Friday, March 6, 2015

ഹോളി

ഹോളി  വസന്തോത്സവമാണ്.നിറം മങ്ങിയ മഞ്ഞിന്‍ പുതപ്പ് മെല്ലെ എടുത്തുമാറ്റി, പ്രകൃതി വര്‍ണ്ണാഭമായ ചേലചുറ്റി അണിഞ്ഞൊരുങ്ങാന്‍ തുടങ്ങുന്നതിന്റെ മുന്നോടിയാണ് നിറങ്ങളുടെ ഈ ഉത്സവം. വര്‍ണ്ണശബളിമയുടേയും സ്നേഹസൗഹൃദങ്ങളുടേയും മധുരം കിനിയുന്ന ഒത്തുചേരലാണ് ഹോളി. മലയാളികള്‍ക്ക് അത്ര പ്രധാനപ്പെട്ട ഒരുത്സവമല്ലെങ്കിലും വടക്കേയിന്ത്യയില്‍ ഇത് അതിഗംഭീരമായി ആഘോഷിക്കുന്നു. ഫാല്‍ഗുനമാസത്തിലെ പൗര്‍ണ്ണമിയാണ് ഹോളിയായി ആഘോഷിക്കുന്നത്. ആദ്യമൊക്കെ ഹിന്ദുക്കള്‍ മാത്രം ആഘോഷിച്ചിരുന്ന ഹോളി, ഇന്ന് ജാതിമത്ഭേദമെന്യേ അതുത്സാഹത്തോടെ കൊണ്ടാടുന്നു.ഹോളിക ജ്വലിപ്പിച്ച് രാവിന്റെ തണുപ്പകറ്റി, പുലര്‍ച്ചെ മുതല്‍ പരസ്പരം നിറങ്ങള്‍ വാരിപ്പൂശിയും നിറം കലക്കിയ വെള്ലം മറ്റുള്ലവരുടെ മേല്‍ ബലൂണില്‍ നിറച്ചും പിച്ചാങ്കുഴലിലൂടെയും ഒഴിച്ചും പ്രപഞ്ചമാകെ വര്‍ണ്ണങ്ങളിലലിയിച്ച് ആബാലവൃദ്ധം ജനങ്ങളും ഈ ദിനം ആത്യാഹ്ളാദപൂര്‍വ്വം ആഘോഷിക്കും. പുരന്‍പോളി, ഗുജിയ മുതലായ മധുരപലഹാരങ്ങളും താണ്ഡെ എന്ന പാനീയവും ഹോളിയ്ക്കു മധുരം പകരാന്‍ എല്ലാ വീടുകളിലും ഉണ്ടാവും.

ഹോളി ആഘോഷത്തിനു പിന്നില്‍ പല കഥകളും പരഞ്ഞു കേള്‍ക്കുന്നുണ്ട്. അതില്‍ ഏറ്റവും ജനസമ്മതി ആര്‍ജ്ജിച്ചത് പ്രഹ്ളാദനുമായി ബന്ധപ്പെട്ട കഥയാണ്. ബ്രഹ്മാവിന്റെ പൗത്രനായ കശ്യപന് പത്നിയായ ദിതിയില്‍ ഉണ്ടായ പുത്രന്മാരില്‍  പ്രമുഖരായിരുന്നു ഹിരണ്യാക്ഷണും ഹിരണ്യകശിപുവും. ഹിരണ്യാക്ഷന്‍ കഠിനതപസ്സിലൂടെ ബ്രഹ്മാവില്‍ നിന്നു വരങ്ങള്‍ നേടുകയും അവ ദുരുപയോഗപ്പെടുത്തി ഭൂമിയില്‍ അത്യന്തം നാശം വിതയ്ക്കുകയും ചെയ്തു. ഹിരണ്യാക്ഷനെ വധിക്കാന്‍ മഹാവിഷ്ണു വരഹാവതാരമെടുക്കുകയുണ്ടായി. തന്റെ സഹോദരനെ വധിച്ച വിഷ്ണുഭഗവാനോട് ഹിരണ്യകശിപുവിന് ഒടുങ്ങാത്ത പ്രതികാരദാഹമുണ്ടായി. അതിനായി ബ്രഹ്മാവിനെ തപസ്സ് ചെയ്ത് താഴെ പറയുന്ന മട്ടിലേ തന്റെ മരണം ആകാവൂ എന്ന വരം വാങ്ങി. മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത്, ആയുധങ്ങൾ കൊണ്ട് തന്നെ കൊല്ലരുത്, രാവോ പകലോ തന്നെ കൊല്ലരുത്, ഭൂമിയിലോ ആകാശത്തോ പാതാളത്തിലോ വെച്ച് തന്നെ കൊല്ലരുത്. ഒരര്‍ത്ഥത്തില്‍ ഈ വരങ്ങളിലൂടെ അമരത്വം തന്നെ നേടുകയായിരുന്നു അയാള്‍.  പിന്നീട് വിഷ്ണു നാമം രാജ്യത്തു നിന്നു തന്നെ തുടച്ചു നീക്കി. പകരം 'ഹിരണ്യായ നമഃ' എന്നു മന്ത്രിക്കാന്‍ പ്രജകളെ പഠിപ്പിച്ചു.

