Friday, December 21, 2018

ആശംസാകാർഡുകളുടെ വസന്തകാലം

ആശംസാകാർഡുകളുടെ നഷ്ടവസന്തം
=================================
ദശകങ്ങൾക്കപ്പുറത്തേക്കൊന്നു പിന്തിരിഞ്ഞുനോക്കിയാൽ മഞ്ഞുതിരുന്ന  ഡിസംബർമാസം ഒരു വസന്തകാലമായിരുന്നു - ആശംസാകാർഡുകളുടെ വർണ്ണപ്രപഞ്ചം തീർത്തൊരു വസന്തകാലം. ആധുനികവാർത്താവിനിമയോപാധികൾ അരങ്ങിലെത്തുംവരെ സുഗന്ധം പരത്തി വന്നുപോയിരുന്ന ഓർമ്മയുടെ പൂക്കാലം...
ആശംസാകാർഡുകളെന്നാൽ ക്രിസ്തുമസ് - പുതുവത്സരാശംസകൾ കൈമാറുന്നതിനായിരുന്നു പ്രധാന്യം. ഉണ്ണീശോയുടെയും നക്ഷത്രങ്ങളുടെയും പുൽക്കൂടിന്റെയും മാത്രമല്ല, പൂക്കളും മനുഷ്യരും  മൃഗങ്ങളും  പ്രകൃതിഭംഗിയും ഒക്കെ കാർഡുകളിൽ വർണ്ണവിസ്മയം തീർത്തിരുന്നു. വിലയേറുന്നതിനൊപ്പം കാർഡുകളുടെ മാസ്മരികതയും വർദ്ധിക്കും. എന്തൊക്കെ വൈവിധ്യങ്ങൾ! പിന്നെ ഹൃദയത്തിലേക്കിറങ്ങിച്ചെല്ലുന്ന വാക്കുകളുടെ, വരികളുടെ,  ആർദ്രഭാവങ്ങൾ. ഒപ്പം ജാതിമതഭേദമെന്യേ സ്നേഹാതുരമായി നേരുന്ന ക്രിസ്തുമസ്, പുതുവത്സര  ആശംസകൾ. സുഹൃത്തുകൾക്കും ബന്ധുക്കൾക്കുമൊക്കെ കാർഡുകൾ തിരഞ്ഞെടുക്കുന്നത് എത്ര ശ്രദ്ധാപൂർവ്വമായിരുന്നു! പ്രതീക്ഷയോടെ പോസ്റ്റ്മാനെ കാത്തിരുന്ന ദിനങ്ങൾ .  അങ്ങോട്ടയച്ച സ്നേഹത്തിനു മറുസ്നേഹം കിട്ടാതെവരുമ്പോഴുള്ള പരിഭവവും അതിനെത്തുടർന്നുള്ള പിണക്കങ്ങളും ഇണക്കങ്ങളും .. അങ്ങനെ സംഭവബഹുലമായൊരു ആശംസാക്കാലം. ഓർമ്മകളിൽനിന്നൊരിക്കലും ഇറങ്ങിപ്പോകാത്ത ഒരു വസന്തകാലത്തിന്റെ മനംമയക്കുന്ന പരിമളം പറക്കുന്നു ചുറ്റിലും.

 പ്രിയമുള്ളവർക്ക് ഞാൻ പലപ്പോഴും  കാർഡുകളയച്ചിരുന്നത് സ്വന്തമായി നിർമ്മിച്ചായിരുന്നു. കപ്പ (മരച്ചീനി)ത്തണ്ടിന്റെ പൊങ്ങും പൂക്കളും ഇലകളും പുല്ലും മയിൽപ്പീലിയും  വൈക്കോലും വെൽവെറ്റ് പേപ്പറും  പറങ്കിപ്പശയുംമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ കാർഡുകൾ അയച്ചിരുന്നപ്പോൾ ചിലർ അഭിനന്ദിക്കും. മറ്റുചിലരാകട്ടെ കാശുചെലവാക്കാതെ തരികിടയുമായി ഇറങ്ങിയിരിക്കുന്ന പിശുക്കിയെന്നു പരിഹസിച്ചിട്ടുമുണ്ട്. രണ്ടായാലും എനിക്കു സന്തോഷമായിരുന്നു.

ഇന്നത്തെ കുട്ടികൾക്ക് ചിന്തിക്കാൻപോലും കഴിയില്ല അത്തരമൊരു കാലത്തെക്കുറിച്ച്. ചിലപ്പോൾ അവർക്കിതൊക്കെ ഒരു തമാശയായും  തോന്നാം.
മറ്റെന്തിനെയൊക്കെയോ പോലെ ഗൃഹാതുരതയിലേക്കു ചേക്കേറിയ
ആ കാലം കൂട്ടിച്ചേർക്കാനാവാത്തവിധം എവിടെയോ മുറിഞ്ഞുപോയിരിക്കുന്നു, .
ഇന്നിപ്പോൾ ഗൂഗിളിൽ ഏതുവിധത്തിലുള്ള ആശംസയും സുലഭം. രണ്ടു ക്ലിക്കിൽ എത്തിക്കേണ്ടിടത്ത് ഏതാശംസയും കൃത്യമായി എത്തിക്കാൻ കഴിയും. പക്ഷേ, അന്ന്  പോസ്റ്റ്മാൻ  കൊണ്ടുവന്നുതന്നിരുന്ന കാർഡും അതിലെ മനോഹരമായ ചിത്രങ്ങളും ഹൃദയാവർജ്ജകമായ വാക്കുകളും നൽകിയ ആഹ്ലാദവും സംതൃപ്തിയും ഇന്നത്തെ ഗൂഗിൾ ആശംസകൾക്കില്ല എന്ന് വ്യസനത്തോടെയേ ഓർക്കാനാവൂ. അതുകൊണ്ടാണോയെന്നറിയില്ല, സഫലമാകില്ലെന്നറിയാമെങ്കിലും വെറുതെ മോഹിച്ചുപോകുന്നു ഒരു കാർഡ് ആരെങ്കിലും അയച്ചിരുന്നെങ്കിലെന്ന്. 
(എന്നോ ഉണ്ടാക്കി, അയക്കാതെ മിച്ചംവന്ന ചില  കാർഡുകൾ ഇതോടൊപ്പം)
















Monday, December 17, 2018

സെബുന്നിസ

ആലസ്യം പുതപ്പായണിഞ്ഞ ഉച്ചമയക്കത്തിലെപ്പോഴോ ആ സ്വപ്നം  എന്നെത്തേടിയെത്തുകയായിരുന്നു. നിമിഷാർദ്ധംകൊണ്ടു ഞാനെത്തപ്പട്ടത് അതിമാനോഹരമായൊരുദ്യാനത്തിൽ. വർണ്ണശബളമായ പൂക്കളും വിവിധാകൃതികളിൽ വെട്ടിനിർത്തിയിരിക്കുന്ന ചെടികളും നീർച്ചാലുകളും ജലധാരകളും കൊച്ചുകൊച്ചുതടാകങ്ങളുമൊക്കെയുള്ള ആ ഉദ്യാനം എവിടെയോ കണ്ടുമറന്നതുപോലെ. ശ്രീനഗറിലോ..ഡൽഹിയിലോ .. അതോ രാമോജി  ഫിലിംസിറ്റിയിലോ ..
വെയിലും നിഴലും വീണുകിടക്കുന്ന ഉദ്യാനപാതയിലൂടെ ഞാൻ ഏകയായി നടന്നു. അകലെ, നിറയെ വെളുത്തപൂക്കൾചൂടിനിൽക്കുന്നൊരു  മരത്തിന്റെ ചുവട്ടിൽ ആരോ  തൂലിക മഷിയിൽ മുക്കി എന്തൊക്കെയോ കുത്തിക്കുറിക്കുന്നു. നേർത്ത ശിരോവസ്ത്രത്തിലൂടെ ആ മുഖം വ്യക്തമായി കാണാനായില്ല. എങ്കിലും സഹസ്രാബ്ദങ്ങൾക്കപ്പുറത്തുനിന്നെത്തിയ ഒരു സ്ത്രീരൂപമായാണു  തോന്നിയത്. കഥകളിലൊക്കെ വായിച്ചിരിക്കുന്ന രാജകുമാരിമാരുടെ രൂപം! ഞാൻ നടന്നടുത്തെത്തിയിട്ടും അവർ അറിഞ്ഞതേയില്ല. തന്റെ എഴുത്തിൽ മാത്രമായിരുന്നു അവരുടെ ശ്രദ്ധ.
ഒന്നു കണ്ഠശുദ്ധിവരുത്തി അവരുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചു. അത് വിജയിച്ചു. അവർ മുഖമുയർത്തി ശിരോവസ്ത്രം ഒരുവശത്തേക്കു മാടിയൊതുക്കി എന്നെ നോക്കി. സുന്ദരമായ ആ മുഖത്തു ഒരു പുഞ്ചിരിവിടർന്നു. പിന്നെയും കുനിഞ്ഞ് എഴുത്തിൽ ശ്രദ്ധിച്ചപ്പോൾ ഒന്നുകൂടി അടുത്തേക്കുചെന്നു ഞാൻ ചോദിച്ചു.
"അങ്ങാരാണ്? എന്താണെഴുതുന്നത്?"
"ഞാൻ  സെബുന്നിസ. കവിത രചിച്ചുകൊണ്ടിരിക്കുകയാണ്"
എന്റെ ഓർമ്മത്താളുകളിൽ  ആ പേരു വീണ്ടുവീണ്ടും പരതി. അതിലെവിടെയോ ഒരു നേർത്ത അക്ഷരചിത്രം തെളിഞ്ഞുവന്നു.
മുഗൾചക്രവർത്തിയായിരുന്ന ഔറംഗസിബിന്റെ ഓമനപ്പുത്രി സെബുന്നിസ.  ഔറംഗസിബിനു തന്റെ പട്ടമഹിഷിയായ ദിൽറസ് ബാനു ബീഗത്തിൽ ജനിച്ച പൊന്നോമന. പേരന്വർത്ഥമാക്കി സ്ത്രീത്വത്തിനു ശ്രീതിലമാകയവൾ.    സൂഫികവിതകളുടെ കൂട്ടുകാരി. ക്രൂരനും മർക്കടമുഷ്ടിക്കാരനും ദുഷ്ടനുമായിരുന്നെങ്കിലും ഔറംഗസിബിന്റെ മനസ്സിനെ ഏറ്റവും സന്തോഷിപ്പിച്ചതും പിന്നീട് ഏറ്റവും ദുഖിപ്പിച്ചതും  ഈ പെൺകിടാവിന്റെ കിളിക്കൊഞ്ചലുകളായിരുന്നു.
സെബുന്നിസയെക്കുറിച്ചു ചിന്തിച്ചാൽ ഓർക്കാൻ കഥകൾ ഒട്ടനവധി.
ഏഴുവയസ്സിൽ അവൾ ഖുർആൻ മനഃപാഠമാക്കി. രാജകുമാരിയായിരുന്നിട്ടും വിശിഷ്ടവസ്ത്രാഭരണങ്ങളേക്കാൾ  അവൾക്കു പ്രിയം  അക്ഷരങ്ങളോടായിരുന്നു. തികച്ചും യാഥാസ്ഥികനായിരുന്ന  പിതാവിന്റെ വിലക്കിനെ ധിക്കരിച്ചും അവൾ കവിതകളെഴുതി. തികഞ്ഞ ഇസ്ലാമികവിശ്വാസിയായിരുന്ന പിതാവിന്റെ പാതയിൽനിന്നു വ്യതിചലിച്ച് പിതാമഹനായ അക്ബറിന്റെ മഹസൗഹാർദ്ദത്തിന്റെ പാത തിരഞ്ഞെടുത്തവൾ.
"എവിടെയൊക്കെ ഈശ്വരൻ ആരാധിക്കപ്പെടുന്നുവോ അവിടെയൊക്കെ എന്റെയും  ദൈവമിരിക്കുന്നു" എന്നു  പാടിയ സെബുന്നിസ. നീണ്ട ഇരുപതുവർഷങ്ങൾ  കാരാഗൃഹത്തിൽ ചിലവഴിച്ചവൾ!

സൗന്ദര്യത്തിടമ്പായിരുന്ന    സെബുന്നിസ പല രാജകുമാരന്മാരുടെയും ഉറക്കം കെടുത്തി. അവളെ പ്രണയിക്കാൻ അവർ മത്സരിച്ചു. അക്കാരണത്താൽത്തന്നെ അവളുടെ പിതാവിനാൽ  പലരുടെയും ജീവനും അപഹരിക്കപ്പെട്ടു. പക്ഷേ അവരിലാർക്കും അവളുടെ മനസ്സ് കീഴടക്കാനായില്ല. അതു  സാധ്യമായത് ഒരേയൊരാൾക്കുമാത്രം.  അയാൾക്കാകട്ടെ ആ പ്രണയം സ്വീകാര്യവുമായിരുന്നില്ല. ആരായിരുന്നു ആ സവിശേഷവ്യക്തിത്വം എന്നല്ലേ.. അത് മറ്റാരുമായിരുന്നില്ല, മാറാഠാമണ്ണിൽ ഹിന്ദവിസ്വരാജ്  എന്ന സാമ്രാജ്യം പടുത്തുയർത്തിയ ഛത്രപതി ശിവജിമഹാരാജ്‌!
ഒന്നുമില്ലായ്മയിൽനിന്ന് ഒരു മഹാസാമ്രാജ്യം സ്ഥാപിക്കുന്നതിൽ വിജയംവരിച്ച് ശിവജി നടത്തിയ ധീരോദാത്തമായ ജൈത്രയാത്രയുടെ കുളമ്പടിശബ്ദം ഭാരതത്തിന്റെ ഓരോമുക്കിലും മൂലയിലും പ്രതിധ്വനിച്ചിരുന്ന കാലം. ഭാരതം ജന്മകൊടുത്ത ഏറ്റവും മഹാനായ ആ വീരപുത്രന്റെ മഹച്ചരിതങ്ങൾ കേട്ടു കോരിത്തരിച്ച സെബുന്നിസ  ആരുമറിയാതെ അഗാധമായ പ്രണയത്തിൽ വീണുപോയി. ശിവജിയുടെ വീരപരാക്രമണത്തിനിരയായ, ഔറംഗസിബിന്റെ അമ്മാവൻ ഷെയിസ്തഖാൻ ശിവജിക്കുകൊടുത്ത അമാനുഷികപരിവേഷവും അനുബന്ധകഥകളും ഏതൊരു പെണ്ണിന്റെയും മനസ്സിളക്കുന്നതായിരുന്നു.
1666 മെയ്മാസത്തിൽ ഔറംഗസിബിന്റെ കൊട്ടാരത്തിലെത്തിയ ശിവജിയെ പർദ്ദയ്ക്കുള്ളിലൂടെ സെബുന്നിസ  ഒരുനോക്കുകണ്ടു. ഏറെ ബുദ്ധിമുട്ടി  തന്റെ  ഇംഗിതം  ശിവജിയെ അറിയിക്കാൻ അവൾ തയ്യാറായെങ്കിലും അദ്ദേഹം അത് നിരസിക്കുകയാണുണ്ടായത്. പുത്രിയുടെ ആഗ്രഹമറിഞ്ഞ ചക്രവർത്തിയാകട്ടെ അതുമുതലെടുത്തു ശിവജിയെ ഇല്ലായ്മചെയ്യാനുള്ള വഴികളാലോചിച്ചു. പക്ഷേ അതും വിഫലമായി. ഒടുവിൽ ജീവിതാന്ത്യംവരെ സഫലമാകാത്ത പ്രണയത്തിന്റെ  സ്മൃതികുടീരമായ്  അവൾ അവിവാഹിതയായി ജീവിച്ചു. എഴുത്തിന്റെ വഴികളിൽ ജീവിതം നടന്നുതീർത്തു. 

ഓർമ്മകൾ കാടുകയറിയപ്പോൾ സെബുന്നിസ  അവിടെയുള്ള കാര്യംതന്നെ ഞാൻ മറന്നുപോയി. (സാധാരണ സ്വപ്നങ്ങളിൽ വന്നെത്തുന്ന മഹദ്‌വ്യക്തികളോട് ഒട്ടനവധി ചോദ്യങ്ങൾ ചോദിക്കാനുണ്ടാവും. വാദപ്രതിവാദങ്ങൾ നടത്തുകയുമാവും. അത് ശ്രീരാമനാവട്ടെ, ശ്രീകൃഷ്ണനാവട്ടെ, ശ്രീബുദ്ധനാവട്ടെ, അതുമല്ലെങ്കിൽ ദ്രൗപതിയോ കുന്തിയോ എന്തിന്, മദർതെരേസയോ  ആവട്ടെ പതിവു  തെറ്റാറില്ല . പക്ഷേ ഈ  വനിതാരത്നത്തോട് ഒന്നും ചോദിക്കാനും പറയാനുമാവാതെ നിന്നുപോയി.) നോക്കിനിൽക്കെ തന്റെ തൂലികയും ഗ്രന്ഥവുമെടുത്ത് അവർ ആ പൂമരചുവടുപേക്ഷിച്ച് മെല്ലേ  നടന്നകന്നു. ഞാനതു നോക്കിനിന്നു.

പെട്ടെന്നാണ് വാതിൽമണി  മുഴങ്ങിയത്. അപ്പോഴാണറിഞ്ഞത് അതൊരു വെറും സ്വപ്നമായിരുന്നെന്ന് ....














Saturday, December 1, 2018

സൂര്യകാന്തി

സൂര്യകാന്തി
===========
ഗ്രീക്ക് പുരാണങ്ങളിൽ സൂര്യകാന്തിയെക്കുറിച്ചു മനോഹരമായൊരു കഥയുണ്ട്.

ക്ളിറ്റി  എന്ന പെൺകുട്ടി അതിസുന്ദരിയായിരുന്നു. മെലിഞ്ഞുനീണ്ട ശരീരം. സ്വർണ്ണത്തലമുടി, തിളങ്ങുന്ന കണ്ണുകൾ. ആരെയും ആകർഷിക്കുന്ന സുന്ദരമായ മുഖം. അവൾ ഒരുദിനം  വീടിനടുത്തുള്ള ഉദ്യാനത്തിൽ പാറിനടക്കുന്ന വെള്ളരിപ്രാവുകളെയും നോക്കി  ഉലാത്താവേ ആകാശത്തുകൂടി അപ്പോളോദേവന്റെ തേരുപോകുന്നതുകണ്ടു. കൗതകപൂർവ്വം അകത്തേക്കു  നോക്കിയപ്പോൾ അതിസുന്ദരമായ അപ്പോളോദേവനെയും ഒരുനോക്കു കണ്ടു. മാനത്തു പാറുന്ന  മേഘങ്ങൾ പൊടുന്നനെ അവളുടെ കണ്ണുകളെ മറച്ചുകളഞ്ഞു. അല്ലെങ്കിൽ കത്തിജ്വലിക്കുന്ന ആ പ്രഭാപൂരത്തിൽ അവളുടെ കാഴ്ചതന്നെ എന്നെന്നേക്കുമായി ഇല്ലാതായേനെ!
സൂര്യദേവനായ  അപ്പോളോ, ദേവന്മാരുടെ ദേവനായ  സീയൂസ് ദേവന്റെ പുത്രനാണ്. പൂർവ്വദിക്കിലെ തന്റെ അരമനയിൽനിന്ന് അതിരാവിലെ സ്വർണ്ണത്തേരുതെളിച്ചു പടിഞ്ഞാറുനോക്കിപ്പോകുന്ന അപ്പോളോദേവൻ ആഴിയിൽ മുങ്ങും. ഒരു കാഞ്ചനത്തോണിയിൽ ഗേഹംപൂകും.   നിത്യേന ഇത് തുടർന്നുപോന്നു. പ്രപഞ്ചത്തിലെ സകലചരാചരങ്ങൾക്കും സ്നേഹത്താൽ  ചൂടും വെളിച്ചവും പകർന്നേകുന്ന അപ്പോളോദേവൻ ഏവരാലും പ്രകീർത്തിക്കപ്പെട്ടു. ക്ളിറ്റിയുടെ ഹൃദയത്തിലും അപ്പോളൊദേവനോടുള്ള ഗാഢമായ സ്നേഹം ആഴത്തിൽ വേരോടി. കണ്ണിമയ്ക്കാതെ ദേവനെത്തന്നെ നോക്കിനിൽക്കുന്ന അവളെ ജലദേവത പരിഹസിച്ചുചിരിച്ചു. പക്ഷേ അപ്പോളൊദേവനാകട്ടെ ആ സ്നേഹം അറിഞ്ഞതേയില്ല. ജലദേവന്റെ പുത്രിയായ ഡാഫ്നെ എന്ന സുന്ദരിയിൽ അനുരക്തനായിരുന്നു അപ്പോളോ. അദ്ദേഹം അവളോട് വീണ്ടും വീണ്ടും പ്രണയാഭ്യർത്ഥന   നടത്തി.  ഡാഫ്നെയാകട്ടെ അപ്പോളോയുടെ സ്നേഹം സ്വീകരിക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല തന്റെ പിതാവിനോടിക്കാര്യം  പരാതിപ്പെടുകയും ചെയ്തു. പിതാവ് അവളെ ഒരു പുന്നമരമാക്കി  മാറ്റിക്കളഞ്ഞു. അപ്പോളോ അതീവദുഃഖിതനായി. അപ്പോഴും ക്ളിറ്റി  ദേവനെ അതിയായി സ്നേഹിച്ചു. ദിവസങ്ങളോളം ജലപാനംപോലുമില്ലാതെ ദേവന്റെ ആകാശഗമനം നോക്കിനിന്നു. ഒടുവിലവൾ ഒരു പൂവായിമാറി. എല്ലായ്‌പോഴും സൂര്യനെ നോക്കുന്ന  സൂര്യകാന്തിപ്പൂവ്!










