Monday, April 13, 2020

ഉത് സ്‌ കുഷി നിഹോൺ - 4

4 . ഷിങ്കാൻസെനിൽ  ക്യോത്തോ യാത്ര
===============================================
മെയ് 2 ചൊവ്വാഴ്ച  രാവിലെ 8. 03 നു ടോക്യോയിൽ നിന്നു ബുള്ളറ്റ്ട്രെയിനിൽ ക്യോത്തോ എന്ന നഗരത്തിലേക്കു പോകാൻ റിസർവ്വേഷൻ എടുത്തിട്ടുണ്ട്. രാവിലെ 7 മണിക്കു ഷിമോസ്റ്റേഷനിലെത്തി ടോക്യോയിലേക്കുള്ള ട്രെയിൻ  പിടിച്ചു.
എപ്പോഴും അത്ഭുതത്തോടെ മാത്രം കേട്ടിരിക്കുന്ന പേരാ‌ണ്‌‌‌‌‌ ബുള്ളറ്റ്ട്രെയിൻ എന്നത്. അതിൽ കയറിയുള്ളൊരു സ്വപ്നയാത്ര.. മനസ്സ് മറ്റൊരു ലോകത്തുതന്നെയായിരുന്നു.

ജാപ്പനീസ്ഭാഷയിൽ ബുള്ളറ്റ്ട്രെയിനു ഷിങ്കാൻസെൻ എന്നാണു പേ‌ര്‌‌‌‌‌‌‌. ജപ്പാന്റെ സാങ്കേതികപുരോഗതിയുടെ ഉജ്ജ്വലമായ ഉദാഹരണമാണ് ഷിങ്കാൻസെൻ .  1930കളിൽ  ഇങ്ങനെയൊരു അതിവേഗട്രെയിൻപ്രോജക്റ്റ് തുടങ്ങുമ്പോൾ വെടിയുണ്ട എന്നർത്ഥം  വരുന്ന  'ഡാംഗാൻ  രെഷ്ഷാ' എന്നായിരുന്നു നാമകരണം നടത്തിയിരുന്നത്. അത് ആംഗലേയവത്കരിച്ചപ്പോൾ ബുള്ളറ്റ് ആയി.   അങ്ങനെയാണു ബുള്ളറ്റ്ട്രെയിൻ എന്നറിയപ്പെട്ടത്. 1940  ലാണ്  ഷിങ്കാൻസെൻ എന്ന പേര് ആദ്യമായി ഉപയോഗിച്ചത്

ജപ്പാനിലെ മലകളുടെ ബാഹുല്യം അവിടെ നാരോഗേജ്  സാധ്യതയേ നല്കിയിരുന്നുള്ളു.  അതാവട്ടെ വളഞ്ഞും പുളഞ്ഞും പോകുന്നതും. അതുകൊണ്ടുതന്നെ  വിവിധസ്ഥലങ്ങളിലേക്കുള്ള  ട്രെയിൻയാത്ര ദൈർഘ്യമേറിയതായി . വേഗതകൂടിയ ട്രെയിനുകളെക്കുറിച്ചാലോചിച്ചപ്പോൾ ഈ ലൈനുകൾ ബ്രോഡ്ഗേജ് ആക്കുന്നതിനുപകരം പുതിയതായി നിർമ്മിക്കുന്നതാണുചിതം എന്നു മനസ്സിലാക്കിയാണു  പുതിയവ തന്നെ നിർമ്മിച്ചത്. അതാവട്ടെ ധാരാളം ടണലുകളും പാലങ്ങളും കടന്നുപോകുന്നവയും. നേർദിശയിലുള്ള യാത്രയായതുകൊണ്ട് ദൂരക്കുറവും, തടസ്സങ്ങളില്ലാത്തതുകൊണ്ട് അതിവേഗത്തിലും യാത്ര സാധ്യമാവുകയും ചെയ്യുന്നു.

