Thursday, May 30, 2013

മഴ ....

 മഴ ....

മഴ..നീ പൊഴിയുക 
വിണ്ണിൻ നേർത്ത വിഷാദം പൂണ്ടൊരു 
കണ്ണീർക്കണമായ് 
മണ്ണിൻ മോഹസ്മൃതികളിലൂറുമൊ-
രമൃതിൻ കണമായ്‌ 
പ്രണയം വറ്റി വരണ്ടൊരു മണ്ണിൽ 
സഞ്ജീവനിയായ് 
പ്രിയമായൊഴുകാൻ കഴിയാതുഴലും പുഴയുടെ 
മാറിൽ നിറവായ്‌ 
പൂക്കാമരമതിലോരോ മൊട്ടും വിടരാനൊരു 
മൃദുചുംബനമായ് 
കാത്തുകിടക്കും പൊയ്കയിലാരോ കോരി-
നിറയ്ക്കും കനവായ് 
വിണ്ടൊരു വയലിൻ മാറിൽ കർഷകഹൃദയമുതിർക്കും 
മോഹക്കണമായ് 
എത്ര കുതൂഹലമിയലും സുന്ദരബാല്യത്തിൻ - 
പ്രിയ നനവായ് 
ഈണം ചേർക്കാതമ്മയുതിർക്കും താരാട്ടിന്നൊരു 
നീലാംബരിയായ്‌ 
അഭയം കിട്ടാതലയും പ്രാണനൊടുങ്ങാ മർത്യനു 
കരുണക്കുളിരായ് 
ചോർന്നൊഴുകുന്നൊരു കൂരയ്ക്കുള്ളിലെ 
അമ്മക്കിളിയുടെ വ്യഥയായ്
മഴ..നീപൊഴിയുക 
ഒരുചാറൽമഴയിൽ പ്രണയമുതിർക്കുക
പിന്നെ പെരുമഴയായ് നീ ചൊരിയുക
മണ്ണു നനയ്ക്കുക,ഒഴുകുക
ചാലായ് , പുഴയായ് 
ആർത്തു പുളച്ചു മദിക്കുമൊരുഗ്രമഹാനദിയായ് 
നീയൊഴുകുക.
അണയുക വാരിധിയിൽ
പുല്കുക പ്രിയനെ 
ഒടുവിലലിഞ്ഞേ തീരുക.    


1 comment:

  1. ഒരുചാറൽ മഴയിൽ പ്രണയമുതിർക്കുക
    പിന്നെ പെരുമഴയായ് നീ ചൊരിയുക......
    .
    ആർത്തുപുളച്ചുമദിക്കുമൊരുഗ്രമഹാനദിയായ്
    നീയൊഴുകുക ....
    അണയുക വാരിധിയിൽ...
    പുല്കുക പ്രിയനെ ...
    ഒടുവിലലിഞ്ഞേതീരുക... നല്ല കവിത.... ഭാവുകങ്ങ:!

    ReplyDelete