Thursday, July 26, 2018

ഗിരിങ്ക

ഗിരിങ്ക
========
പേരിൽ തോന്നിയ  കൗതുകം കൊണ്ടാണ് കൂടുതലറിയാൻ ജിജ്ഞാസയുണ്ടായതും. ദാരിദ്ര്യം മുഖമുദ്രയായൊരു രാജ്യത്ത് ഒരു പശു എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്നതാണ് 'ഗിരിങ്ക'യുടെ പ്രസക്തി.
റുവാണ്ട - ആയിരം കുന്നുകളുടെ നാട് . ആഫ്രിക്കൻ വൻകരയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യം.  അനുകൂലഘടകങ്ങളേറെയുണ്ടെങ്കിലും അതിലേറെ പ്രതികൂലഘടകങ്ങളുണ്ടായതിനാലാവാം റുവാണ്ടയിൽ  ദാരിദ്ര്യം കൊടികുത്തിവാഴുന്നത്. പക്ഷേ,  നമ്മൾ റുവാണ്ടയെക്കുറിച്ചു കൂടുതൽ  കേട്ടിരിക്കുന്നത് അവിടെ നടന്ന കിരാതമായ വംശഹത്യയുടെ ഞെട്ടിപ്പിക്കുന്ന ചരിത്രാംശങ്ങളിലൂടെയാണ്. 
റുവാണ്ടയിലെ മൂന്നു പ്രബല ജനവിഭാഗങ്ങളാണുള്ളത്. ഹുട്ടു, ടുട്സി, ട്വാ. ഇവരിൽ ട്വാ വിഭാഗക്കാർ പുരാതനകാലം മുതൽ റുവാണ്ടയിൽ ജീവിച്ചുവരുന്ന  വനവാസികളായ പിഗ്മികളാണ്. മറ്റു രണ്ടു വിഭാഗക്കാരുടെ ഉത്ഭവത്തെക്കുറിച്ചു കൃത്യമായ വിവരങ്ങൾ ഇപ്പോഴുമില്ല. റു­വാ­ണ്ട­യി­ലും ബു­റു­ണ്ടി­യി­ലും ഭൂ­രി­പ­ക്ഷ­മായ ഹു­ട്ടു­കള്‍ പതി­നൊ­ന്നാം നൂ­റ്റാ­ണ്ടി­ലാ­ണ്‌ രൂ­പം­കൊ­ണ്ട­തെ­ന്നാ­ണ്‌ വി­ശ്വ­സി­ക്ക­പ്പെ­ടു­ന്ന­ത്‌. ടുട്സികൾ പിന്നീടുവന്നവരത്രേ! ഹുട്ടുകൾ കൃഷിക്കാരും ടുട്സികൾ കന്നുകാലികളെ മേയ്ക്കുന്നവരുമായിരുന്നു എന്നതാണ് ഇവരുടെ ജീവിതശൈലിയിലെ പ്രധാനവ്യത്യാസം. പക്ഷേ മൂന്നുവിഭാഗക്കാരും സംസാരിച്ചിരുന്നത് ഒരേ ഭാഷതന്നെയായിരുന്നു.

