Saturday, October 31, 2020

അനുഭവക്കുറിപ്പ്- ഗോവ മലയാളി

 കൊറോണക്കാലചിന്തകൾ

മുംബൈ - ഒരിക്കലുമുറങ്ങാത്ത മഹാനഗരി. വ്യത്യസ്തനാടുകളിനൽനിന്നുവന്നവർ, വിവിധഭാഷകൾ സംസാരിക്കുന്നവർ, വിവിധസാഹചര്യങ്ങളിൽ ജീവിക്കുന്നവർ - എല്ലാ വൈവിധ്യങ്ങളിലും ഏകോദരസഹോദരരായി ജീവിക്കുന്ന ഈ മഹാനഗരം നിശ്ചലമാവുകയെന്നത് സങ്കല്പിക്കാൻതന്നെ കഴിയുമായിരുന്നില്ല ഇക്കഴിഞ്ഞ മാർച്ച് 20 വരെ. 

മാർച്ച് 10നാണ് ആദ്യമായി മുംബൈയിൽ ഒരു കോവിഡ്കേസ് റിപ്പോർട്ട് ചെയ്യുന്നത്. അപ്പോള്മുതൽ ജനം ഭീതിയിലായി. പലരും മുഖാവരണം ഉപയോഗിച്ചുതുടങ്ങി. മരുന്നുകടകളിൽ സാനിടൈസർ ആവശ്യക്കാർ കൂടിവന്നു ഉണ്ടായിരുന്നതൊക്കെ വളരെ വേഗം അപ്രത്യക്ഷമാവുകയും ചെയ്തു.  ചിലരെങ്കിലും വന്നുഭവിക്കാവുന്ന ദുരന്തകാലത്തെ ക്ഷാമം മുന്നിൽക്കണ്ട് അവശ്യവസ്തുക്കളുടെ ശേഖരണം തുടങ്ങിയിരുന്നു. സൂപ്പർമാർക്കറ്റുകളിൽ അത് പ്രകടവുമായിരുന്നു.   

ഞാൻ താമസിക്കുന്ന കല്യാണിൽ മാർച്ച് 20 മുതൽ 31 വരെ  ലോക്ക്ഡൌൺ പ്രഖ്യാപിച്ചത് പൊടുന്നനെയായിരുന്നു. വാഹനങ്ങളുടെയും തെരുവോരക്കച്ചവടക്കാരുടെയും  ശബ്ദകോലഹലങ്ങളില്ലാത്ത വിജനമായ നിരത്തുകൾ, അടഞ്ഞുകിടക്കുന്ന കച്ചവടസ്ഥാപനങ്ങൾ, പരീക്ഷകൾ നിർത്തിവെച്ച വിദ്യാഭ്യാസസ്ഥാപനങ്ങൾ ഭക്തരുടെ സാന്നിധ്യമില്ലാത്ത ആരാധനാലയങ്ങൾ.   എല്ലാം പുതിയ അനുഭവം. പിറ്റേന്നു  സർക്കാർസ്ഥാപനങ്ങളും ഏതാണ്ടുപൂർണ്ണമായി അടഞ്ഞുകിടന്നു. സ്പന്ദനം പോലും നിലച്ചുപോയ ലോക്കൽട്രെയിനുകൾ നഗരത്തിന് ഇതാദ്യാനുഭവം. 21ന് രാജ്യം മുഴുവൻ നിശ്ചലമായി. അധികം കാത്തിരിക്കേണ്ടിവന്നില്ല രാജ്യം മുഴുവൻ ലോക്ക്ഡൌൺ എന്ന പുതിയ അനുഭവത്തിന്റെ കയ്പ്പും ചവർപ്പും രുചിക്കാൻ. അതിന്റെ കാലയളവ് നീണ്ടുനീണ്ടുപോയി. കൊറോണയെന്ന ദൃഷ്ടിഗോചരമല്ലാത്ത ഒരു സൂക്ഷ്മജീവിയിൽനിന്നു രക്ഷപ്പെടാനുള്ള തത്രപ്പാട്.  മനുഷ്യൻ എത്ര ബാലഹീനനാണെന്നു തിരിച്ചറിഞ്ഞ നാളുകൾ. 

