Monday, April 27, 2020

ഉത് സ്‌ കുഷി നിഹോൺ - 5

  5 - ഡൈട്ടോക്കുജിയും  കിൻകാകുജിയും ക്യോത്തോ ടവറും

-----------------------------------------------------------------------------------------------------

മഴപെയ്തുകൊണ്ടിരിക്കുന്നു.

ക്യോത്തോയിലുള്ള ദിവസങ്ങളിൽ മഴയുണ്ടാകുമെന്നു കാലാവസ്ഥാപ്രവചനം നോക്കി നേരത്തെ അറിഞ്ഞിരുന്നു . അതുകൊണ്ടു കുട കരുതിയിരുന്നു. ഡൈട്ടോക്കുജി ക്ഷേത്രത്തിലേക്കാണ് ആദ്യം പോയത്. താമസിക്കുന്ന ഹോട്ടലിൽനിന്ന് നടന്നുപോകാനുള്ള ദൂരമേയുള്ളൂ. നിറമുള്ളതും സുതാര്യവുമായ  പ്ലാസ്റ്റിക്  കുടകൾ നിവർത്തിപ്പിടിച്ചു ധാരാളമാളുകൾ നടന്നുപോകുന്നുണ്ട്.   ഒരുവലിയ മതിൽകെട്ടിനുള്ളിലാണ് ഇരുപതിലധികം ഉപക്ഷേത്രങ്ങളുമുള്ള  ഈ ക്ഷേത്രസമുച്ചയം. 1319 ൽ സ്ഥാപിതമായ ,  സെൻബുദ്ധിസ്റ്റുകളുടെ ആരാധനാകേന്ദ്രമാണിത്. ഷിൻതോമതം കഴിഞ്ഞാൽ ജപ്പാനിൽ ഏറ്റവും പ്രാധാന്യം  ബുദ്ധമതത്തിനാണ്. സെൻബുദ്ധിസത്തിന്റെ സംസ്കാരവും പാരമ്പര്യവും വാസ്തുനിർമ്മാണരീതിയുമൊക്കെ ഈ ക്ഷേത്രസമുച്ചയത്തിൽ നമുക്കു ദർശിക്കാനാവും. ഉപക്ഷേത്രങ്ങളിൽ മൂന്നോ നാലോ എണ്ണം മാത്രമേ ആരാധനയ്ക്കു തുറന്നുകൊടുക്കാറുള്ളു. 400 യെൻ(250 രൂപ) ആണ് ഓരോ ക്ഷേത്രത്തിലെയും  പ്രവേശനഫീസ്. അതിൽ പ്രധാനപ്പെട്ട ക്ഷേത്രം 1509 ൽ നിർമ്മിച്ച ദയസ്‌നിൻ ആണ്. അതിലെ  തത്താമി വിരിച്ച  മുറികളും വഴുതിനീങ്ങുന്ന വാതിലുകളും (ഫൂസുമാ, ഷോജി ) ആത്തരത്തിലെ ഏറ്റവും പഴയ അവശേഷിപ്പുകളാണ്. പുരാതനമായ പെയിന്റിംഗുകളും എല്ലാ ക്ഷേത്രങ്ങളിലുമുണ്ടാകും.     ക്ഷേത്രത്തിനു ചുറ്റുമുള്ള മുറ്റത്തെ റോക്ക് ഗാർഡൻ വൈശിഷ്ട്യം നിറഞ്ഞതുതന്നെ. മുറ്റത്തു ഭംഗിയായി  വിരിച്ചിട്ടിരിക്കുന്ന വെളുത്തചരലിൽ  പ്രത്യേകതരത്തിലെ ചൂലുകൊണ്ടു ശ്രദ്ധാപൂർവ്വം  വലിച്ചു വരകളുണ്ടാക്കി ആകർഷകമാക്കിയിരിക്കുന്നു. ( ഈർക്കിൽചൂലുകൊണ്ടു മണലിട്ട മുറ്റത്തു തൂത്തുകഴിയുമ്പോളുണ്ടാകുന്ന വരകൾക്കു സമാനമായത്.) ഈ ചരലുകൾക്കിടയിൽ പാറകളുണ്ടാകും. അവയ്ക്കുചുറ്റും കാലപ്പഴക്കത്തിൽ  കട്ടിപിടിച്ചു വളർന്നു മെത്തപോലെയായ പായലും. ഇത്തരം പായൽ വളർത്തി ഉദ്യാനമുണ്ടാക്കുന്നത് ജപ്പാനിലെ പ്രത്യേകതയാണ്.

