Monday, April 13, 2020

ഉത് സ്‌ കുഷി നിഹോൺ - 2

ഉത് സ്‌ കുഷി നിഹോൺ  - 2
2 - സക്കൂറ -    വസന്തം ചെറിമരങ്ങളോടു ചെയ്യുന്നത് !
==========================================
മാർച്ച്, ഏപ്രിൽ , മെയ് മാസങ്ങൾ ജപ്പാനിലെ വസന്തകാലമാണ് . ശിശിരം, വസന്തം, ഗ്രീഷ്മം, ശരത്  എന്നീ    നാലു ഋതുക്കളിൽ  എല്ലാവർഷവും ജപ്പാനെന്ന സുന്ദരിയെ നാലു വ്യത്യസ്തങ്ങളായ ഉടയാടകളണിയിച്ചു പ്രകൃതി സ്നേഹവാത്സല്യങ്ങൾ ചൊരിയുന്നു. വസന്തം വന്നണയുമ്പോൾ ഏതാനും ദിവസങ്ങളിലേക്ക്  ജപ്പാനിലെ എണ്ണമറ്റ ചെറിമരങ്ങളും പൂവിടർത്തും.  സക്കൂറ എന്നാണ് ജപ്പാൻകാർ ചെറിപ്പൂക്കളുടെ ഈ വസന്തകാലത്തെ വിളിക്കുന്നത്. ജപ്പാൻകാരുടെ ഉത്സവങ്ങളെല്ലാം കൊടിയേറുന്നത് ഈ പൂക്കാലത്താണ്. ചെറിമരങ്ങൾ പൂക്കുന്ന ജപ്പാന്റെ വസന്തകാലം കാണാൻ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ ഇവിടെയെത്താറുണ്ട്.   ഇപ്രാവശ്യം വസന്തം അല്പം നേരത്തെയാണ് വന്നെത്തിയത്. അതുകൊണ്ടു ടോക്യോയിൽ ചെറിമരങ്ങളുടെ പൂക്കാലം കഴിഞ്ഞിരുന്നു. ജപ്പാന്റെ വടക്കുഭാഗത്തായി  വിസ്തൃതിയിൽ രണ്ടാം സ്ഥാനമുള്ള ഹൊക്കൈഡോ  ദീപിലാണ്‌  സപ്പൊറൊ.  താരതമ്യേന തണുപ്പുകൂടുതലുള്ള സ്ഥലമാണ്.  ചെറിമരങ്ങൾ താമസിച്ചേ അവിടെ പൂക്കാലം ഒരുക്കുകയുള്ളു. അതുകൊണ്ടാണ് സപ്പൊറൊയിലേക്കു ഞങ്ങളെ കൊണ്ടുപോകുന്നത് .  സപ്പൊറൊ, ടോക്യോയിൽ നിന്നു കാറിലോ ട്രെയിനിലോ യാത്രചെയ്യാനാണെങ്കിൽ 1200 കിലോമീറ്ററിനടുത്തു ദൂരമുണ്ട്. അതുകൊണ്ടു ഞങ്ങൾക്കു വിമാനയാത്രയാണ്  തീരുമാനിച്ചിരുന്നത്. നരീത്തയിൽനിന്നു തന്നെയാണ് പോകേണ്ടത്. രാവിലെ 7. 40 നാണു ഫ്‌ളൈറ്റ് . വീട്ടിൽ നിന്നു ഞങ്ങൾ നാലേമുക്കാലിനിറങ്ങി. അകബാനസ്റ്റേഷനിൽ  നിന്നുള്ള ട്രെയിനിൽ നിപ്പൊരി. അവിടെനിന്നു  നരീത്ത. ഒന്നരമണിക്കൂറാണു സപ്പൊറൊയിലെത്താൻ വിമാനത്തിലിരിക്കേണ്ടത്. ഒരുദിവസം അവിടെ താമസിച്ചു പിറ്റേദിവസം  രാത്രിയേ മടങ്ങിയെത്തൂ.

