Monday, April 13, 2020

ഉത് സ്‌ കുഷി നിഹോൺ - 3

ഉത് സ്‌ കുഷി നിഹോൺ  - 3
3 - മരുയാമകോയനും പൈതൃകഗ്രാമവും.
=========================================
നാലുമണിയാകുമ്പോൾത്തന്നെ നല്ല വെളിച്ചം വന്നുതുടങ്ങും. അതുകൊണ്ട് വേഗമുറക്കമുണരുകയും ചെയ്യും. കഠിനമായ തണുപ്പായിരുന്നെങ്കിലും നല്ല ചൂടുവെള്ളമാണു ഷവറിൽ. കുളികഴിഞ്ഞപ്പോൾ നല്ല ഉന്മേഷമായി.
രാവിലെ ഏഴുമണിക്കുതന്നെ ഞങ്ങൾ ഹോട്ടൽ വെക്കേറ്റ്  ചെയ്തു. അടുത്തുതന്നെയുള്ള മരുയാമഗാർഡനും മരുയാമക്ഷേത്രവും (മരുയാമകോയൻ) കാണാനായി  യാത്ര പുറപ്പെട്ടു. മരുയാമകോയൻ റെയിൽവേസ്റ്റേഷനിലേക്ക് അഞ്ചുമിനിറ്റ് ട്രെയിൻയാത്ര.   അന്തരീക്ഷമാകെ മൂടിക്കെട്ടി നിൽക്കുന്നു. കുറച്ചുദൂരം പാർക്കിലൂടെ നടക്കണം. ഒരു നിബിഡവനം പോലെയാണ് ആ ഉദ്യാനം. ധാരാളം മരങ്ങൾ . പലയിടത്തും ചെറിമരങ്ങൾ പൂചൊരിഞ്ഞു നിൽക്കുന്നു. ഇനിയും പൂക്കാലത്തെ വരവേൽക്കാതെ മടിപിടിച്ചുറങ്ങുന്നവർ ധാരാളം. അവയൊക്കെ ഏതാനും ദിവസത്തിനുള്ളിൽ പൂച്ചിരി വിടർത്തും . ഒരു പുരാതന ക്ഷേത്രത്തിലാണ് ആദ്യമെത്തിയത്. ആരാധനയ്ക്കായെത്തിയ  രണ്ടു  കിമോണയണിഞ്ഞ സ്ത്രീകളെ അവിടെക്കണ്ടു .സാധാരണ എവിടെയും  ജപ്പാൻ സ്വദേശികളെ പാശ്ചാത്യവേഷത്തിലാണു  കാണാറുള്ളത് .  അത്രയധികം പ്രാധാന്യമൊന്നുമില്ലാത്ത ഒരു ചെറിയ ക്ഷേത്രമാണതെന്നു തോന്നി. അധികമാരും ആരാധനയ്ക്കായി എത്തിയിരുന്നില്ല. പിന്നെയും മുന്നോട്ടു നടക്കുമ്പോൾ  പോകുന്ന വഴിയോരങ്ങളിൽ ചെറിയ ചെറിയ ക്ഷേത്രങ്ങളുണ്ട്.  നമ്മുടെ ക്ഷേത്രങ്ങളോടുചേർന്നുള്ള ഉപക്ഷേത്രങ്ങൾ  പോലെ. വേഗത്തിൽ നടന്നുപോകുന്നവരിൽ പലരും ഒന്നുകുമ്പിട്ടു പ്രാർത്ഥിച്ചിട്ടാണു പോകുന്നത്.  നടപ്പാതയുടെ വശങ്ങളിൽ വില്പനശാലകൾ തുറന്നുവരുന്നതേയുള്ളു. ഭക്ഷണപാനീയങ്ങളും ക്ഷേത്രത്തിലേക്കാവശ്യമുള്ള സാധനങ്ങളും ഒക്കെ വിൽക്കുന്ന സ്ഥലങ്ങളായിരിക്കാം. തുറന്ന കടകളിൽനിന്നു  മാംസം പാകംചെയ്യുന്ന ഗന്ധമുയരുന്നുണ്ട്. കുറേദൂരംക്കൂടി അങ്ങനെ നടന്നപ്പോഴാണ് മരുയാമകോയൻ കാണാനായത് .  ക്ഷേത്രത്തിന്റെ മുൻവശത്തെ പാതയുടെ ഇരുവശവും ചെറിമരങ്ങൾ പൂത്തുലഞ്ഞുനിൽക്കുന്ന കാഴ്ച മനക്കണ്ണിൽനിന്നൊരിക്കലും മാഞ്ഞുപോകില്ല. അത്ര സുന്ദരമാണ് .

