Saturday, November 23, 2019

യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ - 6

യാത്രകളിൽ എന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ  - 6

സുവർണ്ണക്ഷേത്രവും ജാലിയൻവാലാബാഗും  

=========================================

പത്രത്താളുകളിലും ടെലിവിഷനിലുമൊക്കെ സുപരിചിതമായ ദൃശ്യമായിരുന്നു  വടക്കൻ പഞ്ചാബിലെ പട്ടണമായ  അമൃത്‌സറിലെ സുവർണ്ണക്ഷേത്രം. ലോകത്താകമാനമുള്ള  സിക്കുമതസ്ഥരുടെ  ഏറ്റവും പ്രധാനപ്പെട്ട ആരാധനാകേന്ദ്രം- ഗുരുദ്വാര. 'ഹർമന്ദിർ സാഹിബ്' എന്നാണ് ഈ ഗുരുദ്വാരയുടെ  ശരിയായ നാമം. സിക്കുകാരുടെ വത്തിക്കാനെന്നാണ്  അമൃത്സറിലെ സുവർണ്ണക്ഷേത്രം അറിയപ്പെടുന്നത്. ആരാധനയുടെ മാത്രമല്ല, വിഘടനവാദത്തിന്റെയും  ഭീകരതയുടെയും കലാപത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയുമൊക്കെ ധാരാളം കഥകൾ പറയാനുണ്ട് ഈ പുണ്യസങ്കേതത്തിന്. ഇന്ദിരാഗാന്ധിയുടെ കാലത്തെ ബ്ലൂസ്റ്റാർ ഓപ്പറേഷനും നമുക്കു മറക്കാനാവില്ലല്ലോ. 

