Tuesday, April 28, 2020

ഉത് സ്‌ കുഷി നിഹോൺ - 6

6 - അരാഷിയാമയിലെ മുളങ്കാടും ഒസാക്ക  കാസിലും
-------------------------------------------------------------------------------------------
ക്യോത്തോസ്റ്റേഷനിൽനിന്നു ഹോട്ടലിലേക്കു ബസ്സിൽ യാത്രചെയ്യുമ്പോഴാണ് ജപ്പാനിലെ പ്രസിദ്ധമായ ബാംബൂ ഫോറസ്ററ്  ചിത്രങ്ങൾ കണ്ടിരുന്നകാര്യം  ഞാൻ ചേട്ടനോടു പറഞ്ഞത്. അതെവിടെയാണെന്നു മോനോടു ചോദിച്ചപ്പോൾ അവൻ വേഗം ഗൂഗിളിൽ സെർച്ച് ചെയ്തുനോക്കി.  ക്യോത്തോയിൽത്തന്നെ അരാഷിയാമ എന്ന സ്ഥലത്തും ഉണ്ടത്രേ!  എങ്കിൽപ്പിന്നെ അതൊന്നു കാണാമെന്നുതോന്നി. അതുകൊണ്ടു രാവിലെ യാത്രതിരിച്ചത് അങ്ങോട്ടേക്കാണ്. ക്യോത്തോയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശമാണ് മലകളാൽ ചുറ്റപ്പെട്ട ഈ സുന്ദരമായ വിനോദസഞ്ചാരകേന്ദ്രം.  ട്രെയിനിൽ അരാഷിയാമ  സ്റ്റേഷനിലെത്തി. ടിക്കറ്റ് ചാർജ് 600യെൻ. 35 മിനിറ്റു യാത്രയുണ്ട് .  സ്റ്റേഷനിലിറങ്ങി നടന്നാദ്യമെത്തിയതു  തെൻറ്യു ജി ക്ഷേത്രത്തിന്റെ  വലിയ പ്രവേശനകവാടത്തിലേക്കാണ്. അരാഷിയാമയുടെ സുന്ദരദൃശ്യങ്ങളിലേക്കുള്ള പ്രവേശനകവാടമായിത്തന്നെ ഈ ക്ഷേത്രത്തെയും കണക്കാക്കപ്പെടുന്നു.  രാവിലെതന്നെ ധാരാളം സഞ്ചാരികൾ എത്തിയിട്ടുണ്ട്.  പടിപ്പുരകടന്നു വീതിയുള്ള നടവഴിയിലൂടെ നടക്കുമ്പോൾ ഇരുവശങ്ങളിലെ വൃക്ഷങ്ങളുടെയും ,  ആകൃതിയിൽ വെട്ടിനിർത്തിയിരിക്കുന്ന ഉയരംകുറഞ്ഞ, പൂക്കളുള്ള അസീലിയ  ചെടികളുടേയുമൊക്കെ മനോഹാരിത നമ്മെ  മത്തുപിടിപ്പിക്കും. കുറച്ചുനടന്നപ്പോൾ ചില പക്ഷികളുടെ കളകൂജനം. പക്ഷികളുടെ പിന്നാലെപോയി പടംപിടിക്കുന്നത് മോന്റെ ഇഷ്ടവിനോദമാണ്. അവൻ പക്ഷികളുടെ ഫോട്ടോ എടുക്കുന്നതിനായി മരങ്ങളുടെയിടയിലേക്കു കയറിപ്പോയി. കുറേനേരം കഴിഞ്ഞാണു മടങ്ങിവന്നത്. അപ്പോഴേക്കും ഞങ്ങൾ അവിടെക്കണ്ട ഓഫീസ്-മന്ദിരത്തിന്റെ മുമ്പിലുള്ള ചിത്രങ്ങളും മറ്റും നോക്കി. അവൻ വന്നശേഷം ബോർഡുവായിച്ചിട്ടു പറഞ്ഞു, ഇവിടെ ക്ഷേത്രത്തിലും  ഉദ്യാനത്തിലും  കയറാൻ 300, 500,യെൻ വീതമുള്ള  വേറെവേറെ ടിക്കറ്റ്  ആണെന്ന്.  ടിക്കറ്റെടുത്തു ഞങ്ങളും ഉള്ളിൽക്കടന്നു.

തെൻറ്യു ജി  ക്ഷേത്രം  ക്യോത്തോയിലെ ഏറ്റവും പ്രധാനപ്പെട്ട സെൻ-ബുദ്ധിസ്റ്റ് ക്ഷേത്രമാണ്. യുനെസ്കോ ലോകപൈതൃകസമ്പത്തായി അംഗീകരിച്ചിരിക്കുന്നു ഈ ക്ഷേത്രം നഗരത്തിലെ അഞ്ചുമഹാക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. 1339ൽ അന്നത്തെ സർവ്വസൈന്യാധിപനായ അഷികാഗ തകയൂജിയാണ്, സമീപകാലത്ത് അന്തരിച്ച ചക്രവർത്തി ഗോ-ദൈഗോയ്ക്ക് ഈ ക്ഷേത്രം നിർമ്മിച്ചു  സമർപ്പിച്ചത് . 'തെൻറ്യു'  എന്ന വാക്കിനർത്ഥം ആകാശവ്യാളിയെന്നാണ്.   യുദ്ധങ്ങളിലും അഗ്നിബാധയിലുമൊക്കയായി പലപ്രാവശ്യമായി   ഈ ക്ഷേത്രത്തിന്റെ ഭാഗങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു . ഇന്നു  കാണുന്ന ക്ഷേത്രമന്ദിരങ്ങൾ മെയ്‌ജികാലഘട്ടത്തിലുള്ളതാണെന്നു പറയപ്പെടുന്നു (1868-1912 ) .പക്ഷേ ഈ ക്ഷേത്രത്തോടു  ചേർന്നുള്ള ഉദ്യാനം നിർമ്മാണകാലത്തുള്ളതുതന്നെ. വിശാലമായ ഉദ്യാനത്തിൽ ശിലകളും  മേപ്പിൾ, സൈപ്രസ് മരങ്ങളും  അതിരിടുന്ന താമര വളരുന്ന    മനോഹരമായൊരു തടാകവുമുണ്ട്. ഇവിടെയനുഭവേദ്യമാകുന്ന പ്രസന്നതയും പ്രശാന്തിയും അന്തരാത്മാവിലേക്കു പകർന്നുനൽകുന്ന ആനന്ദം അളവറ്റതാണ്.  ചെറിവസന്തം  കഴിഞ്ഞതുകൊണ്ട് ഇപ്പോൾ പ്രകൃതിയാകെ പച്ചപുതച്ചു നിൽക്കയാണ്. ഏതാനുംനാൾമുമ്പു  പിങ്കുചേലയുടുത്ത സുന്ദരിയായി ഇവൾ നിന്നിരിക്കാം. ഇലകൊഴിയും കാലത്ത്, മഞ്ഞയും ചുവപ്പും ഓറഞ്ചും ഒക്കെയായി വർണ്ണവൈവിധ്യത്തിന്റെ ഉടയാട ചാർത്തിനിൽക്കും. മഞ്ഞുകാലത്ത്  ധവളകമ്പളത്തിനടിയിൽ തണുത്തുവിറങ്ങലിച്ചുകിടക്കുന്നുണ്ടാകും. ഓരോ ഋതുക്കളിലെയും  ഉദ്യാനദൃശ്യങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഓരോന്നും സൃഷ്ടികർത്താവിന്റെ സൗന്ദര്യബോധത്തിന്റെ മഹത്വം വിളിച്ചോതുന്നവ.

സാധാരണ സെൻ ക്ഷേത്രങ്ങൾ ഉത്തരദക്ഷിണദിക്കിലായയാണ് വിന്യസിക്കപ്പെടുന്നത്. പക്ഷേ അതിനൊരപവാദമായി ഈ ക്ഷേത്രം കിഴക്കുപടിഞ്ഞാറുദിശയിലായിട്ടാണ്. ഒറ്റനിലയിലുള്ള പടിപ്പുരയാണ് ക്ഷേത്രത്തിന്റെ ഏറ്റവും പഴക്കമുള്ള നിർമ്മിതി. വിസ്തൃതമായ ടീച്ചിങ് ഹാളിൽ  ഗൗതമബുദ്ധന്റെ   വലിയൊരു  ദാരുശില്പമുണ്ട്  . മറ്റുപലക്ഷേത്രങ്ങളിലും കണ്ടതുപോലെ പുരാതനചിത്രകലയുടെ ബഹിർസ്ഫുരണങ്ങൾ ഇവിടെയും കാണാം. അതിൽ ഏറെ പ്രാധാന്യത്തോടെ കാണുന്നത് ഒരു മേഘാവ്യാളിയുടെ ചിത്രമാണ്. കാഴ്ചകളിലൊക്കെ പൗരാണികതയുടെ മിന്നലാട്ടങ്ങൾ  . പുരോഹിതന്മാരുടെയും സന്യാസിമാരുടെയും വാസഗൃഹങ്ങൾക്കു   വ്യത്യസ്തപേരുകളാണ്. നിർമ്മാണകാലഘട്ടവും വ്യത്യസ്തം. തടാകക്കരയിലെ പരന്ന മുറ്റത്തു വെളുത്ത ചരൽവിരിച്ചു വരകളിട്ടു രൂപങ്ങൾ മെനഞ്ഞിട്ടുണ്ട്. അതിനുമുകളിലൂടെ നടക്കാൻ സന്ദർശകർക്കനുവാദമില്ല.

പൗരാണികതയുടെ ഗരിമയും ഗഹനതയും പ്രകൃതിമനോഹാരിതയുടെ നൈർമല്യവും ഒന്നുചേർന്നൊരുക്കിത്തരുന്ന സ്വർഗ്ഗീയാനുഭവത്തിൽനിന്നു ഇനി പോകേണ്ടതു അരാഷിയാമയിലെ പ്രസിദ്ധമായ മുളങ്കാടുകളിലേക്കാണ്. ഒരു അലസഗമനത്തിനുള്ള നടവഴിയേയുള്ളു അവിടേക്ക്. വഴിയിൽ ഒരുപാടു പക്ഷികൾ മോനു ചങ്ങാത്തം കിട്ടി. വലിയശബ്ദമുണ്ടാക്കുന്ന ചെറിയപക്ഷി നല്ലൊരു കൗതുകക്കാഴ്ചതന്നെ. ഗൂഗിൾ സെർച്ചിൽ പലപ്പോഴും വഴി കുഴക്കിയെങ്കിലും ഒടുവിൽ ഞങ്ങളും അവിടെയെത്തിച്ചേർന്നു. വലിയൊരു  കാടുപോലെ മരങ്ങൾ വളർന്നുനിൽക്കുന്ന മലഞ്ചെരിവ് കയറിയും ഇറങ്ങിയുമൊക്കെയാണ് മുളങ്കാടിന്റെ വഴിയിലെത്തുന്നത്. അവിടെയുമുണ്ട് ഒരു  ക്ഷേത്രം. ജപ്പാൻ സംസ്കാരത്തിന്റെ ഭാഗമാണു മുളകൾ. അവർക്കു മുളകൾ ഐശ്വര്യത്തിന്റെയും ശക്തിയുടെയും പ്രതീകമാണ് . ഒട്ടനവധി ഉപയോഗങ്ങളാണു മുളയ്ക്കുള്ളത്. നിത്യഭക്ഷണത്തിൽപോലും മുളങ്കൂമ്പുകൊണ്ടുള്ള വിഭവങ്ങൾ വളരെ പ്രധാനമാണ് .  മുളകൾ ദുർഭൂതങ്ങളെ അകറ്റുമെന്നൊരു വിശ്വാസംകൂടിയുള്ളതുകൊണ്ടു ക്ഷേത്രങ്ങളോടുചേർന്നൊരു മുളങ്കാട് സാധാരണമാണ്. ചിലതു വളരെ വിസ്തൃതവുമായിരിക്കും. അത്തരമൊരു മുളങ്കാടാണിത് . വളരെ ഉയരമുള്ള , ഇടതൂർന്നുവളർന്നുനിൽക്കുന്ന മുളകൾക്കിടയിൽ നടപ്പാത വേലികെട്ടി വേർതിരിച്ചിട്ടിട്ടുണ്ട്.   ജപ്പാനിലെ ഗോൾഡൻ  വീക്ക് ആഘോഷസമയമായതുകൊണ്ടു നല്ല തിരക്കാണ് .

മുളങ്കാട്ടിലൂടെയുള്ള നടത്തം അന്യാദൃശമായൊരനുഭവമാണ്. മുളകളുടെ ഗന്ധം   ആസ്വദിച്ച്, ഇടയിലൂടെ പാറിവീഴുന്ന സൂര്യരശ്മികളുടെ നേർവഴി കണ്ടറിഞ്ഞ്, കാറ്റിലുലയുന്ന മുളകളുടെ സംഗീതം മൗനമായ് ശ്രവിച്ച്, മറ്റേതോ ലോകത്തിലെന്നപോലെ നമുക്കെങ്ങനെ നടന്നുപോകാം. ഫോട്ടോഗ്രഫിക്ക് വളരെ പ്രസിദ്ധമായ ഒരു കേന്ദ്രമാണിത്. പക്ഷേ ആളുകളെ ഒഴിവാക്കി ഒരു ചിത്രമെടുക്കാൻ തിരക്കുള്ള സമയത്തു ബദ്ധപ്പെടേണ്ടിവരും. എത്ര ചിത്രമെടുത്താലും എന്തുകൊണ്ടോ  നമുക്കു തൃപ്തിയാവില്ല അവയുടെ ഭംഗി. അത്ര സൗന്ദര്യമാണു  നാമിവിടെ കണ്ടനുഭവിക്കുന്നത്. ഇടയ്ക്ക് ഒരു മലേഷ്യൻ കുടുംബം ഞങ്ങൾ മൂവരും ഒന്നിച്ചുള്ള ചിത്രമെടുത്തുതന്നു. ആ കുടുംബത്തിന്റെ ചിത്രങ്ങൾ ഞങ്ങളും എടുത്തുകൊടുത്തു. അവിടെയും ജപ്പാന്റെ പാരമ്പരാഗതവേഷമണിഞ്ഞ സ്ത്രീപുരുഷന്മാർ സന്തോഷത്തോടെ മറ്റുള്ളവർക്കൊപ്പം നിന്നു ഫോട്ടോ  എടുക്കാൻ സന്നദ്ധത കാണിക്കുന്നുണ്ട്.

നടന്നുനടന്നെത്തുന്നതു  മുളങ്കാടിനപ്പുറമുള്ളൊരു പഴയ മന്ദിരത്തിലേക്കാണ്. അവിടെയൊരു മ്യുസിയവും ഒക്കെയുണ്ട്. അവിടെ എന്തോ പണികൾ നടക്കുന്നതുകൊണ്ടു ആ ദിവസങ്ങളിൽ പ്രവേശനമുണ്ടായിരുന്നില്ല. അതുകൊണ്ടു അമ്പുചിഹ്നം കാട്ടുന്ന വഴിയിലൂടെ ഞങ്ങൾ പുറത്തേക്കു കടക്കാനുള്ള നടത്തം തുടങ്ങി. ഇടയ്ക്കു സെൻ-മഴക്കാടുകളുടെ  സൃഷ്ടി നടന്നുകൊണ്ടിരിക്കുന്ന   ഒരു ഭാഗവും കണ്ടു. പിന്നെയും  കുറേദൂരം  നടന്നപ്പോൾ  കുറച്ചുവീടുകളും കൃഷിസ്ഥലങ്ങളും ഒക്കെ കാണായി. കൊച്ചു തോട്ടത്തിൽ പച്ചക്കറികളും ഫലവൃക്ഷങ്ങളുമൊക്കെ വളരുന്നു. ഒരാൾ അതിനിടയിൽ എന്തോ ജോലികൾ ചെയ്യുന്നുമുണ്ട്. ഒരിടത്തു കുലച്ചുനിൽക്കുന്ന വാഴകൾ. മറ്റൊരിടത്തു മരങ്ങൾ നിറയെ പഴുത്തുനിൽകുന്ന മധുരനാരങ്ങകൾ. വലുപ്പം വളരെക്കൂടുതലാണവയ്ക്ക്. ഒരിടത്തു വിൽക്കാനായി പറിച്ചുകൂട്ടി വെച്ചിട്ടുണ്ട്. ഒരെണ്ണത്തിന്റെ   വില 300യെൻ .നമ്മുടെ  185രൂപയോളം. യാത്രകൾക്കിടയിൽ പലയിടത്തും ഇങ്ങനെ പഴങ്ങളും പച്ചക്കറികളും ഒക്കെ വില്പനയ്ക്കായി വെച്ചിരിക്കുന്നതുകാണാം. പലയിടത്തും അതിനോടൊപ്പം വില്പനക്കാരെ കാണാറുമില്ല. വിലയെഴുതിയ ചെറിയ ബോർഡുകളും പണം നിക്ഷേപിക്കാനായൊരു പത്രവും ഒപ്പമുണ്ടാകും. വരുന്നവർ  ആവശ്യമുള്ള സാധനങ്ങൾ എടുത്തശേഷം വില കൃത്യമായി പണപ്പാത്രത്തിൽ നിക്ഷേപിക്കുകയാണു ചെയ്യുക. ജപ്പാനിലെ ഞങ്ങളുടെ സത്യസന്ധത എത്ര മഹത്തരമാണല്ലേ!

