Saturday, July 28, 2018

യാത്രാവിസ്മയങ്ങൾ 9 - കല്ലിൽ കൊത്തിയ കവിത

കൊണാർക്കിലെ സൂര്യക്ഷേത്രം
=============================

'ഇവിടെ ശിലകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിഷ്പ്രഭമാക്കുന്നു' എന്നാണ് രവീന്ദ്രനാഥടാഗോർ കൊണാർക് സൂര്യക്ഷേത്രത്തത്തെക്കുറിച്ചു പറഞ്ഞത്.
'മറ്റുള്ളവർക്കായി സ്വയം കത്തിയെരിയുന്ന സുസ്നേഹമൂർത്തിയാം സൂര്യ'നായി
കലിംഗദേശത്തിന്റെ സമസ്തസൗന്ദര്യവും കടഞ്ഞെടുത്തു കല്ലിൽ കൊത്തിയ കവിതയാണ് കൊണാർക്കിലെ സൂര്യക്ഷേത്രം. പതിമൂന്നാം നൂറ്റാണ്ടിൽ ചന്ദ്രഭാഗാനദിയുടെ അഴിമുഖത്തോടുചേർന്ന്   പണികഴിപ്പിക്കപ്പെട്ടതെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്ന ഈ ശിലാശില്പം ഒട്ടേറെ സവിശേഷതകളാൽ വിസ്മയം പകരുന്നു. ഇന്നു ചന്ദ്രഭാഗ നദിതന്നെ വിസ്മൃതിയിലായെങ്കിലും   ആ നദീപുളിനങ്ങളിൽ നൂറ്റാണ്ടുകൾക്കുമുമ്പു വിരചിക്കപ്പെട്ട ഈ കൃഷ്ണശിലാമന്ദിരം      അനേകം ശിൽപിമാരുടെ പൂർത്തീകരിക്കാത്ത സ്വപ്നങ്ങളുടെ ഘനരൂപമായി നിലകൊള്ളുന്നു. സൂര്യരഥരൂപത്തിലുള്ള ഈ ക്ഷേത്രത്തിന് ഇന്നു   മുഖമണ്ഡപവും ഗർഭഗൃഹവുമില്ല.  സാരഥിയായി അരുണനില്ല. സംജ്ഞയും ഛായയും  സൂര്യഭഗവാനൊപ്പം ഉപവിഷ്ടരായിരിക്കുന്നുമില്ല. മനുഷ്യനാൽ ആരാധനയും  പൂജയുമില്ലാത്ത ഈ ക്ഷേത്രത്തിൽ  അരുണകിരണങ്ങളാണ് ഉദയാസ്തമയങ്ങളിൽ   ദീപാരാധന  നടത്തുന്നത്. മണിനാദവും  മന്ത്രോച്ചാരണങ്ങളും മുഖരിതമാക്കാത്ത ക്ഷേത്രത്തിന്റെ അകത്തളങ്ങളിൽ ഹൃദയത്തിൽ മൗനം നിറച്ചു കാതോർത്താൽ ഉറ്റവരെയും ഉടയവരെയും കാണാതെ ദീർഘമായൊരു വ്യാഴവട്ടം ഇവിടെച്ചിലവിട്ട പന്ത്രണ്ടായിരം ശില്പികളുടെ ഹൃദയത്തുടിപ്പുകൾ ഉളിയൊച്ചകളായി  നമുക്കു കേൾക്കാനാവും