ഭക്ഷണസാധാനങ്ങളുടെ ദൗർലഭ്യം വളരെ ബുദ്ധിമുട്ടിച്ച ദിവസങ്ങളായിരുന്നു ലോക്ക്ഡൗണിന്റെ ആദ്യനാളുകൾ. പഴങ്ങളും പച്ചക്കറികളും കിട്ടാനില്ലാത്തതുകൊണ്ടുള്ള വിഷമതയനുഭവിക്കുമ്പോൾ  എന്റെ ചിന്ത ദുരിതമനുഭവിക്കുന്ന  കൃഷിക്കാരെക്കുറിച്ചും കച്ചവടക്കാരെക്കുറിച്ചുമൊക്കെയായിരുന്നു. ടൺ കണക്കിന് പഴങ്ങളും പച്ചക്കറികളും ആർക്കുമുപയോഗിക്കാനാവാതെ നശിച്ചുപോയിരിക്കില്ലേ? അതുമൂലം എത്ര കർഷകരും കച്ചവടക്കാരുമാണ്  കഷ്ടതയാനുഭവിച്ചിരിക്കുക. വിവിധമേഖലകളിൽ  തൊഴിൽ  നഷ്ടപ്പെട്ട ലക്ഷക്കണക്കിനു  ജനങ്ങൾ സ്വന്തം നാട്ടിലെത്താൻ വാഹനസൗകര്യമില്ലാതെ പട്ടിണിയിൽക്കഴിഞ്ഞ നാളുകൾ. ഇങ്ങനെയൊരവസ്ഥ ദുഃസ്വപ്നങ്ങളിൽപ്പോലും നമ്മൾ കണ്ടിരുന്നതല്ല. പക്ഷേ പൊരുത്തപ്പെടാനല്ലാതെ നമുക്ക് കഴിയുമായിരുന്നില്ല. 

എല്ലാവിധ ആഡംബരങ്ങളിൽനിന്നും മനുഷ്യൻ ഒഴിഞ്ഞുനിന്ന നാളുകളായിരുന്നു ആ ദിനങ്ങൾ.  പരിമിതമായ ആവശ്യങ്ങൾ, യാത്രകളെ ജീവിതത്തിൽനിന്നുതന്നെ ഒഴിവാക്കിനിർത്തിയ ദിനരാത്രങ്ങൾ,   ആഘോഷങ്ങളില്ലാത്ത വിശേഷാവസരങ്ങൾ, ആധുനികവർത്താവിനിമയോപാധികളിൽ ആശ്വാസം തേടിയ നാളുകൾ. ഫേസ്ബുക്കും വാട്‌സ് ആപ്പുമൊക്കെ ഇല്ലായിരുന്നെങ്കിൽ ജീവിതം എത്ര വിരസമാകുമായിരുന്നു! ചിലരെങ്കിലും വായനയിൽ ആശ്വാസംതേടി.  ഉറക്കത്തിനുമാത്രം വിട്ടിലുണ്ടാവുമായിരുന്ന പല കുടുംബാംഗങ്ങളും മുഴുവൻ സമയവും വീട്ടിൽ എന്ന ആനന്ദാനുഭവം കുഞ്ഞുങ്ങളെ ഏറെ സന്തോഷിപ്പിച്ചിരിക്കാമെങ്കിലും അവരിൽനിന്ന് അടർത്തിമാറ്റപ്പെട്ടത്  ചങ്ങാതിമാരോടൊപ്പമുള്ള കളികളും സഹവാസവുമാണ്. പുറത്തു കളിക്കുന്ന കുട്ടികളുടെ ശബ്ദകോലഹലങ്ങൾകൊണ്ടു മുഖരിതമായിരുന്ന സായന്തനങ്ങൾ വിസ്മൃതിയിലായിക്കൊണ്ടിരിക്കുന്നു.  വൈകാരികമായി ഏറ്റവും നഷ്ടമനുഭവിച്ചിരിക്കുന്നതും കുട്ടികളാണ്. വളരെവേഗംതന്നെ കുട്ടികൾ ഈ ദുരവസ്ഥയോടു പൊരുത്തപ്പെട്ടു എന്നത് അതിശയിപ്പിച്ചു എന്ന് പറയാതെ വയ്യ. മാസ്‌കും സാനിട്ടൈസറും മറ്റെന്തിനേക്കാളും പ്രാധാന്യമേറിയ അവശ്യവസ്തുക്കളെന്ന് മുതിർന്നവരെപ്പോലെ കുഞ്ഞുങ്ങളും തിരിച്ചറിയുന്നു.  അന്നന്നത്തെ അന്നംതേടി പുറത്തുപോയിരുന്നവർക്ക് തികച്ചും നരകയാതന അനുഭവവേദ്യമായ ദുരിതകാലം. ആത്മഹത്യയല്ലാതെ അവർക്ക് മറ്റൊരുമാർഗ്ഗവും ഇല്ലാതായ നാളുകൾ!