ടോക്യോ ഒളിംപിക്സ് നടന്ന  1964 ൽ  ഒക്റ്റോബർ 1- നാ‌ണ്‌‌‌‌‌‌‌ ആദ്യമായി ഷിങ്കാൻസെൻ  ഓടിത്തുടങ്ങിയത്. 'തോക്കൈഡോ    ഷിങ്കാൻസെൻ' എന്നാ‌ണ്‌‌‌ അതറിയപ്പെട്ടത്. ടോക്ക്യോ നഗോയ, ഒസാക്ക എന്നീ തിരക്കേറിയ  നഗരങ്ങളെ  ബന്ധിപ്പിക്കുന്ന ഈ റെയിൽവേലൈനാ‌ണ്‌‌‌‌‌‌‌ ലോകത്തിലെ ഏറ്റവും തിരക്കേറിയ അതിവേഗലൈൻ .  ഷിങ്കാൻസെൻ നെറ്റ് വർക്ക് വിവിധ ലൈനുകളിൽ  ഇന്നു ജപ്പാനിലെ  പ്രമുഖനഗരങ്ങളെയൊക്കെ ബന്ധിപ്പിക്കുന്ന കുറ്റമറ്റ,  ജനസമ്മതിയാർന്ന, ഗതാഗതസംവിധാനമായിരിക്കുന്നു.  നിസൊമി , ഹിക്കാരി, കൊദാമ ,  അസമ, ഹയാതെ ,  സക്കുറ,  കൊമാഷി, മിസുവോ, തോക്കി, ഹൊക്കിരിക്കു ഇങ്ങനെ ഇരുപതോളം റ്റൈപ്പ്  സർവ്വീസുകളിലായി നിരവധി   ബുള്ളറ്റ്ട്രെയിനുകൾ   ഉണ്ട്.  ഇവയിൽ  നിസൊമി ബുള്ളറ്റ്ട്രെയിനുകളാ‌ണ്‌‌‌‌‌‌‌ ഏറ്റവും വേഗതയേറിയത്. 300 km/h വരെ വേഗതയുണ്ട് ഇത്തരം ട്രെയിനുകൾക്ക് . വേഗതയുടെ കാര്യത്തിൽ  രണ്ടാംസ്ഥാനത്ത്   ഹിക്കാരിയും മൂന്നാംസ്ഥാനത്ത്  കൊദാമയും .   നിസൊമി എന്നാൽ പ്രതീക്ഷ എന്നാണർത്ഥം.  ഹിക്കാരി എന്നാൽ പ്രകാശം എന്നും കോദോമി   എന്നാൽ പ്രതിധ്വനി എന്നുമാണർത്ഥം. അക്കിത്തഷിങ്കാൻസെൻ  1997 ൽ ആരംഭിച്ച  വേഗത കുറഞ്ഞ   മിനി-ഷിങ്കാൻസെൻ ആണ്.
 ( 2017  സെപ്റ്റംബറിൽ മുംബൈ മുതൽ അഹമ്മദാബാദ് വരെയുള്ള 508 കി.മീ ദൈര്‍ഘ്യമുള്ള ഇന്ത്യയിലെ  ആദ്യത്തെ ബുള്ളറ്റ്ട്രെയിൻപദ്ധതിക്ക് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്നു തറക്കല്ലിട്ടു. പദ്ധതിക്ക് 1,10,000 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ഇതില്‍ 88,000 കോടി രൂപ ജപ്പാനാണ് ലോണ്‍ ഇനത്തില്‍ നിക്ഷേപിക്കുന്നത്. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി 0.1% പലിശനിരക്കില്‍ 50 വര്‍ഷത്തേക്കാണ് ഈ വായ്പ നൽകിയിരിക്കുന്നത്. 15 വര്‍ഷത്തെ ഗ്രേസ് പീരീഡുമുണ്ട്. 2023-ല്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷ)