കിഴക്കൻ ഗംഗാ രാജവംശത്തിലെ രാജാവായ നരസിംഹദേവൻ ഒന്നാമനാണ് ഈ മഹാ ക്ഷേത്രം പണികഴിപ്പിച്ചത്. നരസിംഹദേവരാജന്‍ മുസ്ലീം ഭരണാധികാരികള്‍ക്ക്മേല്‍ നേടിയ വിജയം അടയാളപ്പെടുത്താനാണ് സൂര്യക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് ചരിത്രം. മുനിമാരുടെ ശാപത്താൽ കുഷ്ഠരോഗിയായിത്തീർന്ന ശ്രീകൃഷ്ണപുത്രൻ സാംബൻ ശാപമോക്ഷത്തിനായി സൂര്യാരാധനക്കായി പണിത സൂര്യക്ഷേത്രത്തിന്റെ സ്ഥാനത്താണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നും പറയപ്പെടുന്നു  . മനുഷ്യനിഴൽ പതിക്കാതൊരിടത്തു ക്ഷേത്രം നിർമ്മിക്കാനാണത്രേ  ചന്ദ്രഭാഗാ നദിയുടെ  അഴിമുഖപ്രദേശമായ സമുദ്രതീരത്തെ ഈ സ്ഥലം കണ്ടെത്തിയത്. പക്ഷേ  ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ സമുദ്രം പിൻവാങ്ങുകയും ക്ഷേത്രം  തീരത്തുനിന്നകലെയാവുകയും ചെയ്‌തെന്നാണ് പറയപ്പെടുന്നത്. ചന്ദ്രാഭാഗാനദി ഇന്നിവിടെ ഒഴുകുന്നില്ലെങ്കിലും നൂറ്റാണ്ടുകൾക്കുമുമ്പ്  ഒരു നദി ഇവിടെ ഒഴുകിയിരുന്നുവെന്ന്  ഭൗമശാസ്ത്രകാരന്മാർ തെളിയിച്ചിട്ടുണ്ട്.

  ക്ഷേത്ര നിർമ്മാണത്തിന്റെ ആദ്യ സൂത്രധാരൻ ശിവേയി സാമന്തരായർ എന്നയാളായിരുന്നു.  രാജ്യത്തെ പ്രഗത്ഭരായ  പന്ത്രണ്ടായിരം ശിൽപികൾ ബിസു മഹാറാണയെന്ന പ്രധാനശില്പിയുടെ നേതൃത്വത്തിൽ പന്ത്രണ്ടുവർഷം കഠിനപരിശ്രമം നടത്തിയാണ് ഈ ശിലാശില്പവിസ്മയം സാക്ഷാത്കൃതമാക്കിയത്. ഈ പന്ത്രണ്ടുവർഷക്കാലം ശിൽപികൾക്കു കുടുംബാംഗങ്ങളെപ്പോലും കാണാൻ അനുവാദമുണ്ടായിരുന്നില്ല. ബ്രഹ്മചര്യവും മത്സ്യം, മാംസം, മദ്യം ഇവയൊക്കെ വർജ്ജിച്ചുമുള്ളൊരു ജീവിതചര്യയായിരുന്നു ശില്പികൾക്കു ഈ പന്ത്രണ്ടുവർഷക്കാലം .  ക്ഷേത്ര നിർമ്മാണം പലകാരണങ്ങളാൽ പൂർത്തീകരിക്കാൻ വിളംബമുണ്ടായി .പക്ഷേ നൽകിയ സമയപരിധിക്കുള്ളിൽ പണി  തീർക്കണമെന്ന് രാജാവ്‌ അന്ത്യശാസനം നൽകി. അല്ലെങ്കിൽ ആ ശില്പികളുടെ   മരണമായിരുന്നു ശിക്ഷ. എന്നാൽ തന്നെക്കൊണ്ട് അതിനു കഴിയില്ല എന്ന് സാമന്തരായർ രാജാവിനെ അറിയിച്ചതു പ്രകാരം രാജാവ്‌ ബിസു മഹാറാണയെ ആ  ചുമതല ഏൽപ്പിക്കുകയായിരുന്നു. പക്ഷേ അന്തിമഘട്ടത്തിൽ ക്ഷേത്രത്തിനു മുകളിലെ കലശം സ്ഥാപിക്കാൻ ശില്പികളെത്ര ശ്രമിച്ചിട്ടും കഴിയാതെവന്നു. വളരെ ഭാരമുള്ളൊരു കാന്തികശിലയായിരുന്നു ആ കലശം.  മഹാരാജന്റെ നിശ്ചയപ്രകാരം തങ്ങളുടെ ഗളച്ഛേദം താമസംവിനാ നടപ്പാകുമെന്നുതന്നെ അവർ വിശ്വസിച്ചു, മരണം വരിക്കാൻ തയ്യാറെടുത്തിരുന്നു.

