Thursday, January 7, 2021

അസ്ഗാർഡിയ - ശൂന്യാകാശത്ത് ഒരു വാസസ്ഥലം

അസ്ഗാർഡിയ - ശൂന്യാകാശത്ത് ഒരു വാസസ്ഥലം =============================================

'ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ!' 

കവിയുടെ ഈ ചോദ്യം നമ്മളും ചോദിച്ചുകൊണ്ടേയിരിക്കുന്നു. അപ്പോൾപ്പിന്നെ നിലനിൽപ്പിനായി  മനുഷ്യനു വസിക്കാൻ മറ്റൊരിടം കണ്ടെത്തേണ്ടതല്ലേ? അതേ, അങ്ങനെയൊരു രാജ്യം ബഹിരാകാശത്ത്  സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതാണ് 'അസ്ഗാർഡിയ'. ഇതൊരു ഭാവനയോ  സിനിമയോ നോവലോ ഒന്നുമല്ല. പച്ചപ്പരമാർത്ഥംതന്നെ. സമ്പന്നറഷ്യൻവ്യവസായിയും ശാസ്ത്രജ്ഞനും ആയ ഐഗോർ ആഷർബെയ്‌ലിയാണ്    ഈ ആശയം മുന്നോട്ടു കൊണ്ട് വന്നത്. അങ്ങനെയൊരു രാജ്യം സ്ഥാപിതമാവുകയും അസ്ഗാർഡിയ എന്ന് അതിനു നാമകരണം ചെയ്യപ്പെടുകയുമുണ്ടായി. പുരാതന ജർമ്മനിയിലെ  നോര്‍സ് മതത്തില്‍ ദൈവങ്ങളുടെ നാടിന്‍റെ പേരാണ് അസ്ഗാര്‍ഡ്. ഇതില്‍നിന്നാണ് അസ്ഗാര്‍ഡിയ എന്ന പേരുണ്ടായത് 2016 ഒക്ടോബർ 12 ന് പാരീസിൽ നടന്ന പത്രസമ്മേളനത്തിലാണ് ആഷർബെയിലി ഈ നവരാഷ്ട്രത്തിന്റെ പിറവിപ്രഖ്യാപനം നടത്തിയത്.

ബഹിരാകാശത്ത് ഒരു രാജ്യം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി 2017 നവംബർ 12 നു അൻഗാർഡിയയുടെ  ആദ്യ ഉപഗ്രഹം വിക്ഷേപിക്കപ്പെട്ടു. അഞ്ചുലക്ഷംപേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഈ രാജ്യം ഒരു ബഹിരാകാശനിലയം പണിയുന്നതുപോലെ ഘട്ടംഘട്ടമായി പൂർത്തീകരിക്കാനാണ് പദ്ധതി.  “ശൂന്യാകാശത്ത്  എന്ന് ഒരു കുട്ടി ജനിക്കുന്നു അന്നുമുതൽ മനുഷ്യരാശി എന്നേക്കും ജീവിക്കും” ഇതാണ് ആഷർബെയ്‌ലിയുടെ  നിഗമനം. പക്ഷേ അതിന് ഒരു കാൽ നൂറ്റാണ്ടെങ്കിലും കാത്തിരിക്കേണ്ടിവന്നേക്കാം.  

ഇപ്പോൾ മൂന്നുലക്ഷത്തിലധികം ജനസംഖ്യയുള്ള അസ്ഗാർഡിയ എന്ന ബഹിരാകാശരാജ്യം പ്രവർത്തിച്ചുവരുന്നത് ഓസ്ട്രിയയിലെ വിയന്ന ആസ്ഥാനമാക്കിയാണ്. പൗരത്വമെടുക്കുന്നവർക്ക് സിറ്റിസൺഷിപ് സർട്ടിഫിക്കറ്റ് ലഭിക്കുകയുംചെയ്യുന്നു. നമ്മുടെ കൊച്ചുകേരളത്തില്നിന്നുപോലും ഇവിടെ പൗരന്മാരായുണ്ട് . അസ്ഗാർഡിയ സമ്പൂർണ്ണവും സ്വതന്ത്രവുമായ ഒരു രാജ്യമാണ്, ഐക്യരാഷ്ട്രസഭയുടെ ഭാവി അംഗമാണ് - ഈ പദവി ഉൾക്കൊള്ളുന്ന എല്ലാ സവിശേഷതകളും - ഒരു സർക്കാരും എംബസികളും, ഒരു പതാകയും , ഒരു ദേശീയഗാനവും , ദേശീയചിഹ്നവും ഈ രാജ്യത്തിന് സ്വന്തമായുണ്ട്. കൂടാതെ  സ്വന്തം  കറൻസിയും ഉണ്ട്. ബിറ്റ്‌കോയിൻ എന്ന ഡിജിറ്റൽ കറൻസി ആവിഷ്കരിക്കുന്ന ക്രിപ്റ്റോ കറൻസി സാങ്കേതികവിദ്യ ആണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ഇത്  അസ്ഗാർഡിയസോൾ അല്ലെങ്കിൽ അസ്ഗാർഡിയസോളാർ എന്നും അറിയപ്പെടുന്നു. ഒരു സോളിന്റെ മൂല്യം  ഒരു യൂറോ ആണ്. 

