കു തിരികെ വിളിക്കാം. അനാവശ്യമായി മരുന്നുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും, ശസ്ത്രക്രിയകളില്‍ നിന്നുപോലും ചിലപ്പോള്‍ ഈ കൊച്ചു കൂട്ടുകാരി നമ്മെ രക്ഷിച്ചേക്കാം.


Monday, February 9, 2015

നിള..




















ഒഴുകി ഞാന്‍ നീങ്ങവേ ഒരുപകല്‍ മുഴുവനായ്
ഒഴുകി നീ ആകാശവീഥിയിങ്കല്‍

ഇളകുമെന്നോളങ്ങള്‍ക്കിടയില്‍ നിന്‍മൃദുവിരല്‍
ഇഴ ചേര്‍ത്തു സ്വപ്നം മെനഞ്ഞതില്ലേ..

ഒരുപാടു പോകുവാനാശയുണ്ടെന്നു നാം
ഒരുമിച്ചു ചൊല്ലിപ്പുണര്‍ന്നതല്ലേ..

ഒടുവിലീ സന്ധ്യതന്‍ ശോണകപോലങ്ങള്‍
ഒരു പനീര്‍പ്പൂപോല്‍ തുടുത്തുനില്ക്കേ

വിടചൊല്ലുവാനൊരു വാക്കു നീ മിണ്ടാതെ
വിരഹമെനിക്കായി തന്നതില്ലേ..

ഒഴുകുന്നു പിന്നെയും നിളയായി ഞാനെന്നും
ഒടുവില്‍ ഞാന്‍ നിന്നോടു ചേരുവാനായ്..


Saturday, February 7, 2015

ഇരുട്ടു മാത്രം

ഒരു രാത്രി 
ഇരുണ്ടുവെളുക്കുമ്പോഴേയ്ക്കും
ഒരു യാത്ര 
കഴിഞ്ഞു മടങ്ങുമ്പോഴേയ്ക്കും
എങ്ങനെയാണ് 
എന്റെ ചിത്രം മാഞ്ഞുപോയത്!
പറഞ്ഞു തീര്‍ത്ത
മലയോളം വളര്‍ന്ന
കഥകളൊക്കെയും
പതിരായിരുന്നുവോ,
പഴങ്കഥയായി മാറിയോ ഒക്കെയും?
പടിഞ്ഞാറു പോയ് മറയാന്‍
എന്നുമുണ്ടാവും 
ഒരു സൂര്യന്‍.
ഓട്ടം നിലയ്ക്കാത്ത പനിമതി
മുഖം മാറ്റിയെത്തുന്ന
നിശീഥിനികളും
എന്നുമുണ്ടാവും..
മുറ്റത്തെ മുല്ലയില്‍
ഒരു പൂവു വിടര്‍ന്ന്,
അതിന്റെ സുഗന്ധമറിയാതെ
എനിക്കെങ്ങനെ 
രാവിന്റെ തലയിണയില്‍
മുഖമമര്‍ത്തി ഉറങ്ങാനാവും..
ഏകാന്തതയാണ്
എനിക്കു ചുറ്റും.
രാവിനേക്കാള്‍ 
ഇരുണ്ട ഏകാന്തത...

Friday, February 6, 2015

ഞാന്‍ യശോധര..

അറിയുമോ നിങ്ങളീ അബലയാം പത്നിയേ
 അറിയുമോ നിങ്ങളീ ശക്തയാം  അമ്മയെ  

ഞാനാണെശോധര സിദ്ധാര്‍ത്ഥഗൗതമന്‍ 
പതിയാണെനിക്കു  ശ്രീബുദ്ധനോ നിങ്ങള്‍ക്കും 

ഇനിയുണ്ടു ചൊല്ലുവാന്‍ രാഹുല്‍- എന്‍ പ്രിയപുത്രന്‍ 
അച്ഛനുപേക്ഷിച്ചു പോയൊരെന്‍ പൊന്മകന്‍ 

ഇല്ലാത്ത രാജ്യത്തിനധിപനായെന്മകന്‍
ഇനിയെനിക്കിത്തിരി കണ്ണുനീരാണവന്‍.

ഒരു സ്വപ്നനിദ്രയില്‍ ഒരു ശപ്തരാവതില്‍
ഒളിമാഞ്ഞു പോയോരു താരകം പോല്‍

എന്നെയീക്കൊട്ടാരക്കെട്ടില്‍ തനിച്ചാക്കി
എവിടെയോ പോയ്മറഞ്ഞെന്‍ പ്രാണനാഥനും

എന്തെന്റെയപരാധമെന്നു ചൊല്ലാന്‍പോലു-
മെന്തേയെന്നാര്യപുത്രന്‍ കരുണ ചെയ്തില്ല!