ധർമ്മപാദ ഒറീസ്സയിലെ ഒരു സാധാരണഗ്രാമത്തിലാണ് ജനിച്ചത്. പക്ഷേ  അവന്റെയുള്ളിൽ ജന്മവാസനായി രൂപമെടുത്തിരുന്നു വസ്തുകലാപാടവം. അവന്റെ പിതാവ് ഒരു സാധാരണക്കാരനായിരുന്നില്ല - പുകൾപെറ്റ ക്ഷേത്രനിർമ്മാണവിശാരദനായിരുന്ന ബിസു മഹാറാണ. ധർമ്മപാദ അമ്മയുടെ ഉദരത്തിലായിരിക്കുമ്പോഴാണ് ബിസു മഹാറാണാ കൊണാർക്കിലേക്ക്  ക്ഷേത്രനിർമ്മാണത്തിനായി യാത്രയായത്. പിതാവിന്റെ സ്നേഹം നിഷേധിക്കപ്പെട്ട ശൈശവവും  ബാല്യവും അവനു സമ്മാനിച്ചത് വിഷാദഭരിതമായ ദിനരാത്രങ്ങളായിരുന്നു. പന്ത്രണ്ടു സംവത്സരങ്ങളിലെ അവന്റെ തപസ്യ ക്ഷേത്രനിർമ്മാണവൈദഗ്ധ്യം നേടുന്നതിനായിരുന്നു. അതിലവൻ വിജയിക്കുകയു ചെയ്തു. ചെറിയപ്രായത്തിൽത്തന്നെ അവൻ ആ മേഖലയിൽ അഗാധമായ അറിവുനേടി. ക്ഷേത്രവാസ്തുകലയുമായി ബന്ധപ്പെട്ട ലിഖിതങ്ങളൊക്കെ ആ ബാലനു  ഹൃദിസ്ഥമായിരുന്നു.  പന്ത്രണ്ടാം പിറന്നാളിന് അവൻ അമ്മയോട് തന്റെ പിതാവിനെ കാണാനുള്ള ആഗ്രഹം അറിയിച്ചു. അവർ മൗനാനുവാദം നൽകി. ധർമ്മപാദ നീണ്ട യാത്രയ്ക്കുവേഷം കൊണാർക്കിലെത്തിയപ്പോൾ പിതാവ് ഏറെ വ്യാകുലപ്പെട്ട അവസ്ഥയിലായിരുന്നു. കലശമുറപ്പിക്കാനാകാതെ മരണത്തെ മുഖാമുഖം കണ്ടു താനും തന്റെ സഹപ്രവർത്തകരും നിമിഷങ്ങളെണ്ണിക്കഴിയുന്ന കാര്യം അദ്ദേഹം തന്റെ പുത്രനോടു പറഞ്ഞു. പക്ഷേ,ധർമ്മപാദ വളരെപ്പെട്ടെന്നുതന്നെ നിർമ്മാണത്തിലെ പിശകുമനസ്സിലാക്കി. വളരെക്കുറച്ചുസമയത്തിൽ അതു പരിഹരിച്ചു  കലശം ഉറപ്പിച്ചു. പക്ഷേ ശിൽപികൾ മരണത്തെ ഭയക്കുകതന്നെ ചെയ്തു.  തങ്ങളുടെ പിഴവിനെക്കുറിച്ചും ഒരു പന്ത്രണ്ടുവയസ്സായ കുട്ടിയാണ് അതു പരിഹരിച്ചതെന്നും രാജാവറിഞ്ഞാൽ മരണശിക്ഷതന്നെ ലഭിക്കുമെന്നവർക്ക് ഉറപ്പായിരുന്നു. ഇതുമനസ്സിലാക്കിയ ധർമ്മപാദ ക്ഷേത്രത്തിനുമുകളിൽ കയറി താനുറപ്പിച്ച കലശത്തിൽനിന്നു താഴേക്കു ചാടി ജീവനൊടുക്കി. യുക്തിക്കു നിരക്കുന്നതല്ല ഈ കഥയെങ്കിൽകൂടി ധർമ്മപാദയുടെ കരളലിയിക്കുന്ന ദുരന്തകഥയുടെ ഉപ്പുരസംകൂടി ഈ ക്ഷേത്രചരിത്രത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു. ക്ഷേത്രം അധികകാലം  കഴിയുംമുമ്പേ തകർന്നുവീണെങ്കിലും  നൂറ്റാണ്ടുകൾക്കുശേഷവും  ധർമ്മപാദയുടെ പ്രാഭവം ഒളിമങ്ങാതെ ജ്വലിച്ചുനിൽക്കുന്നു.