ആശ്ലേഷം

ഒരിളങ്കാറ്റ് നമ്മെത്തഴുകിക്കടന്നുപോയാൽ എന്തൊരനുഭൂതിയാണ് നാം അനുഭവിച്ചറിയുന്നത്! കാറ്റിന്റെ തലോടൽപോലെ നമ്മെ ആഹ്ലാദിപ്പിക്കാൻ സ്നേഹവായ്‌പോടെയുള്ള ഏതു തലോടലിനും കഴിയും
ഏതുവേദനയിലും  സാന്ത്വനിപ്പിക്കാൻ സ്നേഹപൂർണ്ണമായൊരു വിരൽസ്പർശം മതിയാകും. ഒരു കുഞ്ഞു  ജനിക്കുമ്പോൾ ആദ്യമായി  അനുഭവിച്ചറിയുന്നതും ഈ സ്പർശസാന്ത്വനമാണ്.  എത്ര കരയുന്ന കുഞ്ഞും അമ്മയെടുത്താൽ കരച്ചിൽ നിർത്തുന്നതും ഈ മാന്ത്രികതയാൽത്തന്നെ.   പക്ഷേ  സ്പർശനത്തിനുപിന്നിലുള്ളത്  സ്നേഹശൂന്യതയാണെങ്കിൽ അതിനേക്കാൾ അരോചകമായി മറ്റൊന്നുണ്ടാവില്ല.

നമ്മുടെ നാട്ടിൽ ആളുകൾക്ക്  ഒരുപ്രായം കഴിഞ്ഞാൽ മക്കളെപ്പോലും തലോടാനോ ആശ്ലേഷിക്കാനോ ചുംബിക്കാനോ മടിയാണ്. മക്കൾക്കു  മാതാപിതാക്കളെയും.  അതിൽപോലും അശ്ലീലം കാണുന്ന ദുഷ്ടമനസ്സുകളും ചുറ്റുമുണ്ടെന്നതാണു  സത്യം .  കുഞ്ഞുങ്ങൾ എത്രവലുതായാലും അവർ അച്ഛനുമമ്മയ്ക്കും കുഞ്ഞുങ്ങൾത്തന്നെയാണ്. പിന്നെന്തിനാണവരെ മാറ്റിനിർത്തുന്നത്. ഈ ചോദ്യം മനസ്സിലുദിച്ചത് കഴിഞ്ഞദിവസം കണ്ട ടിവി പ്രോഗ്രാമാണ്.

ഫ്‌ളവേഴ്‌സ് ചാനലിൽ ടോപ് സിങ്ങർ റിയാലിറ്റി ഷോയിൽ അതിമനോഹരമായി പാടിയ കൗമാരക്കാരിപെൺകിടാവിനോട് ഇത്ര നന്നായി പാടിയതിനു സമ്മാനമായി മോളെന്താണാഗ്രഹിക്കുന്നതെന്നു വിധികർത്താക്കളിലൊരാൾ   ചോദിച്ചപ്പോൾ രണ്ടാമതൊന്നാലോചിക്കാതെ അവൾ  പറഞ്ഞത് ' A tight hug from my mum' എന്നാണ്. എന്തുകൊണ്ടാണതാഗ്രഹിക്കുന്നതെന്നു ചോദിച്ചപ്പോൾ അവൾ പറഞ്ഞ മറുപടി 'എനിക്കതു കിട്ടുന്നതു once in a blue moon ആണെന്നാണ്. 'അമ്മ അതിനു ന്യായം പറഞ്ഞത് ഇളയകുട്ടിവന്നപ്പോൾ അവളുടെ കളിയിലും ചിരിയിലുമായത്രേ കൂടുതലാകർഷണമെന്ന്.  സത്യത്തിൽ അതുകേട്ടപ്പോൾ മനസ്സൊന്നു പിടച്ചു, കണ്ണു  നിറഞ്ഞുപോയി. ആ കുഞ്ഞുമനസ്സ് എത്രത്തോളം നൊമ്പരപ്പെട്ടിട്ടുണ്ടാവും. ഏതു സങ്കടത്തിലും  ഒന്നുകെട്ടിപ്പിടിച്ചൊരുമ്മകൊടുത്താൽ കുഞ്ഞുങ്ങൾക്കതിനേക്കാൾ വലിയൊരാശ്വാസമുണ്ടാവില്ല. ഏതുസന്തോഷവും പതിന്മടങ്ങാക്കാനും ഒരാശ്ലേഷത്തിനു കഴിയും. പിന്നെന്തിനാണത് വേണ്ടെന്നുവയ്ക്കുന്നത്!

തലോടലും ആലിംഗനവുമൊക്കെ മനുഷ്യരിലെ മനസികസമ്മർദ്ദങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നുവെന്നു വൈദ്യശാസ്ത്രപഠനങ്ങൾ വെളിപ്പെടുത്തുന്നു. മാത്രമല്ല, രോഗങ്ങൾ വേഗം ഭേദമാക്കാനും  രോഗങ്ങളെ അകറ്റിനിർത്താനും വേദന കുറയ്ക്കാനും  പേടിയില്ലാതാക്കാനും  രക്തസമ്മർദ്ദം ക്രമപ്പെടുത്താനുമൊക്കെ സാധ്യമാക്കുന്നത്രേ! 'cuddle hormone' എന്ന ഓമനപ്പേരിലറിയപ്പെടുന്ന Oxytocin, 'pleasure’s hormone' എന്നറിയപ്പെടുന്ന dopamine ഇവയൊക്കെ  കൂടുതലായി ആലിംഗനം ചെയ്യുമ്പോൾ  ഉത്പാദിപ്പിക്കപ്പെടുന്നതാണത്രേ അതിനുകാരണം. വൃദ്ധജനങ്ങളെയോ രോഗികളെയോ സന്ദശിക്കുന്ന വേളയിൽ അവരെ തഴുകിത്തലോടാൻ, ഒന്നാശ്ലേശിക്കാൻ കഴിഞ്ഞാൽ അതവരെ ഏറെ ആനന്ദിപ്പിക്കും.

ഫാമിലി തെറാപ്പിസ്റ്റ് ആയ വിർജീനിയ സാറ്റിർ   പറഞ്ഞത് പ്രസിദ്ധമാണ്  " We need 4 hugs a day for survival. We need 8 hugs a day for maintenance. We need 12 hugs a day for growth." എത്രയായാലും കുഴപ്പമില്ല എന്നു  സാരം. പക്ഷേ ആലിംഗനങ്ങൾ എപ്പോഴും , നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന സാമൂഹ്യപശ്ചാത്തലത്തിന്റെ പരിമിതികൾ അറിഞ്ഞുകൊണ്ടാവണമെന്നു മാത്രം.


Wednesday, November 21, 2018

മകരസംക്രമം

ഉദയം..അരുണോദയം 
മകരസംക്രമസൂര്യോദയം 
പൊൻകിരണങ്ങളാലയ്യപ്പസ്വാമിക്ക് 
നെയ്യഭിഷേകം ചെയ്യാനായി 
സ്നാനംചെയ്തു  കരിമലകയറി 
ദിനകരനണയും പുണ്യോദയം.
ശകുന്തങ്ങൾ പാടുന്നു  സ്തുതിഗീതങ്ങൾ 
ശബരിഗിരീശനെ തുയിലുണർത്താൻ 
ഭക്തർതൻ ഹൃദയങ്ങൾ മിടിക്കുന്ന താളത്തി- 
ന്നുടുക്കിൻനാദങ്ങളുയരുന്നു മലമേലേ.   
കാനനലതകൾ സുഗന്ധപുഷ്പങ്ങളാൽ 
അർച്ചന ചെയ്യുന്നു  മണികണ്ഠനായ് 
പ്രാലേയപുണ്യാഭിഷേകം നടത്തുന്നു 
പുലരിയാം മാളികപ്പുറമേറെ മോദാൽ
കരിമലമുകളിലെ ഹരിഹരസുതനെ
കണ്ടുവണങ്ങാൻ പ്രകൃതീശ്വരിയും.
തൃപ്പടി കയറാനാവാത്ത ലക്ഷങ്ങൾ 
തിരുനാമമുതിർക്കുന്നു  ഭക്തിപൂർവ്വം.
തവതിരുപാദം ഞങ്ങൾക്കഭയം 
തവതിരുനാമം ഞങ്ങൾക്കമൃതം 
അനുഗ്രഹമേകൂ ശബരിഗിരീശ്വരാ 
 അഖിലാണ്ഡേശ്വരനയ്യപ്പാ.........

Friday, November 16, 2018

സ്വരരാഗസുധ

സ്വരരാഗസുധ - ശ്രീ ശ്രീകുമാർ സുകുമാരൻ
.
ലളിതസുന്ദരകോമളപദാവലികളാൽ വിരചിക്കപ്പെട്ടിരിക്കുന്ന,  ഒഴുക്കും ഓമനത്വവുമുള്ള, നൂറു കവിതകളുടെ സമാഹാരമാണ് ശ്രീകുമാർ സറിന്റെ  'സ്വരരാഗസുധ'.  അദ്ദേഹത്തിന്റെ ജീവിതസഖി ശ്രീമതി ശോഭയ്ക്കായ് സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ കവിതാസമാഹാരത്തിലെ കവിതകളെല്ലാംതന്നെ  ആലാപനസൗകുമാര്യമുള്ള, താളനിബദ്ധമായ രചനകളാണ്. ഭാഷാപാണ്ഡിത്യവും കവനപാടവവും ജന്മസിദ്ധമായ പ്രതിഭയും ഒത്തുചേർന്നപ്പോൾ മലയാളഭാഷയ്ക്ക് മുതൽക്കൂട്ടാകുന്ന ഒരു ഗ്രന്ഥമായി ഈ കവിതാസമാഹാരം. പ്രഭാതഗീതങ്ങളോ ഈശ്വരസ്തുതികളോ സ്നേഹമോ പ്രണയമോ, പ്രമേയമെന്തുമാകട്ടെ, കവിതകളിലൊക്കെ അദ്ദേഹത്തിന്റെ സവിശേഷമായ രചനാചാതുരി വ്യക്തമായി പതിഞ്ഞിരിക്കുന്നു. പല കവിതകളും നേരത്തെ വായിച്ചിട്ടുള്ളവയായിരുന്നെങ്കിലും പുനർവായന കൂടുതൽ അനുഭൂതിദായകമായി.

ശ്രീകുമാർസർ പലപ്പോഴും എനിക്കൊരത്ഭുതമാണ്. അറിവിന്റെ അക്ഷയഖനി മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ,  എല്ലാരംഗത്തും ഏറ്റവും   ഉന്നതിയിൽ വിരാജിക്കുമ്പോഴും  അങ്ങേയറ്റം വിനിയാന്വിതനായി മറ്റുള്ളവരോട് പെരുമാറുന്ന രീതി ഏവർക്കും  അനുകരിക്കത്തക്കതാണ്.  എന്നെപ്പോലുള്ള അപ്രധാനവ്യക്തികളെപ്പോലും  അംഗീകരിക്കാനുള്ള അദ്ദേഹത്തിന്റെ ഹൃദയവിശാലത ആദരിക്കപ്പെടേണ്ടതുതന്നെ.

കവിതാസമാഹാരവും അതിമനോഹരമായി ആലപിക്കപ്പെട്ട  കവിതകളടങ്ങുന്ന സി ഡി യും ( മാനസസരസ്സ് - പത്തു ഭക്തിഗീതങ്ങൾ)  അദ്ദേഹത്തിന്റെ കയ്യിൽനിന്നു നേരിട്ട് ഏറ്റുവാങ്ങാനായത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. അതിനോടൊപ്പം അദ്ദേഹം എനിക്കായി നൽകിയ  ഭഗവത്പ്രസാദത്തിന്റെ അതിമധുരവും ഏറെ സ്നേഹത്തോടെയേ ഓർമ്മിക്കാനാവുന്നുള്ളു. അതിനൊന്നും വാക്കുകൾകൊണ്ട് നന്ദി പ്രകാശിപ്പിക്കാനാവില്ല. അളവറ്റ സ്നേഹം ഹൃദയത്തിൽ സൂക്ഷിക്കുന്നു. ഇനിയും അനവധി രചനകൾകൊണ്ട് ഭാഷയെ സമ്പന്നമാക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു, അതിനായി പ്രാർത്ഥിക്കുന്നു. 

Thursday, November 15, 2018

ശകുനി

ശകുനി
=======
ഒരാളും നല്ലതുപറയാത്തൊരു കഥാപാത്രമാണ് മഹാഭാരതത്തിലെ ശകുനി. കൗരവരുടെ മാതുലൻ . അനന്തിരവന്മാർക്കുവേണ്ടി എന്തു കുടിലതയും പ്രവർത്തിക്കാൻ സാദാ ജാഗരൂകനായി നടക്കുന്നൊരു പരമദുഷ്ടൻ! നോക്കിലോ വാക്കിലോ പ്രവൃത്തിയിലോ നേരും നെറിയുമില്ലാത്ത നീചൻ!  പറഞ്ഞാൽ തീരില്ല ആ കുത്സിതബുദ്ധിയുടെ ദുഷ്പ്രവൃത്തികൾ.    പക്ഷേ ആരായിരുന്നു യഥാർത്ഥത്തിൽ ഈ ശകുനി?

കൗരവരെപ്പോലെതന്നെ, ഗാന്ധാരമെന്ന രാജ്യത്തെ മഹാരാജാവായിരുന്ന സുബലനും നൂറുപുത്രന്മാരും ഒരു പുത്രിയുമായിരുന്നു. (ഇന്ന് ഗാന്ധാരം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ  ആണെന്നു പറയപ്പെടുന്നു.) ഗാന്ധാരിയായിരുന്നു ആ ഏകപുത്രി. പുത്രന്മാരിൽ ഏറ്റവും ഇളയവനായിരുന്നു ശകുനി. അതിബുദ്ധിശാലിയായിരുന്ന ശകുനി കറകളഞ്ഞ ശിവഭക്തനുമായിരുന്നു.  ജന്മനാ ദുർബ്ബലനായിരുന്ന  ശകുനിയോടായിരുന്നു മഹാരാജന്  ഏറ്റവും സ്നേഹവാത്സല്യങ്ങൾ.  പക്ഷേ ഈ ആഹ്ലാദനാളുകൾ ശകുനിയുടെ ജീവിതത്തിൽ അധികകാലമുണ്ടായില്ല.

ഗാന്ധാരി ചൊവ്വാദോഷമുള്ള പെൺകിടാവായിരുന്നത്രേ!. അത് വിവാഹത്തിനു  പല തടസ്സങ്ങളുമുണ്ടാക്കുമെന്നാണല്ലോ. ആ ദോഷമില്ലാത്ത പുരുഷനെ വിവാഹം ചെയ്താൽ വൈധവ്യവും നിശ്ചയം.  ഇങ്ങനെയൊരു  ദുരന്തമൊഴിവാക്കാൻ 'കുംഭവിവാഹം' എന്ന  ഒരാദ്യവിവാഹം വാഴയോ, ആൽമരമോ  ഏതെങ്കിലും ഒരു ബലിമൃഗവുമായോ നടത്തുന്ന പതിവ് അക്കാലത്തുണ്ടായിരുന്നു. ഗാന്ധാരിയുടെ ആദ്യവിവാഹം ഒരു ആടുമായി നടത്തുകയാണുണ്ടായത്. പിന്നീടതിനെ ബലികഴിച്ച. അങ്ങനെ ഗാന്ധാരി ആടിന്റെ വിധവയായി. അതിനുശേഷമാണ് ധൃതരാഷ്ട്രരുമായി വിവാഹം നടന്നത്. പക്ഷേ അദ്ദേഹത്തിന് അന്നതറിയുമായിരുന്നില്ല. പിന്നീട് തന്റെ ധർമ്മപത്നി ഒരാടിന്റെ  വിധവയാണെന്നറിഞ്ഞപ്പോൾ, സ്വതവേ അന്ധനായിരുന്ന  അദ്ദേഹം കോപംകൊണ്ടുകൂടി അന്ധനായിഭവിച്ചു. ഇക്കഥ മറച്ചുപിടിച്ച  തന്റെ ശ്വശുരനെയും നൂറു സ്യാലന്മാരെയും തുറുങ്കിലടച്ചു. മാത്രവുമല്ല, ഒരാൾക്കുള്ള ഭക്ഷണം മാത്രമേ അവർക്കെല്ലാവർക്കുംകൂടി നല്കാൻ പാടുള്ളു എന്നും ആജ്ഞ പുറപ്പെടുവിച്ചു. ( ചിലരുടെ മതം ഇത് ചെയ്തത് ഭീഷ്മരാണെന്നാണ്. ദുര്യോധനാണെന്നു മറ്റു ചിലരും.)

ഒരാളുടെ ഭക്ഷണം കൊണ്ട്  നൂറ്റൊന്നുപേർ എങ്ങനെ ജീവൻ നിലനിർത്തും! അതുകൊണ്ട് അവർ ഒരു തീരുമാനത്തിലെത്തി. ഒരാൾ മാത്രം ഭക്ഷണം കഴിക്കുക. മറ്റുള്ളവർ പട്ടിണി കിടന്നു മരിക്കുക. ജീവൻ നിലനിർത്തുന്നയാൾ ധൃതരാഷ്ട്രരോട് ഈ കൊടുംക്രൂരതയ്ക്കു പകപോക്കണം. അതിനായി അവർ നിശ്ചയിച്ചത്  ഏറ്റവും ഇളയവനും അതിബുദ്ധിമാനും ദുർബ്ബലനും എന്നാൽ  ഏവരുടെയും സ്നേഹഭാജനവുമായ ശകുനിയെയായിരുന്നു. ശകുനിയെ അതിനായി നിശ്ചയിച്ചതും ഒരു ബുദ്ധിപരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.അസ്ഥികൊണ്ടുണ്ടാക്കിയ ഒരു സൂചിയുടെ കുഴയിലൂടെ നൂൽ കടത്താനായി സുബലൻ  മക്കളൊടാവശ്യപ്പെട്ടു. ശകുനിക്കൊഴികെ മറ്റാർക്കും അതിനു കഴിഞ്ഞില്ല. ശകുനി ഒരു അരിമണി  നൂലിൽകെട്ടി അതൊരു ഉറുമ്പിന് തിന്നാൻ കൊടുത്ത്, ഉറുമ്പിനെക്കൊണ്ട് സൂചിക്കുഴയിലൂടെ കടത്തി നൂൽ കോർക്കുകയുണ്ടായി.   അങ്ങനെ എല്ലാവരുടെയും ഭക്ഷണം  ശകുനി മാത്രം ആഹരിച്ചുപോന്നു. മറ്റുള്ളവർ  പട്ടിണികിടന്നു . പകപോക്കാനുള്ള  തങ്ങളുടെ ലക്ഷ്യത്തെ എന്നെന്നും ഓർമ്മപ്പെടുത്താനായി പിതാവ് ഒരിക്കൽ  ശകുനിയുടെ കാൽ പിടിച്ചുതിരിക്കുകയുണ്ടായി. അങ്ങനെ എന്നേക്കുമായി  മുടന്തും ശകുനിക്കുണ്ടായി.

മക്കൾ ഓരോരുത്തരായി പട്ടിണിയിൽ മരണപ്പെട്ടുകൊണ്ടിരുന്നത് ഹൃദയം തകരുന്ന വേദനയോടെ   നോക്കിനിൽക്കാനേ നിസ്സഹായനായ  ആ പിതാവിന് കഴിഞ്ഞുള്ളു. ഒടുവിൽ തന്റെ അന്ത്യവും ആസന്നമായി  എന്നുറപ്പായപ്പോൾ അദ്ദേഹം ധൃതരാഷ്ട്രരോട് തന്റെ അന്ത്യാഭിലാഷമെന്നനിലയിൽ ശകുനിയെ സംരക്ഷിക്കാനായി അപേക്ഷിച്ചു. പകരമായി ധൃതരാഷ്ട്രരുടെ നൂറു പുത്രന്മാരെ ശകുനി പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നു വാക്കും നൽകി. ഗാന്ധാരിയുടെ പ്രേരണയുമുണ്ടായി. ദയതോന്നിയ ധൃതരാഷ്ട്രർ ശകുനിയെ കാരാഗൃഹത്തിൽ നിന്ന് മോചിതനാക്കി. പക്ഷേ ശകുനിയുടെ മനസ്സിൽ എല്ലായ്‌പോഴും ജ്വലിച്ചുനിന്നിരുന്നത് കുരുവംശത്തിന്റെ നാശം കാണാനുള്ള പ്രതികാരാഗ്നി മാത്രമായിരുന്നു. പിതാവിന്റെ തുടയെല്ലുകൾ കൊണ്ടാണ് ശകുനി പകിടകൾ ഉണ്ടാക്കിയതത്രേ! പിതാവിന്റെയും സഹോദരങ്ങളുടെയും അനുഗ്രഹാശിസ്സുകളും തന്റെ ഒടുങ്ങാത്തപകയുംകൊണ്ട്, തന്റെ മനസ്സിനൊപ്പം തിരിയാൻ പാകപ്പെടുത്തിയെടുത്ത  ആ പകിടകളാണ് പാണ്ഡവരെ പരാജിതരാക്കാൻ ശകുനി ഉപയോഗിച്ചതും.