എന്റെ മോഹങ്ങളും ദാഹങ്ങളും നാലു
ചുവരുകള്‍ക്കുള്ളില്‍ ഞാന്‍ പൂഴ്ത്തിവെയ്ക്കേ

എന്റെ തളിരിട്ട ജീവിതത്തരുവിലെന്നേയ്ക്കുമായ്
ശിശിരം തഴച്ചു നിന്നിലകള്‍ കൊഴിക്കേവേ..

അണയാത്തൊരഗ്നിതന്‍ നാളമായ് പ്രണയമെന്‍
ഹൃദയത്തിലെന്നും ജലിച്ചുനില്‍ക്കുന്നതും

നിന്‍വിരല്‍ത്തുമ്പൊന്നു സ്പര്‍ശിക്കവേയെന്റെ
തനുവില്‍ വസന്തം വിടരാന്‍ കൊതിച്ചതും.

നീയറിഞ്ഞില്ല, ഞാന്‍ ശിലയായിരുന്നു നിന്‍
കരവിരുതിലൊരു ശില്പമാകാന്‍ കൊതിച്ച ശില..

സ്നേഹത്തിന്‍ ഉളികളാള്‍ നീയെന്റെ മേനിയില്‍
പുളകാര്‍ദ്ര കവിതകള്‍ വിരചിയ്ക്കുവാനായി

രാവുകളെത്രയോ കരുതി ഞാന്‍ കാത്തിട്ടും
പാഴ്ക്കിനാവായ്, മണ്ണില്‍ വീണോരു കന്മദം..

താതസ്നേഹത്തിന്‍ കിരീടവും ചെങ്കോലും
എങ്ങോ കളഞ്ഞുപോയ് എന്‍പ്രിയ തനയനും

തന്നുയിര്‍ബാക്കിയാം പ്രിയസുതനെയൊരുരാഹു
ബാധയായ് കാണുവാന്‍ ഹേതുവെന്തായിടാം?

ആ പിഞ്ചു പൈതലിന്‍ മുഖകമലമല്ലാതെ
എവിടെയാണൊരു ദിവ്യ ബോധജ്ഞാനപ്രഭ!

വളരുവാനാവില്ലെനിക്കിതിന്നപ്പുറം
അബലയാം അമ്മയാണിന്നീ യശോധര..

ദേവാ പൊറുക്കുക, പരിദേവനങ്ങള്‍ തന്‍
ഭാണ്ഡം നിരത്തി ഞാന്‍ നിന്റെ മുന്നില്‍..

എവിടെ ഞാന്‍ തേടുമെന്‍ പൊന്‍മകനായൊരു
കനകസിംഹാസനം, കിരീടവും ചെങ്കോലും..

ഏതംഗരാജ്യത്തിലെന്റെ കുമാരനായ്
പ്രാസാദമൊന്നു ഞാന്‍ പണിതുയര്‍ത്തീടണം...

ഇല്ലെനിക്കാവില്ലതൊന്നിനും പിന്നെയോ..
നല്‍കനീ ത്രൈരത്നമാപ്പിഞ്ചു കൈകളില്‍

ആ മൂല്യമേതു ചെങ്കോലിനുണ്ടായിടും!
ആ രക്ഷയേതു സിംഹാസനം നല്‍കിടും!

ബുദ്ധം ശരണം ഗച്ഛാമി, ധർമ്മം ശരണം ഗച്ഛാമി, 
സംഘം ശരണം ഗച്ഛാമി, ശരണം ശരണം ശരണം...

പൊട്ടി വീഴുന്നുണ്ടെന്നാത്മാവില്‍ നിന്നോരു
പൊട്ടിക്കരച്ചിലിന്‍  തപ്ത കണ്ണീര്‍ക്കണം.

ചിന്നിച്ചിതറുമെന്‍ സ്വപ്നങ്ങാളായു് വീണു
മണ്ണില്‍പ്പതിക്കട്ടെയാ മണിമുത്തുകള്‍..

ഒക്കെയും പിന്നിലുപേക്ഷിച്ചു വന്നിടാം
ഞാനുമാ പാദപത്മങ്ങള്‍ക്കു പിന്നാലെ..