കഴിഞ്ഞുപോയ കുറച്ചുസമയം ജീവതത്തിൽ  ഒരിക്കലും മറക്കാനിടയില്ലാത്ത അനുഭവവിശേഷമാണ് ഞങ്ങൾക്കു  സമ്മാനിച്ചത്. ഇനി പോകാൻ  തീരുമാനിച്ചിരിക്കുന്നത് ഒസാക്ക  കാസിൽ കാണാനാണ്. ഒസാക്കയിലേക്ക്  ഒന്നരമണിക്കൂർ ട്രെയിൻ യാത്രയുണ്ട്. സ്റ്റേഷനിലുള്ള ഒരു ഭക്ഷണശാലയിൽ നിന്നു ഭക്ഷണം കഴിച്ചശേഷം പ്ലാറ്റ്ഫോമിലേക്കു നടന്നു. ജപ്പാനിൽ ട്രെയിൻയാത്ര ലളിതവും ആയാസരഹിതവുമാണ്.  ഹ്രസ്വകാലത്തെ സന്ദർശനത്തിനെത്തുന്നവർക്ക്, എല്ലായ്‌പോഴും ടിക്കറ്റ് എടുക്കുന്നത് ആയാസപൂർണ്ണവും        ‌‌‌  അപ്രായോഗികവുമായതുകൊണ്ടു   പ്രീപെയ്ഡ് കാർഡ് കയ്യിൽ സൂക്ഷിക്കുന്നതാണു നല്ലത്. 'പാസ്‌മോ' എന്നും 'സുയിക'  എന്നും രണ്ടുബ്രാൻഡുകളിൽ ഇവ ലഭ്യമാണ്. കണ്ടാൽ നമ്മുടെ മെട്രോട്രെയിൻ കാർഡ് പോലെ. 500 യെൻ നിക്ഷേപിച്ചാൽ ഈ കാർഡ് കൈവശമാക്കാം. അതിൽ യാത്രകളുടെ വ്യാപ്തിയനുസരിച്ചു നമുക്കു പണമടയ്ക്കാം. ഓരോപ്രാവശ്യവും റെയിവേസ്റ്റേഷനിലേക്കു  കടക്കുമ്പോഴും തിരികെയിറങ്ങുമ്പോഴും ഈ കാർഡ് ബാരിക്കേഡിലെ സ്കാനറുകളിൽ ഉരസിയാൽ മാത്രമേ അവ നമുക്കായി തുറക്കപ്പെടുകയുള്ളു. പണം തീരുന്നതിനനുസരിച്ചു വീണ്ടും നിക്ഷേപിക്കാം. അതു ചെയ്യാൻ സ്റ്റേഷനുകളിൽ സൗകര്യമുണ്ട്.  ഷിങ്കാൻസെനിലും എക്സ്പ്രസ്സ് ട്രെയിനിലും ദീർഘദൂരബസുകളിലും ഒഴികെ ഏതു ഗതാഗതസൗകര്യങ്ങളിലും ഇതുപയോഗിക്കാം . റെസ്റ്റൊറന്റുകളിലും സാധനങ്ങൾ വാങ്ങാൻ കടകളിലും വെൻഡിങ് മെഷിനിലും ഒക്കെ ഇതു പ്രയോജനപ്പെടുത്താം.  നമ്മുടെ യാത്രാകാലം  അവസാനിച്ചാൽ ഈ കാർഡ് മടക്കി നൽകാം. അപ്പോൾ പ്രഥമനിക്ഷേപമായ 500യെൻ തിരികെ ലഭിക്കുകയും ചെയ്യും. ജപ്പാനിൽ ഏതാവശ്യത്തിനും പണം കൈവശമുണ്ടായിരിക്കണം. കാരണം ബാങ്ക് ക്രെഡിറ്റ് കാർഡും മറ്റും ഇവിടെ ഒരിടത്തും തന്നെ സ്വീകാര്യമല്ല എന്നതുതന്നെ.  1, 5, 10, 50, 100 , 500 യെൻ നാണയങ്ങളാണ് .  1,000,  2,000,  5,000   10,000 യെൻ നോട്ടുകളും .

കർശനമായ കൃത്യനിഷ്ഠ ഇവിടുത്തെ ട്രെയിനുകളുടെ പ്രത്യേകതയാണ്. ലോക്കൽട്രെയിനുകൾ പോലും നമ്മുടെ മെട്രോട്രെയിനുകൾ പോലെയാണ്. നല്ല വൃത്തിയും വെടിപ്പും ഭംഗിയും . എത്രതിരക്കായാലും കയറാനോ ഇറങ്ങാനോ ഇവിടെ ബുദ്ധിമുട്ടനുഭവപ്പെടില്ല. കംപാർട്മെന്റുകൾ വന്നു  നിൽക്കുന്നിടത്തു വാതിലിന്റെ ഇരുവശവുമായി കയറാനുള്ളവർ ക്യൂ നിൽക്കുകയാണു ചെയ്യുന്നത്. ആരും തിക്കിത്തിരക്കി മറ്റുള്ളവർക്കു  ശല്യമുണ്ടാക്കില്ല. പ്ലാറ്റ്ഫോമിൽ ട്രെയിൻ നിന്നശേഷം വാതിൽതുറന്നാൽ ഇറങ്ങാനുള്ളവർ മധ്യത്തിൽകൂടി ഇറങ്ങും. അതുകഴിഞ്ഞാൽ മാത്രമേ ആളുകൾ കയറുകയുള്ളു. നിശ്ചിതസമയത്തിനുള്ളിൽ   വാതിലടയുമെന്നതുകൊണ്ട് വാതിലിൽനിന്ന് അല്പം മാറിനിൽക്കാൻ ശ്രദ്ധിക്കണമെന്നു മാത്രം.    ലോക്കൽട്രെയിനുകളിൽ മെട്രോട്രെയിനുകളിൽപ്പോലെ വശങ്ങളിൽ മാത്രമേ ഇരിപ്പിടങ്ങൾ ഉള്ളു. അതിൽ ഒരുഭാഗത്തേത് പ്രയോറിറ്റി സീറ്റുകൾ ആണ്. അംഗവൈകല്യമുള്ളവർ, വൃദ്ധജനങ്ങൾ, കുഞ്ഞുങ്ങളെ കയ്യിലേന്തിയ അമ്മമാർ, ഗർഭിണികൾ എന്നിവർക്കായുള്ളതാണവ. അങ്ങനെയാരും ഇല്ലെങ്കിൽ മറ്റുള്ളവർക്കിരിക്കാം. പക്ഷേ ആരെങ്കിലും വന്നാലുടൻ ഒഴിഞ്ഞുകൊടുക്കും. ഇവിടെ ട്രെയിനിൽ മൊബൈലിലോ അല്ലാതെയോ സംസാരം പാടില്ല. യാത്രക്കാർ സദാ  അവരവരുടേതായ കാര്യങ്ങളിൽ മുഴുകുയിരിക്കും. ചിലർ മൊബൈലിൽ ജോലികൾ ചെയ്യുകയോ, വായിക്കുകയോ ഗെയിം കളിക്കുകയോ ഒക്കെയാവും. പലരും പുസ്തകവായനയിൽ മുഴുകി നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്നതുകാണാം. ശ്രദ്ധയിൽപ്പെട്ട മറ്റൊരുകാര്യം പലരും സർജിക്കൽ  മാസ്ക് ധരിച്ചിട്ടുണ്ട്  എന്നതാണ്. ട്രെയിനിൽ  മാത്രമല്ല പുറത്തും ഇതൊരു സാധാരണ കാഴ്ചയാണ് .   അതേക്കുറിച്ചു മോനോടു ചോദിച്ചപ്പോൾ എന്തെങ്കിലും അസുഖങ്ങളുള്ളവരാകും, തങ്ങളുടെ അസുഖം മറ്റുള്ളവർക്കു  പകരാതിരിക്കാനുള്ള മുൻകരുതലാണിതെന്നാണു പറഞ്ഞത്.  അതുപോലെ ട്രെയിനിൽ മത്രമല്ല, പൊതുസ്ഥലങ്ങളിലൊന്നും   ആരും ഭക്ഷണം കഴിക്കാറില്ല . കാരണം  ഭക്ഷണാവശിഷ്ടങ്ങൾ ട്രെയിൻ വൃത്തികേടാക്കും, പിന്നെ പലപ്പോഴും ഭക്ഷണസാധനങ്ങളുടെ ഗന്ധം മറ്റുള്ളവർക്ക് അരോചകമായെന്നും വരാം.  ഇതൊന്നും ലിഖിതനിയമങ്ങളല്ല, എങ്കിലും അന്നാട്ടുകാർ  കർശനമായി പാലിച്ചുപോരുന്ന  പെരുമാറ്റമര്യാദകളാണ്. തങ്ങൾമൂലം മറ്റുള്ളവർക്കു യാതൊരു  അസൗകര്യവും  ഉണ്ടാകരുതെന്ന് അവർ ആത്മാർഥമായി ആഗ്രഹിക്കുന്നു . ഇതിനൊക്കെ അപവാദമായി ആരെങ്കിലും പ്രവർത്തിച്ചാൽ അതു തീർച്ചയായും   വിദേശികളായിരിക്കും (ഗായ്ജിൻ  എന്നാണ് ജാപ്പനീസിൽ വിദേശികൾക്കു പറയുന്നത് ). വിനോദസഞ്ചാരത്തെക്കുറിച്ചു തദ്ദേശീയർക്കിടയിൽ നടത്തിയൊരു സർവ്വേയിൽ പലരും  വിദേശീയരുടെ വരവിനോട് എതിർപ്പു പ്രകടിപ്പിച്ചിരുന്നു. അതിന്റെ കാരണമായി അവർ പറഞ്ഞ പ്രധാനകാര്യം സഞ്ചാരികൾ  പൊതുസ്ഥലങ്ങളിൽ ഭക്ഷണം കഴിക്കുന്നതുവഴി അവിടമൊക്കെ വൃത്തികേടാക്കുന്നത്രേ!

ഗൂഗിൾ മാപ്പ്  യാത്രയിലെ ഏറ്റവും വലിയ സഹായിയാണ്. പക്ഷേ ഏതുസമയത്തും വിനയവും മുഖപ്രസാദവും കൈവിടാതെ  സഹായിക്കാൻ സന്നദ്ധതയുള്ളവരാണ് ഇവിടുത്തെ ഉദ്യോഗസ്ഥർ. നമ്മളൊരു സന്നിഗ്ദ്ധാവസ്ഥയിലാണെന്നു  മനസ്സിലായാൽ 'എന്തെങ്കിലും സഹായമാവശ്യമുണ്ടോ' എന്നു ചോദിക്കാൻ നാട്ടുകാരും തയ്യാറാണ്  ആകെയുള്ള ബുദ്ധിമുട്ട് ഭാഷയുടേതാണ്. എല്ലാവർക്കും ഇംഗ്ലീഷ് അറിയണമെന്നില്ല. നമ്മൾ ഇംഗ്ലീഷിൽ പറയുന്നതു   മനസ്സിലായാൽക്കൂടി തിരിച്ച്  ഇംഗ്ലീഷിൽ സംസാരിക്കാൻ പലർക്കും   വൈമുഖ്യമുണ്ടാകും.

റെയിൽവേസ്റ്റേഷനിലിറങ്ങി ഗൂഗിളിന്റ സഹായത്തോടെ കാസിൽ (കോട്ടയിലെ കൊട്ടാരം)  ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി. കുറച്ചുദൂരെ ഒരു വലിയമൈതാനത്തിന്റെ ഒരുഭാഗത്തു ധാരാളം പന്തലുകളും ആൾക്കൂട്ടവുമൊക്കെ. അടുത്തെത്തിയപ്പോഴാണ് അതൊരു ഭക്ഷണമേളയാണെന്നു മനസ്സിലായത്. അപ്പോൾ വിശപ്പില്ലാതിരുന്നതുകൊണ്ടു തിരികെവരുമ്പോൾ അവിടെക്കയറിയാൽ മതിയെന്നുകരുതി മുന്നോട്ടുതന്നെ നടന്നു.  കുറച്ചുകഴിഞ്ഞപ്പോൾ ഇടതൂർന്നുവളർന്നു നിൽക്കുന്ന വൃക്ഷങ്ങളുടെ മുകളിലൂടെ  പ്രൗഢോജ്ജ്വലമായ കൊട്ടാരക്കെട്ടു ദൃശ്യമായി. ഏതാനും  ആഴ്ചകൾക്കു മുമ്പിവിടെ എത്തിയിരുന്നെങ്കിൽ ആ ഹരിതഭംഗിക്കുപകരം ചെറിപ്പൂക്കളുടെ മനോജ്ഞമായ  സമൃദ്ധി കാണാൻ കഴിയുമായിരുന്നേനേ. അവിടുത്തെ വിശാലമായ  ഉദ്യാനത്തിൽ  അറുനൂറിലധികം ചെറിമരങ്ങളുണ്ടത്രേ!  ഒസാക്കയിലെ പ്രധാനപ്പെട്ട 'ഹനാമി'കേന്ദ്രമാണിത് (ചെറിപ്പൂ ദർശനകേന്ദ്രം) .  പലതട്ടുകളായി വിന്യസിക്കപ്പെട്ടിരിക്കുന്ന മേൽക്കൂരകളിൽ ഇടയ്ക്കിടെ സ്വർണ്ണത്തിളക്കം. പാതക്കിരുവശവും  മനോഹരമായി വെട്ടിനിർത്തിയിരിക്കുന്ന അസീലിയച്ചെടികളിൽ പൂക്കളുമുണ്ട്. അടുത്തെത്തുമ്പോൾ കാണുന്നത് ധരാളം വെള്ളമുള്ള  വിശാലമായ കിടങ്ങാണ്. നമ്മുടെ നാട്ടിലും കോട്ടയ്ക്കു ചുറ്റും കിടങ്ങുകൾ കാണാറുണ്ടല്ലോ.  ആദ്യത്തെ കിടങ്ങിനുള്ളിൽ ഏതാണ്ടു രണ്ടുചതുരശ്രകിലോമീറ്റർ വിസ്താരമുള്ള ഉദ്യാനത്തിനു നടുവിലാണ് കാസിൽ നിലകൊള്ളുന്നത്. അതിനുചുറ്റുമായി മറ്റൊരു കിടങ്ങുകൂടിയുണ്ട്. സാധാരണരാജകൊട്ടാരങ്ങൾ  വാസസ്ഥലങ്ങളാകുമ്പോൾ ദുർഗ്ഗസൗധങ്ങൾ  സൈനികകാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടുതൽ രഹസ്യസ്വഭാവമുള്ളതിനാവാം  അവയ്ക്കു കൂടുതൽ സുരക്ഷയൊരുക്കുന്നത്. 

കാസിലിന്റെ പ്രവേശനഫീസ്‌ 600യെൻ ( 375 രൂപ ) ആണ്. 15 വയസ്സിൽ താഴെയുള്ളവർക്കു  പ്രവേശനം സൗജന്യമാണ് . രാവിലെ 9  മുതൽ വൈകുന്നേരം  5 മണിവരെയാണു സന്ദർശനസമയം.
ഞങ്ങളെത്തിയ സമയം അവിടെയൊരു ചടങ്ങു നടക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഏതോ ഒരു യുദ്ധം ജയിച്ചതിൻറെ സ്മരണക്കായി അരങ്ങേറുന്നൊരു പ്രദർശനം. സ്റ്റേജിനു  ചുറ്റുമായി  കാഴ്ചക്കാരും  പുരാതനയുദ്ധവേഷമണിഞ്ഞ് ആയുധങ്ങളുമേന്തി അവിടേക്കു നടന്നുപോകുന്ന അവതാരകരും. ഞങ്ങളും അവിടേക്കു  ചെന്നു  ചടങ്ങുകൾ വീക്ഷിച്ചു. ഒടുവിൽ തോക്കുധാരികൾ കുറേ വെടിയുതിർത്തു. പിന്നീട് അവർ കാഴ്ച്ക്കാരോടൊപ്പം നിന്നു ഫോട്ടോയ്ക്ക് പോസ്സ് ചെയ്‌തു. അന്നവിടെ തിരക്കു  വളരെ കൂടുതലായിരുന്നു. ടിക്കറ്റ് എടുത്തു ഞങ്ങളും കാസിലിനുള്ളിൽ കയറാനായി ക്യൂവിൽ സ്ഥാനം പിടിച്ചു.

