Thursday, August 23, 2018

ഹാം റേഡിയോ

ഹാം റേഡിയോ
=============
 മലയാളനാടിനെ വിഴുങ്ങിയ ഒരു പ്രളയകാലം  കടന്നുപോയി. പ്രകൃതിയും മനുഷ്യന്റെ വികൃതിയും ഒപ്പം വിനയായിക്കൊണ്ടുവന്ന മഹാദുരന്തം ഒരു ജനതയെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഭീതിദമായ   കറുത്ത നാളുകൾ ചരിത്രമാവുകതന്നെ ചെയ്തു. പക്ഷേ  അതിനെ  അതിജീവിക്കാൻജനങ്ങയും  ജനങ്ങളും സർക്കാർ സംവിധാനങ്ങളും ഒറ്റക്കെട്ടായി നിന്നു  എന്നത്  ഏറെ അഭിമാനകരമായ കാര്യം. ആധുനിക വാർത്താവിനിമയോപാധികൾ ഈ ആപത്ഘട്ടത്തിൽ എത്രമാത്രം പ്രയോജനകരമായി എന്നത് എടുത്തുപറയേണ്ടുന്ന കാര്യം തന്നെ. പക്ഷേ പലയിടത്തും വൈദ്യുതി നിലയ്ക്കുകയും   അതേത്തുടർന്ന്   മൊബൈൽടവറുകളും നിശ്ചലമാവുകയും ചെയ്തതോടുകൂടി ഈ  സാധ്യതയും ഇല്ലാതായി. പക്ഷേ  അപ്പോഴും ആശയവിനിമയം സാധ്യമാക്കിത്തന്നത് ഇത്തിരി പഴയൊരു മാധ്യമമാണ്. ഹാം റേഡിയോ അഥവാ അമേച്വർ  റേഡിയോ. പലരും ഒരു ഹോബിയായി സ്വീകരിച്ചിരിക്കുന്ന ഈ ആശയവിനിമയോപാധി ആപത്ഘട്ടങ്ങളിലും വിദൂരദിക്കുകളിലും ഈ രംഗത്ത് അനന്തസാധ്യതകളാണ് തുറന്നുകൊടുക്കുന്നത്.


രാജകീയവിനോദം എന്നും അറിയപ്പെടുന്ന ഹാം റേഡിയോ ലോകം മുഴുവൻ സുഹൃത്തുക്കളെ നേടാനുതകുന്നൊരു വിനോദമാണ്. ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുള്ള ഏകവിനോദവുമാണിത്. സാധാരണ റേഡിയോവിൽ നിന്നു  വ്യത്യസ്തമായി ഹാം റേഡിയോയിലൂടെ നമുക്കു  കേൾക്കാനും തിരിച്ചു  സംസാരിക്കാനും കഴിയും. വിവിധാവശ്യങ്ങൾക്കായി  നിശ്ചിതാവൃത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് സ്വകാര്യവ്യക്തികൾ‌ നടത്തുന്ന റേഡിയോ സന്ദേശവിനിമയമാണിത്. ഇത് തികച്ചും സൗജന്യവുമാണ്. ഇങ്ങനെ  ആശയവിനിമയം  നടത്തുന്നവരെ ഹാം എന്നാണറിയപ്പെടുന്നത്. ലോകത്താകമാനം അൻപതുലക്ഷത്തോളം ആളുകൾ ഹാം റേഡിയോ പതിവായി ഉപയോഗിക്കുന്നുവെന്നാണ്  കണക്ക്. ഇന്ത്യയിൽ അവരുടെയെണ്ണം നാല്പത്തിനായിരത്തോളം വരും.   ഇവരിൽ ആരോടു  വേണമെങ്കിലും സൗജന്യമായി സംസാരിക്കാൻ ഹാം റേഡിയോ ഉപയോഗിക്കാം.  പ്രകൃതിക്ഷോഭങ്ങൾ മൂലമോ യുദ്ധം മുതലായ അടിയന്തിരഘട്ടങ്ങളിലോ മറ്റെല്ലാ ആശയവിനിമയോപാധികളും താറുമാറാകുമ്പോൾ ഹാമുകളുടെ സേവനം പ്രശംസനീയമാണ്. പ്രളയം, സുനാമി, ഭൂകമ്പങ്ങൾ ഇത്യാദി ദുരന്തങ്ങളിലൊക്കെ ഇവരുടെ സേവനം ആഗോളശ്രദ്ധ പിടിച്ചുപറ്റിയിട്ടുമുണ്ട്. (യുഎസ്എയിൽ  എട്ടു ലക്ഷവും ജപ്പാനിൽ 15 ലക്ഷവുമാണു ഹാമുകളുടെ എണ്ണം. അടിക്കടി പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന ജപ്പാനിൽ അവശ്യ സംവിധാനമാണ് ഹാം റേഡിയോ. ഹാം റേഡിയോ നിരോധിച്ച രണ്ടു രാജ്യങ്ങൾ യെമനും വടക്കൻ കൊറിയയുമാണ്.) ഇന്ത്യയിൽ ഹാം ലൈസൻസ് എടുത്തവരിൽ ഡോക്‌ടർമാർ, എൻജിനീയർമാർ, ഐടി വിദഗ്‌ധര്‍ എന്നിവരാണു കൂടുതല്‍. ഹാമുകൾക്ക്  ബഹിരാകാശ യാത്രികരുമായും സംസാരിക്കാനുള്ള സൗകര്യം ഇപ്പോഴുണ്ട്.