സമയനിഷ്ഠ പാലിക്കുന്നതിൽ ഈ ട്രെയിനുകൾ കണിശക്കാരാണ്. ഇതുവരെ സംഭവിച്ച ശരാശരി കാലവിളംബം 54  സെക്കൻഡ് ആണ്. അതുതന്നെ 2014  ൽ ഭൂമികുലുക്കത്തെത്തുടർന്നുണ്ടായതും.  1997 ൽ അതു 18സെക്കൻഡ്  ആയിരുന്നു. അപകടങ്ങളും വളരെക്കുറച്ചുമാത്രമേ ഇതുവരെ സംഭവിച്ചിട്ടുള്ളൂ. ആകെ രണ്ടുതവണയാണ് പാളംതെറ്റൽ സംഭവിച്ചിട്ടുള്ളത്. 2004  ഒക്ടോബർ 23 നുണ്ടായ ഭൂകമ്പത്തിലായിരുന്നു ആദ്യത്തേത്. തോക്കി വിഭാഗത്തിൽപ്പെട്ട 325 )o നമ്പർ ബുള്ളറ്റ് ട്രെയിന്റെ പത്തിൽ എട്ടു കാറുകൾ നാഗോക്കസ്റ്റേഷനടുത്തു പാളം തെറ്റി. 154 യാത്രക്കാരിൽ ആർക്കും തന്നെ ജീവാപായമോ അത്യാഹിതമോ  സംഭവിച്ചില്ല. മറ്റൊന്ന്, കനത്ത ഹിമപാതത്തെത്തുടർന്ന്, കോമാഷി 25 - )o നമ്പർ ബുള്ളറ്റ്ട്രെയിൻ ദേയിസണിൽ പാളം തെറ്റിയതാണ് . ആ സംഭവത്തിലും  യാത്രക്കാർക്കാർക്കും അപകടമൊന്നും സംഭവിച്ചില്ല . ഭൂകമ്പമുണ്ടാകുമ്പോൾ വളരെവേഗം ഓട്ടം  നിർത്താനുള്ള   സംവിധാനം ഇത്തരം ട്രെയിനുകളിലുണ്ട് . നാഗോക്കയിലുണ്ടായ അപകടത്തിനുശേഷം വിശദമായ പഠനങ്ങൾ നടത്തി , ഒരു പുതിയ   anti-derailment device  ട്രെയിനുകളിൽ  സ്ഥാപിക്കുകയുണ്ടായി.  ആൾനാശം  സംഭവിച്ചത് ആത്മഹത്യാശ്രമങ്ങളിലാണ്. ഒരിക്കൽ ഒരാൾ ട്രെയിനകത്തു കടന്നശേഷം തീകൊളുത്തി ആത്മഹത്യ ചെയ്തു. ആ അഗ്നിയിൽപ്പെട്ടു മറ്റൊരാൾ മരിക്കുകയും ഏതാനുംപേർക്കു  ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു .  ബുള്ളറ്റ്ട്രെയിൻ   ഓടാത്ത മേഖലകളിലേക്കും  ഇപ്പോൾ പാതകൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നു.

ഹ്രസ്വകാലത്തേക്കു ജപ്പാനിലെത്തുന്ന വിദേശികൾക്കു യാത്രചെയ്യാൻ ജപ്പാൻ റെയിൽ പാസ്സ് ( JR Pass ) ലഭ്യമാണ്. 7, 14, 21   ദിവസങ്ങളിലേക്ക്  ആവശ്യാനുസരണം എടുക്കാം. ഈ പാസ്സ് എടുക്കുന്നവർക്ക് ഗ്രീൻകാറിൽ (First Class)  സഞ്ചരിക്കാം. പക്ഷേ നിസോമി വിഭാഗത്തിൽപ്പെട്ട ട്രെയിനുകളിൽ യാത്ര സാധിക്കില്ല. 7 ദിവസത്തേക്ക്    ¥44,000 ( Rs 27,000)  ആണ് ചെലവ്. യഥാർത്ഥ നിരക്കുമായി താരതമ്യപ്പെടുത്തിയാൽ  ഇതു വളരെ ലാഭകരമാണ് . ഞങ്ങൾക്ക് 7 ദിവസത്തേക്ക് പാസ്സ് എടുത്തിരുന്നു .  പക്ഷേ ഇപ്പോൾ ജപ്പാൻ നിവാസിയായ  മോന് ഈ പാസ്സ് ലഭിക്കില്ലാത്തതുകൊണ്ടു ടിക്കറ്റ് എടുത്താണ് യാത്ര. ഭീമമായ തുക  അതിനായി  ചെലവഴിക്കേണ്ടതുണ്ട്.