ഹൊകൈഡോ ജിൻജ എന്നും  ഈ ക്ഷേത്രം അറിയപ്പെടുന്നു. ജപ്പാനിലെ പ്രധാന മതവിഭാഗങ്ങളിലൊന്നായ ഷിൻതോ ആരാധനാലയമാണിത്. പ്രത്യേകരീതിയിലുള്ള പടിപ്പുരയാണ് ഷിൻതോക്ഷേത്രങ്ങളുടേത്.   രണ്ടു വലിയതൂണുകളിൽ കുറുകെ വെച്ചിരിക്കുന്ന ഫലകം.  ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പു ജപ്പാനിൽ രൂപംകൊണ്ടു വികാസപരിണാമങ്ങൾ പ്രാപിച്ച മതമാണ് ഷിൻതോ.   ഷിൻതോവിഭാഗക്കാർ പിതൃക്കളെ ആരാധിക്കുന്നവരും പുനർജന്മത്തിൽ വിശ്വസിക്കാത്തവരുമാണ്. അവരുടെ ആരാധനാസങ്കേതങ്ങൾ പ്രകൃതിയുടെ പൊരുളുമായി ബന്ധപ്പെട്ടതാണ്. 'കാമി' എന്നാണവ അറിയപ്പെടുന്നത്.  ഹിന്ദുമതത്തിലെ ശിവശക്തിവിശ്വാസത്തോടും ക്രിസ്തുമതത്തിലെ ആദം-ഹവ്വ വിശ്വാസത്തോടും  സമാനമായ ഒന്നാണ് അവരുടെ 'ഇസനാഗി- ഇസനാമി' വിശ്വാസം    . ഇസനാഗി എന്ന ആദിമപുരുഷനും  ഇസനാമി എന്ന ആദിമസ്ത്രീയും  ചേർന്നു  സൃഷ്ടിച്ചതാണത്രേ പ്രപഞ്ചം. അവർക്കു ജനിച്ച ആദ്യപുത്രൻ 'സ്യുകിയോണി' നമ്മുടെ ചന്ദ്രനാണ്. ആദ്യപുത്രി 'അമതേറാസു' നമ്മുടെ സൂര്യനും. ( ജർമ്മൻ വിശ്വാസം പോലെ ജപ്പാനിലും സൂര്യൻ സ്ത്രീയാണ്). ഇസനാഗി- ഇസനാമി വംശത്തിൽ പിറന്ന ജിമ്മു      ആണത്രേ ജപ്പാന്റെ ആദ്യചക്രവർത്തി. ( അദ്ദേഹത്തിന്റെ ജീവിതകാലഘട്ടം  711  ബി സി - 585 ബി സി. ജിമ്മു ചക്രവർത്തിയായി ഭരണമേറ്റെടുത്തത് 660 ബി സി യിലാണ് . ) രണ്ടാം ലോകമഹായുദ്ധംവരെ ചക്രവർത്തിമാരെ  ഷിൻതോമതക്കാർ ദൈവങ്ങളായാണ് കരുതിപ്പോന്നിരുന്നത്. ഇഹലോകജീവിതം നന്മയുള്ളതായാൽ മരണാനന്തരം സ്വർഗ്ഗരാജ്യത്തു  നന്മലഭിക്കുമെന്നാണവരുടെ വിശ്വാസം. ഹൊക്കൈഡോജിൻജയിൽ  മെയ്‌ജി ചക്രവർത്തിയുടെ ആത്മാവുൾപ്പെടെ നാലുമൂർത്തികളാണുള്ളത്. 122 )മത്തെ ചക്രവർത്തിയായിരുന്നു മെയ്ജി . 1870 ൽ ക്ഷേത്രം നിർമ്മിച്ചതു മൂന്നു ആരാധനാമൂർത്തികളുടെ ശ്രീകോവിലുകളുമായി ആയിരുന്നു. 1964 ലാണ് മെയ്‌ജി ചക്രവർത്തിയുടെ ആത്മാവിനുള്ള ശ്രീകോവിൽ പണികഴിപ്പിച്ചത്. അതിനുശേഷമാണു സപ്പൊറൊജിൻജ എന്ന പേര് ഹൊക്കൈഡോജിൻജ എന്നായത്.