ഹിരണ്യകശിപുവിന്റെ പത്നി കയാധു (ഹയാധു) നാരദന്റെ ഭക്തയായിരുന്നു. പ്രഹ്ലാദനെ ഗർഭം ധരിച്ചിരുന്ന അവസരത്തിൽ നാരദർ ഗർഭസ്ഥശിശുവിന് ആത്മജ്ഞാനതത്വങ്ങളും വേദതത്വങ്ങളും ധർമ്മനീതിയും ഉപദേശിച്ചു. അങ്ങനെ, ചിരിച്ചുകൊണ്ടു ജനിച്ച പ്രഹ്ലാദൻ ബാല്യം മുതൽക്കേ തന്നെ വലിയ വിഷ്ണുഭക്തനായിരുന്നു. ഇതില്‍ അതൃപ്തനായ ഹിരണ്യകശിപു പ്രഹളാദനെ വിദ്യാഭ്യാസത്തിനയയ്കുമ്പോള്‍ ഗുരുവിനു നിര്‍ദ്ദേശം കൊടുത്തിരുന്നു വിഷ്ണുനാമം ഉരുവിടാതിരിക്കാന്‍. പക്ഷേ പ്രഹ്ളാദന്‍ വിദ്യ നേടി മടങ്ങിയപ്പോഴും വിഷ്ണുഭക്തനായി തന്നെ തുടര്‍ന്നു. ക്രുദ്ധനായ ഹിരണ്യകശിപു പലവിധത്തില്‍ പ്രഹ്ളാദനെ ശിക്ഷിക്കാന്‍ നോക്കിയെങ്കിലും ഫലം നാസ്തി. ഒടുവില്‍ തന്റെ സഹോദരിയായ ഹോളികയുടെ സഹായം തേടി. അവള്‍ക്ക് ബ്രഹ്മാവില്‍ (ചില കഥകളില്‍ അഗ്നിദേവനില്‍ നിന്ന് എന്നും കണുന്നു.)  നിന്നു ലഭിച്ച വിശിഷ്ടവസ്ത്രത്തിന് അഗ്നിയില്‍ നിന്നു രക്ഷിക്കാന്‍ കഴിയുമായിരുന്നു. ഈ വസ്ത്രം ചുറ്റി പ്രഹ്ളാദനെ എടുത്തു തീക്കുണ്ഠത്തില്‍ ചാടാന്‍ ഹോളികയോട് ആവശ്യപ്പെട്ടു. പക്ഷേ ഒരിക്കലും ആര്‍ക്കും ദ്രോഹം ചെയ്യാന്‍ ഈ വരം ഉപയോഗിക്കരുതെന്ന ബ്രഹ്മാവിന്റെ മുന്നറിയിപ്പ് ഹോളിക മറന്നു പോയിരുന്നു. എല്ലാമറിയുന്ന മഹാവിഷ്ണുവിന്റെ നിര്‍ദ്ദേശപ്രകാരം പവനദേവന്‍ അവിടെയെത്തി വസ്ത്രം പരത്തി പ്രഹ്ളാദനെ പുതപ്പിച്ചു. ഹോളിക അഗ്നിക്കിരയാവുകയും പ്രഹ്ളാദന്‍ രക്ഷപ്പെടുകയും ചെയ്തു,. തിന്മയുടെ മേല്‍ നന്മ ജയിച്ച ഈ സംഭവത്തിന്റെ ഓര്‍മ്മയ്ക്കായാണ് ഹോളി ആഘോഷത്തിന്റെ മുന്നോടിയായ ഹോളികാജ്വലനം.