വിമാനമിറങ്ങി ട്രെയിനിൽ 50 കി മി അകലെയുള്ള  ഓദോരി  എന്ന സ്ഥലത്തേക്കു പോയി. അവിടെയായിരുന്നു ഹോട്ടൽ ബുക്ക് ചെയ്തിരുന്നത്. ആ യാത്രയിലുടനീളം ജപ്പാന്റെ ചേതോഹരമായ  ഗ്രാമക്കാഴ്ചകൾ .കൃഷിസ്ഥലങ്ങളും വീടുകളും നദികളും . എവിടെയും കാണാം സോളാർ പാനലുകളും.  പലയിടത്തും പൂവിട്ടുനിൽക്കുന്ന  ചെറിമരങ്ങൾ .   ട്രെയിനിറങ്ങി ,ലഘുഭക്ഷണം കഴിച്ച ശേഷം  നേരേപോയതു നക്കാജിമാ പാർക്കിലേക്കാണ്. കവാടത്തിനരികിൽതന്നെ ഇലയില്ലാത്ത  ചെറിമരങ്ങൾ  മൊട്ടിട്ടുവരുന്നതും പൂവു വിരിഞ്ഞു നിൽക്കുന്നതും കാണാനായി.  . ഉള്ളിലേക്കു  കൂടുതൽ കടക്കുമ്പോൾ ചെറിപ്പൂക്കളുടെ ധാരാളിത്തം കണ്ണിലേക്കു പടർന്നുകയറുന്നു. അവർണ്ണനീയമാണ് ആ കാഴ്ച. വെള്ളയും പിങ്കിന്റെ വിവിധഭാവങ്ങളും പൂക്കൾക്കു ചാരുതപകരുന്നു. സൗമ്യമനോഹരമായ ആ ദൃശ്യാനുഭൂതിയിൽ എത്രനേരം വേണമെങ്കിലും മനംമയങ്ങി നിന്നുപോകും. അപൂർവ്വമായി പ്ലംമരങ്ങളും പൂവിട്ടുനിൽക്കുന്നു . ചെറിമരങ്ങളുടെ   വസന്തകാലം ആസ്വദിക്കുകയെന്നത് ജപ്പാൻ സംസ്കൃതിയുടെ ഭാഗമാണ് .    ചെറിപ്പൂക്കളുടെ ദർശനത്തിന് 'ഹനാമി' എന്നാണ് ജപ്പാനിൽ പറയുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ ജാപ്പനീസ് കവി കൊബായാഷി ഇസ്സായുടെ ഹൈക്കു ഇങ്ങനെയാണ്

'നമുക്ക് ചെറിപ്പൂമരങ്ങളുടെ ചുവട്ടിലേക്കു പോകാം
അവിടെ നമുക്കു പ്രിയപ്പെടാത്തവരായി ആരുമുണ്ടാകില്ല'

അതേ, ഈ പൂക്കാലം ജപ്പാൻജനതയെ ഒന്നായി ചേർത്തുനിർത്തുന്നൊരു ഇന്ദ്രജാലംതന്നെ.