ഇടയ്ക്കു ചെറിയ മഴയും പെയ്തുകൊണ്ടിരുന്നു. നല്ല തണുപ്പും.ക്ഷേത്രത്തിലേക്കു   കടക്കുന്നതിനു മുൻപ് ഇടതുവശത്തൊരു ജലസംഭരണി കണ്ടു. കുറെയധികം മരത്തവികളും അവിടെ വെച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ കയറുന്നതിനുമുമ്പ് കൈകളും വായയും കഴുകി ശുദ്ധിയാക്കാനാണ് ഈ ജലം. മരത്തവികളിൽ വെള്ളം കോരിയെടുത്ത്  ആദ്യം ഇടതുകൈ, പിന്നെ വലതുകൈ, അതിനുശേഷം വായയും കഴുകുകയെന്നതാണു പതിവ് . പക്ഷേ ഇപ്പോൾ വായകഴുകുന്നത് പലരും ഒഴിവാക്കാറുണ്ട്.    . ജലം, ഉപ്പ്, അഗ്നി, മണൽ, 'സാകേ' എന്ന മദ്യം ഇവയാണ് ശുദ്ധീകരണത്തിനായി ഷിൻതോ മതക്കാർ ഉപയോഗിക്കുന്ന മാധ്യമങ്ങൾ . കൽസംഭരണിയിലെ വെള്ളം മരത്തവികളിൽ കോരിയെടുത്തു കൈയ്യും വായയും ശുദ്ധമാക്കിയശേഷം ക്ഷേത്രവാതിൽ കടക്കാം. തവികൾ ഒരിക്കലും നേരിട്ടു  വായയിൽ മുട്ടിക്കാൻ പാടില്ല. കൈയിലൊഴിച്ചുവേണം വായ കഴുകാൻ .  അകത്തുകടന്ന് ആദ്യം  അവിടെയുള്ള വലിയ മണി രണ്ടുവട്ടം   മുഴക്കണം. പിന്നീട് രണ്ടുപ്രാവശ്യം പ്രതിഷ്ഠയെ  കുനിഞ്ഞുവണങ്ങിയശേഷം രണ്ടുപ്രാവശ്യം കൈ കൊട്ടുക. വീണ്ടും ഒന്നുകൂടി വണങ്ങിയശേഷം ഭണ്ഡാരപ്പെട്ടിയിൽ പണമിടുക.100 യെൻ ആണു സാധാരണയായി നേർച്ചകൊടുക്കാറുള്ളത് .  ഇത്രയുമാണ് ആരാധന. ആരാധനാരീതികളെക്കുറിച്ചു  കൂടുതലായൊന്നും അറിയില്ലാതിരുന്നതുകൊണ്ടു ഞങ്ങൾ അവിടെ അധികംസമയം ചിലവഴിച്ചില്ല.


മരുയാമ-ഉദ്യാനം ജപ്പാനിലെ ഒരു പ്രധാന ചെറിപ്പൂകേന്ദ്രവും കൂടിയാണ്, അവിടെയുള്ള ഒരു വീപ്പിങ് ചെറിമരം ( ശിദാരി സക്കൂറ)  പ്രസിദ്ധമാണ്. രാത്രികാലങ്ങളിൽ അതിൽ വൈദ്യുതിവിളക്കുകൾ തെളിയിച്ച് അലങ്കരിച്ചു നിർത്താറുണ്ട്. വിശുദ്ധിയുടെ പ്രതീകങ്ങളായ ഓക്കുമരങ്ങളും കത്സുര മരങ്ങളും മഗ്നോലിയ, മേപ്പിൾ തുടങ്ങി ഒട്ടനവധി വൃക്ഷങ്ങളും നിറഞ്ഞതാണ് ഈ ഉദ്യാനം. ഒരു കുടപോലുള്ള കുന്നിലാണ് ഈ ഉദ്യാനത്തിന്റെ വ്യാപനം. പുതുവത്സരക്കാലത്തും സക്കൂറാനാളുകളിലും ഇവിടെ വളരെ തിരക്കായിരിക്കും. പാർക്കിനുള്ളിലെ  ഹൊക്കൈഡോ  ക്ഷേത്രത്തിനരികിലായി ഭീമാകാരന്മാരായ സൈപ്രസ് മരങ്ങളും കാണാം .