തന്റെ സഹോദരീപുത്രന്മാരോട് സ്നേഹം ഭാവിച്ചു കൂടെക്കൂടി അവരുടെ സന്തതസഹചാരിയായി   ശകുനി ഹസ്തിനപുരത്തിൽ ജീവിതം നയിച്ചു. സ്വപുത്രനായ ഉലൂകനേക്കാൾ പരിഗണനകൊടുത്തു കൂടെനിർത്തിയത് ദുര്യോധനനെയായിരുന്നു.
യഥാർത്ഥത്തിൽ പാണ്ഡവർ ശകുനിയുടെ വിരോധികളായിരുന്നില്ല. കൗരവരെ    ഇല്ലാതാക്കാൻ പാണ്ഡവർക്കല്ലാതെ  മറ്റാർക്കും കഴിയില്ലെന്നറിയുമായിരുന്ന ശകുനി അവരെ അതിനുള്ള കരുക്കളാക്കുകയായിരുന്നു. പാണ്ഡവരും കൌരവരും തമ്മില്‍  സ്പര്‍ദ്ധ വളര്‍ത്തുക ,അവരെ തമ്മില്‍ തല്ലിക്കുക, അങ്ങനെ തന്റെ ലക്‌ഷ്യം കാണുക- ഇതായിരുന്നു ശകുനിയുടെ ഹസ്തിനപുരവാസത്തിന്റെ ഉദ്ദേശ്യം. സ്വന്തം രാജ്യവും പോലും ഉപേക്ഷിച്ചു ഹസ്തിനപുരത്തിൽ തങ്ങിയതും അതിനുതന്നെ   പക്ഷേ , കർണ്ണനോട് ശകുനിക്കു അല്പമല്ലാത്ത ശത്രുതയുണ്ടായിരുന്നു. അതിനുകാരണം കർണ്ണൻ ദുര്യോധനനെ പാണ്ഡവരിൽനിന്നു  രക്ഷിക്കുമോ എന്ന ഭയം മാത്രമായിരുന്നു. കൗരവരോടുള്ള സ്നേഹംകൊണ്ടു ചെയ്തതെന്നു പൊതുവിൽ വിശ്വസിക്കപ്പെടുന്ന പലകാര്യങ്ങളും ഫലത്തിൽ അവർക്കെതിരാകുന്നതിനു വേണ്ടിയായിരുന്നു എന്നതാണു  സത്യം. ഭീമനു വിഷം നൽകി ജലത്തിലാഴ്ത്താൻ  ദുര്യോധനനെ ഉപദേശിച്ചത് ഭീമൻ നാഗലോകത്തെത്തുമെന്നും  നാഗരസം ലഭിക്കുമെന്നും അതീവ ശക്തനായി അവൻ തിരികെ വരുമെന്നും ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ് . അതുവഴി ഭീമന്റെ വൈരാഗ്യം അധികരിക്കുകയും ചെയ്യുമല്ലോ. ധർമ്മപുത്രരെ ചൂതു കളിക്കാൻ ക്ഷണിച്ചതും തന്റെ പിതാവിന്റെയും സഹോദരങ്ങളുടെയും  പ്രതികാരാഗ്നിയിൽ സ്ഫുടംചെയ്തെടുത്ത  പകിട കൊണ്ട് ദയനീയമായി തോൽപ്പിച്ചതും താൻ   കൗരവപക്ഷത്താണെന്ന് അവരെ  തെറ്റിദ്ധരിപ്പിക്കാനും പാണ്ഡവരുടെ പ്രതികാരം വളർത്താനും വേണ്ടി മാത്രമായിരുന്നു. അരക്കില്ലം ചമച്ചു പാണ്ഡവരെ വധിക്കാനുള്ള പദ്ധതി പൊളിച്ച രഹസ്യസന്ദേശത്തിന്നു പിന്നിലും  ശകുനി ആയിരുന്നു എന്നനുമാനിക്കാം .പാണ്ഡവര്‍ക്ക് പകരം അരക്കില്ലത്തില്‍ ഒടുങ്ങിയ അമ്മയും അഞ്ചുമക്കളും യാദൃശ്ചികമായി   അവിടെ എത്തിയാതായിരുന്നില്ല. പാഞ്ചാലിയെ രാജസദസ്സിൽ വലിച്ചിഴച്ച് നിഷ്ഠൂരമായി ആക്ഷേപിച്ചത് പാണ്ഡവരെക്കൊണ്ട് കുരുവംശത്തിന്റെ പതനം ഉറപ്പാക്കിക്കാൻ തന്നെയാണ്.  വനവാസക്കാലത്തു ദ്രൌപദി ഭക്ഷിച്ചുതീർന്ന സമയം നോക്കി  ക്ഷിപ്രകോപിയായ ദുർവ്വാസാവ്മഹർഷിയെയും പരിവാരങ്ങളെയും അയച്ചതും ശകുനിയുടെ ബുദ്ധിയായിരുന്നു. മഹാരഥന്മാരായ   ഭീഷ്മരും ദ്രോണരും കൃപരും വിദുരരും അടങ്ങുന്ന സദസ്സിൽ വച്ച്, ദൂതുമായി വന്ന കൃഷ്ണന്റെ വാക്കുകൾക്ക് പുല്ലു വില കൊടുക്കാത്ത ദുര്യോധനധാർഷ്ട്യത്തിനു പിന്നിലും  ശകുനിയുടെ  പ്രതികാരദാഹമായിരുന്നു. കൃഷ്ണന്റെ അനുഗ്രഹാശ്ശിസ്സുകൾ പാണ്ഡവരോടൊപ്പം എക്കാലവും ഉണ്ടായിരുന്നതുകൊണ്ട് അവർ ഈ അപകടങ്ങളെയൊക്കെ അതിജീവിക്കുകതന്നെ ചെയ്തു. അതും ശകുനിക്കു ബോധ്യമുണ്ടായിരുന്നു. ഇക്കാര്യങ്ങളൊക്കെ മൂന്നുപേർക്ക് അറിവുള്ളതുമായിരുന്നു. ഒന്നാമൻ മറ്റാരുമല്ല ശ്രീകൃഷ്ണഭഗവാൻ തന്നെ. മറ്റൊരാൾ ഭീഷ്മാചാര്യർ. മൂന്നാമൻ സർവ്വജ്ഞാനിയായായിരുന്ന സഹദേവൻ.
എന്തായാലും ശകുനിയുടെ ഉദ്ദേശലക്ഷ്യങ്ങളെല്ലാം സഫലീകരിക്കപ്പെട്ടു. സത്യസന്ധമല്ലാത്ത പകിടകളിയിലൂടെ ഒരു വലിയ യുദ്ധത്തെത്തന്നെ ക്ഷണിച്ചുവരുത്താൻ ശകുനിക്കു കഴിഞ്ഞു. കുരുവംശത്തിന്റെ നെടുതൂണുകളോരോന്നും കടയററുപതിക്കുന്നത് ആത്മഹര്ഷത്തോടെ ശകുനിക്കു നോക്കിക്കാണാനായി.

വെറുമൊരു പകിടകൊണ്ടു ഭരതവര്‍ഷത്തിലെ ഏറ്റവും ശക്തമായ ഒരു വംശത്തെ നാമാവശേഷമാക്കാൻ കഴിഞ്ഞ ശകുനി മാത്രമാണ് മഹാഭാരതയുദ്ധത്തിലെ ഏകവിജയിയെന്നു വേണമെങ്കിൽ പറയാം.  ഒടുവിൽ, താനേറെയാഗ്രഹിച്ച ദുര്യോധനവധം കണ്ടു തൃപ്തിയടയാൻ  സാധിക്കാതെ, സഹദേവനാൽ  ശകുനിയുടെ അന്ത്യവും കുറിക്കപ്പെട്ടു. കണ്‍മുന്നില്‍ വിശന്നു  മരിച്ചു വീണ അച്ഛനോടും സഹോദരന്മാരോടുമുള്ള   വാക്കുപാലിച്ചവന്റെ  സംതൃപ്തിനിറഞ്ഞ മൃത്യു .

( വ്യാസഭാരതത്തിൽ ശകുനിയുടെ ചരിത്രം  എന്താണെന്നു എനിക്കു   വ്യക്തമായറിയില്ല. ഇത് ശകുനിയെക്കുറിച്ചു പലരുമെഴുതിയ കഥകൾ വായിച്ച ഓർമ്മയിൽനിന്നു കുറിച്ചതാണ്.)









Friday, October 26, 2018

അഗസ്ത്യനും ലോപമുദ്രയും

അഗസ്ത്യനും ലോപമുദ്രയും 
========================
അഗസ്ത്യമുനി സപ്തർഷികളിൽ  സർവ്വാത്മനാ ശ്രേഷ്ഠനായിരുന്നു. ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും അദ്ദേഹത്തെക്കുറിച്ചു പരമർശവുമുണ്ട്. ലളിതാ സഹസ്രനാമം ,ആദിത്യഹൃദയം, സരസ്വതീ സ്തോത്രം തുടങ്ങിയ സംസ്കൃത മന്ത്രങ്ങൾ ചിട്ടപെടുത്തിയ അഗസ്ത്യർ 11 സംസ്കൃത ശിക്ഷാവിധികളിൽ ഒന്നായ "ഐന്ദ്രേയ" ശിക്ഷാവിധിയുടെ വാഹകനായിരുന്നു. ആദിസിദ്ധൻ എന്നറിയപ്പെടുന്ന അഗസ്ത്യരിലൂടെ തെക്കേ ഇന്ത്യയിൽ സിദ്ധവൈദ്യം, മർമ്മവിദ്യയിലൂന്നിയ കളരിപയറ്റ്  എന്നിവ ഉടലെടുത്തു. തമിഴ്‌ ഭാഷയുടെ പിതാവായും കരുതപ്പെടുന്നത് അഗസ്ത്യമുനിയെത്തന്നെയാണ്. രാമായണത്തിൽ രാവണനിഗ്രഹത്തിനായി  ശ്രീരാമന് ആദിത്യഹൃദയമന്ത്രമോതിയതും   ബ്രഹ്മാസ്ത്രം നൽകിയതും  അഗസ്ത്യമുനിയായിരുന്നു.  മഹാഭാരതകഥയിൽ സർവനാശിനിയായ ബ്രഹ്മാസ്ത്രം ദ്രോണർക്ക്‌ ലഭിക്കുന്നതും  അഗസ്ത്യരിൽനിന്നാണ്‌. അഗസ്ത്യസംഹിത എന്ന, അദ്ദേഹതിതിന്റെ 6000 കൊല്ലം പഴക്കമുള്ള ഗ്രന്ഥത്തിൽ മിത്രവരുണ എന്നപേരിൽ വൈദ്യുതി ഉണ്ടാക്കുന്നതിനെകുറിച്ച്‌ വിവരിക്കുന്നുണ്ടത്രേ. 

ബ്രഹ്മപുരാണം അനുസരിച്ച് അഗസ്ത്യന്‍ പുലസ്ത്യ മഹര്‍ഷിയുടെ പുത്രനാണ്. അഗസ്ത്യമുനിയുടെ ജന്മത്തെക്കുറിച്ചു മറ്റു രണ്ടുകഥകൾ പറയപ്പെടുന്നു. ഒരുകഥയിൽ മഹാദേവൻതന്നെയാണ് ദ്രാവിഡാലോകത്ത് വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി അഗസ്ത്യനെ തന്റെ കമണ്ഡലുവിൽ നിന്ന്  സൃഷ്ടിച്ചതെന്നു പറയപ്പെടുന്നു. അഗസ്ത്യനെന്ന പേരുമായി  ഒരാശ്രമത്തിൽ വളർന്ന അതിസമർത്ഥനായ  ഈ ബാലനോട് മറ്റാശ്രമവാസികൾക്ക് കടുത്ത അസൂയയുണ്ടായി. അഗസ്ത്യൻ ഇല്ലാതാക്കാൻ അവർ നാരദമുനിയുടെ സഹായം തേടി. 'തായ്തന്തയില്ലാത്തവൻ' എന്ന് വിളിച്ചു പരിഹസിക്കാൻ അദ്ദേഹമവരോട് നിർദ്ദേശിച്ചു. ഈ പരിഹാസത്തിൽ മനംനൊന്ത് ആശ്രമമുപേക്ഷിച്ചു ബാലൻ ജലപനംപോലുമുപേക്ഷിച്ചു മാതാപിതാക്കളെ കണ്ടെത്താൻ  യാത്രയായി. ക്ഷീണിതനായി ഒരു മരച്ചുവട്ടിൽ ഇരിക്കവേ ശിവപർവ്വതിമാർ അവിടെയെത്തി തങ്ങളാണ് ജന്മം നല്കിയതെന്നുണർത്തിച്ചു. രഹസ്യമായി പിന്തുടർന്നെത്തിയ ആശ്രമവാസികൾക്കും സത്യം മനസ്സിലായി.         മറ്റൊരു കഥ കൂടുതൽ സങ്കീർണ്ണമായതാണ്.

സൂര്യവംശസ്ഥാപകനായ ഇക്ഷ്വാകുവിന്റെ മക്കളായിരുന്നു  ദണ്ഡന്‍, വികുക്ഷി, നിമി എന്നിവര്‍. ഇതില്‍ നിമിചക്രവര്‍ത്തി സുന്ദരനും സൗഭാഗ്യവാനും ഗുണവാനും ദാനംചെയ്യുന്നവനും ധര്‍മ്മിഷ്ഠനുമായിരുന്നു. അദ്ദേഹം ധാരാളം യാഗം ചെയ്ത് പുണ്യം നേടി. ഗൗതമ മഹര്‍ഷിയുടെ ആശ്രമത്തിനടുത്ത് ജയന്തപുരം എന്ന അഗ്രഹാരം നിര്‍മ്മിച്ചത് നിമിയാണ്. ഒരിക്കല്‍ നിമി വളരെ വിശിഷ്ടവും ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നതുമായ ഒരു യാഗം ചെയ്യുവാന്‍ നിശ്ചയിച്ചു. പിതാവായ ഇക്ഷ്വാകുവിന്റെ അനുമതി വാങ്ങി. ഭൃഗു, അംഗിരസ്സ്, വാമദേവന, ഗൗതമന്‍, പുലസ്ത്യന്‍, ഋചീകന്‍ തുടങ്ങിയ ഋഷിമാരെയൊക്കെ ക്ഷണിച്ചുവരുത്തുകയും യാഗത്തിനുള്ള കോപ്പുകള്‍ സംഭരിക്കുകയും ചെയ്തു. സൂര്യവംശത്തിന്റെ മുഖ്യപുരോഹിതനായ വസിഷ്ഠനെ ഈ യാഗപുരോഹിതനാക്കണമെന്നു നിശ്ചയിച്ച് അദ്ദേഹത്തെയും ക്ഷണിച്ചു. എന്നാലീ സമയത്ത് ഇന്ദ്രന്‍ ഒരുയാഗം ചെയ്യാന്‍ തീരുമാനിച്ച് വസിഷ്ഠനെ ക്ഷണിച്ചു. നിമിയുടെ യാഗം അഞ്ഞുറുവര്‍ഷം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ട് വസിഷ്ഠന്‍ ഇന്ദ്രയാഗത്തിനുപോയി. നിമിയാകട്ടെ ഗൗതമനെ മുഖ്യപുരോഹിതനാക്കി യാഗം പൂര്‍ത്തിയാക്കി. ഇന്ദ്രന്റെ യാഗം കഴിഞ്ഞ് വസിഷ്ഠന്‍ മടങ്ങിയെത്തിയപ്പോള്‍ യാഗം പരിസമാപിച്ചതായിക്കണ്ട് കോപിച്ച് നിമിയെ ഉടന്‍ കാണണമെന്നാവശ്യപ്പെട്ടു. നിമി ക്ഷീണം കൊണ്ട് നല്ല ഉറക്കമായിരുന്നു. കുപിതനായ വസിഷ്ഠന്‍ നിമിയെ ദേഹമില്ലാത്തവനായിപ്പോകട്ടെയെന്നു ശപിച്ചു. ഉടന്‍തന്നെ നിമിയുടെ ശരീരത്തില്‍നിന്ന്  ആത്മാവു വേര്‍പ്പെട്ടു. കാരണം കൂടാതെതന്നെ ശപിച്ച വസിഷ്ഠനും ദേഹമില്ലാത്തവനാകട്ടെയെന്ന് നിമി തിരിച്ചും ശപിച്ചു. രണ്ടുപേരും വിദേഹന്മാരായിത്തീര്‍ന്നു. ദേവന്മാര്‍ നിമിക്കു ശരീരം നല്‍കാമെന്നു പറഞ്ഞെങ്കിലും ശരീരമില്ലാത്തതാണു സുഖമെന്നു പറഞ്ഞ് നിമി അതു നിഷേധിച്ചു. പ്രാണികളുടെ കണ്‍പോളകളില്‍ വസിച്ചുകൊള്ളാന്‍ അനുമതി കിട്ടി. അതാണു നിമിഷം. ശരീരം നഷ്ടപ്പെട്ട വസിഷ്ഠന്‍ പിന്നീട് ബ്രഹ്മാവിന്റെ അനുഗ്രഹത്താൽ ,  ഏകശരീരികളായി കഴിഞ്ഞിരുന്ന മിത്രാവരുണന്മാരുടെ ശരീരത്തില്‍  പ്രവേശിച്ചു. മിത്രാവരുണന്മാര്‍ ഉര്‍വ്വശിയെകണ്ടപ്പോള്‍ അവളില്‍ ആകൃഷ്ടരാകുകയും അവളില്‍ അവര്‍ക്ക് രണ്ടു പുത്രന്മാര്‍ ജനിക്കുകയും  ചെയ്തു. ഒരാള്‍ അഗസ്ത്യനും മറ്റൊരാള്‍ വസിഷ്ഠനും.

കാലം കടന്നുപോയി. വേദശാസ്ത്രാദികളിലും ആയോധനകലകളിലും  നൈപുണ്യം നേടിയ അഗസ്ത്യൻ കഠിനതപസ്സുമായി നിത്യബ്രഹ്മചാരിയായി  കാലം കഴിച്ചു. ഒരിക്കല്‍ വനത്തില്‍ ചുറ്റി സഞ്ചരിക്കെ, ഒരു മലഞ്ചെരുവിൽ  തന്റെ പിതൃക്കള്‍തലകീഴായി തൂങ്ങിക്കിടക്കുന്നത്   കണ്ട മുനി തന്റെ പിതൃക്കൾക്ക്  മോക്ഷം ലഭിക്കാതിരുന്നതിന്റെ കാരണം തിരക്കി.  "മരണാന്തരപുണ്യകര്‍മാനുഷ്ഠാനങ്ങള്‍ക്കായി,   നിനക്ക് സന്താനങ്ങളുണ്ടായാലേ ഞങ്ങൾക്കു മോക്ഷം ലഭിക്കൂ" എന്നായിരുന്നു അവരുടെ മറുപടി. അങ്ങനെ അദ്ദേഹം ബ്രഹ്മചര്യം ഉപേക്ഷിക്കാൻ തയ്യാറായി. പക്ഷേ, കറുത്തു കുറിയവനായ, മുട്ടോളം താടിയുള്ള, ക്ഷിപ്രകോപിയായ മുനിക്ക്  വധുവിനെ ലഭിക്കുക അത്ര എളുപ്പമായിരുന്നില്ല. ഒടുവിൽ പരാജിതനായ മുനി തപഃശക്തിയാൽ  ഒരു പെൺകൊടിയെ  സ്വയം സൃഷ്ടിച്ചു. ഈ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളുടെയും ഏറ്റവും നല്ല അംശങ്ങൾ(സത്ത) ചേർത്ത് അതിസുന്ദരിയും ബുദ്ധിമതിയുമായ ലോപമുദ്ര എന്ന തരുണിയെയാണ് അദ്ദേഹം തനിക്കു വധുവായി സൃഷ്ടിച്ചത്. ജീവജാലങ്ങളിലെ നന്മകൾ ലോപിച്ചു മുദ്രണംചെയ്തു സൃഷ്ടിക്കപ്പെടുകയാലാണ്  ലോപമുദ്രയെന്ന പേരു  വന്നത്. ശൈശവബാല്യകൗമാരങ്ങൾ പിന്നിടുന്നതിനായി അദ്ദേഹം ആ പെൺകുഞ്ഞിനെ അനപത്യദുഃഖം അനുഭവിച്ചുകഴിഞ്ഞിരുന്ന വിദർഭരാജാവിനു  നൽകി. അവിടെ അവൾ എല്ലാ സൗഭാഗ്യങ്ങളോടെയും വളർന്നുവന്നു. പ്രായപൂർത്തിയെത്തിയപ്പോൾ മുനി അവളെ വിവാഹം കഴിക്കുന്നതിനായി കൊട്ടാരത്തിലെത്തി. പക്ഷേ മധ്യവയസ്കനും ജടാധാരിയുമായ മുനിയോടൊപ്പം പുത്രിയെ അടവിയിലേക്കയയ്ക്കാൻ രാജാവിന് വിമുഖതയുണ്ടായിരുന്നു. എന്നാൽ ലോപമുദ്ര പൂർണ്ണമനസ്സോടെ  എല്ലാ സൗഭാഗ്യങ്ങളുമുപേക്ഷിച്ചു മരവുരിയണിഞ്ഞു    മുനിയോടൊപ്പം പോകാൻ  തയ്യാറായി. മുനിയുടെ ആശ്രമത്തിൽ  തീവ്രമായ പതിഭക്തിയോടെ ഭർതൃപരിചരണങ്ങളിൽ അവൾ സദാ  മുഴുകിക്കഴിഞ്ഞു. പക്ഷേ ഭർതൃധർമ്മം നിറവേറ്റുന്നതിൽ ഒരു താല്പര്യവും കാണിക്കാതെ മുനി തപസ്സിൽ മുഴുകി. പതിയുടെ പരിഗണനയൊന്നും ലഭിക്കാതെ, ഘോരവനത്തിലെ  ഏകാന്തവാസം ആ തരുണിയെ ഏറെ ദുഃഖിതയാക്കി. സ്വധർമ്മം അനുഷ്ഠിക്കുന്നതിനു  ഭർത്താവിനെ പ്രേരിപ്പിക്കുന്നതിനായി ജ്ഞാനിയായ  ലോപമുദ്ര സൂക്തങ്ങൾ രചിക്കുകയും പിന്നീട്  അവയും ഋഗ്വേദത്തിൽ ഉൾപെടുത്തിയിരിക്കുന്നതായും  പറയപ്പെടുന്നു. 

