Sunday, December 26, 2021

ബുള്ളറ്റ്ബാബക്ഷേത്രം

 മനുഷ്യരിൽ  ഈശ്വരാരാധന പലവിധത്തിലാണ്. അതിന്റെ രീതി നിർണ്ണയിക്കുന്നതിന് പല അടിസ്ഥാനഘടകങ്ങളുണ്ട്. മതവിശ്വാസങ്ങളും പ്രാദേശികതയും അതാതിടത്തെ  ഭൂപ്രകൃതിയും ഋതുഭേദങ്ങളുമൊക്കെ ഇതിൽ സ്വാധീനം ചെലുത്തുന്നു. കാലാനുസൃതമായി ആ രീതികളിൽ മാറ്റങ്ങളും വരാറുണ്ട്. എങ്കിലും നിലനിന്നുപോരുന്ന ആരാധനാശൈലിയുടെ പൊതുസ്വഭാവത്തിനു കാര്യമായ മാറ്റം പൊടുന്നനെ ഉണ്ടാകാറുമില്ല. അതിൽനിന്നു വ്യതിചലിച്ചുള്ള ആരാധനകളെ നമ്മൾ വിചിത്രമെന്നു മുദ്രകുത്താറുമുണ്ട്. ബിക്കാനീറിലെ കർണ്ണിമാതാക്ഷേത്രത്തിൽ എലികളാണല്ലോ ആരാധിക്കപ്പെടുന്നത്!  തമിഴ്‌നാട്ടിലെ ഖുശ്ബുവിന്റെ അമ്പലവും തെലുങ്കാനയിലെ സോണിയാഗാന്ധിക്ഷേത്രവുമൊക്കെ ഈ ഗണത്തിൽപ്പെടും. നമ്മൾ മലയാളികൾ ഒരല്പം പരിഹാസത്തോടെയേ ഇത്തരം ആരാധനകളെ നോക്കിക്കാണാറുള്ളൂ. ഇത്തരത്തിലല്ലെങ്കിലും നമ്മുടെ നാട്ടിലും ചില ആരാധനാവൈചിത്ര്യങ്ങൾ അടുത്തകാലത്തായി ഉടലെടുത്തിട്ടുണ്ട്. ചില ക്ഷേത്രങ്ങളിലെ ഉഴുന്നുവടമാലവഴിപാടൊക്കെ അത്തരത്തിൽപ്പെടും. മറ്റൊരുദാഹരണമാണ് തലവടിയിലെ ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ  മഞ്ച്(ചോക്ലേറ്റ്) വഴിപാട്. എന്നുമുതലാണ് മുരുകഭഗവാൻ മഞ്ച് കഴിക്കാൻ തുടങ്ങിയതെന്ന് അന്തംവിട്ടിട്ടൊന്നും കാര്യമില്ല. വഴിപാടായി  പെട്ടിക്കണക്കിനാണ് മഞ്ച് അവിടെയെത്തുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്.  മഞ്ചുകൊടുത്തു ബലമുരുകനോട് പ്രാർത്ഥിച്ചാൽ ആഗ്രഹസാഫല്യം ഉണ്ടാകുമെന്നു ഭക്തർ വിശ്വസിക്കുന്നു.  മഞ്ച് മാത്രമല്ല, മറ്റുബ്രാൻഡുകളിലെ ചോക്ലേറ്റുകളും ധാരാളമായി വഴിപാടിന് ക്ഷേത്രത്തിൽ എത്തുന്നുണ്ടത്രേ!   ആരാധനാമൂർത്തി ബാലകനായതുകൊണ്ടാവാം ഭക്തരിൽ  നല്ലൊരുവിഭാഗം കുട്ടികളാണ്. 


മനുഷ്യരും മനുഷ്യദൈവങ്ങളുമൊക്കെ ആരാധനാമൂർത്തികളാകുന്നത് വിചിത്രമെന്നുതോന്നുമ്പോൾ രാജസ്ഥാനിൽ അതിവിചിത്രമെന്നുതോന്നുന്ന ഒരു ക്ഷേത്രമുണ്ട്. ബുള്ളറ്റ്ബാബക്ഷേത്രം. 


ദേശീയ പാത  62  ലൂടെ ജോധ്പൂരിൽ നിന്ന്  മൌണ്ട് അബുവിലേക്കുള്ള  പോകുമ്പോൾ   ഏകദേശം ഒരുമണിക്കൂർ യാത്ര ചെയ്യുമ്പോൾ പാലി ജില്ലയിലെ   ബന്ദായിഗ്രാമത്തിലെത്തും. അവിടെയാണ്    ബുള്ളറ്റ്ബാബക്ഷേത്രം. ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് ആണ് ഇവിടുത്തെ പ്രതിഷ്ഠ.(350 cc Royal Enfield Bullet RNJ 7773.) ഒരു കണ്ണാടിക്കൂട്ടിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത് .  ദിവസവും പൂജയും ആരാധനയുമൊക്കെയുള്ള ഈ ക്ഷേത്രം രാജസ്ഥാനിലെ പ്രധാനക്ഷേത്രങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നുണ്ടത്രേ!

  ഇങ്ങനെയൊരുക്ഷേത്രം സ്ഥാപിതമായത് എങ്ങനെയെന്ന ജിജ്ഞാസ ആർക്കുമുണ്ടാവുമല്ലോ. അതിന്റെപിന്നിലും ഒരു കഥയുണ്ട് . 