മറ്റൊരുപ്രധാനക്ഷേത്രമായ റ്യോജെൻ ഇൻ , ഡൈട്ടോക്കുജിയിലെ ഇപ്പോഴുള്ളതിൽ  ഏറ്റവും  പഴക്കമുള്ള  മന്ദിരമാണ്. 1502 ലാ‌ണ്‌ ഇതു  സ്ഥാപിതമായത്.  വൈകുന്നേരം നാലരമണി വരെയേ ഇവിടെ പ്രവേശനമുള്ളൂ. മറ്റുക്ഷേത്രങ്ങളിൽ അഞ്ചുമണിവരെയും. അതുകൊണ്ട് സുയിഹോയിൻ ക്ഷേത്രത്തിൽ ചെന്നപ്പോൾ ആദ്യം റ്യോജെൻ ഇൻ സന്ദർശിച്ചുവന്നോളൂ എന്നു നിർദ്ദേശിച്ചിരുന്നു. പതിനാറാം നൂറ്റാണ്ടിൽത്തന്നെ നിർമ്മിച്ചിരിക്കുന്ന പടിപ്പുര 'ഒമട്ടെ മോൺ' അതിഗംഭീരമായൊരു നിർമ്മിതിയാണ് . റ്യോജെൻ  ടെൽ എന്ന റോക്ക് ഗാർഡനും ക്ഷേത്രത്തോളം തന്നെ പഴക്കമുള്ളതാണ്      ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന സന്യാസിമാരുടെയും ഡ്രാഗണുകളുടെയും  ചിത്രങ്ങൾക്കൊപ്പം ജപ്പാനിലെ ഏറ്റവും പഴയ തോക്കും (Tanegashima Musket made in 1583 ) കാണാൻ കഴിയും. പോർച്ചുഗീസുകാരിൽ നിന്നു വാങ്ങിയതാണത്.

കോതോയിൻ എന്നക്ഷേത്രം നിത്യാരാധനയുള്ളതാണെങ്കിലും നവീകരണജോലികൾ നടക്കുന്നതുകൊണ്ടു 2019 മാർച്ച് വരെ അടച്ചിരിക്കുകയാണ്. ആരാധന നടക്കാറുള്ളവയിൽ ഏറ്റവും ചെറിയക്ഷേത്രമായ സുയിഹോയിൻ 1535ൽ യുദ്ധപ്രമാണിയായ ക്യുഷു നിർമ്മിച്ചതാണ്. പിന്നീടദ്ദേഹം ക്രിസ്തുമതം സ്വീകരിക്കുകയുണ്ടായി. ഇതിന്റെ റോക്ക് ഗാർഡൻ ഉത്കൃഷ്ടമായൊരു രൂപഭാവം പേറുന്നതായി അനുഭവപ്പെടും. അവിടെ വിരിച്ചിരിക്കുന്നു ചരലിൽ കോറിയിട്ടിരിക്കുന്ന രൂപങ്ങൾ അതിന് ഇളകിമറിയുന്ന സമുദ്രത്തിന്റെ പ്രതീതി നൽകുന്നു. എഴുന്നുനിൽക്കുന്ന വ്യത്യസ്തരൂപത്തിലുള്ള പാറകളും പായൽപ്പരപ്പും അതിലെ ദ്വീപുകളായിത്തോന്നും. മന്ദിരത്തിന്റെ പിൻഭാഗത്തെ റോക്ക് ഗാർഡനിൽ കുരിശുരൂപവും കാണാം.

