Wednesday, August 12, 2020

നീലി നാവറുത്ത കുരുവിയുടെ കുട്ട (നാടോടിക്കഥാമത്സരം)

സഹ്യപർവ്വതനിരകളുടെ താഴ്‌വരയിലെവിടെയോ ഒരു ഗ്രാമത്തിലായിരുന്നു ശങ്കു എന്ന പാവം കർഷകനും അയാളുടെ ഭാര്യ നീലിയും താമസിച്ചിരുന്നത്. പ്രായമേറെയായിട്ടും അവർക്കു സന്താനഭാഗ്യം ലഭിച്ചിരുന്നില്ല. കലഹപ്രിയയായ  നീലി എല്ലായ്പ്പോഴും ദേഷ്യത്തിലായിരിക്കും. ശങ്കുവിനെ ശകാരിക്കുകയാണ് അവളുടെ പ്രിയ വിനോദമെന്നുതോന്നും. കുറ്റപ്പെടുത്തുകയും ശപിക്കുകയും ചെയ്തുകൊണ്ടിരിക്കും. ശങ്കുവാകട്ടെ എല്ലാം നിശ്ശബ്ദമായി സഹിക്കും.
ഒരു കുട്ടിയെ ദത്തെടുത്തുവളർത്താമെന്ന ശങ്കുവിന്റെ ആഗ്രഹത്തിന് നീലി ഒരു വിലയും കല്പിച്ചില്ല. ശക്തമായി എതിർക്കുകയും ചെയ്തു. ദുഖിതനായ ശങ്കു വയലിൽ ജോലിയെടുക്കുമ്പോൾ കണ്ടെത്തിയ ഒരു കുരുവിയെ വീട്ടിലേക്കു കൊണ്ടുവന്നു. അതിനെ ഓമനിച്ചു വളർത്തി. അതും നീലിക്ക് തീരെ ഇഷ്ടമായില്ല. അവൾ ശകാരവും ശാപവും രൂക്ഷമാക്കി.
ഒരുദിവസം ശങ്കു   ഗ്രാമച്ചന്തയിൽ പോയസമയം കുരുവി വന്ന്  നീലി  മുറ്റത്തുണ്ക്കാനിട്ടിരുന്ന ധാന്യം അല്പം കൊത്തിത്തിന്നു. അതുകണ്ടുവന്ന നീലി കോപംകൊണ്ട് ഉറഞ്ഞുതുള്ളി. അവൾ  കുരുവിയുടെ നാക്ക് ഒരു കത്തികൊണ്ട് മുറിച്ചുകളഞ്ഞു. പാവം കുരുവി ചോരയുമൊലിപ്പിച്ച് അവിടൊക്കെ പറന്നുനടന്ന് കുറേക്കരഞ്ഞു  . പിന്നെയും കലിയടങ്ങാതെ  നീലി  അതിനെ കല്ലെടുത്തെറിഞ്ഞ് ഓടിച്ചു.
"പോയിത്തുലയ്" അവൾ ആക്രോശിച്ചു.
പാവം കുരുവി കരഞ്ഞുകൊണ്ട് എങ്ങോട്ടോ പറന്നുപോയി.
ചന്തയിൽനിന്നു മടങ്ങിവന്ന ശങ്കു  എല്ലായിടവും കുരുവിയെ അന്വേഷിച്ചു. ഉറക്കെ വിളിച്ചിട്ടും ഒരു മറുപടിയുമുണ്ടായില്ല. അയാൾ ഒടുവിൽ നീലിയോട് ചോദിച്ചു കുരുവിയെയെങ്ങാൻ കണ്ടോയെന്ന്. അവൾ വിജയീഭാവത്തിൽ  നടന്നതൊക്കെ  അയാളോട് പറഞ്ഞു.
ശങ്കുവിന് വല്ലാത്ത ദുഃഖംതോന്നി. അയാൾ മൂകനായി, ഒരുത്സാഹവുമില്ലാതെ വീട്ടിനുള്ളിൽത്തന്നെ ഏതാനും ദിവസം കഴിഞ്ഞുകൂടി. നീലിയാകട്ടെ തന്റെ ശകാരവും ശാപവും തുടർന്നുകൊണ്ടിരുന്നു. ഒടുവിൽ അയാൾ വയലിൽ ജോലിചെയ്യാൻ പോയി.
അങ്ങനെ നാളുകളേറെ കഴിഞ്ഞുപോയി.