 പത്തൊമ്പതാം  നുറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ്   റുവാണ്ടയും ബുറുണ്ടിയും ജർമനിയുടെ അധീനതയിലായത്. റുവാണ്ടയുടെ രാജാവിനെ മുൻനിർത്തി ഭരണം നടത്തുകയെന്നതായിരുന്നു ജർമനി സ്വീകരിച്ച രീതി. ഉന്നതവശജരെന്നു കരുതിയ ടുട്സികളെയാണ് ജർമനി ഭരണത്തിന് അവലംബിച്ചത്.   ജർമനിയെത്തുടർന്നു കോളനിവത്കരണത്തിനു റുവാണ്ടയിലെത്തിയ ബെൽജിയം ഒന്നാം ലോകമഹായുദ്ധകാലത്തു ഭരണം ഏറ്റെടുത്തു. അവരാണ്  ഹുട്ടു, ടുട്സി വിഭാഗങ്ങളെ 1933 ൽ  വേർതിരിച്ചതും 1935ൽ തിരിച്ചറിയൽ കാർഡുകൾ നടപ്പിലാക്കിയതും. മൂക്കിന്റെ നീളവ്യത്യാസമാണ്  അതിനവർ ഉപോല്ബലകമായി സ്വീകരിച്ച  ഘടകം. ഈ വിഭജനത്തിൽ ഭൂരിപക്ഷം ഹു­ട്ടുവംശജരായിരുന്നു. പക്ഷേ അവരെ അടക്കിഭരിച്ചത് സ്വയം മേൽക്കോയ്മ അവരോധിച്ചു   ന്യുനപക്ഷമായ, സമ്പന്നരായ  ടുട്സികളും. കാര്യങ്ങൾ മാറിമറിഞ്ഞത് ക്രിസ്ത്യൻ മിഷനറിമാർ എത്തിയതോടെയാണ്. ടുട്സികൾ അവരെ ഗൗനിച്ചില്ലെങ്കിലും  ഹു­ട്ടു­കള്‍ കൂ­ട്ട­ത്തോ­ടെ ക്രി­സ്‌­ത്യന്‍ സമു­ദാ­യ­ത്തി­ലേ­ക്കു  മാ­റി. ആരാധനാലയങ്ങളിലും മറ്റും പാതിരിമാരിലൂടെ  അവർക്കു ലഭിച്ച ഉത്ബോധനങ്ങൾ അവരെ കൂടുതൽ ആത്മബലമുള്ളവരാക്കി. അവകാശബോധം അവരെ അതിശക്തമായൊരുയിർത്തെഴുന്നേൽപിനു പ്രേരണ നൽകി. കാർഷികമേഖലയിൽ കീഴ്പ്പെടുത്തലിനു തുടക്കമിട്ടു. പിന്നീട് ടുട്സികളും ഹുട്ടുകളും തമ്മിലുള്ള   തുടച്ചയായ സംഘർഷങ്ങളും അനുബന്ധിയായ ക്രൂരതകളും നടമാടി. കൊലപാതകങ്ങളും ക്രൂരബലാത്സംഗങ്ങളും ഒരു തുടർക്കഥയായി. 1962 ൽ ടൂട്‌സികളെ പുറന്തള്ളി ഹുട്ടുക്കൾ അധികാരമേറ്റെടുത്തു. പിന്നെയും സംഘർഷങ്ങൾ തുടർന്നുപോന്നു.  കാലങ്ങളായി നടന്നുവന്ന കലഹങ്ങൾ 1994 ലെ കൂട്ടനരഹത്യക്കു വഴിതെളിക്കുകയായിരുന്നു . അധികാരം തിരിച്ചുപിടിക്കാന്‍ 1990-കളില്‍ ടുട്‌സികള്‍ നടത്തിയ ശ്രമമാണ് കലാപത്തിലേക്കു നയിച്ചത്. 1994  ഏപ്രിൽ 6 ന് , ഹുട്ടു  വംശജനായ റുവാണ്ടന്‍ പ്രസിഡന്റ് യുവെനല്‍ ഹാബ്യാരിമാന കൊല ചെയ്യപ്പെട്ടതോടെ കലാപം ആളിപ്പടര്‍ന്നു. തുടര്‍ന്ന് ഹുട്ടു  വംശജര്‍ ടൂട്‌സികളെ കൂട്ടക്കൊല ചെയ്തു. നൂറു ദിവസം നീണ്ടു നിന്ന വംശഹത്യയില്‍ പത്തു  ലക്ഷത്തിലേറെ  ജീവന്‍ നഷ്ടമായി. ടൂട്‌സി സ്ത്രീകളും പെണ്‍കുട്ടികളും കൂട്ടബലാത്സംഗത്തിനിരയായി. അതിനായി എയ്ഡ്സ് രോഗികളെത്തന്നെ രംഗത്തിറക്കി.  കൊല്ലപ്പെട്ടവരിലേറെയും അയല്വാസികളാലോ സ്വന്തം ഗ്രാമ,നഗരവാസികളാലോ ആയിരുന്നു.  അവരുടെ വസ്തുവകകൾ കൂട്ടമായി കൊള്ളയടിക്കപ്പെട്ടു.  പോള്‍ കഗാമെയുടെ നേതൃത്വത്തില്‍ ടൂട്‌സി വിമതര്‍ അധികാരം പിടിച്ചതോടെയാണ് കലാപം അവസാനിച്ചത്. ഹുട്ടുക്കൾ കോംഗോയിലേക്കു പലായനം ചെയ്തു .    ഐക്യരഷ്ട്രസഭയും പാശ്ചാത്യരാജ്യങ്ങളും  എന്തുകൊണ്ടോ ഈ വംശീയകലാപത്തിനു വേണ്ടത്ര പ്രാധാന്യം കൊടുക്കുകയോ ഫലപ്രദമായ ഇടപെടലുകൾ നടത്തുകയോ ചെയ്തില്ലെന്നതും ഏറെ വിമർശിക്കപ്പെട്ടിരുന്നു.
1995 നും 98 നും മദ്ധ്യേ അനേകായിരങ്ങൾ വീണ്ടും റുവാണ്ടയില്‍ കൊല്ലപ്പെട്ടു. ബുരുണ്ടിയിലേക്ക് വ്യാപിച്ച കലാപങ്ങൾ 2006 വരെ തുടർന്നു. 1996 ൽ റുവാണ്ട കോംഗോ ആക്രമിച്ചതും ഹുട്ടു  അഭയാര്‍ഥി ക്യാമ്പുകള്‍ തുടച്ചു നീക്കിയതും ആയിരക്കണക്കിനു  സ്ത്രീകളും കുട്ടികളും അടക്കമുള്ള ജനങ്ങൾ പട്ടിണിയിലും പകര്‍ച്ചവ്യാധികള്‍ക്കിരയായും ഇഞ്ചിഞ്ചായി മരിച്ചു വീണു കൊണ്ടിരിക്കുന്നതും ഈ കലാപങ്ങളുടെ ബാക്കിപത്രമായി ഇന്നും അവശേഷിക്കുന്നു.