ഒരിക്കൽ നഗ്നയായി തടാകത്തിൽ സ്നാനം ചെയ്തുകൊണ്ടിരിക്കെ ലോപമുദ്രയെക്കാണാനിടയായ അഗസ്ത്യമുനിക്ക് അവളിൽ ഭ്രമം ജനിക്കുകയും അവളെ പ്രാപിക്കാനെത്തുകയും ചെയ്തു. പക്ഷേ തന്നെ വിശേഷവസ്ത്രങ്ങളും  ദിവ്യാഭരണങ്ങളും അണിയിച്ച്, സ്വയം ശ്രേഷ്ഠഭൂഷകളണിഞ്ഞു വേണം മൈഥുനത്തിനെത്തേണ്ടതെന്നവളറിയിച്ചു. അതൊക്കെ സാധിക്കുന്നതിനായി മുനിക്ക്  ധാരാളം സമ്പത്തു കണ്ടെത്തേണ്ടിയിരുന്നു. കന്യകയേ  അവളാഗ്രഹിക്കുന്നതു നൽകി പ്രീതിപ്പെടുത്തിയിട്ടേ  പ്രാപിക്കാവൂ എന്നാണല്ലോ . വിത്തു  നന്നായാലും അത് മുളച്ചുവളരുന്ന ഭൂമിയും പ്രസരിപ്പുള്ളതാകണം  എന്നറിയുന്ന മുനി ഭാര്യയുടെ ആഗ്രഹം സാധിക്കുന്നതിനായി  ധനസമ്പാദനത്തിനു  പുറപ്പെട്ടു. പലരാജാക്കന്മാരെയും സമീപിച്ചെങ്കിലും അവരുടെയൊക്കെ വരവുചെലവുകണക്കുകൾ തുല്യമായതിനാൽ അദ്ദേഹത്തിന്  സാമ്പത്തികസഹായം ലഭിച്ചില്ല. ശ്രുതപർവ്വൻ, ബ്രദ്ധനശ്വന്‍ ,ത്രധസ്സ്യു എന്നീ  രാജാക്കന്മാരുടെ നിർദ്ദേശപ്രകാരം അതിസമ്പന്നനായ അസുരരാജാവ്  ഇല്വലനെ ചെന്നുകാണാൻ  തീരുമാനിച്ചു. വാതാപി എന്ന സഹോദരനോടൊപ്പമായിരുന്നു   ഇല്വലന്റെ വാസം. ബ്രാഹ്മണശത്രുവായിരുന്നു ഇല്വലനും വാതാപിയും. ഒരിക്കൽ ഇന്ദ്രതുല്യം  ശേഷ്ഠനായ  ഒരു പുത്രനെ ലഭിക്കണമെന്ന് തപസ്വിയായ ഒരുബ്രാഹ്മണനോട് ഇല്വലന്‍ ഒരു വരം ചോദിച്ചിരുന്നു. ബ്രാഹ്മണന്‍ ആ വരം നിരസിച്ചത്രേ. അന്നുമുതല്‍ ഇല്വലനും വാതാപിക്കും ബ്രഹ്മണര്‍ കണ്ണിലെ കരടായി മാറി. വളരെ വിചിത്രമായിരുന്നു അവരുടെ പ്രതികാരം. ഇല്വലന്‍ മായാവിയായ  വാതാപിയെ ഒരു ആടാക്കിമാറ്റി. ബ്രാഹ്മണര്‍ ആരെങ്കിലും ആശ്രമത്തില്‍ അതിഥിയായി  ചെന്നാല്‍ ആടിനെ കൊന്ന്, മാംസം  പാചകംചെയ്തു  കൊടുക്കും. (അക്കാലത്ത് ബ്രാഹ്മണർ മാംസാഹാരികളായിരുന്നത്രേ)  സദ്യ കഴിയുന്നതോടെ 'വാതാപീ,  പുറത്തു വരൂ' എന്ന് വിളിക്കും. വിളി കേട്ടാലുടന്‍ വാതാപി പൂര്‍വ്വരൂപം കൈക്കൊണ്ടു ആടായി ബ്രാഹ്മണന്റെ വയര്‍ പിളര്‍ന്നു പുറത്തു വരും. ഇങ്ങനെ നിരവധി ബ്രാഹ്മണരെ ഇല്വലന്‍ കൊന്നൊടുക്കി. ഈ സമയത്താണ് അഗസ്ത്യനും കൂട്ടരും അവിടെ എത്തിയത്.

ഇല്വലന്‍ യഥാവിധി അവരെ സ്വീകരിച്ച് പഴയതുപോലെ വാതപിക്കു രൂപമാറ്റം വന്ന  ആടിനെ ഭക്ഷണമാക്കിക്കൊടുത്തു. ഒപ്പമുണ്ടായിരുന്ന രാജാക്കന്മാർ ആകെ വിഷണ്ണരായി. മുറപ്രകാരം ബ്രാഹ്മണനാണല്ലോ ആദ്യം ഭക്ഷണം വിളമ്പേണ്ടത്. കഥയൊക്കെ മുമ്പേതന്നെ അറിഞ്ഞിരുന്ന അഗസ്ത്യൻ ഭക്ഷണം മുഴുവൻ കഴിച്ചുതീർത്തു.  കഴിക്കുമ്പോൾത്തന്നെ   'വാതാപി ജീര്‍ണ്ണസ്യ' എന്ന് സാവധാനം പറഞ്ഞു. ഉടനെ വാതാപി അഗസ്ത്യന്റെ ഉദരത്തില്‍ ദഹിച്ചുകഴിഞ്ഞു. എല്ലാവരും  ഭക്ഷിച്ചുകഴിഞ്ഞപ്പോള്‍ ഇല്വലന്‍ വാതാപിയെ ഉറക്കെ വിളിച്ചു. പക്ഷേ ഏമ്പൊക്കമായാണ് വാതാപി പുറത്തുവന്നത്.   ഭയവിഹ്വലനായ ഇല്വലന്‍ അഗസ്ത്യനും ഒപ്പമുള്ളവർക്കും  വേണ്ടത്ര സമ്പത്തുകൊടുത്തു . കൂടുതലായി അഗസ്ത്യന് വിരാവാന്‍ എന്നും, സുരാവാന്‍ എന്നും പേരുള്ള രണ്ട് കുതിരകളെ കെട്ടിയ രഥവും കൊടുത്തു. അഗസ്ത്യന്‍ ആശ്രമത്തിലെത്തി ലോപമുദ്രയ്ക്ക് സർവ്വാഭരണവിഭൂഷാദികൾ നൽകി, അവളുടെ  ഇഷ്ടപ്രകാരം സ്വയം  അണിഞ്ഞൊരുങ്ങി. സന്താനോദ്‌പാദനത്തിനു  സർവ്വാത്മനാ സന്നദ്ധയായ പത്നിയോട്  ആയിരം പുത്രന്മാരോ, പത്തുപുത്രന്മാരുടെ ബലം വീതമുള്ള നൂറു പുത്രന്മാരോ, നൂറുപുത്രന്മാരുടെ ബലം വീതമുള്ള പത്ത് പുത്രന്മാരോ അതോ ആയിരം പുത്രന്മാരേക്കാള്‍ ശ്രേഷ്ഠതയും മഹത്വവുമുള്ള ഒരു പുത്രനെയോ  വേണ്ടതെന്ന് അഗസ്ത്യന്‍ ‍ചോദിച്ചു. അവള്‍  ശ്രേഷ്ഠനായ  ഒരു പുത്രനെയാണ്  ആഗ്രഹിച്ചത്. സുരതത്തിലേർപ്പെട്ട മുനിവര്യൻ ബ്രഹ്മചര്യം നഷ്ടമായതോടെ കഠിനതപസ്സിലൂടെ നേടിയെടുത്ത് ,  ഇത്രനാൾ കാത്തുസൂക്ഷിച്ചുപോന്ന  തന്റെ ശക്തികൾ നഷ്ടമായെന്ന് മനസ്സിലാക്കി.  ലോപമുദ്രയെ വനദേവതകളെ ഏല്പിച്ച് വീണ്ടും ഉഗ്രതപസ്സിനായി വനാന്തർഭാഗത്തേക്കു മുനി യാത്രയായി. ലോപമുദ്ര ഗഏഴുവർഷത്തെ ഗർഭകാലത്തിനുശേഷം   തേജസ്വിയായ ഒരു പുത്രന് ജന്മം നല്കി. അതാണ് ദൃഢസ്യു. ജനിക്കുമ്പോൾത്തന്നെ  വേദങ്ങളിലും ഉപനിഷത്തുകളിലും അഗാധപാണ്ഡിത്യമുണ്ടായിരുന്നുവത്രേ ഈ ശിശുവിന്. പിതാവിന്റെ ഹോമത്തിനുള്ള വിറക് കൊണ്ടുവന്നിരുന്നതുകൊണ്ടു  ദൃഢസ്യുവിനു  ഇധ്മവാഹന്‍ എന്ന പേരുമുണ്ടായി.  

വിന്ധ്യപർവതത്തിന്റെ തെക്കു ഭാഗത്തുള്ള കുഞ്ജര പർവതത്തിലെ ഒരു കുടീരത്തിലാണ് അഗസ്ത്യമുനി പാർത്തിരുന്നത്. ഈ കുടീരം സഹ്യപർവതത്തിലെ അഗസ്ത്യകൂടമാണെന്ന് ഒരു വിശ്വാസമുണ്ട്. വരാഹപുരാണത്തിലെ അഗസ്ത്യഗീത, പഞ്ചരാത്രത്തിലെയും സ്കന്ദപുരാണത്തിലെയും അഗസ്ത്യസംഹിതകൾ തുടങ്ങി പല പുരാണഭാഗങ്ങളുടെയും കർതൃത്വം അഗസ്ത്യമുനിയിൽ നിക്ഷിപ്തമായിട്ടുണ്ട്. അഗസ്ത്യകൂടത്തിനു പുറമേ, അഗസ്ത്യതീർഥം, അഗസ്ത്യഗിരി, അഗസ്ത്യവടം, അഗസ്ത്യസരസ്സ്, അഗസ്ത്യാശ്രമം, അഗസ്തീശ്വരം തുടങ്ങി ഈ മുനിയുടെ പേര് ഉപസർഗമായിട്ടുള്ള പല സ്ഥലനാമങ്ങളും ഇന്ത്യയിൽ പലയിടത്തും കാണപ്പെടുന്നു; ദക്ഷിണേന്ത്യയിലാണ് ഇവയിൽ ഭൂരിഭാഗവും. അഗസ്ത്യരസായനം എന്ന ആയുർവേദ ഔഷധം വിധിച്ചിട്ടുള്ളത് ഈ മഹർഷിയാണെന്ന് വിശ്വസിക്കപ്പെടുന്നു.  (അഗസ്ത്യമുനി നാലു യുഗങ്ങളും 48 ദിവസവും സ്വശരീരത്തിൽ ജീവിച്ചിരുന്നുവെന്നും തിരുവനന്തപുരം ശ്രീപദ്മനാഭക്ഷേത്രത്തിൽ സമാധികൊള്ളുന്നുവെന്നും ഒരു വിശ്വാസം നിലവിലുണ്ട്.) 
ആകാശത്തിന്റെ തെക്കുകിഴക്കുദിക്കിൽ  ഉദിക്കുന്ന കാനോപസ് (Canopus) പൗരസ്ത്യജ്യോതിശ്ശാസ്ത്രത്തിൽ അഗസ്ത്യനക്ഷത്രമായി അറിയപ്പെടുന്നു.






Thursday, October 18, 2018

തള്ള്  തൊഴിലാക്കിയവർ 
=====================
'തള്ള്'  എന്ന വാക്കിന് മുഖപുസ്തകത്തിൽ ഒരുപാടർത്ഥങ്ങളുണ്ടെന്ന് അനുഭവസാക്ഷ്യം. തള്ളിന്റെ  അർത്ഥവ്യാപ്തി മനസ്സിലാക്കുന്നതിനായി ഒരു പോസ്റ്റ് തന്നെ ഒരിക്കലിടേണ്ടിവന്നു. പക്ഷേ ഇപ്പോൾ പറയുന്ന തള്ള്  അതൊന്നുമല്ല. വളരെ 'മൂല്യ'വത്തായ  ഒരു തള്ളിനെക്കുറിച്ചാണ്. ഏതാനും വർഷങ്ങൾ  മുമ്പുവരെ ജപ്പാനിൽ നിലനിന്നിരുന്ന 'തള്ള്'ജോലിക്കാരെക്കുറിച്ച്. 

ജപ്പാനിൽ ട്രെയിനുകൾക്ക്  നമ്മുടെ ട്രെയിനുകളിലേതുപോലെ  പോലെ സദാ  തുറന്നുകിടക്കുന്ന വാതിലുകളല്ല.  ട്രെയിൻ പ്ലാറ്റ്ഫോമിൽ വന്നു  നിൽക്കുമ്പോൾ വാതിൽ തുറക്കുകയും പുറപ്പെടുന്നതിനുമുൻപ് അടയുകയും ചെയ്യും. ടോക്കിയോ നഗരത്തിൽത്തന്നെ ഒരുദിവസം  തൊണ്ണുറുലക്ഷത്തോളം ട്രെയിൻയാത്രികരുണ്ട് . അഞ്ചുമിനിട്ടിടവിട്ടു പ്ലാറ്റ്ഫോമിൽ  ട്രെയിനെത്തിക്കൊണ്ടിരിക്കും.  രാവിലേയും വൈകുന്നേരവും  പീക് അവേഴ്സിൽ അതു രണ്ടോ മൂന്നോ മിനിട്ട് ഇടവിട്ടാകും. എങ്കിലും   ഇത്രയുംപേർക്കു യാത്രയ്ക്കതു പര്യാപ്‍തമല്ല എന്നതാണു യാഥാർത്ഥ്യം .    . ഷിൻജുകു, ഷിബുയ പോലുള്ള, ലോകത്തിലെതന്നെ ഏറ്റവും  തിരക്കേറിയ സ്റ്റേഷനുകളിൽ പലപ്പോഴും നിശ്ചിതസമയത്തിനുള്ളിൽ ആളുകൾ ട്രെയിനിൽ  കയറിക്കഴിഞ്ഞെന്നുവരില്ല. പക്ഷേ വാതിലടയുകയും ചെയ്യും. ഇത് അപകടങ്ങൾക്കിടയാകും . അതൊഴിവാക്കാൻ വളരെ വർഷങ്ങൾക്കുമുമ്പ്  റെയിൽവേ 'പുഷേർസ്'(oshiya ) എന്നൊരുവിഭാഗം ജോലിക്കാരെ നിയമിച്ചിരുന്നു. ഇവർ യാത്രക്കാരെ തള്ളി വാതിലടയുന്നതിനു മുമ്പുതന്നെ  ട്രെയിനകത്തുകയറ്റും. വളരെ വിചിത്രമായി തോന്നുമെങ്കിലും വളരെക്കാലം ജപ്പാനിൽ ഇങ്ങനെയൊരുവിഭാഗം  ജോലിക്കാർ ഉണ്ടായിരുന്നു. വെളുത്ത ഗ്ലൗസിട്ട 'പുഷേർസ്' ലോകത്തിനു മുഴുവൻ കൗതുകമായിരുന്നു.  ഷിൻജുകു സ്റ്റേഷനിൽ ഇതാദ്യമായി നടപ്പാക്കിയപ്പോൾ പാർട്ട് ടൈം ജോലിചെയ്തിരുന്ന വിദ്യാർത്ഥികളായിരുന്നു കൂടുതലെത്തിയിരുന്നത്. Passenger Arrangement Staff എന്നാണ്‌ ഈ ജോലിക്കാർ അറിയപ്പെട്ടിരുന്നത്.1964 ലെ ടോക്കിയോ ഒളിമ്പിക്സ് കാലത്തു ലൈഫ് മാഗസിൻ ഇവരെക്കുറിച്ചൊരു സ്‌പെഷ്യൽ ലക്കം തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി.   പുഷേഴ്സിന്റെ സേവനം കൊണ്ടുമാത്രം യഥാർത്ഥ പ്രാപ്തിയെക്കാൾ 221 % യാത്രക്കാരെ ട്രെയിനുകളിൽ ഉൾക്കൊള്ളിക്കാനായിരുന്നു എന്നാണു കണക്ക്. പക്ഷേ 2000- ത്തോടെ യാത്രക്കാരുടെ തിരക്കു നന്നേ കുറയുകയുണ്ടായി. പുഷേഴ്സിന്റെ ആവശ്യവും  ഇല്ലാതായി. ഇപ്പോഴും പീക് അവേഴ്സിൽ ആവശ്യം വന്നാൽ ഈ ജോലി, അവിടെയപ്പോൾ    സന്നിഹിതരായിരിക്കുന്ന റെയിൽവെജോലിക്കാർ തന്നെ നിർവഹിക്കും. 

ജപ്പാനിലെ   പുഷേഴ്സിനെയാണ് ലോകം കൂടുതലറിയുന്നതെങ്കിലും ഇതാദ്യമായിത്തുടങ്ങിയത് അമേരിക്കയിലാണ്. ന്യൂയോർക്കിൽ ഒരു നൂറ്റാണ്ടുമുമ്പ് ഇങ്ങനെയൊരുവിഭാഗം ജോലിക്കാരുണ്ടായിരുന്നെകിലും അവർ ഒട്ടും തന്നെ ജനത്തിനു   സ്വീകാര്യരായില്ല. ദയാരഹിതമായ ഉന്തൽ തന്നെ  കാരണം. തങ്ങളുടെ മുഴുവൻ ശക്തിയുമെടുത്തു ആളുകളെ തള്ളിക്കയറ്റുമ്പോൾ അതു യാത്രക്കാർക്കെത്രമാത്രം വേദനാജനകമാണെന്നു ചിന്തിക്കാൻ ഇക്കൂട്ടർക്കായില്ല. ഇവരുടെ ജോലിയെ  'മത്തിയടുക്കൽ' എന്നായിരുന്നു ജനം പരിഹാസത്തോടെ വിളിച്ചിരുന്നത്. ഇവരുടെ ക്രൂരത പലപ്പോഴും പത്രങ്ങളുടെ  തലക്കെട്ടാവുകയും ചെയ്തിരുന്നു.




Sunday, October 14, 2018

സമറായിലെ കണ്ടുമുട്ടൽ

സമറായിലെ  കണ്ടുമുട്ടൽ
======================
(  മെസപ്പൊട്ടോമിയൻ നാടോടിക്കഥയ്ക്ക് സോമർസെറ്റ് മോം  എഴുതിയ   പുനരാഖ്യാനം) 

അനവധി സംവത്സരങ്ങൾക്കപ്പുറം, ഈ ലോകംതന്നെ വളരെ വ്യത്യസ്തമായിരുന്നൊരു കാലത്ത്, ബാഗ്‌ദാദിൽ സമ്പന്നനായൊരു വ്യാപാരിയുണ്ടായിരുന്നു. ഒരുദിവസം അദ്ദേഹം ഗംഭീരമായൊരു വിരുന്നൊരുക്കാൻ തീരുമാനിച്ചു. അതിഥികളെ ക്ഷണിക്കുകയും ചെയ്തു. തന്റെ വിശ്വസ്തനും സമർത്ഥനുമായ  പരിചാരകൻ  അഹമ്മദിനോട് അങ്ങാടിയിൽപ്പോയി ആവശ്യമുള്ള സാധനങ്ങളൊക്കെ  വാങ്ങാൻ ചുമതലപ്പെടുത്തി. 
ഏറ്റവും മികച്ചവ തന്നെ വാങ്ങണമെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുകയും ചെയ്തു. 
യജമാനന്റെ ആജ്ഞ ശിരസ്സാവഹിച്ച് അഹമ്മദ് അങ്ങാടിയിലേക്ക് യാത്രയായി. 

അങ്ങാടിയിൽ ആകെ തിരക്കായിരുന്നു. വിൽക്കുന്നവരുടെയും വാങ്ങുന്നവരുടെയും ഉച്ചത്തിലുള്ള സംസാരവും വിലപേശലുകളും എല്ലാമായി ആകെ ബഹളം . എല്ലാവർക്കും  വേണ്ടത് ഏറ്റവും നല്ല സാധനങ്ങൾ, അതും ഏറ്റവും വിലക്കുറവിൽ. ഉന്തിയും തള്ളിയും  ജനം മുന്നേറുകയാണ്.  അഹമ്മദും ആ തിരക്കിലൂടെ നടന്നു. പെട്ടെന്നാണ് ഒരു സ്ത്രീയുടെ കൈ  അവന്റെമേൽ ശക്തിയായി മുട്ടിയത്. തിരിഞ്ഞുനോക്കിയ അഹമ്മദ് ഭയന്നു  വിറച്ചുപോയി. അവരും അന്തംവിട്ടതുപോലെ  അയാളെ തുറിച്ചു നോക്കിനിന്നു. അതയാളുടെ ഭയം വർദ്ധിപ്പിച്ചു. അവിടെനിന്നയാൾ ശരംവിട്ടതുപോലെ തിരിഞ്ഞോടി. ഓടിക്കിതച്ചുവന്നു നിന്നത് യജമാനന്റെ സമീപത്ത്. 