ഭൂമിക്കു പുറമേ ഒരു താമസസ്ഥലം ഒരുക്കുക എന്നത് ഏറെ  പ്രയാസകരമായ കാര്യമാണെന്ന് ഊഹിക്കാമല്ലോ . അസ്ഗാർഡിയ മുഴുവനായി സഫലമാവാൻ ഇനിയും വർഷങ്ങൾ വേണ്ടിവരും! വർഷങ്ങൾ നീളുന്ന പരീക്ഷണങ്ങൾ, സാങ്കേതികമാറ്റങ്ങൾ ഒക്കെ  ഇതിനാവശ്യമാണ്. അതിന് അനേകകോടികൾ ചെലവും  വരുന്നുണ്ട്. ഒക്കെ സാധ്യമായൽ തിരഞ്ഞെടുക്കപ്പെട്ട മനുഷ്യരെ പേടകങ്ങളില്‍ കയറ്റി അസ്ഗാര്‍ഡിയയിലേക്ക് അയക്കും. അപ്പോഴേക്കും  മനുഷ്യര്‍ക്കു ജീവിക്കാന്‍ വേണ്ടതെല്ലാം അവിടെ തയ്യാറാക്കിയിരിക്കും.  അതിസമ്പന്നർക്കുമാത്രമേ ഇവിടെ പൗരത്വം നേടാനാവൂ എന്നതും വ്യക്തം. 

അസ്ഗാര്‍ഡിയയുടെ രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കാനുള്ള ആദ്യ വോട്ടെടുപ്പ് 2017 ജനുവരിയില്‍ നടന്നു. അസ്ഗാര്‍ഡിയയില്‍ പൗരത്വത്തിനായി അപേക്ഷിച്ചവരായിരുന്നു വോട്ടര്‍മാര്‍. ഓൺലൈനിൽ  നടന്ന വോട്ടെടുപ്പിന്‍റെ ഫലം  പ്രഖ്യാപിക്കപ്പെട്ടപ്പോൾ  അസ്ഗാര്‍ഡ് രാജ്യത്തിന്‍റെ ആദ്യ പ്രസിഡന്‍റായി ഡോക്ടര്‍ ആഷര്‍ബെയ്‍‍ലി വന്‍ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. അസ്ഗാര്‍ഡിയ രാജ്യത്തിന്‍റെ ആദ്യപ്രഖ്യാപനം  ലോകത്തെ എല്ലാ രാജ്യങ്ങളിലുമുള്ളതുപോലെ അസ്ഗാര്‍ഡിയയിലും ആളുകള്‍ സര്ക്കാരിന് നികുതിയടക്കേണ്ടിവരുമെന്നതായിരുന്നു!   'ഭൂമിയിലെ തര്‍ക്കങ്ങളും പ്രശ്നങ്ങളുമൊന്നും ആകാശത്തേക്കു കൊണ്ടുവരരുത്’ എന്നതാണ് അസ്ഗാര്‍ഡിയയിലെ പൗരന്മാര്‍ക്കുള്ള ആദ്യത്തെ കൽപന. മതങ്ങളോ ഗ്രൂപ്പുകളോ സംഘടനകളോ ഒന്നും അസ്ഗാര്‍ഡിയയില്‍ ഉണ്ടാവില്ല. ആളുകള്‍ക്ക് വേണമെങ്കില്‍ ഒറ്റയ്ക്ക് ഇഷ്ടമുള്ള ദൈവത്തോടു പ്രാര്‍ത്ഥിക്കാം. സയന്‍സ് ആയിരിക്കും എല്ലാവരും അംഗീകരിക്കുന്ന തത്വം. രാജ്യത്തിന്‍റെ ഭാവി സംബന്ധിച്ച എല്ലാ കാര്യങ്ങളും തീരുമാനിക്കാന്‍ ഒരു ഗവണ്‍മെന്‍റ് ഉണ്ടാവും. കാര്യങ്ങള്‍ നോക്കിനടത്താന്‍ മന്ത്രിമാരും ഉണ്ടാവും. 

 ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും പല രാജ്യങ്ങളും അത്ര സൗഹൃദമനോഭാവത്തോടെയല്ല ഇതൊന്നും നോക്കിക്കാണുന്നത്. ബഹിരാകാശം ആരുടെയും സ്വന്തമല്ല എന്നതാണ് പ്രധാനകാരണം. തങ്ങളുടെ പൗരന്മാരെ അസർഗാഡിയ കൊണ്ടുപോകുന്നത് പലർക്കും ഇഷ്ടവുമല്ല. ഭൂമിയിൽത്തന്നെ അങ്ങു ജീവിച്ചാൽ പോരേ എന്നാണവരുടെ ചോദ്യം. മലിനീകരണം കാരണം നാളെ ഈ ഭൂമി ജീവിക്കാന്‍ പറ്റാത്തതാകുമ്പോള്‍ ഇന്ന് പരിഹസിക്കുന്ന  പലരും തങ്ങളുടെ ആകാശരാജ്യത്തിലേക്ക് ഒരു വിസ കിട്ടാനായി ക്യൂനില്‍ക്കുമെന്ന് അസ്ഗാര്‍ഡിയന്‍സ് പറയുന്നു..... എല്ലാം കണ്ടറിയേണ്ട കാര്യങ്ങൾതന്നെ! No comments:

Post a Comment