ഒരുദിവസം അടുത്തഗ്രാമത്തിൽ സുഖമില്ലാതെ കിടക്കുന്ന ബന്ധുവിനെ കാണാൻ  പോയിട്ടുവരുമ്പോൾ വഴിവക്കിലെ മാവിന്കൊമ്പിൽ തന്റെ പ്രിയചങ്ങാതിയായ കുരുവിയെ കണ്ടുമുട്ടി. രണ്ടുപേരുടെയും ആനന്ദത്തിന്  അതിരില്ലായിരുന്നു. ആ സന്തോഷത്തിൽ  അവർ ചിരിക്കുകയും കരയുകയും ചെയ്തു. ഒരുപാടുവിശേഷങ്ങൾ പങ്കുവെച്ചു. പിന്നെ കുരുവി ശങ്കുവിനെ നിർബ്ബന്ധിച്ച് തന്റെ വീട്ടിലേക്കു കൊണ്ടുപോയി. മുനിമാരുടെ പര്ണശാലപോലെ,  മനോഹരമായ ഒരു പുൽവീട്. മുറ്റത്തിനുചുറ്റും പൂച്ചെടികൾ ചിരിച്ചുനിൽക്കുന്നൊരു ഉദ്യാനം. അതിനുമപ്പുറം വിവിധങ്ങളായ ഫലവൃക്ഷങ്ങൾ. ആ വീട്ടിൽ കുരുവിയുടെ ഭാര്യയും ഓമനത്തമുള്ള രണ്ടുപെൺകുഞ്ഞുങ്ങളും ഉണ്ടായിരുന്നു. പെൺകുരുവി അവരെ സ്വീകരിച്ചിരുത്തി. ആദരവോടെ ഉപചാരങ്ങൾ ചെയ്തു. കുഞ്ഞുങ്ങൾ സ്നേഹവായ്‌പോടെ എല്ലാം നോക്കിനിന്നു.
ഭക്ഷണസമയമായപ്പോൾ പെൺകുരുവി അതീവസ്വാദുള്ള വിഭവങ്ങൾ ശങ്കുവിന് വിളമ്പിനല്കി. എത്രയോ നാളുകൾക്കുശേഷമാണ് അയാൾ  സ്നേഹമുള്ള വാക്കുകൾ കേൾക്കുന്നതും സ്വാദുള്ള ഭക്ഷണം കഴിക്കുന്നതും സന്തോഷമനുഭവിക്കുന്നതും.
ഒടുവിൽ  ശങ്കു മനസ്സില്ലാമനസ്സോടെ മടക്കയാത്രയ്‌ക്കൊരുങ്ങി. പക്ഷേ കുരുവിക്കുടുംബം സ്നേഹപൂർവ്വം നിർബ്ബന്ധിച്ചതുകൊണ്ട് അന്നവരോടൊപ്പം കഴിയാൻ തീരുമാനിച്ചു. രാത്രിഭകഷണമൊക്കെ കഴിഞ്ഞപ്പോൾ അവർ എല്ലാവരും ചേർന്ന് പാട്ടുകൾ പാടി. കുട്ടികൾ നൃത്തംചെയ്‌തു. എന്തൊക്കെയോ കളികൾ കളിച്ചു. ശങ്കുവിന് മടങ്ങിപ്പോകാൻ തോന്നിയതേയില്ല. ഏതാനുംദിവസം അയാൾ അവരോടൊപ്പം സന്തുഷ്ടനായിക്കഴിഞ്ഞു. ഒടുവിൽ വയലിലെ കൃഷികാര്യമോർത്തപ്പോൾ അയാൾക്ക് പോകാതെ തരമില്ലെന്നായി. അങ്ങനെ ഏഴാംദിവസം ശങ്കു  കുരുവിക്കുടുംബത്തോടു യാത്രപറഞ്ഞു. കുരുവി അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞു. പെണ്കുരുവിയുടെയും കുഞ്ഞുങ്ങളുടെയും കണ്ണുകൾ ഈറനായി. കുരുവി രണ്ടു കുട്ടകൾ  എടുത്തുകൊണ്ടുവന്ന് ശങ്കുവിന് കൊടുത്തു. ഒന്ന് നല്ല ഭാരമുള്ള വലിയ കുട്ടയും മറ്റേത് ഒരു ചെറിയ കുട്ടയുമായിരുന്നു. പക്ഷേ ശങ്കു   ആ ചെറിയകുട്ടമാത്രമേ സ്വീകരിച്ചുള്ളു. അയാൾ അതുമായി യാത്രയായി.
വീട്ടിലെത്തിയ ശങ്കുവിനെ ഇത്രയും വൈകിയ കാരണത്താൽ  നീലി മതിവരുവോളം  ശകാരിച്ചു. അയാൾ നടന്നതൊക്കെ പറഞ്ഞു. അപ്പോൾ ശകാരവും ശാപവാക്കുകളും ഉച്ചസ്ഥായിയിലായി. പക്ഷേ അയാളുടെ കൈയിലെ മനോഹരമായ കുട്ട കണ്ണിൽപ്പെട്ടപ്പോൾ അവൾ ഒന്ന് ശാന്തയായി. അതിലെന്താകും എന്നറിയാനുള്ള ആകാംക്ഷ. അവൾ വേഗം കുട്ട പിടിച്ചുവാങ്ങി അത് തുറന്നുനോക്കി.