ഒന്നുംവാങ്ങാതെ ചന്തയിൽനിന്നു  തിരികെയെത്തിയ പരിചാരകനോട് വ്യാപാരിക്കു വല്ലാത്ത കോപം തോന്നി. 
"എന്താണു  നീ പറഞ്ഞതനുസരിക്കാതെ വേഗമിങ്ങു  പോന്നത്? " അയാൾ ക്രുദ്ധനായിച്ചോദിച്ചു. 
കിതച്ചുകൊണ്ടായാൾ  ശബ്ദം താഴ്ത്തിപ്പറഞ്ഞു 
" യജമാനനെ, ഞാൻ ചന്തയിൽ പോയതാണ്. അവിടെവെച്ച് എന്നെ ആരോ വന്നിടിച്ചതായിത്തോന്നി." 
" അത്രേയുള്ളോ ..... വിഡ്ഡീ,  അതിനു നീയെന്തിനാണ് ഒന്നും വാങ്ങാതെ മടങ്ങിപ്പോന്നത്?" വ്യാപാരി ആക്രോശിച്ചു. 
" എന്നെ വന്നു തട്ടിയത് മരണമായിരുന്നു. അവളെന്നെ വല്ലാതെ ഭയപ്പെടുത്തി തുറിച്ചു നോക്കി. ഞാൻ പേടിച്ചോടിപ്പോന്നതാണ്" 
അഹമ്മദ് അപ്പോഴും ഭയന്നുവിറയ്ക്കുകയായിരുന്നു. ഹോ! മരണമാണു വന്നിരിക്കുന്നത്. അപ്പോൾപ്പിന്നെ ആരായാലും ഭയന്നുവിറയ്ക്കില്ലേ.   അവന്റെ ഭയം കണ്ടു  വ്യാപാരിക്ക് അനുകമ്പ തോന്നി . അയാൾ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. 
പക്ഷേ അഹമ്മദിന് അതൊന്നും ആശ്വാസമായില്ല. അവൻ പറഞ്ഞു. 
"യജമാനനേ ,ദയവായി  എനിക്ക് അങ്ങയുടെ വേഗതയുള്ളൊരു കുതിരയെ തരണം. ഞാൻ ഇവിടെനിന്നു സമറായിലെ  എന്റെ കൂട്ടുകാരന്റെ വീട്ടിൽപോയി ഒളിച്ചുകൊള്ളാം. മരണത്തിന് അവിടെവന്നെന്നെ കണ്ടുപിടിക്കാനാവില്ല." 
അതൊരു നല്ലകാര്യമായി വ്യാപാരിക്കും തോന്നി. ഉടൻതന്നെ അയാൾ  തന്റെ ഏറ്റവും നല്ല കുതിരയെ കൊണ്ടുപോകാൻ അഹമ്മദിന് അനുവാദവും കൊടുത്തു. ഒരു നിമിഷംപോലും പാഴാക്കാതെ അഹമ്മദ് കുതിരപ്പുറത്തുകയറി ശരവേഗത്തിൽ പാഞ്ഞു. 
അഹമ്മദ് പോയയുടനെ വ്യാപാരി മരണത്തെ നേരിൽക്കാണാൻ  ചന്തയിലേക്കു  പുറപ്പെട്ടു. തന്റെ ഏറ്റവും വിശ്വസ്തനായ പരിചാരകനെ ഭയപ്പെടുത്തിയോടിച്ച മരണത്തോടയാൾക്കു ദേഷ്യം തോന്നി. ഒന്നു  ചോദിയ്ക്കാൻ തന്നെ തീരുമാനിച്ചു. 
അവളെ അവിടെക്കണ്ടതും അയാൾ ദേഷ്യഭാവത്തിൽ പറഞ്ഞു.
" എനിക്കൊരു കാര്യമറിയണം."
"ഹേ  മനുഷ്യാ , നിനക്കെന്താണറിയേണ്ടത്?" മരണം വളരെ ശാന്തമായി തണുത്തസ്വരത്തിൽ ചോദിച്ചു. 
" നിങ്ങളിന്നെന്റെ പരിചാരകനെ  ഭയപ്പെടുത്തിയില്ലേ. എന്തിനാണവനെ തുറിച്ചുനോക്കി പേടിപ്പിച്ചത് ?"
"അവനെ ഞാൻ തുറിച്ചുനോക്കിയതല്ല." മരണം ശാന്തത  കൈവിടാതെ മൃദുസ്വരത്തിൽ പറഞ്ഞു. " അതിശയപ്പെട്ടാണു   ഞാനവനെ നോക്കിയത് ." 
ഈ വാക്കുകൾ കേട്ട് വ്യാപാരി ചിന്താക്കുഴപ്പത്തിലായി. 
" അഹമ്മദിനെക്കണ്ടു നിങ്ങളെന്തിനതിശയപ്പെടണം?" അയാൾ ചോദിച്ചു.
"അതിനു കാരണമുണ്ട്." മരണം പതിഞ്ഞശബ്ദത്തിൽ മന്ത്രിച്ചു.  
"ഞാനിന്നിവിടെ അവനെ പ്രതീക്ഷിച്ചതേയില്ല. കാരണം എനിക്ക് 
 അവനെക്കൊണ്ടുപോകാനുള്ള സമയംകുറിച്ചിരിക്കുന്നത് ഇന്നുരാത്രി. അതാവട്ടെ  സമറായിലെ  അവന്റെ കൂട്ടുകാരന്റെ വീട്ടിൽനിന്നാണ്. " 















Saturday, October 13, 2018

യാത്രവിസ്മയങ്ങൾ 11 ലോനാവാല -മഹാനഗരിയുടെ കളിക്കൂട്ടുകാരി

ലോനാവാല -മഹാനഗരിയുടെ കളിക്കൂട്ടുകാരി 
======================================
മുംബൈയ്ക്കും പൂനയ്ക്കുമിടയിലുള്ള ഒരു ഹിൽസ്റ്റേഷനാണു  ലോനാവാല. മുംബൈ- പൂനെ എക്സ്പ്രസ്സ് ഹൈവേ കടന്നുപോകുന്നതും  ഇതിലെയാണ്. വിനോദസഞ്ചാരികൾക്കും പ്രകൃതിസ്നേഹികൾക്കും മലകയറ്റക്കാർക്കും  പുരാവസ്തുഗവേഷകർക്കുമൊക്കെ ഒന്നുപോലെ  പ്രിയപ്പെട്ട സ്ഥലമാണു  ലോനാവാല. ഒട്ടനവധി മധുരാനുഭവങ്ങളാണ്  ലോനാവാല ഇവർക്കൊക്കെയായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെതന്നെ  ഏറ്റവും മികച്ച മഴക്കാല വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ  ലോനാവാല 'സഹ്യപര്‍വതത്തിലെ രത്നം' എന്നാണ് അറിയപ്പെടുന്നത്. മൂന്നുകിലോമീറ്റർ ദൂരത്തു ഖണ്ടാല എന്ന മറ്റൊരു സൗന്ദര്യധാമവും കൂടിയുണ്ട്.

1871 ല്‍ അന്നത്തെ  ബോംബെ ഗവര്‍ണര്‍ സര്‍ എല്‍ഫിന്‍സ്റ്റോണ്‍ ലോനാവാലയെ കണ്ടെത്തുമ്പോള്‍  ജനവാസം കുറഞ്ഞ ഇടതിങ്ങിയ  കാട്ടു  പ്രദേശമായിരുന്നു അത്. പക്ഷേ  ഇവിടുത്തെ നിർമ്മലമായ അന്തരീക്ഷവും മനംമയക്കുന്ന പ്രകൃതിമനോഹാരിതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമൊക്കെക്കൊണ്ട് വളരെപ്പെട്ടെന്നുതന്നെ സഞ്ചാരികളുടെ ഇഷ്ടസങ്കേതമായി ഇവിടം മാറി. ലോനാവാല തടാകം,പാവന  തടാകം, വളവന്‍ തടാകം, തുംഗാര്‍ലി  തടാകം, വെള്ളച്ചാട്ടങ്ങൾ,ടൈഗർ പോയിന്റ്,  ലയണ്‍ പോയിന്റ്, ഡ്യൂക്സ് നോസ്,  സഹസ്രാബ്ദങ്ങൾക്കുമുമ്പു മുമ്പു നിർമ്മിക്കപ്പെട്ട  കാർല ഗുഹകൾ, ഭാജ ഗുഹകൾ, അത്രതന്നെ പഴക്കമില്ലാത്ത കോട്ടകൾ,  ആധുനികകാലത്തെ  ശിവജി ഉദ്യാന്‍, വല്‍വാന്‍ ഡാം, രാജ്മാച്ചി പോയന്റ്, ബുഷി ഡാം, ഡെല്ലാ അഡ്വഞ്ചര്‍, ടൈഗർ പോയിന്റ്     വാക്സ് മ്യുസിയങ്ങൾ  തുടങ്ങിയവയാണ് ഇവിടെത്തെ പ്രധാന കാഴ്ചകള്‍. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അഡ്വഞ്ചർ പാർക്കായ ഡെല്ലാ അഡ്വഞ്ചെർ,  ബംഗീ ജംബിംഗ് നടക്കപ്പെടുന്ന സ്ഥലം കൂടിയാണ്  . 45 മീറ്റർ ഉയരത്തിൽ നിന്നാണ് ഇവിടെ ചാടാൻ അവസരം ലഭിക്കുക.   ചിക്കി എന്നുപേരുള്ള മിഠായിക്കും  ലോനാവാല  പ്രസിദ്ധമാണ്.  ലോനാവാല  ചിക്കി വിൽക്കുന്ന ധാരാളം വില്പനശാലകൾ ഇവിടെ ഇവിടെയുമുണ്ട്  . മഗൻലാൽചിക്കിയാണ് ഏറ്റവും പ്രസിദ്ധം. നമ്മുടെ കടലമുട്ടായി പോലെ നിലക്കടല, അണ്ടിപ്പരിപ്പ്, എള്ള് , ബദാം,  പലതരം ധാന്യങ്ങൾ, ഉണങ്ങിയ പഴങ്ങൾ എന്നിവയൊക്കെ ശർക്കരപ്പാനിയിലോ  പഞ്ചസാരസിറപ്പിലോ ചേർത്തുണ്ടാക്കുന്ന മിഠായികളാണ് ചിക്കി. 


മുമ്പു  രണ്ടുതവണ ലോനാവാല സന്ദർശിച്ചിട്ടുണ്ടെങ്കിലും  കഴിഞ്ഞൊരു  ദിവസം അവിടുത്തെ വഴിയോരങ്ങളിലും കുന്നിൻചെരുവുകളിലും  നിറവസന്തമൊരുക്കിനിൽക്കുന്ന ബാൾസം ചെടികളുടെ ചിത്രം പത്രത്തിൽ കണ്ടപ്പോൾ  അവിടെപ്പോയി അതൊന്നു നേരിൽക്കാണാനാഗ്രഹം. അങ്ങനെയാണ് ഒരിക്കൽക്കൂടി അവിടേയ്‌ക്കൊരു യാത്രപോയത് .   

എവിടെയും പൂവിട്ടുനിൽക്കുന്ന കാട്ടുചെടികൾ. വഴിയോരങ്ങളിലും അതിനപ്പുറത്തേക്കും വയ്‌ലറ്റുനിറത്തിലെ പൂക്കളുമായി കാശിത്തുമ്പകൾ  ( balsam ) കൂട്ടംകൂട്ടമായി നിൽക്കുന്നു. നമ്മുടെനാട്ടിൽ കാണുന്നതുപോലെ ബാൾസം  ചെടികളിൽ  വിവിധനിറങ്ങളിലെ പൂക്കളില്ല. പക്ഷേ  പൂക്കളുടെ വലുപ്പത്തിൽ വ്യത്യാസം കാണാം. പിന്നെ പേരറിയാത്ത  മഞ്ഞനിറമുള്ള ധാരാളം പൂക്കളും എല്ലായിടത്തുമുണ്ട്. വെള്ളനിറമുള്ള ഏതൊക്കെയോ  പൂക്കളും എണ്ണത്തിൽ  കുറവെങ്കിലും മനോഹാരിതയ്ക്കു ഒട്ടും കുറവില്ലെന്നറിയിച്ചു പൂത്തുലഞ്ഞു നിൽക്കുന്നു. 

ഒന്നരനൂറ്റാണ്ടുമുമ്പു  നിർമ്മിച്ചതാണ് ബുഷി ഡാം. തീവണ്ടിഗതാഗതം ആരംഭിച്ചകാലത്ത് ആവിഎൻജിനു  വേണ്ടിയുള്ള ജലസ്രോതസ്സായി ഇന്ദ്രായണി നദിയിൽ നിർമ്മിച്ചതാണ് ഈ അണക്കെട്ട്. കാലക്രമേണ അതൊരു വോനോദസഞ്ചാരകേന്ദരമായിത്തീരുകയായിരുന്നു. മഴക്കാലത്തു  വൃഷ്ടി പ്രദേശങ്ങളില്‍ നിന്നും ജലം  സമൃദ്ധമായി ഒഴുകിയെത്തി ഡാം  കവിഞ്ഞൊഴുകും. അതുകൊണ്ട്  ഓവർഫ്ലോ ഡാം എന്നും ഇത് വിളിക്കപ്പെടുന്നു.കവിഞ്ഞൊഴുകുന്ന   ഈ  ജലം  അവിടെ നിർമ്മിച്ചിരിക്കുന്ന പടിക്കെട്ടുകളിലൂടെ ഒഴുകുന്നത് കാണാനും ആ ജലധാരയിൽ ഇരുന്നും കിടന്നുമൊക്കെ ഉല്ലസിക്കുന്നതിനുമായാണ് ഇവിടേക്കു  ജനം പ്രവഹിക്കുന്നത്. മഴക്കാലം കഴിഞ്ഞാൽ ഈ മനോഹാരിതയും ആഹ്ലാദവും ഇല്ലാതാവുകയും ചെയ്യും. വാഹനമിറങ്ങി ഏതാനും കടകളും ഒരു കൊച്ചു ക്ഷേത്രവുമൊക്കെക്കടന്നുവേണം ഡാമിലേക്കുള്ള  വഴിയിലെത്താൻ.  ഇടയ്ക്കൊരു തോടും ഒഴുകുന്നുണ്ട്. മഴയുള്ളസമയത്ത് തോട്ടിൽ വെള്ളം നിറയും. അപ്പോൾ മുട്ടിനുമുകളിൽ വെള്ളമുണ്ടാകും. അതുകടന്നുവേണം ഡാമിലെ പടികളിലെത്താൻ. പക്ഷേ ചെളിനിറഞ്ഞ  തോടുകടക്കാൻ ആരും  മടി കാട്ടാറില്ല. ആദ്യം ലോനാവാല കാണാൻ പോയപ്പോൾ അങ്ങനെ തോടുകടന്നാണ്‌ ഞങ്ങളും ബുഷിഡാമിന്റെ സൗന്ദര്യം  ആസ്വദിച്ചത്. ജലപടികള്‍ കേറി മുകളില്‍ എത്തിയാല്‍ ഡാമിന്റെ കാഴ്ചകള്‍ കാണാം. ഒരു ഇരുമ്പു ഗ്രില്ലിനപ്പുറം മീറ്ററുകളോളം ആഴമുള്ള വിസ്തൃതമായ  ജലസംഭരണി . നല്ല തെളിഞ്ഞ വെള്ളം. ചുറ്റുപാടും ഹരിതശോഭയുള്ള മലകൾ. നല്ല തണുപ്പുള്ള അന്തരീക്ഷവും. ചുട്ടും  പുഴുങ്ങിയും ചോളം വിൽക്കുന്നവരും കടലക്കച്ചവടക്കാരുമൊക്കെ ധാരാളമുണ്ട്. പടികളിൽ നടക്കുന്നതുശ്രദ്ധിച്ചില്ലെങ്കിൽ വീഴ്ച നിശ്ചയം. നീരൊഴുക്ക് ചിലപ്പോൾ അപ്രതീക്ഷിതമായി വർദ്ധിക്കാം. അപ്പോൾ അപകടസാധ്യതയുമുണ്ട്. 

പക്ഷേ ഇത്തവണ മഴക്കാലം കഴിഞ്ഞതുകൊണ്ട്  ഒട്ടും വെള്ളമുണ്ടായിരുന്നില്ല. പടിക്കെട്ട്   ഉണങ്ങിക്കിടന്നിരുന്നു.  അവിടെനിന്നു വീണ്ടും പോയാൽ ലയൺസ്‌ പോയിന്റും ടൈഗർപോയിന്റും ഒക്കെയുണ്ട്. അവിടെനിന്നൊക്കെയുള്ള കാഴ്ചകൾ അവർണ്ണനീയമാണ്. സൃഷ്ടികർത്താവിന്റെ അസാമാന്യചാരുതയാർന്ന ശില്പവൈഭവം. ഒട്ടകസവാരിയും ആസ്വദിക്കാം.   ലയൺസ്‌ പോയിന്റിനിന്ന് മുംബൈ-പൂനെ എക്സ്പ്രസ്സ് ഹൈവേയുടെ ദൃശ്യം  മനോഹരമാണ്.  ചില വെള്ളച്ചാട്ടങ്ങളും കാണാനാവും . 
വാഹനം പോകുന്ന പ്രധാനപാതയിലൂടെ   കാർല ഗ്രാമത്തിലെത്തിയാൽ ഇരുവശങ്ങളിലേക്കുമുള്ള വഴികൾ കാർല ഗുഹകളിലേക്കും ഭാജഗുഹകളിലേക്കുമുള്ളവയാണ്. രണ്ടു മലകളിലായാണ് പാറതുരന്നു നിർമ്മിച്ച ഗുഹകൾ . ഇവരണ്ടും ബി സി രണ്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടവയാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ബുദ്ധമതത്തിലെ ഹീനയാനവിഭാഗത്തിന്റെ വാസ്തുശൈലിയാണ് ഈ രണ്ടു ഗുഹാസമുച്ചയങ്ങളിലും കാണപ്പെടുന്നത്. രണ്ടുഗുഹകളിലും കയറുന്നതിനു ടിക്കറ്റുണ്ട്. 


 ചൈത്യമന്ദിരം (പ്രാർത്ഥനാ ഗൃഹം) അവയുടെ പ്രത്യേകതയാണ്.  കാർലഗുഹയിലെ ചൈത്യമന്ദിരമാണ് ഇന്ത്യയിൽ  ഇന്നു കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും വലുതും മനോഹരവുമെന്നു പറയപ്പെടുന്നു. രണ്ടു സിംഹസ്തംഭങ്ങൾ ഈ മന്ദിരത്തിന്റെ പ്രവേശനദ്വാരത്തിന്റെ ഇരുവശത്തുമായുണ്ട്. ചൈത്യമന്ദിരത്തിൽ പ്രവേശിക്കുന്നവർക്ക് കാൽകഴുകുവാൻ സാധിക്കവുന്നതരത്തിൽ പ്രവേശന ദ്വാരങ്ങളുടെ മുൻഭാഗത്ത് വെള്ളം കെട്ടിനിറുത്താനുള്ള ചെറിയ തളങ്ങൾ കൊത്തിയുണ്ടാക്കിയിരിക്കുന്നു . മന്ദിരത്തിന്  45  മീറ്റർ നീളവും 14 മീറ്റർ വീതിയും 14 മീറ്റർ ഉയരവും ഉള്ളതാണ്. പ്രദക്ഷിണപഥത്തെയും മണ്ഡപത്തെയും തമ്മിൽ വേർതിരിക്കുന്ന 37 തൂണുകളുണ്ട്. ചതുരാകൃതിയിലുള്ള തറ, കുംഭാകൃതിയിലുള്ള പാദം, എട്ടുപട്ടമുള്ള വള (പട്ടിക), ഘടാകൃതിയിലുള്ള ശിരോഭാഗം, വിതരിതമായ പീഠം അതിനും മുകളിൽ ശില്പാലങ്കാരം എന്നിവ അടങ്ങിയതാണ് തൂണുകൾ ഓരോന്നും. അലങ്കാരങ്ങളിൽ ആനകളും അവയുടെ പുറത്തിരിക്കുന്ന സ്ത്രീപുരുഷ രൂപങ്ങളുമാണുള്ളത്. മുകൾഭാഗത്തെ,  കുതിരലാടത്തിന്റെ ആകൃതിയിലുള്ള, തടികൊണ്ടു  നിർമ്മിച്ച ആർച്ചുകൾ ഒരത്ഭുതം തന്നെ. ആണികളൊന്നുമില്ലാതെയാണവ അവിടെ ഉറപ്പിച്ചിരിക്കുന്നത്.   ശ്രദ്ധാകേന്ദ്രമായ സ്തൂപത്തിൽ പ്രകാശം ചൊരിയുന്ന വിധത്തിലാണ് ചൈത്യജാലകത്തിന്റെ സ്ഥാനം. ജാലകത്തിലും സഭാതലത്തിന്റെ  തട്ടിലും മരപ്പാളികൾ സജ്ജീകരിച്ച് ചൈത്യമന്ദിരത്തിലെ പ്രകാശവിതരണം ആകർഷകമാക്കിയിരിക്കുന്നു.  ഭാജഗുഹയിലേത്  ഇത്ര വലുപ്പവും ശില്പഭംഗിയുള്ളതുമല്ല. രണ്ടുനിലകളിലായി  ധാരാളം വിഹാരങ്ങളും രണ്ടു ഗുഹാസമുച്ചയങ്ങളിലും  നിർമ്മിച്ചിട്ടുണ്ട്. ബൗദ്ധസന്യാസിമാരുടെ മഠങ്ങളാണ് വിഹാരങ്ങൾ. വിഹാരങ്ങളുടെ സാമാന്യരൂപം, വിശാലമായ നടുത്തളവും അതിനു ചുറ്റുമായി ഭിക്ഷുക്കൾക്ക് താമസത്തിനുള്ള മുറികളുമാണ്. നടുത്തളത്തിനോടു ബന്ധപ്പെടുന്ന ഒരു ആരാധനാമുറിയും കാണപ്പെടുന്നു. പാറ തുരന്നുണ്ടാക്കിയിരിക്കുന്ന മുറികളിലൊക്കെ കിടക്കുന്നതിനായി  കട്ടിലുകളും പാറയിൽത്തന്നെ കൊത്തിയുണ്ടാക്കിയിട്ടുണ്ട്. ഈ വിഹാരങ്ങളിൽനിന്നൊക്കെയുള്ള താഴ്വരക്കാഴ്ചകൾ അതീവഹൃദ്യം. അവിടുത്തെ കൃഷിയിടങ്ങൾ ഓരോരോ ഋതുക്കളിലും പ്രകൃതിയുടെ വർണ്ണഭേദങ്ങൾ കാട്ടിത്തരും. ഇപ്പോൾ നെൽപ്പാടങ്ങൾ പച്ചപുതച്ച നിൽക്കുകയാണ്. ആ ഹരിതാഭയ്ക്കുപോലും എത്രയെത്ര വർണ്ണഭേദങ്ങൾ!

  കാർലഗുഹയിലെത്താൻ നടന്നുതന്നെ  ഒരു വലിയ മലകയറിപ്പോകണം. വളരെ ദുഷ്കരമായൊരു യാത്രയാണത്. അതിരാവിലെയായാൽ വെയിലിന്റെ കാഠിന്യം ഉണ്ടാവുകയില്ല.  ഗുഹകളോടുചേർന്ന്  ഇവിടുത്തെ മുക്കുവരായ കോളികളുടെ  ഒരു ഏക് വീരാ  ക്ഷേത്രവുമുണ്ട്. വിശേഷദിനങ്ങളിൽ ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ  തിരക്കും ഈ വഴിയിലുണ്ടാകും. ഭാജഗുഹയിലേക്കു കയറിപ്പോകുന്ന പാത പടവുകൾകെട്ടി മനോഹരമായി നിർക്കിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ  മലകയറ്റം അത്ര ദുഷ്കരമല്ല. ചിലയിടങ്ങളിൽ പുരാതനകാലത്തെ പടവുകളും ചരിത്രത്തിനൊരു ചൂണ്ടുപലകപോലെ കാണാനാവും. എത്രയോ ബുദ്ധസന്യാസിമാരുടെയും യാത്രകളിൽ ഇവിടം ഇടത്താവളമാക്കിയ  വ്യാപാരസംഘങ്ങളുടേയുമൊക്കെ പാദങ്ങൾ  പതിഞ്ഞ കല്പടവുകളാണവ!  ഇടയ്‌ക്കൊരു വെള്ളച്ചാട്ടവുമുണ്ട്. പോകുന്ന വഴികളിലൊക്കെ പൂക്കളുടെ മോഹിപ്പിക്കുന്ന ദൃശ്യഭംഗിയും ആസ്വദിക്കാം.  ഭാജ ഗുഹയിൽ തബല വായിക്കുന്നൊരു സ്ത്രീശില്പമുണ്ടെന്നു കേട്ടിരുന്നു. 2200 വർഷങ്ങൾക്കുമുമ്പും അത്തരം സംഗീതോപകരണങ്ങൾ നമ്മുടെ പൂർവ്വികർ ഉപയോഗിച്ചിരുന്നു എന്നതിന് തെളിവാണത്.  പക്ഷേ കുറേനടന്നു നോക്കിയിട്ടും അത് കാണാനേയില്ല. ഒരു കാവൽക്കാരനോടു ചോദിച്ചപ്പോൾ അയാൾക്കതിനെക്കുറിച്ചൊന്നും അറിയുകയുമില്ല. ധാരാളം തൂണുകളുള്ള വിഹാരങ്ങളാണു ഭാജാഗുഹകളിൽ കാണാൻ കഴിയുന്നത്.  അവിടെ ഗുഹയുടെ അവസാനഭാഗത്തായി പത്തിലധികം  സ്തൂപങ്ങൾ പാറകൾകൊത്തി  നിർമ്മിച്ചുവെച്ചിട്ടുണ്ട്. പലതും ദ്രവിച്ച അവസ്ഥയിലാണ്. മഴയും വെയിലുമേറ്റ് കൂടുതൽ നാശമുണ്ടാകാതിരിക്കാൻ ഇപ്പോൾ മുകളിലൊരു മേലാപ്പിട്ടു സൂക്ഷിക്കുന്നുണ്ട്.  അവിടെനിന്നു നോക്കുമ്പോൾ രണ്ടു കോട്ടകൾ ദൂരത്തായി രണ്ടു  മലമുകളിൽ കാണാനാവും.  