ജപ്പാനിലെ വളരെ പ്രധാനപ്പെട്ടൊരു ചരിത്രസ്മാരകമാണ് 58മീറ്റർ ഉയരമുള്ള   ഈ കാസിൽ.   തൊയൊത്തൊമി ഹിദായോഷി എന്ന സൈനികപ്രമുഖൻ 1583   ൽ ഇതിന്റെ  നിർമ്മാണം ആരംഭിച്ചു. 1597 ൽ  പൂർത്തീകരിച്ചുവെങ്കിലും അടുത്തവർഷം അദ്ദേഹം അന്ത്യയാത്ര പറഞ്ഞു.1615 ൽ അഗ്നിക്കിരയായി എങ്കിലും 1620ൽ പുനഃസൃഷ്ടിക്കപ്പെട്ടു. പിന്നെയും 1660ൽ ശക്തമായ ഇടിമിന്നലിൽ വെടിമരുന്നുശേഖരത്തിനു തീപിടിക്കുകയും കാസിൽ പൂർണ്ണമായി അഗ്നിക്കിരയാവുകയും ചെയ്തു . 1843 ൽ മാത്രമേ പിന്നീട് ഈ കാസിലിനെ വേണ്ടത്ര ശ്രദ്ധകൊടുത്തു നവീകരണം നടത്തിയുള്ളു. പിന്നെയും ആഭ്യന്തരയുദ്ധങ്ങളിൽ തകർച്ചനേരിട്ട കാസിൽ മെയ്‌ജി കാലത്താണു  ശ്രദ്ധപിടിച്ചെടുക്കുന്നത്. ജപ്പാൻ ജനതയുടെ ഇച്ഛാശക്തിയുടെ ഫലമായി  1931 ൽ ഒരിക്കൽക്കൂടി പുനർനിർമ്മാണം നടന്നു. പക്ഷേ രണ്ടാം ലോകമഹായുദ്ധകാലത്ത് (1945) അതു  വീണ്ടും തകർക്കപ്പെട്ടു. 1995ൽ സർക്കാർ മുൻകൈയെടുത്തു പുനർനിർമ്മാണം ആധുനികനിർമ്മാണസങ്കേതങ്ങളുപയോഗിച്ചു നടത്തി . 1997ൽ   പണിതീർത്ത കൊട്ടാരമാണ് ഇന്നു  നമ്മൾ കാണുന്ന ഈ  മഹാസൗധം.   ശിഥിലശക്തികളുടെ അക്രമണങ്ങളിൽനിന്നൊക്കെ രക്ഷിച്ച് , ജപ്പാന്റെ ഏകത നിലനിർത്താൻ ഈ കോട്ട വളരെ സഹായകമായിട്ടുണ്ടത്രേ. വളരെ ഉയരമുള്ള, അല്പം ചെരിവോടുകൂടിയ  അടിത്തറ നിർമ്മിച്ചിരിക്കുന്നത് ദീർഘചതുരത്തിൽ മുറിച്ചെടുത്തിരിക്കുന്ന  ഭീമാകാരമായ കല്ലുകൾ കൊണ്ടാണ്. അതിന്റെ വലുപ്പവും ആകൃതിയും നമ്മെ ഒട്ടൊന്നുമല്ല വിസ്മയിപ്പിക്കുന്നത്. യാതൊരുവിധ യന്ത്രസഹായവും ഇല്ലാതിരുന്ന അക്കാലത്ത് ഇങ്ങനെ ഈ കല്ലുകൾ മുറിച്ചതെങ്ങനെയാവും എന്ന ചോദ്യം മനസ്സിൽ ഉത്തരമില്ലാതെ അവശേഷിക്കുന്നു. അവ അടുക്കിവെച്ചിരിക്കുന്ന രീതി  Burdock piling
എന്നാണറിയപ്പെടുന്നത്. ബർഡോക് എന്ന ചെടിയുടെ  പൂവിന്റെ ( നമ്മുടെ വാടാമുല്ലപ്പൂവിനോട് സാദൃശ്യം) ഇതളുകൾ വിന്യസിച്ചിരിക്കുന്നതുപോലെയാണത്രെ അത്‌. വലിയ കല്ലുകൾ interlock ചെയ്ത് അടുക്കിവെച്ചതിനിടയിൽ കുറച്ചു ശൂന്യസ്ഥലങ്ങളുണ്ടെങ്കിൽ  അവിടെ ചെറിയ കല്ലുകൾ നിറയ്ക്കും. ഇതിനു മറ്റൊരുദ്ദേശം കൂടിയുണ്ട്. ഭൂകമ്പമുണ്ടായാൽ കല്ലുകൾ പരസ്പരം തെന്നിനിൽക്കുകയല്ലാതെ  തകർന്നു വീഴുകയില്ല. പതിനഞ്ചേക്കറിലായി പതിമൂന്നു പ്രൗഢസൗധങ്ങളാണ് ഈ കൊട്ടാരക്കെട്ടിലുള്ളത്. അവയോരോന്നും ജപ്പാന്റെ വാസ്തുസംസ്കൃതിയുടെ മകുടോദാഹരണങ്ങളും.  കൊട്ടാരമുറ്റത്തു വളരെവലിയ പീരങ്കികൾ വെച്ചിരിക്കുന്നു . കല്ലുകൾ നിക്ഷേപിച്ചിരുന്നെന്നു പറയപ്പെടുന്ന, പലകത്തട്ടുകൊണ്ടു അടപ്പിട്ട  ഒരു വലിയ കിണറ്റിൽ ഇപ്പോൾ സന്ദർശകർ നാണയങ്ങൾ എറിഞ്ഞിട്ടിരിക്കുന്നതുകാണാം. എന്താണിതിനു  പിന്നിലെ വിശ്വാസമെന്നു  മനസ്സിലായില്ല.

വളരെ നീണ്ട ക്യൂ ആയിരുന്നെങ്കിലും  അതു  നീങ്ങുന്നതു  വളരെ വേഗത്തിലാണ്. അതിനാൽ കൂടുതൽ നിന്നു മുഷിയേണ്ടിവന്നില്ല. കൊട്ടാരത്തിനു എട്ടു നിലകളുണ്ട്. എട്ടാം നിലയിൽ നിന്നു മാത്രമേ പുറത്തേക്കുള്ള കഴ്ചകൾ സാധ്യമാകൂ . ബാക്കി നിലകളിൽ മ്യൂസിയങ്ങളാ‌ണ്‌‌‌‌‌. ജപ്പാന്റെ രാജഭരണചരിത്രവും യുദ്ധങ്ങളും സംസ്കാരവൈവിധ്യവും  ഒക്കെ അവിടെ  അനാവരണം ചെയ്യപ്പെടുന്നു. ചിലയിടങ്ങളിൽ  യുദ്ധവീരന്മാരുടെ പടച്ചട്ടയും ശിരോകവചവുമൊക്കെ ധരിച്ചു വാളുംപിടിച്ചു നിന്നു ഫോട്ടോ എടുക്കാനുള്ള സൗകര്യമുണ്ട്. അതിനുള്ള ഫീസ് നൽകിയാൽ മതി. ഓരോ നിലകളിലും വ്യത്യസ്തമായ കാഴ്ചകളാണ്. എട്ടാം നിലയിലെത്തിയാൽ ചുറ്റുമുള്ള പുറംകാഴ്ചകൾ കണ്ടു നടക്കാം. ദൂരെയുള്ള നഗരഭാഗങ്ങളും അംബരചുംബികളും പിന്നെ അടുത്തുള്ള കാസിൽഉദ്യാനവും എല്ലാം കണ്ണിനു വിരുന്നേകുന്നു. മുൻഭാഗത്തു   ചെല്ലുമ്പോൾ ഗോപുരാകൃതിയിലുള്ള മേൽക്കൂരയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന  സ്വർണ്ണംകൊണ്ടുള്ള തിമിംഗലരൂപം  വ്യക്തമായിക്കാണാനാകും. ഈ തിമിംഗലങ്ങൾ ആണത്രേ മഴപെയ്യിക്കുന്നത്. അവയുടെ സാന്നിധ്യം അഗ്നിബാധയിൽനിന്നു രക്ഷിക്കുമെന്നാണ് വിശ്വാസം. ക്ഷേത്രങ്ങളുടെയും വീടുകളുടെയും ഒക്കെ മുകളിൽ ഇത്തരം തിമിംഗലരൂപം നമുക്കു കാണാൻ സാധിക്കും.

ചേതോഹരമായ  കൊട്ടാരക്കാഴ്ചകൾ കണ്ണിലും മനസ്സിലും നിറച്ചു തിരികെയിറങ്ങി. പിന്നെ നടന്നത് ഭക്ഷണമേള നടക്കുന്ന സ്ഥലത്തേക്കാണ്. എന്തെങ്കിലും ഇഷ്ടമാകുമോ എന്നറിയില്ല. അതുകൊണ്ടു കഴിക്കാൻ ധൈര്യപ്പെട്ടില്ല. അവർ രണ്ടുപേരും ഗ്രിൽഡ് ബീഫ് കഴിച്ചു. വേഗം റെയിൽവേസ്റ്റേഷനിലേക്കു പോയി. അടുത്ത ലക്‌ഷ്യം ഒസാക്കാ കയൂകാൻ എന്ന അക്വേറിയം ആണ് . ഇതാണത്രേ ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം. നല്ല മഴയത്താണു  ഞങ്ങൾ അക്വേറിയത്തിലെത്തിയത്.

ട്രെയിനിറങ്ങി നടന്നു  Tempozan Ferris Wheel  എന്ന ജയന്റ് വീൽ കഴിഞ്ഞാണു  കൈയുകനിൽ എത്തുന്നത്.   1990 മേയിൽ ആണ് പ്രവർത്തനമാരംഭിച്ചത്.  കൈയുകൻ എന്ന പേരിന്റെ അർത്ഥം സമുദ്രകേളി എന്നാണത്രേ. 2300യെൻ ( 1424  രൂപ)    ആണ് അക്വേറിയത്തിന്റെ പ്രവേശനഫീസ്‌.  'ഇത്ര വലിയ ഫീസോ!' എന്നു മനസ്സിൽ തോന്നി. പക്ഷേ തിരികെയിറങ്ങുമ്പോൾ ആ ചിന്ത വെറുതെയായിരുന്നല്ലോ എന്നും  തോന്നി.

ടിക്കറ്റെടുത്ത് ആദ്യം എത്തുന്നത് 'അക്വാ ഗേറ്റ്' എന്നൊരു  കണ്ണാടിത്തുരങ്കമാണ്. അതിലൂടെ നടക്കുമ്പോൾ നാം സമുദ്രത്തിനടിയിലാണെന്നു  തോന്നും.  മുകളിലും താഴെയും വശങ്ങളിലുമെല്ലാം സമുദ്രജീവികൾ നീന്തിത്തുടിച്ചു നടക്കുന്നു. വളരെച്ചെറിയ വർണ്ണമത്സ്യങ്ങൾതൊട്ട്  ഭീമന്മാരായ സ്രാവുകളും തിരണ്ടികളുംവരെ അങ്ങനെ സ്വതന്ത്രമായി നീന്തിനടക്കുകയാണ്. തുരങ്കം കഴിഞ്ഞാൽ വളരെ ഉയരമുള്ള എസ്കലേറ്റർ . അതു പോകുന്നത് എട്ടാം നിലയിലേക്കാണ്. എസ്കലേറ്ററിൽ ഒറ്റയടിക്ക് ഇത്രഉയരത്തിൽ പോകുന്നതും ഒരു വേറിട്ട നുഭവം.  അവിടെ നമുക്കു കാണാനാവുന്നത്  ഓട്ടറുകളും സലമാണ്ടറുകളും  സീലുകളും ഒക്കെയുള്ള ഒരു  ജപ്പാൻ  വനപ്രദേശമാണ്.  വ്യത്യസ്തമായ  മറ്റു  വനഭാഗങ്ങൾ നമുക്കുതരുന്ന  ജൈവക്കാഴ്ചകളും വൈവിധ്യം നിറഞ്ഞതാണ്.  വൃത്താകൃതിയിലുള്ള രണ്ടുവരി  ഗ്ലാസ് ടാങ്കുകൾക്കിടയിലുള്ള  സ്പൈറൽ പാതയിലൂടെയാണ് നമ്മൾ താഴേക്കിറങ്ങുന്നത്. വളരെ കനമുള്ള അക്രിലിക്ഗ്ളാസ്സ് കൊണ്ടാണ് ഈ ടാങ്കുകൾ നിർമ്മിച്ചിരിക്കുന്നത്. 13 സെന്റിമീറ്റർ ആണ് ഗ്ലാസിന്റെ കനം. ഇത്രയും കനമുള്ള  സാധാരണഗ്ളാസ്സ് ആണെങ്കിൽ വ്യക്തമായ കാഴ്ച  ലഭിക്കുകയില്ല, മാത്രമല്ല ഭാരം വളരെക്കൂടുതലുമായിരിക്കും. . 16സോണുകൾക്കായി   27ടാങ്കുകളാണ് ആകെയുള്ളത്. .   ചിലഭാഗങ്ങളിൽ ടാങ്ക്  മൂന്നോ നാലോ ഫ്ലോറുകളിലായിട്ടായിരിക്കും.  താഴേക്കിറങ്ങുന്തോറും സമുദ്രത്തിന്റെ വിവിധ ആഴങ്ങളിലെ ജൈവസമ്പത്ത് നമുക്കുമുന്നിൽ അനാവൃതമാകും. ഏറ്റവും വലിയ ടാങ്ക് ഒമ്പതുമീറ്റർ  ആഴമുള്ളതാണ്.  .

പസഫിക് സമുദ്രത്തിന്റെ   Ring of Fire   ( അഗ്നിവലയം ) എന്നറിയപ്പെടുന്ന ഭാഗങ്ങളിലെ ജൈവസമ്പത്താണ് ഇവിടെ നമുക്കു കാണാനാവുക. (ജപ്പാൻ ഈ വലയത്തിൽ ഉൾപ്പെടുന്നു) 16വ്യത്യസ്ത സോണുകളിലായി മുപ്പതിനായിരത്തിലേറെ ജലജീവികളെ നമുക്കുകാണാം. ഏറ്റവും വലിയ ടാങ്കുള്ള പസഫിക് സോണിൽ കാണാൻ കഴിയുന്ന  നീണ്ടവാലുള്ളതും കുറുകിയ വാലുള്ളതുമായ ഭീമൻതിരണ്ടികൾ, ഭീമൻസ്രാവുകൾ ഒക്കെ  നമ്മെ വളരെ വിസ്മയിപ്പിക്കും. ഏറ്റവും കൗതുകം തോന്നിയ കാഴ്ച  അന്റാർട്ടിക്ക സോണിലെ  പെൻഗ്വിനുകളുടേതാണ്. വലിയ പെൻഗ്വിനുകൾ. വളരെ വലിയ  എട്ടുകാലിഞണ്ടുകളും ജെല്ലിഫിഷും നീരാളിയും കടൽസിംഹവും കില്ലർവെയിലുമൊക്കെ കാണുമ്പോൾ അത്ഭുതപരതന്ത്രരായി വായപൊളിച്ചു നിന്നുപോകും.  ഏറ്റവും വലിയ സോണായ പസഫിക് സോണിലാണ് ഭീമന്മാരായ വെയിൽ ഷാർക്ക്, തിരണ്ടി , ബ്ലൂഫിൻ ടൂണ എന്നിവയും. ആയിരക്കണക്കിന് മത്സ്യങ്ങൾ ഒന്നുചേർന്നുള്ള കൂട്ടങ്ങളും പലയിടത്തും കാണാം അവയുടെ ചലനങ്ങളും അതിനനുസരിച്ചു രൂപമാറ്റം വരുന്ന മത്സ്യക്കൂട്ടവും ഹൃദ്യമായ കാഴ്ചതന്നെ.

2013 ലാരംഭിച്ച The "New Interactive Area"പെൻഗ്വിൻ , സീൽ എന്നിവയെ അടുത്തുകാണാൻ അവസരം തരുന്നു. ഫാക്‌ലാൻഡ് ഐലൻഡ് സോണിലെ , ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന പെൻഗ്വിനുകൾ നന്നേ രസിപ്പിക്കും. ഇതിലുള്ള ആർട്ടിക് സോണിലെ  rounding ringed seals അപൂർവ്വസുന്ദരമായൊരു ദൃശ്യവിരുന്നു നൽകുന്നു .  അവിടെയുള്ള മൂന്നാമത്തെ സോണായ മലേഷ്യൻ സോണിലെ  വലിയ  ചേമ്പറിലേക്കു കടക്കുമ്പോൾ നമ്മൾ കൈ നന്നായി കഴുകണം. സോപ്പ് ഉപയോഗിക്കയുമരുത്. തിരണ്ടികളെയും സ്രാവുകളെയും ഇട്ടിരിക്കുന്ന വലിയൊരു ടാങ്കുണ്ടവിടെ. അതു തുറന്നുകിടക്കുകയാണ്. നമുക്കവയെ തൊട്ടുനോക്കാനാവും. അതും അവിശ്വസനീയമായൊരു അനുഭവം തന്നെ. അഞ്ചുമണിക്കുശേഷം 'ഡാർക്ക് സോൺ' -   ജെല്ലിഫിഷ് സോണാണ്‌ അവസാനത്തേത്. വളരെ വിശാലമായ ഈ സോണിൽ ജെല്ലിഫിഷ് വൈവിധ്യം അതിമനോഹരമായി അനാവരണം ചെയ്യപ്പെടുന്നു. പലവലുപ്പത്തിലും നിറത്തിലുമൊക്കെയുള്ള ഇവയുടെ ചലനം എത്രസമയം നോക്കിനിന്നാലും മതിയാവില്ല. ഇവയുടെയൊക്കെ ഫോട്ടോ എടുക്കാമെങ്കിലും ഫ്ലാഷ് ഉപയോഗിക്കാൻ പാടില്ല എന്ന മുന്നറിയിപ്പുണ്ട് . സ്ഥിരമായി മത്സ്യങ്ങൾക്ക് ഭക്ഷണം കൊടുക്കുന്ന സമയം നോക്കി സന്ദർശനത്തിനു  പോയാൽ ആ കാഴ്ചയും നമുക്കു കാണാനാകും.

എട്ടാം നിലയിൽനിന്നു  താഴെയെത്തുന്നത് അറിയുകയേയില്ല. ഇടയ്ക്കൊക്കെ വിശ്രമസ്ഥലങ്ങളും ടോയ്ലറ്റുകളും ഒക്കെയുണ്ട്. മത്സ്യങ്ങളുടെ വിചിത്രമായ മുഖം  സ്വന്തം മുഖമാക്കിവരുന്ന ഫോട്ടോ എടുക്കാനുള്ള 'ഫിഷ് ഫേസ് കാമറ ' എന്നൊരു സൗകര്യവും ഉണ്ട്. സോവനീർ ഷോപ്പിൽനിന്നു കൗതുകവസ്തുക്കൾ വാങ്ങാനുമാകും.

അവിടെനിന്നു പുറത്തുകടന്നു ഭക്ഷണം കഴിച്ചു. ഒരു ഫാമിലി മാർട്ടിൽ കയറി ബ്രഡും റൈസ് ക്രാക്കറും ഒക്കെ വാങ്ങിയാണ് റെയിൽവേസ്റ്റേഷനിലേക്കു പോയത്. ഏതോ ഒരു  ലൈനിൽ എന്തോ കാരണത്താൽ ട്രെയിൻയാത്ര നിർത്തിവെച്ചിരിക്കുകയാണത്രേ!  അതുകൊണ്ടു ക്യോത്തോക്കു  ട്രെയിൻ കിട്ടാൻ കുറച്ചുസമയം    കാത്തുനിൽക്കേണ്ടിവന്നു. രണ്ടു ലോക്കൽട്രെയിൻ മാറിക്കയറി പിന്നീടു  ബുള്ളറ്റ് ട്രെയിൻ പിടിച്ചാണു ക്യോത്തോയിലെത്തിയത്. അപ്പോൾ രാത്രി വളരെ വൈകിയിരുന്നു. ക്യോത്തോയിലിറങ്ങി ഡൈട്ടോക്കുജിയിലേക്ക്  ബസ്സ് പിടിച്ചപ്പോൾ മണി പതിനൊന്നു കഴിഞ്ഞിരുന്നു. റൂമിലെത്തിയപ്പോൾ അർദ്ധരാത്രി.
