ട്രെയിൻ ഓടുന്ന ദിശയിലേക്കായിരിക്കും സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ അംഗങ്ങൾ ഒന്നിച്ചു യാത്രചെയ്യുമ്പോൾ അവ മുഖാമുഖമാക്കി സജ്ജമാക്കാം. ഉദ്യോഗസ്ഥർ കാറിനുള്ളിൽ കടന്നാൽ ഓരോ യാത്രികരെയും കുനിഞ്ഞു വണങ്ങിയാണു  കടന്നുപോകുന്നത്. യാത്ര തുടങ്ങുമ്പോൾ തന്നെ എല്ലവർക്കും പ്ലാസ്റ്റിക് പായ്‌ക്കറ്റിലുള്ള  ടിഷ്യു പേപ്പർ നൽകാനായി ഒരു ജീവനക്കാരിയെത്തും. (ഹോട്ടലിൽ കയറിയാലും ആദ്യം ഇങ്ങനെ
ടിഷ്യു പേപ്പറോ നാപ്കിനോ ലഭിക്കാറുണ്ട്. ഹോട്ടലിന്റെ രീതിയനുസരിച്ചു നാപ്കിൻ  ചൂടുള്ളതോ തണുത്തതോ ആയിരിക്കും . കൈകൾ ശുദ്ധമാക്കാനാണിത്. കൈ കഴുകുന്ന പതിവ്  അവിടെയില്ല. കൈകൊണ്ടു ഭക്ഷണം കഴിക്കാറുമില്ല. അതൊരു പ്രാകൃതരീതിയായാണ് ഇന്നാട്ടുകാർ കരുതുന്നത് . ജാപ്പനീസ് രീതി രണ്ടു വടികൾ (ചോപ്സ്റ്റിക്‌സ്) ഉപയോഗിച്ച് കഴിക്കുന്നതാണ്.  ചോറുപോലും അവർ ആ വടികൊണ്ടുതന്നെ കഴിക്കും, ഒരു വറ്റും പാത്രത്തിലവശേഷിപ്പിക്കാതെതന്നെ. അങ്ങനെ കഴിക്കാനറിയാത്തവർക്കു സ്പൂണും ഫോർക്കും ഉപയോഗിക്കാം. ) പിന്നാലെ, വിമാനത്തിൽ വരുന്നതുപോലെ  ഫുഡ് കാർട്ടുമായി വരുന്നുണ്ടാവും. ആവശ്യമുള്ള ഭക്ഷണം ഓർഡർ ചെയ്തു കഴിക്കാം. അതിനുശേഷം വരുന്നത് വേസ്റ്റ്‌ കൊണ്ടുപോകാനുള്ള  വലിയൊരു പ്ലാസ്റ്റിക്സഞ്ചിയുമായി ആകും. ആരുവന്നാലും ഏറ്റവും വിനയത്തോടെ വണങ്ങിയേ പോകാറുള്ളൂ. ഈ ജനതയുടെ ആതിഥ്യമര്യാദയെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ല.