ഒറീസയിലെ   പുരി   ജില്ലയിലാണ്   കൊണാർക്ക്   സൂര്യക്ഷേത്രം   സ്ഥിതിചെയുന്നത്‌ . പുരി  നഗരത്തിൽ നിന്ന്    ഏതാണ്ട്   54   കി . മീ  അകലെ.കൊണാർക്ക്    എന്നാൽ   'സൂര്യന്റെ   ദിക്ക്'   എന്നാണ്   അർത്ഥം. (കോണ- ദിക്ക്‌, ആര്‍ക്ക്‌ - അര്‍ക്കന്‍) . വിദേശിയർ    ബ്ലാക്ക് പഗോഡ   എന്നു വിളിക്കുന്ന   ഈ   സൂര്യ ക്ഷേത്രം സപ്താശ്വങ്ങൾ    വലിക്കുന്ന  സൂര്യരഥമാതൃകയിലാണ്  നിർമ്മിച്ചിരിക്കുന്നത് . രഥത്തിന്റെ     ഇരു പുറവും എട്ട് ആരക്കാലുകൾ വീതമുള്ള     പന്ത്രണ്ടു  ചക്ക്രങ്ങൾ   വീതമുണ്ട്. പത്തടിയാണ് ഓരോ ചക്രത്തിന്റെയും വ്യാസം. അശ്വങ്ങൾ ഏഴുദിവസങ്ങളെയും സൂര്യഘടികാരങ്ങളായി പ്രവര്‍ത്തിക്കുന്ന ഇരുപത്തിനാല്‌ ചക്രങ്ങള്‍ ഇരുപത്തിനാല്‌ മണിക്കൂറുകളെയും എട്ട്‌ ആരക്കാലുകള്‍ മൂന്ന്‌ മണിക്കൂര്‍വീതമുള്ള എട്ട്‌ പ്രഹരങ്ങളെയും(യാമങ്ങൾ ) സൂചിപ്പിക്കുന്നു.  ഈ ചക്രങ്ങളുടെ നിലത്തു വീഴുന്ന നിഴല്‍ നോക്കി കൃത്യമായി സമയം കണക്കാക്കാം, ഋതുക്കളെ  നിര്‍ണ്ണയിക്കുകയുമാവാം. എട്ടുപ്രധാന ആരക്കാലുകളുടെ ഇടയിലായി എട്ട് ഉപ-ആരക്കാലുകൾ കൂടിയുണ്ട്. ചക്രാഗ്രഭാഗത്തെ മുത്തുകൾ പോലുള്ള ഭാഗങ്ങളാണ് സമയം കൃത്യമായി നിർണ്ണയിക്കാൻ സഹായിക്കുന്നത്. ഓരോ പ്രധാന ആരക്കാലിനും ഉപ-ആരക്കാലിനും ഇടയിൽ 30 മുത്തുകൾവീതമാണ്.   ഇവയിലെ നിഴൽ നോക്കിയാണ് സമയനിർണ്ണയം.   ഇപ്പോഴും അവിടുത്തെ ഗൈഡുകൾ നിഴൽനോക്കി സമയം കൃത്യമായി പറയുന്നതുകേട്ടാൽ അതിശയം തോന്നും. സസ്യങ്ങളുടെയും മൃഗങ്ങളുടെയും വൈവിധ്യമാർന്ന ശില്പങ്ങൾ ഋതുക്കളെ നിർണ്ണയിക്കാൻ സഹായിക്കുന്നു.