Monday, April 27, 2020

ഉത് സ്‌ കുഷി നിഹോൺ - 5

  5 - ഡൈട്ടോക്കുജിയും  കിൻകാകുജിയും ക്യോത്തോ ടവറും

-----------------------------------------------------------------------------------------------------

മഴപെയ്തുകൊണ്ടിരിക്കുന്നു.

ക്യോത്തോയിലുള്ള ദിവസങ്ങളിൽ മഴയുണ്ടാകുമെന്നു കാലാവസ്ഥാപ്രവചനം നോക്കി നേരത്തെ അറിഞ്ഞിരുന്നു . അതുകൊണ്ടു കുട കരുതിയിരുന്നു. ഡൈട്ടോക്കുജി ക്ഷേത്രത്തിലേക്കാണ് ആദ്യം പോയത്. താമസിക്കുന്ന ഹോട്ടലിൽനിന്ന് നടന്നുപോകാനുള്ള ദൂരമേയുള്ളൂ. നിറമുള്ളതും സുതാര്യവുമായ  പ്ലാസ്റ്റിക്  കുടകൾ നിവർത്തിപ്പിടിച്ചു ധാരാളമാളുകൾ നടന്നുപോകുന്നുണ്ട്.   ഒരുവലിയ മതിൽകെട്ടിനുള്ളിലാണ് ഇരുപതിലധികം ഉപക്ഷേത്രങ്ങളുമുള്ള  ഈ ക്ഷേത്രസമുച്ചയം. 1319 ൽ സ്ഥാപിതമായ ,  സെൻബുദ്ധിസ്റ്റുകളുടെ ആരാധനാകേന്ദ്രമാണിത്. ഷിൻതോമതം കഴിഞ്ഞാൽ ജപ്പാനിൽ ഏറ്റവും പ്രാധാന്യം  ബുദ്ധമതത്തിനാണ്. സെൻബുദ്ധിസത്തിന്റെ സംസ്കാരവും പാരമ്പര്യവും വാസ്തുനിർമ്മാണരീതിയുമൊക്കെ ഈ ക്ഷേത്രസമുച്ചയത്തിൽ നമുക്കു ദർശിക്കാനാവും. ഉപക്ഷേത്രങ്ങളിൽ മൂന്നോ നാലോ എണ്ണം മാത്രമേ ആരാധനയ്ക്കു തുറന്നുകൊടുക്കാറുള്ളു. 400 യെൻ(250 രൂപ) ആണ് ഓരോ ക്ഷേത്രത്തിലെയും  പ്രവേശനഫീസ്. അതിൽ പ്രധാനപ്പെട്ട ക്ഷേത്രം 1509 ൽ നിർമ്മിച്ച ദയസ്‌നിൻ ആണ്. അതിലെ  തത്താമി വിരിച്ച  മുറികളും വഴുതിനീങ്ങുന്ന വാതിലുകളും (ഫൂസുമാ, ഷോജി ) ആത്തരത്തിലെ ഏറ്റവും പഴയ അവശേഷിപ്പുകളാണ്. പുരാതനമായ പെയിന്റിംഗുകളും എല്ലാ ക്ഷേത്രങ്ങളിലുമുണ്ടാകും.     ക്ഷേത്രത്തിനു ചുറ്റുമുള്ള മുറ്റത്തെ റോക്ക് ഗാർഡൻ വൈശിഷ്ട്യം നിറഞ്ഞതുതന്നെ. മുറ്റത്തു ഭംഗിയായി  വിരിച്ചിട്ടിരിക്കുന്ന വെളുത്തചരലിൽ  പ്രത്യേകതരത്തിലെ ചൂലുകൊണ്ടു ശ്രദ്ധാപൂർവ്വം  വലിച്ചു വരകളുണ്ടാക്കി ആകർഷകമാക്കിയിരിക്കുന്നു. ( ഈർക്കിൽചൂലുകൊണ്ടു മണലിട്ട മുറ്റത്തു തൂത്തുകഴിയുമ്പോളുണ്ടാകുന്ന വരകൾക്കു സമാനമായത്.) ഈ ചരലുകൾക്കിടയിൽ പാറകളുണ്ടാകും. അവയ്ക്കുചുറ്റും കാലപ്പഴക്കത്തിൽ  കട്ടിപിടിച്ചു വളർന്നു മെത്തപോലെയായ പായലും. ഇത്തരം പായൽ വളർത്തി ഉദ്യാനമുണ്ടാക്കുന്നത് ജപ്പാനിലെ പ്രത്യേകതയാണ്.

മറ്റൊരുപ്രധാനക്ഷേത്രമായ റ്യോജെൻ ഇൻ , ഡൈട്ടോക്കുജിയിലെ ഇപ്പോഴുള്ളതിൽ  ഏറ്റവും  പഴക്കമുള്ള  മന്ദിരമാണ്. 1502 ലാ‌ണ്‌ ഇതു  സ്ഥാപിതമായത്.  വൈകുന്നേരം നാലരമണി വരെയേ ഇവിടെ പ്രവേശനമുള്ളൂ. മറ്റുക്ഷേത്രങ്ങളിൽ അഞ്ചുമണിവരെയും. അതുകൊണ്ട് സുയിഹോയിൻ ക്ഷേത്രത്തിൽ ചെന്നപ്പോൾ ആദ്യം റ്യോജെൻ ഇൻ സന്ദർശിച്ചുവന്നോളൂ എന്നു നിർദ്ദേശിച്ചിരുന്നു. പതിനാറാം നൂറ്റാണ്ടിൽത്തന്നെ നിർമ്മിച്ചിരിക്കുന്ന പടിപ്പുര 'ഒമട്ടെ മോൺ' അതിഗംഭീരമായൊരു നിർമ്മിതിയാണ് . റ്യോജെൻ  ടെൽ എന്ന റോക്ക് ഗാർഡനും ക്ഷേത്രത്തോളം തന്നെ പഴക്കമുള്ളതാണ്      ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന സന്യാസിമാരുടെയും ഡ്രാഗണുകളുടെയും  ചിത്രങ്ങൾക്കൊപ്പം ജപ്പാനിലെ ഏറ്റവും പഴയ തോക്കും (Tanegashima Musket made in 1583 ) കാണാൻ കഴിയും. പോർച്ചുഗീസുകാരിൽ നിന്നു വാങ്ങിയതാണത്.

കോതോയിൻ എന്നക്ഷേത്രം നിത്യാരാധനയുള്ളതാണെങ്കിലും നവീകരണജോലികൾ നടക്കുന്നതുകൊണ്ടു 2019 മാർച്ച് വരെ അടച്ചിരിക്കുകയാണ്. ആരാധന നടക്കാറുള്ളവയിൽ ഏറ്റവും ചെറിയക്ഷേത്രമായ സുയിഹോയിൻ 1535ൽ യുദ്ധപ്രമാണിയായ ക്യുഷു നിർമ്മിച്ചതാണ്. പിന്നീടദ്ദേഹം ക്രിസ്തുമതം സ്വീകരിക്കുകയുണ്ടായി. ഇതിന്റെ റോക്ക് ഗാർഡൻ ഉത്കൃഷ്ടമായൊരു രൂപഭാവം പേറുന്നതായി അനുഭവപ്പെടും. അവിടെ വിരിച്ചിരിക്കുന്നു ചരലിൽ കോറിയിട്ടിരിക്കുന്ന രൂപങ്ങൾ അതിന് ഇളകിമറിയുന്ന സമുദ്രത്തിന്റെ പ്രതീതി നൽകുന്നു. എഴുന്നുനിൽക്കുന്ന വ്യത്യസ്തരൂപത്തിലുള്ള പാറകളും പായൽപ്പരപ്പും അതിലെ ദ്വീപുകളായിത്തോന്നും. മന്ദിരത്തിന്റെ പിൻഭാഗത്തെ റോക്ക് ഗാർഡനിൽ കുരിശുരൂപവും കാണാം.

എല്ലാ ക്ഷേത്രങ്ങളുടെയും പരിസരങ്ങളിൽ ധാരാളം മേപ്പിൾമരങ്ങളും സൈപ്രസ് മരങ്ങളുമൊക്കെ വളർന്നു നിൽക്കുന്നുണ്ട്. തറയിൽ കനത്തിൽ വളർന്ന പായലിന്റെ പച്ചപ്പും. ചിലയിടത്തൊക്കെ പാറകളുടെയിടയിൽ ചെറിയ അരുവികൾ. ഒന്നിൽനിന്നു മറ്റിരിടത്തേക്കു പോകാനുള്ള വഴിയിൽ കല്ലുപതിച്ചിരിക്കുന്നു. വശങ്ങളിലെ ചെടികളിൽ പൂക്കളുടെ വർണ്ണപ്പൊലിമയും    വൈവിധ്യവും ബാഹുല്യവും. നമ്മുടെ ക്ഷേത്രങ്ങളിൽ പ്രദക്ഷിണത്തിനിടയിൽ കാണുന്ന  ചില കൽബിംബങ്ങൾപോലെ ഇവിടെയും പലയിടത്തും കാണാം സവിശേഷാകൃതിയിൽ കൊത്തിവെച്ചിരിക്കുന്ന  ശിലാരൂപങ്ങൾ. വിളക്കുകല്ലുകളും അക്കൂട്ടത്തിലുണ്ട്. സ്വച്ഛസുന്ദരമായ ഈ പരിസരങ്ങൾ നമുക്കേകുന്ന മനഃശാന്തി അവാച്യമാണ്.


ഒരു മന്ദിരത്തിന്റെ ഉള്ളിൽക്കടന്നു മരപ്പലകകൊണ്ടുള്ള ഇടനാഴിയിലൂടെ നടന്നെത്തുന്ന ഒരു ഹാളിൽ നിറയെ വിവിധവർണ്ണങ്ങളിലുള്ള കിമോണ വസ്ത്രങ്ങൾ വെച്ചിരിക്കുന്നതുകണ്ടു. 3500യെൻ ആണ് ഒരുമണിക്കൂർ നേരത്തേക്കുള്ള വാടക. നമുക്കതണിഞ്ഞു ഫോട്ടോ എടുക്കണമെങ്കിൽ ഒരു സഹായിയേയും ലഭിക്കും. ചേട്ടനും മോനും നിർബ്ബന്ധിച്ചു . പക്ഷേ ഞാൻ നോക്കിയപ്പോൾ അതണിയുന്നതിനു സമയം  ഏകദേശം ഒരുമണിക്കൂർ എടുക്കും. ഒരുപാടു വിസ്താരമുള്ളൊരു ഉടുപ്പും പിന്നെ വളരെ നീളമുള്ളൊരു  തുണി ചുറ്റിച്ചുറ്റിയുണ്ടാക്കുന്നൊരു   അരപ്പട്ടയുമൊക്കെയായി വളരെ സങ്കീർണ്ണമായൊരു വേഷവിധാനം.  അപ്പോൾത്തന്നെ ആളുകൾ ക്യൂവിലാണ്. അത്രയും സമയം കളയാനില്ല. അതുകൊണ്ടു കിമോണയെപ്പിന്നിട്ടു  ഞങ്ങൾ നടന്നു.


ഈ ക്ഷേത്രങ്ങളിലെ കാഴ്ചകൾ കണ്ടിറങ്ങി പിന്നീടുപോയതു കിൻകാകുജി എന്ന സുവർണ്ണക്ഷേത്രത്തിലേക്കാണ്. ജപ്പാനിലെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതും  അതിമനോഹരവുമായൊരു വിനോദസഞ്ചാരകേന്ദ്രമാണ് ഗോൾഡൻ ടെമ്പിൾ എന്നറിയപ്പെടുന്ന കിന്‍കാക്കുജി . 'കിൻ' എന്നാൽ സ്വർണ്ണമെന്നാണർത്ഥം. യുനെസ്‌കോ ലോകപൈതൃകകേന്ദ്രമായി അംഗീകരിച്ചതാണ് ഈ ക്ഷത്രം.  മൂന്നുനിലകളിലായി പണിതിരിക്കുന്ന ഈ ബുദ്ധിസ്റ്റ്  സെൻക്ഷേത്രം  സ്വർണ്ണമണ്ഡപം (Golden  Pavilion ) എന്നും  അറിയപ്പെടുന്നു.  1397 ല്‍ അഷികാഗ യോഷിമിത്സു എന്ന  ഭരണാധികാരിയാണ് ഇതു  നിര്‍മ്മിച്ചത്‌. വിസ്തൃതമായൊരു ജാപ്പനീസ്  ഉദ്യാനത്തിന്റെയുള്ളിലായി മനോഹരമായൊരു തടാകത്തിന്റെ കരയിലാണ് സൗന്ദര്യത്തിന്റെ  നിറകുടമായി ഈ ക്ഷേത്രം നിലകൊള്ളുന്നത്.   ഉദ്യാനവും  ക്ഷേത്രവും അതിന്റെ പ്രതിബിംബം പ്രതിഫലിക്കുന്ന സ്ഫടികസമാനമായ  തടാകവുമൊക്കെച്ചേർന്ന്  അഭൗമമായൊരു  ദൃശ്യചാരുതയാണ് അവിടെയൊരുക്കിയിരിക്കുന്നത്. നോക്കിനിൽക്കുന്തോറും കൂടുതൽ കൂടുതൽ അകർഷിക്കപ്പെടുന്നതായി അനുഭവപ്പെടും.



400 യെൻ ആണ് ഇവിടെ സന്ദർശിക്കുന്നതിനുള്ള ടിക്കറ്റ് ചാർജ് . ഞങ്ങൾ കയറുമ്പോൾ നേരിയ ചാറ്റൽമഴ.  സന്ദർശകരുടെ ബാഹുല്യത്തിനു കുറവൊന്നുമുണ്ടായില്ല. സ്വദേശികളും വിദേശികളുമായി ഒട്ടനവധിപേർ. ഞങ്ങൾ മൂവരും  കാഴ്ചകൾ കണ്ടും ചിത്രങ്ങൾ പകർത്തിയും അവർക്കിടയിലൂടെ നടന്നു. ക്ഷേത്രത്തിന്റെ മൂന്നുനിലകൾക്കും മൂന്നു വ്യത്യസ്ത വാസ്തുനിർമ്മാണരീതിയാണ്. ജാപ്പനീസ് രീതിയിൽ  തടികൊണ്ടുണ്ടാക്കിയ, വെളുത്തചായമടിച്ച ,  ആദ്യത്തെ നിലയിൽ ബുദ്ധന്റെയും യോഷിമിത്സുവിന്റെയും പ്രതിമകളുണ്ട്. പക്ഷേ അകത്തു പ്രവേശനമില്ലാത്തതുകൊണ്ടു പ്രതിമകളുടെ പ്രതിഫലനം തടാകത്തിൽക്കണ്ടു തൃപ്തിപ്പെടാനേ കഴിയൂ. രണ്ടാമത്തെയും മൂന്നാമത്തെയും നിലകൾ സ്വർണ്ണം പൂശിയതാണ് . രണ്ടാമത്തെ നില ഭാരതീയരീതിയിൽ ആണെന്ന് പറയപ്പെടുന്നുവെങ്കിലും ജപ്പാനിലെത്തന്നെ സമുറായി രീതിയോട് നല്ല സാമ്യമുണ്ട് . മൂന്നാമത്തേതാകട്ടെ ചൈനീസ് രീതിയിലും. ഉള്ളിൽ ബുദ്ധവിഗ്രഹങ്ങളും മറ്റുമുണ്ടെങ്കിലും അതൊന്നും സന്ദർശകർക്കു കാണാനാവില്ല. ഇന്നീക്കാണുന്ന ക്ഷേത്രം മൗലികമല്ല. ആഭ്യന്തരയുദ്ധങ്ങളിലും അല്ലാതെയുമൊക്കെയായി പലതവണ അഗ്നിക്കിരയായി പുനർനിർമ്മിക്കപ്പെട്ടതാണ്. ഏറ്റവുമവസാനം 1950 ൽ മനോരോഗിയായൊരു സന്യാസിയും ഇതിനു തീവയ്ക്കുകയുണ്ടായി. അയാൾ ആത്മഹത്യക്കു ശ്രമിച്ചെങ്കിലും മരിച്ചില്ല. പിടികൂടി ശിക്ഷിച്ചുവെങ്കിലും മനോരോഗിയാണെന്നു തിരിച്ചറിഞ്ഞപ്പോൾ മോചിപ്പിക്കുകയുണ്ടായി . മൂലരൂപത്തിന്റെ   അതേമാതൃകയിൽ 1955ൽ പുനർനിർമ്മിച്ച ക്ഷേത്രമാണ് ഇപ്പോൾ കാണുന്നത്.