ഈ ദുരന്തങ്ങളൊക്കെ റുവാണ്ടയെന്ന കൊച്ചുരാജ്യത്തിനുമേൽ അടിച്ചേൽപ്പിച്ച ആഘാതങ്ങൾ അതിതീവ്രമായിരുന്നു . വർഷങ്ങൾ നീണ്ടുനിന്ന ആഭ്യന്തരകാലഹങ്ങൾ  ആ രാജ്യത്തിൻറെ സാമ്പത്തികനില അങ്ങേയറ്റം താറുമാറാക്കുകയാണു ചെയ്തത്. ബലാത്സംഗം പോലും യുദ്ധമുറയാക്കിയതിന്റെ പരിണതഫലമായി എയ്ഡ്സ് രോഗികളുടെ എണ്ണം വളരെയുയർന്നു. അനാഥക്കുഞ്ഞുങ്ങളുടെ എണ്ണവും അതിനൊപ്പംതന്നെ വർദ്ധിച്ചു. രോഗദുരിതങ്ങൾ ജീവിതംതന്നെ ദുസ്സഹമാക്കിയ അവസ്ഥ. ദാരിദ്ര്യത്തിന്റെ താണ്ഡവം പോഷകാഹാരക്കുറവിനും കാരണമായി. ഇതു വരും തലമുറകളെ വളരെപ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവിൽനിന്നാകണം ഗിരിങ്ക പദ്ധതിക്ക്  2006ൽ അവിടുത്തെ സർക്കാർ  തുടക്കമിട്ടത്. ദാരിദ്ര്യനിർമ്മാർജ്ജനത്തിനും കുഞ്ഞുങ്ങളിലെ പോഷകക്കുറവും പരിഹരിക്കുന്നതിന്  പ്രസിഡന്റ് പോൾ കഗാമി നടപ്പാക്കിയ  ഈ പദ്ധതിപ്രകാരം നിർദ്ധനരായ കുടുംബങ്ങൾക്ക് ഓരോ പശുക്കളെ നൽകുന്നു.  പശുവിനെ ലഭിച്ച കുടുംബം അതിന്റെ ആദ്യത്തെ പശുക്കിടാവിനെ മറ്റൊരു കുടുംബത്തിനു സമ്മാനിക്കുന്നു. അത് തുടർന്നുപോകുന്നു. പശുക്കളെ സമ്മാനിക്കുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള റുവാണ്ടൻസംസ്കാരത്തിന്റെ ഭാഗമാണത്രെ!

No comments:

Post a Comment