സർക്കാരിൽനിന്നു ലഭിക്കുന്ന ലൈസൻസുണ്ടെങ്കിൽ ഈ സംവിധാനം ആർക്കും ഉപയോഗിക്കാം. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം നടത്തുന്ന പരീക്ഷയെഴുതി പാസായാൽ മാത്രമേ ലൈസൻസ് ലഭിക്കുകയുള്ളൂ.  പരീക്ഷയ്ക്ക് വിദ്യാഭ്യാസയോഗ്യത നിഷ്‌കർഷിച്ചിട്ടില്ല. 12 വയസ്സ് കഴിഞ്ഞ ആർക്കു വേണമെങ്കിലും പരീക്ഷയ്ക്കിരിക്കാം. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ കീഴിലുള്ള വയർലെസ് പ്ലാനിങ് ആൻഡ് കോ ഓർഡിനേഷൻ വിങ് അഥവാ WPC ആണ് ഇന്ത്യയിൽ ഹാം റേഡിയോ ലൈസൻസ് നല്കാൻ ചുമതലപ്പെട്ട അതോറിറ്റി. പരീക്ഷ നടത്തി ലൈസൻസ് നൽകുന്നതും  അവർ തന്നെ. കേരളത്തിൽ, കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്തുള്ള മോണിറ്ററിങ്ങ് സ്റ്റേഷനാണ് ഹാം റേഡിയോ അനുമതിക്കായുള്ള പരീക്ഷ നടത്തുന്നത്. നൂറു രൂപയാണു  പരീക്ഷാഫീസ്.  മൂന്നു വിഷയങ്ങളടങ്ങുന്ന അധികം ബുദ്ധിമുട്ടില്ലാത്ത ഒരു ചെറിയ പരീക്ഷയാണുള്ളത്. മോഴ്‌സ് കോഡ് (അയയ്ക്കലും സ്വീകരിക്കലും), വാർത്താവിനിമയ രീതികൾ, പ്രാഥമിക ഇലക്ട്രോണിക്‌സ് അറിവ് എന്നിവയിൽ പരിചയമുണ്ടെങ്കിൽ പരീക്ഷ പാസ്സാകാം. എന്നാൽ പരീക്ഷ പാസ്സായ ഉടനെ ലൈസൻസ് ലഭിക്കില്ല. അതിനായി നിശ്ചിതഫീസ് അടച്ചു കാത്തിരിക്കണം. പോലീസ്, Intelligence Bureau വെരിഫിക്കേഷനുകൾക്ക് ശേഷം ആജീവനാന്തലൈസൻസ് തപാലിൽ അയച്ചു കിട്ടും. ലൈസൻസ് ഫീസ് 20 വർഷം കാലാവധി ഉള്ളതിന് 1000 രൂപ, ലൈഫ് ടൈം ലൈസൻസ് 2000 രൂപ. ഓരോ അഞ്ചു വർഷം കൂടുമ്പോളും ലൈസൻസ് പുതുക്കാം. ഇതിനുള്ള ഉപകരണവും തുച്ഛമായ ചെലവിൽ ലഭ്യമാകുന്നതാണ്.