എല്ലാ ക്ഷേത്രങ്ങളുടെയും പരിസരങ്ങളിൽ ധാരാളം മേപ്പിൾമരങ്ങളും സൈപ്രസ് മരങ്ങളുമൊക്കെ വളർന്നു നിൽക്കുന്നുണ്ട്. തറയിൽ കനത്തിൽ വളർന്ന പായലിന്റെ പച്ചപ്പും. ചിലയിടത്തൊക്കെ പാറകളുടെയിടയിൽ ചെറിയ അരുവികൾ. ഒന്നിൽനിന്നു മറ്റിരിടത്തേക്കു പോകാനുള്ള വഴിയിൽ കല്ലുപതിച്ചിരിക്കുന്നു. വശങ്ങളിലെ ചെടികളിൽ പൂക്കളുടെ വർണ്ണപ്പൊലിമയും    വൈവിധ്യവും ബാഹുല്യവും. നമ്മുടെ ക്ഷേത്രങ്ങളിൽ പ്രദക്ഷിണത്തിനിടയിൽ കാണുന്ന  ചില കൽബിംബങ്ങൾപോലെ ഇവിടെയും പലയിടത്തും കാണാം സവിശേഷാകൃതിയിൽ കൊത്തിവെച്ചിരിക്കുന്ന  ശിലാരൂപങ്ങൾ. വിളക്കുകല്ലുകളും അക്കൂട്ടത്തിലുണ്ട്. സ്വച്ഛസുന്ദരമായ ഈ പരിസരങ്ങൾ നമുക്കേകുന്ന മനഃശാന്തി അവാച്യമാണ്.


ഒരു മന്ദിരത്തിന്റെ ഉള്ളിൽക്കടന്നു മരപ്പലകകൊണ്ടുള്ള ഇടനാഴിയിലൂടെ നടന്നെത്തുന്ന ഒരു ഹാളിൽ നിറയെ വിവിധവർണ്ണങ്ങളിലുള്ള കിമോണ വസ്ത്രങ്ങൾ വെച്ചിരിക്കുന്നതുകണ്ടു. 3500യെൻ ആണ് ഒരുമണിക്കൂർ നേരത്തേക്കുള്ള വാടക. നമുക്കതണിഞ്ഞു ഫോട്ടോ എടുക്കണമെങ്കിൽ ഒരു സഹായിയേയും ലഭിക്കും. ചേട്ടനും മോനും നിർബ്ബന്ധിച്ചു . പക്ഷേ ഞാൻ നോക്കിയപ്പോൾ അതണിയുന്നതിനു സമയം  ഏകദേശം ഒരുമണിക്കൂർ എടുക്കും. ഒരുപാടു വിസ്താരമുള്ളൊരു ഉടുപ്പും പിന്നെ വളരെ നീളമുള്ളൊരു  തുണി ചുറ്റിച്ചുറ്റിയുണ്ടാക്കുന്നൊരു   അരപ്പട്ടയുമൊക്കെയായി വളരെ സങ്കീർണ്ണമായൊരു വേഷവിധാനം.  അപ്പോൾത്തന്നെ ആളുകൾ ക്യൂവിലാണ്. അത്രയും സമയം കളയാനില്ല. അതുകൊണ്ടു കിമോണയെപ്പിന്നിട്ടു  ഞങ്ങൾ നടന്നു.