 


Wednesday, February 4, 2015

കുടങ്ങല്‍ (നാട്ടുവഴിയിലെ പോസ്ട്)



തലച്ചോറിന്റെ ആകൃതിയിലുള്ല ഇലകളുമായി ഈര്‍പ്പമുള്ളിടത്തൊക്കെ പടര്‍ന്നു വളരുന്ന കൊച്ചു സസ്യമാണ് കുടങ്ങല്‍. കാല്‍ക്കീഴിലമരുന്ന ഈ കുഞ്ഞന്‍ ചെടിയെ കണ്ടിട്ടില്ലാത്തവരുണ്ടാകില്ലല്ലോ.  മുത്തിൾ, കരിന്തക്കാളി, കരിമുത്തിൾ, കുടകൻ, കൊടുങ്ങൽ, സ്ഥലബ്രഹ്മി‍  എന്നിങ്ങനെ ദേശവ്യത്യാസമനുസരിച്ച് കുടങ്ങല്‍ അറിയപ്പെടുന്നു. ഇലയ്ക്ക് തലച്ചോറിനോടുള്ള ആകൃതിസാമ്യം കാത്രമല്ല കുടങ്ങലിനു തലച്ചോറുമായുള്ള ബന്ധം. അതുമായി ബന്ധപ്പെട്ട എല്ലാ അസുഖങ്ങള്‍ക്കും ഉത്തമമായ ഔഷധമാണ് ഈ സസ്യം  .

 മസ്തിഷ്ക സെല്ലുകള്‍ക്ക് നവജീവന്‍ പകരുന്ന ഈ അത്ഭുത ഔഷധം ശരീരത്തിന് യുവത്വവും ആരോഗ്യവും പ്രദാനം ചെയ്യുന്നു. ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കാന്‍ ബ്രഹ്മിയോളം തന്നെ ഫലപ്രദമാണ് ഇതും. അതിനാലായിരിക്കണം സരസ്വതിയെന്നാണ് ഈ സസ്യത്തിന്റെ സംസ്കൃതനാമം. ബുദ്ധിമാന്ദ്യം,ഉന്മാദം, അപസ്മാരം മുതലായ രോഗങ്ങള്‍ക്ക് ഇത് ഔഷധമാണ്. സോറിയാസിസ് ഉള്‍പ്പെടെയുള്ല പല ത്വക്കു രോഗങ്ങള്‍ ഇല്ലാതാക്കാനും കുടങ്ങല്‍ ഉപയോഗിക്കാറുണ്ട്. ഇലച്ചാര്‍ ഒരു ടീസ്പൂണ്‍ വീതം  വെണ്ണ ചേര്‍ത്ത് കുട്ടികള്‍ക്ക് ദിവസവും നല്കിയാല്‍ രോഗപ്രതിരോധശേഷിയും ബുദ്ധിശക്തിയും വര്‍ദ്ധിക്കും.     ഇലനീരും തളിരില ചമ്മന്തിയും ശ്വാസകോശങ്ങളെയും ഹൃദയത്തെയും ഉത്തേജിപ്പിക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യും.    കൊച്ചുകുട്ടികള്‍ക്ക് ഇതിന്റെ നീര് ഒരു സ്പൂണ്‍ വീതം തേന്‍ ചേര്‍ത്ത് രാവിലെ കൊടുത്താല്‍ ത്വക്ക് രോഗങ്ങളില്‍ നിന്നും രക്ഷപ്പെടും.  ഓര്‍മ്മശക്തി കൂട്ടുകയും ചെയ്യും.
ദിവസേന കുടങ്ങല്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ വാര്‍ദ്ധക്യത്തെ ഒരുപരിധിവരെ അകറ്റി നിര്‍ത്താനും കഴിയും .  കുഷ്ഠം, വാതം, മൂത്രാശയരോഗങ്ങൾ, ഹൃദയ സങ്കോചക്ഷമത കൂട്ടുക ഇവയ്ക്കൊക്കെയും കുടങ്ങല്‍ നല്ല മരുന്നത്രേ...

മുന്‍പൊക്കെ കുടങ്ങല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിരുന്നു നമ്മളും. മോരുകറിയാക്കിയും മറ്റുകറികളില്‍ ചേര്‍ത്തുമൊക്കെ. ശ്രീലങ്ക, തായ് ലണ്ട്, ബംഗ്ളാദേശ് മുതലായ പലരാജ്യങ്ങ്ളിലും ഇപ്പോഴും കുടങ്ങല്‍ വിവിധരീതിയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിപ്പോരുന്നു.  ശ്രീലങ്കയില്‍ ഈ ഇല തേങ്ങയും ചേര്‍ത്തുണ്ടാക്കുന്ന കറി ചോറിനൊപ്പം വളരെ സ്വാഗതം ചെയ്യപ്പെടുന്നു. ഇല അരച്ച് കഞ്ഞിയില്‍ തേങ്ങയുമയി ചേര്‍ത്ത് മധുരം ചേര്‍ത്തോ അല്ലാതെയോ കഴിക്കുന്ന പതിവുമൂണ്ട്. കുടങ്ങള്‍ ജ്യൂസ് 'ബായി ബുവാ ബോക്ക്' എന്നപേരില്‍ തായല്ണ്ടില്‍ സുലഭമത്രേ..നമുക്കും ഇതു പലവിധ വിഭവങ്ങളായി ഉപയോഗിക്കാവുന്നതാണ്. സലാഡും റൈത്തയുമായി കുടങ്ങല്‍ ഇലയെ മാറ്റാം. മറ്റു കറിക്ളിലെ ചേരുവകളോടൊപ്പം ഈ ഇലയും അരിഞ്ഞു ചേര്‍ക്കാം. തേങ്ങയും ചേര്‍ത്ത് തോരനുണ്ടാക്കുകയും ആകാം. യാതൊരു ചിലവുമില്ലാതെ കിട്ടുന്ന ഈ ആരോഗ്യഖനിയെ നമ്മളെന്തിനു വേണ്ടെന്നു വെക്കണം. അല്ലേ?

  

മനുഷ്യന്‍ പകുതിയാകുമ്പോള്‍

മതവും ദൈവങ്ങളും
സ്വര്‍ണ്ണ സൂചികള്‍!
തിളക്കമാര്‍ന്നവയെങ്കിലും
കൂര്‍ത്ത മുനകളുള്ളത്..
ശ്രദ്ധയില്ലെങ്കില്‍ ആഴത്തില്‍ മുറിപ്പെടുത്തും
നിലയ്ക്കാത്ത രക്തപ്പുഴ ഒഴുകിയേക്കം..
കരുതല്‍ വേണം,
കാത്തിരിക്കുന്നത്
കടുത്ത വേദനയാകാം..

അക്ഷരങ്ങള്‍
അഗ്നിസ്ഫുലിംഗങ്ങള്‍!
കാണാതെ കിടക്കുന്ന തീക്കനലുകളില്‍
ചാരം മൂടിക്കിടക്കുന്നുണ്ടാകും
ഒരു ചെറുകാറ്റു വീശുകയേ വേണ്ടു
ജ്വാലയായ് ആളിപ്പടരാന്‍
പിന്നെയെങ്ങനെ
അക്ഷരങ്ങളെ ചുട്ടെരിക്കാനാവും!
എന്നിട്ടും
വ്യാമോഹിക്കുന്നുണ്ട്
ശുംഭന്മാര്‍.

പിഞ്ചു കുഞ്ഞുങ്ങ്ളുടെ തലച്ചോറുണ്ട്
ഭൂതത്തെപ്പോലെ വളരുന്നുണ്ട്
ദംഷ്ട്രകള്‍ നീണ്ട
ഭീകരന്‍!
എല്ലാം അടിയറവു വെച്ച്
അച്ചാരം നേടേണ്ടതുണ്ട്
ജീവവായുവിന്റെ
കരം തീര്ത്ത പ്രമാണം,
പണയം കൊടുത്ത്
ഒരു നേരം ശ്വാസമെടുക്കാന്‍
ഒരു നേരം മാത്രം!

ചുഴറ്റിയെറിയുന്നുണ്ട്
അധികാരവര്‍ഗ്ഗം
ഗര്‍വ്വിന്റെ നീണ്ട പാശങ്ങള്‍.
കഴുത്തില്‍ മുറുകി
ശ്വാസം മുട്ടി
പിടഞ്ഞു വീഴുന്നുണ്ട്
കഴുതകള്‍,
എണ്ണമറ്റവ..
എങ്കിലും ബലഹീനത മാത്രമുള്ല
സമ്മതിദാനവക്താക്കള്‍!

കണ്ണു തുറക്കാന്‍,
നിറം മങ്ങാത്തെ കാലത്തിന്റെ
ചായക്കൂട്ടുകളിലേയ്ക്ക്
എണ്ണമറ്റ ദൃശ്യങ്ങളുടെ
ശാപഗ്രസ്തമായ
ധൂമകേതുക്കളാകാന്‍
ഒരു പകല്‍ കൂടിയേ കഴിയൂ..
കാഴ്ചകള്‍ നഷ്ടങ്ങളായ
ശാന്തിയുള്ള
തണുത്ത ഒരു രാവും...
മനുഷ്യന്‍ പകുതിയത്രേ.....