എല്ലാ അര്‍ത്ഥത്തിലും പരാജിതനായ് ഹിരണ്യകശിപു അത്യന്തം ക്രുദ്ധനായി നാരായണനെ ക്കാട്ടിത്തരാന്‍ പ്രഹ്ളാദനോട് ആവശ്യപ്പെട്ടു. നാരായണന്‍ മണ്ണീലും വിണ്ണിലും തൂണിലും തുരുമ്പിലും ഉണ്ടെന്നായിരുന്നു ലഭിച്ച മറുപടി. കോപാന്ധനായി ഹിരണ്യകശിപു വാളെടുത്തു കള്‍ത്തൂണ് വെട്ടിപ്പിളര്‍ന്നു. അതില്‍ നിന്നു നരസിംഹം പ്രത്യക്ഷനാവുകയും ഹിരണ്യകശിപുവിനെ ത്രിസന്ധ്യ നേരത്ത് മടിയില്‍ കിടത്തി നഖങ്ങള്‍ കൊണ്ട് മാറുപിളര്‍ന്ന് ( ബ്രഹ്മാവിന്റെ വരങ്ങളെ ഒട്ടും ഹനിക്കാതെ ) നിഗ്രഹിക്കുകയും ചെയ്തു.
അനന്തരം, പ്രഹ്ലാദനെ അനുഗ്രഹിച്ച ശേഷം, അവതാരോദ്ദേശം നിറവേറ്റിയതിനാൽ അന്തർധാനം ചെയ്തു. സന്തുഷ്ടരായ ജനങ്ങള്‍ ആഹ്ലാദചിത്തരായി നാടെങ്ങും ആഘോഷം നടത്തി. ഇതാണ് ഹോളി ആഘോഷമായി പരിണമിച്ചത്.

പരമശിവനുമായി ബന്ധപ്പെട്ടാണ്‌ ഹോളിയുടെ മറ്റൊരു കഥയുള്ളത്‌. ബ്രഹ്മാവിന്റെ മകനായിരുന്ന ദക്ഷന്റെ മകളായ സതി ശിവന്റെ ഭാര്യയായിരുന്നു. ഒരിക്കൽ,ദക്ഷൻ തന്റെ കൊട്ടാരത്തിൽ വലിയൊരു യാഗം നടത്തി. എന്നാൽ മകളെയും ഭർത്താവായ ശിവനെയും ക്ഷണിച്ചില്ല.. തന്റെ അച്ഛന്റെ കൊട്ടാരത്തിൽ നടക്കുന്ന യാഗത്തെ കുറിച്ചു കേട്ടറിഞ്ഞ്‌ സതി ശിവന്റെ അനുവാദമില്ലാതെ യാഗസ്ഥലത്ത്‌ എത്തി. എന്നാൽ അവിടെ തന്റെ ഭർത്താവിനെ അപമാനിക്കുന്നതായി സതിക്കു തോന്നി. ശിവന്റെ അനുവാദമില്ലാതെ യാഗസ്ഥലത്ത്‌ എത്തി അപമാനിതയായതിൽ മനം നൊന്ത്‌ സതി യാഗാഗ്നിയിൽ ചാടി മരിച്ചു. ഇതറിഞ്ഞ ശിവൻ കോപത്താൽ വിറച്ച്‌ തന്റെ ഭൂതഗണങ്ങളെ അയച്ചു യാഗവേദി മുഴുവൻ നശിപ്പിച്ചു. എന്നിട്ടും കോപം തീരാതെ ശിവൻ കഠിനമായ തപസ്‌ ആരംഭിച്ചു. തപസിന്റെ ശക്‌തിയാൽ ലോകം തന്നെ നശിക്കുമെന്നു മനസ്സിലാക്കിയ ദേവൻമാർ കാമദേവനെ സമീപിച്ചു ശിവന്റെ തപസ്‌ മുടക്കാൻ അപേക്ഷിച്ചു. സതിയുടെ പുനർജന്മമായ പാർവതി ശിവനെ പ്രീതിപ്പെടുത്താനായി അദ്ദേഹത്തെ ശുശ്രൂക്ഷിച്ചു വരികയായിരുന്നു. ശിവന്റെ തപസ്‌ നടക്കുന്ന സ്ഥലത്ത്‌ എത്തി മറഞ്ഞിരുന്ന്‌ കാമദേവൻ കാമാസ്‌ത്രം ശിവന്റെ നേരെ തൊടുത്തു. ക്ഷുഭിതനായ ശിവൻ തന്റെ തൃക്കണ്ണ്‌ തുറന്ന്‌ കാമദേവനെ ഭസ്മമാക്കി. പിന്നീട്‌ തെറ്റുമനസ്സിലാക്കിയ ശിവൻ കാമദേവനു അനശ്വരത്വം നൽകുകയും ചെയ്‌തു. ലോകത്തിന്റെ രക്ഷയ്ക്കു വേണ്ടി തന്റെ തന്നെ ജീവിതം സമർപ്പിച്ച കാമദേവന്റെ സ്മരണയിൽ ഹോളിയുടെ നിരവധി ആചാരങ്ങളുണ്ട്‌.