മരുയാമമൃഗശാലകൂടി അടുത്തുതന്നെയുണ്ട്. റോഡ് ക്രോസ്സ് ചെയ്തുപോകണം. പക്ഷേ ട്രാഫിക് സിഗ്നലൊന്നും അവിടെ കാണുന്നില്ല. പെട്ടെന്നാണൊരു ട്രാഫിക് പൊലീസ് അവിടെയെത്തിയത്. അദ്ദേഹം വാഹനങ്ങൾ തടഞ്ഞ്, ഞങ്ങൾക്കു റോഡു ക്രോസ്സുചെയ്യാൻ സൗകര്യമുണ്ടാക്കി . മൃഗശാലയിൽ   600 യെൻ ആണ് പ്രവേശനഫീസ്.   ഇരുപത്തൊന്നരഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഈ മൃഗശാലയിൽ   ഇരുനൂറോളം ജന്തുവൈവിധ്യങ്ങൾ സംരക്ഷിക്കപ്പെടുന്നു. . ഓസ്ട്രിച്ച്, സീബ്ര, ഒറാങ്ങുട്ടാങ് , എയ്പ്, ധ്രുവക്കരടി, തവിട്ടുകരടി, കങ്കാരൂ, സ്പൈഡർ മങ്കി, പെൻഗ്വിൻ , ബീവർ, റെഡ് പാണ്ട, സിംഹം, കടുവ, സ്നോ ലെപ്പേഡ് , ഓട്ടർ  , വാൽറസ് , ആമകൾ, മുയലുകൾ , ചെമ്മരിയാടുകൾ, വിവിധയിനം പക്ഷികൾ... അങ്ങനെപോകുന്നു അവയുടെ നീണ്ടനിര. ഇവിടേക്കു മ്യാന്മറിൽ നിന്നു നാല് ആനകളെക്കൊണ്ടുവരുന്നതിനു ശ്രമം നടത്തിയിരുന്നതാണ്. പക്ഷേ മഞ്ഞുകാലത്തെ  കഠിനമായ തണുപ്പിൽ ആനകൾക്കു  കഴിയാനാവില്ലെന്നുള്ളതുകൊണ്ടു മൃഗസ്നേഹികളുടെ ശക്തമായ എതിർപ്പും ഉണ്ടായി. ശൈത്യകാലത്തു -12 ഡിഗ്രിയായിരിക്കും താപനില. ശക്തമായ മഞ്ഞുവീഴ്ചയും ഇവിടുത്തെ പ്രത്യേകതയാ‌ണ്‌‌‌. 

  അവിടെ നിന്നും മരുയാമസ്റ്റേഷനിലേക്കാണു പോയത് . ഭക്ഷണം കഴിച്ചശേഷം ഒന്നരയായപ്പോൾ ഷിൻ സപ്പറോ എന്നസ്ഥലത്തുള്ള പൈതൃകഗ്രാമം കാണുന്നതിനായി യാത്ര തിരിച്ചു. റെയിൽവേസ്റ്റേഷനോട് ചേർന്നുള്ള ബസ്സ്സ്റ്റാൻഡിൽ നിന്നു   ബസ്സിലായിരുന്നു യാത്ര.  ഷിൻ എന്ന വാക്കിനർത്ഥം പുതിയ എന്നാണ്. ന്യൂബോംബെ എന്നൊക്കെ നമ്മൾ ഉപയോഗിക്കുന്നതുപോലെ. കുറച്ചുദൂരം നടന്നതിനുശേഷമാണു ഗ്രാമത്തിലെത്തിയത്. ചിട്ടയായി വെട്ടിനിർത്തിയിരിക്കുന്ന പൂച്ചെടികളാൽ മനോഹരമാണു നടപ്പാത . പ്രവേശനഫീസ് 830 യെൻ ( 515 രൂപ ).   അവിടെയൊരു മ്യൂസിയം കൂടിയുണ്ട്. അതിന്റെ ഫീസ് 600 യെൻ ആ‌ണ്‌‌‌‌‌‌‌. അഞ്ചുമണിവരെയാണു സന്ദർശനസമയം. നടന്നുപോയിക്കാണുകയോ കുതിരകൾ  വലിക്കുന്ന ട്രോളിയിൽ സഞ്ചരിച്ചോ അവിടുത്തെ കാഴ്ചകൾ കാണാം.  ആദ്യം തന്നെ കാണുന്നതൊരു പുരാതന റെയിൽവേ സ്റ്റേഷനാ‌ണ്. അവിടെനിന്നാണു ട്രോളി ലഭിക്കുന്നത്. ഞങ്ങൾ നടന്നാണു പോയത്.