ഈ ക്ഷേത്രങ്ങളിലെ കാഴ്ചകൾ കണ്ടിറങ്ങി പിന്നീടുപോയതു കിൻകാകുജി എന്ന സുവർണ്ണക്ഷേത്രത്തിലേക്കാണ്. ജപ്പാനിലെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതും  അതിമനോഹരവുമായൊരു വിനോദസഞ്ചാരകേന്ദ്രമാണ് ഗോൾഡൻ ടെമ്പിൾ എന്നറിയപ്പെടുന്ന കിന്‍കാക്കുജി . 'കിൻ' എന്നാൽ സ്വർണ്ണമെന്നാണർത്ഥം. യുനെസ്‌കോ ലോകപൈതൃകകേന്ദ്രമായി അംഗീകരിച്ചതാണ് ഈ ക്ഷത്രം.  മൂന്നുനിലകളിലായി പണിതിരിക്കുന്ന ഈ ബുദ്ധിസ്റ്റ്  സെൻക്ഷേത്രം  സ്വർണ്ണമണ്ഡപം (Golden  Pavilion ) എന്നും  അറിയപ്പെടുന്നു.  1397 ല്‍ അഷികാഗ യോഷിമിത്സു എന്ന  ഭരണാധികാരിയാണ് ഇതു  നിര്‍മ്മിച്ചത്‌. വിസ്തൃതമായൊരു ജാപ്പനീസ്  ഉദ്യാനത്തിന്റെയുള്ളിലായി മനോഹരമായൊരു തടാകത്തിന്റെ കരയിലാണ് സൗന്ദര്യത്തിന്റെ  നിറകുടമായി ഈ ക്ഷേത്രം നിലകൊള്ളുന്നത്.   ഉദ്യാനവും  ക്ഷേത്രവും അതിന്റെ പ്രതിബിംബം പ്രതിഫലിക്കുന്ന സ്ഫടികസമാനമായ  തടാകവുമൊക്കെച്ചേർന്ന്  അഭൗമമായൊരു  ദൃശ്യചാരുതയാണ് അവിടെയൊരുക്കിയിരിക്കുന്നത്. നോക്കിനിൽക്കുന്തോറും കൂടുതൽ കൂടുതൽ അകർഷിക്കപ്പെടുന്നതായി അനുഭവപ്പെടും.



400 യെൻ ആണ് ഇവിടെ സന്ദർശിക്കുന്നതിനുള്ള ടിക്കറ്റ് ചാർജ് . ഞങ്ങൾ കയറുമ്പോൾ നേരിയ ചാറ്റൽമഴ.  സന്ദർശകരുടെ ബാഹുല്യത്തിനു കുറവൊന്നുമുണ്ടായില്ല. സ്വദേശികളും വിദേശികളുമായി ഒട്ടനവധിപേർ. ഞങ്ങൾ മൂവരും  കാഴ്ചകൾ കണ്ടും ചിത്രങ്ങൾ പകർത്തിയും അവർക്കിടയിലൂടെ നടന്നു. ക്ഷേത്രത്തിന്റെ മൂന്നുനിലകൾക്കും മൂന്നു വ്യത്യസ്ത വാസ്തുനിർമ്മാണരീതിയാണ്. ജാപ്പനീസ് രീതിയിൽ  തടികൊണ്ടുണ്ടാക്കിയ, വെളുത്തചായമടിച്ച ,  ആദ്യത്തെ നിലയിൽ ബുദ്ധന്റെയും യോഷിമിത്സുവിന്റെയും പ്രതിമകളുണ്ട്. പക്ഷേ അകത്തു പ്രവേശനമില്ലാത്തതുകൊണ്ടു പ്രതിമകളുടെ പ്രതിഫലനം തടാകത്തിൽക്കണ്ടു തൃപ്തിപ്പെടാനേ കഴിയൂ. രണ്ടാമത്തെയും മൂന്നാമത്തെയും നിലകൾ സ്വർണ്ണം പൂശിയതാണ് . രണ്ടാമത്തെ നില ഭാരതീയരീതിയിൽ ആണെന്ന് പറയപ്പെടുന്നുവെങ്കിലും ജപ്പാനിലെത്തന്നെ സമുറായി രീതിയോട് നല്ല സാമ്യമുണ്ട് . മൂന്നാമത്തേതാകട്ടെ ചൈനീസ് രീതിയിലും. ഉള്ളിൽ ബുദ്ധവിഗ്രഹങ്ങളും മറ്റുമുണ്ടെങ്കിലും അതൊന്നും സന്ദർശകർക്കു കാണാനാവില്ല. ഇന്നീക്കാണുന്ന ക്ഷേത്രം മൗലികമല്ല. ആഭ്യന്തരയുദ്ധങ്ങളിലും അല്ലാതെയുമൊക്കെയായി പലതവണ അഗ്നിക്കിരയായി പുനർനിർമ്മിക്കപ്പെട്ടതാണ്. ഏറ്റവുമവസാനം 1950 ൽ മനോരോഗിയായൊരു സന്യാസിയും ഇതിനു തീവയ്ക്കുകയുണ്ടായി. അയാൾ ആത്മഹത്യക്കു ശ്രമിച്ചെങ്കിലും മരിച്ചില്ല. പിടികൂടി ശിക്ഷിച്ചുവെങ്കിലും മനോരോഗിയാണെന്നു തിരിച്ചറിഞ്ഞപ്പോൾ മോചിപ്പിക്കുകയുണ്ടായി . മൂലരൂപത്തിന്റെ   അതേമാതൃകയിൽ 1955ൽ പുനർനിർമ്മിച്ച ക്ഷേത്രമാണ് ഇപ്പോൾ കാണുന്നത്.