ചിത്രങ്ങളെടുത്തു നടക്കവേ ഒരു വിദേശവനിത എന്നോടു ചോദിച്ചു എന്റെ ചിത്രമെടുത്തു തരട്ടേയെന്ന്. ഞാൻ സന്തോഷത്തോടെ ക്യാമറ  അവരെ ഏൽപ്പിച്ചു. കുറെ ഫോട്ടോ എടുത്തുതന്നു. അവരുടെ ഫോട്ടോയും എടുത്തുകൊടുത്തു. അപ്പോഴേക്കും ചേട്ടനും മോനും അടുത്തെത്തിയിരുന്നു. യൂറോപ്പിൽ നിന്നെത്തിയ അവർ സൈക്കിൾ യാത്രികയാണ്. ചിരിച്ചുകൈവീശി അവർ ആൾക്കൂട്ടത്തിൽ മറഞ്ഞു.  ജാപ്പനീസ്  ഉദ്യാനത്തിനുള്ളിൽക്കൂടി നടന്നുവേണം ക്ഷത്രത്തിനു പുറത്തുകടക്കാൻ. പുറത്തെത്തും മുമ്പ് വേറെയും ക്ഷേത്രങ്ങളും പുരോഹിതർ താമസിക്കുന്ന,  പൗരാണികത വിളിച്ചോതുന്ന മന്ദിരങ്ങളുമൊക്കെയുണ്ട്. ഏതാനും  ശിലാപ്രതിമകൾ പ്രതിഷ്ഠിച്ചിരിക്കുന്നിടത്തു ധാരാളം നാണയങ്ങൾ കിടക്കുന്നുണ്ട്. നമ്മൾ നാണയങ്ങൾ നേർച്ചയിടുന്നതുപോലെയെന്തോ ആണത്.   അവയൊക്കെക്കടന്നെത്തുന്നതു കുറച്ചുവിശാലമായൊരു ക്ഷേത്രമുറ്റത്താണ് . 'ഫ്യൂദോ ഹാൾ' എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ ആരാധനാമൂർത്തി ഫ്യുദോ എന്ന ജ്ഞാനദേവനാണ് . പാതക്കിരുവശവും മിഠായിക്കടകളും സോവനീർക്കടകളും കാണാം. നല്ല ജനത്തിരക്കും. അവിടെയൊരു കൗതുകക്കാഴ്ച. കിമോണയണിഞ്ഞ ജാപ്പനീസ്  സുന്ദരികൾ! പൊതുവേ ജപ്പാനിലെ ആളുകൾ അത്ര സൗന്ദര്യമുള്ളതായി തോന്നിയില്ല. നമ്മുടെ സൗന്ദര്യസങ്കല്പങ്ങളോടു ഒട്ടുംതന്നെ കിടപിടിക്കുന്ന ഘടകങ്ങൾ അവരുടെ രൂപഭാവങ്ങളില്ല. കിമോണയൊഴികെയുള്ള വസ്ത്രങ്ങളൊന്നും വർണ്ണപ്പകിട്ടുള്ളവയുമല്ല.   അവരുടെ പല്ലുകൾ മഞ്ഞനിറവും നിരതെറ്റിയതുമാവും. കണ്ണുകൾ അല്പം മുമ്പിലേക്കുന്തിയും .  പക്ഷേ കിമോണയിൽ കാണുമ്പോൾ അവർക്കു വർണ്ണനാതീതമായൊരു സൗന്ദര്യമുള്ളതായിത്തോന്നും. ഒരു ബാർബിപ്പാവയുടേതുപോലെ മുഖം. കണ്ണടക്കുകയും തുറക്കുകയും ചെയ്യുമ്പോൾ  മസ്‌കാരപുരട്ടി കറുപ്പിച്ചു നിറുത്തിയിരിക്കുന്ന കൺപീലികൾ പാവയുടേതുപോലെതന്നെയാണു  ചലിക്കുന്നത്. നോക്കിനിൽക്കാൻ നല്ല കൗതുകമുണ്ട്. ഇവർ ഗെയിഷകളാ‌ണ്‌‌‌‌‌‌‌. സകലകലാവല്ലഭകൾ .  ഒപ്പം നിന്നൊന്നു ഫോട്ടോ എടുത്താലോ എന്നു തോന്നി. മോൻ  അവരോടു ചോദിച്ചപ്പോൾ വളരെ സന്തോഷത്തോടെ പൊട്ടിച്ചിരിച്ചുകൊണ്ട് എന്റെ ഇരുവശങ്ങളിലായി രണ്ടു സുന്ദരിമാർ നിന്നു. ഫോട്ടോ എടുത്തശേഷം കുനിഞ്ഞു വണങ്ങി അവരും ഞങ്ങളും പിരിഞ്ഞു.

മുൻകാലത്ത് ,  സംഗീതത്തിലും നൃത്തത്തിലുമൊക്കെയുള്ള തങ്ങളുടെ സർഗ്ഗവൈഭവമുപയോഗിച്ചു അതിഥികളെ ആനന്ദിപ്പിക്കുകയെന്നതായിരുന്നു ജപ്പാനിലെ  അതിസുന്ദരിമാരായ ഈ  ഗെയ്‌ഷെകളുടെ ദൗത്യം. തുടക്കകാലത്ത് ഗെയ്ഷകളായി വേഷമണിഞ്ഞെത്തിയിരുന്നതു പുരുഷന്മാരായിരുന്നു. പിന്നീട് സ്ത്രീകൾ രംഗത്തെത്തി. രണ്ടാം ലോക മഹായുദ്ധകാലംവരെ ഈ രാജ്യത്ത്  ശക്തമായി  നിലനിന്നിരുന്ന ഒരു വിഭാഗമാണു ഗെയ്‌ഷമാര്‍. 1920കളില്‍ എണ്‍പതിനായിരത്തിലധികം ഗെയ്‌ഷമാര്‍ ഉണ്ടായിരുന്നു എന്നാണു കണക്ക്‌. ഒരു സാധാരണജീവിതം   അവർക്കെന്നും അന്യമായിരുന്നു. പ്രണയമോ വിവാഹമോ കുടുംബമോ ഒന്നും ഇല്ലാത്ത, തികച്ചും ശുഷ്കമായ,  മരുഭൂമിപോലൊരു   ജീവിതം . ദുരിതങ്ങളുടെയും സങ്കടങ്ങളുടെയും യഥാര്‍ഥ മുഖം ഒളിപ്പിക്കാന്‍ വേണ്ടി അവര്‍ മുഖത്തു  ചായമിടുന്നു, വിലപിടിച്ച പട്ടിന്‍െറ കിമോണ അണിയുന്നു, പാട്ടുപാടുന്നു, നൃത്തം ചെയ്യുന്നു, മധുരമായി സംസാരിക്കുന്നു. അവര്‍ കലാകാരികളാണ്‌. ശരീരമല്ല, കലയിലെ പ്രാവീണ്യമാണവര്‍ വില്‍ക്കുന്നത്‌. ഗെയ്‌ഷയുടെ ജീവിതം നിലനിര്‍ത്താന്‍ വേണ്ടിവരുന്ന ഭാരിച്ച ചെലവുകള്‍ക്കായി ഏതെങ്കിലുമൊരു സമ്പന്നനെ `രക്ഷിതാവാ'യി നേടുന്നതോടെ അവരുടെ ജീവിതം പൂർണ്ണമാകുന്നു. ഒടുവില്‍ ഗെയ്‌ഷത്തെരുവിലെ ഏതെങ്കിലും അടഞ്ഞ മുറിയില്‍ കരിന്തിരിപോലെ കത്തിയണയുന്നു . ദാരിദ്ര്യത്തില്‍ പിറന്ന്‌, ഒമ്പതാം വയസ്സില്‍ ഗെയ്‌ഷത്തെരുവില്‍ വില്‍ക്കപ്പെട്ട്‌, ദുരിതപര്‍വ്വങ്ങള്‍ താണ്ടി, സേ്‌നഹിച്ച പുരുഷനോടൊപ്പം മറ്റൊരു ജീവിതത്തിലേക്ക്‌ ആഹ്ലാദത്തോടെ നടന്നുപോയ ചിയോ എന്ന സയൂരിയുടെ കഥയാണ്‌ അമേരിക്കന്‍ എഴുത്തുകാരനായ ആര്‍തര്‍ ഗോള്‍ഡന്‍ എഴുതിയ 'മെമ്മോയേഴ്സ് ഓഫ് ഗെയ്ഷ' എന്ന നോവലിനിതിവൃത്തം. അമേരിക്കന്‍ സംവിധായകനായ റോബ്‌ മാര്‍ഷല്‍ 2005 ൽ ഇതേപേരിൽ  ഇതു സിനിമയാക്കിയിരുന്നു . ആറ് ഓസ്കർ നോമിനേഷൻ നേടിയിരുന്നു ഈ ചിത്രം.    പക്ഷേ ഇന്ന് ഗെയ്ഷകളുടെ കാലം അസ്തമിച്ചിരിക്കുന്നു എന്നുതന്നെ പറയാം . എങ്കിലും നിറപ്പകിട്ടാർന്ന പട്ടുകിമോണകളണിഞ്ഞ്, നന്നായി അണിഞ്ഞൊരുങ്ങിനിൽക്കുന്ന ഗെയ്‌ഷെകളെ നമുക്കു  യാത്രകൾക്കിടയിൽ എവിടെയെങ്കിലുമൊക്കെ കണ്ടുമുട്ടാനാവും.



അപ്പോഴേക്കും സന്ധ്യമയങ്ങിത്തുടങ്ങി. ഞങ്ങൾക്ക് നിജോ കാസിൽ കാണണമെന്നുണ്ട്‌. സാധാരണ കാസിലുകളിൽ നിന്നു  വ്യത്യസ്തമായി ഉയരം വളരെക്കുറഞ്ഞ കൊട്ടാരക്കെട്ടാണിത്. 1603ല്‍ പണികഴിപ്പിച്ച ഈ കൊട്ടാരം,പുരാതന പെയിന്റിംഗുകളും  കൊത്തുപണികളും കൊണ്ടു  സമ്പന്നമാണ്. നടക്കുമ്പോള്‍ നൈറ്റിംഗേലിന്റെ പാട്ടു  കേള്‍ക്കുന്ന തറകള്‍ ഇവിടുത്തെ പ്രത്യേകത ആണെന്നു പറയപ്പെടുന്നു . പതുക്കെ നടന്നാല്‍ കൂടുതല്‍ ഒച്ച കേള്‍ക്കുമത്രേ! സുരക്ഷക്കായി എന്തൊക്കെ വഴികളാണല്ലേ പണ്ടുള്ളവർ കണ്ടെത്തിയിരുന്നത്!  സമയം കഴിയുമോയെന്ന് ശങ്കയുണ്ടായിരുന്നു    അതുകൊണ്ടു ഒരു ടാക്സി പിടിച്ചാണു വന്നത്. പക്ഷേ അവിടുത്തെ പ്രവേശനസമയം കഴിഞ്ഞുപോയിരുന്നു. ഭീമാകാരമായ പടിപ്പുര ഒരുദ്യോഗസ്ഥൻ വന്ന് അടച്ചു തഴുതിട്ടു.  പുറം കാഴ്ചകളുടെ ഫോട്ടോ എടുക്കുമ്പോൾ കിൻകാക്കുജിയിൽ  കണ്ട സൈക്കിൾ യാത്രിക മുന്നിൽ. 'ഇത്രവേഗം  എങ്ങനെയിവിടെയെത്തി!' എന്നവർ  അത്ഭുതംകൂറി. ടാക്സിയിലാണ് വന്നതെന്നു  പറഞ്ഞു. അവിടെയും ഫോട്ടോകൾ എടുത്തു. അപ്പോഴേക്കും അവരുടെ സഹയാത്രികരുമെത്തി. പരസ്പരം യാത്രപറഞ്ഞു പിരിഞ്ഞു.



ഇനി പോകുന്നതു ക്യോത്തോ ടവറിലേക്കാണ്. മുകളിൽകയറിയാൽ ക്യോത്തോനഗരത്തിന്റെ നിശാഭംഗി ആവുന്നത്ര ആസ്വദിക്കാം. ബസ്സ് പിടിച്ചു ക്യോത്തോ സ്റ്റേഷനിലെത്തി.   വൈദ്യുതവിളക്കുകളുടെ ഉജ്ജ്വലമായ  വർണ്ണപ്രഭയിൽ ടവർ തലയുയർത്തി നിൽക്കുന്ന കാഴ്ച വാക്കുകകളാൽ വർണ്ണിക്കാനാവുന്നില്ല.131 മീറ്റർ ഉയരമുള്ള ഈ ടവറാണ് ക്യോത്തയിലെ ഏറ്റവും ഉയരംകൂടിയ രൂപശില്പം. പൗരാണികതയുടെ പ്രതിഫലനങ്ങളായ  ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും നഗരമായ ക്യോത്തോയുടെ തികച്ചും നവീനമായൊരു മുഖബിംബമാണ് ഈ ടവർ. ടോക്കിയോ ഒളിമ്പിക്സിന്റെയും ഷിൻകാൻസെന്റെയും വർഷമായ 1964ൽ  ആണ് ഈ ടവറിന്റെ നിർമ്മാണം പൂർത്തീകരിച്ചതും. 100 മീറ്റർ ഉയരത്തിലാണ്  ദർശനവേദിക ( viewing platform ) അവിടെനിന്നു 360ഡിഗ്രിയിൽ ക്യോത്തോയുടെ ദർശനം സാധ്യമാകും.

770യെൻ  ആണു ടിക്കറ്റു ചാർജ് . രാത്രി ഒമ്പതുമണിവരെയുണ്ടു  സമയം. കുറേസമയം ചുറ്റുമുള്ള ക്യോത്തോനഗരത്തിന്റെ കാഴ്ചകൾ കണ്ടു. അവിടെനിന്നു മടങ്ങി സ്റ്റേഷനിലുള്ള ഒരു മെക്സിക്കൻ റെസ്റ്റോറന്റിൽ നിന്നു ഭക്ഷണവും കഴിച്ചു താമസസ്ഥലത്തേക്കു മടങ്ങി. ക്യോത്തോയിൽ തണുപ്പുണ്ടാവില്ലെന്നു മോൻ  നേരത്തെ പറഞ്ഞിരുന്നെങ്കിലും അതികഠിനമായ തണുപ്പായിരുന്നു. ബസ്സിൽ 40 മിനുട്ട് യാത്രയുണ്ട് ഡൈട്ടോക്കുജി സ്റ്റോപ്പിലേക്ക് .   അവിടെയെത്തിയപ്പോൾ പതിനൊന്നര കഴിഞ്ഞിരുന്നു.














Monday, April 13, 2020

ഉത് സ്‌ കുഷി നിഹോൺ - 4

4 . ഷിങ്കാൻസെനിൽ  ക്യോത്തോ യാത്ര
===============================================
മെയ് 2 ചൊവ്വാഴ്ച  രാവിലെ 8. 03 നു ടോക്യോയിൽ നിന്നു ബുള്ളറ്റ്ട്രെയിനിൽ ക്യോത്തോ എന്ന നഗരത്തിലേക്കു പോകാൻ റിസർവ്വേഷൻ എടുത്തിട്ടുണ്ട്. രാവിലെ 7 മണിക്കു ഷിമോസ്റ്റേഷനിലെത്തി ടോക്യോയിലേക്കുള്ള ട്രെയിൻ  പിടിച്ചു.
എപ്പോഴും അത്ഭുതത്തോടെ മാത്രം കേട്ടിരിക്കുന്ന പേരാ‌ണ്‌‌‌‌‌ ബുള്ളറ്റ്ട്രെയിൻ എന്നത്. അതിൽ കയറിയുള്ളൊരു സ്വപ്നയാത്ര.. മനസ്സ് മറ്റൊരു ലോകത്തുതന്നെയായിരുന്നു.

ജാപ്പനീസ്ഭാഷയിൽ ബുള്ളറ്റ്ട്രെയിനു ഷിങ്കാൻസെൻ എന്നാണു പേ‌ര്‌‌‌‌‌‌‌. ജപ്പാന്റെ സാങ്കേതികപുരോഗതിയുടെ ഉജ്ജ്വലമായ ഉദാഹരണമാണ് ഷിങ്കാൻസെൻ .  1930കളിൽ  ഇങ്ങനെയൊരു അതിവേഗട്രെയിൻപ്രോജക്റ്റ് തുടങ്ങുമ്പോൾ വെടിയുണ്ട എന്നർത്ഥം  വരുന്ന  'ഡാംഗാൻ  രെഷ്ഷാ' എന്നായിരുന്നു നാമകരണം നടത്തിയിരുന്നത്. അത് ആംഗലേയവത്കരിച്ചപ്പോൾ ബുള്ളറ്റ് ആയി.   അങ്ങനെയാണു ബുള്ളറ്റ്ട്രെയിൻ എന്നറിയപ്പെട്ടത്. 1940  ലാണ്  ഷിങ്കാൻസെൻ എന്ന പേര് ആദ്യമായി ഉപയോഗിച്ചത്

ജപ്പാനിലെ മലകളുടെ ബാഹുല്യം അവിടെ നാരോഗേജ്  സാധ്യതയേ നല്കിയിരുന്നുള്ളു.  അതാവട്ടെ വളഞ്ഞും പുളഞ്ഞും പോകുന്നതും. അതുകൊണ്ടുതന്നെ  വിവിധസ്ഥലങ്ങളിലേക്കുള്ള  ട്രെയിൻയാത്ര ദൈർഘ്യമേറിയതായി . വേഗതകൂടിയ ട്രെയിനുകളെക്കുറിച്ചാലോചിച്ചപ്പോൾ ഈ ലൈനുകൾ ബ്രോഡ്ഗേജ് ആക്കുന്നതിനുപകരം പുതിയതായി നിർമ്മിക്കുന്നതാണുചിതം എന്നു മനസ്സിലാക്കിയാണു  പുതിയവ തന്നെ നിർമ്മിച്ചത്. അതാവട്ടെ ധാരാളം ടണലുകളും പാലങ്ങളും കടന്നുപോകുന്നവയും. നേർദിശയിലുള്ള യാത്രയായതുകൊണ്ട് ദൂരക്കുറവും, തടസ്സങ്ങളില്ലാത്തതുകൊണ്ട് അതിവേഗത്തിലും യാത്ര സാധ്യമാവുകയും ചെയ്യുന്നു.