ഇവിടെയുള്ള ഏതാനും വാക്സ് മ്യുസിയങ്ങൾ എല്ലാ സഞ്ചാരികളെയും ഒന്നുപോലെ ആകർഷിക്കുന്ന ആധുനികയുടെ സങ്കേതങ്ങളാണ്. നമുക്കഭിമാനിക്കാൻ വകയുള്ളോരു കാര്യം, അതിലേറ്റവും വലുതും പ്രസിദ്ധവുമായ സുനിൽസ് വാക്സ്മ്യുസിയം മലയാളിയായ സുനിൽ കണ്ടല്ലൂരിന്റെ ഉടമസ്ഥതയിലുള്ളതാണ് എന്നതാണ്. മൺമറഞ്ഞവരും ഇപ്പോൾ ജീവിച്ചിരിക്കുന്നവരുമായ  ധാരാളം പ്രശസ്തരുടെ  മെഴുകുപ്രതിമകൾ ഇവിടെയൊക്കെയുണ്ട്. അവയോടൊപ്പംനിന്നു ഫോട്ടോ എടുക്കാൻ എല്ലാവർക്കും  താല്പര്യം. ഇരുനൂറു രൂപയാണു  ടിക്കറ്റ് ചാർജ്. 

മുംബൈയിൽനിന്നോ പൂനെയിൽനിന്നോ  റോഡ്, റെയിൽ മാർഗ്ഗങ്ങളിൽ ഇവിടെയെത്താൻ 100 കിലോമീറ്ററിൽ താഴെ ദൂരമേയുള്ളൂ. 50,000 ൽ താഴെ ജനസംഖ്യയുള്ളൊരു ചെറിയ പട്ടണമാണെങ്കിലും  ലോനാവാല, തന്നെ സന്ദര്ശിക്കാനായെത്തുന്നവർക്കായി ധാരാളം  ഹോട്ടലുകളും റിസോർട്ടുകളും ഭക്ഷണശാലകളും ഒരുക്കിവെച്ചിട്ടുണ്ട്. വളരെ സുഖകരമായ കാലാവസ്ഥയാണ് ഈ പ്രദേശത്തിന്റേത്. തണുത്ത അന്തരീക്ഷവും തഴുകിക്കടന്നുപോകുന്ന കാറ്റും മൂടല്മഞ്ഞുമൊക്കെച്ചേർന്നു സ്വർഗ്ഗീയമായൊരന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഇവിടുത്തെ മഴക്കാലവും അതിസുന്ദരമാണ്.  അതുകൊണ്ടുതന്നെ ഏതുസമയത്തേയും  അവധിക്കാലം ചിലവഴിക്കാൻ ധാരാളംപേർ  നഗരങ്ങളിൽനിന്ന്  ഇവിടെ എത്തുന്നു. 




























Wednesday, October 10, 2018

ലീലാവതി

ലീലാവതി 
==========
ലീലാവതി, ഭാരതത്തിലെ ഗണിതശാസ്ത്രകാരന്മാരിൽ അഗ്രഗണ്യനായിരുന്ന ഭാസ്കരാചാര്യരുടെ ഏകപുത്രിയായിരുന്നു. അഗാധപാണ്ഡിത്യമുള്ളോരു ജ്യോതിശാസ്ത്രജ്ഞൻകൂടിയായിരുന്നു അദ്ദേഹം പന്ത്രണ്ടാം നൂറ്റാണ്ടിലായിരുന്നു ജീവിച്ചിരുന്നത്. ലീലാവതിയാകട്ടെ അതിസുന്ദരിയും അതീവബുദ്ധിമതിയുമായിരുന്നു. ഒരു ചിത്രശലഭത്തിന്റെ പ്രസരിപ്പോടെ അവൾ വീട്ടിലും പരിസരത്തുമൊക്കെ പാറിപ്പറന്നുനടന്നു.  ജിജ്ഞാസുവായ തന്റെ ഓമനമകളുടെ  ചോദ്യങ്ങളും സംശയങ്ങളും ദൂരീകരിക്കാൻ  അദ്ദേഹം സാദാ സന്നദ്ധനായിരുന്നു. വളരെച്ചെറിയ പ്രായത്തിൽത്തന്നെ ആ പെൺകിടാവ് പിതാവിൽനിന്ന് ഈ വിധത്തിൽ ധാരാളം അറിവുകൾ നേടുകയും ചെയ്തിരുന്നു. 

അക്കാലത്തു പെൺകുട്ടികൾ വളരെച്ചെറിയ പ്രായത്തിൽത്തന്നെ വിവാഹിതരാവുന്നു പതിവുണ്ടായിരുന്നു. ഭാസ്കരാചാര്യരും മകൾക്കു വിവാഹപ്രായമെത്തിയപ്പോൾ അതിനുള്ള തയ്യാറെടുപ്പുകൾക്കു തുടക്കമിട്ടു. ആദ്യപടിയായി അദ്ദേഹം അവളുടെ ജാതകം പരിശോധിക്കുകയുണ്ടായി. ജാതകം വിശദമായിപ്പരിശോധിച്ചപ്പോൾ അദ്ദേഹം അന്തിച്ചുപോയി. അവൾക്കു  വിവാഹത്തിന് ആകെയൊരു മുഹൂർത്തമേയുള്ളു. മറ്റേതുസമയത്തു  വിവാഹം നടന്നാലും വൈധവ്യമായിരിക്കുമത്രേ  ഫലം! ഇക്കാര്യം അദ്ദേഹം ആരോടും പറഞ്ഞില്ല. മറ്റുള്ളവരെ, പ്രത്യേകിച്ച് തന്റെ ജീവന്റെജീവനായ പൊന്നുമോളെ, എന്തിനു മനസികസംഘർഷത്തിലേക്കു  വലിച്ചിഴയ്ക്കണം  എന്നദ്ദേഹം കരുതിക്കാണും. പക്ഷേ ഉത്തമനായൊരു വരനെ കണ്ടെത്തി  വിവാഹത്തിനായുള്ള എല്ലാ ഒരുക്കങ്ങളും അദ്ദേഹം നടത്തി. അവൾക്കു യോജിച്ച ഒരേയൊരു  ശുഭമുഹൂർത്തത്തിൽത്തന്നെ വിവാഹം നടക്കണമെന്ന് അദ്ദേഹം ദൃഢനിശ്ചയമെടുത്തിരുന്നു. ആ സമയം  കൃത്യമായി അറിയിക്കുവാനുള്ളൊരു ജലഘടികാരവും അദ്ദേഹം തന്നെ രൂപകല്പനചെയ്തു നിർമ്മിച്ചു. അതിന്റെ മുകളിലെ പത്രത്തിലെ വെള്ളം താഴെയുള്ള പാത്രത്തിൽ വീഴാൻ ഒരു ചെറിയ ദ്വാരമാണുണ്ടായിരുന്നത്. അത് നിറയുന്ന സമയം മുഹൂർത്തം തുടങ്ങുമെന്നായിരുന്നു കണക്കുകൂട്ടൽ.  ജലഘടികാരത്തിന്റെ സമീപത്തേക്കൊന്നും പോകരുതെന്നു എല്ലാവരെയും  അദ്ദേഹം വിലക്കുകയും ചെയ്തു. പക്ഷേ അതെന്താണെന്നറിയാലുള്ള ആഗ്രഹം ലീലാവതിയിൽ  വർദ്ധിച്ചതേയുള്ളൂ.

 പിതാവടുത്തില്ലാത്തൊരു സമയം അവൾ മെല്ലെ ആ ഘടികാരത്തിനടുത്തെത്തി കുനിഞ്ഞു ശ്രദ്ധിച്ചു നോക്കി. ആ സാമയത്ത്  അവളുടെ മൂക്കുത്തിയിലെ ചെറിയൊരു രത്നക്കല്ല്   അടർന്നു ജലഘടികാരത്തിൽ വീണു. ഭയചകിതയായ ലീലാവതി അവിടെനിന്നോടിക്കളഞ്ഞു.  ജലം കടന്നുപോകാനുള്ള ചെറിയ ദ്വാരം രത്നക്കല്ലുവീണ് പാതി  അടഞ്ഞുപോവുകയും ചെയ്തു. അതിനാൽത്തന്നെ ജലഘടികാരത്തിനു ശരിയായ സമയം നല്കാൻ കഴിഞ്ഞതുമില്ല. നിശ്ചയിച്ച  മുഹൂർത്തം കഴിഞ്ഞുപോവുകയും വിവാഹം നടന്നത് മറ്റൊരു സമയത്താവുകയുംചെയ്തു. ജാതകത്തിൽപ്പറഞ്ഞിരുന്നതുപോലെതന്നെ ലീലാവതിയുടെ ഭർത്താവ് വിവാഹശേഷം ഏറെനാൾ കഴിയുംമുമ്പേ  ഇഹലോകവാസം വെടിഞ്ഞു. നന്നേ ചെറിയപ്രായത്തിൽത്തന്നെ  വൈധവ്യം അനുഭവിക്കേണ്ടിവന്ന ഓമനപ്പുത്രിയെ ഭാസ്കരാചാര്യർ സ്വവസതിയിലേക്കു കൂട്ടിക്കൊണ്ടുവന്നു. 

എല്ലാംപ്രസരിപ്പും നഷ്ടപ്പെട്ട് , ഒന്നിലുമൊരു താല്പര്യവുമില്ലാതെ  സാദാ ശോകമൂകയായിക്കഴിഞ്ഞ പൊന്നുമോളെ എങ്ങിനെ  പഴയരീതിയിലേക്കു കൊണ്ടുവരണമെന്നായി ഭാസ്കരാചാര്യരുടെ ചിന്ത. ജീവിതത്തിൽ നേരിട്ട ദുരന്തത്തിൽനിന്നവളെ എങ്ങനെയെങ്കിലും വഴിതിരിച്ചുവിട്ടേ  മതയാകൂ എന്നദ്ദേഹത്തിനറിയാമായിരുന്നു.  അതിനദ്ദേഹം കണ്ടെത്തിയമാർഗ്ഗം ഗണിതപ്രശ്നങ്ങളായിരുന്നു. ചുറ്റുപാടുകളെ കേന്ദ്രീകൃതമാക്കി അദ്ദേഹം ഗണിതപ്രശ്നങ്ങൾ  മെനഞ്ഞു. അവ  നിർദ്ധാരണം ചെയ്യുന്നതിനായി ലീലാവതിക്കു  നൽകി. അതിസമർത്ഥയായ ലീലാവതി അവയ്ക്കൊക്കെയും അതിവേഗംതന്നെ ഉത്തരം കണ്ടെത്തി. അങ്ങനെ അനേകമനേകം ചോദ്യങ്ങൾ അവൾക്കുമുന്നിലെത്തിക്കൊണ്ടിരുന്നു.    തനിക്കുമുന്നിലെത്തുന്ന ചോദ്യങ്ങൾക്കുത്തരം കണ്ടെത്തുന്നതിൽ വ്യാപൃതയായപ്പോൾ അവൾ തന്റെ ദുഃഖങ്ങൾ മറന്നു. 

ഭാസ്കരാചാര്യർ നല്ലൊരു കവികൂടിയായിരുന്നു. കാളിദാസന്റെ കവിത്വമുള്ള ഗണിതകാരൻ  എന്നാണ്‌ ഭാസ്കരാചാര്യൻ അറിയപ്പെടുന്നത്‌.   ചോദ്യങ്ങൾ എല്ലാംതന്നെ കാവ്യരൂപത്തിലായിരുന്നു കുറിക്കപ്പെട്ടത്. അതിമനോഹരമായ കാവ്യകല്പനകൾ ആ ശ്ലോകങ്ങളിൽ കണ്ടെത്താൻ കഴിയും. ഈ കാവ്യാത്മകതയിലൂടെ അതീവഗഹനങ്ങളായ ഗണിതപ്രശ്നങ്ങളെപ്പോലും ലളിതവത്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്നു  നമ്മൾ പൈതഗോറസ് സിദ്ധാന്തവും മറ്റും ഉപയോഗിച്ച് ഉത്തരം കണ്ടെത്തുന്ന പല ചോദ്യങ്ങൾക്കും ലീലാവതി ഉത്തരം കണ്ടെത്തിയിരുന്നത്രേ.  അവയെല്ലാംചേർത്തതാണ്   'ലീലാവതി'യെന്ന മഹത്തായ ഗണിതശാസ്ത്രഗ്രന്ഥം. ലീലാവതിയിൽ എട്ടുതരം ഗണിതക്രിയകളെ പരാമർശിക്കുന്നു. പരികർമ്മാഷ്ടകം എന്നാണ്‌ ആ ഭാഗത്തിന്റെ പേര്‌.

ഭാസ്കരാചാര്യർ രചിച്ച 
ലീലാവതിയിലെ ചില ചോദ്യങ്ങൾ ഉദാഹരണത്തിന് ( ഇവിടെ ഗദ്യരൂപത്തിലാണ് കൊടുക്കുന്നത്. ) 
===========================================
1. ഒരാനക്കൂട്ടത്തിന്റെ പകുതിയും പകുതിയുടെ മൂന്നിലൊന്നും ഒരു ഗുഹയിൽ കയറിപ്പോയി. ആറിലൊന്നും ആറിലൊന്നിന്റെ ഏഴിലൊന്നും വെള്ളം കുടിക്കാൻ പുഴയിലേക്കുപോയി. എട്ടിലൊന്നും എട്ടിലൊന്നിന്റെ ഒമ്പതിലൊന്നും താമരക്കുളത്തിൽ നീരാടാൻ പോയി. ബാക്കിവന്ന മൂന്നു പിടിയാനകളെ ഗജസ്നേഹിയായ രാജാവ്‌നയിച്ചുകൊണ്ടുപോയി. എങ്കിൽ ആനക്കൂട്ടത്തിൽ ആകെയെത്രയാനകൾ ഉണ്ടായിരുന്നു? 

2 .യുദ്ധത്തില്‍ അര്‍ജുനന്‍ കോപാകുലനായി ശരകൂട്ടം എടുത്തു. അതിന്റെ പകുതികൊണ്ട് കര്‍ണന്റെ ശരങ്ങളെ തടഞ്ഞു. ശരക്കൂട്ടത്തിന്റെ വര്‍ഗമൂലത്തിന്റെ നാല് മടങ്ങുകൊണ്ട് കുതിരകളെ തകര്‍ത്തു.6 ശരങ്ങള്‍ കൊണ്ട് ശല്യരെ ഒഴിവാക്കി.ഓരോ ശരം കൊണ്ട് കര്‍ണന്റെ കുട,കൊടി,വില്ല് എന്നിവ തകര്‍ത്തു.ഒരു ശരംകൊണ്ട് കര്‍ണന്റെ ശിരസ് ഛേദിച്ചു. എങ്കില്‍ അര്‍ജുനന്‍ എടുത്ത അമ്പുകളുടെ എണ്ണം എത്ര?

3. മൂന്നു കച്ചവടക്കാര്‍ , അവരുടെ ആകെ മൂലധനം 1/2, 1/3, 1/6 എന്നീ അനുപാതത്തിലാണ്‌. ആകെ ലാഭം 70 ല്‍ നിന്നും ഒന്നു കുറവാണെങ്കില്‍ ഓരോരുത്തരുടെയും ലാഭവിഹിതം എത്ര?

4. ഒരു സംഖ്യയെ മൂന്നു കൊണ്ടു ഗുണിച്ച സംഖ്യയോട്‌ അതിന്റെ നാലില്‍ മൂന്നു ഭാഗം കൂട്ടിയിട്ട്‌ ഏഴു കൊണ്ടു ഹരിച്ചു കിട്ടുന്ന സംഖ്യയില്‍ നിന്ന് അതിന്റെ മൂന്നിലൊന്നു കുറച്ചു കിട്ടുന്ന സംഖ്യയെ അതു കൊണ്ടു തന്നെ ഗുണിച്ച്‌ അമ്പത്തിരണ്ടു കുറച്ചതിന്റെ വര്‍ഗ്ഗമൂലത്തോട്‌ എട്ടു കൂട്ടി പത്തു കൊണ്ടു ഹരിച്ചാല്‍ രണ്ടു കിട്ടുമെങ്കില്‍,  വിലോമക്രിയ (വ്യസ്തകര്‍മ്മം) ഉപയോഗിച്ച്‌ ആദ്യത്തെ സംഖ്യ എത്ര ആണെന്നു പറയുക.

5. സുദേവനൊരു പണപ്പെട്ടിയുണ്ടായിരുന്നു. അതിൽ നിറയെ ഒരേ മൂല്യമുള്ള സ്വർണ്ണനാണയങ്ങളും.  . അതിലുണ്ടായിരുന്ന നാണയങ്ങളുടെ  പകുതിയും ഒരു നാണയവും  സുദേവന്റെ  അച്ഛന്‍ എടുത്തു. ബാക്കിയുണ്ടായിരുന്ന  നാണയങ്ങളുടെ  മൂന്നിലൊന്നും രണ്ടു നാണയങ്ങളും  അമ്മ എടുത്തു. പിന്നെയുണ്ടായിരുന്നതിന്റെ  നാലിലൊന്നും മൂന്നു നാണയങ്ങളും ജ്യേഷ്ഠൻ  എടുത്തു. ബാക്കിയുള്ള പന്ത്രണ്ടു നാണയങ്ങൾ  മാത്രമേ സുദേവന്  കിട്ടിയുള്ളൂ. പണപ്പെട്ടിയിൽ  മൊത്തം എത്ര നാണയങ്ങൾ  ഉണ്ടായിരുന്നു?

6. ഒരു പൊയ്കയിൽ കുറെ അരയന്നങ്ങൾ  വസിക്കുന്നു . അവയുടെ വർഗ്ഗമൂലത്തിന്റെ പകുതിയുടെ ഏഴുമടങ്ങ്‌ തീരത്ത്‌ കുണുങ്ങി നടക്കുന്നു. രണ്ട്‌ അരയന്നങ്ങൾ പ്രണയബദ്ധരായി സമീപത്തുണ്ട്‌, ആകെ എത്ര അരയന്നങ്ങളുണ്ട്‌?


സമയമുള്ളവർ ഉത്തരങ്ങൾ കണ്ടെത്തുക.


(ഉത്തരങ്ങൾ :- 
1 - 756 
2 - 100 
3 - 34.5 , 23 , 11.5
4 - 28 
5 - 68 
6 - 16  )

Thursday, September 27, 2018

മിനിക്കഥ

മിനിക്കഥ
=========
ബസ്സ്സ്റ്റോപ്പിൽ ബസ്സ്  കാത്തു നിൽക്കുമ്പോഴാണ് മേനോൻ ചേട്ടൻ അതുവഴി വന്നത്. ആ മുഖത്തു മനസ്സിലെ സന്തോഷം വായിച്ചെടുക്കാനായി.  പണ്ട് അയൽക്കാരായിരുന്നു ഞങ്ങൾ.  ഒരുപാടു  നാൾകൂടിയാണു  കാണുന്നത്. അതുകൊണ്ടുതന്നെ മേനോൻചേട്ടനു വിശേഷങ്ങളൊരുപാട് ചോദിക്കാനുണ്ടായിരുന്നു. ചേട്ടന്റെ വിശേഷങ്ങൾ, മോന്റെ വിശേഷങ്ങൾ, നാട്ടിലെ വിശേഷങ്ങൾ..  ഒക്കെയും വിശദമായിത്തന്നെ പറഞ്ഞു. 
പിന്നെ എന്റെ ഊഴമായി. സ്നേഹവതിയായ ചേച്ചിയെക്കുറിച്ചും മൂന്നുമക്കളെക്കുറിച്ചുമൊക്കെ ചോദിച്ചു. മൂത്തവർരണ്ടാളും  ആൺമക്കളാണ്‌. മൂന്നാമത്തേതാണ് മേനോൻചേട്ടന്റെ പൊന്നോമനയായ, അമ്മുവെന്ന വിളിപ്പേരുള്ള  അമൃത.
" മേനോൻചേട്ടാ, അമ്മുവിൻറെ കല്യാണം കഴിഞ്ഞോ ?"
"കഴിഞ്ഞല്ലോ.."
" അയ്യോ, കല്യാണക്കാര്യം ഞങ്ങളറിഞ്ഞതേയില്ല. അറിഞ്ഞിരുന്നെങ്കിൽ വിളിച്ചില്ലേലും  ഞങ്ങൾ വന്നേനെ"
"അതുതന്നെയാണെന്റെയും അവസ്ഥ. ഞാനുമറിഞ്ഞില്ല. ഒന്നു പറഞ്ഞിരുന്നെകിൽ ഞാൻ നടത്തിക്കൊടുക്കുമായിരുന്നു "
മുഖത്തെ സന്തോഷമൊക്കെ പെട്ടെന്നു  മാഞ്ഞുപോയിരുന്നു. തിടുക്കത്തിൽ, യാത്രപോലും പറയാതെ അദ്ദേഹം നടന്നകന്നു. അപ്പോഴേക്കും എന്റെ ബസ്സും വന്നു. ഞാനും എന്റെ യാത്രയിൽ മുഴുകി. 