ചിത്രങ്ങളെടുത്തു നടക്കവേ ഒരു വിദേശവനിത എന്നോടു ചോദിച്ചു എന്റെ ചിത്രമെടുത്തു തരട്ടേയെന്ന്. ഞാൻ സന്തോഷത്തോടെ ക്യാമറ  അവരെ ഏൽപ്പിച്ചു. കുറെ ഫോട്ടോ എടുത്തുതന്നു. അവരുടെ ഫോട്ടോയും എടുത്തുകൊടുത്തു. അപ്പോഴേക്കും ചേട്ടനും മോനും അടുത്തെത്തിയിരുന്നു. യൂറോപ്പിൽ നിന്നെത്തിയ അവർ സൈക്കിൾ യാത്രികയാണ്. ചിരിച്ചുകൈവീശി അവർ ആൾക്കൂട്ടത്തിൽ മറഞ്ഞു.  ജാപ്പനീസ്  ഉദ്യാനത്തിനുള്ളിൽക്കൂടി നടന്നുവേണം ക്ഷത്രത്തിനു പുറത്തുകടക്കാൻ. പുറത്തെത്തും മുമ്പ് വേറെയും ക്ഷേത്രങ്ങളും പുരോഹിതർ താമസിക്കുന്ന,  പൗരാണികത വിളിച്ചോതുന്ന മന്ദിരങ്ങളുമൊക്കെയുണ്ട്. ഏതാനും  ശിലാപ്രതിമകൾ പ്രതിഷ്ഠിച്ചിരിക്കുന്നിടത്തു ധാരാളം നാണയങ്ങൾ കിടക്കുന്നുണ്ട്. നമ്മൾ നാണയങ്ങൾ നേർച്ചയിടുന്നതുപോലെയെന്തോ ആണത്.   അവയൊക്കെക്കടന്നെത്തുന്നതു കുറച്ചുവിശാലമായൊരു ക്ഷേത്രമുറ്റത്താണ് . 'ഫ്യൂദോ ഹാൾ' എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ ആരാധനാമൂർത്തി ഫ്യുദോ എന്ന ജ്ഞാനദേവനാണ് . പാതക്കിരുവശവും മിഠായിക്കടകളും സോവനീർക്കടകളും കാണാം. നല്ല ജനത്തിരക്കും. അവിടെയൊരു കൗതുകക്കാഴ്ച. കിമോണയണിഞ്ഞ ജാപ്പനീസ്  സുന്ദരികൾ! പൊതുവേ ജപ്പാനിലെ ആളുകൾ അത്ര സൗന്ദര്യമുള്ളതായി തോന്നിയില്ല. നമ്മുടെ സൗന്ദര്യസങ്കല്പങ്ങളോടു ഒട്ടുംതന്നെ കിടപിടിക്കുന്ന ഘടകങ്ങൾ അവരുടെ രൂപഭാവങ്ങളില്ല. കിമോണയൊഴികെയുള്ള വസ്ത്രങ്ങളൊന്നും വർണ്ണപ്പകിട്ടുള്ളവയുമല്ല.   അവരുടെ പല്ലുകൾ മഞ്ഞനിറവും നിരതെറ്റിയതുമാവും. കണ്ണുകൾ അല്പം മുമ്പിലേക്കുന്തിയും .  പക്ഷേ കിമോണയിൽ കാണുമ്പോൾ അവർക്കു വർണ്ണനാതീതമായൊരു സൗന്ദര്യമുള്ളതായിത്തോന്നും. ഒരു ബാർബിപ്പാവയുടേതുപോലെ മുഖം. കണ്ണടക്കുകയും തുറക്കുകയും ചെയ്യുമ്പോൾ  മസ്‌കാരപുരട്ടി കറുപ്പിച്ചു നിറുത്തിയിരിക്കുന്ന കൺപീലികൾ പാവയുടേതുപോലെതന്നെയാണു  ചലിക്കുന്നത്. നോക്കിനിൽക്കാൻ നല്ല കൗതുകമുണ്ട്. ഇവർ ഗെയിഷകളാ‌ണ്‌‌‌‌‌‌‌. സകലകലാവല്ലഭകൾ .  ഒപ്പം നിന്നൊന്നു ഫോട്ടോ എടുത്താലോ എന്നു തോന്നി. മോൻ  അവരോടു ചോദിച്ചപ്പോൾ വളരെ സന്തോഷത്തോടെ പൊട്ടിച്ചിരിച്ചുകൊണ്ട് എന്റെ ഇരുവശങ്ങളിലായി രണ്ടു സുന്ദരിമാർ നിന്നു. ഫോട്ടോ എടുത്തശേഷം കുനിഞ്ഞു വണങ്ങി അവരും ഞങ്ങളും പിരിഞ്ഞു.