ടോക്യോ ഒളിംപിക്സ് നടന്ന  1964 ൽ  ഒക്റ്റോബർ 1- നാ‌ണ്‌‌‌‌‌‌‌ ആദ്യമായി ഷിങ്കാൻസെൻ  ഓടിത്തുടങ്ങിയത്. 'തോക്കൈഡോ    ഷിങ്കാൻസെൻ' എന്നാ‌ണ്‌‌‌ അതറിയപ്പെട്ടത്. ടോക്ക്യോ നഗോയ, ഒസാക്ക എന്നീ തിരക്കേറിയ  നഗരങ്ങളെ  ബന്ധിപ്പിക്കുന്ന ഈ റെയിൽവേലൈനാ‌ണ്‌‌‌‌‌‌‌ ലോകത്തിലെ ഏറ്റവും തിരക്കേറിയ അതിവേഗലൈൻ .  ഷിങ്കാൻസെൻ നെറ്റ് വർക്ക് വിവിധ ലൈനുകളിൽ  ഇന്നു ജപ്പാനിലെ  പ്രമുഖനഗരങ്ങളെയൊക്കെ ബന്ധിപ്പിക്കുന്ന കുറ്റമറ്റ,  ജനസമ്മതിയാർന്ന, ഗതാഗതസംവിധാനമായിരിക്കുന്നു.  നിസൊമി , ഹിക്കാരി, കൊദാമ ,  അസമ, ഹയാതെ ,  സക്കുറ,  കൊമാഷി, മിസുവോ, തോക്കി, ഹൊക്കിരിക്കു ഇങ്ങനെ ഇരുപതോളം റ്റൈപ്പ്  സർവ്വീസുകളിലായി നിരവധി   ബുള്ളറ്റ്ട്രെയിനുകൾ   ഉണ്ട്.  ഇവയിൽ  നിസൊമി ബുള്ളറ്റ്ട്രെയിനുകളാ‌ണ്‌‌‌‌‌‌‌ ഏറ്റവും വേഗതയേറിയത്. 300 km/h വരെ വേഗതയുണ്ട് ഇത്തരം ട്രെയിനുകൾക്ക് . വേഗതയുടെ കാര്യത്തിൽ  രണ്ടാംസ്ഥാനത്ത്   ഹിക്കാരിയും മൂന്നാംസ്ഥാനത്ത്  കൊദാമയും .   നിസൊമി എന്നാൽ പ്രതീക്ഷ എന്നാണർത്ഥം.  ഹിക്കാരി എന്നാൽ പ്രകാശം എന്നും കോദോമി   എന്നാൽ പ്രതിധ്വനി എന്നുമാണർത്ഥം. അക്കിത്തഷിങ്കാൻസെൻ  1997 ൽ ആരംഭിച്ച  വേഗത കുറഞ്ഞ   മിനി-ഷിങ്കാൻസെൻ ആണ്.
 ( 2017  സെപ്റ്റംബറിൽ മുംബൈ മുതൽ അഹമ്മദാബാദ് വരെയുള്ള 508 കി.മീ ദൈര്‍ഘ്യമുള്ള ഇന്ത്യയിലെ  ആദ്യത്തെ ബുള്ളറ്റ്ട്രെയിൻപദ്ധതിക്ക് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്നു തറക്കല്ലിട്ടു. പദ്ധതിക്ക് 1,10,000 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ഇതില്‍ 88,000 കോടി രൂപ ജപ്പാനാണ് ലോണ്‍ ഇനത്തില്‍ നിക്ഷേപിക്കുന്നത്. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി 0.1% പലിശനിരക്കില്‍ 50 വര്‍ഷത്തേക്കാണ് ഈ വായ്പ നൽകിയിരിക്കുന്നത്. 15 വര്‍ഷത്തെ ഗ്രേസ് പീരീഡുമുണ്ട്. 2023-ല്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷ)




സമയനിഷ്ഠ പാലിക്കുന്നതിൽ ഈ ട്രെയിനുകൾ കണിശക്കാരാണ്. ഇതുവരെ സംഭവിച്ച ശരാശരി കാലവിളംബം 54  സെക്കൻഡ് ആണ്. അതുതന്നെ 2014  ൽ ഭൂമികുലുക്കത്തെത്തുടർന്നുണ്ടായതും.  1997 ൽ അതു 18സെക്കൻഡ്  ആയിരുന്നു. അപകടങ്ങളും വളരെക്കുറച്ചുമാത്രമേ ഇതുവരെ സംഭവിച്ചിട്ടുള്ളൂ. ആകെ രണ്ടുതവണയാണ് പാളംതെറ്റൽ സംഭവിച്ചിട്ടുള്ളത്. 2004  ഒക്ടോബർ 23 നുണ്ടായ ഭൂകമ്പത്തിലായിരുന്നു ആദ്യത്തേത്. തോക്കി വിഭാഗത്തിൽപ്പെട്ട 325 )o നമ്പർ ബുള്ളറ്റ് ട്രെയിന്റെ പത്തിൽ എട്ടു കാറുകൾ നാഗോക്കസ്റ്റേഷനടുത്തു പാളം തെറ്റി. 154 യാത്രക്കാരിൽ ആർക്കും തന്നെ ജീവാപായമോ അത്യാഹിതമോ  സംഭവിച്ചില്ല. മറ്റൊന്ന്, കനത്ത ഹിമപാതത്തെത്തുടർന്ന്, കോമാഷി 25 - )o നമ്പർ ബുള്ളറ്റ്ട്രെയിൻ ദേയിസണിൽ പാളം തെറ്റിയതാണ് . ആ സംഭവത്തിലും  യാത്രക്കാർക്കാർക്കും അപകടമൊന്നും സംഭവിച്ചില്ല . ഭൂകമ്പമുണ്ടാകുമ്പോൾ വളരെവേഗം ഓട്ടം  നിർത്താനുള്ള   സംവിധാനം ഇത്തരം ട്രെയിനുകളിലുണ്ട് . നാഗോക്കയിലുണ്ടായ അപകടത്തിനുശേഷം വിശദമായ പഠനങ്ങൾ നടത്തി , ഒരു പുതിയ   anti-derailment device  ട്രെയിനുകളിൽ  സ്ഥാപിക്കുകയുണ്ടായി.  ആൾനാശം  സംഭവിച്ചത് ആത്മഹത്യാശ്രമങ്ങളിലാണ്. ഒരിക്കൽ ഒരാൾ ട്രെയിനകത്തു കടന്നശേഷം തീകൊളുത്തി ആത്മഹത്യ ചെയ്തു. ആ അഗ്നിയിൽപ്പെട്ടു മറ്റൊരാൾ മരിക്കുകയും ഏതാനുംപേർക്കു  ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു .  ബുള്ളറ്റ്ട്രെയിൻ   ഓടാത്ത മേഖലകളിലേക്കും  ഇപ്പോൾ പാതകൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നു.

ഹ്രസ്വകാലത്തേക്കു ജപ്പാനിലെത്തുന്ന വിദേശികൾക്കു യാത്രചെയ്യാൻ ജപ്പാൻ റെയിൽ പാസ്സ് ( JR Pass ) ലഭ്യമാണ്. 7, 14, 21   ദിവസങ്ങളിലേക്ക്  ആവശ്യാനുസരണം എടുക്കാം. ഈ പാസ്സ് എടുക്കുന്നവർക്ക് ഗ്രീൻകാറിൽ (First Class)  സഞ്ചരിക്കാം. പക്ഷേ നിസോമി വിഭാഗത്തിൽപ്പെട്ട ട്രെയിനുകളിൽ യാത്ര സാധിക്കില്ല. 7 ദിവസത്തേക്ക്    ¥44,000 ( Rs 27,000)  ആണ് ചെലവ്. യഥാർത്ഥ നിരക്കുമായി താരതമ്യപ്പെടുത്തിയാൽ  ഇതു വളരെ ലാഭകരമാണ് . ഞങ്ങൾക്ക് 7 ദിവസത്തേക്ക് പാസ്സ് എടുത്തിരുന്നു .  പക്ഷേ ഇപ്പോൾ ജപ്പാൻ നിവാസിയായ  മോന് ഈ പാസ്സ് ലഭിക്കില്ലാത്തതുകൊണ്ടു ടിക്കറ്റ് എടുത്താണ് യാത്ര. ഭീമമായ തുക  അതിനായി  ചെലവഴിക്കേണ്ടതുണ്ട്.

ട്രെയിൻ ഓടുന്ന ദിശയിലേക്കായിരിക്കും സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ അംഗങ്ങൾ ഒന്നിച്ചു യാത്രചെയ്യുമ്പോൾ അവ മുഖാമുഖമാക്കി സജ്ജമാക്കാം. ഉദ്യോഗസ്ഥർ കാറിനുള്ളിൽ കടന്നാൽ ഓരോ യാത്രികരെയും കുനിഞ്ഞു വണങ്ങിയാണു  കടന്നുപോകുന്നത്. യാത്ര തുടങ്ങുമ്പോൾ തന്നെ എല്ലവർക്കും പ്ലാസ്റ്റിക് പായ്‌ക്കറ്റിലുള്ള  ടിഷ്യു പേപ്പർ നൽകാനായി ഒരു ജീവനക്കാരിയെത്തും. (ഹോട്ടലിൽ കയറിയാലും ആദ്യം ഇങ്ങനെ
ടിഷ്യു പേപ്പറോ നാപ്കിനോ ലഭിക്കാറുണ്ട്. ഹോട്ടലിന്റെ രീതിയനുസരിച്ചു നാപ്കിൻ  ചൂടുള്ളതോ തണുത്തതോ ആയിരിക്കും . കൈകൾ ശുദ്ധമാക്കാനാണിത്. കൈ കഴുകുന്ന പതിവ്  അവിടെയില്ല. കൈകൊണ്ടു ഭക്ഷണം കഴിക്കാറുമില്ല. അതൊരു പ്രാകൃതരീതിയായാണ് ഇന്നാട്ടുകാർ കരുതുന്നത് . ജാപ്പനീസ് രീതി രണ്ടു വടികൾ (ചോപ്സ്റ്റിക്‌സ്) ഉപയോഗിച്ച് കഴിക്കുന്നതാണ്.  ചോറുപോലും അവർ ആ വടികൊണ്ടുതന്നെ കഴിക്കും, ഒരു വറ്റും പാത്രത്തിലവശേഷിപ്പിക്കാതെതന്നെ. അങ്ങനെ കഴിക്കാനറിയാത്തവർക്കു സ്പൂണും ഫോർക്കും ഉപയോഗിക്കാം. ) പിന്നാലെ, വിമാനത്തിൽ വരുന്നതുപോലെ  ഫുഡ് കാർട്ടുമായി വരുന്നുണ്ടാവും. ആവശ്യമുള്ള ഭക്ഷണം ഓർഡർ ചെയ്തു കഴിക്കാം. അതിനുശേഷം വരുന്നത് വേസ്റ്റ്‌ കൊണ്ടുപോകാനുള്ള  വലിയൊരു പ്ലാസ്റ്റിക്സഞ്ചിയുമായി ആകും. ആരുവന്നാലും ഏറ്റവും വിനയത്തോടെ വണങ്ങിയേ പോകാറുള്ളൂ. ഈ ജനതയുടെ ആതിഥ്യമര്യാദയെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ല.

ഒരു ഷെഡ്യൂൾ പൂർത്തിയാക്കിയാൽ  ക്ലീനിങ് സ്റ്റാഫ് പ്ലാറ്റഫോമിൽ കാത്തുനിൽക്കുന്നുണ്ടാവും. യാത്രയവസാനിപ്പിച്ചിറങ്ങിപ്പോകുന്നവരെ നോക്കി വണങ്ങിയാണ് അവർ ഉള്ളിലേക്ക് കയറുന്നത്. ആകെ 12  മിനുട്ടു നേരമാണ്  ടോക്കിയോയിൽ ഒരു ബുള്ളറ്റ്ട്രെയിൻ നിൽക്കുന്നത്. അതിൽ രണ്ടുമിനുട്ട് ഇറങ്ങാനും രണ്ടു മിനുട്ട് കയറാനും . ചിലപ്പോൾ ഇറങ്ങുന്നതിന്  ഒരുമിനുട്ട്  സമയം കൂടുതലെടുത്തെന്നും വരാം. ബാക്കിയുള്ള ഏഴുമിനുട്ടിനുള്ളിൽ വൃത്തിയാക്കൽ പൂർത്തിയാക്കണം. വളരെ വേഗത്തിലാണു  ജോലികൾ. സീറ്റുകൾക്കിടയിൽ പരിശോധിച്ചു  മറന്നുപോയ വസ്തുക്കൾ ശേഖരിക്കുക, ചിതറിവീണുകിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങളോ മറ്റു മാലിന്യങ്ങളോ നീക്കം ചെയ്യുക. എല്ലായിടവും നന്നായി തുടച്ചുവൃത്തിയാക്കുക, ഇരിപ്പിടങ്ങളുടെ ദിശ മാറ്റുക,  ടോയ്ലറ്റ് എത്ര വൃത്തിഹീനമായിക്കിടന്നാലും (അങ്ങനെ എവിടെയും കണാറില്ല)  കഴുകിത്തുടച്ചു വെട്ടിത്തിളങ്ങുംപോലെ ഇടുക ഇതൊക്കെ അവർ ഈ ഏഴുമിനുട്ടിനുള്ളിൽ ചെയ്തിരിക്കും. ഇവിടുത്തുകാരുടെ കർമ്മനിരതയെ ഉപമിക്കാൻ ഈ ലോകത്തുതന്നെ മറ്റൊന്നുണ്ടാവില്ല. തങ്ങളുടെ ജോലി സമയത്തുതന്നെ പൂർത്തിയാക്കി അവർ, കയറാൻ കാത്തുനിൽക്കുന്ന യാത്രികരെ വണങ്ങി, വിനയത്തോടെ നടന്നകലും. സത്യത്തിൽ  അവരുടെ പാദം  തൊട്ടു നമസ്കരിക്കാൻ തോന്നും.

ഒരു ഹിക്കാരി ഷിങ്കാൻസെനിൽ ആയിരുന്നു   ഞങ്ങളുടെ ആദ്യയാത്ര - ടോക്യോയിൽ നിന്ന് ക്യോത്തോയിലേക്ക്. 2 മണിക്കൂർ 40  മിനുട്ട് യാത്ര. 456 കിലോമീറ്റർ  ദൂരം.  എത്ര വേഗതയുണ്ടെങ്കിലും ഉള്ളിലിരിക്കുന്നവർക്ക് അത് ഒട്ടും അനുഭവേദ്യമാകുന്നതേയില്ല എന്നത്  അത്ഭുതാവഹമാണ്. വിശാലമായ ചില്ലുജാലകങ്ങളിലൂടെ  പുറത്തെ കാഴ്ചകൾ അതീവഹൃദ്യം. കുറച്ചുസമയം കഴിഞ്ഞപ്പോൾ ധവളകിരീടമണിഞ്ഞു നിൽക്കുന്ന ഫ്യുജി പർവ്വതം കാഴ്ച്ചയിൽ! അവർണ്ണനീയമാണ് ആ ദൃശ്യം. ഷിൻതോ  മതക്കാരുടെ പുണ്യപർവ്വതമാണു  ഫ്യൂജിയാമ.  അവർക്ക് ഈ പർവ്വതദർശനം പോലും ഭാഗ്യമാ‌ണ്‌‌‌‌‌‌‌.  കൃഷിസ്ഥലങ്ങളും ഗ്രാമങ്ങളും പട്ടണങ്ങളും ഒക്കെ കടന്നുപോകുമ്പോൾ ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്, മലകളെല്ലാം ഇടതൂർന്ന  വനമായി കിടക്കുന്നു എന്നതാണ്.  താഴ്‌വരകളിൽ മാത്രമേ ജനവാസവും കൃഷിയുമുള്ളൂ. അതാകട്ടെ ഒരിഞ്ചുസ്ഥലം പോലും പാഴാക്കാതെയുമാണ്. നെല്ലും പച്ചക്കറികളും പഴങ്ങളും തേയിലയും ഒക്കെ കൃഷിയുണ്ട്.  തികഞ്ഞ സൗന്ദര്യബോധത്തോടെ എല്ലാം പരിപാലിക്കപ്പെടുന്നു. ഗ്രാമങ്ങളിലെ വീടുകൾ രണ്ടുനിലകളിലായാണ്. അവ  ഓടിട്ട ചരിഞ്ഞ മേൽക്കൂരയും മരഭിത്തിയുമുള്ളതായിരിക്കും. പട്ടണങ്ങളിൽ ബഹുനിലമന്ദിരങ്ങൾ കാണാം. ഒട്ടനവധി സോളാർ പാനലുകളും കാണുന്നുണ്ട് . എണ്ണമറ്റ തുരങ്കങ്ങളിലൂടയാണു യാത്ര മുന്നേറുന്നത്. വളരെക്കുറച്ചു സ്റ്റേഷനുകളിൽ മാത്രമാണു  സ്റ്റോപ്പ് ഉള്ളത്. ഒരുദിവസം ടോക്യോയിൽ നിന്നു ഷിൻ ഒസാക്കയിലേക്ക് 64  ഹിക്കാരി ട്രെയിൻ സർവീസ് ഉണ്ട്. നിസോമിയുടേതാകട്ടെ 188 . മറ്റുള്ളവയും ഒട്ടനവധി. ആകെ ഷിങ്കാൻസനുകൾ   340 ഓളം വരും.

 കൃത്യസമയത്തുതന്നെ ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി . ക്യോത്തോയിൽ നാലുദിവസം താമസിക്കാനുള്ള   തയ്യാറെടുപ്പിലാണു ഞങ്ങളെത്തിയിരിക്കുന്നത്. പെട്ടിയും ബാഗുമൊക്കെ ലോക്കറിൽ വെച്ച്, സ്റ്റേഷനു സമീപമുള്ള കാഴ്ചകൾ കണ്ടശേഷം താമസസ്ഥലത്തേക്കു  പോകാമെന്നു കരുതി  ലോക്കർ അന്വേഷണം ആരംഭിച്ചു. എവിടെയും തിരക്കു തന്നെ. ലോക്കർ ഒഴിഞ്ഞുകിട്ടാൻ വളരെ ബുദ്ധിമുട്ടുള്ള സമയം. ആ ആഴ്ച ജപ്പാൻകാരുടെ അവധിക്കാലമാണ്. ചക്രവർത്തിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട  ഗോൾഡൻ വീക്ക് - താമസസൗകര്യവും ലഭിക്കാൻ  ബുദ്ധിമുട്ടുണ്ട്. പക്ഷേ ഞങ്ങൾ നേരത്തെ റൂം  ബുക്ക്  ചെയ്തിരുന്നു.

