Monday, January 11, 2021

രാജാവിന്റെ കുതിരച്ചെവി (ഒരു വിദേശനാടോടിക്കഥയുടെ പുനരാവിഷ്കാരം )

പണ്ടേക്കുപണ്ട് അശ്വകേദാരമെന്ന രാജ്യത്തെ രാജാവിനും രാജ്ഞിക്കും ആറ്റുനോറ്റിരുന്ന്  ഒരു കുമാരൻ ജനിച്ചു. ഈറ്റില്ലത്തിൽ തിരുവയറൊഴിഞ്ഞ രാജ്ഞി തന്റെ ഓമനക്കുഞ്ഞിനെക്കണ്ടു സ്തംഭിച്ചുപോയി. കുഞ്ഞിന്റെ ചെവി കുതിരയുടേതുപോലെയുണ്ട്.
രാജ്ഞിക്ക് ആകെ വേവലാതിയായി. ആരെങ്കിലുമറിഞ്ഞാൽ നാണക്കേടാണ്. മാലോകരൊക്കെ പരിഹസിക്കും. ഇക്കാര്യം ആരുമറിയാതിരിക്കാൻ  രാജ്ഞിക്ക് ഒരുവഴിയേ  ഉണ്ടായിരുന്നുള്ളു.  ആ സമയത്ത് തന്നോടൊപ്പമുണ്ടായിരുന്ന സൂതികയെ മറ്റാരും ഒരിക്കലും  കാണാത്തവിധത്തിൽ തടവിലാക്കുക. അവർ മാത്രമേ കുഞ്ഞിനെ കണ്ടിട്ടുള്ളു. പിന്നെ കുഞ്ഞിന്റെ തല എപ്പോഴും  മൂടിവയ്ക്കുക. രണ്ടും രാജ്ഞി വേഗംതന്നെ നടപ്പിലാക്കി. സൂതികയെ രാജ്ഞിയുടെ പള്ളിയറയോടുചേർന്നുണ്ടായിരുന്ന മറ്റൊരു ചെറിയ അറയിലേക്കുമാറ്റി വാതിൽ പൂട്ടിയിട്ടു. കുഞ്ഞിന് നല്ലൊരു തലപ്പാവുമുണ്ടാക്കി.
സദാ തലപ്പാവണിഞ്ഞ രാജകുമാരൻ കൊട്ടാരത്തിൽ ഏവരുടെയും കണ്ണിലുണ്ണിയായി വളർന്നു. കുമാരന്റെ സർവ്വകാര്യങ്ങളും നോക്കിനടത്തിയിരുന്നത് അമ്മമഹാറാണിതന്നെയായിരുന്നു. റാണിക്ക് പുത്രനോടുള്ള സ്നേഹക്കൂടുതലായാണ് അത് വ്യാഖ്യാനിക്കപ്പെട്ടതെങ്കിലും പരിചാരകരെങ്ങാൻ തന്റെ ഓമനപ്പുത്രന്റെ കുതിരച്ചെവി കണ്ടാലോ എന്ന ഭയത്താലാണ് അവർ അത്തരമൊരു അടവെടുത്തത്. ഗുരുകുലത്തിൽപോലും അയയ്ക്കാതെ ഗുരുജനങ്ങളെ കൊട്ടാരത്തിൽ താമസിപ്പിച്ചായിരുന്നു കുമാരന്റെ വിദ്യാഭ്യാസം  പക്ഷേ  സൽസ്വഭാവിയും സുന്ദരനുമായ കുമാരൻ അതിബുദ്ധിമാനുമായിരുന്നതുകൊണ്ടു   വളരെവേഗം എല്ലാവിധ അറിവുകളും സ്വായത്തമാക്കി. സകലകലകളിലും നൈപുണ്യം നേടി. താമസിയാതെ രാജ്യത്തിൻറെ ഭരണഭാരം  കുമാരനു കൈമാറാൻ രാജാവ് സന്നദ്ധനായി. പുതിയ രാജാവിനെ പ്രജകൾ തങ്ങളുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു. എല്ലാവര്ക്കും സർവ്വസമ്മതമായ ഭരണം കാഴ്ചവെക്കാൻ രാജാവും ബദ്ധശ്രദ്ധനായിരുന്നു.