ഈ ദുരിതകാലം നമുക്കു നൽകിയ തിരിച്ചറിവുകൾ ഏറെയാണ്.  മറ്റുള്ളവരിൽനിന്ന് അകലം പാലിച്ചും അങ്ങേയറ്റം ശുചിത്വം പരിശീലിച്ചും നമ്മളിന്നു ജീവിക്കാൻ പഠിച്ചു. സ്വയം രക്ഷതേടാനും ഒപ്പമുള്ളവരെ  രക്ഷിക്കാനും അത് അത്യാവശ്യമാണെന്ന് നമുക്കിന്നറിയാം. അതിഥികളെ അകറ്റിനിർത്താനും രോഗികളെപ്പോലും സന്ദർശിക്കാതിരിക്കാനും ആഘോഷങ്ങൾ പോയിട്ട് മരണാനന്തരചടങ്ങുകളില്പോലും  പങ്കെടുക്കാതിരിക്കാനും വീട്ടിലിരുന്നും ഈശ്വരാരാധന നടത്താമെന്നും നമ്മൾ നമ്മളെ പഠിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. ഇതൊക്കെ നമുക്ക് സാധ്യമാകുന്നുമുണ്ട്. എങ്കിൽപോലും എത്രയുംവേഗം ഈ സ്ഥിതിയൊന്ന് മാറിയെങ്കിൽ എന്ന പ്രാർത്ഥനമാത്രം എല്ലാ മനസ്സുകളിലും ഉണ്ട്. ഒന്നും ചെയ്യാനില്ലാതെ വെറുതെ കടന്നുപോകുന്ന ദിനങ്ങൾ ആയുസ്സില്നിന്നുതന്നെ നഷ്ടമാകുന്നതുപോലെ. ഈ നാളുകൾ ഒരു ദുഃസ്വപ്നംപോലെ മാഞ്ഞുപോയിരുന്നെങ്കിൽ, പഴയതുപോലെയുള്ള  ജീവിതം തിരികെ വന്നെങ്കിൽ, അകലെയുള്ള പ്രിയപ്പെട്ടവരെ കാണാൻ കഴിഞ്ഞെങ്കിൽ, ഭയമില്ലാതെ സ്വതന്ത്രമായി യാത്രചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ  എന്നൊക്കെ ആശിക്കുകയാണ്.  അനതിവിദൂരഭവിയിൽ  വാക്സിൻ സർവ്വസാധാരണമാകുമെന്നും കൊറോണവൈറസിനെ നമുക്കു പൊരുതിതോൽപ്പിക്കാനാവുമെന്നും പ്രതീക്ഷിക്കാം.   കാലമെന്നതുതന്നെ മാറ്റമാണല്ലോ. ആ കാലംതന്നെ എല്ലാത്തിനും പരിഹാരം കണ്ടെത്തുമെന്നു പ്രത്യാശിക്കാം. 

No comments:

Post a Comment