ആശ്ചര്യപ്പെട്ടുപോയി. സ്വർണ്ണനാണയങ്ങളും വിലപിടിപ്പുള്ള  വിശിഷ്ടരത്നങ്ങളും  വജ്രങ്ങളുമൊക്കെയായിരുന്നു കുട്ടയ്ക്കുള്ളിൽ. എന്നിട്ടും അത്യാഗ്രഹിയായ അവളുടെ ശകാരത്തിനു കുറവൊന്നും വന്നില്ല.
"നിങ്ങൾക്കാ  വലിയകുട്ട എടുത്തുകൂടായിരുന്നോ? ഇങ്ങനെയൊരു മരമണ്ടൻ. നിങ്ങളെക്കൊണ്ടു ഞാൻ തോറ്റു. ഒന്നിനുംകൊള്ളാത്ത മനുഷ്യൻ" അവൾ ഭത്സനം തുടർന്ന്.
പെട്ടെന്നവൾക്കുതോന്നി
 "കുരുവിയുടെ വീട്ടിൽച്ചെന്നാൽ തനിക്കും ഇതുപോലെ സമ്മാനം കിട്ടുമല്ലോ."
അങ്ങനെ ശങ്കുവിന്റെ വിലക്കിനെ വകവയ്ക്കാതെ നീലി കുരുവിയുടെ വീട്ടിലേക്കു പോയി. തന്റെ നാവറുത്ത നീലിയെക്കണ്ടപ്പോൾ കുരുവിക്ക്‌ വല്ലാത്ത ദേഷ്യമാണു തോന്നിയത്. അതുകൊണ്ടുതന്നെ അത്ര ഊഷ്മളമായൊരു സ്വീകരണം അവൾക്കു ലഭിച്ചില്ല. തന്നെയുമല്ല പെൺകുരുവിയും  കുഞ്ഞുങ്ങളും അവളെ ഗൗനിച്ചതേയില്ല. എങ്കിലും അവിടെ കുറേസമയം കഴിഞ്ഞുകൂടി . ഒടുവിൽ തിരികെപ്പോകാൻ തീരുമാനിച്ചു. സമ്മാനമൊന്നും തരുന്ന ലക്ഷണമില്ലെന്നു കണ്ടപ്പോൾ അവൾ അത് ചോദിച്ചുവാങ്ങാൻതന്നെ തീരുമാനിച്ചു. ഗത്യന്തരമില്ലാതെ കുരുവി രണ്ടു കുട്ടകൾ നീലിയുടെ മുമ്പിൽ കൊണ്ടുവന്നുവെച്ചു. അവൾ വലിയകുട്ടയുമായി യാത്രയായി.
വീട്ടിലെത്തി സന്തോഷത്തോടെ കുട്ടതുറന്ന നീലി അമ്പരന്നു പിന്നിലേക്ക് മാറി. നോക്കിനിൽക്കെ കുട്ടയിൽനിന്ന് പാമ്പും മറ്റു വിഷജീവികളും കടന്നൽപോലെയുള്ള പ്രാണികളും മറ്റു ക്ഷുദ്രജീവികളും  പുറത്തേക്കുചാടിവന്നു. നീലി ഓടിയെങ്കിലും അവയിൽചിലത് അവളെ ആക്രമിച്ചു. കൊടുംവിഷമുള്ള പാമ്പിന്റെ കടിയേറ്റ് നീലിയുടെ ജീവൻതന്നെ നഷ്ടമായി. അതിനുശേഷം ആ ക്ഷുദ്രജീവികളെയൊന്നും അവിടെ കണ്ടതേയില്ല. എന്തൊക്കെയോ ശബ്ദങ്ങൾകേട്ടു പുറത്തേക്കുവന്ന ശങ്കുവിനു കാണാൻ കഴിഞ്ഞത് ജീവനില്ലാത്ത നീലിയുടെ ശരീരവും ഒഴിഞ്ഞുകിടക്കുന്ന   വലിയ കുട്ടയുമാണ്. കുട്ടകണ്ടപ്പോൾ കാര്യങ്ങൾ അയാൾ ഊഹിച്ചെടുത്തു.

അങ്ങനെ എന്നെന്നേക്കുമായി ശകാരങ്ങളിനിന്ന് ശങ്കുവിനു മോക്ഷംകിട്ടി. അയാൾ താമസിയാതെ ഒരാണ്കുട്ടിയെ ദത്തെടുത്ത് മകനായി സ്നേഹിച്ചുവളർത്തി. സുഖമായി സന്തോഷത്തോടെ കുറേക്കാലം ആ ഗ്രാമത്തിൽ ജീവിച്ചു.










No comments:

Post a Comment