മുൻകാലത്ത് ,  സംഗീതത്തിലും നൃത്തത്തിലുമൊക്കെയുള്ള തങ്ങളുടെ സർഗ്ഗവൈഭവമുപയോഗിച്ചു അതിഥികളെ ആനന്ദിപ്പിക്കുകയെന്നതായിരുന്നു ജപ്പാനിലെ  അതിസുന്ദരിമാരായ ഈ  ഗെയ്‌ഷെകളുടെ ദൗത്യം. തുടക്കകാലത്ത് ഗെയ്ഷകളായി വേഷമണിഞ്ഞെത്തിയിരുന്നതു പുരുഷന്മാരായിരുന്നു. പിന്നീട് സ്ത്രീകൾ രംഗത്തെത്തി. രണ്ടാം ലോക മഹായുദ്ധകാലംവരെ ഈ രാജ്യത്ത്  ശക്തമായി  നിലനിന്നിരുന്ന ഒരു വിഭാഗമാണു ഗെയ്‌ഷമാര്‍. 1920കളില്‍ എണ്‍പതിനായിരത്തിലധികം ഗെയ്‌ഷമാര്‍ ഉണ്ടായിരുന്നു എന്നാണു കണക്ക്‌. ഒരു സാധാരണജീവിതം   അവർക്കെന്നും അന്യമായിരുന്നു. പ്രണയമോ വിവാഹമോ കുടുംബമോ ഒന്നും ഇല്ലാത്ത, തികച്ചും ശുഷ്കമായ,  മരുഭൂമിപോലൊരു   ജീവിതം . ദുരിതങ്ങളുടെയും സങ്കടങ്ങളുടെയും യഥാര്‍ഥ മുഖം ഒളിപ്പിക്കാന്‍ വേണ്ടി അവര്‍ മുഖത്തു  ചായമിടുന്നു, വിലപിടിച്ച പട്ടിന്‍െറ കിമോണ അണിയുന്നു, പാട്ടുപാടുന്നു, നൃത്തം ചെയ്യുന്നു, മധുരമായി സംസാരിക്കുന്നു. അവര്‍ കലാകാരികളാണ്‌. ശരീരമല്ല, കലയിലെ പ്രാവീണ്യമാണവര്‍ വില്‍ക്കുന്നത്‌. ഗെയ്‌ഷയുടെ ജീവിതം നിലനിര്‍ത്താന്‍ വേണ്ടിവരുന്ന ഭാരിച്ച ചെലവുകള്‍ക്കായി ഏതെങ്കിലുമൊരു സമ്പന്നനെ `രക്ഷിതാവാ'യി നേടുന്നതോടെ അവരുടെ ജീവിതം പൂർണ്ണമാകുന്നു. ഒടുവില്‍ ഗെയ്‌ഷത്തെരുവിലെ ഏതെങ്കിലും അടഞ്ഞ മുറിയില്‍ കരിന്തിരിപോലെ കത്തിയണയുന്നു . ദാരിദ്ര്യത്തില്‍ പിറന്ന്‌, ഒമ്പതാം വയസ്സില്‍ ഗെയ്‌ഷത്തെരുവില്‍ വില്‍ക്കപ്പെട്ട്‌, ദുരിതപര്‍വ്വങ്ങള്‍ താണ്ടി, സേ്‌നഹിച്ച പുരുഷനോടൊപ്പം മറ്റൊരു ജീവിതത്തിലേക്ക്‌ ആഹ്ലാദത്തോടെ നടന്നുപോയ ചിയോ എന്ന സയൂരിയുടെ കഥയാണ്‌ അമേരിക്കന്‍ എഴുത്തുകാരനായ ആര്‍തര്‍ ഗോള്‍ഡന്‍ എഴുതിയ 'മെമ്മോയേഴ്സ് ഓഫ് ഗെയ്ഷ' എന്ന നോവലിനിതിവൃത്തം. അമേരിക്കന്‍ സംവിധായകനായ റോബ്‌ മാര്‍ഷല്‍ 2005 ൽ ഇതേപേരിൽ  ഇതു സിനിമയാക്കിയിരുന്നു . ആറ് ഓസ്കർ നോമിനേഷൻ നേടിയിരുന്നു ഈ ചിത്രം.    പക്ഷേ ഇന്ന് ഗെയ്ഷകളുടെ കാലം അസ്തമിച്ചിരിക്കുന്നു എന്നുതന്നെ പറയാം . എങ്കിലും നിറപ്പകിട്ടാർന്ന പട്ടുകിമോണകളണിഞ്ഞ്, നന്നായി അണിഞ്ഞൊരുങ്ങിനിൽക്കുന്ന ഗെയ്‌ഷെകളെ നമുക്കു  യാത്രകൾക്കിടയിൽ എവിടെയെങ്കിലുമൊക്കെ കണ്ടുമുട്ടാനാവും.