ഒരുപാടു പ്രത്യേകതകളുള്ള ഈ ക്ഷേത്രത്തിന്റെ സ്ഥിതിസ്ഥാപനമാണ് ആദ്യംതന്നെ നമ്മുടെ ശ്രദ്ധപിടിച്ചുപറ്റുന്നത്. പ്രശസ്തങ്ങളായ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും പൊതുവെ ഉയർന്ന സ്ഥലങ്ങളിലായിരിക്കും സ്ഥാപിതമായിരിക്കുന്നത്. എന്നാൽ ഈ ക്ഷേത്രം ആർക്കും ബുദ്ധിമുട്ടില്ലാതെഎത്തിച്ചേരാവുന്ന വിധത്തിൽ താരതമ്യേന  ഉയരംകുറഞ്ഞഭാഗത്താണ് നിർമ്മിതമായിരിക്കുന്നത്.  ചുറ്റുമതിൽപോലെ പണിതുയർത്തിയിരിക്കുന്ന 'ദർശനി ദിയോരഹി' എന്നറിയപ്പെടുന്ന രണ്ടുനിലയിലുള്ള  കെട്ടിടസമുച്ചയത്തിനുള്ളിലെ തടാകത്തിനു മദ്ധ്യത്തിലാണ് സുവർണ്ണക്ഷേത്രം.  നാലു കൂറ്റൻ വാതിലുകളിലൂടെ ഭക്തർക്ക് ഉള്ളിൽ പ്രവേശിക്കാം.  ആദ്യ സിക്ക്ഗുരുവായ ഗുരുനാനാക്ക് ധ്യാനിച്ചിരുന്നിടത്താണ് ഈ ക്ഷേത്രഭാഗം  നിലകൊള്ളുന്നത്. (ശ്രീബുദ്ധനും ഇവിടെ ധ്യാനിച്ചിരുന്നു എന്ന വിശ്വാസവുമുണ്ട് .) അവിടേക്കുപോകാൻ തടാകത്തിലൂടെ   നടപ്പാതയുമുണ്ട്.   തൂവെള്ള മാർബിളിലാണ് ക്ഷേത്രം    നിർമ്മിച്ചിരിക്കുന്നത്. പകുതിക്കുമുകളിൽ  മുഴുവനായി സ്വർണ്ണം പൊതിഞ്ഞിരിക്കുന്നു. ശുഭ്രവർണ്ണവും സ്വർണ്ണവർണ്ണവും  മാത്രമേ ഇതിൽ നമുക്ക് കാണാൻ കഴിയൂ. ലളിതമെങ്കിലും അതിമനോഹരമാണ് ഇതിന്റെ നിർമ്മാണം. മൂന്നുനിലകളായാണ് ക്ഷേത്രം നിലകൊള്ളുന്നത്. ഒരുനില ഭൂനിരപ്പിനു താഴെയാണ്. സരോവരത്തിലെ ജലം വറ്റുമ്പോൾ മാത്രമേ പുറമെനിന്ന് ആ ഭാഗം കാണാൻ കഴിയൂ. അതിനുമുകളിലുള്ള നിലയിലാണ് ഗുരുഗ്രന്ഥസാഹിബ്. ഏറ്റവും മുകളിൽ ശീഷ്മഹൽ. ക്ഷേത്രവും തടാകത്തിലെ അതിന്റെ പ്രതിബിംബവുമൊക്കെച്ചേർന്ന കാഴ്ച അതിമനോഹരമാണ്.  ജാതിമതവർണ്ണഭേദമില്ലാതെ ഏവർക്കും പ്രവേശിക്കാനും ആരാധനനടത്തുവാനും കഴിയുന്നൊരു ആത്മീയകേന്ദ്രമാണ് ഈ ക്ഷേത്രം. പക്ഷേ അകത്തേക്കു കടക്കണമെങ്കിൽ കുട്ടികളടക്കം എല്ലാവർക്കും തലമുടി പുറത്തുകാണാത്തവിധത്തിലുള്ള    ശിരോവസ്ത്രം വേണമെന്ന് നിർബ്ബന്ധമുണ്ട്. അതറിയാതെ അവിടെയെത്തുന്നവർക്കു തല മറയ്ക്കുന്നതിനായി സ്കാർഫ് അവിടെനിന്നുതന്നെ ലഭിക്കുന്നതുമാണ്. (തമിഴ് സ്ത്രീകൾ വിധവകളാണെങ്കിൽ മാത്രമേ ശിരസ്സ് വസ്ത്രംകൊണ്ടു മറയ്ക്കാറുള്ളു. അതിനാൽ വിസമ്മതം പറഞ്ഞ ഒരു  തമിഴ്സ്ത്രീക്ക് അവിടെ പ്രവേശനം  നിഷേധിച്ചത്  ഓർമ്മയിൽ വരുന്നു.) 

'സിക്ക് ഗുരുദ്വാര'യാണെങ്കിലും ഇതിന്റെ ശിലാസ്ഥാപനം നടത്തിയത് മിർ  മിയാൻ എന്ന മുസ്ലിം ദിവ്യനായിരുന്നു. എ.ഡി 1585 ല്‍ ഗുരു രാംദാസിന്റെ നേതൃത്വത്തില്‍ ക്ഷേത്രനിര്‍മ്മാണം തുടങ്ങുകയും 1604 ല്‍ ഗുരു അര്‍ജ്ജുന്‍ ദേവിന്റെ കാലത്ത് നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. ഒരു ദിവസം ഒരു ലക്ഷത്തിലധികം സന്ദർശകരെത്തുന്ന സുവർണ്ണക്ഷേത്രത്തിലെ   സന്ദർശകരിൽ  നാല്പതുശതമാനത്തോളം ഇതരമതസ്ഥരാണ് എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളിലൊന്നാണ്. സിക്കുമതത്തിന്റെ പുണ്യഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബിലെ മന്ത്രങ്ങൾ  സദാ മുഴങ്ങിക്കൊണ്ടിരിക്കുന്ന ക്ഷേത്രാന്തരീക്ഷം ശാന്തിയുടെയും സമാധാനത്തിന്റെയും കേദാരമാണ്. സരോവരത്തിലെ ജലം പുണ്യതീർത്ഥമായി  കരുതപ്പെടുന്നു.  ഇവിടെ സ്നാനം ചെയ്തു ദേഹശുദ്ധിവരുത്തിയോ കൈകാലുകൾ കഴുകിയശേഷമോ ക്ഷേത്രത്തിൽ പ്രവേശിക്കാം. നീണ്ട ക്യൂവിൽ നിന്നശേഷമേ അകത്തുകയറാൻ  കഴിയൂ. 

