Tuesday, July 19, 2016

നമ്മുടെ കവികള്‍ 21 / കുഞ്ഞുണ്ണി മാഷ്

നമ്മുടെ കവികള്‍ 21 / കുഞ്ഞുണ്ണി മാഷ്

========================================


കു കഴിഞ്ഞാല്‍ ഞ്ഞു
ഞ്ഞു കഴിഞ്ഞാല്‍ ണ്ണി
കുവും ഞ്ഞുവും ണ്ണിയും കഴിഞ്ഞാല്‍ കുഞ്ഞുണ്ണി
.
കുഞ്ഞില്‍നിന്നുണ്ണുന്നോന്‍ കുഞ്ഞുണ്ണി
അതെ, മലയാളിക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത കവിയാണ് ഇന്നത്തെ ' നമ്മുടെ കവി'.

ഇത്തിരിയേയുള്ളൂ ഞാന്‍
എനിക്കുപറയാനിത്തിരിയേ
വിഷയവുമുള്ളൂ
അതുപറയാനിത്തിരിയേ
വാക്കുംവേണ്ടൂ ... എന്നിട്ടും ഇത്രമാത്രം മലയാളി മനസ്സുകളെ സ്വാധീനിച്ച മറ്റൊരു കവി ഇല്ല തന്നെ . കവിതാരചനയുടെ സാങ്കേതികത്വങ്ങളൊന്നുമില്ലാതെ തനിക്കു പറയാനുള്ളത് ഏറ്റവും ഋജുവായി, അസന്നിഗ്ദ്ധമായി കവിതയിലേയ്ക്കാവാഹിച്ച കവിയായിരുന്നു കുഞ്ഞുണ്ണിമാഷ് . കണങ്കാല്‍ മറയാത്ത ചെറിയൊരു ഒറ്റമുണ്ടും മുറിക്കൈയ്യന്‍ പരുത്തിക്കുപ്പായവുമിട്ട് നടന്ന  ആ 'ചെറിയ വലിയ' മനുഷ്യന്‍ നമുക്കു തന്നു പോയ മൊഴിമുത്തുകള്‍ ഒരിക്കലും മറവിക്കു കവര്‍ന്നെടുക്കാന്‍ കഴിയുന്നവയല്ല. കാലാതീതമായി നിലനില്ക്കുന്ന ദാര്‍ശനികതയാണ് ഓരോ വാക്കിലും വരിയിലും അദ്ദേഹം വരഞ്ഞിട്ടിരിക്കുന്നത്. അതാകട്ടെ ഒരു മഹാസമുദ്രം പോലെ സാഹിത്യവിഹായസ്സിന്റെ  ചക്രവാളം സ്പര്‍ശിച്ചു പരന്നു കിടക്കുന്നു, അഗാധമായി.

തൃശൂര്‍ ജില്ലയിലെ വലപ്പാട്ട് ,ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10 നാണ്  കുഞ്ഞുണ്ണിമാഷ് ജനിച്ചത് . സ്വദേശത്തു തന്നെ നേടിയ വിദ്യാഭാസത്തിനു ശേഷം സംസ്കൃതപണ്ഡിതനായ പിതാവിന്റെയോ കുടുംബപൈതൃകമായ ആയുര്‍വ്വേദത്തിന്റെയോ പാത സ്വീകരിക്കാതെ , ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ് ചിലവഴിച്ചത്. 1953ൽ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. ശ്രീരാമകൃഷ്ണാശ്രമത്തിലെ അന്തേവാസിയായി കഴിഞ്ഞ്, അവിടെ താമസിച്ചു പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളോട് ഇടപഴകി, അവരോട് ആശയവിനിമയം നടത്തി, എഴുത്തും വായനയുമായി  തന്റെ ലളിത ജീവിതം അവിടെ തന്നെ കഴിച്ചു കൂട്ടി.  1982ൽ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987-ൽ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരിൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.

