Friday, February 6, 2015

ഞാന്‍ യശോധര..

അറിയുമോ നിങ്ങളീ അബലയാം പത്നിയേ
 അറിയുമോ നിങ്ങളീ ശക്തയാം  അമ്മയെ  

ഞാനാണെശോധര സിദ്ധാര്‍ത്ഥഗൗതമന്‍ 
പതിയാണെനിക്കു  ശ്രീബുദ്ധനോ നിങ്ങള്‍ക്കും 

ഇനിയുണ്ടു ചൊല്ലുവാന്‍ രാഹുല്‍- എന്‍ പ്രിയപുത്രന്‍ 
അച്ഛനുപേക്ഷിച്ചു പോയൊരെന്‍ പൊന്മകന്‍ 

ഇല്ലാത്ത രാജ്യത്തിനധിപനായെന്മകന്‍
ഇനിയെനിക്കിത്തിരി കണ്ണുനീരാണവന്‍.

ഒരു സ്വപ്നനിദ്രയില്‍ ഒരു ശപ്തരാവതില്‍
ഒളിമാഞ്ഞു പോയോരു താരകം പോല്‍

എന്നെയീക്കൊട്ടാരക്കെട്ടില്‍ തനിച്ചാക്കി
എവിടെയോ പോയ്മറഞ്ഞെന്‍ പ്രാണനാഥനും

എന്തെന്റെയപരാധമെന്നു ചൊല്ലാന്‍പോലു-
മെന്തേയെന്നാര്യപുത്രന്‍ കരുണ ചെയ്തില്ല!

എന്റെ മോഹങ്ങളും ദാഹങ്ങളും നാലു
ചുവരുകള്‍ക്കുള്ളില്‍ ഞാന്‍ പൂഴ്ത്തിവെയ്ക്കേ

എന്റെ തളിരിട്ട ജീവിതത്തരുവിലെന്നേയ്ക്കുമായ്
ശിശിരം തഴച്ചു നിന്നിലകള്‍ കൊഴിക്കേവേ..

അണയാത്തൊരഗ്നിതന്‍ നാളമായ് പ്രണയമെന്‍
ഹൃദയത്തിലെന്നും ജലിച്ചുനില്‍ക്കുന്നതും

നിന്‍വിരല്‍ത്തുമ്പൊന്നു സ്പര്‍ശിക്കവേയെന്റെ
തനുവില്‍ വസന്തം വിടരാന്‍ കൊതിച്ചതും.

നീയറിഞ്ഞില്ല, ഞാന്‍ ശിലയായിരുന്നു നിന്‍
കരവിരുതിലൊരു ശില്പമാകാന്‍ കൊതിച്ച ശില..

സ്നേഹത്തിന്‍ ഉളികളാള്‍ നീയെന്റെ മേനിയില്‍
പുളകാര്‍ദ്ര കവിതകള്‍ വിരചിയ്ക്കുവാനായി

രാവുകളെത്രയോ കരുതി ഞാന്‍ കാത്തിട്ടും
പാഴ്ക്കിനാവായ്, മണ്ണില്‍ വീണോരു കന്മദം..

താതസ്നേഹത്തിന്‍ കിരീടവും ചെങ്കോലും
എങ്ങോ കളഞ്ഞുപോയ് എന്‍പ്രിയ തനയനും

തന്നുയിര്‍ബാക്കിയാം പ്രിയസുതനെയൊരുരാഹു
ബാധയായ് കാണുവാന്‍ ഹേതുവെന്തായിടാം?

ആ പിഞ്ചു പൈതലിന്‍ മുഖകമലമല്ലാതെ
എവിടെയാണൊരു ദിവ്യ ബോധജ്ഞാനപ്രഭ!

വളരുവാനാവില്ലെനിക്കിതിന്നപ്പുറം
അബലയാം അമ്മയാണിന്നീ യശോധര..

ദേവാ പൊറുക്കുക, പരിദേവനങ്ങള്‍ തന്‍
ഭാണ്ഡം നിരത്തി ഞാന്‍ നിന്റെ മുന്നില്‍..

എവിടെ ഞാന്‍ തേടുമെന്‍ പൊന്‍മകനായൊരു
കനകസിംഹാസനം, കിരീടവും ചെങ്കോലും..

ഏതംഗരാജ്യത്തിലെന്റെ കുമാരനായ്
പ്രാസാദമൊന്നു ഞാന്‍ പണിതുയര്‍ത്തീടണം...

ഇല്ലെനിക്കാവില്ലതൊന്നിനും പിന്നെയോ..
നല്‍കനീ ത്രൈരത്നമാപ്പിഞ്ചു കൈകളില്‍

ആ മൂല്യമേതു ചെങ്കോലിനുണ്ടായിടും!
ആ രക്ഷയേതു സിംഹാസനം നല്‍കിടും!

ബുദ്ധം ശരണം ഗച്ഛാമി, ധർമ്മം ശരണം ഗച്ഛാമി, 
സംഘം ശരണം ഗച്ഛാമി, ശരണം ശരണം ശരണം...

പൊട്ടി വീഴുന്നുണ്ടെന്നാത്മാവില്‍ നിന്നോരു
പൊട്ടിക്കരച്ചിലിന്‍  തപ്ത കണ്ണീര്‍ക്കണം.

ചിന്നിച്ചിതറുമെന്‍ സ്വപ്നങ്ങാളായു് വീണു
മണ്ണില്‍പ്പതിക്കട്ടെയാ മണിമുത്തുകള്‍..

ഒക്കെയും പിന്നിലുപേക്ഷിച്ചു വന്നിടാം
ഞാനുമാ പാദപത്മങ്ങള്‍ക്കു പിന്നാലെ..
 


2 comments:

 1. നന്നായിരിക്കുന്നു കവിത
  ഈ വരിയൊന്നു ഭംഗിയാക്കണം:-"ഇനിയുണ്ടു ചൊല്ലുവാന്‍ 'രഹുലെന്‍' പ്രിയപുത്രന്‍
  അച്ഛനുപേക്ഷിച്ചു പോയൊരെന്‍ പൊന്മകന്‍"
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി സര്‍, സന്തോഷം, സ്നേഹം..

   Delete