കൃഷ്ണനും രാധയുമായി ബന്ധപ്പെട്ട കഥയും ഹോളിയുമായി ബന്ധപ്പെടുത്തി ചില സ്ഥലങ്ങളില്‍ കേള്‍ക്കാറുണ്ട്. എല്ലാവരും വെളുത്തിരിക്കുമ്പോള്‍ താന്‍ മാത്രം എന്തുകൊണ്ടിങ്ങനെ കൃഷ്ണവര്‍ണ്ണനായി എന്ന ചോദ്യം വളര്‍ത്തമ്മയായ യശോദയോട് കൃഷ്ണന്‍ ചോദിക്കുകയുണ്ടായി. കൃഷ്ണനെ ആശ്വസിപ്പിക്കാന്‍ യശോദാമ്മ രാധയുടേയും മറ്റു ഗോപികമാരുടേയും മേല്‍ നിറങ്ങള്‍ പൂശാന്‍ പറഞ്ഞു. കൃഷ്ണന്‍  അങ്ങനെ എല്ലാവരേയും വിവിധവര്‍ണ്ണങ്ങളില്‍ അഭിഷിക്തരാക്കി. ഈ സംഭവത്തെ ഹോളി ആഘോഷമായി കാണുന്നു പലയിടത്തും.

ഏതു കഥയെ മുന്‍നിര്‍ത്തിയാണെങ്കിലും ഹോളി ഒത്തൊരുമയുടേയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്വം വിളിച്ചോതുന്ന ഒരുത്സവമാണ്. ദീപാവലി വിളക്കുകള്‍ അണയുമ്പോള്‍ മെല്ലെവന്നെത്തുന്ന ശൈത്യകാലം ഹോളിക കത്തിജ്ജ്വലിക്കുമ്പൊള്‍ പിന്‍വാങ്ങുകയായി. വസന്തം വന്നെത്തുകയായി പ്രകൃതിയിലും മനുഷ്യമനസ്സുകളിലും. നിറങ്ങളില്‍ നീരാടി, പകയും വിദ്വേഷവും അതില്‍ കഴുകി, സ്നേഹത്തിലും സൗഹൃദത്തിലും മനസ്സുകളെ സ്ഫുടം ചെയ്തെടുക്കാന്‍ നമുക്കും ഈ ഹോളി ദിനത്തില്‍. എല്ലാവര്‍ക്കും വര്‍ണ്ണാഭമായ ഹോളി ആശംസകള്‍.  .


4 comments:

 1. ഹോളിയെന്നത് പണ്ട് ഹിന്ദിസിനിമകളില്‍ മാത്രം കണ്ടുള്ള അറിവേ ഉള്ളു

  ReplyDelete
  Replies
  1. വളരെ നന്ദി സര്‍. സന്തോഷം, സ്നേഹം..

   Delete
 2. Replies
  1. വളരെ നന്ദി സര്‍. സന്തോഷം, സ്നേഹം..

   Delete