ഒരു ഷെഡ്യൂൾ പൂർത്തിയാക്കിയാൽ  ക്ലീനിങ് സ്റ്റാഫ് പ്ലാറ്റഫോമിൽ കാത്തുനിൽക്കുന്നുണ്ടാവും. യാത്രയവസാനിപ്പിച്ചിറങ്ങിപ്പോകുന്നവരെ നോക്കി വണങ്ങിയാണ് അവർ ഉള്ളിലേക്ക് കയറുന്നത്. ആകെ 12  മിനുട്ടു നേരമാണ്  ടോക്കിയോയിൽ ഒരു ബുള്ളറ്റ്ട്രെയിൻ നിൽക്കുന്നത്. അതിൽ രണ്ടുമിനുട്ട് ഇറങ്ങാനും രണ്ടു മിനുട്ട് കയറാനും . ചിലപ്പോൾ ഇറങ്ങുന്നതിന്  ഒരുമിനുട്ട്  സമയം കൂടുതലെടുത്തെന്നും വരാം. ബാക്കിയുള്ള ഏഴുമിനുട്ടിനുള്ളിൽ വൃത്തിയാക്കൽ പൂർത്തിയാക്കണം. വളരെ വേഗത്തിലാണു  ജോലികൾ. സീറ്റുകൾക്കിടയിൽ പരിശോധിച്ചു  മറന്നുപോയ വസ്തുക്കൾ ശേഖരിക്കുക, ചിതറിവീണുകിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങളോ മറ്റു മാലിന്യങ്ങളോ നീക്കം ചെയ്യുക. എല്ലായിടവും നന്നായി തുടച്ചുവൃത്തിയാക്കുക, ഇരിപ്പിടങ്ങളുടെ ദിശ മാറ്റുക,  ടോയ്ലറ്റ് എത്ര വൃത്തിഹീനമായിക്കിടന്നാലും (അങ്ങനെ എവിടെയും കണാറില്ല)  കഴുകിത്തുടച്ചു വെട്ടിത്തിളങ്ങുംപോലെ ഇടുക ഇതൊക്കെ അവർ ഈ ഏഴുമിനുട്ടിനുള്ളിൽ ചെയ്തിരിക്കും. ഇവിടുത്തുകാരുടെ കർമ്മനിരതയെ ഉപമിക്കാൻ ഈ ലോകത്തുതന്നെ മറ്റൊന്നുണ്ടാവില്ല. തങ്ങളുടെ ജോലി സമയത്തുതന്നെ പൂർത്തിയാക്കി അവർ, കയറാൻ കാത്തുനിൽക്കുന്ന യാത്രികരെ വണങ്ങി, വിനയത്തോടെ നടന്നകലും. സത്യത്തിൽ  അവരുടെ പാദം  തൊട്ടു നമസ്കരിക്കാൻ തോന്നും.