 ദ്വാരപാലകരായി   രണ്ടു കൽസിംഹങ്ങളെ കാണാം.  സിംഹഗജ എന്നുപേരുള്ള ഈ ശില്പങ്ങളിൽ മുകളില്‍ ഉഗ്രപ്രതാപിയായ സിംഹം, നടുവില്‍ സിംഹത്തിന്‍റെ  ചവിട്ടേറ്റ്‌ ഞെരിയുന്ന ആന, അടിയില്‍ മണ്ണില്‍ വീണുകിടക്കുന്ന മനുഷ്യന്‍. സിംഹം അഹങ്കാരത്തെയും ആന സമ്പത്തിനെയും സൂചിപ്പിക്കുന്നു. ഇതുരണ്ടും നിമിത്തം നാശത്തിലേക്ക്‌ നിപതിച്ച മനുഷ്യനെയാണ്‌ സിംഹഗജ പ്രതീകവത്കരിക്കുന്നത്.
പ്രധാന ക്ഷേത്രത്തിനു മുന്നിലായി സ്ഥിതി ചെയ്യുന്ന മണ്ഡപം നടന മന്ദിരം എന്നറിയപ്പെടുന്നു. അതുകടന്നുചെന്നാൽ പ്രധാനമന്ദിരം.   അതിസൂക്ഷ്മമായ ശില്പചാതുരിയുടെ മകുടോദാഹരണമാണ് ഈ ക്ഷേത്രസമുച്ചയം. 229 അടി ഉയര മുണ്ടായിരുന്നു പ്രധാന ക്ഷേത്രത്തിന്. ഇതിനു മൂന്നു ഭാഗങ്ങളുണ്ട്. സൂര്യ ദേവന്റെ പൂജാ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന ശ്രീകോവില്‍ അഥവാ ഗര്‍ഭഗൃഹം, ക്ഷേത്രസോപാനം, ജഗന്മോഹന്‍ മണ്ഡപം എന്നിവയാണവ. സിമിൻറ്റോ   കുമ്മായമോ  ഇല്ലാതെ  കരിങ്കല്ലുകൾ, ഇരുമ്പുതകിടുകൾ   ചേർത്തടുക്കിയാണ്    ക്ഷേത്രം   നിർമിച്ചിരിക്കുന്നത് എന്നത്  ഏറെ  അത്ഭുതം  ഉളവാക്കുന്നു! ഈ  കല്ലുകൾ   പ്രത്യേക  കാന്തിക ശക്തിയുടെ   ബലത്തിലാണ്   പരസ്പരം  യോജിച്ചുനിൽക്കുന്നതെന്ന്  പറയപ്പെടുന്നു. ഗോപുരാഗ്രത്തിലെ കലശം തീർത്തിരുന്ന  ബൃഹത്തായ  കാന്തികശിലയുടെയും മറ്റു ചെറിയ കാന്തികശിലയുടെയും  കാന്തികശക്തിയുടെ പ്രഭാവത്തിൽ പ്രധാന പ്രതിഷ്‌ഠ ഗര്‍ഭഗൃഹത്തിനു മുകളിലെ കാന്തികവലയത്തില്‍ പൊങ്ങിനില്‍ക്കുന്ന രീതിയിലായിരുന്നു നിർമ്മിക്കപ്പെട്ടിരുന്നത്. ക്ഷേത്രത്തിന്റെ ദൃഢസ്ഥിരത തന്നെ ഈ കാന്തികശക്തിയെ ആശ്രയിച്ചായിരുന്നു. പക്ഷേ പലകാലങ്ങളിലുമായി ഈ കാന്തികക്കല്ലുകൾ പലരും ഇളക്കിയെടുക്കുകയുണ്ടായി. ഇത് ക്ഷേത്രത്തിന്റെ ബലക്ഷയത്തിനു  കരണമാവുകയായിരുന്നു എന്നു  പറയപ്പെടുന്നു . 