ഒരുപക്ഷേ ലോകത്തുതന്നെ മറ്റെവിടെയുമില്ലാത്ത മതഗ്രന്ഥാരാധന ഈ ക്ഷേത്രത്തിലെ ഒരു സവിശേഷതയാണ്. രാത്രിയിൽ 'അകാൽതക്ത് എന്ന മുറിയിൽ സൂക്ഷിക്കുന്ന, ഗുരുഗ്രന്ഥസാഹിബ് എന്ന വിശുദ്ധഗ്രന്ഥം കാലത്ത്  പ്രധാനാഹാളിലേക്കു പട്ടിൽപ്പൊതിഞ്ഞ് ഘോഷയാത്രയായിക്കൊണ്ടുവന്നു പാൽകൊണ്ടു കഴുകിയ പീഠത്തിൽ വെച്ച് പകൽ മുഴുവൻ  ആരാധിക്കുകയും പാരായണം ചെയ്യുകയും ചെയ്യുന്നു.    പാരായണം നടത്തുന്നവരെ ഗ്രന്ഥി എന്നാണു വിളിക്കുന്നത്. മൂന്നുമണിക്കൂർ ഇടവിട്ട് ഇവർ മാറിക്കൊണ്ടിരിക്കും. വൈകുന്നേരം ഗുരുഗ്രന്ഥസാഹിബിനെ പല്ലക്കിൽ അകാൽതക്തിലേക്കു കൊണ്ടുപോകും. 'പൽക്കിസാഹിബ്' എന്നാണ് ഈ ചടങ്ങറിയപ്പെടുന്നത്. രാത്രികാലങ്ങളിൽ ഗ്രന്ഥത്തിന് അകാൽതക്തിൽ 'സുഖാസൻ' ആയിരിക്കും. 

ഏറെ അതിശയകരമായിത്തോന്നിയത് 'ലംഗാർ' എന്നറിയപ്പെടുന്ന അന്നദാനമാണ്. ഇവിടെയെത്തുന്ന എല്ലാ സന്ദർശകർക്കും വിഭവസമൃദ്ധമായ  ഈ ഭക്ഷണം ലഭ്യമാണ്.  ഈശ്വരപ്രസാദമായിട്ടാണ് ഭക്തർ ഇത് സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഗുരുദ്വാരയിലെത്തുന്ന  എല്ലാവരും ഭക്ഷണം കഴിച്ചേ മടങ്ങാറുള്ളു. രണ്ടു ഹാളുകളിലായി അയ്യായിരം പേർക്ക് ഒരുസമയം ഭക്ഷണം കഴിക്കാനാവും.  ചില ദിവസങ്ങളിൽ ഒരുലക്ഷംപേർവരെ ലംഗാറിൽ പങ്കുകൊള്ളാറുണ്ട്. നിലത്തു നിരയായി വിരിച്ചിരിക്കുന്ന പായകളിലിരുന്നുവേണം ഭക്ഷണം കഴിക്കാൻ.  ഭക്ഷണം തയ്യാറാക്കുന്നതും വിളമ്പുന്നതും പാത്രങ്ങൾ കഴുകുന്നതുമൊക്കെ ക്ഷേത്രത്തിലെ ഭക്തർ തന്നെയാണ്. സ്ത്രീപുരുഷഭേദമെന്യേ അതിസമ്പന്നർപോലും ഇവിടെ സന്തോഷത്തോടെ ഈ ജോലികൾ ചെയ്തുവരുന്നു. അങ്ങേയറ്റം ശുചിത്വത്തോടെയാണ് ഭക്ഷണം തയ്യാറാക്കുന്നതും വിളമ്പുന്നതും എന്നത് ഏറെ ശ്രദ്ധേയമാണ്. തികച്ചും സൗജന്യമായാണ് ഭക്ഷണം നല്കുന്നതെങ്കിലും  ഭക്തർക്ക് വേണമെങ്കിൽ പണം സംഭാവനയായി നൽകുകയുമാവാം.