പൈതൃകഗ്രാമത്തിലെ കാഴ്ചകൾ നമ്മെ  നൂറ്റാണ്ടുകൾ പഴക്കമുള്ള  മറ്റൊരുലോകത്തേക്കാണു  കൊണ്ടുപോകുന്നത്. മെയ്‌ജിയുടെയും തൈഷോയുടെയും   (1868 - 1926 എ ഡി ) കാലഘട്ടത്തിലെ ഹൊക്കൈഡോ നിർമ്മിതികൾ ഇവിടെ പുനർജനിപ്പിച്ചിരിക്കുന്നു. ജപ്പാനിൽ കാലഘട്ടം പറയുന്നത് ചക്രവർത്തിമാരുടെ കാലം ബന്ധപ്പെടുത്തിയാണ് .  ഈ കാലത്താ‌ണ്‌‌‌‌‌‌‌  സപ്പൊറൊ ഏറ്റവും  കൂടുതൽ പുരോഗതി കൈവരിച്ചത്.
 .അക്കാലത്തേതുപോലെതന്നെ   വീടുകളും വ്യാപാരസ്ഥാപനങ്ങളും ഔദ്യോഗികമന്ദിരങ്ങളും എല്ലാം  സജ്ജീകരിച്ചിരിക്കുന്നു. അറുപതിലധികം നിർമ്മിതികളുണ്ടിവിടെ.     ജപ്പാന്റെ പഴമയുടെ സൗന്ദര്യത്തിന്റെ  നിറവും മണവും നമുക്കവിടെ അനുഭവിച്ചറിയാനാകും. നാലുഭാഗങ്ങളായാണ് ഈ ഗ്രാമം. പഴയ കർഷകഗ്രാമം, മുക്കുവഗ്രാമം, മലയോരഗ്രാമം പിന്നെ റെയിൽവേസ്റ്റേഷനും പോസ്റ്റോഫീസും മറ്റു ഔദ്യോഗികമന്ദിരങ്ങളുമൊക്കെയുള്ളോരു  പട്ടണപ്രദേശം. പഴയൊരു തൂക്കുപാലവും പുനഃസൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പഴയ ജപ്പാൻ വീടുകൾ രണ്ടു നിലകളായാണ് നിർമ്മിക്കപ്പെട്ടിരുന്നത്. മുകളിലത്തെ നില വളരെ ഉയരത്തിലായിരിക്കും. ഇതിന്റെ മേൽക്കൂര കൂപ്പുകൈയുടെ ആകൃതിയിലാണ്. വീടിനുള്ളിൽ ധാരാളം മുറികൾ ഓരോരോ ആവശ്യങ്ങൾക്കുള്ളതുണ്ടാകും. ടീ സെറിമണിക്കുള്ള സ്ഥലവും പ്രത്യേകമായുണ്ടാകും. മധുരപലഹാരങ്ങൾക്കൊപ്പം 'മാച്ചാ' എന്ന കയ്പ്പുള്ള ഗ്രീൻ ടീ വിളമ്പിയാണ് ഈ ചടങ്ങു നടത്തുന്നത്. ജാപ്പനീസ് ഭാഷയിൽ 'ചനോയൂ സാദോ' എന്നോ 'ഓച്ചാ' എന്നോ പറയും. അതിഥികളുടെ സാന്നിധ്യത്തിൽ തന്നെയാണു ചായ തയ്യാറാക്കുന്നതും വിളമ്പുന്നതുമൊക്കെ. മുറിയുടെ മദ്ധ്യത്തിൽ അതിനുള്ള കെറ്റിലും സജ്ജമാക്കിയിരിക്കും. വ്യക്തിബന്ധങ്ങളിലെ ശുദ്ധിയും ദൃഢതയും താളവും ലയവും പ്രശാന്തിയുമൊക്കെ അരക്കിട്ടുറപ്പിക്കും വിധമാണ് ഈ ചടങ്ങു നടത്തുന്നത്. ചൈനയിൽ നിന്നാണ് ഇതു  ജപ്പാന്റെ സംസ്‌കൃതിയിലേക്കു കടന്നുകൂടിയത്. 'തത്താമി' എന്ന നിലത്തുപതിപ്പിച്ച പുൽപ്പായയിൽ അതിഥികൾ ഇരിക്കും. ചില അവസരങ്ങളിൽ അതിഥികൾക്ക് പുറത്തുവെച്ചും ഈ ചായസൽക്കാരം നടത്താറുണ്ട്.