ക്ഷേത്രത്തിന്‍റെ  തകര്‍ച്ചക്ക്‌ സ്ഥിരീകരണമില്ലാത്ത വേറെയും  കാരണങ്ങൾ  പറഞ്ഞുകേള്‍ക്കുന്നുണ്ട്. ക്ഷേത്രനിർമ്മാണത്തിൽ ഒട്ടേറെ പാകപ്പിഴകളുണ്ടായിരുന്നത്രെ  . ഉറപ്പില്ലാത്ത മണ്ണില്‍ ശക്തമായ അടിത്തറയില്ലാതെ നിര്‍മ്മിച്ചതിനാലാണ്‌ 229 അടി ഉയരത്തില്‍ പണിത പ്രധാനഭാഗങ്ങള്‍ തകര്‍ന്നുവീണതെന്നാണ്‌ ചില ആര്‍ക്കിയോളജിക്കല്‍ വിദഗ്‌ദ്ധന്മാരുടെ അഭിപ്രായം. മറ്റൊരു ഭാഷ്യം-  കലശത്തിൽ നിന്നുള്ള അതിശക്തമായ കാന്തികപ്രഭാവം കപ്പലുകൾക്ക് ദിശ തെറ്റുന്നതിനും കാരണമായി. കാരണം മനസ്സിലാക്കിയ പാശ്ചാത്യർ  ആ കലശം തന്നെ എടുത്തുനീക്കി.  അതോടെ കാന്തികതുലനാവസ്ഥ അപ്പാടെ തകരുകയും  ക്ഷേത്രത്തിന്റെ തകർച്ച പൂർണ്ണമാവുകയും ചെയ്തു  എന്നൊരു  കഥയും  പ്രചരിക്കുന്നുണ്ട് .

ചരിത്രം പറയുന്നത് 1508-ല്‍ ബംഗാളിലെ ഗവര്‍ണ്ണറായിരുന്ന സുല്‍ത്താന്‍ സുലൈമാന്‍ കറാനി ഒറീസ്സ ആക്രമിച്ചുവെന്നും  അദ്ദേഹം സൂര്യക്ഷേത്രമുള്‍പ്പെടെ ഒറീസ്സയിലെ നിരവധി ഹിന്ദുക്ഷേത്രങ്ങള്‍ നശിപ്പിച്ചു എന്നുമാണ് . ഹിന്ദു ആയിരുന്ന ഇദ്ദേഹം മതം മാറി മുസ്ലിം ആവുകയായിരുന്നു. ഈ ആക്രമണകഥയാണു  കൂടുതൽ വിശ്വസനീയമെന്നു തോന്നുന്നു. പുരി ജഗന്നാഥ ക്ഷേത്രത്തിൽ നിന്നും ലഭിച്ച ചില രേഖകൾ പ്രകാരം  ഇദ്ദേഹം കൊണാർക്ക് ഉൾപ്പെടെ ഒറീസ്സയിലെ പല ക്ഷേത്രങ്ങളും നശിപ്പിച്ചു. ഈ സംഭവത്തിന്‌ ശേഷം ഒറീസ്സ മുസ്ലിം ഭരണത്തിന് കീഴിലായി. ഈ കാലഘട്ടങ്ങളിൽ പലരും ക്ഷേത്രം ആക്രമിച്ചതായി തെളിവുകളുണ്ട്. വൈദേശിക ആക്രമണങ്ങളെ ഭയന്ന പുരിയിലെ പാണ്ഡവംശജർ സൂര്യവിഗ്രഹം കൊണാർക്ക് ക്ഷേത്രത്തിൽ നിന്നു മാറ്റി മണ്ണിൽ കുഴിച്ചിട്ടു. വർഷങ്ങൾക്കു ശേഷം വിഗ്രഹം കുഴിച്ചെടുത്ത് പുരി ജഗന്നാഥ ക്ഷേത്രത്തിനുള്ളിലെ ഇന്ദ്ര ക്ഷേത്രത്തിൽ സ്ഥാപിച്ചു. ഈ വിഗ്രഹം ഇപ്പോഴും പുരി ക്ഷേത്രത്തിൽ കാണാനാവും. എന്നാൽ ചില ചരിത്രകാരന്മാർ പറയുന്നത് വിഗ്രഹം കുഴിച്ചിട്ടതല്ലാതെ പുറത്തെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നാണ് . അവരുടെ അഭിപ്രായത്തിൽ സുന്ദരവും ആകർഷകവുമായ സൂര്യ വിഗ്രഹം ഇപ്പോഴും കൊണാർക്കിന്റെ പരിസരത്തെവിടെയോ മണ്ണിൽ പൂണ്ടു കിടക്കുന്നുണ്ട്. ചിലരുടെ അഭിപ്രായത്തിൽ ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ കാണുന്ന സൂര്യ വിഗ്രഹം കൊണാർക്കിലെ സൂര്യ വിഗ്രഹമാണെന്നാണ്.   ഭൂകമ്പങ്ങൾ, പണ്ടെങ്ങൊ ഉണ്ടായ ഒരു ചുഴലിക്കാറ്റ് എന്നിവയും ക്ഷേത്രത്തിന്റെ തകർച്ചക്കുള്ള കാരണങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നു.