ഹാമുകൾ പരസ്പരം തിരിച്ചറിയുന്നത് കോൾസൈൻ വഴിയാണ്. ഹാം റേഡിയോ ഉപയോഗിക്കുന്നവർ ചുരുക്കപ്പേരിലാണ് (ഹാൻഡിൽ) അറിയപ്പെടുക. ലൈസൻസ് ലഭിക്കുന്ന ഓരോരുത്തർക്കും (ഓരോ ഹാമിനും) ഒരു കോൾ സൈൻ ലഭിക്കും. ഇത് അതതു രാജ്യത്തെ സർക്കാർ ഏജൻസിയാണ് നൽകുന്നത്. കോൾ സൈൻ കണ്ടാൽ അത് ഏതുരാജ്യത്തുനിന്നുള്ള ഹാമാണെന്ന് കണ്ടെത്താനാകും. ഇന്ത്യയിലെ ഹാമുകളുടെ കോൾസൈൻ VU എന്ന അക്ഷരങ്ങളിലാണ് തുടങ്ങുന്നത്. ഉദാഹരണത്തിന് VU2RG ഇന്ത്യയിലെ ഉപയോക്താവിന്റെ ഹാം കോഡ് ആണ്. ഇതിൽ VU എന്നത് ഇന്ത്യയെ സൂചിപ്പിക്കുന്നു. 2 എന്നത് ഒന്നാം ഗ്രേഡിനെയും ( ജനറൽ, റെസ്ട്രിക്റ്റഡ്, SWL - ഷോർട്ട് വേവ് ലിസണർ )  RG എന്നത് പ്രസ്തുത ഹാം റേഡിയോ ലൈസൻസ് കൈയ്യാളുന്നയാളെയും സൂചിപ്പിക്കുന്നു. VU2SON, VU2LNH, VU3OSN, VU3VIO, VU3WFO എന്നതും സമാനമായി മനസ്സിലാക്കേണ്ടതാണ്.  ലോകത്തെ എല്ലാ രാജ്യങ്ങൾക്കും ഇത്തരം പ്രത്യേക അക്ഷരകോഡുകൾ നൽകിയിട്ടുണ്ട്. A എന്നത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ കോഡ് ആണ്. AP എന്നത് പാകിസ്താന്റെയും HG എന്നത് ഹംഗറിയുടെയും കോഡിലെ ആദ്യാക്ഷരങ്ങളായിരിക്കും. പലരാജ്യങ്ങൾക്കും ഒന്നിൽ കൂടുതൽ കോഡുകൾ ഉണ്ടാകാം. ഉദാഹരണത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കക്ക് K എന്നൊരു കോഡ് കൂടെയുണ്ട്. കോൾസൈനിൽ രാജ്യത്തെ സൂചിപ്പിക്കുന്ന അക്ഷരങ്ങൾക്കു ശേഷമുള്ള അക്കം ഹാമിന്റെ ലൈസൻസിന്റെ ഗ്രേഡിനെ കാണിക്കുന്നു. അവസാനത്തെ രണ്ടോ മൂന്നോ അക്ഷരങ്ങൾ ഹാമിനെ വ്യക്തിഗതമായി തിരിച്ചറിയാൻ സഹായിക്കുന്നു. ചില കോൾസൈനുകൾ ഇങ്ങനെയാണ്-   മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി (VU2RG),  സോണിയ ഗാന്ധി (VU2SON), കമൽഹാസൻ (VU2HAS),   ലോക്‌നാഥ് ബെഹ്‌റ (VU2LNH) .   