ലോക്കർ കിട്ടിവന്നപ്പോൾ കുറേ വൈകി. നല്ല തണുപ്പ്. ക്യോത്തോയിൽ തണുപ്പുണ്ടാവില്ലെന്നായിരുന്നു മോൻ  പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ തണുപ്പിനെ പ്രതിരോധിക്കാനുള്ള സന്നാഹങ്ങളൊന്നും കയ്യിൽ കരുതിയിട്ടുമില്ല.  സ്റ്റേഷന്റെ പുറത്തുകടക്കുമ്പോൾ ആദ്യം കണ്ണിൽപെടുന്നതു പ്രൗഢിയുടെ പ്രതീകമായി നിൽക്കുന്ന ക്യോത്തോ ടവർ ആണ്. പിന്നെയും ഒട്ടനവധി അംബരചുംബികൾ. ക്യോത്തോ, ടോക്കിയോ പോലെതന്നെ ഒരു വലിയനഗരമാണ് . ടോക്കിയോ തലസ്ഥാനമാകുന്നതിനു മുമ്പ് ക്യോത്തോ ആയിരുന്നു ജപ്പാന്റെ തലസ്ഥാനം.  ചിത്രങ്ങളുമൊക്കെ എടുത്തു കുറച്ചുനടന്നപ്പോൾ വിശപ്പിന്റെ വിളി. ഭക്ഷണശാലകളുടെ ധാരാളിത്തം അവിടെയും ഉണ്ട് . ഏതു വിഭവമാണു ഞങ്ങൾക്കിഷ്ടമാകുന്നതെന്നു മോന് ആശയക്കുഴപ്പം. പലതും വാങ്ങിയശേഷം കഴിക്കാതിരുന്നതുകൊണ്ടാണീ ആശങ്ക. അവൻ ഓരോന്നും പരീക്ഷിച്ചുനോക്കി നിരാശപ്പെടുന്നു. ഒടുവിൽ  റൈസ് ബട്ടർ ചിക്കൻ ബോർഡ് കണ്ടു കയറി.
അവിടെ വെജിറ്റബിൾ കറിയും ബീഫ് കറിയും പോർക്ക് കറിയും  ഒക്കെയുണ്ട്. ചേട്ടന് ബീഫ് കറി പറഞ്ഞു . എനിക്കു ചിക്കനും. മോന് എന്തോ ജാപ്പനീസ് വിഭവം ആണ് പറഞ്ഞത്. സൂപ്പും ചായയും സലാഡും ഒക്കെ ഇതോടൊപ്പം ഉണ്ട് . ഏഴായിരം യെന്നിനു മുകളിലായി ബിൽ എങ്കിലും ആ ഭക്ഷണം താരതമ്യേന തൃപ്തികരമായിരുന്നു.   സൂപ്പ് എനിക്കു തീരെ ഇഷ്ടമായില്ലയെങ്കിലും ചിക്കൻകറി വീട്ടിലുണ്ടാക്കുന്ന  ചിക്കൻ വിന്താലുപോലെ സ്വാദിഷ്ടം . ഇവിടുത്തെ അരിയുടെ  ചോറ് ഒട്ടലുള്ളതായിരിക്കും. വെളുത്തതോ  ബ്രൗൺ നിറത്തിലെയോ ചോറ് ജപ്പാനിൽ ലഭിക്കും. എത്രതണുപ്പാണെങ്കിലും ഹോട്ടലുകളിൽ കുടിക്കാൻ ലഭിക്കുന്ന വെള്ളം ഐസുപോലെ തണുത്തതാ‌ണ്‌‌‌‌‌‌‌. അതുകൊണ്ടു കുടിക്കാൻ ചൂടുള്ള  ഗ്രീൻ ടീ തന്നെ നല്ലത് .

ഭക്ഷണം കഴിഞ്ഞു ലോക്കറിൽ നിന്നു ബാഗുകളൊക്കെ എടുത്തു സ്റ്റേഷനോടു ചേർന്നുള്ള ബസ്സ് സ്റ്റാൻഡിൽ നിന്നു ബസ്സ് പിടിച്ച്,  മുറി ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടലിലേക്കു പോയി . ഹോട്ടലിനു റിസപ്ഷനോ പരിചാരകരോ ഒന്നുമുള്ളതായിക്കണ്ടില്ല. ബസ്സിൽ കയറുമ്പോഴേ  മെസ്സേജ്  കൊടുത്തിരുന്നതുകൊണ്ടു മെയിൻ ഗേറ്റ് തുറക്കാ നുള്ള ലോക്ക് നമ്പർ അവർ അയച്ചുകൊടുത്തിരുന്നു.   'ഡൈട്ടോക്കുജി ഇൻ' അതാണ് ഹോട്ടലിന്റെ പേര്. അതിനടുത്തുതന്നെയാണ്  ഡൈട്ടോക്കുജി ക്ഷേത്രം. മുറി പൂട്ടിയിരുന്നില്ല. ( താക്കോൽ  മുറിക്കുള്ളിലെ മേശപ്പുറത്തുണ്ടായിരുന്നു.)   മൂന്നാം  നിലയിലാണു മുറി. വാതിൽത്തുറന്നു കയറുന്നതു ചെറിയൊരിടനാഴിയിലേക്കാണ്. അതുകടന്നെത്തുന്നത് ചെറിയൊരടുക്കള. സ്റ്റവും ഫ്രിഡ്ജും മൈക്രോവേവ് ഓവനും പാത്രങ്ങളും ടവ്വലും ഒക്കെ വൃത്തിയായും ഭംഗിയായും വെച്ചിരിക്കുന്നു. സ്റ്റവിനുതാഴെയുള്ള   ഷെൽഫിൽ  പാചകത്തിനുള്ള പാത്രങ്ങളും. . അടുത്തുതന്നെ ഒരു ചെറിയ മേശയും മൂന്നു കസേരകളും. ഇടതുവശത്തേക്കൊരു വാതിൽ.  അതിനപ്പുറമാണ് കിടപ്പുമുറി. തത്താമി എന്ന പുൽപ്പായ പതിപ്പിച്ച തറയിൽ മൂന്നു ഫൂത്തോണുകൾ (മെത്ത ) ഭംഗിയായി വിരിച്ചിരിക്കുന്നു. ഇതാണ് ജപ്പാന്റെ പരമ്പരാഗതരീതി. കട്ടിലുകൾ അവർ ഉപയോഗിക്കാറില്ല. അതുപോലെ നമ്മുടെ കസേരകൾക്കു പകരം അവരുപയോഗിക്കുന്നതു കുരണ്ടിക്കു ബാക്റെസ്ററ് പിടിപ്പിച്ചതുപോലൊരു സാധനമാണ് .  വടക്കേയിന്ത്യയിൽ കാണുന്നതരത്തിലെ രാജായിപോലൊന്നു തൂവെള്ളക്കവറൊക്കെയിട്ടു  മടക്കിവെച്ചിട്ടുണ്ട്, പുതയ്ക്കാൻ.  വാതിലിന്റെ ഇടതുവശത്തു മറ്റൊരുവാതിൽ ടോയ്‌ലെറ്റിന്റേതാണ്.  വളരെ ഇഷ്ടമായി ഈ മുറി. അടുക്കളയുണ്ടാവുമെന്നു അറിയാമായിരുന്നതുകൊണ്ടു കാപ്പിപ്പൊടി,  പഞ്ചസാര ഒക്കെ കരുതിയിരുന്നു . ഞാൻ കാപ്പി തയ്യാറാക്കിയപ്പോഴേക്കു മോൻ എ സി ഓണാക്കി മുറി ചൂടാക്കി  . ജപ്പാനിലെവിടെയും മുറികളിൽ  എ സി ഉണ്ടാകും. അതു മുറികൾ  തണുപ്പിക്കാൻ മാത്രമല്ല ചൂടാക്കാനും ഉതകുന്നവയാണ്. കാപ്പികുടിച്ചശേഷം ഞങ്ങൾ അവിടെനിന്നിറങ്ങി. എണ്ണമറ്റ കാഴ്ചകൾ കാത്തിരിക്കുന്നുണ്ടല്ലോ..























ഉത് സ്‌ കുഷി നിഹോൺ - 3

ഉത് സ്‌ കുഷി നിഹോൺ  - 3
3 - മരുയാമകോയനും പൈതൃകഗ്രാമവും.
=========================================
നാലുമണിയാകുമ്പോൾത്തന്നെ നല്ല വെളിച്ചം വന്നുതുടങ്ങും. അതുകൊണ്ട് വേഗമുറക്കമുണരുകയും ചെയ്യും. കഠിനമായ തണുപ്പായിരുന്നെങ്കിലും നല്ല ചൂടുവെള്ളമാണു ഷവറിൽ. കുളികഴിഞ്ഞപ്പോൾ നല്ല ഉന്മേഷമായി.
രാവിലെ ഏഴുമണിക്കുതന്നെ ഞങ്ങൾ ഹോട്ടൽ വെക്കേറ്റ്  ചെയ്തു. അടുത്തുതന്നെയുള്ള മരുയാമഗാർഡനും മരുയാമക്ഷേത്രവും (മരുയാമകോയൻ) കാണാനായി  യാത്ര പുറപ്പെട്ടു. മരുയാമകോയൻ റെയിൽവേസ്റ്റേഷനിലേക്ക് അഞ്ചുമിനിറ്റ് ട്രെയിൻയാത്ര.   അന്തരീക്ഷമാകെ മൂടിക്കെട്ടി നിൽക്കുന്നു. കുറച്ചുദൂരം പാർക്കിലൂടെ നടക്കണം. ഒരു നിബിഡവനം പോലെയാണ് ആ ഉദ്യാനം. ധാരാളം മരങ്ങൾ . പലയിടത്തും ചെറിമരങ്ങൾ പൂചൊരിഞ്ഞു നിൽക്കുന്നു. ഇനിയും പൂക്കാലത്തെ വരവേൽക്കാതെ മടിപിടിച്ചുറങ്ങുന്നവർ ധാരാളം. അവയൊക്കെ ഏതാനും ദിവസത്തിനുള്ളിൽ പൂച്ചിരി വിടർത്തും . ഒരു പുരാതന ക്ഷേത്രത്തിലാണ് ആദ്യമെത്തിയത്. ആരാധനയ്ക്കായെത്തിയ  രണ്ടു  കിമോണയണിഞ്ഞ സ്ത്രീകളെ അവിടെക്കണ്ടു .സാധാരണ എവിടെയും  ജപ്പാൻ സ്വദേശികളെ പാശ്ചാത്യവേഷത്തിലാണു  കാണാറുള്ളത് .  അത്രയധികം പ്രാധാന്യമൊന്നുമില്ലാത്ത ഒരു ചെറിയ ക്ഷേത്രമാണതെന്നു തോന്നി. അധികമാരും ആരാധനയ്ക്കായി എത്തിയിരുന്നില്ല. പിന്നെയും മുന്നോട്ടു നടക്കുമ്പോൾ  പോകുന്ന വഴിയോരങ്ങളിൽ ചെറിയ ചെറിയ ക്ഷേത്രങ്ങളുണ്ട്.  നമ്മുടെ ക്ഷേത്രങ്ങളോടുചേർന്നുള്ള ഉപക്ഷേത്രങ്ങൾ  പോലെ. വേഗത്തിൽ നടന്നുപോകുന്നവരിൽ പലരും ഒന്നുകുമ്പിട്ടു പ്രാർത്ഥിച്ചിട്ടാണു പോകുന്നത്.  നടപ്പാതയുടെ വശങ്ങളിൽ വില്പനശാലകൾ തുറന്നുവരുന്നതേയുള്ളു. ഭക്ഷണപാനീയങ്ങളും ക്ഷേത്രത്തിലേക്കാവശ്യമുള്ള സാധനങ്ങളും ഒക്കെ വിൽക്കുന്ന സ്ഥലങ്ങളായിരിക്കാം. തുറന്ന കടകളിൽനിന്നു  മാംസം പാകംചെയ്യുന്ന ഗന്ധമുയരുന്നുണ്ട്. കുറേദൂരംക്കൂടി അങ്ങനെ നടന്നപ്പോഴാണ് മരുയാമകോയൻ കാണാനായത് .  ക്ഷേത്രത്തിന്റെ മുൻവശത്തെ പാതയുടെ ഇരുവശവും ചെറിമരങ്ങൾ പൂത്തുലഞ്ഞുനിൽക്കുന്ന കാഴ്ച മനക്കണ്ണിൽനിന്നൊരിക്കലും മാഞ്ഞുപോകില്ല. അത്ര സുന്ദരമാണ് .

ഹൊകൈഡോ ജിൻജ എന്നും  ഈ ക്ഷേത്രം അറിയപ്പെടുന്നു. ജപ്പാനിലെ പ്രധാന മതവിഭാഗങ്ങളിലൊന്നായ ഷിൻതോ ആരാധനാലയമാണിത്. പ്രത്യേകരീതിയിലുള്ള പടിപ്പുരയാണ് ഷിൻതോക്ഷേത്രങ്ങളുടേത്.   രണ്ടു വലിയതൂണുകളിൽ കുറുകെ വെച്ചിരിക്കുന്ന ഫലകം.  ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പു ജപ്പാനിൽ രൂപംകൊണ്ടു വികാസപരിണാമങ്ങൾ പ്രാപിച്ച മതമാണ് ഷിൻതോ.   ഷിൻതോവിഭാഗക്കാർ പിതൃക്കളെ ആരാധിക്കുന്നവരും പുനർജന്മത്തിൽ വിശ്വസിക്കാത്തവരുമാണ്. അവരുടെ ആരാധനാസങ്കേതങ്ങൾ പ്രകൃതിയുടെ പൊരുളുമായി ബന്ധപ്പെട്ടതാണ്. 'കാമി' എന്നാണവ അറിയപ്പെടുന്നത്.  ഹിന്ദുമതത്തിലെ ശിവശക്തിവിശ്വാസത്തോടും ക്രിസ്തുമതത്തിലെ ആദം-ഹവ്വ വിശ്വാസത്തോടും  സമാനമായ ഒന്നാണ് അവരുടെ 'ഇസനാഗി- ഇസനാമി' വിശ്വാസം    . ഇസനാഗി എന്ന ആദിമപുരുഷനും  ഇസനാമി എന്ന ആദിമസ്ത്രീയും  ചേർന്നു  സൃഷ്ടിച്ചതാണത്രേ പ്രപഞ്ചം. അവർക്കു ജനിച്ച ആദ്യപുത്രൻ 'സ്യുകിയോണി' നമ്മുടെ ചന്ദ്രനാണ്. ആദ്യപുത്രി 'അമതേറാസു' നമ്മുടെ സൂര്യനും. ( ജർമ്മൻ വിശ്വാസം പോലെ ജപ്പാനിലും സൂര്യൻ സ്ത്രീയാണ്). ഇസനാഗി- ഇസനാമി വംശത്തിൽ പിറന്ന ജിമ്മു      ആണത്രേ ജപ്പാന്റെ ആദ്യചക്രവർത്തി. ( അദ്ദേഹത്തിന്റെ ജീവിതകാലഘട്ടം  711  ബി സി - 585 ബി സി. ജിമ്മു ചക്രവർത്തിയായി ഭരണമേറ്റെടുത്തത് 660 ബി സി യിലാണ് . ) രണ്ടാം ലോകമഹായുദ്ധംവരെ ചക്രവർത്തിമാരെ  ഷിൻതോമതക്കാർ ദൈവങ്ങളായാണ് കരുതിപ്പോന്നിരുന്നത്. ഇഹലോകജീവിതം നന്മയുള്ളതായാൽ മരണാനന്തരം സ്വർഗ്ഗരാജ്യത്തു  നന്മലഭിക്കുമെന്നാണവരുടെ വിശ്വാസം. ഹൊക്കൈഡോജിൻജയിൽ  മെയ്‌ജി ചക്രവർത്തിയുടെ ആത്മാവുൾപ്പെടെ നാലുമൂർത്തികളാണുള്ളത്. 122 )മത്തെ ചക്രവർത്തിയായിരുന്നു മെയ്ജി . 1870 ൽ ക്ഷേത്രം നിർമ്മിച്ചതു മൂന്നു ആരാധനാമൂർത്തികളുടെ ശ്രീകോവിലുകളുമായി ആയിരുന്നു. 1964 ലാണ് മെയ്‌ജി ചക്രവർത്തിയുടെ ആത്മാവിനുള്ള ശ്രീകോവിൽ പണികഴിപ്പിച്ചത്. അതിനുശേഷമാണു സപ്പൊറൊജിൻജ എന്ന പേര് ഹൊക്കൈഡോജിൻജ എന്നായത്.

ഇടയ്ക്കു ചെറിയ മഴയും പെയ്തുകൊണ്ടിരുന്നു. നല്ല തണുപ്പും.ക്ഷേത്രത്തിലേക്കു   കടക്കുന്നതിനു മുൻപ് ഇടതുവശത്തൊരു ജലസംഭരണി കണ്ടു. കുറെയധികം മരത്തവികളും അവിടെ വെച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ കയറുന്നതിനുമുമ്പ് കൈകളും വായയും കഴുകി ശുദ്ധിയാക്കാനാണ് ഈ ജലം. മരത്തവികളിൽ വെള്ളം കോരിയെടുത്ത്  ആദ്യം ഇടതുകൈ, പിന്നെ വലതുകൈ, അതിനുശേഷം വായയും കഴുകുകയെന്നതാണു പതിവ് . പക്ഷേ ഇപ്പോൾ വായകഴുകുന്നത് പലരും ഒഴിവാക്കാറുണ്ട്.    . ജലം, ഉപ്പ്, അഗ്നി, മണൽ, 'സാകേ' എന്ന മദ്യം ഇവയാണ് ശുദ്ധീകരണത്തിനായി ഷിൻതോ മതക്കാർ ഉപയോഗിക്കുന്ന മാധ്യമങ്ങൾ . കൽസംഭരണിയിലെ വെള്ളം മരത്തവികളിൽ കോരിയെടുത്തു കൈയ്യും വായയും ശുദ്ധമാക്കിയശേഷം ക്ഷേത്രവാതിൽ കടക്കാം. തവികൾ ഒരിക്കലും നേരിട്ടു  വായയിൽ മുട്ടിക്കാൻ പാടില്ല. കൈയിലൊഴിച്ചുവേണം വായ കഴുകാൻ .  അകത്തുകടന്ന് ആദ്യം  അവിടെയുള്ള വലിയ മണി രണ്ടുവട്ടം   മുഴക്കണം. പിന്നീട് രണ്ടുപ്രാവശ്യം പ്രതിഷ്ഠയെ  കുനിഞ്ഞുവണങ്ങിയശേഷം രണ്ടുപ്രാവശ്യം കൈ കൊട്ടുക. വീണ്ടും ഒന്നുകൂടി വണങ്ങിയശേഷം ഭണ്ഡാരപ്പെട്ടിയിൽ പണമിടുക.100 യെൻ ആണു സാധാരണയായി നേർച്ചകൊടുക്കാറുള്ളത് .  ഇത്രയുമാണ് ആരാധന. ആരാധനാരീതികളെക്കുറിച്ചു  കൂടുതലായൊന്നും അറിയില്ലാതിരുന്നതുകൊണ്ടു ഞങ്ങൾ അവിടെ അധികംസമയം ചിലവഴിച്ചില്ല.