അതിസുന്ദരമായി ഒരുക്കിവെച്ചിരിക്കുന്ന ഈ പൈതൃകഗ്രാമം വളരെ നിഷ്കർഷയോടെ പരിപാലിക്കുന്നു എന്നതു  പ്രശംസനീയം തന്നെ. ഒരു ചെറിയ കടലാസുതുണ്ടുപോലും ആ പ്രദേശത്തിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തുന്നില്ല. പലയിടത്തും  വഴിപിരിഞ്ഞുപോകുന്ന  പാതകൾക്കിരുവശവുമായി നിലകൊള്ളുന്ന വിവിധമന്ദിരങ്ങളെപ്പിന്നിട്ടു കുറേ നടന്നപ്പോൾ കണ്ട ടോയ്ലറ്റിൽ ഒന്നു കയറി.  ജപ്പാനിലെവിടെച്ചെന്നാലും   ഏറ്റവും  വൃത്തിയുള്ള ടോയ്ലറ്റുകൾ ഉണ്ടെന്നുള്ളത് എടുത്തുപറയേണ്ടുന്നൊരു കാര്യമാണ്.  നല്ല തണുപ്പാണെങ്കിലും  എല്ലായിടത്തും ചൂടുവെള്ളം ലഭിക്കും, മാത്രമല്ല, സീറ്റുകൾ പോലും ചൂടാക്കിയിട്ടിരിക്കുന്നു.  വെള്ളം ഉപയോഗിക്കുന്നവർ സീറ്റിലോ മറ്റോ വീഴ്ത്തിയെങ്കിൽ അതു തുടച്ചിടുകയും വേണം. വാഷ്ബേസിനിൽ കൈ കഴുകിയാൽ   ഉണക്കാനുള്ള സംവിധാനവും അതിനോടൊപ്പംതന്നെ കാണും.  വെള്ളം ഉപയോഗിക്കാൻ താല്പര്യമില്ലാത്തവർക്കു ടിഷ്യു,പേപ്പർ ഉപയോഗിക്കാം. .   അതും ഫ്ലഷ് ചെയ്തു കളയുകയാണ്. കുഞ്ഞുങ്ങളെ   സുരക്ഷിതമയി  ഇരുത്താനുള്ള ഉയരംകൂടിയ  പ്രത്യേക ഇരിപ്പിടങ്ങളുണ്ട്. അമ്മമാർക്കതൊരു വലിയ ആശ്വാസമാ‌ണ്‌.   അവിടുത്തെ, ഞാൻ കയറിയ  ടോയ്‌ലറ്റിൽ ജാപ്പനീസിൽ ആയിരുന്നു എഴിതിയിരുന്നതെല്ലാം. ഫ്ലഷ് ചെയ്യാനുള്ള ബട്ടൺ മനസ്സിലാകുന്നില്ല. കുറച്ചു വലിയ രണ്ടുബട്ടണുകൾ രണ്ടിടങ്ങളിൽ  കണ്ടു. അതിലൊന്നാവും എന്നു കരുതി ഒന്നിലമർത്തി. ഉടനെ മുഴങ്ങാൻ തുടങ്ങി അലാം . അതു നിർത്താൻ ഒന്നു കൂടി അമർത്തി.  വേഗം മറ്റേബട്ടണമർത്തി . അതായിരുന്നു ശരിക്കുള്ള ഫ്ലഷ്. പക്ഷേ രണ്ടാമതു ബട്ടണമർത്തിയപ്പോൾ  അലാം നിൽക്കുന്നതിനുപകരം അത്  ആവർത്തിക്കുകയാണ് ചെയ്തത്. പുറത്തുവന്നപ്പോൾ മോനു ചോദിച്ചു 'അമ്മ എമർജൻസി  അലാം കൊടുത്തോ' എന്ന്. അമളി പറ്റിയ കാര്യം പറഞ്ഞപ്പോൾ അവൻ പറഞ്ഞു, കാര്യം തിരക്കാൻ ഉടനെ ആളെത്തും , അതുകഴിഞ്ഞു പോകാമെന്ന്. അല്പസമയത്തിനുള്ളിൽ ഒരാളെത്തി. അദ്ദേഹത്തോടു നടന്നകാര്യം പറഞ്ഞു  ഞങ്ങൾ അവിടെ നിന്നു തിരികെ നടന്നു.