അപ്പോഴേക്കും സന്ധ്യമയങ്ങിത്തുടങ്ങി. ഞങ്ങൾക്ക് നിജോ കാസിൽ കാണണമെന്നുണ്ട്‌. സാധാരണ കാസിലുകളിൽ നിന്നു  വ്യത്യസ്തമായി ഉയരം വളരെക്കുറഞ്ഞ കൊട്ടാരക്കെട്ടാണിത്. 1603ല്‍ പണികഴിപ്പിച്ച ഈ കൊട്ടാരം,പുരാതന പെയിന്റിംഗുകളും  കൊത്തുപണികളും കൊണ്ടു  സമ്പന്നമാണ്. നടക്കുമ്പോള്‍ നൈറ്റിംഗേലിന്റെ പാട്ടു  കേള്‍ക്കുന്ന തറകള്‍ ഇവിടുത്തെ പ്രത്യേകത ആണെന്നു പറയപ്പെടുന്നു . പതുക്കെ നടന്നാല്‍ കൂടുതല്‍ ഒച്ച കേള്‍ക്കുമത്രേ! സുരക്ഷക്കായി എന്തൊക്കെ വഴികളാണല്ലേ പണ്ടുള്ളവർ കണ്ടെത്തിയിരുന്നത്!  സമയം കഴിയുമോയെന്ന് ശങ്കയുണ്ടായിരുന്നു    അതുകൊണ്ടു ഒരു ടാക്സി പിടിച്ചാണു വന്നത്. പക്ഷേ അവിടുത്തെ പ്രവേശനസമയം കഴിഞ്ഞുപോയിരുന്നു. ഭീമാകാരമായ പടിപ്പുര ഒരുദ്യോഗസ്ഥൻ വന്ന് അടച്ചു തഴുതിട്ടു.  പുറം കാഴ്ചകളുടെ ഫോട്ടോ എടുക്കുമ്പോൾ കിൻകാക്കുജിയിൽ  കണ്ട സൈക്കിൾ യാത്രിക മുന്നിൽ. 'ഇത്രവേഗം  എങ്ങനെയിവിടെയെത്തി!' എന്നവർ  അത്ഭുതംകൂറി. ടാക്സിയിലാണ് വന്നതെന്നു  പറഞ്ഞു. അവിടെയും ഫോട്ടോകൾ എടുത്തു. അപ്പോഴേക്കും അവരുടെ സഹയാത്രികരുമെത്തി. പരസ്പരം യാത്രപറഞ്ഞു പിരിഞ്ഞു.