മരുയാമ-ഉദ്യാനം ജപ്പാനിലെ ഒരു പ്രധാന ചെറിപ്പൂകേന്ദ്രവും കൂടിയാണ്, അവിടെയുള്ള ഒരു വീപ്പിങ് ചെറിമരം ( ശിദാരി സക്കൂറ)  പ്രസിദ്ധമാണ്. രാത്രികാലങ്ങളിൽ അതിൽ വൈദ്യുതിവിളക്കുകൾ തെളിയിച്ച് അലങ്കരിച്ചു നിർത്താറുണ്ട്. വിശുദ്ധിയുടെ പ്രതീകങ്ങളായ ഓക്കുമരങ്ങളും കത്സുര മരങ്ങളും മഗ്നോലിയ, മേപ്പിൾ തുടങ്ങി ഒട്ടനവധി വൃക്ഷങ്ങളും നിറഞ്ഞതാണ് ഈ ഉദ്യാനം. ഒരു കുടപോലുള്ള കുന്നിലാണ് ഈ ഉദ്യാനത്തിന്റെ വ്യാപനം. പുതുവത്സരക്കാലത്തും സക്കൂറാനാളുകളിലും ഇവിടെ വളരെ തിരക്കായിരിക്കും. പാർക്കിനുള്ളിലെ  ഹൊക്കൈഡോ  ക്ഷേത്രത്തിനരികിലായി ഭീമാകാരന്മാരായ സൈപ്രസ് മരങ്ങളും കാണാം .

മരുയാമമൃഗശാലകൂടി അടുത്തുതന്നെയുണ്ട്. റോഡ് ക്രോസ്സ് ചെയ്തുപോകണം. പക്ഷേ ട്രാഫിക് സിഗ്നലൊന്നും അവിടെ കാണുന്നില്ല. പെട്ടെന്നാണൊരു ട്രാഫിക് പൊലീസ് അവിടെയെത്തിയത്. അദ്ദേഹം വാഹനങ്ങൾ തടഞ്ഞ്, ഞങ്ങൾക്കു റോഡു ക്രോസ്സുചെയ്യാൻ സൗകര്യമുണ്ടാക്കി . മൃഗശാലയിൽ   600 യെൻ ആണ് പ്രവേശനഫീസ്.   ഇരുപത്തൊന്നരഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഈ മൃഗശാലയിൽ   ഇരുനൂറോളം ജന്തുവൈവിധ്യങ്ങൾ സംരക്ഷിക്കപ്പെടുന്നു. . ഓസ്ട്രിച്ച്, സീബ്ര, ഒറാങ്ങുട്ടാങ് , എയ്പ്, ധ്രുവക്കരടി, തവിട്ടുകരടി, കങ്കാരൂ, സ്പൈഡർ മങ്കി, പെൻഗ്വിൻ , ബീവർ, റെഡ് പാണ്ട, സിംഹം, കടുവ, സ്നോ ലെപ്പേഡ് , ഓട്ടർ  , വാൽറസ് , ആമകൾ, മുയലുകൾ , ചെമ്മരിയാടുകൾ, വിവിധയിനം പക്ഷികൾ... അങ്ങനെപോകുന്നു അവയുടെ നീണ്ടനിര. ഇവിടേക്കു മ്യാന്മറിൽ നിന്നു നാല് ആനകളെക്കൊണ്ടുവരുന്നതിനു ശ്രമം നടത്തിയിരുന്നതാണ്. പക്ഷേ മഞ്ഞുകാലത്തെ  കഠിനമായ തണുപ്പിൽ ആനകൾക്കു  കഴിയാനാവില്ലെന്നുള്ളതുകൊണ്ടു മൃഗസ്നേഹികളുടെ ശക്തമായ എതിർപ്പും ഉണ്ടായി. ശൈത്യകാലത്തു -12 ഡിഗ്രിയായിരിക്കും താപനില. ശക്തമായ മഞ്ഞുവീഴ്ചയും ഇവിടുത്തെ പ്രത്യേകതയാ‌ണ്‌‌‌. 

  അവിടെ നിന്നും മരുയാമസ്റ്റേഷനിലേക്കാണു പോയത് . ഭക്ഷണം കഴിച്ചശേഷം ഒന്നരയായപ്പോൾ ഷിൻ സപ്പറോ എന്നസ്ഥലത്തുള്ള പൈതൃകഗ്രാമം കാണുന്നതിനായി യാത്ര തിരിച്ചു. റെയിൽവേസ്റ്റേഷനോട് ചേർന്നുള്ള ബസ്സ്സ്റ്റാൻഡിൽ നിന്നു   ബസ്സിലായിരുന്നു യാത്ര.  ഷിൻ എന്ന വാക്കിനർത്ഥം പുതിയ എന്നാണ്. ന്യൂബോംബെ എന്നൊക്കെ നമ്മൾ ഉപയോഗിക്കുന്നതുപോലെ. കുറച്ചുദൂരം നടന്നതിനുശേഷമാണു ഗ്രാമത്തിലെത്തിയത്. ചിട്ടയായി വെട്ടിനിർത്തിയിരിക്കുന്ന പൂച്ചെടികളാൽ മനോഹരമാണു നടപ്പാത . പ്രവേശനഫീസ് 830 യെൻ ( 515 രൂപ ).   അവിടെയൊരു മ്യൂസിയം കൂടിയുണ്ട്. അതിന്റെ ഫീസ് 600 യെൻ ആ‌ണ്‌‌‌‌‌‌‌. അഞ്ചുമണിവരെയാണു സന്ദർശനസമയം. നടന്നുപോയിക്കാണുകയോ കുതിരകൾ  വലിക്കുന്ന ട്രോളിയിൽ സഞ്ചരിച്ചോ അവിടുത്തെ കാഴ്ചകൾ കാണാം.  ആദ്യം തന്നെ കാണുന്നതൊരു പുരാതന റെയിൽവേ സ്റ്റേഷനാ‌ണ്. അവിടെനിന്നാണു ട്രോളി ലഭിക്കുന്നത്. ഞങ്ങൾ നടന്നാണു പോയത്.

പൈതൃകഗ്രാമത്തിലെ കാഴ്ചകൾ നമ്മെ  നൂറ്റാണ്ടുകൾ പഴക്കമുള്ള  മറ്റൊരുലോകത്തേക്കാണു  കൊണ്ടുപോകുന്നത്. മെയ്‌ജിയുടെയും തൈഷോയുടെയും   (1868 - 1926 എ ഡി ) കാലഘട്ടത്തിലെ ഹൊക്കൈഡോ നിർമ്മിതികൾ ഇവിടെ പുനർജനിപ്പിച്ചിരിക്കുന്നു. ജപ്പാനിൽ കാലഘട്ടം പറയുന്നത് ചക്രവർത്തിമാരുടെ കാലം ബന്ധപ്പെടുത്തിയാണ് .  ഈ കാലത്താ‌ണ്‌‌‌‌‌‌‌  സപ്പൊറൊ ഏറ്റവും  കൂടുതൽ പുരോഗതി കൈവരിച്ചത്.
 .അക്കാലത്തേതുപോലെതന്നെ   വീടുകളും വ്യാപാരസ്ഥാപനങ്ങളും ഔദ്യോഗികമന്ദിരങ്ങളും എല്ലാം  സജ്ജീകരിച്ചിരിക്കുന്നു. അറുപതിലധികം നിർമ്മിതികളുണ്ടിവിടെ.     ജപ്പാന്റെ പഴമയുടെ സൗന്ദര്യത്തിന്റെ  നിറവും മണവും നമുക്കവിടെ അനുഭവിച്ചറിയാനാകും. നാലുഭാഗങ്ങളായാണ് ഈ ഗ്രാമം. പഴയ കർഷകഗ്രാമം, മുക്കുവഗ്രാമം, മലയോരഗ്രാമം പിന്നെ റെയിൽവേസ്റ്റേഷനും പോസ്റ്റോഫീസും മറ്റു ഔദ്യോഗികമന്ദിരങ്ങളുമൊക്കെയുള്ളോരു  പട്ടണപ്രദേശം. പഴയൊരു തൂക്കുപാലവും പുനഃസൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പഴയ ജപ്പാൻ വീടുകൾ രണ്ടു നിലകളായാണ് നിർമ്മിക്കപ്പെട്ടിരുന്നത്. മുകളിലത്തെ നില വളരെ ഉയരത്തിലായിരിക്കും. ഇതിന്റെ മേൽക്കൂര കൂപ്പുകൈയുടെ ആകൃതിയിലാണ്. വീടിനുള്ളിൽ ധാരാളം മുറികൾ ഓരോരോ ആവശ്യങ്ങൾക്കുള്ളതുണ്ടാകും. ടീ സെറിമണിക്കുള്ള സ്ഥലവും പ്രത്യേകമായുണ്ടാകും. മധുരപലഹാരങ്ങൾക്കൊപ്പം 'മാച്ചാ' എന്ന കയ്പ്പുള്ള ഗ്രീൻ ടീ വിളമ്പിയാണ് ഈ ചടങ്ങു നടത്തുന്നത്. ജാപ്പനീസ് ഭാഷയിൽ 'ചനോയൂ സാദോ' എന്നോ 'ഓച്ചാ' എന്നോ പറയും. അതിഥികളുടെ സാന്നിധ്യത്തിൽ തന്നെയാണു ചായ തയ്യാറാക്കുന്നതും വിളമ്പുന്നതുമൊക്കെ. മുറിയുടെ മദ്ധ്യത്തിൽ അതിനുള്ള കെറ്റിലും സജ്ജമാക്കിയിരിക്കും. വ്യക്തിബന്ധങ്ങളിലെ ശുദ്ധിയും ദൃഢതയും താളവും ലയവും പ്രശാന്തിയുമൊക്കെ അരക്കിട്ടുറപ്പിക്കും വിധമാണ് ഈ ചടങ്ങു നടത്തുന്നത്. ചൈനയിൽ നിന്നാണ് ഇതു  ജപ്പാന്റെ സംസ്‌കൃതിയിലേക്കു കടന്നുകൂടിയത്. 'തത്താമി' എന്ന നിലത്തുപതിപ്പിച്ച പുൽപ്പായയിൽ അതിഥികൾ ഇരിക്കും. ചില അവസരങ്ങളിൽ അതിഥികൾക്ക് പുറത്തുവെച്ചും ഈ ചായസൽക്കാരം നടത്താറുണ്ട്.

അതിസുന്ദരമായി ഒരുക്കിവെച്ചിരിക്കുന്ന ഈ പൈതൃകഗ്രാമം വളരെ നിഷ്കർഷയോടെ പരിപാലിക്കുന്നു എന്നതു  പ്രശംസനീയം തന്നെ. ഒരു ചെറിയ കടലാസുതുണ്ടുപോലും ആ പ്രദേശത്തിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തുന്നില്ല. പലയിടത്തും  വഴിപിരിഞ്ഞുപോകുന്ന  പാതകൾക്കിരുവശവുമായി നിലകൊള്ളുന്ന വിവിധമന്ദിരങ്ങളെപ്പിന്നിട്ടു കുറേ നടന്നപ്പോൾ കണ്ട ടോയ്ലറ്റിൽ ഒന്നു കയറി.  ജപ്പാനിലെവിടെച്ചെന്നാലും   ഏറ്റവും  വൃത്തിയുള്ള ടോയ്ലറ്റുകൾ ഉണ്ടെന്നുള്ളത് എടുത്തുപറയേണ്ടുന്നൊരു കാര്യമാണ്.  നല്ല തണുപ്പാണെങ്കിലും  എല്ലായിടത്തും ചൂടുവെള്ളം ലഭിക്കും, മാത്രമല്ല, സീറ്റുകൾ പോലും ചൂടാക്കിയിട്ടിരിക്കുന്നു.  വെള്ളം ഉപയോഗിക്കുന്നവർ സീറ്റിലോ മറ്റോ വീഴ്ത്തിയെങ്കിൽ അതു തുടച്ചിടുകയും വേണം. വാഷ്ബേസിനിൽ കൈ കഴുകിയാൽ   ഉണക്കാനുള്ള സംവിധാനവും അതിനോടൊപ്പംതന്നെ കാണും.  വെള്ളം ഉപയോഗിക്കാൻ താല്പര്യമില്ലാത്തവർക്കു ടിഷ്യു,പേപ്പർ ഉപയോഗിക്കാം. .   അതും ഫ്ലഷ് ചെയ്തു കളയുകയാണ്. കുഞ്ഞുങ്ങളെ   സുരക്ഷിതമയി  ഇരുത്താനുള്ള ഉയരംകൂടിയ  പ്രത്യേക ഇരിപ്പിടങ്ങളുണ്ട്. അമ്മമാർക്കതൊരു വലിയ ആശ്വാസമാ‌ണ്‌.   അവിടുത്തെ, ഞാൻ കയറിയ  ടോയ്‌ലറ്റിൽ ജാപ്പനീസിൽ ആയിരുന്നു എഴിതിയിരുന്നതെല്ലാം. ഫ്ലഷ് ചെയ്യാനുള്ള ബട്ടൺ മനസ്സിലാകുന്നില്ല. കുറച്ചു വലിയ രണ്ടുബട്ടണുകൾ രണ്ടിടങ്ങളിൽ  കണ്ടു. അതിലൊന്നാവും എന്നു കരുതി ഒന്നിലമർത്തി. ഉടനെ മുഴങ്ങാൻ തുടങ്ങി അലാം . അതു നിർത്താൻ ഒന്നു കൂടി അമർത്തി.  വേഗം മറ്റേബട്ടണമർത്തി . അതായിരുന്നു ശരിക്കുള്ള ഫ്ലഷ്. പക്ഷേ രണ്ടാമതു ബട്ടണമർത്തിയപ്പോൾ  അലാം നിൽക്കുന്നതിനുപകരം അത്  ആവർത്തിക്കുകയാണ് ചെയ്തത്. പുറത്തുവന്നപ്പോൾ മോനു ചോദിച്ചു 'അമ്മ എമർജൻസി  അലാം കൊടുത്തോ' എന്ന്. അമളി പറ്റിയ കാര്യം പറഞ്ഞപ്പോൾ അവൻ പറഞ്ഞു, കാര്യം തിരക്കാൻ ഉടനെ ആളെത്തും , അതുകഴിഞ്ഞു പോകാമെന്ന്. അല്പസമയത്തിനുള്ളിൽ ഒരാളെത്തി. അദ്ദേഹത്തോടു നടന്നകാര്യം പറഞ്ഞു  ഞങ്ങൾ അവിടെ നിന്നു തിരികെ നടന്നു.

കാപ്പിപ്പൊടി വില്ക്കുന്ന കടകളും പലചരക്കുകടകളും ഒക്കെ പൗരാണികത ചോർന്നുപോകാതെ  സജ്ജമാക്കിയിട്ടുണ്ട്. കൃഷിസ്ഥലങ്ങളിൽ വേനൽക്കാലകൃഷികൾക്കായുള്ള ഒരുക്കങ്ങൾ . ശൈത്യകാലത്ത് ഇവിടെമാകെ മഞ്ഞുമൂടിക്കിടക്കുകയാവും. എല്ലാം കണ്ടു നടപ്പുതുടർന്നു.    എവിടേക്കെന്നു മനസ്സിലാകാതെ ഒരു കാട്ടുപാതയിലൂടെ നടന്നുചെന്നെത്തിയതു പഴയൊരു തൂക്കുപാലത്തിലാ‌ണ്‌‌‌. അതുകടന്നു നടന്നെത്തുന്നതു പ്രധാനപാതയിൽത്തന്നെ. ടോക്ക്യൊയിലേക്കു മടങ്ങാനുള്ള വിമാനം 7. 30 നാ‌ണ്‌‌‌. അതുകൊണ്ടു കൂടുതൽ സമയം അവിടെ ചിലവഴിക്കാനാവില്ലായിരുന്നു. 4. 20 ആയപ്പോൾ അവിടെനിന്നിറങ്ങി,  ബസ്സ്സ്റ്റോപ്പിൽ നിന്നു ബസ്സ് കയറി ഷിൻസപ്പൊറൊ റെയിൽവേസ്റ്റേഷനിലെത്തി. ജപ്പാനിലെവിടെയും  എയർപോർട്ടിൽ തന്നെ റെയിൽവേസ്റ്റേഷനും ഉണ്ടാകും. ബസ്സിലും  ട്രെയിനിലുമൊക്കെ സ്ക്കൂൾ  കുട്ടികൾ കയറുന്നുണ്ടായിരുന്നു. പക്ഷേ സീറ്റ് ഒഴിഞ്ഞുകിടന്നിട്ടുപോലും അവർ ഇരിക്കാൻ കൂട്ടാക്കുന്നതു കണ്ടില്ല. അതെന്തുകൊണ്ടാണെന്നു മനസ്സിലായുമില്ല.  ഷിൻസപ്പൊറൊയിൽ നിന്നു ന്യൂചിതൊസെ എയർപോർട്ടിലെത്തി. 7.30 നുതന്നെ വിമാനം ടോക്യോയിലേക്കു പറന്നു. ഷിമോയിലെ വീട്ടിലെത്തിയപ്പോൾ നന്നേ വൈകിയിരുന്നു. പക്ഷേ ഉറങ്ങാൻ അധികസമയമില്ല. രാവിലെതന്നെ ക്യോത്തൊയിലേക്കു പോകണം. ബുള്ളറ്റ് ട്രെയിൻയാത്രയേക്കുറിച്ചുള്ള ആകാംക്ഷയുമായി ഉറങ്ങാൻ കിടന്നു.