സപ്പൊറൊയിലെ ചുവോ കോ എന്ന സ്ഥലത്താണ് ഇരുപത്തൊന്നു ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന നക്കാജിമ പാർക്ക്. അയ്യായിരത്തോളം വൃക്ഷങ്ങളും ധാരാളം പുൽത്തകിടികളും പൂച്ചെടികളും രണ്ടു ജലധാരകളും തടാകങ്ങളും ഒക്കെ ചേർന്നതാണ് ഈ ഉദ്യാനം. ഒരു മ്യൂസിയവും ഒബ്സർവേറ്ററിയും ഒരു പൗരാണികമന്ദിരവും ഇവിടെയുണ്ട് . തെക്കുഭാഗത്തായി രണ്ടു ദേവാലയങ്ങളും. ചെറിമരങ്ങൾ കൂടാതെ ജിങ്കോ, ബ്ലാക്ക് അക്കേഷ്യ, ജാപ്പനീസ് റെഡ് സ്പ്രൂസ്, തുടങ്ങിയ ജപ്പാൻ സ്വദേശികളായ വൃക്ഷങ്ങളും ഉദ്യാനശോഭ വർദ്ധിപ്പിക്കുന്നു.
ചെറിമരങ്ങൾത്തന്നെ വിവിധങ്ങളാണ്. പൂക്കളുടെ നിറങ്ങളിലുള്ള നേരിയ വ്യത്യാസം മുതൽ ഇതളുകളുടെ വിന്യാസം പോലും വ്യത്യസ്തമായവ. ജപ്പാനിൽത്തന്നെ അറുനൂറിലധികം ചെറി ഇനങ്ങളുണ്ടത്രേ.  സർജന്റ് ചെറി എന്ന വിഭാഗത്തിന്റെ  പൂക്കൾക്ക് അല്പം കടുത്തനിറമാണ്. പൂക്കൾ കണ്ടുനടക്കുമ്പോൾ ഒരു ചെറിമരം വേലികെട്ടിത്തിരിച്ചു നിർത്തിയിരിക്കുന്നതുകണ്ടു. താഴേക്കു നീണ്ടു തൂങ്ങിക്കിടക്കുന്ന  പൂങ്കുലകളുള്ള ഈ മരം (the string cherry blossom, weeping cherry tree)   അപൂർവ്വമായി കണ്ടുവരുന്നതാണത്രേ!ഇടയ്ക്കൊക്കെ പ്ലംമരങ്ങളിൽ  കടുത്തനിറത്തിലെ പൂക്കളുമുണ്ട്. എട്ടോ പത്തോ ദിവസമേ ചെറിമരങ്ങളുടെ പൂക്കളുണ്ടാകൂ. പൂക്കാലം കഴിയുന്നതും അതിമോഹരമായൊരു കാഴ്ചതന്നെ. കൊഴിഞ്ഞുവീണ പൂക്കൾ  ഭൂമിയാകെ മഞ്ഞുപുതച്ചതുപോലെ കിടക്കും.  പൂക്കൾ കൊഴിഞ്ഞ ചില്ലകൾ  കണ്ണീർപ്പൂക്കൾ ചൂടി  ആകാശം നോക്കി നിൽക്കും. കോബായാഷി ഇസ്സായുടെ  ഹൈക്കു കവിത പറയുന്നതുപോലെ
'ഞാനിവിടെയുണ്ടെന്നു തെളിയിക്കാനായി
ഞാൻ കൊഴിഞ്ഞുവീഴുകയാണ് ..'
അതിനുശേഷം ഈ മരങ്ങളെല്ലാം നിറയെ തളിരുകൾ വന്ന്, ഇലകൾ നിറഞ്ഞ്, ഹരിതശോഭചാർത്തിനിൽക്കും.


ചെറി എന്ന പേരുകേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന ചിത്രം ചുവന്നുതുടുത്തു മധുരമുള്ള ചെറിപ്പഴങ്ങളാണ് .  പക്ഷേ ജപ്പാനിലെ ചെറിമരങ്ങളിൽ പൂക്കാലം കഴിഞ്ഞുണ്ടാകുന്ന കായകൾ     അതല്ല . വളരെ ചെറുതുമാണ് , ഭക്ഷ്യയോഗ്യവുമല്ല. എന്നാൽ പക്ഷികൾക്കു വളരെ പ്രിയപ്പെട്ട ഭക്ഷണമാണത്