ഒരു ഹിക്കാരി ഷിങ്കാൻസെനിൽ ആയിരുന്നു   ഞങ്ങളുടെ ആദ്യയാത്ര - ടോക്യോയിൽ നിന്ന് ക്യോത്തോയിലേക്ക്. 2 മണിക്കൂർ 40  മിനുട്ട് യാത്ര. 456 കിലോമീറ്റർ  ദൂരം.  എത്ര വേഗതയുണ്ടെങ്കിലും ഉള്ളിലിരിക്കുന്നവർക്ക് അത് ഒട്ടും അനുഭവേദ്യമാകുന്നതേയില്ല എന്നത്  അത്ഭുതാവഹമാണ്. വിശാലമായ ചില്ലുജാലകങ്ങളിലൂടെ  പുറത്തെ കാഴ്ചകൾ അതീവഹൃദ്യം. കുറച്ചുസമയം കഴിഞ്ഞപ്പോൾ ധവളകിരീടമണിഞ്ഞു നിൽക്കുന്ന ഫ്യുജി പർവ്വതം കാഴ്ച്ചയിൽ! അവർണ്ണനീയമാണ് ആ ദൃശ്യം. ഷിൻതോ  മതക്കാരുടെ പുണ്യപർവ്വതമാണു  ഫ്യൂജിയാമ.  അവർക്ക് ഈ പർവ്വതദർശനം പോലും ഭാഗ്യമാ‌ണ്‌‌‌‌‌‌‌.  കൃഷിസ്ഥലങ്ങളും ഗ്രാമങ്ങളും പട്ടണങ്ങളും ഒക്കെ കടന്നുപോകുമ്പോൾ ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്, മലകളെല്ലാം ഇടതൂർന്ന  വനമായി കിടക്കുന്നു എന്നതാണ്.  താഴ്‌വരകളിൽ മാത്രമേ ജനവാസവും കൃഷിയുമുള്ളൂ. അതാകട്ടെ ഒരിഞ്ചുസ്ഥലം പോലും പാഴാക്കാതെയുമാണ്. നെല്ലും പച്ചക്കറികളും പഴങ്ങളും തേയിലയും ഒക്കെ കൃഷിയുണ്ട്.  തികഞ്ഞ സൗന്ദര്യബോധത്തോടെ എല്ലാം പരിപാലിക്കപ്പെടുന്നു. ഗ്രാമങ്ങളിലെ വീടുകൾ രണ്ടുനിലകളിലായാണ്. അവ  ഓടിട്ട ചരിഞ്ഞ മേൽക്കൂരയും മരഭിത്തിയുമുള്ളതായിരിക്കും. പട്ടണങ്ങളിൽ ബഹുനിലമന്ദിരങ്ങൾ കാണാം. ഒട്ടനവധി സോളാർ പാനലുകളും കാണുന്നുണ്ട് . എണ്ണമറ്റ തുരങ്കങ്ങളിലൂടയാണു യാത്ര മുന്നേറുന്നത്. വളരെക്കുറച്ചു സ്റ്റേഷനുകളിൽ മാത്രമാണു  സ്റ്റോപ്പ് ഉള്ളത്. ഒരുദിവസം ടോക്യോയിൽ നിന്നു ഷിൻ ഒസാക്കയിലേക്ക് 64  ഹിക്കാരി ട്രെയിൻ സർവീസ് ഉണ്ട്. നിസോമിയുടേതാകട്ടെ 188 . മറ്റുള്ളവയും ഒട്ടനവധി. ആകെ ഷിങ്കാൻസനുകൾ   340 ഓളം വരും.

 കൃത്യസമയത്തുതന്നെ ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി . ക്യോത്തോയിൽ നാലുദിവസം താമസിക്കാനുള്ള   തയ്യാറെടുപ്പിലാണു ഞങ്ങളെത്തിയിരിക്കുന്നത്. പെട്ടിയും ബാഗുമൊക്കെ ലോക്കറിൽ വെച്ച്, സ്റ്റേഷനു സമീപമുള്ള കാഴ്ചകൾ കണ്ടശേഷം താമസസ്ഥലത്തേക്കു  പോകാമെന്നു കരുതി  ലോക്കർ അന്വേഷണം ആരംഭിച്ചു. എവിടെയും തിരക്കു തന്നെ. ലോക്കർ ഒഴിഞ്ഞുകിട്ടാൻ വളരെ ബുദ്ധിമുട്ടുള്ള സമയം. ആ ആഴ്ച ജപ്പാൻകാരുടെ അവധിക്കാലമാണ്. ചക്രവർത്തിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട  ഗോൾഡൻ വീക്ക് - താമസസൗകര്യവും ലഭിക്കാൻ  ബുദ്ധിമുട്ടുണ്ട്. പക്ഷേ ഞങ്ങൾ നേരത്തെ റൂം  ബുക്ക്  ചെയ്തിരുന്നു.