 ഉദയസൂര്യന്‍റെ  ആദ്യകിരണം പ്രവേശനകവാടത്തിലൂടെ നടനമന്ദിരം(നൃത്തമണ്‌ഡപം) കടന്ന്‌ പ്രധാന പ്രതിഷ്‌ഠയുടെ നടുവില്‍ പതിച്ചിരിക്കുന്ന വജ്രത്തില്‍ തട്ടി പ്രതിഫലിക്കത്തക്കവണ്ണം കൃത്യതയോടെ കിഴക്കുദര്‍ശനമായിട്ടാണ്‌ ക്ഷേത്രം പണിതിരുന്നത്. സൂര്യന്റെ   പേരിലുള്ള ഈ ശിലാക്ഷേത്രത്തില്‍ ഒരിക്കലും ആരാധനകളോ പൂജാദികര്‍മ്മങ്ങളോ ഒന്നും നടത്താനായിട്ടില്ല എന്നാണ് പറയപ്പെടുന്നത്. പ്രധാന ശ്രീകോവിൽ ഇപ്പോൾ നിലവിലില്ല. ഇത് 1837 ൽ തകർന്നു വീണതായി പറയപ്പെടുന്നു. തകര്‍ന്ന ഗര്‍ഭഗൃഹത്തിന്റെ വശങ്ങളിലായി സൂര്യന്റെ പ്രഭാത, പ്രദോഷ, മധ്യാഹ്നഭാവങ്ങള്‍ കൊത്തിവെച്ചിട്ടുണ്ടായിരുന്നു .
 ഇവിടെ നിന്നും കിട്ടിയ പലതരത്തിലുള്ള വിഗ്രഹങ്ങൾ, ജ്യാമിതീയ രൂപങ്ങൾ, എന്നിവ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഒരു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. അരുണസ്‌തംഭം പുരിയിലെ ജഗന്നാഥക്ഷേത്രത്തിൽ മാറ്റിസ്ഥാപിക്കുകയുണ്ടായി. പൂർണ്ണനാശത്തിന്റെ വക്കിലായ ഈ ക്ഷേത്രം ഇടിഞ്ഞു വീഴാതിരിക്കാനായി ഉൾഭാഗം കല്ലും മണ്ണും നിറച്ച് അടച്ചിരിക്കുകയാണ്. കൂടാതെ ക്ഷേത്രം ഇപ്പോൾ ഇരുമ്പ് പൈപ്പുകളാൽ താങ്ങി നിർത്തിയിരിക്കുന്നു. പ്രധാന ക്ഷേത്രത്തിന് ചുറ്റും ഇരുപത്തി രണ്ട് ഉപക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ വൈഷ്ണവ ക്ഷേത്രവും മായാ ദേവീ ക്ഷേത്രവും മാത്രമേ അവശേഷിക്കുന്നുള്ളൂ . നടന മണ്ഡപം, ഭോഗ മണ്ഡപം, ജഗന്മോഹൻ മണ്ഡപം എന്നിവ ഇപ്പോഴും നില നിൽക്കുന്നു. ഇന്നു  കാണപ്പെടുന്ന വലിയ സമുച്ചയമാണു ജഗന്മോഹൻ മണ്ഡപം. അവശേഷിപ്പുകൾപോലും അതീവചാരുതയാർന്ന ദൃശ്യഭംഗിയാണ് ഓരോ കണ്ണുകൾക്കും ഇവിടെ ലഭിക്കുന്നത്.