ഇനി പോകുന്നതു ക്യോത്തോ ടവറിലേക്കാണ്. മുകളിൽകയറിയാൽ ക്യോത്തോനഗരത്തിന്റെ നിശാഭംഗി ആവുന്നത്ര ആസ്വദിക്കാം. ബസ്സ് പിടിച്ചു ക്യോത്തോ സ്റ്റേഷനിലെത്തി.   വൈദ്യുതവിളക്കുകളുടെ ഉജ്ജ്വലമായ  വർണ്ണപ്രഭയിൽ ടവർ തലയുയർത്തി നിൽക്കുന്ന കാഴ്ച വാക്കുകകളാൽ വർണ്ണിക്കാനാവുന്നില്ല.131 മീറ്റർ ഉയരമുള്ള ഈ ടവറാണ് ക്യോത്തയിലെ ഏറ്റവും ഉയരംകൂടിയ രൂപശില്പം. പൗരാണികതയുടെ പ്രതിഫലനങ്ങളായ  ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും നഗരമായ ക്യോത്തോയുടെ തികച്ചും നവീനമായൊരു മുഖബിംബമാണ് ഈ ടവർ. ടോക്കിയോ ഒളിമ്പിക്സിന്റെയും ഷിൻകാൻസെന്റെയും വർഷമായ 1964ൽ  ആണ് ഈ ടവറിന്റെ നിർമ്മാണം പൂർത്തീകരിച്ചതും. 100 മീറ്റർ ഉയരത്തിലാണ്  ദർശനവേദിക ( viewing platform ) അവിടെനിന്നു 360ഡിഗ്രിയിൽ ക്യോത്തോയുടെ ദർശനം സാധ്യമാകും.

770യെൻ  ആണു ടിക്കറ്റു ചാർജ് . രാത്രി ഒമ്പതുമണിവരെയുണ്ടു  സമയം. കുറേസമയം ചുറ്റുമുള്ള ക്യോത്തോനഗരത്തിന്റെ കാഴ്ചകൾ കണ്ടു. അവിടെനിന്നു മടങ്ങി സ്റ്റേഷനിലുള്ള ഒരു മെക്സിക്കൻ റെസ്റ്റോറന്റിൽ നിന്നു ഭക്ഷണവും കഴിച്ചു താമസസ്ഥലത്തേക്കു മടങ്ങി. ക്യോത്തോയിൽ തണുപ്പുണ്ടാവില്ലെന്നു മോൻ  നേരത്തെ പറഞ്ഞിരുന്നെങ്കിലും അതികഠിനമായ തണുപ്പായിരുന്നു. ബസ്സിൽ 40 മിനുട്ട് യാത്രയുണ്ട് ഡൈട്ടോക്കുജി സ്റ്റോപ്പിലേക്ക് .   അവിടെയെത്തിയപ്പോൾ പതിനൊന്നര കഴിഞ്ഞിരുന്നു.














No comments:

Post a Comment