കുട്ടിക്കാലത്ത് ഏറെ വായിച്ചിരുന്ന കുഞ്ചന്‍ നമ്പ്യാര്‍ കൃതികള്‍ അദ്ദേഹത്തില്‍ എഴുത്തിന്റെ വഴിയിലും കുറവല്ലാത്ത സ്വാധീനം ചെലുത്തിയിരുന്നു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് തുള്ളക്കഥകൾ എഴുതി സ്വയം അവതരിപ്പിച്ചിരുന്ന കുഞ്ഞുണ്ണി, പത്താം തരം കഴിഞ്ഞ സമയത്ത് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടുതുടങ്ങി. ആദ്യരചനകളൊക്കെ ദൈര്‍ഘ്യമുള്ള കകിതകളായിരുന്നു എങ്കിലും പിന്നീട് ചെറുകവിതകളിലേയ്ക്കു ചുവടു മാറ്റി . ആധുനിക കവിതയുടെ ആദ്യകാല സമാഹാരമായ 'കാൽശതം കുഞ്ഞുണ്ണി' എന്ന പേരിൽ സമാഹരിക്കപ്പെട്ട ഇരുപത്തിയഞ്ച് കവിതകൾ സമകാലീനരായ മറ്റു കവികളുടേതിൽ നിന്നും ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു എങ്കിലും പഹാസപരതയും ആത്മവിമർശനവും ചേർന്ന കവിതകൾ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ചു.ഘടനാസവിശേഷത മുന്‍ നിര്‍ത്തി  ജപ്പാന്‍ കവിതാ രീതിയായ 'ഹൈക്കു'വിനോട് ഈ കവിതകളുടെ സാദൃശ്യം പണ്ഡിതര്‍ കല്പിക്കാറുണ്ട് . ‘എന്നിലുണ്ടെന്തുമെല്ലാരുമെല്ലാടവും‘ എന്ന ഒറ്റ വരികവിതയിൽ മാഷ് തന്റെ സമ്പൂർണ്ണ കവിതകളുടേയും സമഗ്ര പഠനം സംക്ഷേപിച്ചിട്ടുണ്ട്.



എഴുത്തിലെ കൊച്ചു തുടക്കക്കാര്‍ക്ക്  എന്നും വഴികാട്ടിയായിരുന്ന, മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തി കൈകാര്യം ചെയ്തിരുന്ന  'കുട്ടേട്ടന്‍' കുഞ്ഞുണ്ണി മാഷായിരുന്നു. ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു. എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയിൽ എഴുതാം എന്നു വ്യക്തമാക്കുന്ന മാഷുടെ കുറിപ്പുകൾ കുട്ടികൃഷ്ണമാരാരുടെ മലയാള ശൈലിയോട് ചേർത്തു വെക്കാവുന്നവയാണ്. പഴഞ്ചാല്ലുകൾ, കടങ്കഥകൾ എന്നിവയിൽ പ്രകടമാകുന്ന ഭാഷാസ്വരൂപവും കാവ്യഭാവനയും അദ്ദേഹം എടുത്തുകാട്ടി. നമ്പൂതിരിഭാഷയും ഫലിതവും മാഷ് പഠനവിധേയമാക്കിയ മറ്റൊരു വിഷയമാണ്. ഗഹനമായ ദാര്‍ശനികത വെളിപ്പെടുത്തുന്നതായിരുന്നെങ്കിലും അദ്ദേഹത്തിന്റെ രചനകളെ ബാലസാഹിത്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് രചനാലാളിത്യം ഒന്നു കൊണ്ടു മാത്രമാണ്. കുട്ടികള്‍ അദ്ദേഹത്തിന്റെ ദൗര്‍ബ്ബല്യമായിരുന്നു എക്കാലത്തും . കുഞ്ഞുണ്ണി മാഷ് ഏറ്റവുമധികം കാലം പംക്തിയെഴുത്ത് നടത്തിയത് മലർവാടി എന്ന കുട്ടികളുടെ മാസികയിലായിരുന്നു.ഇപ്പോൾ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കുന്ന മലർവാടിയുടെ സ്ഥാപക പത്രാധിപരായിരുന്ന പ്രശസ്തബാലസാഹിത്യകാരൻ ഇ.വി.അബ്ദുവാണ അദ്ദേഹത്തെ മലർവാടിയുമായി ബന്ധിപ്പിച്ചത്.1981 ജനുവരി മാസം മുതൽ അദ്ദേഹം മലർവാടിയിൽ കുഞ്ഞുണ്ണിമാഷും കുട്ട്യോളും എന്ന പംക്തി എഴുതിത്തുടങ്ങി . കേരളത്തിലെ അനേകം കുട്ടികളെ സാഹിത്യകാരന്മാരാക്കി വളർത്തിയ പ്രശസ്തമായ പംക്തിയായി അത് മാറി . 1998 ജനുവരി വരെ ആ പംക്തി തുടർന്നു . നീണ്ട 17 വർഷം . ആ പംക്തി നിർത്തിയ ശേഷം 2002 വരെ കുഞ്ഞുണ്ണി മാഷുടെ പേജ് എന്ന പേരിൽ മറ്റൊരു പംക്തിയിലൂടെ 5 വർഷം കൂടി കുഞ്ഞുണ്ണി മാഷ് മലർവാടിയിൽ ഉണ്ടായിരുന്നു . മാഷുടെ സാഹിത്യജീവിതത്തിൽ നീണ്ട 22 വർഷം സഹചാരിയായിരുന്ന മലർവാടിയുടെ പങ്ക് വിസ്മരിക്കാൻ പാടില്ലാത്തതാണ. കുഞ്ഞുണ്ണി മാഷുടെ വിയോഗാനന്തരം മലർവാടി പ്രത്യേക കുഞ്ഞുണ്ണി മാഷ് പതിപ്പ് പ്രസിദ്ധീകരിച്ച് അദ്ദേഹത്തിന ആദരവുകളർപ്പിക്കുകയുണ്ടായി. വലപ്പാട്ടുള്ള അതിയാരത്തു വീട്ടില്‍ വിശ്രമജീവിതം നയിക്കുമ്പോഴും കുട്ടികള്‍ അദ്ദേഹത്തെ തേടി എത്താറുണ്ടായിരുന്നു. ഒരു മുത്തശ്ശന്റെ സ്നേഹവായ്പ്പുകളുമായി അദ്ദേഹം അവരെ നെഞ്ചോടു ചേര്‍ത്തിരുന്നു .ഞാന്‍ പോയെ ജ്‌ഞാനം വരൂ/ ജ്‌ഞാനംവന്നേ ഞാന്‍ പോകൂ', 'പൊക്കമില്ലായ്‌മയാണെന്റെ പൊക്ക'മെന്നും അദ്ദേഹം പറഞ്ഞു വയ്‌ക്കുമ്പോള്‍ അതിന്റെ ആശയതലത്തിന്‌ ആഴമേറെയാണ്‌. വിരുദ്ധോക്തികളും അസംബന്ധകല്‍പനകളും കുസൃതികളുംകൊണ്ട് തന്റെ കുറുങ്കവിതകളിലൂടെ  കുഞ്ഞുണ്ണിമാഷ്  ഉപരിപ്ലവമായ ചിരിക്കപ്പുറം കയ്പുള്ള ജീവിതസത്യങ്ങളുടെ കഥനം കൂടി നടത്തുന്നു. ബാലസാഹിത്യശാഖയ്ക്കും പഴഞ്ചൊല്‍ പ്രപഞ്ചത്തിനും നാട്ടറിവ് ശേഖരത്തിനും നമ്പൂതിരി ഫലിതശാഖയ്ക്കും കടങ്കഥാസമാഹരണ ശ്രമങ്ങള്‍ക്കും മാഷ് നല്‍കിയ സംഭാവനകള്‍ അമൂല്യങ്ങളാണ് .

അൽപ വസ്ത്രധാരണം മൂലം "നഗ്നനാരായണൻ" എന്ന പരിഹാസവും" ലളിത ജീവിതധാരിയായ അഹങ്കാരി " എന്നാ പേരും സമൂഹം നൽകിയപ്പോൾ ഇത് എന്റെ ശീലമാണ് അത് മാറ്റുവാൻ കഴിയില്ല ഞാൻ അതിനു തയ്യാറല്ല എന്ന് കൃതികൾ മുഖന്തരം ഉത്തരം നല്കുകയാണ് ഉണ്ടായത് . കവി മാത്രമല്ല,  കഥാകാരനും ചിത്രകാരനും പാചകവിദഗ്ദ്ധനും സിനിമാഗാന രചയിതാവും  അഭിനേതാവും ഒക്കെയായിരുന്നു അദ്ദേഹം . ഇദ്ദേഹത്തിന്റെ രേഖാചിത്രങ്ങളും വർണ്ണചിത്രങ്ങളും നൂറോളം വരുമെങ്കിലും അവയെയെല്ലാം ക്രമത്തിൽ സൂക്ഷിക്കുവാനോ പ്രദർശിപ്പിക്കാനോ തുനിഞ്ഞിരുന്നില്ല.എണ്ണച്ചായം,ജലച്ചായം,ഇങ്ക് തുടങ്ങിയവയവയായിരുന്നു ചിത്രം വരക്കു ഉപയോഗിച്ചിരുന്നത്.നാടോടി ചിത്രകലയെ കൂടുതൽ അവലംബിച്ചിരുന്നതായി കാണാം.പൂക്കൾ,പക്ഷികൾ,മൃഗങ്ങൾ എന്നിവയെല്ലാം ചിത്രരചനയിൽ കാണാമെങ്കിലും അവയുടെ വിശദാംശങ്ങളിലേക്കൊന്നും കടക്കാതെ ആന്തരികസൗന്ദര്യം മാത്രം പ്രതിഫലിപ്പിക്കുന്നതായിരുന്നു ചിത്രരചനാശൈലി.പ്രിയപ്പെട്ടവർക്കായി തന്റെ ചിത്രങ്ങൾ സമ്മാനിച്ചിരുന്നതുകൊണ്ട് അവയിൽ പലതും നഷ്ടപ്പെട്ട കൂട്ടത്തിൽ പെടുന്നു.'അമ്മാനക്കിളി’ എന്ന സിനിമയ്‌ക്കെഴുതിയ പാട്ട്, കമൽ സംവിധാനം ചെയ്ത ഭൂമിഗീതം എന്ന ചലച്ചിത്രത്തിലെ അഭിനയം ഇവയാണ് അദ്ദേഹത്തിന്റെ ചലച്ചിത്ര ബന്ധങ്ങള്‍ .

 'നീ താഴ്, നീ താഴ്' എന്ന് എ അണികളോട് പറയുന്നവനാണ് എന്ന് നേതാവിനെ നിര്‍വ്വക്കുന്ന കവി നന്നേചെറുപ്പത്തില്‍ കമ്മ്യൂണിസ്റ്റുപ്രസ്ഥാനത്തോടും പിന്നീട് നക്സലിസത്തോടും ആഭിമുഖ്യം പുലര്‍ത്തിയിരുന്നെങ്കിലും ഭാവിയില്‍  കക്ഷിരാഷ്ട്രീയത്തെ ജീവിതത്തില്‍ നിന്നു പാടേ അകറ്റി നിര്‍ത്തി.
'രാക്ഷസന്‍റെ രാ യും
ദുഷ്ടന്‍റെ ഷ്ട യും
പീറയുടെ റ യും
ഈച്ചയുടെ ഈ യും
കായത്തിന്‍റെ യം ഉം
ചേര്‍ന്നതാണു രാഷ്ട്രീയം' എന്നദ്ദേഹം രാഷ്ട്രീയത്തെ കണ്ടു കെട്ടുന്നു .

ഊണുതൊട്ടുറക്കംവരെ,  പഴമൊഴിപ്പത്തായം,  കുഞ്ഞുണ്ണിയുടെ കവിതകൾ,  വിത്തും മുത്തും,  കുട്ടി പ്പെൻസിൽ,  നമ്പൂതിരി ഫലിതങ്ങൾ,  രാഷ്ട്രീയം,  കുട്ടികൾ പാടുന്നു,  ഉണ്ടനും ഉണ്ടിയും, കുട്ടിക്കവിതകള്‍, കളിക്കോപ്പ് , പതിനഞ്ചും പതിനഞ്ചും, അക്ഷരത്തെറ്റ്, മുത്തുമണി , ചക്കരപ്പാവ ,നോൺസെൻസ് കവിതകൾ,  കളിക്കളം,, കദളിപ്പഴം,കുഞ്ഞുണ്ണി രാമായണം    തുടങ്ങി അനവധി  പുസ്തകങ്ങൾ രചിച്ച  അദ്ദേഹത്തിന്റെ ആത്മകഥയാണ് ‘എന്നിലൂടെ’ എന്ന  മലയാളത്തിലെ ആദ്യകാര്‍ട്ടൂണ്‍ ആത്മകഥ . 1974ലും 1984ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 1982ല്‍ സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, 2002ല്‍ വാഴക്കുന്നം അവാര്‍ഡ്, 2003ല്‍ വി.എ.കേശവന്‍ നായര്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു. ആജീവനാന്ത സംഭാവനകളെ മുന്‍നിര്‍ത്തി കേരള സാഹിത്യ അക്കാദമിയും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടും 1988ലും 2002 ലും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

”ഏകാന്തതയേക്കാള്‍ നല്ലൊരു കാന്തയില്ല” എന്നു വിശ്വസിച്ച കവി
‘ജീവിതം മറ്റൊരാള്‍ക്കും
പകുക്കാന്‍ തികയാഞ്ഞു
ഞാനെന്നെത്തന്നെ
വേളികഴിച്ചു കൂടീടുന്നു’ എന്ന് പ്രഖ്യാപിച്ച്, ജീവിതം ഏകനായി ജീവിച്ചു തീര്‍ത്തു  .
അനേകം മയില്‍പ്പീലിത്തുണ്ടുകളും വളപ്പൊട്ടുകളും മഞ്ചാടിമണികളും കുറുംകവിതകളും മിഠായിപ്പാട്ടുകളുമൊക്കെ കരുതിവച്ചാണ് 'എന്നും കുഞ്ഞായിട്ടു രമിക്കാൻ, കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരുകവിയായിട്ടു മരിക്കാൻ…' ആശിച്ച  കുഞ്ഞുണ്ണിമാഷ് 2006 മാര്‍ച്ച് 26 ഞായറാഴ്ച, തന്റെ 79 )0 വയസ്സില്‍ നമ്മെ വിട്ടുപിരിഞ്ഞത്, ഹിമാലയദര്‍ശനം എന്ന നടക്കാതെ പോയ ആഗ്രഹം ബാക്കി വെച്ച് .  .

കുഞ്ഞുണ്ണി മാഷിന്റെ ചില കവിതകള്‍ 
-----------------------------------------------------------
 അമ്മ മലയാളം (കുഞ്ഞുണ്ണിമാഷ്)

അമ്പത്താറക്ഷരമല്ല
അമ്പത്തൊന്നക്ഷരവുമല്ലെന്‍റെ മലയാളം
 മലയാളമെന്ന നാലക്ഷരവുമല്ല
അമ്മ എന്ന ഒരൊറ്റക്ഷരമാണ് 

മണ്ണ് എന്ന ഒരൊറ്റക്ഷരമാണെന്‍റെ മലയാളം
 .
 വായിച്ചാലും വളരും
വായിച്ചിലേലും വളരും
വായിച്ചാല്‍ വിളഞ്ഞു വളരും
വായിച്ചില്ലെങ്കില്‍ വളഞ്ഞു വളരും
 .


സത്യമേ ചൊല്ലാവൂ
ധർമ്മമേ ചെയ്യാവൂ
നല്ലതേ നൽകാവൂ
വേണ്ടതേ വാങ്ങാവൂ

.

ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ
ഒരു മയിൽപ്പിലിയുണ്ടെന്നുള്ളിൽ
വിരസ നിമിഷങ്ങൾ സരസമാക്കുവാ
നിവ ധാരാളമാണെനിക്കെന്നും.

.

ജീവിതം നല്ലതാണല്ലോ
മരണം ചീത്തയാകയാൽ

.
ഉടുത്ത മുണ്ടഴിച്ചിട്ടു
പുതച്ചങ്ങു കിടക്കുകിൽ
മരിച്ചങ്ങു കിടക്കുമ്പോ
ഴുള്ളതാം സുഖമുണ്ടിടാം.

.

ഞാനെന്റെ മീശ ചുമന്നതിന്റെ
കൂലിചോദിക്കാൻ
ഞാനെന്നോടു ചെന്നപ്പോൾ
ഞാനെന്നെ തല്ലുവാൻ വന്നു.

.

പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച
പാലു വച്ച പാത്രം
വൃത്തിയാക്കി വച്ചു.

.

എത്രമേലകലാം
ഇനിയടുക്കാനിടമില്ലെന്നതുവരെ
എത്രമേലടുക്കാം
ഇനിയകലാനിടമില്ലെന്നതുവരെ.

.

എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം.

.

മഴ മേലോട്ട് പെയ്താലേ
വിണ്ണു മണ്ണുള്ളതായ് വരു
മണ്ണുള്ള ദിക്കിലുള്ളോർക്കേ
കണ്ണു കീഴോട്ടു കണ്ടിടൂ.

.

കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു
കവിതേ നീയെത്തുമ്പോൾ
ഞാനുമില്ലാതാകുന്നു.

.

പൊക്കമില്ലാത്തതാണെന്റെ പൊക്കം.

.
മന്ത്രിയായാൽ മന്ദനാകും
മഹാ മാർക്സിസ്റ്റുമീ
മഹാ ഭാരതഭൂമിയിൽ.

.

മഴയും വേണം കുടയും വേണം കുടിയും വേണം
കുടിയിലൊരിത്തിരി തീയും വേണം
കരളിലൊരിത്തിരി കനിവും വേണം
കൈയിലൊരിത്തിരി കാശും വേണം
ജീവിതം എന്നാൽ പരമാനന്ദം.

.

ആശകൊണ്ടേ മൂസ തെങ്ങുമേ കേറി
മടലടർന്നു വീണു
മൂസ മലർന്നു വീണു
മടലടുപ്പിലായി
മൂസ കിടപ്പിലായി!

.

ശ്വാസം ഒന്ന് വിശ്വാസം പലത്
ശ്വാസമാവശ്യം ആശ്വാസമാവശ്യം വിശ്വാസമത്യാവശ്യം.

.

കപടലോകത്തിലെന്നുടെ കാപട്യം
സകലരും കാണ്മതാണെൻ പരാജയം.

.
"ആറുമലയാളിക്കു നൂറുമലയാളം
അരമലയാളിക്കുമൊരു മലയാളം
ഒരുമലയാളിക്കും മലയാളമില്ല"

.

കുരിശേശുവിലേശുമോ?
യേശുവിലാണെൻ വിശ്വാസം
കീശയിലാണെൻ ആശ്വാസം.

No comments:

Post a Comment