മറ്റു ആശയവിനിമയം പോലെ  എന്തും ഏതും ഇതുവഴി സംസാരിക്കാൻ കഴിയില്ല. കൈമാറുന്ന സന്ദേശങ്ങൾ മോണിറ്റർ ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ട് മതപരമായകാര്യങ്ങൾ, ബിസിനസ് പ്രൊമോഷൻ, രാഷ്ട്രീയം, മ്യൂസിക് ബ്രോഡ്കാസ്‌റ് തുടങ്ങിയവ ഒഴികെയുള്ള കാര്യങ്ങൾ   ഹാം റേഡിയോയിലൂടെ ചർച്ച ചെയ്യുന്നതാണുത്തമം.  ഹാംറേഡിയോ പ്രവർത്തിപ്പിക്കുന്നത് പ്രധാനമായും മൂന്ന് തരം ഫ്രീക്വൻസി ഉപയോഗിച്ചാണ്: H.F (ഹൈ ഫ്രീക്വൻസി), V.H.F(വെരി ഹൈ ഫ്രീക്വൻസി), U.H.F(അൾട്ര ഹൈ ഫ്രീക്വൻസി ). ഇവയിൽ തന്നെ വിവിധ ബാൻഡുകൾ വേറെയുമുണ്ട്. H.F ഫ്രീക്വൻസി ഉപയോഗിച്ച് നിങ്ങൾക്ക് ലോകത്തിന്റെ എല്ലാ കോണിലേക്കും സംസാരിക്കാൻ കഴിയും . കൂടാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ശാസ്ത്രജ്ഞന്മാരോട് പോലും ഹാം റേഡിയോ ഓപ്പറേറ്റർക്ക് സംസാരിക്കാൻ അനുവാദം ഉണ്ട്. ഹാമുകൾ സാധാരണയായി 40 മീറ്റർ ബാൻഡ്, 20 മീറ്റർ ബാൻഡ് 80 മീറ്റർ ബാൻഡ് എന്നീ ബാൻഡുകളാണ് ഉപയോഗിക്കാറുള്ളത്. 144 മുതൽ 146 മെഗാ ഹെർട്സും അതിനടുത്തുള്ള ഫ്രീക്വൻസികളും ഉപയോഗിച്ചാണ് V.H.F(വെരി ഹൈ ഫ്രീക്വൻസി) ബാൻഡിൽ ഹാമുകൾ സംസാരിക്കുന്നത്. ഓരോ രാജ്യത്തും ഇത് വ്യത്യാസപ്പെടാം ( കൊടുത്തിട്ടുള്ള ഫ്രീക്വൻസിയും ബാൻഡും മിക്കവാറും എല്ലാ രാജ്യങ്ങളും ഒരേപോലെയാണ് ഉപയോഗിക്കുന്നത് ). വീട്ടിലെ മേശപ്പുറത്തുവെച്ചു പ്രവർത്തിപ്പിക്കാവുന്ന  ചെറിയ ഒരു റേഡിയോ സ്റ്റേഷൻ തന്നെയാണ് ഹാം വയർലസ് സെറ്റ് അഥവാ ട്രാൻസീവർ (ട്രാൻസ്മിറ്ററും റിസീവറും ചേർന്നത്) ഇതിൽ ഒരു റേഡിയോ പ്രക്ഷേപണിയും റേഡിയോ സ്വീകരണിയും ഒരു സ്ഥലത്ത്‌ പ്രവർത്തിക്കുന്നു. റേഡിയോ സ്റ്റേഷൻ അഥവാ പ്രസരണി-അന്തരീഷത്തിലേയ്ക്ക്‌ റേഡിയോ സന്ദേശങ്ങൾ അയക്കുന്നു. റേഡിയോ റിസീവർ അഥവാ സ്വീകരണി ആ സന്ദേശങ്ങൾ പിടിച്ചെടുത്ത്‌ കേൾപ്പിക്കുന്നു. 