തങ്ങളുടെ രാജാവ്  വർഷത്തിലൊരിക്കലേ മുടിമുറിക്കൂ എന്നൊരുവാർത്ത മെല്ലേ രാജ്യത്തിലെങ്ങും  പ്രചരിച്ചു. ആറേഴുസംവത്സരങ്ങൾ  കടന്നുപോയി. ഓരോവർഷവും രാജാവിന്റെ മുടിമുറിക്കാൻ കൊട്ടാരത്തിലേക്കു പോയ ക്ഷുരകന്മാരാരും പിന്നീട് പുറത്തേക്കുവന്നതേയില്ല. അവർക്കെന്തുസംഭവിച്ചെന്നും ആർക്കുമറിയില്ല. പക്ഷേ  ഈ തിരോധാനങ്ങൾ മറ്റു ക്ഷുരകന്മാരിൽ ഭീതിപടർത്തി. അവർ ഒന്നൊഴിയാതെ ദൂരെസ്ഥലങ്ങളിലേക്കു താമസംമാറി. ആരും പിന്നെ കൊട്ടാരത്തിന്റെ സമീപത്തുപോലും വരാതെയുമായി. പക്ഷേ  വർഷത്തിലൊരിക്കൽ നടത്തുന്ന ക്ഷൗരം രാജാവിനൊഴിവാക്കാനുമാവില്ലല്ലോ. അതുകൊണ്ടു നറുക്കെടുത്തു ക്ഷുരകനെ തീരുമാനിക്കാൻ രാജാവ് സന്നദ്ധനായി.  

വർഷങ്ങൾ പലതു  കടന്നുപോയി. ക്ഷുരകന്മാരും. അങ്ങനെ ആ വർഷം പള്ളിക്ഷൗരത്തിനു നറുക്കുവീണത് അപ്പുക്കുട്ടൻ എന്ന ക്ഷുരകനായിരുന്നു. വൃദ്ധരായ  മാതാപിതാക്കളുടെ ഏകസന്താനം. അപ്പുക്കുട്ടൻ അതീവദുഃഖിതനായി. രാജാവിന്റെ മുടിമുറിച്ചശേഷം തനിക്കു വീട്ടിലേക്കു  മടക്കമുണ്ടാവില്ലെന്നറിയാം. പാവം മാതാപിതാക്കളെ ആരു സംരക്ഷിക്കുമെന്ന ചിന്ത അയാളെ അലട്ടി. എന്തായാലും അപ്പുക്കുട്ടനു കൊട്ടാരത്തിലെത്താതെവയ്യാ. രണ്ടുംകല്പിച്ച് അയാൾ യാത്രയായി. ധൈര്യം സംഭരിച്ച് രാജാവിന്റെ മുടി മുറിക്കുന്ന ചടങ്ങു നടത്തി. അയാൾ കുതിരച്ചെവികണ്ടു. മറ്റു ക്ഷുരകന്മാർ തിരികെയെത്താത്ത രഹസ്യം അയാൾ മനസ്സിലാക്കി. രാജാവിന്റെ കാലക്കൽവീണു കേണപേക്ഷിച്ചു തന്റെ ജീവനെടുക്കരുതെയെന്ന്. 
"പ്രഭോ, ഞാൻ മരിച്ചാൽ എന്റെ വൃദ്ധരായ മാതാപിതാക്കൾ അനാഥരാവും. അവർ പട്ടിണികിടന്നു മറിച്ചുപോകും. എന്നെ ദയവായി പോകാനനുവദിക്കണം."