ക്ഷേത്രത്തിൽനിന്നിറങ്ങിയശേഷം കുറച്ചുസമയം അമൃത്സറിലെ തെരുവു കളിലൂടെയൊക്കെ പൊരിവെയിലത്തുനടന്ന് , സ്വാദേറിയ ലസ്സി കുടിച്ച്, പിന്നീടു പോയതു ഇന്ത്യാചരിത്രത്തിലെ കണ്ണീരോർമ്മയായ ജാലിയൻവാലാബാഗിലേക്കാണ്. സുവർണ്ണക്ഷേത്രത്തിനു വളരെയടുത്താണിത്. ചുറ്റുമതിലുകളാൽ ബന്ധനസ്ഥമായ,  ഏഴേക്കറോളം വിസ്തൃതമായൊരു പൊതു ഉദ്യാനമാണിത്. ജാലിയന്‍വാലാബാഗിന്റെ ചരിത്രം രേഖപ്പെടുത്തുന്ന ഫലകം ഉദ്യാനത്തിന്റെ കവാടത്തിലായി സ്ഥാപിച്ചിട്ടുണ്ട്‌. അവിടെ സന്ദർശിക്കുന്നവരിൽ ഉള്ളിന്റെയുള്ളിൽനിന്നൊരു തേങ്ങലുയരാത്തവർ ആരുമുണ്ടാവില്ല.

 1919 ഏപ്രിൽ 13ന് സിഖ് പുതുവർഷ  ഉത്സവമായ ബൈശാഖി ആഘോഷിക്കാനായി കൂടിയ ജനത്തിനു  നേരെ ജനറൽ ഡയറിന്റെ ആജ്ഞപ്രകാരം സൈന്യം വെടിയുതിർക്കുകയായിരുന്നു. നിരായുധരായ, വൃദ്ധരും  സ്ത്രീകളും കുട്ടികളുമടങ്ങിയ ജനതതിക്ക് ആകെയുണ്ടായിരുന്ന  ഇടുങ്ങിയ  വാതിലിലൂടെ ഓടിരക്ഷപ്പെടാൻ പോലുമാകുമായിരുന്നില്ല. പ്രാണരക്ഷാർത്ഥം   ഉദ്യാനത്തിലെ കിണറിൽ നിരവധിയാളുകൾ ചാടുകയുണ്ടായി. അങ്ങനെ ജീവൻപൊലിഞ്ഞവരും അനവധി.  ആ കിണറും കമ്പിവലയും  മേൽക്കൂരയുമൊക്കെയൊരുക്കി സംരക്ഷിച്ചിരിക്കുന്നു. അന്ന് മൃതദേഹങ്ങളാൽ നിറഞ്ഞ കിണറ്റിൽ ഇന്ന് നാണയത്തുട്ടുകളാണ്  കാണാൻ കഴിയുന്നത്. 1650 റൗണ്ട് വെടിയുതിർത്തുവെന്ന് ഡയർ തന്നെ സ്വന്തം  മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്ക് പ്രകാരം അന്ന് 379 പേർ മരിക്കുകയും 1200 പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. പക്ഷേ അതിലുമെത്രയോ അധികമാണ് യാഥാർത്ഥകണക്ക്! (1920ൽ ശിക്ഷനടപടിയായി നിർബന്ധിത വിരമിക്കലിന് ഡയർ വിധേയനായി.) കാലത്തിനു മായ്ക്കാനാവാതെ ചരിത്രത്തിലെ ഈ കറുത്ത അദ്ധ്യായത്തിന്റെ  കണ്ണീരോർമ്മകളായി, വെടിയുണ്ടയുടെ   പാടുകൾ നമുക്കിന്നും ഉദ്യാനത്തിന്റെ ചുവരുകളിൽ കാണാൻ കഴിയും. എവിടെനിന്നാണോ വെടിയുതിർത്തത്, അവിടെ  ഒരു സ്തൂപവും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.  അന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ ഒരു സ്മാരകവും ഉദ്യാനത്തിലുണ്ട്.