ക്ഷേത്രത്തിലെ ചുമര്‍ ശില്പങ്ങളില്‍ ദേവീ ദേവന്മാരുടെ രൂപങ്ങള്‍, പുരാണ കഥാപാത്രങ്ങള്‍, ഗന്ധര്‍വന്മാര്‍, യക്ഷികള്‍, പുരാണ കഥാ സന്ദര്‍ഭങ്ങള്‍, നൃത്തം ചെയ്യുന്ന അപ്‌സരസുകള്‍ എന്നിവയെല്ലാമുണ്ട്. . പ്രധാനരൂപങ്ങളെ വേർതിരിക്കുന്ന ക്ഷികളുടെയും മൃഗങ്ങളുടെയും ശില്‍പങ്ങള്‍ അവയോടൊപ്പമുണ്ട്.പ്രധാന ക്ഷേത്രത്തിന്റെ ചുറ്റിലുമായി അടി ഭാഗത്ത് രണ്ടായിരത്തോളം ആനകളുടെ ശില്പങ്ങൾ ഉണ്ട്. വാത്സ്യായനന്റെ കാമസൂത്രത്തിലെ വൈവിധ്യമാർന്ന ചേഷ്ടകളെ ചിത്രീകരിക്കുന്ന   രതിശില്പങ്ങളാണ്  കാഴ്ച്ക്കാരിൽ അമ്പരപ്പുളവാക്കുന്ന മറ്റൊരുഘടകം. ബഹുസ്‌ത്രീപുരുഷ രതിവിനോദങ്ങളുടെയും മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള രതിചേഷ്‌ടകളുടെയും വ്യക്തമായ രൂപങ്ങൾ പേറുന്ന  ശില്‍പങ്ങള്‍ നിലവിലുള്ള സദാചാരസങ്കല്പങ്ങളെ വളരെ ശക്തമായി പരിഹസിക്കുന്നതുപോലെ തോന്നും. ആ കാലഘട്ടത്തിന്റെ സാമൂഹികസാംസ്കാരികപശ്ചാത്തലം ലൈംഗികതയെ  എത്ര വ്യത്യസ്തമായാണ്  നിത്യജീവിതത്തിന്റെ ഭാഗമാക്കിയിരുന്നതെന്ന്    ഈ ശില്പങ്ങൾ നമ്മോടു വിളിച്ചുപറയും.  ബുദ്ധതത്വങ്ങളില്‍ ആകൃഷ്‌ടരായ ജനങ്ങള്‍ ലൈംഗികതയില്‍നിന്നകന്നുപോവുകയും ജനസംഖ്യയില്‍ കുറവുണ്ടാകുന്നതിന് അതു കരണമാവുകയും ചെയ്ത   സാഹചര്യത്തില്‍ യുവാക്കളെ രതിയിലേക്ക്‌ ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ്‌ വാത്സ്യായനചരിതം ക്ഷേത്രശിലകളില്‍ കൊത്തിവയ്‌ക്കാന്‍ രാജാവ്‌ നിഷ്‌കര്‍ഷിച്ചതെന്ന്‌ കരുതപ്പെടുന്നു. നീണ്ട പന്തീരാണ്ടുകാലം സ്ത്രീഗന്ധമേൽക്കാതെ, സ്ത്രീസ്പർശമറിയാതെ ലൈംഗികചോദനകളെ  കടുത്ത ഊഷരതയിൽ തളച്ചിട്ട യുവമനസ്സുകളുടെ താത്കാലിക രക്ഷപ്പെടലുകളായിരിക്കുമോ ഈ ശില്പങ്ങളുടെ നിർമ്മാണത്തിനു പ്രചോദനമായതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. എന്തൊക്കെയായായലും എന്നെപ്പോലെതന്നെ ഏതൊരാൾക്കും  ഈ ക്ഷേത്രദർശനം മനസ്സിൽ   ജ്വലിച്ചുനിൽകുന്നൊരു ദീപ്തസ്മരണയായിരിക്കും.
Image result for konark sun temple


Image result for konark sun temple

No comments:

Post a Comment