"ഇല്ല. നിന്നെ പോകാനനുവദിച്ചാൽ നീ എന്റെ ചെവിയുടെ കാര്യം എല്ലാവരോടും പറയും. പിന്നെ ഞാൻ ജീവിച്ചിരുന്നിട്ടു കാര്യമില്ല."
 " ഇല്ല മഹാരാജൻ. അങ്ങയുടെ ചെവിയുടെ രഹസ്യം ഞാനരോടും പറയില്ല. ഈശ്വരനാണെ, എന്റെ മാതാപിതാക്കളാകണെ സത്യം." അപ്പുക്കുട്ടൻ പൊട്ടിക്കരയുകയായിരുന്നു. 
തന്റെ പാദങ്ങളിൽ വീണു കരയുന്ന ആ ചെറുപ്പക്കാരനോട് രാജാവിന് അല്പം ആളിവുതോന്നി. അദ്ദേഹം ഇത്തിരിനേരം  അവനെതന്നെ നോക്കിനിന്നു. പിന്നീടു പറഞ്ഞു.
" ശരി, നീ കരയേണ്ടാ. പക്ഷേ ഇതാരെങ്കിലും അറിഞ്ഞാൽ നിനക്ക് കിട്ടാൻപോകുന്ന ശിക്ഷ അതിഭീകരമായിരിക്കും." 
അപ്പുക്കുട്ടൻ പിന്നെയും ആണയിട്ടു, ആരോടും രഹസ്യം വെളിവാക്കില്ലെന്ന്. അങ്ങനെ അയാൾക്ക് മടങ്ങിപ്പോകാനായി. 

ആദ്യമൊക്കെ തനിക്കു കൈവന്ന ഭാഗ്യത്തിൽ സന്തോഷിച്ചെങ്കിലും തന്റെ  മനസ്സിൽ സൂക്ഷിക്കുന്ന രഹസ്യം കാലക്രമേണ അപ്പുക്കുട്ടന്റെ സ്വൈര്യം കെടുത്തി. ഉറക്കം നഷ്ടപ്പെട്ടു. വിശപ്പും ദാഹവും ഇല്ലാതായി. ആരോഗ്യം ക്ഷയിച്ചു. ജോലിക്കുപോകാൻ  കഴിയതായി. ഒടുവിൽ ഒരു വൈദ്യനെ സമീപിച്ച് അപ്പുക്കുട്ടൻ തന്റെ വിഷമതകളൊക്കെ പറഞ്ഞു. ആദ്യമൊന്നും വൈദ്യന് അപ്പുക്കുട്ടന്റെ രോഗമെന്തെന്നു മനസ്സിലായതെയില്ല. വിശദമായി ചോദിച്ചപ്പോഴാണ് അപ്പുക്കുട്ടന്റെ രോഗത്തിന് കാരണം അയാൾ മനസ്സിൽ സൂക്ഷിക്കുന്ന ഏതോ വലിയ രഹസ്യമാണെന്നു മനസ്സിലായത്. അതെങ്ങനെയെങ്കിലും ആരോടെങ്കിലും പറയാതിരുന്നാൽ കാര്യം വഷളാകുമെന്നു വൈദ്യന് മനസ്സിലായി. അദ്ദേഹം അപ്പുക്കുട്ടൻ ഒരു നിർദ്ദേശം കൊടുത്തു. 
" നാളെ നീ രാജ്യത്തിൻറെ അതിർത്തിപ്രദേശത്തെ ഘോരവനത്തിലേക്കു പോകണം. വനമദ്ധ്യത്തിലെ ഒരു മരത്തിനോട് നീ ആ രഹസ്യം പറയണം. അവിടെ ആരും അത് കേൾക്കാനുണ്ടാവില്ല. അതുകൊണ്ടു ധൈര്യമായിപ്പറയാം. നിന്റെ എല്ല അസുഖങ്ങളും അതോടെ മാറിക്കിട്ടും."
അപ്പുക്കുട്ടൻ അപ്രകാരം ചെയ്തു. രോഗം ഭേദമായി. 