1991 ഡിസംബർ മാസം മുപ്പതാംതീയതി ഓംസിംഗ് റാത്തോർ(ഓം ബന്ന) എന്നുപേരായ ഒരു ഗ്രാമനേതാവ് ബുള്ളറ്റിൽ ഈവഴി കടന്നുപോകവേ ഒരപകടത്തിൽപ്പെട്ടു. വാഹനം  നിയന്ത്രണം നഷ്ടപ്പെട്ട്  ഒരു മരത്തിലിടിച്ച് , ഓം ബന്ന തൽക്ഷണം മരണപ്പെട്ടു. ഒരു  കുഴിയിൽ വീണുപോയ ബുള്ളറ്റിനെ പോലീസ് കണ്ടെടുത്ത്  സ്റ്റേഷനിലേക്ക് കൊണ്ടുപോയി അവിടെ സൂക്ഷിച്ചു.  പിറ്റേദിവസം നോക്കുമ്പോൾ അതവിടെയുണ്ടായിരുന്നില്ല. അന്വേഷണത്തിൽ അപകടസ്ഥലത്തുനിന്നു കണ്ടെത്തി. പിന്നെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും അടുത്ത ദിവസവും ഇങ്ങനെത്തന്നെ സംഭവിച്ചു. ഒരു പരീക്ഷണമെന്നവണ്ണം പോലീസ് പെട്രോൾ ടാങ്ക് ശൂന്യമാക്കിയശേഷം  ബുള്ളറ്റിനെ ഒരു ചങ്ങലകൊണ്ടു പൂട്ടിവെച്ചു. ആ ശ്രമവും പരാജയപ്പെട്ടു. ബുള്ളറ്റ്  സ്റ്റേഷനിൽതന്നെ  സൂക്ഷിക്കാൻ  വീണ്ടും പലശ്രമങ്ങളും നടന്നെങ്കിലും എല്ലാം വിഫലമായി. അടുത്തദിവസം പ്രഭാതത്തിൽ അത് അപകടസ്ഥലത്തെ കുഴിയിലുണ്ടാകുമായിരുന്നത്രേ! എന്തൊരദ്‌ഭുതമാണല്ലേ? 


അദ്‌ഭുതശക്തിയുള്ള ഈ ബുള്ളറ്റിനെ അവിടുത്തെ ജനങ്ങൾ ആരാധിക്കാൻ തുടങ്ങി. ഓം ബന്നയുടെ ആത്മാവാണ് ബുള്ളറ്റിൽ കുടികൊള്ളുന്നതെന്നും ഭക്തർ വിശ്വസിക്കുന്നു. അടുത്ത ഗ്രാമങ്ങളിലും അതുവഴി കടന്നുപോകുന്ന മറ്റുസ്ഥലങ്ങളിലെ യാത്രികരിലുമൊക്കെ  ഈ അദ്‌ഭുതബുള്ളറ്റിനെക്കുറിച്ചുള്ള കഥകൾ കടന്നുചെന്നു. അവരും ആരാധനയ്‌ക്കെത്തി. വാഹനയാത്രക്കാർക്ക് ബുള്ളറ്റ് ബാബാ തങ്ങളെ  അപകടങ്ങളിൽനിന്നു രക്ഷിക്കുമെന്ന വിശ്വാസവുമുണ്ടായി.    നിത്യപൂജകളും വഴിപാടുകളുമൊക്കെ മറ്റുക്ഷേത്രങ്ങളിലെപ്പോലെതന്നെ നടന്നുവന്നു.    താമസിയാതെ  അവിടെ ഒരു ക്ഷേത്രവും ഉയർന്നുവന്നു. ക്രമേണ, അവിടെയിറങ്ങി ബുള്ളറ്റ് ബാബയെ പ്രണമിക്കാതെപോകുന്ന  യാത്രികൾ അപകടത്തിൽപ്പെടുമെന്നൊരു വിശ്വാസവും ഉടലെടുത്തു. ബുള്ളറ്റിൽ ഭക്തർ  തിലകം ചാർത്തുകയും പുഷ്പാർച്ചന നടത്തുകയും ദീപമുഴിയുകയും ചുവന്ന നൂൽ കെട്ടുകയുമൊക്കെ ചെയ്യാറുണ്ട് സാധാരണ വഴിപാടുകൾക്കുപുറമെ ചിലർ നിവേദ്യത്തിനു  മദ്യവും കൊണ്ടുവരാറുണ്ടത്രേ! അപകടമുണ്ടാക്കാനിടയായ വൃക്ഷത്തിലും വർണ്ണത്തൂവാലകളും ആഭരണങ്ങളുമൊക്കെ ചാർത്തി പ്രാർത്ഥിക്കുന്നത് ഭക്തരുടെ  പതിവാണ്. 

 

ക്ഷേത്രസംരക്ഷണത്തിനും നടത്തിപ്പിനും ഭക്തർക്ക് മികച്ച  അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനുമൊക്കെ പ്രാദേശികഭരണഘടകങ്ങൾ വളരെ ശ്രദ്ധചെലുത്തുന്നുണ്ടെന്നത് അഭിനന്ദനാർഹമായ കാര്യംതന്നെ എന്ന് പറയാതിരിക്കവയ്യ. 

No comments:

Post a Comment