ജപ്പാന്റെ ജനതയുടെ ഹൃദയത്തിലും അന്നാടിന്റെ സംസ്കാരത്തിലും  ആഴത്തിലുള്ള സ്വാധീനമുണ്ട് ചെറിപ്പൂക്കൾക്ക്. തങ്ങളുടെ ഭൂമിക്കു ഋതുക്കൾ ചാർത്തുന്നൊരലങ്കാരം മാത്രമല്ല.  നമ്മൾ മലയാളികൾക്ക് കണിക്കൊന്നപ്പൂവിനോടുള്ള അഭിമുഖ്യത്തേക്കാൾ എത്രയോ ദൃഢമാണാബന്ധത്തിനെന്ന് അവരുടെ കവിതകളും സിനിമയും സംഗീതവും മറ്റുകലാരൂപങ്ങളും ഒക്കെ തെളിയിക്കുന്നു. ജീവിതവും സ്നേഹവും  പ്രണയവും സൗഹൃദവും എല്ലാമെല്ലാം വെള്ളയും പിങ്കും കലർന്ന ഈ പൂക്കളുമായി ഇഴകോർത്തിരിക്കുന്നു. അവർ ഈ മരങ്ങൾക്കു കൊടുക്കുന്ന സംരക്ഷണം ഗാഢസ്‌നേഹത്തിന്റെ പ്രതിഫലനമാണ്. ഈ മരങ്ങൾക്കു  വസന്തകാലത്ത്, പ്രത്യേക പരിചരണത്തിനായി സർക്കാർ ജീവനക്കാരെ നിയമിക്കും. പട്ടാളം തന്നെ ചില സ്ഥലങ്ങളിൽ ചെറിമരങ്ങൾക്കു  കാവൽ നിൽക്കാറുണ്ട്. മരത്തിൽ മാത്രമല്ല വ്യാപാരകേന്ദ്രങ്ങളിലും  ചെറിപ്പൂക്കൾ  സാന്നിധ്യമുറപ്പിക്കും . ചെറിപ്പൂക്കളുടെ  പലഹാരങ്ങളും പാനീയങ്ങളും മദ്യവും ഇക്കാലത്തു സുലഭമായിരിക്കും . മുതിർന്നവർ കുഞ്ഞുങ്ങളുമായി  ചെറിപ്പൂക്കളുടെ കൗതുകങ്ങളിലേക്കു  നടക്കും. പ്രണയികൾ മരച്ചുവടുകളിൽ  പുഷ്പവൃഷ്ടിയേറ്റ്‌ അന്യോന്യം  ഹൃദയമർമ്മരങ്ങൾക്കു കാതോർക്കും.

 'നമ്മുടെ രണ്ടു ജീവിതങ്ങൾക്കിടയിൽ
നമുക്കു ചെറിപ്പൂക്കാലത്തിന്റെ
മറ്റൊരു ജീവിതംകൂടിയുണ്ട് ..'

എന്ന, മത്സുവോ ബാഷോയുടെ വരികൾ ഒന്നിച്ചുപാടുന്നുണ്ടാവും. അത്യാഹ്ലാദത്തിലായിരിക്കും ഏതാണ്ട് എല്ലാ  ജപ്പാൻകാരും. യാത്രസംഘങ്ങൾ തിരക്കിട്ട യാത്രകളിലായിരിക്കും ഇക്കാലങ്ങളിൽ ..