ലോക്കർ കിട്ടിവന്നപ്പോൾ കുറേ വൈകി. നല്ല തണുപ്പ്. ക്യോത്തോയിൽ തണുപ്പുണ്ടാവില്ലെന്നായിരുന്നു മോൻ  പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ തണുപ്പിനെ പ്രതിരോധിക്കാനുള്ള സന്നാഹങ്ങളൊന്നും കയ്യിൽ കരുതിയിട്ടുമില്ല.  സ്റ്റേഷന്റെ പുറത്തുകടക്കുമ്പോൾ ആദ്യം കണ്ണിൽപെടുന്നതു പ്രൗഢിയുടെ പ്രതീകമായി നിൽക്കുന്ന ക്യോത്തോ ടവർ ആണ്. പിന്നെയും ഒട്ടനവധി അംബരചുംബികൾ. ക്യോത്തോ, ടോക്കിയോ പോലെതന്നെ ഒരു വലിയനഗരമാണ് . ടോക്കിയോ തലസ്ഥാനമാകുന്നതിനു മുമ്പ് ക്യോത്തോ ആയിരുന്നു ജപ്പാന്റെ തലസ്ഥാനം.  ചിത്രങ്ങളുമൊക്കെ എടുത്തു കുറച്ചുനടന്നപ്പോൾ വിശപ്പിന്റെ വിളി. ഭക്ഷണശാലകളുടെ ധാരാളിത്തം അവിടെയും ഉണ്ട് . ഏതു വിഭവമാണു ഞങ്ങൾക്കിഷ്ടമാകുന്നതെന്നു മോന് ആശയക്കുഴപ്പം. പലതും വാങ്ങിയശേഷം കഴിക്കാതിരുന്നതുകൊണ്ടാണീ ആശങ്ക. അവൻ ഓരോന്നും പരീക്ഷിച്ചുനോക്കി നിരാശപ്പെടുന്നു. ഒടുവിൽ  റൈസ് ബട്ടർ ചിക്കൻ ബോർഡ് കണ്ടു കയറി.
അവിടെ വെജിറ്റബിൾ കറിയും ബീഫ് കറിയും പോർക്ക് കറിയും  ഒക്കെയുണ്ട്. ചേട്ടന് ബീഫ് കറി പറഞ്ഞു . എനിക്കു ചിക്കനും. മോന് എന്തോ ജാപ്പനീസ് വിഭവം ആണ് പറഞ്ഞത്. സൂപ്പും ചായയും സലാഡും ഒക്കെ ഇതോടൊപ്പം ഉണ്ട് . ഏഴായിരം യെന്നിനു മുകളിലായി ബിൽ എങ്കിലും ആ ഭക്ഷണം താരതമ്യേന തൃപ്തികരമായിരുന്നു.   സൂപ്പ് എനിക്കു തീരെ ഇഷ്ടമായില്ലയെങ്കിലും ചിക്കൻകറി വീട്ടിലുണ്ടാക്കുന്ന  ചിക്കൻ വിന്താലുപോലെ സ്വാദിഷ്ടം . ഇവിടുത്തെ അരിയുടെ  ചോറ് ഒട്ടലുള്ളതായിരിക്കും. വെളുത്തതോ  ബ്രൗൺ നിറത്തിലെയോ ചോറ് ജപ്പാനിൽ ലഭിക്കും. എത്രതണുപ്പാണെങ്കിലും ഹോട്ടലുകളിൽ കുടിക്കാൻ ലഭിക്കുന്ന വെള്ളം ഐസുപോലെ തണുത്തതാ‌ണ്‌‌‌‌‌‌‌. അതുകൊണ്ടു കുടിക്കാൻ ചൂടുള്ള  ഗ്രീൻ ടീ തന്നെ നല്ലത് .