കാപ്പിപ്പൊടി വില്ക്കുന്ന കടകളും പലചരക്കുകടകളും ഒക്കെ പൗരാണികത ചോർന്നുപോകാതെ  സജ്ജമാക്കിയിട്ടുണ്ട്. കൃഷിസ്ഥലങ്ങളിൽ വേനൽക്കാലകൃഷികൾക്കായുള്ള ഒരുക്കങ്ങൾ . ശൈത്യകാലത്ത് ഇവിടെമാകെ മഞ്ഞുമൂടിക്കിടക്കുകയാവും. എല്ലാം കണ്ടു നടപ്പുതുടർന്നു.    എവിടേക്കെന്നു മനസ്സിലാകാതെ ഒരു കാട്ടുപാതയിലൂടെ നടന്നുചെന്നെത്തിയതു പഴയൊരു തൂക്കുപാലത്തിലാ‌ണ്‌‌‌. അതുകടന്നു നടന്നെത്തുന്നതു പ്രധാനപാതയിൽത്തന്നെ. ടോക്ക്യൊയിലേക്കു മടങ്ങാനുള്ള വിമാനം 7. 30 നാ‌ണ്‌‌‌. അതുകൊണ്ടു കൂടുതൽ സമയം അവിടെ ചിലവഴിക്കാനാവില്ലായിരുന്നു. 4. 20 ആയപ്പോൾ അവിടെനിന്നിറങ്ങി,  ബസ്സ്സ്റ്റോപ്പിൽ നിന്നു ബസ്സ് കയറി ഷിൻസപ്പൊറൊ റെയിൽവേസ്റ്റേഷനിലെത്തി. ജപ്പാനിലെവിടെയും  എയർപോർട്ടിൽ തന്നെ റെയിൽവേസ്റ്റേഷനും ഉണ്ടാകും. ബസ്സിലും  ട്രെയിനിലുമൊക്കെ സ്ക്കൂൾ  കുട്ടികൾ കയറുന്നുണ്ടായിരുന്നു. പക്ഷേ സീറ്റ് ഒഴിഞ്ഞുകിടന്നിട്ടുപോലും അവർ ഇരിക്കാൻ കൂട്ടാക്കുന്നതു കണ്ടില്ല. അതെന്തുകൊണ്ടാണെന്നു മനസ്സിലായുമില്ല.  ഷിൻസപ്പൊറൊയിൽ നിന്നു ന്യൂചിതൊസെ എയർപോർട്ടിലെത്തി. 7.30 നുതന്നെ വിമാനം ടോക്യോയിലേക്കു പറന്നു. ഷിമോയിലെ വീട്ടിലെത്തിയപ്പോൾ നന്നേ വൈകിയിരുന്നു. പക്ഷേ ഉറങ്ങാൻ അധികസമയമില്ല. രാവിലെതന്നെ ക്യോത്തൊയിലേക്കു പോകണം. ബുള്ളറ്റ് ട്രെയിൻയാത്രയേക്കുറിച്ചുള്ള ആകാംക്ഷയുമായി ഉറങ്ങാൻ കിടന്നു.


2 comments:

  1. ജപ്പാൻ മനോഹരം.. വിവരണവും... ആശംസകൾ

    ReplyDelete