Monday, September 24, 2018

രാധയും കൃഷ്ണനും

രാധയും കൃഷ്ണനും
=================

എന്തായിരുന്നു രാധയുടെയും ശ്രീകൃഷ്ണന്റെയും ഹൃദയങ്ങളെ ഒന്നായി ചേർത്തുനിർത്തിയിരുന്നത് ? ഭക്തിയോ, സൗഹൃദമോ, നിഷ്കളങ്കമായ സ്നേഹമോ, അതോ അന്യാദൃശമായ,  അഭൗമമായ പ്രണയത്തിന്റെ ഗാഢതരമായ പാശബന്ധനമോ? അങ്ങേയറ്റം ലളിതമായി ചിന്തിച്ചാൽ പോലും  ഇതെല്ലാം  ചേർന്ന അതിവിശിഷ്ടമായൊരു ഹൃദയബന്ധം നിലനിർത്തിയിരുന്നവരാണ് രാധയും കൃഷ്ണനും എന്നു  നമുക്കു  വ്യക്തമാകും. ഒന്നുകൂടി ചിന്തിച്ചാൽ നമ്മുടെ സാധാരണ ബുദ്ധിക്കും യുക്തിക്കും നിരക്കുന്നതിനപ്പുറവും എന്തൊക്കെയോ ആ ബന്ധത്തിന് ഇഴചേർത്തിരുന്നു എന്നും തോന്നും. കൃഷ്ണന്റെ ഹൃദയത്തിലലിഞ്ഞുചേർന്ന രാധയുടെ സ്നേഹം, രാധയുടെ പ്രാണനിൽ പ്രാണനായി ലയിച്ചുചേർന്ന കൃഷ്ണസ്വരൂപം. അവർ രണ്ടായിരുന്നില്ല, വേർതിരിക്കാനാവാത്തവിധം ഒന്നു  മറ്റൊന്നിനോട് സമ്മിശ്രണം ചെയ്തൊരു സംയുക്തരൂപമായിരുന്നു. എത്രയെത്ര കഥകളാണ് ഇവരുടെ ഉദാത്തസ്നേഹത്തിന്റെ നിദർശനങ്ങളായി  നമ്മളറിഞ്ഞിരിക്കുന്നത്! ഒരു കൃഷ്ണന്റെ  രാധയാവാനാഗ്രഹിക്കാത്ത പെൺകൊടിയോ, ഒരു രാധയുടെ  കൃഷ്ണനാവാനാഗ്രഹിക്കത്തൊരു പുരുഷനോ ഈ ലോകത്തുണ്ടായിരിക്കുമോ?

കൃഷ്ണനെക്കാൾ ആറോ  ഏഴോ  വയസ്സ് കൂടുതലുണ്ടായിരുന്നത്രേ   രാധയ്ക്ക്. അയൻ  എന്ന വിളിപ്പേരുള്ള അഭിമന്യു എന്ന ഗോപാലയുവാവിന്റെ പത്നിയായിരുന്നു രാധയെന്ന ഗോപിക.  അയന്റെ  ബന്ധുകൂടിയായ കണ്ണനെ അവൾ ഗോകുലത്തിൽ കണ്ടുമുട്ടുകയായിരുന്നു.   പീതാംബരവും പീലിത്തിരുമുടിയും വനമാലയും ചാർത്തിയ കാർവർണ്ണനായ  ആ ഗോകുലബാലനോട്, വിവാഹിതയും അനപത്യയുമായൊരു കുടുംബിനിക്കു തോന്നിയ   സഹജമായ വാത്സല്യമായിരുന്നു കണ്ണനെയും രാധയെയും തമ്മിൽ ചേർത്തുനിർത്തിയതെന്നു   വാദിക്കുന്നവരും ഇല്ലാതില്ല. ആ വാദത്തെ മുഖവിലക്കെടുക്കാനാവുന്നില്ല എന്നതാണു  യാഥാര്‍ത്ഥ്യം.

ഭഗവതത്തിലോ പുരാണങ്ങളിലോ രാധയും അയനും  കഥാപാത്രങ്ങളേയല്ലത്രേ! ഭാരതത്തിന്റെ പലഭാഗങ്ങളിൽ ഭഗവതസംബന്ധിയായി രചിക്കപ്പെട്ട കൃതികളിലാണ്  ഈ കഥാപാത്രങ്ങളുള്ളത്.  മദ്ധ്യകാലഘട്ടത്തിൽ വിരചിതമായ 'പദാവലി'കളിലാണ് രാധ കൂടുതൽ വ്യക്തതയോടെ  പ്രത്യക്ഷപ്പെടുന്നത്. വിദ്യാപതി, ഗോവിന്ദദാസ്, ചാന്ദിദാസ്, ജയദേവൻ - ഇവരുടെയൊക്കെ കൃതികളിൽ അഗാധമായ  രാധാകൃഷ്ണപ്രണയത്തിന്റെ ഉദാത്തഗീതികൾ വായിച്ചെടുക്കാനാവും.    പതിനാലാം നൂറ്റാണ്ടിൽ  വിദ്യാപതി രചിച്ച 'പദാവലി' കാവ്യത്തിലാണ് അയനും രാധയുമായുള്ള അത്യപൂർവ്വമായൊരു ബന്ധത്തിന്റെ കഥ പറയുന്നത്.

അഭിമന്യുവിന്റെ ഓമനപ്പേരായിരുന്നു അയൻ. ( ഇത് അർജ്ജുനപുത്രൻ അഭിമന്യു അല്ല ). ഗോകുലത്തിനടുത്ത ഗ്രാമമായിരുന്ന ജാരാത്തിലായായിരുന്നു അയൻ ജനിച്ചത്. ഗോകുലത്തിലെ യശോദയുടെ അമ്മാവനായിരുന്ന ഗോലയുടെയും ജതിയായുടെയും പുത്രൻ. പിതാവിനെപ്പോലെതന്നെ അയനും ഒരുഗോപാലനായാണ് വളർന്നത്. പക്ഷേ അയൻ കറകളൊഞ്ഞൊരു കാളീഭക്തനായിരുന്നു. ജനിച്ചതു  പുരുഷനായിട്ടായിരുന്നെങ്കിലും പൗരുഷമില്ലാത്തവനായിരുന്നു അയൻ.  ലൗകികസുഖങ്ങളിലൊന്നും  താല്പര്യമില്ലാതിരുന്ന  അയൻ  സദാസമയവും കാളീപൂജകളിലും പ്രാർത്ഥനകളിലും മുഴുകിയിരുന്നു.

ബന്ധുവായ യശോദയുടെ ഭർത്താവ് നന്ദഗോപരായിരുന്നു ആ ദേശത്തിന്റെ രാജാവ്. നന്ദമഹാരാജനാണ് അയന്റെയും രാധയുടെയും വിവാഹം നടത്തിക്കൊടുത്തത്. നിർഭാഗ്യവശാൽ ആ ദമ്പത്യത്തിന്  അത്രമേൽ ഊഷ്മളമായൊരു സ്നേഹബാന്ധവം ഉണ്ടായിരുന്നില്ല എന്നുവേണം കരുതാൻ. അവർക്കു കുഞ്ഞുങ്ങളുമുണ്ടായിരുന്നില്ല  മാത്രവുമല്ല അയനെ സ്വഗ്രാമവാസികൾപോലും ഒളിഞ്ഞും മറഞ്ഞും ഷണ്ഡനെന്നായിരുന്നു വിളിച്ചിരുന്നതും. രാധയുടെ കൃഷ്ണനോടുള്ള ചങ്ങാത്തത്തിന് അയൻ  ഒരിക്കലും ഒരു തടസ്സമായി നിന്നിരുന്നുമില്ല. കൂടുതൽ സമയവും  രാധ കൃഷ്ണനൊപ്പം രാസലീലകളാടിക്കഴിഞ്ഞതും അയനെ  തെല്ലും അലോസരപ്പെടുത്തിയതുമില്ല. എത്രമേൽ ഗാഢമായിരുന്നു രാധാ-കൃഷ്ണപ്രണയമെങ്കിലും  ഒരുനാൾ രാധയെ അതിതീവ്രമായ  വിരഹദുഃഖത്തിന്റെ സാഗരമദ്ധ്യത്തിലുപേക്ഷിച്ച് കൃഷ്ണനു വൃന്ദാവനം വിട്ടു ദ്വാരകയിലേക്കു പോകേണ്ടിവന്നു - പിരിയുംമുമ്പ്  തന്റെ പ്രണയത്തിന്റെ നിത്യപ്രതീകമായി കണ്ണൻ താൻ  സന്തതസഹചാരിയായ കൊണ്ടുനടന്നിരുന്ന  പുല്ലാങ്കുഴൽ അവൾക്കു സമ്മാനിച്ചു.   ഒരുപക്ഷേ വേർപാടിന്റെ  ആ  കഠിനവ്യഥയിൽനിന്നു കരകയറാനാവാതെ  കാളിന്ദിയുടെ കാണാക്കയങ്ങളിലേക്കാണ്ടുപോകുമായിരുന്ന രാധയെ ജീവിതത്തിലേക്കു  കൈപിടിച്ചു  നടത്തിയത്   അയന്റെ സന്ദർഭോചിതമായ  സ്നേഹവായ്‌പും  കരുതലും മാത്രമായിരുന്നു. അനപത്യദുഃഖമറിഞ്ഞുതന്നെ ദീർഘകാലം അവർ ഒന്നിച്ചുജീവിച്ചുവെങ്കിലും, കൃഷ്ണൻ പതിനാറായിരത്തെട്ടു  പത്നിമാരെ സ്വീകരിച്ചങ്കിലും ,   രാധയിൽനിന്നു കൃഷ്ണനോ കൃഷ്ണനിൽനിന്നു രാധയ്‌ക്കോ വേർപെടാനാകുമായിരുന്നില്ല എന്നതായിരുന്നു യാഥാർത്ഥ്യം. അതിനു തെളിവെന്നവണ്ണം ഒരു സംഭവവും വിവരിക്കുന്നുണ്ട്.

കണ്ണനെക്കാണാനുള്ള  ഉൽക്കടവാഞ്ഛയുമായി  ഒരിക്കൽ രാധ ദ്വാരകയിലെത്തിയത്രേ. അഗാധമായ രാധാകൃഷ്ണപ്രണയത്തിന്റെ കഥകൾകേട്ടു രാധയോട് അസൂയതോന്നിയ കൃഷ്ണപത്നിമാർ അതുപ്രകടമാക്കിയത് പൊള്ളുന്ന ഭക്ഷണം അവൾക്കു  കൊടുത്തുകൊണ്ടായിരുന്നു. വിശന്നുവലഞ്ഞിരുന്ന  അവൾ അതൊക്കെ അതിവേഗം ഭുജിച്ചു. കൃഷ്ണപത്നിമാർ അത്ഭുതപരതന്ത്രരായി. എന്തുകൊണ്ടായിരിക്കും ഇവൾക്ക് പൊള്ളലേൽക്കാത്തതെന്നവർ അതിശയിച്ചു. കൃഷ്ണനെ സമീപിച്ച അവർക്കു കാണാൻ കഴിഞ്ഞത് കാലിൽ  പൊള്ളലിന്റെ നീറ്റലുമായി പുളയുന്ന കൃഷ്ണനെയാണ്. രാധയാനുഭവിക്കേണ്ടിയിരുന്ന വേദന മുഴുവനറിഞ്ഞത് കൃഷ്ണനായിരുന്നു. പക്ഷേ  അവർ അപ്പോഴും പരസ്പരം കണ്ടതേയില്ല. രാധ കണ്ണനെക്കാണാതെതന്നെ ഗോകുലത്തിലേക്കു  മടങ്ങിപ്പോയി.

എങ്കിലും ഒരിക്കൽ, ഒരിക്കൽമാത്രം അവർ നേരിൽക്കണ്ടു. അതൊരു പൂർണ്ണസൂര്യഗ്രഹണം നടന്ന വേളയിലായിരുന്നു. ആ ദിവസം സ്യമന്തകപഞ്ചകമെന്ന  പുണ്യതീർത്ഥത്തിൽ  സ്നാനം ചെയ്താൽ സകലപാപങ്ങളിൽനിന്നും മോചനം ലഭിക്കുമെന്നായിരുന്നു  വിശ്വാസം. പരശുരാമൻ തന്റെ കഠിനപാപത്തിൽനിന്നു  മുക്തിനേടിയത് ഇങ്ങനെയാണത്രെ! കൃഷ്ണൻ പത്നിമാരോടൊപ്പം മാതാപിതാക്കളും  പാണ്ഡവകൗരവാദി  ബന്ധുജനങ്ങളുമായി സ്യമന്തകപഞ്ചകത്തിലെത്തിയിരുന്നു. മറ്റുനാടുകളിൽനിന്നും ജനങ്ങൾ പാപനിവാരണത്തിനായി  അവിടേക്കു പ്രവഹിച്ചിരുന്നു.  അക്കൂട്ടത്തിൽ നന്ദഗോപരും യശോദയും രാധയുമടക്കം സകല  ഗോകുലവാസികളും  ഉണ്ടായിരുന്നത്രേ! ഇതറിഞ്ഞ  വസുദേവർക്കും  ദേവകിക്കും നന്ദഗോപരെയും യശോദയെയും കണ്ടു നന്ദി പറയണമെന്നാഗ്രഹമുണ്ടായി. തങ്ങളുടെ പുത്രനെ പൊന്നുപോലെ വളർത്തിയത് അവരായിരുന്നല്ലോ. ആ കണ്ടുമുട്ടൽ തികച്ചും വികാരോജ്വലമായിരുന്നു . പക്ഷേ  രാധയും കൃഷ്ണനും തമ്മിലൊരു വാക്കുപോലും ഉരിയാടിയില്ല. ഒരു നേർത്ത മന്ദഹാസംപോലും  ഇരുവരുടെയും ചൊടികളിൽ വിടർന്നില്ല. മറിച്ച് ഇത്രനാൾ ഹൃദയത്തിലണകെട്ടിയ വിരഹവേദന  ബന്ധനം ഭേദിച്ച് അശ്രുധാരയായൊഴുകി. കണ്ണീരിനൊപ്പം കദനമൊഴുകിത്തീരാതെ അവർ പരസ്പരം നോക്കിനിന്നു. വൃന്ദാവനത്തിൽ ഒന്നിച്ചുചിലവഴിച്ച മധുരനിമിഷങ്ങളുടെ ഓർമ്മകൾ തീരുവോളം. പിന്നെ അനിവാര്യമായ മറ്റൊരു വേർപാടുകൂടി. പിന്നീടൊരിക്കലും അവർ കണ്ടുമുട്ടിയതേയില്ല. ശരീരങ്ങൾ അകലെയായിരുന്നെങ്കിലും അവരുടെ ഹൃദയങ്ങൾ ഒന്നായിരുന്നു. ഒരിക്കലും വേർപെടാതെ.  തന്റെ ആനന്ദം മുഴുവൻ ചുറ്റുമുള്ള   എല്ലാവർക്കുമായി പങ്കുവച്ചപ്പോൾ, കണ്ണീരുമുഴുവൻ രാധയ്ക്കു മാത്രമായാണു  കണ്ണൻ മാറ്റിവെച്ചത്. അതിലെ  ഓരോ ചെറുകണികയും ഈ പ്രപഞ്ചത്തിലെ മറ്റെന്തിനേക്കാളും മൂല്യവാത്തതായിരുന്നു എന്ന്  രാധ എക്കാലവും തിരിച്ചറിഞ്ഞിരുന്നു.

കാലമെന്തിനായാണ് ഇങ്ങനെയൊരു വിധി  അവർക്കായി കരുതിവെച്ചിരുന്നതെന്ന്  നമ്മൾ ചിന്തിച്ചുപോകും. പുരാണങ്ങളിലെ ഏതൊരാവസ്ഥാവിശേഷത്തിനുപിന്നിലും ഏതെങ്കിലുമൊക്കെ ശാപങ്ങളുടെയോ, തപസ്സ് ചെയ്തു   നേടിയ വരങ്ങളുടെയോ ഒക്കെ പിന്ബലമുള്ളൊരു കഥയുണ്ടാവുമല്ലോ. ഇവിടെയുമുണ്ട് അത്തരമൊരു കഥ.  അഭിമന്യു എന്ന  അയൻ തന്റെ പൂർവ്വജന്മത്തിൽ മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനായി  അതികഠിനമായൊരു തപസ്സ് ചെയ്തു. ഒടുവിൽ തപസ്സ് അഗ്നികുണ്ഠത്തിനുമുകളിലായപ്പോൾ വിഷ്ണു പ്രത്യക്ഷനായി. പക്ഷേ  അയൻ  ചോദിച്ച വരം മഹാലക്ഷ്മിയെ തനിക്കു  പത്നിയായി ലഭിക്കണമെന്നതായിരുന്നു. അതസാധ്യമാണെന്നും എക്കാലവും ലക്ഷ്മി തന്റെ ജീവിതസഖിയാണെന്നും വിഷ്ണു അയനെ അറിയിച്ചു. പക്ഷേ  അയാൾ തന്റെ ആവശ്യത്തിൽനിന്നു പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ,  ദ്വാപരയുഗത്തിൽ തൻ കൃഷ്ണാവതാരമെടുക്കുമ്പോൾ മഹാലക്ഷ്മി രാധയായി  അവതരിക്കുമെന്നും അയന്റെ  പത്നിയാകുമെന്നും വരം നൽകി. ഒന്നുകൂടി മഹാവിഷ്ണു സൂചിപ്പിച്ചു, ആ ജന്മത്തിൽ അഭിമന്യു ഒരു നപുംസകമായിരിക്കുമത്രേ! അത്  അനർഹമായത്  ആഗ്രഹിച്ചതിനുള്ള ശിക്ഷയായാണോ എന്നു  വ്യക്തമല്ല.

രാധയും കൃഷ്ണനും വിവാഹം കഴിച്ചതായും ചില കൃതികളിൽ പരാമർശമുണ്ട്. അത് ബ്രഹ്മാവിന്റെ ഒരു കുസൃതിയുടെ ബാക്കിപത്രമാണ്. ഗോകുലത്തിൽ കാലിമേച്ചുകഴിയുന്ന കൃഷ്ണൻ മഹാവിഷ്ണുവിന്റെ അവതാരം തന്നെയാണോ എന്ന് ബ്രഹ്മാവിന് സംശയം തോന്നി. അതൊന്നു തെളിയിക്കാനായി അദ്ദേഹമൊരു സൂത്രം പ്രയോഗിച്ചു. കാനനമധ്യേ  കാലിമേച്ചുനടന്നിരുന്ന ഗോപബാലകരെ മുഴുവൻ അപഹരിച്ചുകൊണ്ടുപോയി. അക്കൂട്ടത്തിൽ അയൽഗ്രാമത്തിൽനിന്നു കാലിമേക്കാൻവന്ന അയനും ഉണ്ടായിരുന്നു. പക്ഷേ ബ്രഹ്മാവ് അവരെ തിരികെയെത്തിക്കുംവരെ  കൃഷ്‌ണൻ അവരുടെയൊക്കെ രൂപത്തിൽ ഓരോരുത്തരുടെയും വീടുകളിലെത്തി ബന്ധുക്കളോടൊപ്പം സസന്തോഷം കഴിഞ്ഞു. അക്കൂട്ടത്തിൽ അയന്റെ  വീട്ടിൽ അയനായി ജീവിച്ചു. അക്കാലത്താണ് അയന്റെയും രാധയുടെയും വിവാഹം നടന്നത്.

എല്ലാമെല്ലാം ഭഗവാന്റെ ലീലാവിലാസങ്ങൾ!












Sunday, September 9, 2018

യാത്രവിസ്മയങ്ങൾ 8 - ശിർദ്ദി, ശനിശിംഗനാപൂർ

വളരെ അപ്രതീക്ഷിതമായാണ് ശിർദ്ദിയും  ശനിശിംഗനാപ്പൂർ ശനീശ്വരക്ഷേത്രവും ദർശിക്കുവാനായി  യാത്ര പുറപ്പെട്ടത്. കല്യാണിൽനിന്ന് 200 കിലോമീറ്ററിലധികം ദൂരമുണ്ട്, മഹാരാഷ്ട്രയിലെതന്നെ   അഹമ്മദ്‌നഗർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ രണ്ടു പുണ്യസ്ഥലങ്ങൾക്കും. അനേകായിരങ്ങൾ ദിനംപ്രതി വന്നുപോകുന്ന തീർത്ഥാടനകേന്ദ്രങ്ങളാണിവ. മഹാരാഷ്ട്രയിൽ  നിന്നുമാത്രമല്ല, കർണ്ണാടക, ആന്ധ്രപ്രദേശ് എന്നിവിടെങ്ങളിൽനിന്നും അനവധി ഭക്തർ ദിവസവും ആരാധനയ്ക്കായി  ഇവിടെയെത്തുന്നു. ഹിന്ദുക്കൾ ഹിന്ദുവായും മുസ്ലിം വിശ്വാസികൾ ഇസ്ലാമായും കരുതുന്ന സായിബാബയുടെ സമാധിസ്ഥലമാണ് ശിർദ്ദിയിലെ ആരാധനാകേന്ദ്രം. പല അത്ഭുതങ്ങളും പ്രവർത്തിച്ചിരുന്ന സായിബാബ 1918 ഒക്ടോബർ മാസത്തിലാണ് സമാധിയടഞ്ഞത്. ശിർദ്ദിസായിബാബയുടെ പുരാവതാരമാണ് പുട്ടപർത്തിയിലെ സത്യസായിബാബ എന്നും പറയപ്പെടുന്നു.