ഭക്ഷണം കഴിഞ്ഞു ലോക്കറിൽ നിന്നു ബാഗുകളൊക്കെ എടുത്തു സ്റ്റേഷനോടു ചേർന്നുള്ള ബസ്സ് സ്റ്റാൻഡിൽ നിന്നു ബസ്സ് പിടിച്ച്,  മുറി ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടലിലേക്കു പോയി . ഹോട്ടലിനു റിസപ്ഷനോ പരിചാരകരോ ഒന്നുമുള്ളതായിക്കണ്ടില്ല. ബസ്സിൽ കയറുമ്പോഴേ  മെസ്സേജ്  കൊടുത്തിരുന്നതുകൊണ്ടു മെയിൻ ഗേറ്റ് തുറക്കാ നുള്ള ലോക്ക് നമ്പർ അവർ അയച്ചുകൊടുത്തിരുന്നു.   'ഡൈട്ടോക്കുജി ഇൻ' അതാണ് ഹോട്ടലിന്റെ പേര്. അതിനടുത്തുതന്നെയാണ്  ഡൈട്ടോക്കുജി ക്ഷേത്രം. മുറി പൂട്ടിയിരുന്നില്ല. ( താക്കോൽ  മുറിക്കുള്ളിലെ മേശപ്പുറത്തുണ്ടായിരുന്നു.)   മൂന്നാം  നിലയിലാണു മുറി. വാതിൽത്തുറന്നു കയറുന്നതു ചെറിയൊരിടനാഴിയിലേക്കാണ്. അതുകടന്നെത്തുന്നത് ചെറിയൊരടുക്കള. സ്റ്റവും ഫ്രിഡ്ജും മൈക്രോവേവ് ഓവനും പാത്രങ്ങളും ടവ്വലും ഒക്കെ വൃത്തിയായും ഭംഗിയായും വെച്ചിരിക്കുന്നു. സ്റ്റവിനുതാഴെയുള്ള   ഷെൽഫിൽ  പാചകത്തിനുള്ള പാത്രങ്ങളും. . അടുത്തുതന്നെ ഒരു ചെറിയ മേശയും മൂന്നു കസേരകളും. ഇടതുവശത്തേക്കൊരു വാതിൽ.  അതിനപ്പുറമാണ് കിടപ്പുമുറി. തത്താമി എന്ന പുൽപ്പായ പതിപ്പിച്ച തറയിൽ മൂന്നു ഫൂത്തോണുകൾ (മെത്ത ) ഭംഗിയായി വിരിച്ചിരിക്കുന്നു. ഇതാണ് ജപ്പാന്റെ പരമ്പരാഗതരീതി. കട്ടിലുകൾ അവർ ഉപയോഗിക്കാറില്ല. അതുപോലെ നമ്മുടെ കസേരകൾക്കു പകരം അവരുപയോഗിക്കുന്നതു കുരണ്ടിക്കു ബാക്റെസ്ററ് പിടിപ്പിച്ചതുപോലൊരു സാധനമാണ് .  വടക്കേയിന്ത്യയിൽ കാണുന്നതരത്തിലെ രാജായിപോലൊന്നു തൂവെള്ളക്കവറൊക്കെയിട്ടു  മടക്കിവെച്ചിട്ടുണ്ട്, പുതയ്ക്കാൻ.  വാതിലിന്റെ ഇടതുവശത്തു മറ്റൊരുവാതിൽ ടോയ്‌ലെറ്റിന്റേതാണ്.  വളരെ ഇഷ്ടമായി ഈ മുറി. അടുക്കളയുണ്ടാവുമെന്നു അറിയാമായിരുന്നതുകൊണ്ടു കാപ്പിപ്പൊടി,  പഞ്ചസാര ഒക്കെ കരുതിയിരുന്നു . ഞാൻ കാപ്പി തയ്യാറാക്കിയപ്പോഴേക്കു മോൻ എ സി ഓണാക്കി മുറി ചൂടാക്കി  . ജപ്പാനിലെവിടെയും മുറികളിൽ  എ സി ഉണ്ടാകും. അതു മുറികൾ  തണുപ്പിക്കാൻ മാത്രമല്ല ചൂടാക്കാനും ഉതകുന്നവയാണ്. കാപ്പികുടിച്ചശേഷം ഞങ്ങൾ അവിടെനിന്നിറങ്ങി. എണ്ണമറ്റ കാഴ്ചകൾ കാത്തിരിക്കുന്നുണ്ടല്ലോ..























No comments:

Post a Comment