ജിങ്കോ മരത്തിന്റെ ഇലകൾ സവിശേഷമായ ആകൃതിയുള്ളതും ഹരിതശോഭയുടെ മനോഹരമായ വർണ്ണഭേദമുള്ളവയുമാണ്. ശരത്കാലമാകുമ്പോൾ ഈ ഇലകൾ മഞ്ഞനിറമോ ഓറഞ്ചു നിറമോ ഉള്ളവയാകും. അതിമനോഹരമാണ് ആ കാഴ്ചയും. പിന്നെ ഇലകൾ കൊഴിഞ്ഞു ശൂന്യമായ കൈയ്യുകൾ പോലെ ചില്ലകൾ അന്തരീക്ഷത്തിലേക്കു നീട്ടി പൊഴിയുന്ന മഞ്ഞിനായ് കാത്തിരിക്കും. ഉദ്യാനത്തിലെ അരുവികളും തടാകങ്ങളുമൊക്കെ അതിസുന്ദരമായ ദൃശ്യവിരുന്നു  തന്നെ.  അനവധി സഞ്ചാരികൾ വന്നെത്തിയിട്ടുണ്ട്. പുൽത്തകിടികളിലും തടാകങ്ങളുടെ കരയിലുമൊക്കെ കൂട്ടമായും അല്ലാതെയും ചിലർ ഇരുപ്പുറപ്പിച്ചിട്ടുണ്ട്. അവിടെക്കണ്ട സന്ദർശകരിലധികവും  സ്വദേശികളായിരുന്നു എന്നതും ശ്രദ്ധേയമായി.  'ഷോബു പോണ്ട്' എന്ന തടാകത്തിൽ ബോട്ടിങ് സൗകര്യവുമുണ്ട്.  ഉദ്യാനത്തോടു ചേർന്ന് ഒരു ജാപ്പനീസ് ഉദ്യാനവും ഒരുക്കിയിട്ടുണ്ട്. മരച്ചില്ലകളിലെ  ഇലത്തലപ്പുകൾ  ശ്രദ്ധാപൂർവ്വം മുറിച്ചു ആകൃതിവരുത്തി വളർത്തുന്ന  മരങ്ങൾ ഇത്തരം ഉദ്യാനങ്ങളുടെ പ്രത്യേകതയാണ്. പിന്നെ വള്ളിക്കുടിലുകളും. തിരക്കേറിയ പട്ടണത്തിനു നടുവിൽ സ്വച്ഛസുന്ദരമായ ഈ പ്രശാന്തിയുടെ തുരുത്ത് നമ്മേ അതിശയിപ്പിക്കുകതന്നെ ചെയ്യും.
തടാകക്കരയിൽ നിൽക്കുമ്പോളാണ് ആ കാഴ്ച ശ്രദ്ധിച്ചത്. രണ്ടു നിറപ്പകിട്ടുള്ള പക്ഷികളുമായി   ഒരാൾ അടുത്തുള്ള ചെറിമറച്ചുവട്ടിലേക്കു  വന്നു. പക്ഷികളെ, പൂക്കളുടെ ഭാരത്താൽ ചാഞ്ഞുനിൽക്കുന്നൊരു ചില്ലയിൽ വെച്ചു . മോന് ഫോട്ടോഗ്രാഫിയിൽ വലിയ കമ്പമാണ്. പക്ഷികളുടെ ചിത്രം പകർത്താൻ  ഒരാവേശം തന്നെയുണ്ട്. അവൻ അദ്ദേഹത്തോട് ചിത്രമെടുത്തോട്ടേയെന്നു ചോദിച്ചു. വളരെ സന്തോഷത്തോടെ അദ്ദേഹം സമ്മതിച്ചു.  പിന്നീട്, വിദേശിയാണെന്നുള്ള പരിഗണനകൊണ്ടോ എന്തോ , അവയെ എടുത്ത്  എന്റെ കയ്യിൽ വെച്ചുതന്നു.  അപ്പോഴേക്കും ഒരുപാടുപേർ ചുറ്റും കൂടിയിരുന്നു.  കുട്ടികളെ  മാത്രമല്ല മുതിർന്നവരെപ്പോലും അവിടേക്കാകർഷിച്ചു.  ചേട്ടന്റെയും മോന്റെയും   തലയിലും കയ്യിലുമൊക്കെ അയാൾ പക്ഷികളെ വെച്ചുകൊടുത്തു. കുറേനേരം കഴിഞ്ഞാണ് അയാൾ പക്ഷികളുമായി മടങ്ങിയത്.  ആ മനുഷ്യൻ അവിടെ കൂടിയവർക്കൊക്കെ ഹൃദയപൂർവ്വം നന്ദി പറഞ്ഞു വണങ്ങി. നമ്മുടെ നാട്ടിലായിരുന്നെകിൽ പ്രതിഫലമായി പണം വാങ്ങിയേനേ. പക്ഷേ ജപ്പാനിൽ അത്തരം പതിവുകളൊന്നുമില്ല. ഹോട്ടലിൽ പോലും ടിപ്പ് കൊടുക്കുന്നത് അന്നാട്ടുകാർ ആക്ഷേപാർഹമായി  കരുതുന്നു.
ഉദ്യാനത്തിലെ കാഴ്ചകൾ കണ്ടു തിരികെ നടന്ന വഴിയിലാണ് Hokkaido Museum of Literature. പുസ്തകങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന  മോന് അവിടെയൊന്നു കയറണമെന്നായി . താൽക്കാലിക പ്രദർശനവും സ്ഥിരപ്രദർശനവും വെവ്വേറെ ടിക്കറ്റ് ചാർജിലാണ്. അഞ്ഞൂറും എണ്ണൂറും യെൻ വീതമാണവ. ടിക്കറ്റ് എടുത്തു കയറിയെങ്കിലും    അവിടെ കണ്ടതെല്ലാം ജാപ്പനീസ്  ഭാഷയിലുള്ള പുസ്തകങ്ങൾ.  അവ കൂടാതെ, എഴുത്തുകാരുടെ ചിത്രങ്ങളും അവരെക്കുറിച്ചുള്ള വിവരണങ്ങളും ഒക്കെയുണ്ട്. എനിക്കാണെങ്കിൽ  ആകെയറിയാവുന്ന  ജപ്പാൻ സാഹിത്യം കുറച്ചു ഹൈക്കുക്കവിതകളും ടോട്ടോച്ചാനും ആണ്. എന്തെങ്കിലും കൂടുതൽ വായിച്ചു മനസിലാക്കാമെന്നു വെച്ചാൽ ഇംഗ്ലീഷിൽ ഒരക്ഷരം പോലുമില്ല.  കൂടുതൽ  സമയം അവിടെ ചിലവഴിക്കാതെ  മടങ്ങി.

