Friday, July 10, 2015

'മഞ്ഞിന്റെ നാട്ടിലൂടെ' -ഉമാദേവി (പുസ്തകപരിചയം )

യാത്രകള്‍ അധികം ആളുകള്‍ക്കും ആനന്ദദായകമാണ്. യാത്ര ആസ്വദിക്കണമെങ്കില്‍ യാത്രികന് സഹൃദയത്വം കൂടിയേ തിരൂ. എന്നാല്‍ സഞ്ചാരിയുടെ സര്‍ഗ്ഗാത്മകത ആ യാത്രയെ ചിലപ്പോള്‍ സഞ്ചാരസാഹിത്യത്തിനൊരു മികച്ച സംഭാവന നല്കുന്നതിനു തന്നെ ഇടയാക്കിയെക്കും.അതില്‍ പ്രതിഭയുടെ മിന്നലാട്ടമുണ്ടെങ്കില്‍ തീര്‍ച്ചയായും ഉദാത്തമായൊരു രചനയായി വായനക്കാരന് ആസ്വാദനത്തിന്റെ പുതിയ മാനങ്ങളേകും.  അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ശ്രീമതി ഉമാദേവിയുടെ ( സോഷ്യല്‍ മീഡിയയില്‍  പ്രിയങ്കരിയായ ഇന്ദ്രസേന ) മഞ്ഞിന്റെ നാട്ടിലൂടെ എന്ന മനോഹരമായ  യാത്രാവിവരണ ഗ്രന്ഥം. ഒരുപാടുമേഖലകളില്‍ തന്റേതായ കയ്യൊപ്പു ചാര്‍ത്തിയ ഈ പ്രതിഭയുടെ ആദ്യ യാത്രാവിവരണ പുസ്തകമാണിത്. 

മലയാളികള്‍ക്ക് പൊതുവേ യാത്രകളോട് വൈമുഖ്യമാണ്. തീര്‍ത്ഥാടനങ്ങള്‍ക്കപ്പുറം കൂടിപ്പോയാല്‍ ഊട്ടിയോ കൊടൈക്കനാലോ മൈസൂറോ . അതിനപ്പുറം ഒരു യാത്ര പോകാന്‍ നമ്മള്‍ തയാറല്ല. ഈ വര്‍ഷം ഫെബ്രുവരി 1 മുതല്‍ 14 വരെ നടത്തിയ ഉത്തരേന്ത്യന്‍ യാത്രയാണ് ഗ്രന്ഥകാരി വാങ്മയചിത്രമായി നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. ഭാഷയുടെ മേന്മകൊണ്ടും സത്യസന്ധവും ലളിതവുമായ അവതരണരീതികൊണ്ടും വായനയ്ക്കിടയില്‍ ഒരു പൊട്ടിച്ചിരിയായ് എത്തിനോക്കുന്ന നര്‍മ്മബോധം കൊണ്ടും ഈ പുസ്തകം അനുവാചകന്റെ ഹൃദയത്തിലെ അരുമയായ് മാറുന്നു. ഓരോ കാഴ്ചകളും അനുഭവങ്ങളും വെറും വായനയായല്ല, അനുഭവിച്ചറിയുന്നതായാണ് വായനക്കാരനു തോന്നുന്നത്. ഹിമാലയക്കഴ്ചകളും ഉത്തരേന്ത്യന്‍ നഗരങ്ങളും പ്രസിദ്ധങ്ങളായ ആരാധനാകേന്ദ്രങ്ങളും ചരിത്രസ്മാരകങ്ങളും ഒക്കെ നമ്മുടെ അകക്കണ്ണില്‍ ചിത്രങ്ങളായ് തെളിയുന്നു . എന്തിന്, ആക്കില്ലസ് ഹീലിന്റെ ഉളുക്കും കുതിരപ്പുറത്തുള്ള യാത്രയും  വീഴ്ചയും നമുക്കും  വേദന സമ്മാനിക്കും. റാഫ്ടിംഗിനിടയിലെ നനവുപോലും ഒരു കുളിരായി നമ്മെയും വിറപ്പിക്കും. 