130 വര്ഷം മുമ്പാണിതിന് തുടക്കമിട്ടത്. ജർമ്മൻ ശാസ്ത്രജ്ഞനായിരുന്ന ഹെൻറിച്ച്  റുഡോൾഫ് ഹെർട്സ്  1888 ൽ വൈദ്യുതികാന്തിക തരംഗങ്ങളെ പറ്റി പ്രതിപാദിക്കുകയും ആംസ്ട്രോങ്ങ് റേഡിയോ ഫ്രീക്ക്വൻസിക്ക് ഉപയോഗയോഗ്യമായ ഓസിലേറ്റർ സർക്ക്യൂട്ട് നിർമ്മിക്കുകയും  മാർക്കോണി  ആശയങ്ങൾ കൈമാറാൻ വയർലെസ്സ്  യന്ത്രം ഉപയോഗിച്ച് വാർത്താവിനിമയം നടത്തുകയും ചെയ്തപ്പോൾ ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്താണ് ഹാം എന്ന പേരു  രൂപപ്പെടുത്തിയെന്ന് പറയപ്പെടുന്നു.  ഹാർവാർഡ് റേഡിയോ ക്ലബ്ബിലെ ആദ്യ അമേച്വർ റേഡിയോ അംഗങ്ങളായ ആൽബർട്ട്  എസ്  ഹൈമാൻ , ബോബ് ആൽമി , പൂഗി  മുറേ എന്നിവർ ചേർന്ന് തങ്ങളുടെ പേരുകളുടെ ആദ്യാക്ഷരങ്ങൾ ചേർത്ത് ( Hyman, Almy , Murrey ) ഹാം എന്ന് പേര് നൽകിയെന്നും മറ്റൊരഭിപ്രായമുണ്ട്. അവർ 
"HYMAN-ALMY-MURRAY" എന്നായിരുന്നു ആദ്യം നൽകിയ പേര്. പേരിന്റെ ദൈർഘ്യം കുറയ്ക്കുന്നതിനായി അത് പിന്നീട് "HY-AL-MU" എന്നാക്കി. പക്ഷേ HYALMO എന്ന പേരിലുള്ള ഒരു മെക്സിക്കൻ കപ്പലിലേക്കുള്ള സന്ദേശസംജ്ഞകളുമായി ആശയക്കുഴപ്പമുണ്ടാക്കിയപ്പോൾ അവർ അത് HAM  എന്നാക്കി മാറ്റുകയായിരുന്നുവത്രേ! 

ആദ്യത്തെ സോഷ്യൽ മീഡിയ എന്നറിയപ്പെടുന്ന വിനോദമായ  ഹാം റേഡിയോ  നമ്മുടെ കൊച്ചുകേരളത്തിലും വളരെ മുമ്പുതന്നെ പ്രചാരത്തിൽ വന്നിരുന്നു. ലോകമെമ്പാടുമെന്നതുപോലെ കേരളത്തിലും ധാരാളം ഹാമുകൾ ഉണ്ട്. അവരുടെ കൂട്ടായ്മകളും സൗഹൃങ്ങളുമൊക്കെ ഉഷ്മളമായിത്തന്നെ പുലർന്നുപോരുന്നു എന്നതും ശ്രദ്ധേയം. അടിയന്തിരഘട്ടങ്ങളിൽ  ഇവരുടെ സേവനം ശ്ലാഘനീയവുമാണ്. 

Image result for HAM RadioNo comments:

Post a Comment