ഉച്ചയായതുകൊണ്ടു ഭക്ഷണം കഴിക്കാമെന്നായി. ജപ്പാനിലെവിടെയും ഭക്ഷണശാലകൾ സുലഭമാണ്. ഏതുരാജ്യത്തെയും ഭക്ഷണം കഴിക്കാം. അവിടെയൊക്കെയുള്ള തിരക്കുകണ്ടാൽ ജപ്പാൻകാർ വീട്ടിൽ ഭക്ഷണമുണ്ടാക്കാറില്ലേ  എന്നു തോന്നും.  ഞങ്ങൾ കഴിച്ചത്  curry rice ആണ്- ചോറും കറിയും. പക്ഷേ കറികൾ വിവിധതരത്തിലെ മാംസം കൊണ്ടുള്ളതായിരിക്കും. എന്തുകൊണ്ടോ എനിക്കാ സ്വാദു തീരെ ഇഷ്ടമായില്ല. അവർ മുളക് ഒട്ടും തന്നെ വിഭവങ്ങളിൽ ഉപയോഗിക്കില്ല. വിദേശികളെ ഉദ്ദേശിച്ചായിരിക്കാം ഭക്ഷണമേശയിൽ മുളകുപൊടി ഉപ്പുപൊടിക്കും കുരുമുളകുപൊടിക്കും  സോസുകൾക്കുമൊപ്പം വെച്ചിരിക്കും. കുറെ മുളകുപൊടിയും കുടഞ്ഞിട്ടാണു ഞാൻ കഴിച്ചത്. മോനതുകണ്ടിട്ടു ചിരിയടക്കാനാവുന്നില്ലായിരുന്നു . 'ബെനി ഷോഗ' എന്നു പേരുള്ള ഇഞ്ചിക്കൊണ്ടുള്ള അച്ചാർ മിക്കവാറും ജാപ്പനീസ് ഭക്ഷണത്തോടൊപ്പമുണ്ടാകും. ഭംഗിയുള്ള   ചുവന്ന നിറത്തിലെ ഈ അച്ചാ നന്നായിത്തോന്നി .