നാളുകൾ കടന്നുപോയി. 
അയൽരാജ്യത്തുനിന്ന് ഒരു സംഗീതജ്ഞൻ അശ്വകേദാരത്തിൽ തന്റെ സംഗീതവൈദഗ്‌ദ്ധ്യം പ്രകടിപ്പിക്കാൻ വരികയായിരുന്നു. വനത്തിൽക്കോടയുള്ള യാത്രയിൽ അദ്ദേഹത്തിന്റെ  തമ്പുരു എങ്ങനെയോ  ഒരു പൊട്ടക്കിണറ്റിൽ വീണുപോയി. വിഷണ്ണനായ സംഗീതവിദ്വാൻ വേറെ  ഒരു തമ്പുരു നിർമ്മിക്കാൻതന്നെ തീരുമാനിച്ചു. അതിനുള്ള തടി നോക്കിനടക്കവേ വനമദ്ധ്യത്തിൽ നിൽക്കുന്ന മരം അദ്ദേഹത്തിന് ‌ നന്നേ ബോധിച്ചു. അതിന്റെ ഒരു ശിഖരം മുറിച്ച് ഒരു തംബുരു നിർമ്മിച്ചു. അതുമായി കൊട്ടാരത്തിലെത്തി. രാജാവിനു വലിയ സന്തോഷമായി. അടുത്ത ദിവസംതന്നെ സംഗീതസഭക്കു ഉത്തരവിടുകയും ചെയ്തു. 
കൃത്യസമയത്തുതന്നെ രാജ്യത്തെ സംഗീതപ്രേമികളൊക്കെ സഭയിലെത്തി. ഒരു വൻ ജനാവലിതന്നെ അവിടെ  സന്നിഹിതരായിരുന്നു  .  എല്ലാവരും കാതുകൂർപ്പിച്ചിരിക്കെ വിദ്വാൻ തന്റെ തംബുരു മീട്ടാൻആരംഭിച്ചു. പക്ഷേ സംഗീതത്തിനുപകരം പുറത്തുവന്നത് 
" രാജാവിന് കുതിരച്ചെവിയാണ് , രാജാവിന് കുതിരച്ചെവിയാണ്, രാജാവിന് കുതിരച്ചെവിയാണ് ..." എന്ന വാക്കുകളാണ്. 
രാജാവിന്റെ മുഖം വിവർണ്ണമായി. അദ്ദേഹം നാണക്കേടുകൊണ്ടു തലകുനിച്ചു. പക്ഷേ സദസ്സ് നിശ്ശബ്ദമായിരുന്നു. മെല്ലെ ശിരസ്സുയർത്തി അദ്ദേഹം ചുറ്റുപാടും വീക്ഷിച്ചു. ആരും അദ്ദേഹത്തെ പരിഹസിച്ചില്ല. ഒരുപക്ഷേ സത്യം വെളിപ്പെടുത്താൻ ഇതായിരിക്കാം ഏറ്റവും ഉചിതമായ സമയമെന്ന് അദ്ദേഹം ചിന്തിച്ചു. അദ്ദേഹം ഇരിപ്പിടത്തിൽനിന്നെഴുന്നേറ്റ് വേദിയിലേക്ക് നടന്നു. സദസ്സിനാഭിമുഖമായി നിന്നശേഷം തന്റെ കിരീടം എടുത്തുമാറ്റി. രാജാവിന്റെ കുതിരച്ചെവി എല്ലാവരും കണ്ടു. പരിഹസിച്ചു ചിരിക്കുന്ന പ്രജകൾക്കു പകരം അദ്ദേഹത്തിന് കാണാനായത് സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിന്നു കൈയടിക്കുന്നതാണ്. 
പിന്നീടൊരിക്കലും അശ്വകേദാരരാജ്യത്തെ  ക്ഷുരകന്മാർ അപ്രത്യക്ഷരായിട്ടില്ല. 
1 comment: