Monday, February 23, 2015

സാഹിത്യവാരഫല ജ്യോതിഷി ഓര്‍മ്മയായിട്ട് ഇന്ന് ഒന്‍പതു വര്‍ഷങ്ങള്‍.സാഹിത്യവാരഫല ജ്യോതിഷി ഓര്‍മ്മയായിട്ട് ഇന്ന് ഒന്‍പതു വര്‍ഷങ്ങള്‍.
എം കൃഷ്ണൻ നായർ (മാർച്ച് 3, 1923 - ഫെബ്രുവരി 23, 2006)

കലാകൗമുദി വാരിക കിട്ടാന്‍ കാത്തിരിക്കുന്ന കാലം ഓര്‍ത്തു പോവുകയാണ്. ശ്രീ എം കൃഷ്ണന്‍ നായരുടെ സാഹിത്യ വാരഫലം വായിക്കുക എന്നതു തന്നെയായിരുന്നു ആ കാത്തിരിപ്പിന്റെ ലക്ഷ്യം. സാഹിത്യം മാത്രമല്ല നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടതെല്ലാം ഓരോ വാരഫലത്തിലും ഉണ്ടാവും. അന്നൊക്കെ തോന്നിയ ഏറ്റവും വലിയ അത്ഭുതം അദ്ദേഹത്തിന് ഇത്രയേറെ വായിക്കാന്‍ എങ്ങനെ സമയം കിട്ടുന്നു എന്നതായിരുന്നു. അതും പല ഭാഷകളിലെ എഴുത്തുകാരുടെ വിധങ്ങളായ രചനകള്‍ !
ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും പ്രൊഫസ്സര്‍ എം കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം. 1969 മുതൽ മരണത്തിനു ഒരാഴ്ച്ച മുൻപു വരെ അദ്ദേഹം 36 വർഷത്തോളം തുടർച്ചയായി അദ്ദേഹം എഴുതിയ നിശിതവും ഒപ്പം ഹാസ്യാത്മകവുമായ ഈ നിരൂപണ പംക്തി കേരളത്തിലെ എല്ലാവിഭാഗം വായനക്കാരെയും പ്രായഭേദമെന്യേ ആകര്‍ഷിച്ചിരുന്നു. പല വിശ്വസാഹിത്യകാരന്മാരെയും അവരുടെ കൃതികളെയും മലയാളിക്കു പരിചയപ്പെടുത്തുകകൂടിയായിരുന്നു ശ്രീ കൃഷ്ണന്‍ നായര്‍ സാഹിത്യ വാരഫലത്തിലൂടെ ചെയ്തു പോന്നത്. നമ്മുടെ എഴുത്തുകാരുടെ മോഷണത്വരയേയും അദ്ദേഹം നന്നായി പരിഹസിച്ചിരുന്നു. മലയാളസാഹിത്യകാരന്മാര്‍ വിശ്വസാഹിത്യകാരന്മര്‍ പലരുമായി താരതമ്യം ചെയ്താല്‍ 'കുള്ള'ന്മാരാണെന്നായിരുന്നു അദേഹത്തിന്റെ മതം.

ആനുകാലികങ്ങളില്‍ എഴുതുന്നവര്‍ക്ക് പലപ്പോഴും അദ്ദേഹത്തിന്റെ ആത്മനിഷ്ഠമായ വിലയിരുത്തലുകള്‍ സന്തോഷവും ദുഃഖവും പകര്‍ന്നു കൊടുത്തിരുന്നു. തുടക്കക്കാര്‍ക്ക് അദ്ദേഹത്തിന്റെ പരാമര്‍ശം കിട്ടുന്നതുതന്നെ വലിയ അംഗീകാരവുമായിരുന്നു. അഭിനന്ദനങ്ങള്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനേറെ സഹായിച്ചു. ഒട്ടും തന്നെ ആഴത്തിലുള്ല അപഗ്രഥനങ്ങള്‍ അദ്ദേഹത്തിന്റെ വിമര്‍ശനക്കുറിപ്പില്‍ ഒരു രചനയെപ്പറ്റിയും ഉണ്ടായിരുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. തികച്ചും ഉപരിപ്ലവമായി, നല്ലതെന്നോ ചീത്തയെന്നോ പറഞ്ഞുവെയ്ക്കുക മാത്രം. പലപ്പോഴും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോടു യോജിക്കാന്‍ കഴിയുകയില്ലെങ്കിലും എല്ലാവരും ഈ എഴുത്തിനെ ഇഷ്ടപ്പെട്ടിരുന്നു എന്നത് വസ്തുതയാണ്. കൃഷണന്‍‌നായരുടെ തന്നെ ഭാഷ കടമെടുത്തു പറഞ്ഞാല്‍ ബഹിര്‍ഭാഗസ്ഥമായ പരാമര്‍ശങ്ങളാണ് അദ്ദേഹത്തിന്റെ സാഹിതീയ ലേഖനങ്ങള്‍.

തിരുവനന്തപുരത്ത് വി കെ മാധവൻ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി 1923 മാർച്ച് 3നു കൃഷ്ണൻ നായർ ജനിച്ചു. സ്കൂൾ‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. എറണാകുളം മഹാരാജാസ് കോളജിൽ നിന്നു മലയാള വിഭാഗം തലവനായി വിരമിച്ചു. ]. മലയാള നാട് വാരിക, കലാകൗമുദി ആഴ്ചപ്പതിപ്പ്, സമകാലിക മലയാളം വാരിക എന്നിവയിലായിരുന്നു സാഹിത്യവാരഫലം പ്രസിദ്ധീകരിച്ചിരുന്നത്. സാഹിത്യ രംഗത്തെ സേവനങ്ങൾക്ക് അദ്ദേഹത്തിനു ജി.കെ.ഗോയെങ്ക പുരസ്കാരം ലഭിച്ചു. സ്വപ്നമണ്ഡലം. ചിത്രശലഭങ്ങല്‍ പറക്കുന്നു, സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍, വായനക്കാരാ നിങ്ങൾ ജീവിച്ചിരിക്കുന്നോ, പനിനീർ പൂ‍വിന്റെ പരിമളം പോലെ, ശരത്കാല ദീപ്തി, ഒരു ശബ്ദത്തിൻ രാഗം, എം കൃഷ്ണൻ നായരുടെ പ്രബന്ധങ്ങൾ, സാഹിത്യ വാരഫലം (25 വർഷത്തെ രചനകൾ ക്രോഡീകരിച്ചത്) ഇവയാണ് പ്രൊഫസ്സര്‍ എം കൃഷ്ണന്‍ നായരുടെ കൃതികള്‍.

6 comments:

 1. വാരഫലം വായിക്കാനായി മാത്രം വാരിക വാങ്ങിയിരുന്നു ഒരു കാലം!

  (റ്റോമസ് ജേക്കബ് കഥക്കൂട്ടില്‍ ഇദ്ദേഹത്തെപ്പറ്റിയുള്ള ഒരു അനുഭവം എഴുതിയിട്ടുണ്ട്. ഒരു വിശേഷാല്‍പ്രതിയിലേക്ക് ഇദ്ദേഹത്തിന്റെ കഥ നിര്‍ബന്ധിച്ച് വാങ്ങി. ലേഖനം പോലെ ഇരുന്നുവത്രെ കഥ. കൃഷ്ണന്‍ നായര്‍ ആദ്യവും അവസാനവുമായി എഴുതിയ കഥ!!)

  ReplyDelete
  Replies
  1. ഹഹ സര്‍ ഇപ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് ശ്രീ കൃഷ്ണന്‍ നായര്‍ സറിന്റെ തന്നെ ഒരു കുറിപ്പാണ്. അദ്ദേഹം ആരുടെയോ രചനയെ കുറ്റം പറഞ്ഞ്പ്പോള്‍ ക്ഷുഭിതനായ എഴുത്തുകാരന്‍ പറഞ്ഞു എന്നാല്‍ നിങ്ങള്‍ നല്ലതൊരെണ്ണം എഴുതിക്കണിക്കൂ എന്ന്. അതിനു മറുപടി ആയി അദ്ദേഹം ഇങ്ങനെയാനെഴുതിയത് ' വാങ്ങിയ മുട്ട കേടായിരുന്നു എന്നു കടക്കാരനോടു പരാതി പറഞ്ഞാല്‍ എന്നാല്‍ താനൊരു നല്ല മുട്ട ഒഇട്ടു കാണിക്കെടോ എന്നു പരയുന്നതു പോലെയാണിത്. എന്തായാലും മുട്ട ഇട്ടു കാണിച്ചപ്പോള്‍ അതും കേടായിപ്പോയി അല്ലേ..

   Delete
  2. ഞാൻ കലാകൗമുദിവാരിക വാങ്ങിയാൽ ആദ്യം വായിക്കുക കൃഷ്ണൻനായരെയായിരുന്നു .. എന്താ വല്ലാത്തൊരു കാന്തികശക്തിയുണ്ടായിരുന്നു ആ എഴുത്തിന് ..

   Delete
  3. നിശാഗന്ധിചെടിയോട് നീയെന്തേ പനിനീർപൂ വിടർത്തിയില്ല എന്നു ചോദിക്കുമ്പോലെ അസംബന്ധമാണ് ആ ചോദ്യമെന്നും അദ്ദേഹം എഴുതിയതോർക്കുന്നു ... ജോർജ് ജേക്കബ് ,മലപ്പുറം .

   Delete
 2. വാരികകളില്‍ വരുന്ന കൃതികളെല്ലാം വായിച്ച് വാരഫലം തയ്യാറാക്കുന്ന അദ്ദേഹത്തിന്‍റെ അപാരമായ വായനയില്‍ അതിശയപ്പെട്ടുപോയിട്ടുണ്ട്...
  പ്രണാമം

  ReplyDelete
 3. കൃഷ്ണൻനായർസാർ ഒരു വലിയ സാന്നിദ്ധ്യമായിരുന്നു ..അദ്ദേഹത്തെപ്പോലുള്ളവരുടെ അഭാവം സൃഷ്ടിക്കുന്ന ഊഷരത നാമിപ്പോൾ അനുഭവിക്കുന്നുണ്ട് ........ ജോർജ് ജേക്കബ് ,മലപ്പുറം .

  ReplyDelete