  അവിടെനിന്നു പോയത് സപ്പൊറൊയിലെ പ്രസിദ്ധമായ ടീവീ ടവർ കാണാനാണ്. ഐഫൽ ടവറിന്റെ  മാതൃകയിലാണ് ഈ ടവർ  നിർമ്മിച്ചിരിക്കുന്നത്. ടോക്കിയോ ടവർ രൂപകൽപ്പന ചെയ്ത ടാക്കൂ നൈട്ടോതന്നെയാണ് ഇതിന്റെയും ശില്പി.  1957 ൽ ആ‌ണ്‌‌‌‌‌‌‌ ഇതിന്റെ പ്രവർത്തനം ആരംഭിച്ചത് . അതിസുന്ദരമയ ഓദോരിപാർക്കിന്റെ മധ്യത്തിലാണ് ഈ ടവർ .നമ്മുടെ നാട്ടിൽ  കാണാത്ത വിവിധങ്ങളായ  പൂക്കളുടെ വർണ്ണഭംഗി അവോളം നുകർന്നശേഷമാ‌ണു   ടവറിൽ കയറിയത് . ഒരാൾക്ക്  720 യെൻ ആണു ടിക്കറ്റ് ചാർജ്ജ് ( 442 രൂപ ).  ക്യോത്തോയിലേയും ടോക്യോയിലേയുമൊക്കെ ടവറുകളെ അപേക്ഷിച്ചു ഉയരം വളരെ കുറവാണിതിന് . ആകെ ഉയരം 147.2 മീറ്റർ ആണെങ്കിലും ഒബ്സർവേഷൻ ഡെക്ക് 90 മീറ്റർ  ഉയരത്തിലാ‌ണ്‌‌‌‌‌‌‌. 1961 ൽ ,  65 മീറ്റർ  ഉയരത്തിൽ ഒരു ഡിജിറ്റൽ ക്ലോക്കും സ്ഥാപിച്ചിട്ടുണ്ട്.  വീൽചെയറിൽ  വരുന്നവർക്കും മുകളിൽ കയറാൻ  സൗകര്യം ഒരുക്കിയിട്ടുണ്ട് . പക്ഷേ അരുമമൃഗങ്ങളുമായി കയറാനാവില്ല.   ഒബ്സർവേഷൻ   ഡെക്കിൽ  നിന്നു നോക്കിയാൽ ഉദ്യാനത്തിന്റെയും  നഗരത്തിന്റെയും പൂർണ്ണവീക്ഷണം കിട്ടും. രാത്രിയിലെ ദൃശ്യവും  അത്യാകർഷകമാണ്. നീണ്ടുകിടക്കുന്ന പാതകളുടെ ഇരുവശത്തും ഉയർന്നുനിൽക്കുന്ന ആകാശചുംബികളായ കെട്ടിടസമുച്ചയങ്ങൾ. അങ്ങുദൂരെവരെയുള്ള  ചെറിപ്പൂക്കളുടെ കാഴ്ച. പിന്നെയും അകലെയായി ഹിമകഞ്ചുകമണിഞ്ഞ മലനിരകൾ. എത്രനേരം വേണമെങ്കിലും അതൊക്കെ നോക്കിനിൽക്കാം.  അങ്ങനെനോക്കുമ്പോഴാണ്  കുറച്ചുദൂരെയായി ഭംഗിയായി  അലങ്കരിച്ച പന്തലിനുള്ളിൽ എന്തോ ഒരാഘോഷം നടക്കുന്നതു കണ്ടത്. ക്യാമറ  സൂം ചെയ്തു ഫോട്ടോ എടുത്തപ്പോൾ മോന് അവിടുത്തെ ബോർഡ് കാണാനായി. അവിടെ ഒരു ബിയർ ഫെസ്റ്റിവൽ നടുക്കുകയാണത്രേ. ഒപ്പം തന്നെ ഭക്ഷണശാലകളും ഒട്ടനവധി. ടവറിൽ നിന്നിറങ്ങിയപ്പോൾ  അങ്ങോട്ടു തന്നെ നടന്നു.