ഉദ്യാനത്തിനു  പുറത്തുകടക്കുമ്പോൾ  ഷഹീദ് ഉദ്ദം സിംഗിന്റെ കൂറ്റൻ പ്രതിമ കാണാം. ഡയറിന്റെ വെടിവയ്പ്പിൽ  ജാലിയൻവാലാബാഗിലൊഴുകിയ  രക്തം തന്റെ ഉള്ളം കയ്യിലേന്തി പ്രതിജ്ഞ എടുക്കുന്ന ഉദ്ദം സിംഗ് ആണ് 1999 ൽ സ്ഥാപിക്കപ്പെട്ട ഈ  പ്രതിമയിൽ . ബൈശാഖിആഘോഷവേളയിൽ   അവിടെ കൂടിയിരുന്ന ജനങ്ങൾക്ക് ദാഹജലം  കൊടുക്കുകയായിരുന്നു ആ ഇരുപതുകാരൻ. ജനറൽ ഡയറിന്റെ  ക്രൂരത കണ്ടറിയേണ്ടിവന്ന ആ യുവാവ്  അവിടെ ഒഴുകിയ ചോര കയ്യിൽ എടുത്തു കൊണ്ട് ജനറൽ ഡയറിനെ വധിക്കുമെന്ന് പ്രതിജ്ഞയെടുത്തു. തന്റെ പ്രതിജ്ഞ നിറവേറ്റുവാനായി ഏറെ അലഞ്ഞ്,  ഒടുവിൽ 1934 ൽ റാം മുഹമ്മദ് സിംഗ് ആസാദ് എന്ന കള്ളപേരിൽ ലണ്ടനിൽ എത്തിയ ഉദ്ദം  1940 മാർച്ച് 13 ന് തന്റെ തോക്കിൽ നിന്നും ആറ് തവണ നിറയൊഴിച്ച് ജനറൽ ഡയറിനെ വധിച്ച് തന്റെ പ്രതിജ്ഞ നിറവേറ്റി. വധത്തിനുശേഷം  ഓടി  രക്ഷപ്പെടുവാൻപോലും  കൂട്ടാക്കാത്ത  ഭാരതത്തിന്റെ ഈ ധീരപുത്രൻ ആത്മനിർവൃതിയുടെ  ഒരു ചെറുപുഞ്ചിരിയോടെ അറസ്റ്റു വരിക്കുകയായിരുന്നു.1940 ജൂലൈ 31 ന്  ബ്രിട്ടീഷുകാർ അദ്ദേഹത്തെ തൂക്കിലേറ്റി. അദ്ദേഹത്തിന്റെ ആയുധങ്ങളും ഡയറിയുമൊക്കെ സ്കോട്ലൻഡ് യാർഡിലെ ബ്ലാക്ക് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

സുവർണ്ണക്ഷേത്രം ആത്മീയതയുടെ അവാച്യാനുഭൂതി പകർന്നുനൽകിയ ദീപ്തസ്മരണകൾ സമ്മാനിച്ചുവെങ്കിൽ ആളിക്കത്തിയ  അത്മരോഷാഗ്നിയിൽ  ദേശസ്നേഹത്തിന്റെ കെടാവിളക്കുകൾ ഹൃദയത്തിന്റെ ഏറ്റവും പവിത്രമായ ശ്രീകോവിലിൽ കൊളുത്തിവയ്ക്കുകയായിരുന്നു ജാലിയൻ വാലാബാഗ് . അമൃത്‌സർ എല്ലാവിധത്തിലും അവിസ്മരണീയമായൊരു പുണ്യഭൂമിതന്നെ. ഈ യാത്രയും ഒരിക്കലും മറക്കാൻ കഴിയാത്തത്.

Image result for golden temple





















No comments:

Post a Comment