Friday, June 11, 2021

ഏകാന്തതയുടെ വേനലും വർഷവും

 ഒരു പെൺകുട്ടി പത്തുവർഷക്കാലം ആരുമറിയാതെ കഴിഞ്ഞുകൂടുക! അതും വളരെച്ചെറിയൊരു വീട്ടിലെ കുടുസുമുറിയിൽ. ഇതൊക്കെ  അപ്പാടെ വിശ്വസിക്കാൻ ആർക്കെങ്കിലും കഴിയുമോ? എന്തായാലും എനിക്ക് കഴിയുന്നില്ല. ഇതുമാത്രമല്ല, നമ്മുടെനാട്ടിൽ നടക്കുന്ന പല കാര്യങ്ങളും വിശ്വസിനീയമല്ല എന്നതാണ് യാഥാർത്ഥ്യം 

സത്യമാണെങ്കിലും അല്ലെങ്കിലും ഇത്തരമൊരു സാഹചര്യം രണ്ടുവ്യക്തികൾക്കുണ്ടാകുന്നുവെന്നത് ഒട്ടുംതന്നെ അഭിലഷണീയമല്ല.  എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നത് ചർച്ച ചെയ്യപ്പെടേണ്ട കാര്യംതന്നെ. ഭാവിയിലെങ്കിലും ഇതുപോലെ ആർക്കെങ്കിലും സംഭവിക്കാതിരിക്കാൻ സമൂഹംതന്നെ വേണ്ടത് ചെയ്യേണ്ടിയിരിക്കുന്നു. 

ഈ സംഭവം വളരെക്കാലംപിന്നിലെ ഓരോർമ്മയിലേക്ക് എന്നെ കൊണ്ടുപോയി. ആദ്യമായി  ഞാൻ മുംബൈയിൽ വന്നത് 1990 ലാണ്.  അക്കാലത്ത് ചേട്ടന്റെ ചില സുഹൃത്തുക്കളൊക്കെ അംഗമായിരുന്ന ഒരു സംസ്കരികസംഘടനയുടെ ഒരു യോഗത്തിൽ 'മാധ്യമങ്ങളിലെ സ്ത്രീവിരുദ്ധത' എന്ന വിഷയത്തെക്കുറിച്ച് ചർച്ച നടന്നതോർക്കുന്നു.  അന്ന്, ഇന്ത്യൻ എക്‌സ്പ്രസ്സിൽ ജേർണലിസ്റ്റ് ആയിരുന്ന പ്രിയ സുഹൃത്തും അയൽക്കാരനുമായ  ഷാജി അക്കാലത്തെ ഏതോ ഒരു വാരികയിൽ ( മനോരമയോ മംഗളമോ ആണ്) പ്രസിദ്ധീകരിച്ചുവന്നിരുന്ന ഒരു നോവലിനെക്കുറിച്ചു പറയുകയുണ്ടായി. ഒരാൾ വിവാഹം കഴിഞ്ഞ് ഭാര്യയെ വീടിന്റെ  ഭൂഗർഭഅറയിൽ ആരുമറിയാതെ താമസിപ്പിച്ചിരുന്നത്രേ! അവർ മറിച്ചുപോയെന്നോമറ്റോ എല്ലാവരേയും തെറ്റിദ്ധരിപ്പിച്ചു.  അതിസുന്ദരിയും നർത്തകിയുമായ ഭാര്യയെ മറ്റാരും കാണുന്നത് അയാൾക്കിഷ്ടമില്ലായിരുന്നു. പിന്നീട് ഈ കുട്ടിയുടെ സമ്മതത്തോടെതന്നെ  മറ്റൊരു വിവാഹംകഴിച്ചു . രണ്ടാംഭാര്യ എങ്ങനെയോ ആദ്യഭാര്യയെ കണ്ടെത്തി. ഇങ്ങനെയൊക്കെയാണെന്നുതോന്നുന്നു കഥ. ഇത്തരം അസഹനീയമായ സ്ത്രീവിരുദ്ധരചനകളെ പ്രസിദ്ധീകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനെ അദ്ദേഹം നിശിതമായി വിമർശിക്കുകയും ചെയ്തു. 

ഇങ്ങനെയൊരു വിചിത്രമായ കഥയെക്കുറിച്ചറിഞ്ഞ് കൗതുകംതോന്നി ആ വാരികയുടെ  ഏതാനും ലക്കങ്ങൾ എവിടെനിന്നോ സംഘടിപ്പിച്ചു വായിച്ചതോർക്കുന്നു. പക്ഷേ അത് തുടർന്നുവായിക്കാനുള്ള മനഃസാന്നിധ്യം ഉണ്ടായതുമില്ല.  അന്ന് ഇതൊക്കെ കഥയല്ലേ, കഥയിൽ എന്തുമാകാമല്ലോ എന്നായിരുന്നു ചിന്ത. പുറംലോകം  കാണാതെ ഒരു മനുഷ്യജീവിക്ക് എങ്ങനെയാണു ഇങ്ങനെ ജീവിക്കാനാവുക! തന്നെ തടവറയിൽ പാർപ്പിച്ചിരിക്കുന്ന ഭർത്താവിനെ അകമഴിഞ്ഞു സ്നേഹിക്കാനും അയാൾക്ക്‌ മറ്റൊരു വിവാഹത്തിന് സമ്മതംകൊടുക്കാനുമൊക്കെ ഒരു പെണ്കുട്ടിക്ക് എങ്ങനെയാണു കഴിയുക! കഥകളിൽ ചോദ്യമില്ലാത്തതുകൊണ്ടു  നമ്മൾ ഇത്തരം  ചോദ്യങ്ങൾക്കൊന്നും പിന്നാലെ പോകേണ്ടതില്ലാ. പക്ഷേ ജീവിതം അതല്ലല്ലോ. പച്ചയായ യാഥാർത്ഥ്യങ്ങളുടെ  പൊള്ളിക്കുന്ന, നോവിക്കുന്ന, കുളിരണിയിക്കുന്ന, പുളകംവിടർത്തുന്ന, അനുഭവങ്ങളുടെ ആകെത്തുകയാണ്. അവിടെ ചോദ്യങ്ങളുണ്ട്. അവയ്ക്ക് ഉത്തരങ്ങളും ഉണ്ടായേ മതിയാകൂ.  

No comments:

Post a Comment