പുലർച്ചെ നാലുമണിക്കാണ് ശിർദ്ദിയിലെത്തിയത്.  ഹോട്ടലിൽ മുറിയെടുത്തു പ്രഭാതകൃത്യങ്ങൾ നടത്തി വേഗം തന്നെ ക്ഷേത്രത്തിലേക്ക് പോയി. അതിരാവിലെയായതിനാൽ വലിയ തിരക്കൊന്നുമില്ലാതെ ദർശനം  നടത്താൻ കഴിഞ്ഞു. അംബരചുംബികളൊന്നുമില്ലെങ്കിലും തീർത്ഥാടകരായെത്തുന്നവർക്കു താമസസൗകര്യവും മറ്റെല്ലാവിധ സൗകര്യങ്ങളുമൊരുക്കി ധാരാളം ഹോട്ടലുകളും മറ്റും ശിർദ്ദിയിലുണ്ട്. എല്ലാ തീർത്ഥാടനകേന്ദ്രങ്ങളിലുമുള്ളതുപോലെ പൂജാസാമഗ്രികൾ വിൽക്കുന്നവരുടെ ബാഹുല്യം ഇവിടെയുമുണ്ട്. പൂമാലയും പേഡയും   റോസാപ്പൂക്കളും ഒക്കെയാണ് പ്രധാനമായി ഭക്തർ സമർപ്പണത്തിനായി കൊണ്ടുപോകുന്നത്. ആട, പഴങ്ങൾ, എള്ളെണ്ണ എന്നിവയൊക്കെ എന്നിവയൊക്കെയും കാണിക്കയായി ഭക്തർ കൊണ്ടുപോകാറുണ്ട്. മറ്റു ക്ഷേത്രങ്ങളിലേതുപോലെ നാളികേരം ഇവിടെ കൊണ്ടുപോകാനാവില്ല.  പാസ് എടുത്തുവേണം അകത്തു കയറുവാൻ. മൊബൈൽ ഫോൺ, ക്യാമറ ഇവയൊന്നും കൊണ്ടുപോകാനാവില്ല. അവയൊക്കെ സൂക്ഷിക്കാൻ പ്രത്യേകസൗകര്യങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട് . ഞങ്ങൾ ഹോട്ടലിൽത്തന്നെയുള്ള ലോക്കറിൽ വെച്ചിട്ടാണു  പോയത്.   പരിശോധനകൾ പലയിടത്തുമുണ്ട്. ദർശനത്തിനായുള്ള നീണ്ട ക്യൂവിൽ ഭക്തരുടെ അച്ചടക്കമില്ലായ്മയും അതിസാമർത്ഥ്യവുമൊക്കെ നമ്മെ വല്ലാതെ അലോസരപ്പെടുത്തും. പക്ഷേ അതൊക്കെ അവിടെ പതിവുള്ളതുതന്നെ.  ക്യൂ നിൽക്കുന്ന വളഞ്ഞുതിരിഞ്ഞുള്ള  വഴികളിലൊക്കെ  സ്റ്റീൽ ബെഞ്ചുകളുണ്ട്. നിന്നും നടന്നും മടുക്കുമ്പോൾ ഇരിക്കുകയോ കിടക്കുകയോ ആവാം. കുഞ്ഞുങ്ങൾക്ക് പാലുകൊടുക്കാനുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്.   സന്നിധിയിലെത്തിക്കഴിഞ്ഞാൽ,  കൊണ്ടുപോകുന്ന പൂജാദ്രവ്യങ്ങൾ മൂർത്തിയിൽ തൊടുവിച്ചശേഷം പൂക്കളെടുത്ത്, ബാക്കിയുള്ളവ  ഭക്തർക്കുതന്നെ തിരികെനൽകും. മൂർത്തിയെ സ്ഥാപിച്ചിരിക്കുന്നിടമൊക്കെ സ്വർണ്ണത്തിൽ പൊതിഞ്ഞതാണ്. പുറത്തുള്ള കൊടിമരവും സ്വർണ്ണം പൊതിഞ്ഞതാണ്. 'ഉഡി' എന്ന ഭസ്മം പ്രസാദമായി ഭക്തർക്കു   നൽകുന്നുണ്ട്. അതുകൂടാതെ മധുരമുള്ള ബൂന്ദിയും പായ്ക്കറ്റാക്കി വിതരണം ചെയ്യുന്നുണ്ട്.
ക്ഷേത്രത്തിൽ ദിനംതോറും  മൂന്നുപ്രാവശ്യം നിവേദ്യവിതരണമുണ്ട്. താല്പര്യമുള്ള ഭക്തർക്കും ഈ അന്നദാനച്ചടങ്ങുകളിൽ സഹായിക്കാനാവും.

1918 ഒക്ടോബർ മാസം  വിജയദശമിനാളിലാണ് സായിബാബ സമാധിയടഞ്ഞത്. അതിനാൽ തന്നെ എല്ലാവർഷവും വിജയദശമി ഇവിടുത്തെ വളരെ പ്രധാനദിവസമാണ്. മാർച്ച്- ഏപ്രിൽ മാസങ്ങളിലെ രാമനവമിയും ജൂലൈ മാസത്തിലെ ഗുരുപൂർണ്ണിമയുമാണ്  മറ്റു രണ്ടു പ്രധാനദിനങ്ങൾ. ഈ ദിവസങ്ങളിലൊക്കെ ഭക്തജനങ്ങളുടെ പ്രവാഹം തന്നെയാവും ഇവിടേക്ക്.

മുംബൈയിൽ നിന്ന് 250  കിലോമീറ്ററിലധികം ദൂരം വരും ശിർദ്ദിയിലേക്ക് . റോഡുമാർഗ്ഗവും റെയിൽമാർഗ്ഗവും അവിടെയെത്താനാകും.  കോപ്പർഗാവ് (Kopergaon) എന്ന റെയിൽ‌വേസ്റ്റേഷൻ ആണ് ഏറ്റവും  അടുത്ത്. 16 കിലോമീറ്റർ ദൂരെയാണത്. . പിന്നെ മൻ‌മാഡ്  (Manmad) എന്ന സ്ഥലത്തെ റെയിൽ‌വേസ്റ്റേഷൻ. അത് 50  കിലോമീറ്ററിലധികം  ദൂരത്താണ്.

ദർശനമൊക്കെക്കഴിഞ്ഞു പ്രഭാതഭക്ഷണവും  കഴിച്ച്,   ശിർദ്ദിയിൽനിന്ന്  ഒമ്പതരകഴിഞ്ഞപ്പോൾ പ്രസിദ്ധമായ ശനിശിംഗനാപ്പൂർ ശനീശ്വരക്ഷേത്രത്തിലേക്കു  യാത്രതിരിച്ചു. ശിർദ്ദിയിൽ  നിന്നു  ഏകദേശം 75 കിലോമീറ്റർ ദൂരമുണ്ട്. മഹാരാഷ്ട്രയുടെ ഗ്രാമദൃശ്യങ്ങളിലൂടയുള്ള അതീവഹൃദ്യമായൊരു യാത്ര. ഹരിതാഭയാർന്ന കൃഷിയിടങ്ങൾ. ഫലങ്ങൾ നിറഞ്ഞ പഴത്തോട്ടങ്ങൾ. വഴിയോരത്തൊക്കെ വിൽക്കാൻവെച്ചിരിക്കുന്ന പഴുത്തുതുടുത്ത മാതളനാരങ്ങയും പേരയ്ക്കയും തൊട്ടടുത്ത കൃഷിയിടങ്ങളിൽ നിന്നുള്ളതാണ്. ഇടയ്ക്കിടെ ഒട്ടും നിറപ്പകിട്ടില്ലാത്ത  കൊച്ചുകൊച്ചു അങ്ങാടികൾ. ഒക്കെപ്പിന്നിട്ടു  പന്ത്രണ്ടുമണിയോടടുത്തു അവിടെയെത്താൻ
. നട്ടുച്ചയാണെങ്കിലും ക്ഷേത്രത്തിൽ അഭൂതപൂർവ്വമായ തിരക്കാണെന്നു ഗൈഡ് പറഞ്ഞിരുന്നു. ശനിയാഴ്ചയും അമാവാസിയും ചേർന്നുവന്ന ദിവസമായതുകൊണ്ടാണത്രേ  ഇത്രയധികം ഭക്തജനതിരക്ക്. ഇവിടുത്തെ ഏറ്റവും പ്രധാനദിനങ്ങളിലൊന്നാണത്.

കലിയുഗാരംഭത്തിൽ രൂപംകൊണ്ടെന്നു കരുതപ്പെടുന്നതാണ് ഇവിടുത്തെ   ശനീശ്വര ക്ഷേത്രം. .മേൽക്കൂരയോടു കൂടിയ  അടച്ചുകെട്ടിയ ഒരു ക്ഷേത്രമില്ല എന്നതാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സാധാരണ ക്ഷേത്രങ്ങളിലേതുപോലെ ഒരു ആള്‍രൂപവിഗ്രഹവും ഇവിടെയില്ല. ഉള്ളത് സ്വയംഭൂവായൊരു കൃഷ്ണശിലയാണ്. തറകെട്ടി സംരക്ഷിച്ചിരിക്കുന്ന അഞ്ചരയടി പൊക്കമുള്ള ശില. മുമ്പിലൊരു ശൂലം. തൊട്ടരികെ ശിവന്റെയും ഹനുമാന്റെയും കൊച്ചു വിഗ്രഹങ്ങള്‍. തെക്കുഭാഗത്തായി നന്ദിയും . ആര്‍ഭാടങ്ങളൊന്നുമില്ലാതെ ദൈവമിരിക്കുന്ന മണ്ണാണിത്; മറാഠികളുടെ 'ജാഗൃത ദേവസ്ഥാന്‍'.  സദാ ജാഗരൂഗനായ ദേവനിരിക്കുന്ന സ്ഥാനമെന്ന് അര്‍ഥം.

സ്വയംഭൂവായ ശനിക്കു പിന്നില്‍ ഐതിഹ്യപ്പെരുമയുള്ളൊരു കഥയുണ്ട്. നൂറ്റാണ്ടുകള്‍ക്കപ്പുറം ഒരു മഹാമാരിക്കാലത്ത് ശിംഗനാപ്പൂരിലെ പാനസ്‌നാലയെന്ന നദിയിലൂടെ ഒരു കറുത്ത കൂറ്റന്‍ ശില ഒഴുകിയെത്തി. അതു വലിയൊരു മരത്തിന്റെ വേരിലുടക്കി നിന്നു. ഗ്രാമത്തിലെ ആട്ടിടയന്മാരായിരുന്നു ആ കാഴ്ച ആദ്യമായി കണ്ടത്. അവരിലൊരാള്‍ കയ്യിലിരുന്ന ഇരുമ്പുദണ്ഡുകൊണ്ട് ശില കുത്തി ഉയര്‍ത്താന്‍ ശ്രമിച്ചു. അപ്പോള്‍ ശിലയില്‍ നിന്ന് രക്തപ്രവാഹമുണ്ടായതു കണ്ടു പരിഭ്രാന്തരായിത്തീര്‍ന്ന ആട്ടിടയന്മാര്‍ ഗ്രാമീണരെ വിവരമറിയിച്ചു. ഓടിക്കൂടിയ ജനങ്ങള്‍ എത്ര ശ്രമിച്ചിട്ടും ആ ശില ഇളക്കാന്‍ പോലും സാധിച്ചില്ല. ഇരുമ്പുദണ്ഡുകൊണ്ട് കല്ലില്‍ കുത്തിയ ആട്ടിടയന് അന്നു രാത്രി സ്വപ്‌നത്തില്‍ ശനീശ്വരന്‍ ദര്‍ശനം നല്‍കി. തന്റെ സാന്നിധ്യമാണ് ആ കൂറ്റന്‍ ശിലയിലുള്ളതെന്ന് ശനീശ്വരന്‍ അരുളിച്ചെയ്തുവത്രെ. അത് പൊക്കിയെടുക്കുക എളുപ്പമല്ലെന്നും രക്തബന്ധത്തില്‍പ്പെട്ട രണ്ടു പേര്‍ ഒരുമിച്ച് ശ്രമിച്ചാലേ അതു സാധ്യമാകൂ എന്നും ഭഗവാന്‍  നിര്‍ദ്ദേശിച്ചു. ഏതെങ്കിലും ഒരു പുരുഷനും അയാളുടെ സഹോദരീപുത്രനും ചേര്‍ന്നു വേണം ഈ കര്‍മ്മം ചെയ്യാന്‍. എന്നും അവിടെ പൂജ ചെയ്യണം. ശനിയാഴ്ച തൈലാഭിഷേകം ( എള്ളെണ്ണയഭിഷേകം ) നടത്തണം. ഒരിക്കലും ശിലയ്ക്കു മേല്‍ക്കൂര പണിയരുത്. എക്കാലവും ആകാശമായിരിക്കണം അതിനു മേലാപ്പ്. മറ്റൊന്നു കൂടി പറഞ്ഞു: ശിംഗനാപ്പൂരിലെ വീടുകള്‍ക്ക്  വാതില്‍പ്പാളികള്‍ വെയ്‌ക്കേണ്ടതില്ല. എല്ലാ ആപത്തുകളില്‍ നിന്നും  ശനിഭഗവാൻ  കാത്തുകൊള്ളും. (ഇന്നും  ഒരു മോഷ്ടാവും വീടുകളില്‍ കടന്നുചെല്ലാന്‍ ധൈര്യപ്പെടില്ല. )

സ്വപ്‌നത്തിലുണ്ടായ സംഭവങ്ങള്‍ ആട്ടിടയന്‍ നാട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് എല്ലാവരും സംഘടിച്ചു യഥാവിധി കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി. തറകെട്ടി അതിനു മീതെ ശില കുത്തനെ നാട്ടി പൂജയാരംഭിച്ചു. അമ്പലമില്ലാത്ത ശനിശിംഗനേശ്വരന്റെ ചരിത്രം അവിടെ തുടങ്ങുന്നു. അന്നു തുടങ്ങിയ അനുഷ്ഠാനങ്ങള്‍ക്ക് ഇന്നും മാറ്റമില്ല. കാലം എത്രയോ  മുന്നോട്ടുനീങ്ങിയെങ്കിലും വിശ്വാസങ്ങളെ  മാറ്റി പ്രതിഷ്ഠിക്കാന്‍ ഇവിടുത്തെ ജനത ഒരുക്കമല്ല. കാരണം വിശ്വാസങ്ങള്‍ക്ക് ബലം പകരുന്ന ഒരു പാട് സാക്ഷ്യങ്ങളുണ്ട് അവര്‍ക്കു പറഞ്ഞുകേള്‍പ്പിക്കാന്‍. വാതിലുകളില്ലാത്ത വീടുകളില്‍ ഇന്നും അവര്‍ പേടി കൂടാതെ ഉറങ്ങുന്നത് ശനീശ്വരന്റെ കാവലിലാണ്. ബാങ്കുകളുൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും വാതിലുകളില്ല എന്നത് എടുത്തുപറയേണ്ട കാര്യമാണ് .

 ഒരാള്‍ക്ക് പാമ്പുകടിയേറ്റാല്‍ ഈ ഗ്രാമം ഓടിയെത്തുന്നതും ഈ സന്നിധിയിലേക്കാണ്. കടിയേറ്റ ആളെ വെള്ളത്തുണിയല്‍ പൊതിഞ്ഞ് ക്ഷേത്രത്തിലെത്തിക്കും. ബന്ധുവായ ഒരു പുരുഷന്‍ ശനിയുടെ ശിലയില്‍ ധാര ചെയ്തു വെള്ളം മരുന്നായി നല്‍കും. വിഷമിറങ്ങാന്‍ പിന്നെ ഒട്ടുംവൈകില്ലത്രേ. മറ്റൊരു അത്ഭുതം കൂടി കേള്‍ക്കുക. സ്വയംഭൂവായ ശിലയ്ക്ക് സമീപം ഒരു ആര്യവേപ്പും അത്തിമരവും പടര്‍ന്നുനില്‍പ്പുണ്ട്. രണ്ടിന്റെയും ശിഖരങ്ങള്‍ നീണ്ട് ശിലയ്ക്കരികിലെത്തിയാല്‍ അത് താനേ ഉണങ്ങിക്കരിയും. ഒരിക്കലും ശിലയ്ക്ക് തണലായി നില്‍ക്കില്ല. ശനിയുടെ സാന്നിധ്യം നിറയുന്ന ഇത്തരം കഥകള്‍ക്കിവിടെ പഞ്ഞമില്ല. എത്രപറഞ്ഞാലും തീരാത്ത വിശ്വാസകഥകൾ.

നാലു നൂറ്റാണ്ടിലേറെയായി സ്ത്രീകൾക്ക് ഗർഭഗൃഹത്തിൽ പ്രവേശിച്ചു പൂജ നടത്താനുള്ള അനുവാദം ഉണ്ടായിരുന്നില്ല. മൂർത്തിക്കുചുറ്റുമായി രൂപപ്പെട്ടിട്ടുള്ള പ്രത്യേകമായ ഊർജ്ജസാന്നിധ്യം താരതമ്യേന ദുർബ്ബലമായ സ്ത്രീശരീരത്തിനു പ്രതികൂലമായി ബാധിക്കുമെന്ന വിശ്വാസമാണ് ഇത്തരമൊരു  വേർതിരിവിനു  നിദാനം. ഒന്നരവർഷം മുമ്പാണ്  അതിനു മാറ്റം  വരുത്തി കോടതിവിധിയുണ്ടായത്. തൃപ്തി ദേശായിയുടെയും മറ്റും നേതൃത്വത്തിൽ  ഒട്ടനവധി സമരങ്ങളും മറ്റും അതിനായി നടന്നുവന്നിരുന്നു.

ദിവസവും അമ്പതിനായിരത്തിലേറെപ്പേരാണ് പ്രാർത്ഥനയുമായി  ശനിശിംഗനാപ്പൂരിലെത്തുന്നത്. ശനിദോഷപരിഹാരത്തിനായി ഇന്ത്യയുടെ എല്ലാഭാഗത്തുനിന്നും ഭക്തർ ഇവിടെയെത്തുന്നു.  അമാവാസി നാളിലാണെങ്കില്‍ ഭക്തരുടെ എണ്ണം മൂന്നു ലക്ഷം കവിയും.  അമാവാസിയും ശനിയാഴചയും ചേർന്ന് വരുന്ന ദിനങ്ങൾ ഏറ്റവും പുണ്യമെന്നു കരുതപ്പെടുന്നു. ആ ദിനങ്ങളിൽ അഭൂതപൂർവമായ തിരക്കായിരിക്കും .  ഭക്തരുടെ കയ്യിൽ കറുത്ത തുണിയില്‍ പൊതിഞ്ഞ ശനിയുടെ പേടിപ്പെടുത്തുന്ന രൂപവും ഉണ്ടാകും നാളികേരവും എരുക്കിന്റെ ഇലകൾക്കൊരുത്ത മാലയും കറുത്ത തുണിയും ഒക്കെ തലത്തിൽ കരുതിയിട്ടുണ്ടാവും. ഒപ്പം എണ്ണ  നിറച്ചൊരു കുപ്പിയും. കാലാകാലങ്ങളായി ഭക്തരുടെ എണ്ണയഭിഷേകത്തിലാണ് ശനീശ്വരന്റെ കറുത്ത കൃഷ്ണശില. ഈ എണ്ണ  മണ്ണിലും പടർന്നിട്ടുള്ളതിനാലാവാം നടക്കുമ്പോൾ കാലിൽ ഒട്ടലനുഭവപ്പെടുന്നുമുണ്ട് . കുളികഴിഞ്ഞു ഈറനോടെ ദർശനം  നടത്തണമെന്നാണു  വിശ്വാസം.(കുളിമുറിയും കാവിമുണ്ടുമാണ് ശനിശിംഗനാപ്പൂരിലെ പ്രധാന ബിസ്സിനെസ്സ് എന്ന്  മോഹൻലാൽ ഒരിക്കൽ ഇവിടേക്കുള്ള യാത്രയെക്കുറിച്ചെഴുതിയ  കുറിപ്പിൽ പറഞ്ഞതോർക്കുന്നു) . പക്ഷേ നട്ടുച്ചസമയമായതിനാലാവാം അങ്ങനെയാരെയും അവിടെ കണ്ടതുമില്ല.    ശനിജയന്തിയാണ് ഇവിടുത്തെ പ്രധാന ആഘോഷം. പല്ലക്കില്‍ ഭഗവാനെയിരുത്തി നാടുനീളെ ഘോഷയാത്രയായി  എഴുന്നെള്ളിക്കുന്നതാണ്    ആഘോഷത്തിന്റെ പ്രധാന ചടങ്ങ് .  എല്ലാദിവസവും അന്നദാനമുണ്ട്.

രണ്ടരമണിയോടെ മടക്കയാത്ര. 225 കിലോമീറ്ററിലധികം ദൂരമുണ്ടു  കല്യാണിലേക്ക് .   കൃഷിയിടങ്ങൾക്കു മധ്യത്തിലൂടെയുള്ള നല്ല റോഡ് . ചുവന്നുതുടുത്ത മാതളപ്പഴങ്ങൾ നിറയെപ്പിടിച്ചുകിടക്കുന്ന ചെറിയ ചെടികൾ, പൂത്തുതുടങ്ങിയ ചോളച്ചെടികൾ, പച്ചവിരിച്ചു പരന്നുകിടക്കുന്ന കരിമ്പിൻതോട്ടങ്ങൾ, പൂക്കാനൊരുങ്ങിനിൽക്കുന്ന  മുന്തിരിത്തോട്ടങ്ങൾ, നിറയെ പൂക്കളുമായി സൂര്യകാന്തിപ്പാടങ്ങൾ, ... അങ്ങനെ എന്തൊക്കെ കൃഷിക്കാഴ്ചകളാണ് !  പീഠഭൂമിപ്രദേശമായ സമതലം കടന്നുകഴിഞ്ഞാൽ പിന്നിടുന്ന പശ്ചിമഘട്ടത്തിലെ  സഹ്യപർവ്വതതനിരകളുടെ ദൃശ്യഭംഗി വർണ്ണനാതീതം. ഉയർന്ന മലനിരകളിൽ ഒട്ടനവധി വെള്ളച്ചാട്ടങ്ങൾ. മഴ കുറവായതുകൊണ്ടു  ജലസമൃദ്ധി കുറഞ്ഞെങ്കിലും കാഴ്ചയ്ക്കു കൗതുകം പകരുന്നവ തന്നെ.  നോക്കിനോക്കിയിരിക്കെ ഇരുട്ടു പരന്നു. പിന്നെയും നീണ്ട യാത്ര.  ഒമ്പതുമണിയോടെ വീട്ടിലെത്തി. അങ്ങനെ അപ്രതീക്ഷിതമായ ഈ തീർത്ഥയാത്രയ്ക്കു  പരിസമാപ്തിയുമായി.

Image result for shirdi sai baba images





Image may contain: one or more people, people standing and outdoor

Image result for ശനിശിംഗനാപ്പൂർ