വൈവിധ്യമാർന്ന  ബിയർ കുപ്പികൾ പ്രദർശനത്തിനു വെച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ളതുവരെ കണ്ടു. കാലപ്പഴക്കം കൂടുന്തോറും വിലയും അധികരിക്കും.  ഭക്ഷണശാലകൾ എല്ലാം തന്നെ മാംസവിഭവങ്ങളാണൊരുക്കിയിരിക്കുന്നത്. അവർ രണ്ടുപേരും എന്തോ വിഭവങ്ങൾ കഴിച്ചു. എനിക്ക് അവയുടെ ഒന്നും മണം തന്നെ ഇഷ്ടമായില്ല. അവിടെനിന്നാണു  ഹോട്ടലിലേക്കു  പോയത്. നാലുമണി കഴിഞ്ഞിട്ടായിരുന്നു ചെക്ക് ഇൻ ചെയ്യേണ്ടിയിരുന്നത്.  നാലുകിടക്കകളുള്ള  വൃത്തിയും ഭംഗിയുമുള്ള മുറി. മുറിയിലിരുന്നു ഭക്ഷണം കഴിക്കാൻ അനുവാദമില്ല. . ഒരു രാത്രി കഴിയുന്നതിനു 12 ,000  യെൻ ആണു  വാടക.   ഏതാണ്ട് ഏഴായിരത്തിയഞ്ഞൂറോളം ഇന്ത്യൻ  രൂപ. റൂമിൽ ചെന്നു വിശ്രമിച്ച്,  ഉന്മേഷം വീണ്ടെടുത്തശേഷം വീണ്ടും കാഴ്ചകളിലേക്കു  നടന്നു.


ഒരു ബിയർ മ്യൂസിയമാണു ലക്ഷ്യം .ജപ്പാനിലെ ഒരേയൊരു ബിയർ മ്യൂസിയമാണിത്. 1987 ജൂലൈയിലാണ്  ഈ മ്യുസിയം പ്രവർത്തനമാരംഭിച്ചത് . അതിനുമുമ്പ് അതൊരു പഞ്ചസാരഫാക്ടറിയായിരുന്നു.  .ടാക്സിയിലാണു പോയത്. ജപ്പാനിൽ ടാക്സിചാർജ്ജ് വളരെക്കൂടുതലാ‌ണ്‌‌‌‌‌‌‌. ബസ്സ്,ട്രെയിൻ യാത്രകളാണു സഞ്ചാരികൾക്കനുയോജ്യം. സമയക്കുറവുകൊണ്ടാണു ടാക്സി പിടിച്ചത്.  പക്ഷേ അവിടുത്തെ  സന്ദർശനസമയം അപ്പോഴേക്കും കഴിഞ്ഞുപോയി  . സന്ധ്യ മാനത്തു കുങ്കുമം പൂശിത്തുടങ്ങിയിരുന്നു. ഓദോരി എന്ന സ്റ്റേഷനിലേക്കു  ട്രെയിനിലാണു മടങ്ങിയത്. ടി വി ടവറിന്റെ ചുറ്റുപാടുകളിലായി വെറുതെ നടന്നു രാക്കാഴ്ചകൾ  കണ്ടു. വളരെ നീളത്തിൽ മേൽക്കൂരയിട്ടൊരു തെരുവ് കൗതുകക്കാഴ്ചയായി.  അത്താഴമായി  ഒരു റെസ്റ്റോറന്റിൽ നിന്നു   ഫ്രൈഡ് റൈസ് കഴിച്ചു. ഒമ്പതുമണി കഴിഞ്ഞപ്പോൾ ഹോട്ടൽമുറിയിലെത്തി.  സപ്പൊറൊ നല്ല തണുപ്പുള്ള സ്ഥലമാണ്. രാത്രിയായപ്പോൾ തണുപ്പിന്റെ കാഠിന്യം കൂടി. പക്ഷേ ഹോട്ടൽ മുറിയിൽ സുഖകരമായ ചൂടു  നിലനിർത്തിയിരുന്നതുകൊണ്ടു നന്നായി ഉറങ്ങാനായി.
No comments:

Post a Comment