പൈഡ് പൈപ്പറിന്റെ പിന്നാലെ പോകുന്ന എലികളുടെ കൂട്ടത്തില്‍ ഏറ്റവും പിന്നാലെ ഓടിയോടിപ്പോകുന്ന കുഞ്ഞനെലിയുടെ മുഖഛായയുണ്ടോ നമ്മുടെ ഉമച്ചേച്ചിക്ക്.?.... ഒട്ടുമില്ല. പാറിപ്പറക്കുന്ന , വര്‍ണ്ണപ്പകിട്ടാര്‍ന്ന അതിമനോഹരമായൊരു ചിത്രശലഭമായേ എനിക്കു ഈ യാത്രാവിവരണം വായിക്കുമ്പോള്‍ ഉമച്ചേച്ചിയെ കാണാനായുള്ളു. ഒരു ഗവേഷണവിദ്യാര്‍ത്ഥിയുടെ അന്വേഷണ ചാതുരിയോടെ ഓരോ കാഴ്ചകള്‍ക്കും പിന്നിലുള്ള വൈവിധ്യമാര്‍ന്ന അറിവുകള്‍ ശേഖരിക്കുകയും അതു വായനക്കാര്‍ക്കായി പകര്‍ന്നു തരികയും ചെയ്യുന്നുണ്ട് ഗ്രന്ഥകാരി. ഐതിഹ്യങ്ങളും മുത്തശ്ശിക്കഥകളും ഒക്കെയുണ്ടാവും ഇക്കൂട്ടത്തില്‍. താന്‍ കണ്ട ദൃശ്യവിസ്മയങ്ങളുടെ സാക്ഷിപ്ത്രങ്ങളായി അതിമനോഹരമായ ധാരാളം ചിത്രങ്ങളും ഉള്‍പ്പെടുത്തിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. 

ചില അദ്ധ്യായങ്ങള്‍ കവിതകളേക്കാള്‍ ഉദാത്തമായ കാവ്യഭംഗിയുള്ലതാണ്. വളരെ നല്ലൊരുദാഹരണമാണ് ഹാവാമഹലിനെക്കുറിച്ചുള്ള രചന. " പുരുഷന്മാരെ ചീത്തയാക്കാന്‍ ഓരോ കൊട്ടാരം കെട്ടിയിരിക്കുന്നു, അല്ലാതെന്തു പറയാന്‍!" ഇങ്ങനെയൊരു കണ്ടത്തല്‍ ഉമച്ചേച്ചിക്കല്ലാതെ മറ്റാര്‍ക്കു നടത്താനാവും! വാര്‍ദ്ധക്യം വീണ്ടും വീണ്ടും പരീക്ഷിക്കപ്പെടുന്ന  ഡല്‍ഹിയുടെ തണുത്ത രാവുകള്‍ മനസ്സിലൊരു നൊമ്പരമായി അവശേഷിപ്പിക്കാനും ഈ വാക്കുകളുടെ ഇന്ദ്രജാലത്തിനേ കഴിയൂ. അക്ഷര്‍ധാമിന്റെ വിസ്മയദൃശ്യങ്ങളില്‍ വാക്കുകളവസാനിപ്പിക്കുന്ന ഈ കൃതി ഓരോ മലയാളിയും ഹൃദയത്തോടു ചേര്‍ക്കുമെന്നതിന് സംശയമില്ല. ഒരു സ്ത്രീയുടെ നിരീക്ഷണങ്ങള്‍ ആയതുകൊണ്ട് അതിനു കൂടുതല്‍ സൂക്ഷ്മതയും വ്യക്തതയും ഉണ്ടെന്നുള്ളതും ഈ പുസ്തകത്തിനുള്ളൊരു മേന്മയായി എനിക്കു തോന്നി.

അധികം വൈകാതെ ഈ എഴുത്തുകാരിയുടെ  അമേരിക്കന്‍ യാത്രയുടെ വിശേഷങ്ങളും പുസ്തകരൂപത്തില്‍ നമുക്കു മുന്നിലെത്തിമെന്നു പ്രതീക്ഷിക്കാം. മുഖപുസ്തകത്താളുകളില്‍ ഇപ്പോള്‍ തന്നെ അതു നമുക്കു മുന്നിലെത്തിക്കൊണ്ടിരിക്കുന്നു. ഇനിയും ഒരുപാടു യാത്രകള്‍ നടത്താനും അവയൊക്കെ പുസ്തരൂപത്തില്‍ നമുക്കു മുന്നിലെത്തിക്കാനും ഉമച്ചേച്ചിക്കു കഴിയുമാറാകട്ടെ എന്ന് ആത്മാര്‍ത്ഥമായി  ആശംസിക്കുന്നു. . 

തത്ത്വമസി പുസ്തകശാല പ്രസിദ്ധീകരിച്ച 80 പേജികളുള്ല ' മഞ്ഞിന്റെ നാട്ടിലൂടെ'  എന്ന ഈ യാത്രാവിവരണത്തിന്റെ വില 120 രൂപയാണ്. 
ഇ മെയില്‍ അഡ്രസ്സ് : [email protected]
ഉമാദേവി : [email protected] 2 comments:

  1. കൊള്ളാം. ഇതൊക്കെ ഒരു ഇന്‍സ്പിറേഷന്‍ ആയി എടുത്ത് മിനിക്ക് വേണമെങ്കില്‍ ഭൂട്ടാന്‍ യാത്ര ഒന്ന് എഴുതാവുന്നതേയുള്ളു

    ReplyDelete